Thursday, October 7, 2021

അഭയാര്‍ഥി ജീവിതത്തിന്റെ പകര്‍പ്പെഴുത്ത്



 

കൊളോണിയലിസത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ദുരിതപൂര്‍ണമായ അനുഭങ്ങളെക്കുറിച്ചും രൂക്ഷമായും അഭയാര്‍ഥികളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും അനുകമ്പയോടെയുമുള്ള എഴുത്തിന് നൊബേല്‍ പുരസ്‌കാരം. ടാന്‍സാനിയയില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ ജീവിച്ച അബ്ദുള്‍ റസാഖ് ഗുര്‍നയ്ക്ക് 2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ ആഫ്രിക്കയില്‍നിന്ന് ഈ പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ എഴുത്തുകാരനാവുകയാണ്  അദ്ദേഹം. വോള്‍ സോയിങ്കയ്ക്കു ശേഷം മൂന്നരപ്പതിറ്റാണ്ടു വേണ്ടിവന്നു, സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരത്തിന് ഒരു ആഫ്രിക്കന്‍ എഴുത്തുകാരന്‍ തെരഞ്ഞെടുക്കപ്പെടാന്‍. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെയും ശൈലികളെയും മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പലര്‍ക്കും അപരിചിതവും അജ്ഞാതവുമായ എന്നാല്‍, വലുതും സങ്കീര്‍ണവുമായ സാംസ്‌കാരിക വൈവിധ്യങ്ങള്‍ നിറഞ്ഞ കിഴക്കന്‍ ആഫ്രിക്കയിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് അദ്ദേഹത്തിന്റെ രചനകളെന്നു ജൂറി വിലയിരുത്തി. 



ടാന്‍സാനിയയില്‍നിന്ന് ഇംഗ്ലണ്ടിലേക്ക്

1948ല്‍ ജനിച്ച അബ്ദുള്‍റസാഖ് ഗുര്‍ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്‍സിബാര്‍ ദ്വീപിലാണ് വളര്‍ന്നത്. അറുപതുകളില്‍ ടാന്‍സാനിയ എന്ന പേരില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ടാന്‍സാനിയയുെ പ്രധാന ഭൂപ്രദേശമായി മാറിയത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്വയംഭരണാധികാരമുള്ള ഒരു കൂട്ടം ദ്വീപുകളായ സാന്‍സിബാറായിരുന്നു.  സാന്‍സിബാര്‍ കൊളോണിയല്‍ ഭരണത്തിന്‍ കീഴിലായിരുന്നു. 1960 കളുടെ തുടക്കം മുതല്‍ സാന്‍സിബാറില്‍ കൊളോണിയല്‍ ഭരണത്തിനെതിരേ നടന്നിരുന്ന വിമോചന സമരം ശക്തമായിത്തുടങ്ങി 1963 ഡിസംബറില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നു സാന്‍സിബാര്‍ മോചിതമായി. പിന്നീട് അവിടെ ഒരു വലിയ വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചത്. അന്നത്തെ പ്രസിഡന്റ് അബീദ് കരുമേയുടെ ഭരണകാലത്ത് അറബ് വംശജരായ പൗരന്മാര്‍ അടിച്ചമര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. കൂട്ടക്കൊലകള്‍ നിരവധിയുണ്ടായി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അബ്ദുള്‍റസാഖ് ഗുര്‍ന അറബ് വംശജനായിരുന്നു. കടുത്ത വിവേചനവും പീഡനവും കാരണം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുടുംബം ഉപേക്ഷിച്ച് രാജ്യം വിടാന്‍ ഗുര്‍ന നിര്‍ബന്ധിതനായി. അപ്പോഴേക്കും സാന്‍സിബാര്‍ റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ ആയി മാറിക്കഴിഞ്ഞിരുന്നു. ടാന്‍സാനിയ രാജ്യം രൂപപ്പെടുന്നത് ഗുര്‍നയ്ക്ക് പതിനെട്ടു വയസുള്ളപ്പോഴാണ്. ഇംഗ്ലണ്ടിലേക്കു കുടിയേറിയ അദ്ദേഹത്തിന് 1984 വരെ സ്വന്തം ദേശത്തേക്കു മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിതാവിന്റെ മരണത്തിന് തൊട്ടുമുമ്പ് പിതാവിനെ കാണാന്‍ അദ്ദേഹം പ്രത്യേക അനുമതി വാങ്ങിയാണ് എത്തിയത്.

ഇംഗ്ലീഷ് പ്രഫസറാകുന്നു

പതിനെട്ടാം വയസില്‍ സാന്‍സിബാറില്‍ നിന്ന് പലായനം ചെയ്ത അബ്ദുള്‍റസാഖ് ഗുര്‍ന വിദ്യാര്‍ഥിയായി കാന്റര്‍ബറിയിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ ചേരുകയുണ്ടായി. പിന്നീട് കെന്റ് സര്‍വകലാശാലയിലേക്ക് പഠനത്തിനായി എത്തി. 1982ല്‍ തന്റെ മുപ്പത്തി നാലാമത്തെ വയസില്‍ അദ്ദേഹം കെന്റ്് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി നേടി. പിന്നീട്, അദ്ദേഹം കെന്റ്് സര്‍വകലാശാലയില്‍തന്നെ ഇംഗ്ലീഷ് പ്രഫസറായി. തുടര്‍ന്ന് ബിരുദ പഠനത്തിന്റെ ഡയറക്ടറുമായി. അക്കാലത്ത് അദ്ദേഹം സാഹിത്യത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠനം നടത്തുകയുണ്ടായി. പ്രത്യേകിച്ച് പ്രധാനമായും വോള്‍ സോയിങ്ക, എന്‍ഗെ വാ തിയോങ്കോ, സല്‍മാന്‍ റുഷ്ദി തുടങ്ങിയ എഴുത്തുകാരുടെ രചനകളെക്കുറിച്ച്.

21- ാം വയസില്‍ സാഹിത്യത്തിലേക്ക്

ഗുര്‍ണ പത്ത് നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രചനകളിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത് ഇരുപത്തിഒന്നാമത്തെ വയസിലാണ്. അദ്ദേഹത്തിന്റെ മാതൃഭാഷ സ്വാഹിലി ആണെങ്കിലും അദ്ദേഹം സാഹിത്യ രചനയ്ക്കായി തെരഞ്ഞെടുത്തത് ഇംഗ്ലീഷായിരുന്നു. മുമ്പ് കോളനിവത്കരിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്് കുടിയേറിയവരും കുടിയേറ്റത്തിന്റെയും കൊളോണിയലിസത്തിന്റെയും  വിഷയങ്ങള്‍ ഗവേഷണം നടത്തുന്ന ആളുകള്‍ ഉള്‍ക്കൊള്ളുന്ന കറുത്ത ബ്രിട്ടീഷ് എഴുത്തുകാര്‍ എന്ന് വിളിക്കപ്പെടുന്ന സംഘത്തില്‍പ്പെടുന്നയാളാണ് ഗുര്‍ന. അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത കഥയുടെ പശ്ചാത്തല വിവരണത്തില്‍ 1980 കളില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന രചനാശൈലിയെ പാടെ തള്ളിക്കളഞ്ഞു എന്നതാണ്. ആഫ്രിക്കക്കാരന്‍ എന്ന നിലയില്‍ കിഴക്കന്‍ ആഫ്രിക്കയെ കുറിച്ച് എഴുതാതിരിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നതാണു സത്യം. എന്നാല്‍, ലോകത്തിന് അത്ര പരിചിതമല്ലാത്ത കിഴക്കന്‍ ആഫ്രിക്കയിലെ സാംസ്‌കാരിക വൈവിധ്യത്തെ പരിചയപ്പെടുത്തുന്നതില്‍ അബ്ദുള്‍റസാഖ് ഗുര്‍ന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ധാരാളം വായനക്കാര്‍ക്ക് അറിയപ്പെടാത്ത മറ്റൊരു ആഫ്രിക്കയെക്കുറിച്ചുള്ള വ്യക്തമായതും വളരെ കൃത്യമായതുമായ ഒരു ചിത്രം നല്‍കുന്നു. നോവലുകളിലൂടെ സൃഷ്ടിച്ച കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ആഫ്രിക്കന്‍-ഇംഗ്ലീഷ് സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന ജീവിതത്തിന്റെ നേര്‍ചിത്രമാണ് വായനക്കാര്‍ക്കു നല്‍കിയത്. വിഷാദവും അന്യവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതാനുഭവങ്ങളുമാണ് ഗുര്‍നയുടെ മിക്ക കൃതികളുടെയും കാതല്‍. ഗുര്‍നയുടെ കൃതികള്‍ എളുപ്പത്തില്‍ വായിക്കപ്പെടുന്നവല്ല. അത് വളരെ സങ്കീര്‍ണമാണ്. അക്കാരണത്താല്‍തന്നെ അത് വളരെ ലാഘവത്തോടെ വായിച്ചു പോകേണ്ടതുമല്ല. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളിലെ നായകന്‍മാരും സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്നവരാണ്. എഴുത്തില്‍ കൊളോണിയല്‍ ഭരണകാലത്തെ ആഫ്രിക്കയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും ഓര്‍മകളും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞത് ''ഞാന്‍ എന്റെ ബാല്യത്തെക്കുറിച്ചും അക്കാലത്തെ ഓര്‍മകളും എഴുതാന്‍ ആഗ്രഹിക്കുന്നില്ല. കാരണം. കൊളോണിയല്‍ ഭരണത്തിനു കീഴിലെ ആഫ്രിക്ക വളരെ പ്രാകൃതമായിരുന്നതായി ധാരാളം പേര്‍ എഴുതിയിട്ടുണ്ടല്ലോ. അതില്‍ പലതും ഭാഗിക സത്യങ്ങള്‍ മാത്രമായിരുന്നു. മാത്രവുമല്ല അത്തരം കാര്യങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മകള്‍ കടന്നുവരികയും ചെയ്യും. ശരിക്കും എന്റെ പശ്ചാത്തലം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാംസ്‌കാരിക വൈവിധ്യമാര്‍ന്ന സാന്‍സിബാര്‍ ദ്വീപാണ്; അടിമക്കച്ചവടം നടന്നിരുന്ന ഇടമാണ്. ശരിക്കും ആഗോളവത്കരണത്തിനുമുമ്പ് അവിടം വിവിധ ജനവിഭാങ്ങള്‍ ജീവിച്ചിരുന്ന സാര്‍വലൗകികമായ ഒരിടമായിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഇന്ത്യക്കാര്‍, അറബ് വംശജര്‍, ജര്‍മന്‍കാര്‍, ബ്രിട്ടീഷുകാര്‍ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.'

ആദ്യനോവല്‍ 1987ല്‍

1987ലാണ് അബ്ദുള്‍റസാഖ് ഗുര്‍നയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍. പേരു സൂചിപ്പിക്കുന്നതു പോലതന്നെ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ഓര്‍മകളാണ് നോവലില്‍ പ്രതിപാദിക്കുന്നത്. ദി മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍  പ്രസിദ്ധീകരിക്കുമ്പോള്‍ ഗുര്‍നയ്ക്ക് ഏകദേശം നാല്‍പ്പത് വയസായിരുന്നു. തോറ്റുപോയ ഒരു പ്രക്ഷോഭത്തിന്റെ കഥയാണ് ഈ നോവലില്‍ അദ്ദേഹം കുറിച്ചിടുന്നത്. ദുരന്തപര്യവസായിയായ ഈ നോവല്‍ വായനക്കാരുടെ ഇടയില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. 'ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ ഒന്നും നല്‍കാത്ത നോവല്‍' എന്നാണ് അക്കാലത്തെ ചില പ്രമുഖ നിരൂപകര്‍ ഈ നോവലിനെ വിശേഷിപ്പിച്ചത്. കഥയിലെ നായകന്‍ തന്റെ നാടിന്റെ സാമൂഹിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപമാനിക്കപ്പെട്ട് തകര്‍ന്ന ബന്ധങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കഷ്ടപ്പെടുന്നതാണ് കഥ. മദ്യപാനിയും അക്രമാസക്തനുമായ നായകന്റെ അച്ഛനും (പന്ത്രണ്ടാമത്തെ വയസില്‍ അദ്ദേഹം തന്റെ മകനെ ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്) വേശ്യവൃത്തിക്ക് നിര്‍ബന്ധിതയായ സഹോദരിയും വായനക്കാരുടെ മനസില്‍ ഒരു നോവായി അവശേഷിച്ചു. 

