Monday, October 14, 2019

അരുതായ്മകള്‍ക്കുനേരേ രൂക്ഷപ്രതിരോധമാകുന്ന കവിത

എന്റെ സ്ഥാനം തെറ്റിയകുടുക്കുകളുള്ള കുപ്പായം എന്ന കവിതാസമാഹാരത്തെ കുറിച്ച് ഗ്രന്ഥകാരനും കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനുമായ ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ എഴുതിയ നിരൂപണം. ജസ്റ്റീസ് സുകുമാരന്‍ ചീഫ് എഡിറ്ററായ നവനീതം സാംസ്‌കാരിക മാസികയില്‍ പ്രസിദ്ധീകരിച്ചത്.


പൂയപ്പിള്ളി തങ്കപ്പന്‍

കാലത്തോട് സംവദിക്കുന്ന കവിധര്‍മത്തിന്റെ മര്‍മമറിയുന്നവനാകണം കവി.  നമ്മള്‍ അവഗണിച്ചാലും നമ്മളെ അവഗണിക്കാത്ത കവിതയുടെ വേരുകള്‍ ഏത് ഊഷരമനസിലും ആഴത്തില്‍ ഊന്നിനില്‍പ്പുണ്ട്.  അത് അറിയാത്തവരും അറിയാന്‍ ശ്രമിക്കാത്തവരും നിഴല്‍പോലെ പിന്തുടരുന്ന കവിതയുടെ സാന്നിദ്ധ്യബോധത്തിനകലെയാകുമ്പോഴും കവിതയുടെ അനന്യത, അജ്ഞേയാനുഭവമായി അവരിലുണ്ടാകും.  ജീവിതവും കവിതയുമായി അവ്യാഖ്യേയമായുള്ള ഈ നാഭീനാളബന്ധം ഒരു ശാശ്വതസത്യമത്രേ. പുതിയ ലോകങ്ങള്‍ സൃഷ്ടിക്കാനുള്ള പുറപ്പാടില്‍ ഏതു കവിതയും അറിഞ്ഞിരിക്കേണ്ട പ്രാഥമികതത്ത്വവും ഇതാണ്.  രൂപ മാറ്റങ്ങളില്‍ അഭിരമിക്കുന്ന ആധുനിക കവികള്‍ക്കും, മൗലികമായതിനാല്‍ ഈ സത്യത്തെ മറക്കാനാവില്ല.
'സ്ഥാനംതെറ്റിയ കുടുക്കുകളുള്ള കുപ്പായം' എന്ന കാവ്യഗ്രന്ഥത്തിലൂടെ, സന്ദീപ് സലിം എന്ന കവിയും വിളംബരം ചെയ്യുന്നത് മേല്‍പ്പറഞ്ഞ സത്യംതന്നെ.  ഉറക്കമില്ലാത്ത ഒരുപാട് രാത്രികളെ സൃഷ്ടിക്കുന്ന സമകാലികസംഭവങ്ങളോട് പ്രതികരിക്കുക മാത്രമല്ല പ്രതിഷേധിക്കാനും വാക്കുകളെ ആയുധമാക്കുന്ന ഈ കവി ചൂണ്ടുന്ന പരുഷസത്യങ്ങള്‍ നീറ്റലുണ്ടാക്കുംവിധം മനസില്‍ തറയുന്ന അസ്ത്രങ്ങളാകുന്നു.

'അമ്പലവാതുക്കല്‍
ഇരുളില്‍
ദര്‍ശനപുണ്യത്തിനായി
കാത്തുനിന്നു;
എന്നിട്ടും
അമ്പലമില്ലാത്തവന്‍
പള്ളിയില്‍
അള്‍ത്താരയുടെ നിഴലില്‍
ഒതുങ്ങിനിന്നു
എന്നിട്ടും പള്ളിയില്ലാത്തവന്‍
..................
..................
ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ് ക്യാപ്പിറ്റല്‍
വിഭാഗീയത
വിമോചനസമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്ത്വവാദം;
രാഷ്ട്രീയം മനഃപാഠമാക്കി
എന്നിട്ടും രാഷ്ട്രീയമില്ലാത്ത
വന്‍.' (പ്രതിബിംബം)

