Thursday, January 29, 2009

ജല്ലിക്കെട്ട്‌: പേശികളുടെ ബലവും രക്തത്തിന്റെ മണവും




നമ്മുടെ മകരമാസം തമിഴ്‌നാട്ടില്‍ തൈമാസമാണ്‌. തൈമാസം ആരംഭിക്കുന്നതു പൊങ്കല്‍ ഉല്‍സവത്തോടെയും. അത്‌ തമിഴരുടെ വിളവെടുപ്പുല്‍സവമാണ്‌. എന്നാല്‍ തമിഴ്‌നാടിന്റെ ചില പ്രദ്‌ശങ്ങളില്‍ ഉളളവര്‍ക്കെങ്കിലും ജല്ലിക്കെട്ടിനെ മാറ്റിനിര്‍ത്തി പൊങ്കലിനെക്കുറിച്ചു ചിന്തിക്കാന്‍ വയ്യ. 2007-ല്‍ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ചതിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല. വിധി പുന:പരിശോധിക്കാന്‍ കോടതിയെ പ്രേരിപ്പിക്കത്തക്ക വിധത്തിലായി പ്രതിഷേധങ്ങള്‍. അതിനെത്തുടര്‍ന്ന്‌, കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളോടെ ജല്ലിക്കെട്ട്‌ നടത്താന്‍ അനുമതി. ഈ വര്‍ഷം ജല്ലിക്കെട്ട്‌ പുനരാരംഭിച്ചപ്പോഴോ ? ജീവന്‍ നഷ്‌ടപ്പെട്ടത്‌ ആറുപേര്‍ക്ക്‌. പരിക്കേറ്റത്‌ മുപ്പതിലേറെപ്പേര്‍ക്കും.

ചോരയൊഴുകാതെ എന്തു ജല്ലിക്കെട്ട്‌ ?

ചോരയൊഴുകിയാലും പോരാ, മരണങ്ങളും ഉണ്ടായാലേ ജല്ലിക്കെട്ടാവൂ എന്ന്‌ ആരോ ചിലരൊക്കെ കരുതുന്നതുകൊണ്ടാവുമോ വേണ്ടത്ര വൈദ്യസഹായം പോലും ഏര്‍പ്പാടു ചെയ്യാതെ ജല്ലിക്കെട്ടു പുനരാരംഭിച്ചത്‌?

കഴിഞ്ഞ കുറെ ദശകങ്ങള്‍ക്കുളളില്‍ ജല്ലിക്കെട്ടില്‍ കൊല്ലപ്പെട്ടതു നാലായിരത്തോളം പേരാണെന്നു കേള്‍ക്കുന്നു.

മനുഷ്യനു സാഹസികതയോടും സാഹസിക വിനോദങ്ങളോടുമുള്ള ഒടുങ്ങാത്ത ആവേശത്തിനു പ്രത്യക്ഷ ഉദാഹരണമാണ്‌ ജല്ലിക്കെട്ട്‌ മഹോത്സവം. ചരിത്രകാരന്മാരുടെ ഭാഷയില്‍ ലോകത്തു നിലനില്‍ക്കുന്ന ഏറ്റവും പ്രാചീനമായ കായിക വിനോദങ്ങളില്‍ ഒന്നാണ്‌ ജല്ലിക്കെട്ട്‌.

നാലു ദിവസം നീണ്ടു നില്‌ക്കുന്ന ഉത്സവമായ പൊങ്കലിന്റെ അവസാന ദിനമായ മാട്ടുപ്പൊങ്കലിനാണ്‌ ജല്ലിക്കെട്ട്‌ അരങ്ങേറുന്നത്‌. മധുരയ്‌ക്കു സമീപമുള്ള അളഹാനല്ലൂരാണ്‌ ഇതിന്‌ ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച സ്ഥലം.

ഒരു തുറന്ന സ്ഥലത്ത്‌ പ്രത്യേകം തയാറാക്കിനിര്‍ത്തിയ കൂറ്റന്‍ കാളയുമായി മനുഷ്യര്‍ നടത്തുന്ന മല്‍പ്പിടിത്തമാണ്‌ ജല്ലിക്കെട്ടില്‍ അരങ്ങേറുന്നത്‌. മുന്നോട്ടു കുതിക്കുന്ന കാളയെ കൊമ്പിലോ മുതുകിലെ മുഴയിലോ പിടിച്ച്‌ കീഴ്‌പ്പെടുത്തുകയാണ്‌ ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവരുടെ ലക്ഷ്യം. പ്രത്യേകം തയാറാക്കിയ കാളയെ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ തുറന്നു വിടുന്നതോടു കൂടിയാണ്‌ ജെല്ലിക്കെട്ടു മത്സരം ആരംഭിക്കുന്നത്‌. വന്യമായ കരുത്തോടുകൂടി മുന്നോട്ടു കുതിക്കുന്ന കാളയെ കീഴ്‌പെടുത്തുന്നതിനായി ആള്‍ക്കൂട്ടത്തില്‍ നിന്നാണ്‌ പോരാളികള്‍ മുന്നോട്ടുവരുന്നത്‌. മല്‍സരത്തിന്‌ തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തില്‍ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്‌. പലപ്പോഴും കാളയ്‌ക്ക്‌ മയക്കു മരുന്നും മദ്യവും നല്‍കി ലഹരി പിടിപ്പിച്ച ശേഷമാണ്‌ ജെല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്‌. കാളയുമായി മല്‍പ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക്‌ കാളയുടെ കൊമ്പില്‍ പിടിച്ച്‌ മണ്ണില്‍ മുട്ടിക്കാനായാല്‍ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പെടുത്താന്‍. പുരുഷന്മാര്‍ മാത്രമാണ്‌ ജല്ലിക്കെട്ടില്‍ പങ്കെടുക്കാറ്‌.

ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷത്തിന്റെ തമിഴ്‌ ഭാഷ്യമാണു പൊങ്കല്‍. ലോകമെങ്ങുമുള്ള തമിഴ്‌ വംശജര്‍ ഇത്‌ ആഘോഷിക്കുന്നു. ജല്ലിക്കെട്ടില്‍ വിജയിക്കുന്നയാള്‍ക്ക്‌ നിരവധി സമ്മാനങ്ങള്‍ ലഭിക്കും. അത്‌ കാളക്കൊമ്പില്‍ കെട്ടിവച്ചാണ്‌ നല്‍കുന്നത്‌. മത്സരവിജയിക്ക്‌ ലഭിക്കുന്ന സമ്മാനങ്ങളെക്കാള്‍, പ്രശസ്‌തിയും വീരാരാധനയുമാണ്‌ മത്സരാര്‍ഥികള്‍ പ്രധാനമായി കാണുന്നത്‌.

ജല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക്‌ ഗ്രാമവാസികളുടെ ഇടയില്‍ വലിയ സ്ഥാനമാണുള്ളത്‌. ഇവരെ വിവാഹം കഴിക്കാന്‍ അന്യഗ്രാമങ്ങളില്‍ നിന്നുപോലും പെണ്‍കുട്ടികള്‍ വന്നെത്താറുണ്ടയിരുന്നത്രേ. തങ്ങളുടെ പൗരുഷവും അസാധാരണ ധൈര്യവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായാണ്‌ യുവാക്കള്‍ ജല്ലിക്കെട്ടിനെ കണ്ടിരുന്നത്‌. എന്തായാലും തങ്ങള്‍ക്കു ലഭിക്കുന്ന ഈ വീരപുരുഷ പരിവേഷമാണ്‌ ജല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.

പ്രമുഖ ചരിത്രകാരന്‍ എന്‍. മരുതനായകത്തിന്റെ അഭിപ്രായത്തില്‍ ജമീന്ദാര്‍മാരും നാട്ടുരാജാക്കന്മാരുമൊക്കെ ഭരിച്ചിരുന്ന ക്ലാസിക്കല്‍ തമിഴ്‌ കാലഘട്ടം മുതല്‍ നിലവിലുള്ള കായിക വിനോദമാണു ജല്ലിക്കെട്ട്‌. ഒരു കായിക വിനോദമെന്നതിനുമപ്പുറം നാട്ടുരാജാക്കന്മാര്‍ തമ്മില്‍ നിലനിന്നിരുന്ന ശത്രുതയും കുടിപ്പകയും, എന്തിന്‌ കുടുംബവഴക്കുപോലും, പരിഹരിച്ചിരുന്നത്‌ ജല്ലിക്കെട്ടിലൂടെയായിരുന്നു. ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നതിനായി ഓരോ നാടുവാഴിയുടെ കീഴിലും പ്രത്യേക പരിശീലനം നേടിയ യോദ്ധാക്കളും ജല്ലിക്കെട്ട്‌ കാളകളുമുണ്ടായിരുന്നു.

`കാശ്‌' എന്നര്‍ഥം വരുന്ന `സല്ലി' എന്ന പദവും `പൊതി' എന്നര്‍ഥം വരുന്ന `കെട്ട്‌' എന്ന പദവും കൂടിച്ചേര്‍ന്നാണ്‌ ഇന്ന്‌ ഉപയോഗത്തിലിരിക്കുന്ന `ജല്ലിക്കെട്ട്‌' എന്ന പദം ഉരുത്തിരിഞ്ഞതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം. കാളയെ പിന്‍തുടരുക എന്നര്‍ഥം വരുന്ന `മഞ്ഞുവിരാട്ട്‌' എന്ന പ്രാദേശിക പദമാണ്‌ ഇന്നും ഗ്രാമവാസികള്‍ ഉപയോഗിക്കുന്നത്‌. ജല്ലിക്കെട്ടിന്റെ ഉദ്‌ഭവകാലഘട്ടത്തെക്കുറിച്ച്‌ ഇന്നും വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ല. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെത്തിയ പ്രാചീന ഗുഹാചിത്രങ്ങളില്‍ ജല്ലിക്കെട്ടിന്‌ സമാനമായ രംഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. പുരാവസ്‌തു ഗവേഷകരുടെ സഹായത്തോടെ ഇവയുടെ കാലപ്പഴക്കം നിര്‍ണയിച്ചതില്‍ നിന്ന്‌ ജല്ലിക്കെട്ടിന്‌ ഏതാണ്ട്‌ 3500 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നു കരുതുന്നു. മണ്‍പാത്ര നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ശുദ്ധമായ കളിമണ്ണും കാവിമണ്ണും ചേര്‍ത്തു തയാറാക്കിയ വര്‍ണങ്ങളാണ്‌ ഗുഹാചിത്രങ്ങള്‍ വരയ്‌ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്‌. നീലഗിരി ജില്ലയിലെ കാരിക്കിയൂര്‍ ഗ്രാമത്തിലാണ്‌ ഏറ്റവും പഴക്കമുള്ള ജല്ലിക്കെട്ടു ചിത്രങ്ങള്‍ കണ്ടെത്തിയത്‌.