ബുക്കര്‍ പുരസ്‌കാരം തേടിയെത്തുന്നു

1994ല്‍ പ്രസിദ്ധീകരിച്ച പാരഡൈസ് എന്ന നോവല്‍ അബ്ദുള്‍റസാഖ് ഗുര്‍നയുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി. ഈ നോവലിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. ഈ കൃതിക്ക് ലഭിച്ച വലിയ അംഗീകാരമായി ബുക്കര്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം വീണ്ടും ടാന്‍സാനിയക്കാരനായ നോവല്‍ എന്നാണ് ഈ നോവലിനെക്കുറിച്ച് നിരൂപകരുടെ വിശേഷണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടാന്‍സാനിയയില്‍ വളര്‍ന്ന ഒരു ആണ്‍കുട്ടിയുടെ കഥ; 1990 ല്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കുള്ള ഒരു ഗവേഷണ യാത്രയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഈ നോവലില്‍ കിഴക്കന്‍ ആഫ്രിക്കയിലെ കോളനിവത്കരണത്തിന്റെ അക്രമാസക്തവും വിശദവുമായ വിവരണംകൂടി ഉള്‍പ്പെടുത്തിയതിലൂടെ വായനക്കാര്‍ക്ക് പുതിയ വായനാനുഭവമാണ് ഗുര്‍ന കരുതിവച്ചത്. വ്യത്യസ്ത ലോകങ്ങളും വിശ്വാസസംഹിതകളും സംസ്‌കാരങ്ങളും ഏറ്റുമുട്ടുന്ന ഒരു ദു:ഖകരമായ പ്രണയകഥ കൂടിയാണ് പാരഡൈസ് എന്ന നോവല്‍

എഴുത്തുകാരനപ്പുറം

എഴുത്തുകാരനെന്നതിനപ്പുറം മറ്റു സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആഫ്രിക്കന്‍ സാഹിത്യത്തെക്കുറിച്ച് അദ്ദേഹം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ നിരവധി സാഹിത്യഗവേഷകര്‍ക്ക് വഴികാട്ടിയാണ്. പ്രത്യേകിച്ച് വി.എസ്. നായ്‌പോള്‍, സല്‍മാന്‍ റുഷ്ദി, സോ വികോംബ് തുടങ്ങിയ എഴുത്തുകാരുടെ സൃഷ്ടികളെകുറിച്ച് നടത്തിയ പഠനവും അവരുടെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥവും. സാഹിത്യ അധ്യാപകനെന്ന നിലയിലും ഗൈഡെന്ന നിലയിലും അദ്ദേഹം നിരവധി എഴുത്തുകാരെ സൃഷ്ടിക്കുന്നതിലും വലിയ പങ്കു വഹിച്ചു. റുഷ്ദി, നയ്‌പോള്‍, ജി.വി. ദേശാനി, ആന്റണി ബര്‍ഗസ്, ജോസഫ് കോണ്‍റാഡ്, ജോര്‍ജ് ലാമിംഗ്, ജമൈക്ക കിന്‍കെയ്ഡ് എന്നിവരുടെ രചനകളെക്കുറിച്ച് ഗവേഷണത്തിന് നേതൃത്വം വഹിക്കാാനും അബ്ദുള്‍റസാഖ് ഗുര്‍നയ്ക്കു കഴിഞ്ഞു. ഇന്ന് നിരവധി എഴുത്തുകാര്‍ കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയും കഥകള്‍ എഴുതുന്നുണ്ട്. സുഡാനില്‍ നിന്നുള്ള ലീലാ അബൂലെല, നൈജീരിയയില്‍ നിന്നുള്ള ചിമമണ്ട എന്‍ഗോസി ആദിച്ചി, തേജു കോള്‍, സിംബാബ്വെയില്‍ നിന്നുള്ള നോവിയോലെറ്റ് ബുലാവായോ തുടങ്ങിയ എഴുത്തുകാര്‍ കുടിയേറ്റ വിഷയങ്ങളില്‍ ശ്രദ്ധേയമായ രചനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ  തീവ്രാനുഭവങ്ങളെ ആവിഷ്‌കരിച്ച ആദ്യ എഴുത്തുകാരില്‍ ഒരാള്‍ ഗുര്‍നയാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ക്കും കഥകള്‍ക്കുമപ്പുറം കൊളോണിയല്‍ സാഹിത്യത്തില്‍ ഗുര്‍നയുടെ സംഭാവനകളെക്കുറിച്ചും കൊളോണിയലിസത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഗവേഷണവും നിരീക്ഷണങ്ങളും നൊബേല്‍ പുരസ്‌കാരസമിതി പരിഗണിച്ചു എന്നകാര്യത്തില്‍ തര്‍ക്കമില്ല.









Friday, September 17, 2021

ഭൗതികശാസ്ത്രത്തിലെ വഴികാട്ടി

 


ഭാതികശാസ്ത്രത്തിലെ ക്വാണ്ടം ഗ്രാവിറ്റിയിലും കോസ്മോളജിയിലും മൗലികമായ സംഭാവനകള്‍ കൊണ്ട് ശാസ്ത്രലോകത്തെ സ്വാധീനിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ താണു പദ്മനാഭന്‍ ഓര്‍മയാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് സര്‍ ഐസക് ന്യൂട്ടനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒപ്പം പേരെഴുതിച്ചേര്‍ത്ത പ്രതിഭാശാലിയെയയാണ്.  ഭൗതികശാസ്ത്രത്തില്‍ അദ്ദേഹം ഒരു സൈദ്ധ്യാന്തികന്‍ കൂടിയായിരുന്നു.  തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പത്താംക്ളാസുവരെ പഠിച്ച താണു പദ്മനാഭന്‍ ഭൂഗുരുത്വം, ഘടനാരൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി തുടങ്ങി തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനത്തിലും തന്റേതായ സംഭാവന നല്‍കി. അസ്ട്രേ ഫിസിക്സില്‍ ലോകത്തിലെ തന്നെ പ്രമുഖ ഗവേഷണ കേന്ദ്രമായ പൂനയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സില്‍ പ്രഫസറായിരിക്കെയാണ് അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോകുന്നത്. ലോകമെങ്ങുമുള്ള സര്‍വകലാശാലകളിലും അസ്‌ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും പ്രഭാഷകനായും അംഗമായുമൊക്കെ അദ്ദേഹം പലനിലയില്‍ സേവനമനുഷ്ഠിച്ചു. 

ചെറുപ്പത്തിലേ ഗണിതം കൂടെക്കൂടി

വളരെ ചെറുപ്പത്തില്‍ത്തന്നെ ഗണിതശാസ്ത്രം പഠിക്കാന്‍ അദ്ദേഹത്തിനായി. 1957 ല്‍ തിരുവനന്തപുരത്ത്  താണു അയ്യരുടെയും ലക്ഷമിയുടെയും മകനായാണ് താണു പദ്മനാഭന്‍ ജനിച്ചത്. പിതാവ് താണു അയ്യരുടെയും ഇഷ്ടവിഷയമായിരുന്നു ഗണിതശാസ്ത്രം. എന്നാല്‍, അക്കാലത്തെ ജീവിത സാഹചര്യം അദ്ദേഹത്തെ ഗണിതശാസ്ത്രത്തില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ അനുവദിച്ചില്ല എന്നുപറയാം. അക്കാരണത്താല്‍ തന്നെ വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. തനിക്ക് സാധിക്കാതെപോയത് തന്റെ മകനിലൂടെ സാധിക്കണമെന്ന് ഒരുപക്ഷേ, ആ അച്ഛന്‍ ചിന്തിച്ചിരിക്കാം. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദഹം തന്റെ മകനെ ഗണിതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയുണ്ടായി. അച്ഛന്റെ കുടുബത്തിലെ നിരവധി ആളുകള്‍ ഗണിതത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഒരിക്കല്‍ താണു പദ്മനാഭന്‍തന്നെ പറഞ്ഞത്. തന്നില്‍ ഗണിതത്തോട് ഇഷ്ടം രൂപപ്പെടുത്തിയെടുത്തവരില്‍ നീലകണ്ഠശര്‍മയെന്ന അച്ഛന്റെ ബന്ധുവിന്റെ സ്വാധീനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇരുവരുമാണ് താണു പദ്മനാഭനില്‍ ശാസ്ത്രപഠനത്തിന്റെ അടിത്തറപാകിയത്. പിന്നീട് ഒരിക്കല്‍ കുടുംബം തനിക്കു നല്‍കിയ പിന്തുണയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്  ''എന്റെ ബാല്യത്തില്‍ മാത്രമല്ല, എല്ലാക്കാലത്തും കുടുംബത്തില്‍ ദാരിദ്യം നിലനിന്നിരുന്നു. അത് ഒരു വസ്തുതയാണ്. എന്നിരുന്നാലും കുടുബം എന്നെ എല്ലാക്കാലത്തും ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രേരക ശക്തിയായിരുന്നു. മികവ് എന്നത് ഒരിക്കലും വിലപേശലിന് വിധേയമാക്കപ്പെടുന്ന ഒന്നല്ല എന്ന വലിയ ബോധമാണ് കുടുംബം എനിക്കു നല്‍കിയത്.'' എന്നാണ്.

ഗണിതശാസ്ത്രത്തില്‍ നിന്ന് സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലേക്ക്

കരമനയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് താണു പദ്മനാഭന്‍ പഠിച്ചത്. അക്കാലത്ത് കണക്കില്‍ അദ്ദേഹം മികച്ച നിലവാരം പുലര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹത്തോടൊപ്പമോ അദ്ദേഹത്തെക്കാളോ കണക്കില്‍ മാര്‍ക്കു ലഭിച്ചിരുന്ന രണ്ടോ മൂന്നോ പേര്‍കൂടി ഉണ്ടായിരുന്നു. പിന്നീട് പ്രീ ഡിഗ്രിക്ക് ചേരുമ്പോഴും ഗണിതത്തില്‍ പഠനം തുടരണം എന്ന ആഗ്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീടെങ്ങനെ അദ്ദേഹം ഗണിതശാസ്ത്രം വിട്ട് ഭൗതികശാസത്രത്തിലേക്കെത്തിയെന്ന ചോദ്യം അവശേഷിച്ചിരുന്നു. അതിന് അദ്ദേഹംതന്നെ ഒരിക്കല്‍ ഉത്തരം തന്നു. ''1973 ലാണ് ഞാന്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ പ്രീഡിഗ്രിക്ക് ചെരുന്നത്. ഇഷ്ടപ്പെട്ട വിഷയം മാത്തമാറ്റിക്സ് തന്നെയായിരുന്നു. ആ സമയത്താണ് ഞാന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന റിച്ചാര്‍ഡ് ഫിലിപ് ഫെയ്ന്‍മാന്റെ ലക്ചേഴ്സ് ഓണ്‍ ഫിസിക്സ് വായിക്കുന്നത്. അത് എന്നെ വളരെ സ്വാധീനിച്ചു എന്നു പറയാം. ആ വായനയെ തുടര്‍ന്നുള്ള ചിന്തകളാണ് ഗണിതശാസ്ത്രം ഉപേക്ഷിച്ച് സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലേക്ക് വഴിമാറിയാലോ എന്ന ചിന്ത എന്നില്‍ ജനിക്കുന്നതും വഴിമാറുന്നതും''.