ഇതുമാത്രമല്ല, സ്വയം പ്രതിരോധത്തിന്റെ കൊടിപിടിച്ചിട്ടും കൊടിയില്ലാത്തവനായും, എല്ലാ കര്‍മങ്ങളും അനുഷ്ടിച്ച് നെറ്റിയില്‍ ചന്ദനക്കുറി തൊട്ടിട്ടും കര്‍മമില്ലാത്തവനായും, ദൈവീകത കൈപ്പറ്റി കൂദാശകള്‍ സ്വീകരിച്ചിട്ടും കൂദാശകളില്ലാത്തവനായും, പ്രാര്‍ഥനയും യാഗവും ബലിയും നിസ്‌കാരവും ഉപവാസവും നടത്തിയിട്ടും മതമില്ലാത്തവനായും തീരുന്ന, മനസ് പണയംവയ്ക്കാത്ത യഥാര്‍ഥ മനുഷ്യന് വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന യഥാര്‍ഥ പീഡനത്തെക്കുറിച്ച് ഈ കവിത മുന്നറിയിപ്പ് നല്കുന്നു; അന്യഥാത്വ (Alienation)ത്തിനടിപ്പെടുന്ന സമകാലിക സുമനസുകളെ വെളിച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂലയുടെ മരണം ദേശീയതലത്തില്‍ ചലനം സൃഷ്ടിച്ച ഒരു സംഭവമായിരുന്നല്ലോ.  സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതിലേറെ ആണ്ടുകള്‍ കഴിഞ്ഞിട്ടും, കീഴാള വിഭാഗത്തെ അസ്പൃശരായി കാണുന്ന മേലാളധിക്കാരത്തിന്റെ പ്രത്യക്ഷദൃഷ്ടാന്തമായ ആ ആത്മാഹുതി കവിയിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രതിഫലനമാണ്, 'കറുത്തവന്‍' എന്ന കവിത.  വെളുപ്പുനിറമില്ലാത്തവന്‍, നീചകണ്ണുകളില്ലാത്തവന്‍, സുന്ദരനല്ലാത്തവന്‍, പൂര്‍ണമായും അനാര്യന്‍; അവനെ,

'പുതിയ തലമുറ
വിദ്വേഷം കൊണ്ട്
കറുത്ത
കണ്ണടവച്ച്
വീരപുരുഷനെന്ന്
വിളിച്ചുപരിഹസിച്ചു.'

സവര്‍ണരുടെ അധിക്ഷേപത്തിലമരാന്‍ വിധിക്കപ്പെട്ടവരാണല്ലോ, എന്നും അവര്‍ണര്‍.  ആ പരിഹാസമുളവാക്കുന്ന വേദനയുടെ ആഴം അമേയമാണ്.  അതില്‍നിന്നുള്ള മോചനമായി മരണത്തെ ആശ്ലേഷിക്കുമ്പോള്‍, ജീവിച്ചിരിക്കുന്നവരുടെ സിരകളെ ആളിക്കത്തിക്കുന്ന ഒരു കനല്‍ അതില്‍ ഒളിച്ചിരിക്കുന്നുണ്ടാവും.  'കറുത്തവന്‍' ഉള്ളടക്കം ചെയ്യുന്നത് അതാണ്.
ഈ കാവ്യസമാഹാരത്തില്‍, ഈ ലേഖകനെ ഏറെ അസ്വസ്ഥനാക്കിയ (എന്നുവച്ചാല്‍, കവിതയുടെ ഭാവലാവണ്യത്തെക്കുറിച്ചുള്ള സംവേദനം സമഗ്രമാകുമ്പോള്‍ സംഭവിക്കുന്ന ഹൃദ്യമായ ആസ്വാദ്യത) കവിതയാണ്, 'നാറാണത്തുഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ല്'.
കണ്‍മുന്നില്‍ ദൃശ്യാനുഭവങ്ങള്‍ ഏറെ നല്കുന്ന സമകാലിക സംഭവങ്ങള്‍ ഒരു ചിമിഴിലൊതുക്കിയതുപോലെ, കൈവിരലാല്‍ ഒന്നു കോറിപ്പോകുന്ന നിസാരഭാവത്തിലൂടെ, ബോംബുസ്‌ഫോടനത്തിന്റെയോ അഗ്നിപര്‍വത ഗര്‍ജനത്തിന്റെയോ കഠോരശബ്ദവും ശക്തിയും ആവാഹിച്ചിരിക്കുകയാണ് ഈ കവിത.  ഉരുളുന്ന കല്ലില്‍ പൂപ്പല്‍ പിടിക്കുകയില്ലെന്ന സത്യത്തെ പരിഹസിച്ചുകൊണ്ട് ആ കല്ലില്‍ ഇപ്പോള്‍ വിവിധയിനം പൂപ്പല്‍ പിടിച്ചിരിക്കുന്ന പ്രത്യക്ഷാനുഭവ ദൃശ്യത്തെ സാക്ഷാത്കരിക്കുകയാണ് കവി.  ആ കല്ലില്‍ ശാപത്തിനും മോക്ഷത്തിനുമിടയില്‍ കല്ലായിത്തീര്‍ന്ന അഹല്യയുടെ തലമുടിയുണ്ട്; ദ്രോണര്‍ ദക്ഷിണയായി വാങ്ങിയ ഏകലവ്യന്റെ നഖക്ഷതമുണ്ട്.