പ്രാചീന ചിത്രകലകളെക്കുറിച്ചു പഠനം നടത്തിയിട്ടുള്ള ചരിത്രകാരന്‍മാരായ കെ.ടി. ഗന്ധിരാജന്റെയും ഡോ. ജി. ചന്ദ്രശേഖരന്റെയും അഭിപ്രായത്തില്‍ ലഭ്യമായിട്ടുള്ള ജല്ലിക്കെട്ടു ചിത്രങ്ങളില്‍ ഭൂരിഭാഗവും വരയ്‌ക്കപ്പെട്ടിട്ടുള്ളത്‌ ബിസി. 2000നും 1500നും ഇടയിലാണ്‌.

ഒരു വിഭാഗം ചരിത്രകാരന്മാര്‍ ജല്ലിക്കെട്ടിനെ ഹിന്ദു മതത്തിലെ ചില ആചാരങ്ങളുമായും പ്രാദേശിക പാരമ്പര്യവുമായും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ചരിത്രകാരന്മാരും ഈ നിഗമനങ്ങളെ നിരാകരിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

ജെല്ലിക്കെട്ടു മത്സരങ്ങള്‍ക്കായി കങ്കായം കളകളെയാണ്‌ സാധാരണ ഉപയോഗിക്കാറുളളത്‌. പ്രത്യുല്‍പാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകയിനം വിത്തുകാളകളാണ്‌ ഈ കാളകള്‍. വളരെ ഇറുകിയ കഴുത്തും കരുത്തുറ്റ കുറിയ കാലുകളുമാണ്‌ കങ്കായം കാളകളുടെ പ്രത്യേകത. ഈ ഇനത്തില്‍പ്പെട്ട കാളകളെ ഉത്‌പാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സേനാപതി കങ്കായം കാറ്റില്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍.

ചലച്ചിത്രകാരന്മാരെയും എഴുത്തുകാരെയും എക്കാലവും പ്രചോദിപ്പിച്ചിട്ടുള്ള വിഷയമാണു ജല്ലിക്കെട്ട്‌. 1980-ല്‍ എസ്‌.പി. മുത്തുരാമന്റെ സംവിധാനത്തില്‍ സൂപ്പര്‍താരം രജനീകാന്ത്‌ കാളപ്പോരു വിദഗ്‌ധനായി വേഷമിട്ട `മുരട്ടുകാള' യാണ്‌ ജല്ലിക്കെട്ട്‌ ചിത്രീകരിച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. 2004-ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ ചിത്രമായ `വിരുമാണ്ടി' കാളപ്പോരിനിറങ്ങുന്നവരുടെ യഥാര്‍ഥ ജീവിതത്തിന്റെ പകര്‍പ്പു പ്രേക്ഷകരിലെത്തിച്ചു.

പങ്കെടുക്കുന്നവരെയും കണ്ടുനില്‌ക്കുന്നവരെയും കണക്കില്ലാതെ ആവേശം കൊള്ളിക്കാന്‍ ഈ കായിക വിനോദത്തിനു കഴിയുന്നു. മാത്രമല്ല, പലപ്പോഴും കാണികളില്‍ ചിലരും മത്‌ സരാര്‍ഥികളായി മാറുന്നു. അപകടസാധ്യത മറക്കത്തക്കവിധമുള്ള ഒരു അത്യാവേശമാണ്‌-ലഹരിയാണ്‌- ജല്ലിക്കെട്ടിനോടനുബന്ധിച്ചു പടരുന്നത്‌. ചിലപ്പോള്‍ കാണികളുടെ ഇടയിലേക്കും തള്ളിക്കയറി കാള ആക്രമണം നടത്താറുണ്ട്‌. കാളപ്പോരിനിടെ കാളയുടെ ചവിട്ടും കുത്തുമേറ്റ്‌ നിരവധിപേരാണ്‌ കൊല്ലപ്പെടുന്നത്‌. പരിക്കേല്‌ക്കുന്നവരുടെ എണ്ണം വളരെ കൂടുതല്‍. പലപ്പോഴും കൃത്യസമയത്ത്‌ ആവശ്യമായ വൈദ്യസഹായം ലഭിക്കാത്തതുമൂലമാണ്‌ ജല്ലിക്കെട്ടില്‍ മരണം സംഭവിക്കുന്നത്‌.

ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളെ മനഃപൂര്‍വം കൊല്ലാറില്ലെങ്കിലും അവയ്‌ക്കു പരിക്കേല്‌ക്കാറുണ്ട്‌. ചില അവസരങ്ങളില്‍ അവ കൊല്ലപ്പെട്ട ചരിത്രവും നമ്മുടെ മുന്നിലുണ്ട്‌. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി സാമൂഹികപ്രവര്‍ത്തകരും മൃഗസ്‌നേഹികളും ജല്ലിക്കെട്ടിനെതിരെ രംഗത്തു വരികയും ജല്ലിക്കെട്ട്‌ നിരോധിക്കണം എന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തു. അവര്‍ ഉന്നയിച്ച ന്യായങ്ങള്‍ അംഗീകരിച്ച്‌ 2007 ജനുവരിയില്‍ ജല്ലിക്കെട്ട്‌ നിരോധിച്ചുകൊണ്ട്‌ സുപ്രീം കോടതി ഉത്തരവിറക്കി. ഈ വിധിയിലൂടെ, തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജല്ലിക്കെട്ടിന്‌ മുഖ്യധാരാ മാധ്യമങ്ങളിലും സ്ഥാനം ലഭിച്ചു.