  20 ാം വയസില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രബന്ധം

പ്രീ ഡിഗ്രി പഠനം കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഫിസ്‌ക്സ് ബിരുദ പഠനത്തിന് താണു പദ്മനാഭന്‍ ചേര്‍ന്നു. കോളജിലെ സിലബസിനു പുറമെ സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തില്‍ ആഴത്തിലുള്ള വായനയ്ക്കായി അദ്ദേഹം സമയം കണ്ടെത്തി. റഷ്യന്‍ ഭൗതികശാസ്ത്രജ്ഞരായ ലാന്‍ഡാവുവും ലിഫ്ഷിറ്റ്സും ചേര്‍ന്നെഴുതിയ കോഴ്സ് ഓഫ് തിയററ്റിക്കല്‍ ഫിസിക്സ് എന്ന 10 വാല്യം വരുന്ന ഗ്രന്ഥം ആഴത്തില്‍ പഠിക്കാനാണ് ഈ കാലത്ത് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്.  1977 ല്‍, 20 ാം  വയസില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ (ജേണല്‍ ഓഫ് ഫിസിക്സ് വിഭാഗത്തില്‍) ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അന്ന് അദ്ദേഹം ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ അധ്യാപകര്‍ പോലും അദ്ദേഹത്തിന്റെ പ്രബന്ധത്തെ ഒരു വിദ്യാര്‍ഥിയുടെ എഴുത്ത് മാത്രമായാണ് കണക്കാക്കിയത്. എന്നാല്‍, അന്ന് ജനിച്ചത് ലോപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ക്കും പഠനങ്ങള്‍ക്കും വേണ്ടി ലോകം കാത്തിരുന്നത് ചരിത്രം. 

ബിഎസ്‌സിക്കും എംഎസ്‌സിക്കും ഗോള്‍ഡ് മെഡല്‍

ഗണിതശാസ്ത്രത്തില്‍ നിന്നും ഭൗതികശാസ്ത്രത്തിലേക്കു വഴിമാറി നടന്ന താണുപദ്മനാഭന് പിഴച്ചില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നു ബിരുദബിരുദാനന്തര കോഴ്സുകള്‍ ഒന്നാം റാങ്കോടെയാണ് അദ്ദഹം പാസായത്. എംഎ സിക്ക് രണ്ടാം റാങ്ക് നേടിയ ആളിനെക്കാള്‍ 152 മാര്‍ക്ക് കൂടുതല്‍ നേടിയാണ് താണു പദ്മനാഭന്‍ ഒന്നാം റാങ്ക് കരസ്തമാക്കിയതെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് നമുക്ക് മനസിലാക്കാനാവുക.  പിന്നീട്, സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം നേരെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലേക്കു പോയി. അവിടെ നിന്നു പിഎച്ച്ഡി പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹത്തിലെ ശാസ്ത്രകുതുകിക്ക് തൃപ്തി ലഭിച്ചില്ല. പിന്നീട് അദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞെടുത്തത് കേംബ്രിജ് സര്‍വകലാശാല. 1986 ല്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനായി അദ്ദേഹം കേബ്രിജിലെത്തി. അവിടെ ഗവേഷകനായിരിക്കെയാണ് ഭൗതികശാസ്ത്രിലും ജ്യോതിശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായി ഗ്രന്ഥങ്ങള്‍ പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് കേംബ്രിജ് സര്‍വകലാശാല തന്നെയാണെന്നത് താണു പദ്മനാഭന്റെ പ്രതിഭയ്ക്കു മാറ്റുകൂട്ടി.

 ഗ്രാവിറ്റിയോടൊപ്പം യാത്രചെയ്ത സഞ്ചാരി

ആസ്ട്രോഫിസിക്സിലും പ്രപഞ്ചപഠനത്തിലും താണു പദ്മനാഭന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം എന്നും സഞ്ചരിച്ചത് ഗ്രാവിറ്റിയോടൊപ്പമാണ്. പ്രത്യേകിച്ച് ക്വാണ്ടം ഗ്രാവിറ്റിയില്‍. ക്വാണ്ടം ഭൗതികത്തില്‍ ഗ്രാവിറ്റിയെ എങ്ങനെ അവതരിപ്പിക്കും എന്നതും ക്വാണ്ടം സിദ്ധാന്തത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ഏകീകരണം എങ്ങനെ സാധ്യമാക്കാം എന്നതുമായിരുന്നു താണു പദ്മനാഭന്‍ എല്ലാക്കാലത്തും ചിന്തിച്ചിരുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുപോലും സാധിക്കാത്ത കാര്യമായിരുന്നു അതെന്നോര്‍ക്കണം.  അതില്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും മൗലികമാണെന്ന് ലോകം അംഗീകരിക്കുന്നു. എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. ഈ മേഘലയില്‍ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞര്‍ പറയുന്ന ഒരു കാര്യമുണ്ട്. ഭാവിയില്‍ ആരൊക്കെ ഗ്രാവിറ്റിയെ ഏതൊക്കെ ആംഗിളുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് താണു പദ്മനാഭനെ പിന്‍പറ്റാതിരിക്കാനാവില്ല. കാരണം അദ്ദേഹം തെളിച്ചിട്ട വഴികള്‍ അത്രവേഗം മാഞ്ഞുപോകില്ല. അക്കാര്യംത്തില്‍ ഒരു സംശയത്തിനും ഇടമില്ല. 2020 ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ സര്‍വേയില്‍ സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലെ മികച്ച 25 ശാസ്ത്രജ്ഞരുടെ പട്ടികയില്‍ താണുപദ്മനാഭനും ഉള്‍പ്പെട്ടു. 2007 -ല്‍ പത്മശ്രീ ലഭിച്ച പദ്മനാഭന്‍ 300 -ലധികം ഗവേഷണ പ്രബന്ധങ്ങളും ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വാകര്‍ഷണം, പ്രപഞ്ചത്തിന്റെ ഘടന/രൂപീകരണം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിജ് സര്‍വകലാശാല തുടങ്ങി നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ അദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. 

ഡോക്ടറേറ്റുകാരുടെ കുടുംബം

താണു പദ്മനാഭന്റെ കുടുംബം പിഎച്ച്ഡി കുടുംബമാണ്. ടാറ്റ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് തന്നോടൊപ്പമുണ്ടായിരുന്ന വാസന്തിയെയാണ് താണു പദ്മനാഭന്‍ തന്റെ ജീവിത സഖിയാക്കിയത്. താണു പദ്മനാഭന്റെ ഗവേഷണ ജീവിതത്തിലും വാസന്തിയുടെ ഇടപെടല്‍ വലിയ സ്വാധീനം ചെലുത്തി. പോപ്പുലര്‍ സയന്‍സില്‍ ഇരുവരും ചേര്‍ന്നെഴുതിയ ഡോണ്‍ ഓഫ് സയന്‍സ് എന്ന ഗ്രന്ഥം ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.  ഇവരുടെ ഏകമകളായ ഹംസയും മാതാപിതാക്കളുടെ വഴിയെതന്നെയാണു തെരഞ്ഞെടുത്തത്. ഹംസയും ആസ്ട്രേഫിസിക്സില്‍ ഡോക്ടറേറ്റ് നേടുകയുണ്ടായി.

തേടിയെത്തിയ പുരസ്‌കാരങ്ങള്‍

കേരള ശാസ്ത്ര പുരസ്‌കാരം- 2021 

എം.പി. ബിര്‍ള മെമ്മോറിയല്‍ അവാര്‍ഡ്- 2019 

യുകെയിലെ ഹോമി ഭാഭ ലക്ചറര്‍ അവാര്‍ഡ്- 2014

ഫിസിക്കല്‍ സയന്‍സസിനുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ സമ്മാനം- 2009

ജെസി ബോസ് നാഷണല്‍ ഫെലോഷിപ്പ് -2008 

പത്മശ്രീ - 2007

മീഗുണ ഫെലോഷിപ്പ് അവാര്‍ഡ് (യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, ഓസ്‌ട്രേലിയ) - 2004

ഹോമി ഭാഭ ഫെലോഷിപ്പ് - 2003

ശാസ്ത്ര ഗവേഷണത്തിനുള്ള ജിഡി ബിര്‍ള അവാര്‍ഡ് -2003

അല്‍-ഖവാരിസ്മി ഇന്റര്‍നാഷണല്‍ അവാര്‍ഡ് - 2002

മില്ലേനിയം മെഡല്‍  (സിഎസ്‌ഐആര്‍) - 2000

ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ്- 1996

ബിര്‍ള സയന്‍സ് പ്രൈസ് - 1991

യംഗ് സയന്റിസ്റ്റ് അവാര്‍ഡ് (ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി)- 1984






Thursday, June 10, 2021

ലെന്‍സിലൂടെ സ്വപ്‌നങ്ങളെ നോക്കിയ സ്വപ്‌നവ്യാപാരി മടങ്ങുമ്പോള്‍



ജീവിതം, പ്രകൃതി, ശബ്ദങ്ങള്‍, പെയിന്റിംഗുകള്‍, സാഹിത്യം എന്നിവ എനിക്ക് സ്വപ്‌നം കാണാന്‍ പ്രചോദനമായി. ഇവയാണ് സിനിമകള്‍ സ്വപ്നം കാണാനും എനിക്ക് പ്രചോദനം നല്‍കുന്നത്.                                                                                   -- ബുദ്ധദേബ് ദാസ്ഗുപ്ത


 ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമകളെ കുറിച്ച് ആദ്യം പറയാനാവുക, ആ സിനിമകളെല്ലാം ഒരു മികച്ച ലോകത്തിനായി കൊതിക്കുന്ന പകല്‍ സ്വപ്‌നംകാണുന്നവരെക്കുറിച്ചാണ് എന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളെ സൂക്ഷമമായി വിലയിരുത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒന്നാണ് വിചിത്രവും അസാധാരണവുമായ വഴിത്തിരിവുകള്‍. അതിനായി ദാസ്ഗുപ്തയുടെ ശൈലിയിലുള്ള ലോംഗ് ടേക്കുകളും ട്രാക്കിംഗ് ഷോട്ടുകളും സിനിമയെ സമ്പന്നമാക്കുന്നു. 1992-ല്‍ പുറത്തിറങ്ങിയ 'തഹാദര്‍ കഥ' എന്നസിനിമയിലെ ഒരു രംഗം പരാമര്‍ശിക്കാതെ തരമില്ല. സിനിമയിലെ കേന്ദ്രകഥാപാത്രമായ സ്വാതന്ത്ര്യസമരസേനാനിയായ സിബ്‌നാഥ് (മിഥുന്‍ ചക്രബര്‍ത്തി) ജയില്‍ മോചിതനായ ശേഷം തന്റെ വീട്ടിലേക്കുള്ള യാത്രയിലെ രംഗങ്ങള്‍.  ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് 11 വര്‍ഷത്തെ തടവിന് ശേഷമാണ് അദ്ദേഹം തടവറയില്‍ നിന്നു പുറത്തുവരുന്നത്. ബംഗാളിന്റെ ഗ്രാമങ്ങളുടെ അമ്പരപ്പിക്കുന്ന ലാന്‍ഡ്സ്‌കേപ്പ്‌ഷോട്ടുകളാണ് ദാസ്ഗുപ്ത കാഴ്ചക്കാര്‍ക്കു സമ്മാനിച്ചത്. സ്വപ്നവ്യാപാരിയെന്ന് ഒരുപക്ഷേ എല്ലാ അര്‍ഥത്തിലും ബുദ്ധദേബ് ദാസ്ഗുപ്തയെ വിളിക്കാം. സ്വപ്‌നം കാണുന്നത് നിര്‍ത്തി ബുദ്ധദേബ് ദാസ് ഗുപ്ത മടങ്ങുമ്പോള്‍ ചലച്ചിത്രപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യം സ്വപ്‌നാടകരുടെ കഥകള്‍ ബുദ്ധദേബ് ദാസ് ഗുപ്തയെപ്പോലെ സ്‌നേഹത്തോടെ ഇനി ആരാണ് പറയുക എന്നാണ്. 