'ഇന്നലെബൈബിളും
രണ്ടുദിവസം മുമ്പ് ഖുറാനും
ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത
ദിവസത്തില്‍
ഗീതയും തിന്നു തീര്‍ത്ത
ചിതലിന്റെ ചിറകുകള്‍.
.....................
.................................
വൃത്തത്തിലും ചതുരത്തിലും
പിന്നെ,
ജോമട്രിയില്‍ നിര്‍വചനമി
ല്ലാത്തരൂപത്തിലും
ചിരിക്കുന്ന രാഷ്ട്രീയത്തിന്റെ
ഖദര്‍ നൂലുകള്‍.'

പ്രാമാണിക ഗ്രന്ഥങ്ങളിലെ ശാശ്വത സത്യബോധനങ്ങളെ അപ്രസക്തമാക്കുക മാത്രമല്ല, പരിഹസിച്ച് അവഗണിക്കുകകൂടി ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീയാതി പ്രസരത്തിന്റെ നെഞ്ചിനു നേരെയോങ്ങുന്ന കത്തിമുനയാണ് മേലുദ്ധരിച്ച കവിത.

'ശരീരക്കൊതിയന്മാരുടെ
എണ്ണം
അമ്പതുകടന്നപ്പോള്‍
ആത്മഹത്യചെയ്ത പതിമൂന്നു
കാരിയുടെ
നിശബ്ദതേങ്ങല്‍' - കൂടി ആ പൂപ്പലിനെ കൂടുതല്‍ ഖരീഭവിപ്പിച്ചിരിക്കുന്നു.
നമ്മുടെ കണ്‍മുന്നിലെ 'വര്‍ത്തമാനത്തെ നിശിതമായി ആവിഷ്‌കരിക്കുന്ന ഈ കവിത, പൊള്ളലിന്റെ ചുടുനീറ്റലിലേക്കാണ് ആനയിക്കപ്പെടുക.
ലക്ഷ്യബോധമില്ലാത്ത യുവതയുടെ ജീവിതം ലക്കുകെട്ട അലച്ചിലുകളിലും ഒടുവില്‍ അവിശ്വസനീയമായ രൂപഭാവഭേദങ്ങളിലും തളയ്ക്കപ്പെട്ട് ഒടുങ്ങുന്ന അസാധാരണമല്ലാത്ത സമകാലിക ദുരന്തത്തെ ഓര്‍മപ്പെടുത്തുന്നു, സമാഹാരത്തിന്റെ നാമധേയം വഹിക്കുന്ന, 'സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം'' എന്ന കവിത.