സുപ്രീം കോടതിയുടെ വിധിക്കെതിരേ മധുരയില്‍ ഗ്രാമവാസികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ്‌ നടന്നത്‌. ഡിഎംകെയും എഡിഎംകെയും ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളും ജല്ലിക്കെട്ടിനെ അനുകൂലിച്ച്‌ രംഗത്തു വരികയുണ്ടായി. ഇതേത്തുടര്‍ന്ന്‌ സുപ്രീം കോടതി വിധി പുനഃപരിശോധിക്കുകയും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ ജല്ലിക്കെട്ട്‌ നടത്താന്‍ അനുമതി നല്‍കുകയും ചെയ്‌തു. എന്നാല്‍ ഇക്കഴിഞ്ഞ മാസം നടന്ന ജല്ലിക്കെട്ടില്‍ ആറുപേര്‍ കൊല്ലപ്പെട്ടതോടെ ജല്ലിക്കെട്ട്‌ വീണ്ടും വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്‌. ഇത്രയേറെപ്പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടിട്ടും ജല്ലിക്കെട്ടിനോടുള്ള ജനങ്ങളുടെ ആവേശത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന്‌ 1995 മുതല്‍ 1998 വരെ തുടര്‍ച്ചയായി ജല്ലിക്കെട്ടില്‍ പങ്കെടുത്തിട്ടുള്ള അളഗനല്ലൂര്‍ സ്വദേശി പനീര്‍ ശെല്‍വരാഘവന്റെ വാക്കുകള്‍ തെളിയിക്കുന്നു. അതിങ്ങനെയാണ്‌: `` മഞ്ഞുവിരാട്ട്‌- അതു ഞങ്ങള്‍ക്ക്‌ ഒരു ലഹരിയാണ്‌. അതു പറഞ്ഞാല്‍ പുറം ലോകത്തുള്ളവര്‍ക്ക്‌ മനസിലാവില്ല. ഞങ്ങളുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്‌ കുതിച്ചു പായുന്ന കാളയുടെ തല മണ്ണില്‍ കുത്തിക്കുക എന്നത്‌.''

കാളപ്പോരിന്‌ ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച രാജ്യമാണ്‌ സ്‌പെയിന്‍. ജല്ലിക്കെട്ടിനോടു സ്‌പെയിനിലെ കാളപ്പോരിനു സമാനതകളുണ്ടെങ്കിലും അവിടെ മല്‍സരം പ്രത്യേകം തയാര്‍ ചെയ്‌ത മൈതാനത്താണ്‌ നടക്കുന്നത്‌. മാത്രവുമല്ല പ്രത്യേക വേഷവിധാനങ്ങളണിഞ്ഞാണ്‌ പോരാളികള്‍ മത്സരത്തിനിറങ്ങുക. കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന സംഭവം ഇവിടെ ഉണ്ടാകാറില്ല. മല്‍സരശേഷം കാളയെ കൊല്ലുന്ന പതിവും അവിടെയുണ്ട്‌. ചില സമയങ്ങളില്‍ പോരാളികള്‍ വെറും കൈക്ക്‌ പകരം ആയുധങ്ങളും ഉപയോഗിക്കാറുണ്ട്‌. സ്‌പെയിനിനു പുറമെ പോര്‍ച്ചുഗല്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളിലും കാളപ്പോരു മത്സരങ്ങള്‍ അരങ്ങേറാറുണ്ട്‌.

പരിഷ്‌കൃതമെന്നു കരുതപ്പെടുന്ന ഈ യുഗത്തിലും ജല്ലിക്കെട്ട്‌, കാളപ്പോര്‌, കോഴിപ്പോര്‌ തുടങ്ങിയ കായികവിനോദങ്ങള്‍ ഇല്ലാതാകാത്തത്‌ എന്തുകൊണ്ടാണെന്നു ചിന്തിക്കേണ്ടതുണ്ട്‌. ഇവയെ നിയമങ്ങള്‍കൊണ്ട്‌ നിര്‍ത്തലാക്കാനോ ഇവയ്‌ക്കെതിരേ നിയമങ്ങള്‍ കൊണ്ടുവരാനോ പോലും കഴിയാതെ വരുന്നത്‌ ആധുനിക മനുഷ്യന്റെ മനസിലെ വന്യതയിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്‌?

Thursday, January 22, 2009

നെഞ്ചു പൊളളുമ്പോള്‍



Sandeep Salim
മരിച്ചവന്‍
ഹിന്ദുവെന്നും
മുസല്‍മാനെന്നും
ക്രിസ്‌ത്യാനിയെന്നും
നിങ്ങള്‍ ജാതി തിരിച്ചു പറയുന്നു.