ബുദ്ധദേബ് ദാസ്ഗുപ്തയുടെ സിനിമ റിയലിസത്തിന്റെയും കാവ്യാത്മകമായ ദൃശ്യഭാഷയുടെയും ഒരു അതുല്യമായ മിശ്രിതമായിരുന്നു. ലാന്‍ഡ്‌സ്‌കേപ്പ് ദൃശ്യങ്ങളിലൂടെ അദ്ദേഹം ചിത്രീകരിച്ച രംഗങ്ങള്‍ ഒരേസമയം സൗന്ദര്യവും അസ്വസ്ഥരായ ആളുകളും അസ്വസ്ഥമായ സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ മികവ് ചിത്രീകരിക്കുന്ന ദൃശ്യങ്ങളുടെ ലാളിത്യത്തിലായിരുന്നു. ലെന്‍സും സാങ്കേതിക ഉപകരണങ്ങളും മുതല്‍ ക്യാമറ ചലനങ്ങള്‍ വരെ വളരെ ലളിതമായിരുന്നു. ദാസ്ഗുപ്തയുടെ ലാന്‍ഡ്‌സ്‌കേപ്പുകള്‍ ഓരോ കാഴ്ചക്കാരന്റെയും ഹൃദയത്തില്‍ എല്ലായിപ്പോഴും പതിഞ്ഞിരിക്കുമെങ്കിലും, അതിനിടയില്‍ വളരെ ശക്തമായ ചില ക്ലോസപ്പുകളും അദ്ദേഹം ചിത്രീകരിക്കുമായിരുന്നു. ഓരോ യുവ ചലച്ചിത്രകാരന്റെയും പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ഷോട്ടുകള്‍. 

കച്ചവട സിനിമയുടെ വേലിയേറ്റത്തിനെതിരേ നീന്താന്‍ ധൈര്യപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എക്കാലവും ദാസ്ഗുപ്തയുടെ സിനിമകള്‍വലിയപ്രതീക്ഷകളാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണം പൂരിപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഒരു വലിയ ശൂന്യതയാണ്  ചലച്ചിത്രലോകത്ത് അവശേഷിപ്പിച്ചിരിക്കുന്നത്. 

കോല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് ബിരുദം നേടിയ ദാസ്ഗുപ്ത സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപകനായിരിക്കെയാണ് സിനിമയാണു തന്റെ വഴിയെന്നു തിരിച്ചറിയുന്നത്. പുസ്തകങ്ങളിലെ സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍ പഠിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ഒരിക്കലും സന്തോഷം കണ്ടെത്താനായിരുന്നില്ല.  ആ അതൃപ്തിയാണ് ദാസ്ഗുപ്തയെ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത് ഉപേക്ഷിച്ച്, സിനിമ സ്വയം പഠിച്ച് ചലച്ചിത്രകാരനാക്കിയത്. പിന്നീട്, ലോകം ആദരവോടെ അംഗീകരിച്ച ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. 1944 ല്‍ പുരുലിയയില്‍ ജനിച്ച ദാസ് ഗുപ്ത എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി. ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും പരിശീലനം നേടിയിട്ടില്ലെങ്കിലും, ഒരു കവിയുടെ ഭാവനയും അതിനെ ദൃശ്യവത്കരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. 

തന്റെ സിനിമകളില്‍ ദാസ്ഗുപ്ത ശക്തമായി ഉപയോഗിച്ച ഒരു ഉപകരണമായിരുന്നു മൗനം. വളരെ ലളിതവും എന്നാല്‍ വൈകാരികവുമായ വിഷയങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കും. ഒന്നിലേറെ തലങ്ങളുള്ളതാവും അദ്ദേഹത്തിന്റെ സിനിമകള്‍. ഓരോ തലവും മറ്റൊരു സിനിമ വെളിപ്പെടുത്തും. ഉദാഹരണത്തിന്, ഉത്തരയില്‍, കുള്ളന്‍ ക്ലൈമാക്‌സില്‍ ഒരു മാറ്റം വരുത്തുന്നു, ക്രൂരമായ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കാഴ്ചക്കാരനെ സൂക്ഷ്മമായി ഭാവനയുടെയും സ്വപ്നത്തിന്റെയും സാന്ത്വനത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോകുന്നു. ചിലപ്പോള്‍ നര്‍ത്തകര്‍, ചിലപ്പോള്‍ ഫ്‌ളൂട്ട് പ്ലേയര്‍, ചിലപ്പോള്‍ കുള്ളന്മാര്‍; അദ്ദേഹത്തിന്റെ സിനിമകളില്‍ പാലങ്ങള്‍ പോലെ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകും. ഫാന്റസിയില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍; ചില സമയങ്ങളില്‍, അവര്‍ കണ്ടത് റിയലിസമാണോ അതോ മാജിക് റിയലിസമാണോ എന്ന് നിര്‍ണയിക്കാന്‍ പ്രേഷകര്‍ക്ക് കഴിയില്ല.

തന്റെ ആദ്യകാല സിനിമകളില്‍ തന്റെ ഇടതുപക്ഷ രാഷ്ട്രീയം വളരെ കൃത്യമായി അദ്ദേഹം വെളിവാക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രം ദൂരത്വ (1978) ആയിരുന്നു. 'ദൂരത്വ', 'ആന്ധി ഗാലി' (1984) തുടങ്ങിയ സിനിമകളില്‍ ദാസ്ഗുപ്തയുടെ രാഷ്ട്രീയവും നക്‌സല്‍ പ്രസ്ഥാനങ്ങളുമായുള്ള  ബംഗാളിന്റെ നീണ്ടതും വളരെ സങ്കീര്‍ണ്ണവുമായ ബന്ധവും കണ്ടെത്താനാവും. പക്ഷേ, അസാധാരണമെന്നു പറയട്ടെ നക്‌സലൈറ്റ് ബാനര്‍ വഹിച്ചവരെ നായകന്മാരായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചതേയില്ല.

എന്നാല്‍, പിന്നീട് ബംഗാളിലെ മധ്യവര്‍ഗത്തിന്റെ പ്രായോഗികരാഷ്ട്രീയം അടുത്ത് മനസിലാക്കിയപ്പോള്‍, അദ്ദേഹത്തിന് ഒരുകാര്യം മനസിലായി അത്  നക്‌സല്‍ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്എന്ന്. ഒരുപക്ഷേ, അങ്ങനെയാവാം ദാസ്ഗുപ്ത മറ്റൊരു സൗന്ദര്യശാസ്ത്രത്തിലേക്ക് മാറിയതും, അവിടെ സ്വന്തം ശബ്ദം കണ്ടെത്തിയതും. 1989 ല്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ബാഗ് ബഹാദൂര്‍ എന്ന ചിത്രം ആ മാറ്റം വളരെ വ്യക്തമായി നമുക്ക് മുന്നില്‍ വരച്ചിടുകയും ചെയ്തു. കടുവയെപ്പോലെ സ്വയം വരച്ച് ഗ്രാമീണ ബംഗാളിലെ ഒരു ഗ്രാമത്തില്‍ നൃത്തം ചെയ്യുന്ന ഒരാളുടെ കഥയാണ് ബാഗ് ബഹാദൂര്‍. കലാപരിപാടികളിലൂടെ പ്രാദേശിക ജനങ്ങള്‍ക്കായി വിനോദപരിപാടികള്‍ അവതരിപ്പിക്കുമ്പോഴും സഹായം തേടി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുകയും ചെയ്ത നര്‍ത്തകരായിരുന്നു ഇവര്‍. ഖരഗ്പൂരിലെ ഈ കലാകാരന്‍മാരുടെയും കലാകാരികളുടെയും കൂടെ ചുറ്റിപ്പറ്റി ദാസ് ഗുപ്ത കുട്ടിക്കാലം മുഴുവന്‍ ചെലവഴിച്ചിരുന്നു. പ്രത്യേകിച്ച് നര്‍ത്തകികളായിരുന്നു കൂടുതല്‍. അങ്ങനെയാണ് 'ബാഗ് ബഹാദൂര്‍' എന്ന സിനിമ ജനിക്കുന്നത്. സ്വന്തം കാഴ്ചകളെ ചിത്രീകരിച്ചതുകൊണ്ടാവും ആ സിനിമ ഒരു ക്ലാസിക്കായി മാറിയതും.

1997 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദാസ്ഗുപ്തയ്ക്കു നേടിക്കൊടുത്ത ലാല്‍ ദര്‍ജയിലേക്കെത്തുമ്പോള്‍ സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും പരമ്പരാഗത വിവരണവും ഇതിവൃത്തവും ഒഴിവാക്കുന്ന ഒരിടത്തേക്ക് ദാസ്ഗുപ്തയുടെ സിനിമ പ്രവേശിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നു. 40-കളുടെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന നബിന്‍ ദത്ത എന്ന ദന്തഡോക്ടറുടെ കഥയാണ് ഈ സിനിമയുടെ കഥയില്‍ വിവരിക്കുന്നത്. നായകന്റെ മനസിലെ പ്രക്ഷുബ്ധത പ്രകടിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങളും രൂപകങ്ങളും ഈ സിനിമയില്‍ നിറഞ്ഞിരിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ സമകാലിക നാഗരിക ജീവിതത്തിന്റെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ സിനിമ പ്രേഷകന്റെ മുന്നിലെത്തിക്കുന്നു. 

( ഉത്തര എന്ന സിനിമയുടെ ലൊക്കേഷനില്‍ താരങ്ങള്‍ക്ക്
നിര്‍ദേശം നല്‍കുന്ന ബുദ്ധദേബ് ദാസ്ഗുപ്ത.

മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിനു നേടിക്കൊടുത്ത, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയെന്നു നിരൂപകരും പ്രേഷകരും വിലയിരുത്തുന്ന ഉത്തര (2000) പ്രതീകാത്മകത നിറഞ്ഞതാണ്. ഈ സിനിമയ്ക്ക് ഒരുതലമല്ല ഉള്ളത്. ഒരു തലത്തില്‍, അത് മതമൗലികവാദത്തെക്കുറിച്ചും അത് നമ്മുടെ സമൂഹത്തില്‍ അതിന്റെ കൂടാരങ്ങള്‍ കെട്ടുന്നതിനെക്കുറിച്ചുമാണ് ദാസ്ഗുപ്ത പറയുന്നത്. അതേസമയംതന്നെ, മറ്റൊരു തലത്തില്‍ വിഷലിപ്തമായ പുരുഷത്വം അടിമബോധം നിറഞ്ഞ, ദുര്‍ബലമായ ഒരു സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പറയുന്നു. ഏറ്റവും രൂക്ഷമായ ഭാഷയില്‍ ഉത്തര അടിച്ചമര്‍ത്തപ്പെടുന്നവരുടെ ലൈംഗിക വിമോചനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമകൂടിയായി മാറുന്നു.