'ജീനിയസിന്റെ കുപ്പായത്തില്‍
കാമ്പസിലും
വിശ്വാസിയുടെ കുപ്പായത്തില്‍
പള്ളിയിലും സജീവസാന്നിധ്യമായി...' അങ്ങനെ പല വേഷങ്ങളില്‍; 'പഴകി, കുടുക്കുകള്‍ പൊട്ടിയ കുപ്പായം കീറിയെറിഞ്ഞ് ഭൂതകാലത്തെ പടിയടച്ചു പിണ്ഡം വച്ച്, പിന്നെ കുപ്പായമില്ലാതെ അലഞ്ഞ രാവുകള്‍!' പുതിയ കുപ്പായത്തിനു തുണി വാങ്ങിയെങ്കിലും കുടുക്കുകള്‍ തുന്നിയപ്പോള്‍ സ്ഥാനംതെറ്റി.  അറിവും മനഃസാക്ഷിയും ഉപേക്ഷിച്ച് തീവ്രവാദിയുടെ വേഷംകെട്ടിയപ്പോള്‍ ശരിയായ അവന്റെ രൂപം ദൃശ്യവത്കരിക്കപ്പെട്ടു.
ഇന്നു നമുക്കുചുറ്റും അരുതായ്കകളുടെ അനഭിഗമ്യവീഥി തെരഞ്ഞെടുക്കുന്ന പുതുതലമുറയുടെ ഒരു പരിഛേദമാണ് സത്യബോധത്തോടും കൃത്യതയോടെയും സന്ദീപ് എന്ന കവി നമ്മുടെ മുന്നില്‍ കണിവയ്ക്കുന്നത്.
ഒരു കാലത്ത് സൗഭാഗ്യം പുണര്‍ന്നു നിന്നിരുന്ന മരം ചാവുമരമായപ്പോള്‍, കാലം, തന്നെയും അതിനു വിധേയനാക്കി എന്ന യാഥാര്‍ഥ്യം വിളംബരം ചെയ്യുന്ന, 'മരം', 'അജ്ഞാതവും അസാധാരണവുമായിരുന്ന ചിന്തകളുടെ ഉടമയുടെ മരണാനന്തര ജൈവീകസാന്നിധ്യമറിയിക്കുന്ന', 'മരിച്ചവന്റെ മുറി' മനുഷ്യത്വത്തെ, അതിലൂടെ മനുഷ്യനെ പങ്കുവയ്ക്കുന്നതിനെതിരേ കൊടുങ്കാറ്റൂതുന്ന 'റെസ്യൂമെ', ഭൂതകാലം ഓര്‍മയിലൂടെ പോലും മുഖം കാണിക്കാത്ത സന്ദര്‍ഭത്തിലും, നിഴലിനെപ്പോലെ, പിഴുതെറിയാനാവാത്ത നിറസാന്നിധ്യമായി അത് നമ്മോടൊപ്പമുണ്ടെന്നും, സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടാനുള്ള വര്‍ത്തമാനശ്രമങ്ങള്‍ക്കിടയിലും അതിന്റെ ദീപ്തമുഖം വെളിവാക്കുന്നുണ്ടെന്നുമോതുന്ന, 'വികൃതരൂപം' ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സുലഭസാമീപ്യം ഹൃദയത്തില്‍ നിറയ്ക്കുന്ന യാന്ത്രികതയെ വിളംബരം ചെയ്യുന്ന, 'പുതിയ അറിവ്-ഇക്കവിതകളെല്ലാം ഉഷ്ണചിന്തകളാല്‍ ഉറക്കംകെടുത്തുന്നവയേ്രത!'

'ഇന്നു കണ്ട കുട്ടികള്‍
ഇന്നലെ കണ്ടകുട്ടികളല്ല
അവര്‍
ആണെന്നും പെണ്ണെന്നും പരിഭാഷ
പ്പെട്ടിരിക്കുന്നു.
ശ്രദ്ധിച്ചുവായിച്ചിട്ടും
പരിഭാഷ മനസിലായില്ല...' (ലിംഗം ഛേദിച്ചുകളഞ്ഞരാത്രി)