മരിച്ചവന്‍ സിപഎമ്മെന്നും
അല്ല കോണ്‍ഗ്രസെന്നും
അവന്‍ ആര്‍എസ്‌എസെന്നും
അവന്‍ പൊക്കിയ കൊടിയുടെ
നിറത്തെ കുറിച്ച്‌ തര്‍ക്കം മുറുകുന്നു

മരിച്ചവന്‍
മരിക്കേണ്ടവനായിരുന്നെന്നു
നിങ്ങള്‍
വിധിവാചകം
കുറിക്കുന്നു

പക്ഷേ,
ഞാന്‍ ഭൂമീദേവി
പണ്ടൊരു കവി
എന്റെ ആസന്ന മരണത്തില്‍
എനിക്കായ്‌ ചരമഗീതം രചിച്ചിരുന്നു

ഇന്നും
ഞാന് സര്‍വ്വം സഹ
മാറോട്‌ ചേര്‍ത്ത്‌
ഞാന്‍ വളര്‍ത്തിയ മക്കളുടെ,
ജീവരക്തം നല്‍കി
ഞാനൂട്ടിയ മക്കളുടെ
ചുടു ചോരയാല്
‍നെഞ്ചുപൊളളുമ്പോള്‍
'എന്റെ മക്കളേ' എന്നല്ലാതെ
എന്ത്‌ ഞാനവരെ വിളിക്കും

Sunday, January 18, 2009

ഇരുമ്പ്‌ മതില്‍

ജീവിത യാത്രയില്‍
എല്ലാതടസങ്ങളും എനിക്ക്‌
അംഗീകരങ്ങളുടെ മഹാസാഗരത്തിലും
അവഗണനയുടെ കടല്‍ക്കാറ്റെനിക്ക്‌
ആഡംബരത്തിന്റെ പാരമ്യത്തിലും
അതിജീവനത്തിന്റെ വ്യഥയെനിക്ക്‌
സുഖശയനത്തിന്റെ ആലസ്യത്തിലും
ആര്‍ക്കോവേണ്ടിയുളള ഉണര്‍ന്നിരിപ്പെനിക്ക്‌
നന്മയുടെ സൂര്യപ്രകാശത്തിലും
സംശയത്തിന്റെ ഇരുളെനിക്ക്‌
വിശ്വാസത്തിന്റെ ആഴപ്പെടലിലും
അവിശ്വാസത്തിന്റെ കയ്‌പുനീരെനിക്ക്‌
മഴയുടെ നനവിലും
വെയിലിന്റെ പൊളളലെനിക്ക്‌
രതിമൂര്‍ഛയുടെ പാരമ്യത്തിലും
അസംതൃപ്‌തിയുടെ പരിഭവമെനിക്ക്‌
ആഹ്ലാദത്തിന്റെ തിമിര്‍പ്പിലും
ദുഖത്തിന്റെ കണ്ണീര്‍ച്ചാലുകളെനിക്ക്‌
എന്നിട്ടും ഞാന്‍ നിലവിളിക്കുന്നില്ല
ഒരു പോസ്‌റ്റു കാര്‍ഡില്‍ ധാര്‍മികരോഷം
കുറിച്ചിടുന്നില്ല
ഒരു കോടതിയിലും പൊതുതാത്‌പര്യ
ഹര്‍ജ്ജി കൊടുക്കുന്നില്ല
ഒരു ബാറിലും ബഹളം വയ്‌ക്കുന്നില്ല
ഒരു പെണ്ണിനെപ്പിടിച്ച്‌ കാമം തീര്‍ക്കുന്നില്ല
ഇവയ്‌ക്കായി കൊതിക്കുന്ന മനസിന്റെ വെമ്പലിലിലും
ഇരുമ്പ്‌ മതില്‍ കെട്ടുന്ന മനസാക്ഷിയെനിക്ക്‌

"ദൈവം എന്തു തോന്നിപ്പിച്ചുവോ അതു ഞാന്‍ ചെയ്‌തു"


SANDEEP SALIM

''അത്‌ എന്റെ കഴിവൊന്നുമല്ല. ദൈവം അപ്പോള്‍ അങ്ങനെ ചെയ്യാനാണ്‌ തോന്നിപ്പിച്ചത.്‌ അതുഞാന്‍ ചെയ്‌തു.` യന്ത്രത്തകരാര്‍ മൂലം നിയന്ത്രണം നഷ്‌ടപ്പെട്ട എയര്‍ ബസ്‌ -എ320-നെ മനഃസാന്നിധ്യം കൈവിടാതെ സുരക്ഷിതമായി നദിയിലിറക്കി നൂറ്റമ്പതിലേറെപ്പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ്‌ ചെസ്ലി സുലെന്‍ബെര്‍ഗര്‍ ആ നിമിഷത്തെക്കുറിച്ചു പറയുന്നതിങ്ങനെ. അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളെലെല്ലാം വീരപുരുഷനെന്നു വിശേഷിപ്പിക്കുമ്പോഴും തന്റെ പ്രവര്‍ത്തിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിലാണ്‌ വ്യോമസേനയിലെ മുന്‍ ഫൈറ്റര്‍ പൈലറ്റ്‌ കൂടിയായ സുലെന്‍ബെ ര്‍ഗര്‍.

കാലിഫോര്‍ണിയ സ്വദേശിയായ ഇദ്ദേഹം എയര്‍ലൈന്‍സ്‌ പൈലറ്റ്‌ അസോസിയേഷന്‍ ചെയര്‍മാനും മുഖ്യപരിശീലകനുമാണ്‌. അമേരിക്കയില്‍ നടന്നിട്ടുളള വിമാന അപകടങ്ങളെക്കുറിച്ചു യു.എസ്‌ എയര്‍ഫോഴ്‌സും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സേഫ്‌റ്റി ബോര്‍ഡും സംയുക്തമായി നടത്തിയ അന്വേഷണത്തിന്‌ നേതൃത്വം നല്‍കാനുളള ഭാഗ്യവും സുലെന്‍ബെര്‍ഗിനെ തേടിയെത്തിയിട്ടുണ്ട്‌. ഈ പരിചയവും സുരക്ഷിതമായി വിമാനം നിലത്തിറക്കാന്‍ സുലെന്‍ബെര്‍ഗിനെ സഹായിച്ചു.