2006 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കല്‍പുരുഷ്, രണ്ട് സമയപരിധികളിലുടനീളം ഒരു അച്ഛന്റെയും മകന്റെയും ബന്ധം പറഞ്ഞ കഥയാണ്. ഒരു കവികൂടിയായ, ദാസ്ഗുപ്തയെ തേടി മികച്ച ചിത്രത്തിനുള്ള അഞ്ച് ദേശീയ അവാര്‍ഡുകളും രണ്ട് മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങളും എത്തി. അദ്ദേഹം സിനിമകള്‍ക്കായി തെരഞ്ഞെടുക്കുന്ന വിഷയവും ദൃശ്യവത്കരിക്കുന്ന രീതിയും പ്രേക്ഷകരെ റിയലിസത്തിനപ്പുറത്തേക്ക് കൊണ്ടുപോയി. ചിലസമയങ്ങളിലെങ്കിലും മാജിക് റിയലിസത്തിലേക്കും സര്‍റിയലിസത്തിലേക്കും. ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍ നിന്ന് നിരവധി സിനിമകള്‍ക്ക് കഥകള്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പല സിനിമകളുടെയും വിഷയം ഗ്രാമീണ ബംഗാളുമായി ബന്ധപ്പെട്ടതാണ്, പക്ഷേ അദ്ദേഹം കഥകളെ റിയലിസത്തിനപ്പുറത്തേക്ക് പറിച്ചുനട്ടു. പലപ്പോഴും ഫാന്റസി, മാജിക് റിയലിസം എന്നിവ മുഴച്ചു നില്‍ക്കാത്തവിധം കൂടിചേരുന്ന അസാധാരണമായ ഒരു രസതന്ത്രം അദ്ദേഹത്തിന്റെ സിനിമകളില്‍ കണ്ടെത്താനാവും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രകോപിപ്പിക്കുന്ന ബിംബങ്ങളും ദാര്‍ശനിക ചോദ്യങ്ങളും നിറഞ്ഞ ദാസ് ഗുപ്തയുടെ സിനിമകള്‍ ലോകമെമ്പാടും പ്രശംസയും അവാര്‍ഡും നേടി. 

നിരൂപക പ്രശംസയും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. കാരണം തന്റെ സിനിമകളെ കുറിച്ച് വളരെ കുറച്ചുമാത്രം സംസാരിക്കുന്ന വ്യക്തിയായിരുന്നു ദാസ്ഗുപ്ത. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്- ''അവാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള പ്രചോദനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവാര്‍ഡുകളല്ല സിനിമയ്ക്കുള്ള പ്രചോദനം. ഞാന്‍ കഷ്ടി ഇരുപത് സിനിമകള്‍ മാത്രമാണു ചെയ്തിരിക്കുന്നത്. അതുതന്നെ കൂടുതലാണെന്നാണ് എന്റെ പക്ഷം. കിട്ടിയ പുരസ്‌കാരങ്ങള്‍ക്കുമാത്രം പ്രതിഭ എനിക്കുണ്ടോയെന്നു ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനെന്ന നിലയില്‍ ആരെങ്കിലും എന്നെ പരിചയപ്പെടുത്തിയാല്‍ അത് അപമാനമായാണ് എനിക്കു തോന്നാറ്'' എന്നാണ്.

Tuesday, June 8, 2021

മരിച്ചവര്‍ക്കെതിരായ അധിക്ഷേപം

 


സ്പാനിഷ് കവി എയ്ഞ്ജലോ ഗോണ്‍സാലസ് രചിച്ച Diatribe against the dead  (വിവര്‍ത്തനം)


സ്വാര്‍ഥരാണവര്‍

മരിച്ചവര്‍

നമ്മളെ കരയിക്കാനും ശ്രദ്ധിക്കാതിരിക്കാനും 

മടിയില്ലാത്തവര്‍

അസൗകര്യം നിറഞ്ഞ ഇടങ്ങളിലും 

അവര്‍ മൂകരായി കഴിഞ്ഞുകൂടും

നടക്കില്ലെന്നു വാശിയുള്ളവരെ 

ശ്മശാനംവരെ 

നാം ചുമലിലേറ്റിനടക്കണം

അവര്‍, കുട്ടികളാണെങ്കിലും

ഹാ! എന്തൊരു പീഡനംതൃകയാണവര്‍


അനക്കമറ്റ് മരവിച്ച ശരീരം, 

മുഖത്തെപ്പോഴും അധിക്ഷേപത്തിന്റെയും 

ശാസനയുടെയും ഭാവം 

ജീര്‍ണിച്ച മനസാക്ഷി

ദുഷിച്ച മാതൃക.ാണവര്‍

അവര്‍, അത്യന്തം ചീത്തയായതെന്തും


മരിച്ചവരെ കൊല്ലാന്‍പറ്റില്ല എന്നതാണ്

ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം


നമ്മളോടുള്ള അവരുടെ 

0ൃഡവും വിനാശകരവുമായ പ്രയത്‌നം

കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്


ബോധമില്ലത്ത,

സംവേദനക്ഷമമല്ലാത്ത 

ഉദാസീനതയും ദുര്‍വാശിയും നിറഞ്ഞ

അവരുടെ അധികപ്രസംഗവും മൗനവും


അവര്‍ ചെയ്യാത്തതെന്തെന്ന് 

അവരറിയുന്നേയില്ല

Wednesday, May 12, 2021

കോമാളിയുടെ മുഖംമൂടിയിട്ട് വിഷാദത്തിന്റെ കുന്നിറങ്ങുന്നു

 


ചിന്തകളെല്ലാം തലതിരിഞ്ഞതെന്ന് 

വിളിച്ചാക്ഷേപിച്ചുകൊണ്ടിരുന്നു


ജീവിതത്തിന്റെ തിരക്കഥയില്‍ 

പാളിപ്പോയരംഗങ്ങളാണധികമെന്ന് 

കണ്ടവര്‍ കാണാത്തവരോട് പറഞ്ഞുകൊണ്ടിരുന്നു


മനസിലെ നീറ്റല്‍ വരച്ചപ്പൊഴൊക്കെ 

പൂത്തുലഞ്ഞ ഗുല്‍മോഹറെന്ന് 

വ്യാഖ്യാനം ചമച്ചുകളഞ്ഞു


വിറയ്ക്കുന്ന കൈകളാല്‍ 

ജീവിതം പകര്‍ത്തിയപ്പോള്‍ 

അക്ഷരത്തെറ്റുള്ള ഭാഷയെന്ന് 

മുദ്രയടിച്ച് വെട്ടിക്കളഞ്ഞു


നെഞ്ചിലെ മുറിവുകള്‍ 

പക്വതയുടെ കുലശേരുകൊണ്ട് മിനുക്കിയപ്പോള്‍

പൂത്ത ചോരച്ചെമ്പരത്തിയെന്ന് 

നിരൂപണമെഴുതി


രാത്രിയെന്നു പറഞ്ഞപ്പോള്‍ 

പകലെന്ന് വെട്ടിത്തിരുത്തിയെഴുതി


ഉള്ളിലെ നെരിപ്പോടില്‍ കനലാളിയപ്പോള്‍ 

കാടുകത്തുന്നതെന്നു വ്യാജം പറഞ്ഞു


ഒടുവില്‍ ഭൂതകാലത്തെ, 

തന്നെപ്പോലും തിരിച്ചറിയാനാവാത്ത തിരക്കില്‍ 

ഉപേക്ഷിച്ചു പടിയിറങ്ങി


പച്ചയായ ജീവിതത്തെ 

മൗനത്തിന്റെ ഉന്മാദത്തിലൊളിപ്പിച്ച് 

കോമാളിയുടെ മുഖംമൂടിയിട്ട് 

പരാജിതന്റെ ശരീരഭാഷയുമായി

ഇടവഴികളിലൂടെ ജീവിതവും പേറി

വിഷാദത്തിന്റെ കുന്നിറങ്ങുന്നു


Thursday, April 1, 2021

പുരസ്‌കാര നിറവില്‍ സ്‌റ്റൈല്‍മന്നന്‍...

 


ഇന്ത്യന്‍ സിനിമയിലെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ തേടി രാജ്യത്തെ പരമോന്നത പുരസ്‌കാരം എത്തിയിരിക്കുന്നു. നാലുപതിറ്റാണ്ടിലേറെയായി സിനിമയുടെ വെള്ളിവെളിച്ചത്തിലുള്ള തമിഴകത്തിന്റെ സ്വന്തം തലൈവരാണ് രജനി. ചലച്ചിത്രനടന്‍ എന്നതില്‍കവിഞ്ഞ് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തില്‍ ജനിച്ച ശിവാജി റാവു ഗെയ്ക്ക്‌വാദില്‍ നിന്ന് രജനികാന്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഒരു ത്രില്ലര്‍ സിനിമക്കഥപോലെയാണ്.  

മാറാഠിയായ റാണോജി റാവുഗയ്ക്ക്‌വാദ് ആണ് രജനിയുടെ പിതാവ്. നാച്ചിക്കുപ്പയിലേക്ക് അദ്ദേഹത്തിന്റെ കുടുബം കുടിയേറിയതാണ്. പിന്നീട് പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് റാണോജി റാവു ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗറിലേക്കു താമസം മാറി. റാവുവിന് നാലുമക്കളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയമകനായി 1950 ഡിസംബര്‍ 12നാണ്  ശിവാജി റാവു ജനിച്ചത്. അദ്ദേഹത്തിന് ഏഴുവയസ് മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ റംബായി മരിച്ചു. 

ചെറുപ്പത്തിലെ സിനിമകമ്പം

ബാല്യത്തിലും കൗമാരത്തിലും അമ്മയുടെ സംരക്ഷണവും പരിചരണവും നിയന്ത്രണങ്ങളും ഇല്ലാതെയുള്ള ജീവിതം രജനികാന്തിനെ മോശംകൂട്ടുകെട്ടിലും ദുശീലങ്ങളിലും എത്തിച്ചു. വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചു സുഹൃത്തുക്കളുമായി ഉല്ലസിച്ചിരുന്ന അദ്ദേഹം തുടര്ച്ചയായി സിനിമകാണുകയും ചെയ്തിരുന്നു. ബംഗളൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രജനി, തന്നെപ്പോലെതന്നെ പോലീസില്‍ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍ ആഗ്രഹിച്ചത്. അദ്ദേഹം അക്കാര്യം രജനിയോടുപറയുകയും കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, രജനി പിതാവിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ് സിനിമകമ്പവുമായി 1966ല്‍ മദ്രാസിലേക്ക് പോവുകയാണുണ്ടായത്. എങ്ങനെയെങ്കിലും വെള്ളിത്തിരയില്‍ മുഖം കാണിക്കുകയെന്ന കലശലായ ആഗ്രഹത്തോടെ അദ്ദേഹം അന്നത്തെ ചലച്ചിത്രകാരുടെ പിന്നാലെ നടന്നെങ്കിലും ചലച്ചിത്രനടനാവുകയെന്ന മോഹം പൂവണിഞ്ഞില്ല. ജീവിതച്ചെലവു കണ്ടെത്തനായി ചെറിയ നിരവധി ജോലികള്‍ ചെയ്യാന്‍ അദ്ദേഹം തയാറായി. എന്നാല്‍, അതുകൊണ്ടൊന്നും മദ്രാസില്‍ ജീവിക്കാന്‍ സാധിക്കാതെവന്നതോടെ അദ്ദഹം ബംഗളൂരുവിലേക്കു മടങ്ങി. 