ആണെന്നും പെണ്ണെന്നും, ലിംഗഭേദം പരിഭാഷപ്പെടുമ്പോള്‍ കണ്ഠം ഛേദിക്കപ്പെടുന്നത് ബന്ധങ്ങളുടേതാണ്. എല്ലാ ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ വെറും പെണ്ണുങ്ങള്‍ മാത്രമാകുമ്പോള്‍ പ്രത്യക്ഷീഭവിക്കുന്ന പീഡനത്തിന്റെ കാഠിന്യമളക്കാന്‍ പ്രയാസമാകും.  കണ്ണും മനസുമറ്റ പിണ്ഡസ്വരൂപികളായി, പുല്ലിംഗമുണരുമ്പോള്‍, വകഭേദമില്ലാതെ ആക്രമിക്കപ്പെടുന്ന സ്ത്രീലിംഗത്തിന്റെ നിസഹായദൈന്യം, ചങ്കെരിയും വിധം കോറിയിട്ടിരിക്കുന്ന, 'ലിംഗം ഛേദിച്ചുകളഞ്ഞരാത്രി' എന്ന കവിതയുടെ പാരുഷ്യം, മലയാളകവിതയില്‍ മിക്കവാറും അനന്യമാണ്.  ഡെല്‍ഹിയില്‍ പീഡനത്തിനിരയായി കശക്കിയെറിയപ്പെട്ട പെണ്‍കുട്ടി മരിച്ച സംഭവത്തെ അനുസ്മരിച്ചെഴുതിയ ഈ കവിതയില്‍ ഇരയോടുളള സഹജമായ സഹാനുഭൂതിയും വേട്ടക്കാരുടെ നേര്‍ക്കുള്ള അണയാത്ത പകയും അന്തര്‍രഹിതമായിരിക്കുന്നു.
സദാചാരപാലനം അപരനില്‍ കര്‍ശനമായിരിക്കണമെന്ന കപടശാഠ്യബോധത്തിന്, അശ്ലീലമായി ചൂണ്ടിക്കാണിക്കാവുന്ന ചില പ്രയോഗങ്ങള്‍, കവിതയുടെ ഭാവഗരിമ സംവേദന വിധേയമാകുമ്പോള്‍ അവ അര്‍ഹിക്കുന്ന അനിവാര്യത ബോധ്യപ്പെടാതിരിക്കില്ല; അതിനുള്ള ഭാവുകത്വം വേണമെന്നു മാത്രം.
പല കവിതകളിലും ആവര്‍ത്തിക്കപ്പെടുന്ന ഒറ്റപ്പദങ്ങള്‍ വെറും പദപ്രയോഗങ്ങള്‍ക്കപ്പുറത്ത്, ആശയത്തെ പ്രോജ്വലിപ്പിക്കുന്ന താളഭംഗിയേകുന്നു എ്ന്നത് സൂക്ഷ്മ വായനയിലേ ബോധ്യപ്പെടൂ.
ധ്വന്യാത്മകത, കവിതയുടെ ജീവനാണെന്ന് പ്രാചീന കാവ്യമീമാംസകള്‍ പറഞ്ഞുവച്ചിട്ടുണ്ട്.  കവി ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ഥത്തെക്കവിഞ്ഞ് മറ്റൊരര്‍ഥമുണ്ടായാലേ അത് കവിതയാകൂ എന്നു പറയുന്നതും ആദ്യം പറഞ്ഞതിന്റെ ലളിതമായ അര്‍ഥമാണ്.  സന്ദീപ് സലിം എന്ന കവിതയുടെ വരികള്‍ക്ക്, അവയുള്‍ക്കൊള്ളുന്ന പദങ്ങളുടെ അര്‍ഥത്തിനതീതമായി, താളലയഭംഗിയുടെ അകമ്പടിയോടെ, ആശയത്തിന്റെ മറ്റൊരു കുഞ്ഞുപ്രപഞ്ചം സൃഷ്ടിക്കാനാകുന്നു.  ഈ കവിതയുടെ സ്വത്വബോധത്തിന്റെ വിളംബരമായിട്ടുകൂടി അത് പരിഗണിക്കപ്പെടേണ്ടതുണ്ട്. കൃത്യമായ ഗൃഹപാഠത്തിന്റെ അഭാവം ഒഴിവാക്കിയിരുന്നെങ്കില്‍ ചില കവിതകള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കുമായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
ഈ സമാഹാരത്തില്‍ കവിയുടെ സ്വന്തം കവിതകള്‍ 12 മാത്രം; പരിഭാഷയിലൂടെ വെളിച്ചപ്പെട്ടിരിക്കുന്നത് 12; അതായത് കൂടുതലും അപരകവിതകള്‍.  അവയില്‍, സ്പാനിഷ്, മെക്‌സിക്കന്‍, ചിലിയന്‍, ഫ്രഞ്ച്, അര്‍ജന്റൈന്‍, അറേബ്യന്‍, പോളീഷ്, സിറിയന്‍, ജര്‍മന്‍, റഷ്യന്‍, സ്വീഡിഷ്-കവികളുടെയെല്ലാം മൊഴിമാറ്റങ്ങള്‍; ആധുനിക ഇംഗ്ലീഷ് കവികളെവിട്ട്, മറ്റു രാജ്യങ്ങളിലെ കവികളുടെ, ഇംഗ്ലീഷ് ഭാഷാന്തരീകരണത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ കവിതകള്‍, ഈ വര്‍ത്തമാനകാലം, സാര്‍വലൗകികമായി കവികിളിലേല്‍പ്പിക്കുന്ന മുറിവുകള്‍ക്ക് സമാനതകളുണ്ടെന്ന ബോധ്യം പ്രധാനം ചെയ്യുന്നുണ്ട്.  