`എന്റെ ഭര്‍ത്താവ്‌ വലിയ കാര്യമൊന്നുമല്ല ചെയ്‌തിരിക്കുന്നത്‌്‌. അത്‌ അദ്ദേഹത്തിന്റെ കടമ മാത്രമാണ്‌' എന്നാണ്‌ കാലിഫോര്‍ണിയയില്‍ ഫിറ്റ്‌നെസ്‌ ജിം നടത്തുന്ന സുലെന്‍ ബെര്‍ഗറിന്റെ ഭാര്യ ലോറി സുലെന്‍ ബെര്‍ഗര്‍ പ്രതികരിച്ചത്‌. സുലെന്‍ബെര്‍ഗറിന്റെ അയല്‍വാസിയായ ക്യാന്‍ഡാക്‌ ആന്‍ ഡേഴ്‌സന്‍ അപകടത്തെക്കുറിച്ചു പറയുന്നതിങ്ങനെ- `ദൈവത്തിന്‌ നന്ദി, അപകട സമയത്ത്‌ സുലെന്‍ബര്‍ഗ്‌ ആ വിമാനത്തില്‍ ഉണ്ടായിരുന്നതിന്‌്‌'

പറയാന്‍ ബാക്കിവച്ചത്‌.....


ഒരു കാറ്റെന്നോടു പറഞ്ഞു... "കരയരുത"്‌ എന്നിട്ടും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു നക്ഷത്രം താഴെ വന്നു പറഞ്ഞു.... "കരയരുത്‌".... എന്നിട്ടും എന്റെ കണ്ണുനീര്‍ ഉണങ്ങിയില്ല... നിനക്ക്‌ നില്‍ക്കാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കായ്‌ ഞാന്‍ പതിച്ചു തന്നു.



നിന്റെ ചിറകുകള്‍ തളര്‍ന്നപ്പോള്‍ എന്റെ നെഞ്ചിലെ സ്‌നേഹത്തിന്റെ ചൂടുകൊണ്ട്‌ ഞാന്‍ നിന്റെ ചിറകുകളെ ഉത്തേജിപ്പിച്ചു.



ഇന്ന്‌, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പറന്നു പോകാന്‍ നിനക്ക്‌ ശേഷിയുണ്ട്‌. എനിക്കറിയാം, അത്‌ ജീവിതത്തിന്റെ അനിവാര്യതയാണ്‌.



ഒരുപക്ഷേ, അന്ന്‌ ഞാന്‍ ഏകാന്തതയുടെ തടവുകാരനായി മാറിയേക്കാം. അസ്ഥികള്‍ പോലും മരവിച്ച്‌ പോകുന്ന ഏകാന്തതയുടെ തണുപ്പ്‌ എന്റെ സിരകളിലൂടെ അരിച്ചിറങ്ങുന്നത്‌, ഞാന്‍ അറിയുന്നു.

Friday, January 9, 2009

ഞാനൊരു വിവരദോഷിയാണോ?

sandeep salim
ഭീകരതയുടെ പേരില്‍ ഒരു ജനതയ്‌ക്കു നേരെയുളള കടന്നാക്രമണങ്ങള്‍ കാണുമ്പോള്‍, ഒട്ടേറെ സ്‌നേഹിതന്‍മാരുളള, ഒരുപാടു സ്‌നേഹിക്കുന്ന സുമനസുകളുളള ആ സമുദായത്തോട്‌ മനസിലെന്നും സാഹോദര്യം പുലര്‍ത്തുന്ന എനിക്ക്‌ പലപ്പോഴും ദു:ഖം തോന്നിയിട്ടുണ്ട്‌.

ഇസ്‌്‌ലാമിനെ കുറിച്ച്‌ പഠിക്കുന്നതിന്‌ തടസം ഇസ്‌്‌ലാമിക സമീപനം തന്നെയാണെന്നു പറയാന്‍ എനിക്ക്‌ അനുവാദം നല്‍കണം. തീക്ഷണമായ മതാചാങ്ങളും ഖുറാന്‍ പഠനങ്ങളും അവനവനില്‍ത്തന്നെ ഒതുക്കിനിര്‍ത്തപ്പെടുന്നതിനാലാല്‍ ഇതര മതസ്ഥര്‍ക്ക്‌ ഇസ്‌്‌ലാം ഇന്നും ഒരു പ്രഹേളികയായി മാറുന്നു.