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടര്‍

ആരേയും വകവയ്ക്കാതെ തന്നിഷ്ടപ്രകാരമുള്ള രജനിയുടെ പ്രവൃത്തികളില്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. അലഞ്ഞുതിരിഞ്ഞുള്ള ജീവിതെ അവസാനിപ്പിക്കണമെന്നും സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്തി ജീവിക്കണമെന്നും സഹോദരന്‍മാര്‍ അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിനായി ജോലികണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ സഹോദരന്‍മാര്‍ തയാറായി. ഒടുവില്‍ രജനിയുടെ മൂത്തസഹോദരന്‍ സത്യനാരായണ റാവും അദ്ദേഹത്തിനായി ഒരു തൊഴില്‍ കണ്ടെത്തുകയുണ്ടായി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനില്‍ കണ്ടക്ടറുടെ ജോലിയാണ് അദ്ദേഹം മുന്‍കൈയെടുത്ത് രജനിക്ക് വാങ്ങിനല്‍കിയത്. എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കണ്ടക്ടറുടെ ജോലി സ്വീകരിക്കാന്‍ അദ്ദേഹം തയാറായി. എങ്കിലും, അഭിനയത്തോടുള്ള കമ്പം ഒഴിവാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ജോലിക്കിടയില്‍ നടകങ്ങളില്‍ അഭിനയിക്കാനുള്ള സമയവും അദ്ദേഹം കണ്ടെത്തിയിരുന്നു. 

മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം

മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനത്തിനുള്ള അപേക്ഷയുടെ പരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കണ്ട അദ്ദേഹത്തിന്റെ സുഹൃത്ത് രാജ് ബഹദൂര്‍ ഈ പത്രവുമായ രജനിയെകാണാന്‍ എത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അതിനെക്കുറിച്ച് രജനിതന്നെ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''ശരിക്കും അവനാണ്, രാജ്, എന്റെ ജീവിതം മാറ്റിയത്. സിനിമകമ്പം ചേട്ടന്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാറ്റിവച്ചിരുന്ന സമയത്താണ് അവന്‍ വന്നത്. ശരിക്കും അവന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാന്‍ അപേക്ഷിക്കാന്‍ തയാറായത്. കണ്ടക്ടറുടെ ജോലി ഉപേക്ഷിച്ചാല്‍ ജീവിക്കാന്‍ മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ശരിക്കും രാജാണ് എന്റെ രണ്ടുവര്‍ഷത്തെ പഠനച്ചെലവ് വഹിച്ചതും. ബംഗളൂരുവില്‍ എപ്പോള്‍ എത്തിയാലും ഞാന്‍ രാജിനെ കാണാന്‍ ശ്രമിക്കാറുണ്ട്. എന്റെ വീട്ടില്‍ ഏതു ചടങ്ങ് നടന്നാലും ഞാന്‍ ആദ്യം ക്ഷണിക്കുന്നതും രാജിനെയാണ്.' 1973 ലാണ് രജനി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനായി ചേരുന്നത്. 



വെള്ളിത്തിരയിലേക്ക്

മദ്രാസ് ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ വര്‍ഷംതന്നെ അദ്ദേഹത്തിനു സിനിമയില്‍ അരങ്ങേറാനുള്ള വലിയ ഭാഗ്യവും സിദ്ധിച്ചു. പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്ത കന്നഡചിത്രമായ കഥസംഗമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയില്‍ അറങ്ങേറി.  ശ്രീവിദ്യയും കമല്‍ ഹാസനുമായിരുന്നു ചിത്രത്തിലെ നായികാ നായകന്‍മാര്‍. ഏറെ നിരൂപക ശ്രദ്ധനേടിയ ഈ ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു. ഈ ചിത്രത്തില്‍ ഒരു ഗേറ്റ് തുറന്നു കടന്നുവരുന്ന രംഗമാണ് രജനിയുടെ ആദ്യ സീന്‍. അന്നുതന്ന ബാലചന്ദ്രര്‍ തന്റെ സഹസംവിധായകനോട് രജനി വലിയ ഒരു നടനായി മാറുമെന്ന് പറഞ്ഞിരുന്നു. ബാലചന്ദറിന്റെ വാക്കുകള്‍ അച്ചട്ടമായി. ശിവാജി റാവു ഗെയ്ക്‌വാദ് രജനീകാന്തെന്ന എന്ന സൂപ്പര്‍താരമായിമാറിയത് പില്‍ക്കാല ചരിത്രം. ബാലചന്ദറാണു ശിവാജി റാവു ഗെയ്ക്‌വാദെന്ന പേര് മാറ്റി രജനീകാന്തെന്ന പേരു നല്‍കിയത്. കെ. ബാലചന്ദറിനെയാണു രജനി തന്റെ ഗോഡ്ഫാദറായി കരുതുന്നത്. എന്നാല്‍, രജനിയെ സിനിമയില്‍ പ്രശസ്തനാക്കിയത് എസ്. പി. മുത്തുരാമനാണ്. ഭുവന ഒരു കേള്‍വിക്കുറി(1977), ആറിലിരുന്ത് അറുപതുവരെ(1977) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം രജനിയെ താരപദവിയിലേക്ക് ഉയര്‍ത്തി. മുത്തുരാമന്‍ സംവിധാനം ചെയ്ത 25 ചിത്രങ്ങളില്‍ രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും എന്ന ചിത്രം പുറത്തുവന്നതോടെ രജനി താരരാജാവായി. മഹേന്ദ്രന്റെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. 

താരപദവിയിലേക്ക്

1980 കളില്‍ രജനിയുടെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തരംഗം തീര്‍ത്തു. ഒന്നിനുപുറമെ ഒന്നായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി രജനി തമിഴ്‌ സിനിമ അടക്കിവാണു എന്നു പറയാം. ബില്ല, മുരട്ടുകാളൈ, പൊല്ലാതവന്‍, പോക്കിരി രാജ, തനിക്കാട്ടു രാജ, പായും പുലി, രംഗ, പണക്കാരന്‍... തൊട്ടതെല്ലാം സൂപ്പര്‍ഹിറ്റാക്കി അദ്ദേഹം നിറഞ്ഞാടിയ ചിത്രങ്ങള്‍ നിരവധി. തൊണ്ണൂറുകളിലേക്കെത്തിയപ്പേള്‍ മന്നന്‍, മുത്തു, ബാഷ, പടയപ്പ, അരുണാചലം തുടങ്ങിയ ചിത്രങ്ങള്‍ പ്രേഷകര്‍ കൊണ്ടാടുകയായിരുന്നു. 1993ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. രജനി അഭിനയം നിര്‍ത്തിയാല്‍ ആത്മഹൂതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയതോടെ അദ്ദേഹം ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. 1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കപ്പുറമെത്തിച്ചു. ഇന്ത്യക്കു പുറത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്‌തെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമായി മുത്തുമാറി. മുത്തുവിലൂടെ അദ്ദേഹത്തിനു ജപ്പാനിലും നിരവധി ആരാധകരുണ്ടായി. പിന്നീട് ശിവാജി എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും റിലീസ് ചെയ്യുകയുണ്ടായി. മലയാളത്തില്‍ വലിയ വിജയം നേടിയ മണിച്ചിത്രത്താഴ്, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളുടെ തമിഴ് റീ മേക്കായ ചന്ദ്രമുഖി, കുസേലന്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. കബാലി(2016), യന്തിരന്‍ 2.0 (2018), കാല(2018) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ താരരാജപട്ടം നിലനിര്‍ത്തി. 2002 ല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ബാബ എന്നചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമാവുകയുണ്ടായി. ഈ ചിത്രത്തിലൂടെ വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും വലിയ നഷ്ടം സംഭിക്കുകയുമുണ്ടായി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു. എന്നാല്‍, വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയാവുകയാണു ചെയ്തത്. 



ജീവിതത്തില്‍ സാധാരണ മനുഷ്യന്‍

സിനിമയില്‍ സ്‌റ്റൈല്‍മന്നന്‍ ആയിരിക്കുമ്പോഴും ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. അതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''തിയറ്ററില്‍ ജനങ്ങള്‍ കാശുമുടക്കി കയറുന്നത് എന്നെ കാണാനല്ല. ഹീറോയെ കാണാനാണ്. അതിനനുസരിച്ചാണ് ഞാന്‍ അഭിനയിക്കുന്നത്. അതിനനുസരിച്ചാണ് പഞ്ചു ഡയലോഗുകള്‍ സൃഷ്ടിക്കപ്പെടുന്നത്. മുരട്ടുകാളയിലെയും ബാഷയിലെയും അരുണാചലത്തിലെയും പടയപ്പയിലെയും പഞ്ച് ഡയലോഗുകള്‍ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷേ, പുറത്ത്, ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. അവിടെ മേയ്ക്കപ്പിന്റെയും കോസ്റ്റ്യൂംസിന്റെയും ആവശ്യമില്ല. യാഥാര്‍ഥ്യബോധത്തോടെ നില്‍ക്കണം. അഭിനയിക്കരുത്. അതാണ് ഞാന്‍ ചെയ്യുന്നതും. '' അഭിനയത്തിന്റെ തുടക്കത്തില്‍ വര്‍ഷത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നകാലത്തു നിന്നും ഇന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളിലേക്ക് രജനി ചുരുങ്ങിയിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും സാധാരണ ജീവിതത്തില്‍ ഒരു മാറ്റവും ഇല്ല. ഇന്നും സിനിമയുടെ സെറ്റിലെ ഒരു കസേരയിലിരുന്നും വെറും നിലത്തു കിടന്നും ഉറങ്ങുന്ന രജനീകാന്ത്ചലച്ചിത്ര ലോകത്തിന് അദ്ഭുതമാകുന്നതിന്റെ കാരണവും മേല്‍പറഞ്ഞ നിലപാടാണ്. ലോകസുന്ദരിപട്ടം നേടിയ ഐശ്വര്യറായിയുടെ കൂടെ അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിനെക്കുറിച്ച് രജനി പറഞ്ഞത് ഇങ്ങനെയാണ്. ''മാലാഘയെപ്പോലിരിക്കുന്ന ആ ലോക സുന്ദരിയോട്‌ എനിക്ക് വലിയ നന്ദിയുണ്ട് അറുപതുവയസുള്ള കറുത്ത കഷണ്ടിക്കാരനായ എന്നോടൊപ്പം അഭിനയിച്ചതിന്''. എഴുപതാംവയസിലും ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാര് എന്നു ചോദിച്ചാല്‍ ഇന്നും ഉത്തരം രജനീകാന്ത് എന്നുതന്നെ. അദ്ദേഹത്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുമ്പോള്‍ ആ താരപദവി ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നു എന്നുമാത്രം. 

രാഷ്ട്രീയത്തില്‍ നിലപാടില്ലാതെ

രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് പ്രതീക്ഷിക്കാത്ത ഒരു ആരാധകനും അദ്ദേഹത്തിനുണ്ടായിരിക്കാന്‍ ഇടയില്ല. എന്നാല്‍ ഒരിക്കലും അതുമാത്രം നടന്നില്ല. പലകാലത്തും പല രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇക്കാരണത്താല്‍ രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. 2017 രജിനികാന്ത് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത വലിയ വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് വാര്‍ത്തകള്‍ വരികയും ഒരു സമയത്ത് അദ്ദേഹം തന്നെ അക്കാര്യം പറയുകയും ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ആരധകര്‍ക്കിയയില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇപ്പോഴും ആ തീരുമാനത്തിന്റെ കാരണം അജ്ഞാതം. 1995ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധനാണെന്ന് രജിനി പ്രഖ്യാപിച്ചു. എന്നാല്‍,  1996ല്‍ കാര്യങ്ങള്‍ നേരേ തലതിരിഞ്ഞു. കോണ്‍ഗ്രസ് എഐഎഡിഎംകെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജിനി ഡിഎംകെടിഎംസി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. എഡിഎംകെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി. 1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രജിനി ഡിഎംകെടിഎംസി മുന്നണിക്കൊപ്പമായിരുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജിനി വീണ്ടും രാഷ്ട്രീയം മാറി. ബിജെപിഎഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. 