Thursday, October 10, 2019

പീറ്റര്‍ ഹാന്‍ഡ്‌കെ: മനുഷ്യാനുഭവങ്ങളുടെ അതിരു തേടിയവന്‍

സന്ദീപ് സലിം

അസാധാരണമായ ഭാഷയുടെ വഴക്കം കൊണ്ട് വായനക്കാരെ കീഴടക്കിയ
എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കാണ് 2019 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഭാഷാപരമായ ചാതുര്യംകൊണ്ട് മനുഷ്യരുടെ അനുഭവങ്ങളുടെ പരിധികളെയും പ്രത്യേകതകളെയും തേടിപ്പോയ എഴുത്തുകാരനാണ് പീറ്റര്‍ ഹാന്‍ഡ്‌കെ.
    ഓസ്ട്രിയക്കാരനായ ഹാന്‍ഡ്‌കെ നാടകകൃത്ത് എന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും തന്റെ ബഹുമുഖപ്രതിഭ തെളിയിച്ചിട്ടുണ്ട്.  വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് തന്നെ എഴുത്തുകാരനെന്ന നിലയില്‍ പീറ്റര്‍ ഹാന്‍ഡ്‌കെ പ്രസിദ്ധനായിരുന്നു. സോവ്യറ്റ് യൂണിയന്റെ അധിനിവേശപ്രദേശമായ ബര്‍ലിനിലെ പാന്‍കോവ് പ്രവിശ്യയിലെ ബാല്യകാല ജീവിതം പലവിധത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട്.
    നിറംമങ്ങിയ കുട്ടിക്കാലമായിരുന്നു ഹാന്‍ഡ്‌കെയുടേത്. വളരെയേറെ ദുരനുഭവങ്ങളെ നേരിട്ടാണ് അദ്ദേഹം വളര്‍ന്നത്. 1971 ല്‍ അദ്ദേഹത്തിന്റെ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ ദുരിതം നിറഞ്ഞ് ജീവിതാനുഭവങ്ങള്‍  ഹാന്‍ഡ്‌കെയുടെ എഴുത്തിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. 1944-48 കാലഘട്ടത്തില്‍ ബെര്‍ലിനിലെ പാങ്കോയിലാണ് ഹാന്‍ഡ്‌കെ താമസിച്ചിരുന്നത്.  എ സോറോ ബിയോണ്ട് ഡ്രീംസ് എന്ന ഹാന്‍ഡ്‌കെയുടെ കൃതിയില്‍ അദ്ദേഹം തന്റെ അനുഭവങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ  കാരിന്ത്യന്‍ സ്‌ലോവീനെ ഈ കൃതിയില്‍ നമുക്ക് കണ്ടെത്താനാവും. പീറ്റര്‍ ഹാന്‍ഡ്‌കെയുടെ ആത്മകഥാ സ്പര്‍ശമുള്ള നോവല്‍ എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതികളില്‍ ഒന്നാണ് 'എ സോറോ ബിയോണ്ട് ദ ഡ്രീംസ്'.  നിര്‍ധനയും നിരാലംബയുമായ ഒരു ഓസ്ട്രിയന്‍ സ്ത്രീയുടെ ആത്മഹത്യയാണ് ഈ കൃതിയുടെ ഇതിവൃത്തം.  അത് ഹാന്‍ഡ്‌കെയുടെ അമ്മയായിരുന്നു എന്നതായിരുന്നു പ്രത്യേകത.  എന്നാല്‍, ഹാന്‍ഡ്‌കെ ഒരിക്കലും ഈ നോവലിനെ തന്റെ വ്യക്തിജീവിതവുമായി ചേര്‍ത്തുപറയാന്‍ ആഗ്രഹിച്ചിരുന്നില്ല.  ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ഇത് പേരില്ലാത്തവരുടെ കഥയാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം പലപ്പോഴും ചെയ്തിരുന്നത്.  തന്റെ മാതാവിനെ മനസില്‍ ചിന്തിച്ച് വളരെ ജാഗ്രതയോടെ എഴുതി പൂര്‍ത്തിയാക്കിയ 'എ സോറോ ബിയോണ്ട് ദ ഡ്രീംസ്' എന്ന നോവലിലൂടെ ഹാന്‍ഡ്‌കെ സ്വന്തം നാടിന്റെ കഥയാണ് പറയുന്നത്.
    മദ്യത്തിന് അടിമയായിരുന്നു ഹാന്‍ഡ്‌കെ യുടെ രണ്ടാനച്ഛന്‍. അദ്ദേഹത്തില്‍ നിന്ന് ഹാന്‍ഡ്‌കെയ്ക്ക് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനങ്ങളും ഹാന്‍ഡ്‌കെയുടെ രചനയില്‍ കാണാം. 