ഏതാനും ആഴ്‌ചകള്‍ക്കു മുന്‍പ്‌ ഒന്നു രണ്ടു "പെന്തക്കോസ്‌തു സഹോദരന്‍മാര്‍ " എന്റെ വീട്ടില്‍ വന്നു. ക്രിസ്‌തുവിന്റെ സ്‌നേഹം മാത്രമാണ്‌ സത്യവും സാരാംശവുമെന്ന്‌ ബൈബിള്‍ ഉദ്‌ഘോഷിക്കുന്നതായി അവരെന്നെ 'പഠിപ്പിച്ചു'. തത്തുല്യമായ സ്‌നേഹം തന്നെയാണ്‌ ഭഗവത്‌ ഗീതയുടേയും ഖുറാന്റെയും സാരാശമെന്ന്‌ ഞാന്‍ ശക്തിയുക്തം വാദിച്ചപ്പോള്‍ അവരെന്നെ വിവരദോഷിയാക്കി....................... "

ഖുറാന്‍ ജിഹാദിന്‌ ആഹ്വാനം ചെയ്യുന്നു. ഞങ്ങള്‍ സ്‌നേഹ സാഹോദര്യങ്ങളുടെ വക്താക്കളാണ്‌ ". എന്നാണ്‌ അവര്‍ പറഞ്ഞ മറുപടി. ആ നിലപാടു ശരിയല്ലെന്നും അന്യ സമുദായങ്ങളെക്കുറിച്ച്‌ തെറ്റിധാരണയും വിദ്വേഷവും പരത്തുന്ന സുവിശേഷ പ്രവര്‍ത്തനം ഒരു തരത്തില്‍ ജിഹാദാണെന്നുമുളള എന്റെ വാദം അംഗീകരിക്കാതെ എന്നെ വിവരദോഷിയെന്ന്‌ ഒരിക്കല്‍ കൂടി വിളിച്ച്‌ അവര്‍ പടിയിറങ്ങിപ്പോയി......... `

Wednesday, January 7, 2009

വികൃതരൂപം


sandeep salim

നോക്കിയിരിക്കെ
ക്ലാസ്‌ മുറിയിലെ
ചുവരില്‍ തൂക്കിയ കലണ്ടറില്‍ നിന്നും
കറുത്തയക്കങ്ങള്‍ പിടഞ്ഞു വീഴുന്നു
അവയില്‍
മൗനത്തിന്റെ വേദനയും
പ്രണയത്തിന്റെ കുളിരും
പിന്നെ
വെറുപ്പിന്റെ കരിനിഴലുകളും
പറ്റിപ്പിടിച്ചിരിപ്പുണ്ട്‌.

പിന്നീട്‌ ,
എന്റെ കിടപ്പുമുറിയിലെ
കലണ്ടറില്‍ നിന്നും
ചുവന്നയക്കങ്ങള്‍ അടര്‍ന്നു വീഴുന്നു
അവയില്‍
ഏകാന്തതയുടെ നോവും
ശൂന്യതയുടെ താരാട്ടും
പരാജിതന്റെ വേദനയും
കണ്ണുനീരിന്റെ നനവും
കൂടിക്കുഴഞ്ഞിരുന്നു
കറുത്തയക്കങ്ങളും ചുവന്നയക്കങ്ങളും
നിരത്തി ഞാന്‍ നോക്കവേ
അവ എന്നിലെ സ്വാതന്ത്ര്യത്തെ ചുറ്റിവരിയുന്ന
സര്‍പ്പങ്ങളായി മാറുന്നു
സ്വാതന്ത്ര്യം ഒരു ഭ്രാന്തായ്‌
എന്റെ സിരകളില്‍ നുരയ്‌ക്കുന്നു

അക്കങ്ങള്‍ നഷ്ടമായ കലണ്ടറിനെ
പിച്ചിക്കീറിയെറിഞ്ഞു ഞാന്‍
എനിക്കിനി കറുത്തയക്കങ്ങളെ
ഭയക്കേണ്ട, ചുവന്നയക്കങ്ങളേയും
പാരതന്ത്ര്യത്തിന്റെ ഇരുണ്ട തടവറയില്‍
എന്റെ ദിവസങ്ങളെ ഹോമിക്കേണ്ട

കഴിഞ്ഞകാലം ഉണരാതിരിക്കാന്‍
കലണ്ടറിനെ പേറിയിരുന്ന ചുവരിലെ
ആണി പിഴുതെറിഞ്ഞ്‌
ചുവരിനെ ശൂന്യമാക്കി
പക്ഷേ,
ചുവരിലെ ശൂന്യതയിപ്പോള്‍
പല്ലിളിക്കുന്ന വികൃതരൂപമാകുന്നു