പുരസ്‌കാരത്തിന് നന്ദി ദൈവത്തിനും ആരാധകര്‍ക്കും

പുരസ്‌കരനേട്ടത്തില്‍ ആദ്യം നന്ദിപറയുന്നത് ദൈവത്തിനാണെന്ന് രജനീകാന്ത്. ഈ നേട്ടം ലോകമെന്പാടുമുള്ള തന്റെ ആരാധകര്‍ക്കു സമര്‍പ്പിക്കുന്നു എന്നാണ് താരം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. തന്റെ ഗുരുവും സംവിധായകനുമായ കെ ബാനചന്ദറിനും തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, നടന്‍ കമലഹാസന്‍, ഡിഎംകെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. തന്റെ സുഹൃത്ത് രാജ് ബഹദൂറിന് പ്രത്യേകം നന്ദിപറയാനും അദ്ദേഹം മറന്നില്ല. 


Thursday, February 25, 2021

കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോകുമ്പോള്‍....






സന്ദീപ് സലിം

വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ തൂലികയില്‍ നിന്ന് പിറന്നുവീണ കവിതകളില്‍ കേന്ദ്രസ്ഥാനത്തു മനുഷ്യനുണ്ടായിരുന്നു. ആ കവിതകള്‍ നെയ്‌തെടുത്തതു പ്രകൃതിയുടെയുടെയും മുറിവേറ്റവന്റെ വേദനകളുടെയും നൂലുകൊണ്ടായിരുന്നു ഒരിക്കലും അദ്ദേഹത്തിന്റെ കവിതകള്‍ അതിവൈകാരികമായി തൂവിയിട്ടില്ല. താന്‍ അതുവരെ കേട്ടും കണ്ടും വായിച്ചുംവന്ന കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പും തനിമയും തന്റെ കവിതകളില്‍ ഉപരിപ്ലവമാവാതെ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ നമിക്കുകയും അതൊടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നതില്‍ വിഷ്ണുനാരായണ്‍ നമ്പൂതിരി വിജയിച്ചിരുന്നു.

   ആത്മകേന്ദ്രീയമായ സംഘര്‍ഷങ്ങളുടെ അക്ഷരരൂപമായിരുന്നു കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദ്യകാല കവിതകള്‍. 1960 കളോടെ നിലവിലിരുന്ന  സാമൂഹിക വ്യവസ്ഥിതികളുടെ തകര്‍ച്ചയോടും തലമുറയുടെ നൈരാശ്യത്തോടുമുള്ള തീക്ഷണമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ കവിത വികസിച്ചത്. വൈദിക പാരമ്പര്യവും അത് അദ്ദേഹത്തിന് നല്‍കിയ മാനവികതാവീക്ഷണവും ആയിരുന്നു ഈ മാറ്റത്തിന് കാരണമായത്.

സൂക്ഷമവായനയില്‍ കാളിദാസ കവിതയുടെ വലിയൊരു സ്വാധീനം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ നമുക്ക് കണ്ടെത്താനാവും. കാളിദാസ കവിതകളുമായി ആത്മൈക്യം നേടിയ കവിതകളാണ് അദ്ദേഹത്തിന്റേതെന്നു പറഞ്ഞാലും തെറ്റില്ല. ഉദാഹരണമായി ഉജ്ജയിനിയിലെ രാപ്പകലുകള്‍ നമുക്ക് തെരഞ്ഞെടുക്കാം. ഉജ്ജയിനിയില്‍ മാത്രമല്ല വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ നിരവധി കൃതികളില്‍ കാളിദാസന്റെ സ്വാധീനം നിഴലിക്കുന്നുണ്ട്. ഇന്ത്യയെന്ന വികാരത്തില്‍ കാളിദാസനെ നേരിട്ട് സംബോധന ചെയ്യുന്നുണ്ട് ഈ കവി.

''വഴികാട്ടിയല്ല ചെറുതുണ മാത്രമെന്‍ കവിത

പടകൂട്ടുമാര്‍പ്പുവിളിയോ

ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ

പുളകം അരഞ്ഞാണിടുന്ന രതിയോ

കൊതിയോടു തേടിയണയും പഴയചങ്ങാതി !

മൊഴിയിതലിവാല്‍ പൊറുക്കൂ

എന്‍ കൈക്കുടന്നയില്‍ നിനക്കു

ത രുവാനുള്ളതെന്റെ മെയ്ച്ചൂടുമാത്രം....! ഈ  വരികളിലൂടെ കവി പ്രദര്‍ശിപ്പിക്കുന്ന സാത്വിക ബോധവും വിനയവും കവിതകളിലും ജീവിതത്തിലും കൊണ്ടുനടന്നിരുന്ന കവിയായിരുന്നു അദ്ദേഹം. ഉജ്ജയിനിയിലെ രാപ്പകലുകളില്‍ കാളിദാസനൊപ്പം പകലും രാവും കൂടെ നടന്നിരുന്നു അദ്ദേഹം. കാളിദാസന്റെ മാളവത്തില്‍ മഴ പെയ്യുന്നതിന്റെ  മനോഹര ചിത്രം വരച്ചിടുന്നതിലൂടെ അദ്ദേഹം വായനക്കാരെ കാലങ്ങള്‍ക്കപ്പുറമാണു കൂട്ടികൊണ്ടു പോയത്. കവിതകളിലെ കാളിദാസന്റെ സ്വാധീനത്തെ കുറിച്ച് അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സായഹ്നങ്ങളില്‍ ഒന്നില്‍ ഞാന്‍ ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ''കാളിദാസന്‍ മാത്രമല്ല നിരവധിയാളുകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നാണ്. അതില്‍ കാളിദാസന്റെ സ്വാധീനം പ്രകടമായിരുന്നു മറ്റുപലരുടേതും ഗുപ്തമായിരുന്നു എന്നു മാത്രം. കവിതയില്‍ കാളിദാസനായിരുന്നു മാതൃകയെന്നു വേണമെങ്കില്‍ പറയാം. പിന്നെ ആ സ്ഥാനം വൈലോപ്പള്ളി സാറിനാണ്. ആശാന്‍, വള്ളത്തോള്‍, ജീ, വയലാര്‍ ഇവരുയെയൊന്നും കവിതകളെ വിലയിരുത്താന്‍ മാത്രം യോഗ്യത എനിക്ക്  ഇതുവരെ ഉണ്ടായിട്ടില്ല. കവിത എന്ന സാഹിത്യ രൂപത്തിന് ഇവിടെ രൂപം നല്‍കിയത് ഇവരൊക്കെ ചേര്‍ന്നാണല്ലോ. ഷെല്ലിയും കീറ്റസും ഷേക്‌സ്പിയറുമടങ്ങുന്ന സാഹിത്യത്തിനപ്പുറം ഏഷ്യയിലും യൂറോപ്പിലും അതിനോടു തുല്യം നില്‍ക്കുന്ന സാഹിത്യമുണ്ടെന്ന് ജീ.ശങ്കരക്കുറുപ്പ് മനസിലാക്കിയിരുന്നു. എനിക്കും മലയാള സാഹിത്യത്തിനും  അപൂര്‍വങ്ങളായ പല പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കവിതയിലെ ഛന്ദോവൈവിധ്യം  മലയാളഭാഷയ്ക്കു സമര്‍പ്പിച്ചതും ജീയായിരുന്നു. ഇന്ന് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന അസംബന്ധങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മാത്രം ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ ജീയുടെ കവിതകളിലുണ്ട്. മറ്റുള്ളവരുടെ നിന്ദകള്‍ ജീയുടെ തൊലിപ്പുറത്തുമാത്രമേ തട്ടിയിരുന്നുള്ളു. വിമര്‍ശനങ്ങള്‍ പ്രചോദനമായാണ് ജീ എടുത്തിരുന്നത്. ജീയുടെ കവിത അനുഭവിച്ചറിയാത്ത തലമുറ ദരിദ്രമായിരിക്കും. ജീയെ ഉള്‍ക്കൊള്ളാനാവാത്ത രാഷ്ട്രം നിസ്വവും പ്രതിഭാശൂന്യവുമായിരിക്കും.''

''മാളവത്തില്‍ മഴ ചാറിയടങ്ങുന്നു.

വെണ്‍പിറാക്കള്‍

രാവിന്‍ മട്ടുപ്പാവുകളില്‍ ചേക്കയേറുന്നു

പഥികര്‍ കെട്ടിറക്കുന്ന മരച്ചോട്ടില്‍

കുടിലുകളില്‍

കഥകള്‍ തംബുരു പാട്ടും മുറിപ്പു മൗനം ശകന്മാരെത്തുരത്തുന്ന തമ്പുരാന്റെ പരാക്രമം, അകം നീറ്റും ഉദയന പ്രേമവൈവശ്യം, എട്ടുദിക്കും മുഴക്കുന്ന രഘുവിന്റെ ജൈത്രഘോഷം

കട്ടുവന്നു ചൗക്കകളില്‍ തീന്‍കുടിമേളം!

നേടിയ തെന്നലിന്‍ തുകില്‍ മൂടി എല്ലാം  നെടുരാവിലാഴവേ ഒരോടലെണ്ണ വിളക്കുമാത്രം.

വര്‍ത്തമാനത്തിന്റെ...''

വ ര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഭൂതകാലത്തിന്റെ ആര്‍ദ്രതകൊണ്ട് ശാന്തമാക്കാമെന്ന് വായനക്കാരെ ആശ്വസിപ്പിക്കാന്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നു. ഒട്ടേറെ കവിതകളില്‍ ചങ്ങന്പുഴയ്ക്ക് പ്രണയമെന്നത് പോലെയെന്നാണു വിഷ്ണുനാരായണ്‍ നന്പൂതിരിക്ക് കാളിദാസന്‍. ഇന്ത്യയെന്ന വികാരം'എന്ന കവിതയില്‍ കാളിദാസനുമായി സംഭാഷണത്തിലേര്‍പ്പെടുന്നുണ്ട് അദ്ദേഹം. കവി കവിയോടൊത്തു കവിതയിലൂടെ നടത്തുന്ന അപൂര്‍വമായ സഞ്ചാരം ഈ കവിതകളിലൊക്കെ കാണാം. ഇത്തരം സഞ്ചാരങ്ങള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും നമുക്ക് കണ്ടെത്താനാവും.