Thursday, January 1, 2009

വിദ്യാഭ്യാസം സാങ്കേതിക വിദ്യയിലൂടെ



Sandeep Salim

ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവകരമായ മാറ്റത്തിന്‌ കാരണമായേക്കാവുന്ന പുതിയ പഠന സമ്പ്രദായത്തിന്‌ രൂപം നല്‍കിയിരിക്കുകയാണ്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി തീര്‍ന്ന വിവിധ സാങ്കേതിക വിദ്യകളുടെ സമന്വയമാണ്‌ ഈ പുതിയ പഠന സമ്പ്രദായത്തിന്റെ മേന്മ.ഇന്റര്‍നെറ്റും അനുബന്ധ കാര്യങ്ങളും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തില്‍ അവയ്‌ക്ക്‌ രണ്ടാംസ്ഥാനമേ കല്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യകളുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ്‌ അവയുടെ നല്ലവശങ്ങളെ ഉപയോഗപ്പെടുത്താനാണ്‌ `ഇഗ്‌നോ' (IGNO) യുടെ ശ്രമം.ഈ ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളുടെ ഒരു കണ്‍സോര്‍ഷ്യം `ഇഗ്‌നോ' രൂപീകരിക്കുകയുണ്ടായി. `ഇന്റര്‍ യൂണിവേഴ്‌സിറ്റി കണ്‍സോര്‍ഷ്യം ഫോര്‍ ടെക്‌നോളജി എനേബിള്‍ഡ്‌ ഫ്‌ളെക്‌സിബിള്‍ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ (IUC-TEFED)' എന്ന പേരിലാണ്‌ ഈ കണ്‍സോര്‍ഷ്യം അറിയപ്പെടുന്നത്‌.
ഇന്ത്യയില്‍ വിദൂര പഠനത്തിന്‌ (DISTANCE EDUCATION) അവസരമൊരുക്കുന്ന യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ട്‌ `ഓപ്പണ്‍ ഡിസ്റ്റന്‍സ്‌ ലേണിംഗ്‌' എന്ന പൊതുവായ പ്രവര്‍ത്തന മേഖലയുടെ രൂപീകരണമാണ്‌ ഈ കണ്‍സോര്‍ഷ്യത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ വളരെ വേഗത്തിലും കാര്യക്ഷമവുമായി കൈമാറാന്‍ കഴിയും. ഇതിനുപരി അധ്യാപകരുടെ സേവനം പോലും പങ്കുവയ്‌ക്കപ്പെടുന്നു.പുതിയ പഠന സമ്പ്രദായത്തിലൂടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പഠന കേന്ദ്രങ്ങള്‍ തേടി പോകേണ്ടതില്ല. ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള എവിടെ നിന്നും `വീഡിയോ കോണ്‍ഫറന്‍സിംഗി`ലൂടെ IUC-TEFED അംഗത്വമുള്ള ഏതു യൂണിവേഴ്‌സിറ്റിയുടെയും ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ സാധിക്കും. കൂടാതെ, IUC-TEFED നടത്തുന്ന `ഇ- സെമിനാര്‍, ഇ-ഡിക്ഷന്‍' തുടങ്ങിയവയിലും പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം ലഭിക്കുന്നു.യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമല്ല, വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കും ഈ വിധത്തില്‍ സെമിനാറുകളില്‍ പങ്കെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും.ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ റേഡിയോ ടെക്‌സ്റ്റിങ്ങും' IUC-TEFED ഉപയോഗപ്പെടുത്തുന്നുണ്ട്‌. റേഡിയോയുമായി ബന്ധപ്പെടുത്തി ഒരു പ്രിന്റര്‍ സൗകര്യം ഏര്‍പ്പെടുത്താനായാല്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന പരിപാടിയുടെ `ടെക്‌സ്റ്റ്‌' നമുക്ക്‌ പേപ്പറില്‍ പ്രിന്റ്‌ ചെയ്‌തെടുക്കാം. ഓള്‍ ഇന്ത്യ റേഡിയോ (AIR), വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇന്‍സാറ്റിന്റെ (INSAT) , KU-BAND ഉപയോഗപ്പെടുത്തിയാണ്‌ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

IUC-TEFEDന്റെ മറ്റൊരു പ്രത്യേകത ഇന്ത്യയില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഏതാനും ഗ്രാമങ്ങളെ തെരഞ്ഞെടുത്ത്‌ അവയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനും കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നു. കൂടാതെ, സ്‌കൂളുകളിലേക്ക്‌ ആവശ്യമായ സാങ്കേതിക വിഷയങ്ങളെ കുറിച്ചുള്ള പാഠപുസ്‌തകങ്ങള്‍ തയാറാക്കാനും ലക്ഷ്യം വയ്‌ക്കുന്നു.യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്റെയും (UGC), അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസിന്റെയും മേല്‍നോട്ടത്തില്‍ രൂപീകരിച്ചിട്ടുള്ള ഗവേണിംഗ്‌ കൗണ്‍സിലാണ്‌ IUC-TEFEDയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌. കൂടാതെ കണ്‍സോര്‍ഷ്യത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിനായി `അക്കാഡമിക്‌ ബോര്‍ഡ്‌, ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി, റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ കമ്മിറ്റി, ഫിനാന്‍സ്‌ കമ്മിറ്റി തുടങ്ങി നാലു സമിതികളും രൂപീകരിച്ചിട്ടുണ്ട്‌.

IUC-TEFED ഡയറക്‌ടര്‍ പി.ആര്‍ രാമാനുജത്തിന്റെ അഭിപ്രായത്തില്‍ ഏറ്റവുമധികം ബൗധിക വളര്‍ച്ച നേടിയ ജനത ഭാരത ജനതയാണ്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ``ഇന്ത്യ ബുദ്ധിമാന്മാരുടെ രാജ്യമാണ്‌. പക്ഷേ, നമ്മുടേത്‌ ചിതറിക്കിടക്കുന്ന ബുദ്ധിയാണ്‌. അത്‌ ഒരു സ്ഥലത്ത്‌ കേന്ദ്രീകരിക്കാനായാല്‍ നമ്മുടെ വളര്‍ച്ച അദ്‌ഭുതാവഹമായിരിക്കും. അതിനുള്ള ഒരു ശ്രമത്തിന്റെ ആദ്യ കാല്‍വയ്‌പാണിത്‌.'' രാമാനുജത്തിന്റെ വാക്കുകളിലെ വസ്‌തുതകള്‍ തിരിച്ചറിയുകയും വികസിത രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനായി ഇവയെ ഉള്‍ക്കൊള്ളുകയും ചെയ്യണം.

FACEBOOK COMMENT BOX