 വിഷ്ണുനാരായണന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം കവിത നേരമ്പോക്കിനു വേണ്ടിയോ പാണ്ഡിത്യ പ്രദര്‍ശനത്തിനു വേണ്ടിയോ ഉള്ള ഒന്നായിരുന്നില്ല. മറിച്ച് പ്രാര്‍ഥനപോലെ വിശുദ്ധവും ഏകാന്തവുമായ അനുഭവമായിരുന്നു അദ്ദേഹത്തിനു കവിത. തെളിനീര്‍ നിറഞ്ഞ തടാകങ്ങളുടെ ആഴങ്ങളിലേക്കു നോക്കിയാല്‍ തിളങ്ങുന്ന വെള്ളാരങ്കല്ലുകള്‍ കാണാം. പരുക്കന്‍ കല്ലുകളെ  ഒഴുക്ക് തേച്ചുമിനുക്കി മിനുസമുള്ളതാക്കിയെടുക്കുന്നതു പോലെയാണ് വിഷ്ണുനാരായണ്‍ നമ്പൂതിരി കവിതകള്‍ രചിച്ചിരുന്നത്. ജീവിതത്തിന്റെ പരുക്കന്‍ യഥാര്‍ത്ഥ്യങ്ങളെ മാനവികതയുടെ ഉരകല്ലുകൊണ്ട് ഉരച്ചു മിനുസപ്പെടുത്തിയ വെള്ളാരങ്കല്ലുകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. കവിതകളെ കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ജീവിതത്തെ കുറിച്ചായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ സംഭാണമധ്യേ ജീവിതം തന്നെ എന്തു പഠിപ്പിച്ചു എന്നു പറയുകയുണ്ടായി. ''പ്രകൃതിയ്ക്കു മുന്നില്‍ എല്ലാ മനുഷ്യരും ഒരുപോലെയാണ് എന്ന സത്യമാണ് ജീവിതത്തില്‍ ഞാന്‍ മനസ്‌സിലാക്കിയത്. ജീവിതീനുഭവങ്ങള്‍  നല്‍കുന്ന പാഠം പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുന്നില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാണ്. ഞാന്‍ ഫിസിക്‌സ് പഠിച്ചു ഇംഗ്ലീഷില്‍ എംഎയെടുത്ത് വാധ്യാരായി, മേല്‍ശാന്തിയായി , കവിയായി ഇതൊക്കെ വെറും സാധാരണ മനുഷ്യനായിരുന്നു എന്നതാണ് സത്യം . നമ്മള്‍ വെറും സാധാരണ മനുഷ്യരാണ്. എല്ലാവര്‍ക്കും  ഇതല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ കഴിവുണ്ട്. നമ്മള്‍ അതൊന്നും അറിയുന്നില്ലെന്നേയുള്ളു. പിന്നെ, വളരെ ചെറിയ വരുമാനത്തിലും ജിവിക്കാന്‍ പഠിച്ചു. ക്ഷേത്രത്തില്‍ ശാന്തികഴിച്ച് അച്ഛനു കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തില്‍ മന:സുഖത്തോടെ ശാന്തമായുറങ്ങാന്‍ പഠിച്ചു. നാളത്തെ തലമുറയ്ക്ക് നമ്മള്‍ എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നാണ് നോക്കേണ്ടത് . ഇനിയൊരു ജന്മം കിട്ടിയാലും ഞാന്‍ ഇതൊക്കെത്തന്നെയായിരിക്കും ചെയ്യുക. അത് ഭംഗിയായി ചെയ്യുക. ദു:ഖമോ നൈരാശ്യമോ പാടില്ല. ഞാന്‍ എന്തോ നേടി എന്ന ഭാവം അരുത് ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് ഇതൊക്കെയാണ് .''

ശുഭാപ്തി വിശ്വാസവും പാരമ്പര്യവും അദ്ദേഹത്തിന്റെ  കവിതകളുടെ  മുഖമുദ്രകളാണ്. ആധുനികത കത്തിക്കാളി നിന്ന കാലത്ത് എഴുതി തുടങ്ങിയ ഈ കവിയുടെ രചനകള്‍ ആധുനികതയുടെ ഉത്പന്നങ്ങളായ ജീവിത നിക്ഷേധമോ തീവ്രവിപ്ലവാഭിമുഖ്യമോ പ്രകടിപ്പിച്ചില്ല. ഭാഷയുടെ പ്രയോഗത്തിലും രചനാരീതികളിലും വിഷ്ണുനാരായണ്‍ നന്പൂതിരി പുലര്‍ത്തുന്ന നിഷ്ഠകള്‍ അത്ഭുതാവഹമാണ്. ടെന്‍ഡ്രുകളുടെയോ ഗിമിക്കുകളുടെയോ പിന്നാലെ പോകാന്‍ അദ്ദേഹം തയ്യാറല്ല. ഓരോ കാലത്തും മാറിവരുന്ന ടെന്‍ഡ്രുകള്‍ക്കനുസരിച്ച് എഴുതാനുള്ളതല്ല കവിത എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വളരെ വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍തന്നെ കടമെടുത്താല്‍ ''വികലമായ ആസ്വാദനമാണ് ഇന്ന് കാണുന്നത്. അഗാധ്മായി, ഉള്‍ക്കാഴ്ചയോടെ എഴുതുന്ന കവിതകള്‍ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ല. ഇത്തരം കവിതകളും ഇന്നു കുറഞ്ഞു വരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടന്ന് കവിതയെഴുതുന്ന കവികളാണിന്ന് അധികവും. പഴയ കവികള്‍ സാഹിത്യനായകരും പ്രകൃതിയുടെ മനോഹാരിത ഉള്‍ക്കൊണ്ട് സൃഷ്ടികള്‍ നടത്തുകയും പാടുകയും ചെയ്തിരുന്നിടത്ത് പുത്തന്‍ തലമുറക്കാര്‍ പ്രകൃതിയില്‍ നിന്ന് അകന്നു പോകുകയാണ്''.

  കവിയുടെ മനസില്‍ കവിത ജനിക്കുന്നതിന് കാരണങ്ങള്‍ നിരവധിയുണ്ടാകാം. കവിയുടെ  മനസിലെ അന്ത:സംഘര്‍ഷങ്ങളാവാം കവിതയായി പിറവിയെടുക്കുന്നത്. അതിന് കാരണം  പൂവുപോലെ ഉള്ളില്‍ താലോലിച്ച് പ്രണയത്തിന്റെ തകര്‍ച്ച മുതല്‍ അയലത്തെ കുഞ്ഞിന്റെ പട്ടിണിച്ചടവാര്‍ന്ന രൂപം വരെയാവാം. സദാചാരമൂല്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും അവയില്‍ നിന്നു പൊതുസമൂഹം അകന്നു പോകുന്നതിലുള്ള സംഘര്‍ഷവും കൂടി ഇതിനിടയില്‍ കടന്നുവന്നേക്കാം വേദേതി ഹാസപുരാണങ്ങളും ഉപനിക്ഷത്തുക്കളും കാളിദാസന്റെ ഉള്‍പ്പെടെയുള്ള ക്ലാസിക് കൃതികളും ഉള്‍ക്കൊള്ളുക വഴി ആര്‍ഷ പാരന്പര്യം സിരകളില്‍ ആവഹിക്കുന്ന വിഷ്ണുനാരായണ്‍ നമ്പൂതിരിയുടെ കാഴ്ചപ്പാട് ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അകലുന്നില്ല. അതിന്റെ കാരണത്തെ കുറിച്ചും കവി വാചാലനാവുന്നു. ''പാരന്പര്യത്തിന്റെ വികസ്വരമുഖമായി ആധുനികതയെ കാണാനാണ് എനിക്ക് ഇഷ്ടം . അതാണെന്റെ  കാഴ്ചപ്പാടും പാരന്പര്യത്തിന്റെ ആരോഗ്യപൂര്‍ണവും സജീവവുമായ ഭാഗമാകുന്‌പോഴാണ് പുതുമ ശരിക്കും  പുതുമയാകുന്നത് . പാരന്പര്യമാണ് നമ്മുടെ അടിത്തറ. അടിത്തറയില്ലാതെ എന്തെങ്കിലും  നിലനില്‍ക്കുമോ ജീനുകളുടെ സ്വഭാവത്തിനു വിരുദ്ധമായി ശരീരകോശങ്ങള്‍ക്കു വളര്‍ച്ചയുണ്ടാവില്ലല്ലോ. അങ്ങനെയൊന്നുണ്ടായാല്‍ അതു വൈകല്യമാവും. പാരന്പര്യത്തെ പാടേ ധിക്കരിച്ചു കൊണ്ടുള്ള നിലനില്‍പ് കവിതയിലെന്നല്ല ജീവിതത്തില്‍ത്തന്നെ അസാധ്യമാണെന്നാണ് എന്റെ അഭിപ്രായം. പാരമ്പര്യത്തെ പുതിയ ചാലു കീറി വര്‍ത്തമാനമായി നിലനിര്‍ത്തുക എന്നതാണല്ലോ ആധുനികതയുടെ ധര്‍മം.''

ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചശേഷം അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദഹം വളരെ ക്ഷീണിതനായിരുന്നു. അന്ന് പുരസ്‌കാരങ്ങളെ കുറിച്ചൊക്ക് ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. കവിതയിലൂടെ ഇനിയൊന്നും നേടാനില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ശാരീരിക അവശതകളുടെ ക്ഷീണവും ഉണ്ടായിരുന്നു. ''കവി എന്ന നിലയില്‍ അര്‍ഹമായതെല്ലാം  ലഭിച്ചു കഴിഞ്ഞു എന്നാണു ഞാന്‍ കരുതുന്നത്. പുരസ്‌കാരത്തുക തന്നെ വലിയ സംഖ്യയാണല്ലോ, പെന്‍ഷനായി ലഭിക്കുന്ന തുക തന്നെ എന്റെ ചെലവുകള്‍ക്ക് ധാരാളമാണ്. ചെറുപ്പം മുതലേ അമിതമായ ആഗ്രഹങ്ങളോ ആഡംബര ചിന്തകളോ  ഇല്ലാതിരുന്ന ആളായിരുന്നു ഞാന്‍. പ്രശസ്തിയും എന്റെ ലക്ഷ്യമായിരുന്നില്ല. കവിതയിലൂടെ ഞാന്‍ എന്റെ ആശയങ്ങള്‍ പറഞ്ഞു കഴിഞ്ഞതായാണ് കരുതുന്നത്. എഴുനൂറിലേറെ കവിതകള്‍ എഴുതിയിട്ടുണ്ട്. ഇനി ലേഖനങ്ങളിലൂടെ ആശയങ്ങള്‍ വ്യക്തമാക്കാനാണ് ആഗ്രഹം.''

തിരുവല്ലയില്‍ 1939 ജൂണ്‍ രണ്ടിനാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി ജനിച്ചത്. ബിഎസ്‌സി, എംഎ ബിരുദങ്ങള്‍ നേടിയ ശേഷം ഗവണ്‍മെന്റ്് കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി. അധ്യാപക ജോലിയില്‍നിന്ന് വിരമിച്ച ശേഷം തിരുവല്ല ക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രധാനകൃതികള്‍. പ്രണയഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, ഭൂമിഗീതങ്ങള്‍, അതിര്‍ത്തിയിലേക്കൊരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപ്പകലുകള്‍, പരിക്രമം,ചാരുലത (കവിതകള്‍), അസാഹിദീയം,കവിതയുടെ ഡി.എന്‍.എ (ലേഘനങ്ങള്‍), ഋതുസംഹാരം (വിവര്‍ത്തനം). ഭൂമിഗീതങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1979)മുഖമെവിടെ' യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡും (1983) ഉജ്ജയിനിയിലെ രാപ്പകലുകള്‍'ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1994) ലഭിച്ചു.  ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡും വളളത്തോള്‍ പുരസ്‌കാരവും ബാലാമണിയമ്മ അവാര്‍ഡും ലഭിച്ചു.  

മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നഷ്ടമാകുന്നത് കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാത്രമാണ് പ്രകൃതിയെയും മനുഷ്യരെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സ്‌നേഹിച്ച അദ്ദേഹത്തിന്റെ കവിതകളെയല്ല.


FACEBOOK COMMENT BOX