   പഠനകാലത്തുതന്നെ എഴുത്തിനോട് താത്പര്യമുണ്ടായിരുന്ന ഹാന്‍ഡകെയ്ക്ക് പ്രതിസന്ധികളെത്തുടര്‍ന്ന് 1965 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, ജീവിതത്തോട് പൊരുതി നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എഴുത്തിനോടുണ്ടായിരുന്ന ഇഷ്ടമായിരുന്നു. പിറ്റേവര്‍ഷം തന്നെ അദ്ദേഹം  'ദി ഹോര്‍ണെറ്റ്‌സ്'എന്ന പുസ്തകം പുറത്തിറക്കി. എഴുത്തിനു പുറമെ നാടകത്തോടും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത്  സിനിമയിലും പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കരുത്തു നല്‍കി.
    1978 ല്‍ ദ ലെഫ്റ്റ് ഹാന്‍ഡ് വുമന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിലും അദ്ദേഹം അരങ്ങേറി. കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടതൊടെ അദ്ദേഹം എഴുത്തിനൊപ്പം സിനിമയും തന്റെ പ്രവര്‍ത്തനമേഖലയാക്കുകയായിരുന്നു.
       മുന്‍ യൂഗോസ്ലാവ്യന്‍ പ്രസിഡന്റായിരുന്ന സ്ലോബോഡന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുകവഴി വിവാദനായകനായും അദ്ദേഹം മാറുകയുണ്ടായി. സെര്‍ബിയന്‍ ഏകാധിപതിയായ സ്ലൊബോഡന്‍ മിലോഷെവിച്ചിനെ പിന്തുണച്ചതിന്റെ പേരില്‍ ഫാസിസ്റ്റ് എന്ന വിളിപ്പേര് അദ്ദേഹത്തിനു വീഴുകയും ഇതേകാരണത്താല്‍ 2006 ല്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്തമായ  ഹെന്റിച്ച് ഹീനേ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കാതിരിക്കുകയും ചെയ്തു. വംശഹത്യയെ പിന്തുണച്ച പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് സാഹിത്യ നൊബേല്‍ സമ്മാനിച്ചതില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. 'ഒരു നൊബേല്‍ പുരസ്‌കാരം കാരണം ഛര്‍ദിക്കാന്‍ തോന്നും എന്ന് ഒരിക്കലും കരുതിയതേയില്ലെ'ന്നാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡിരാമ ട്വിറ്ററില്‍ പ്രതികരിച്ചത്.  എണ്ണായിരം പേര്‍ കൂട്ടക്കശാപ്പു ചെയ്യപ്പെട്ട സെബ്രനിസയില്‍ അതിജീവിച്ച എമീര്‍ സുലായിക്ക് പ്രതികരിച്ചതാവട്ടെ 'മിലോസെവിച്ച് ആരാധകനും വംശഹത്യയെ പിന്തുണച്ചവനുമായ ഒരാള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന കാലം... ജീവിച്ചിരിക്കാന്‍ ഇതെന്തൊരു കാലം' എന്നാണ്.

    നാടകകൃത്തെന്ന നിലയില്‍ ഹാന്‍ഡ്‌കെ നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വിത്തുപാകിയത്. പാരന്പര്യധിഷ്ഠിതമായ നാടക രീതികളെ പൂര്‍ണമായും അദ്ദേഹം പൊളിച്ചെഴുതി. ഇതിവൃത്തവും സംഭാഷണവും കഥാപാത്രങ്ങളും ഇല്ലാത്ത  നിരവധി നാടകങ്ങള്‍ പീറ്റര്‍ ഹാന്‍ഡ്‌കെ രചിച്ചിട്ടുണ്ട്. ഈ പറഞ്ഞതില്‍ അതിശയോക്തിയില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്ന നാടകം തന്നെ നാടകലോകത്തെ ഞെട്ടിക്കുകയുണ്ടായി. ആദ്യത്തെ പ്രധാന നാടകമായ 'പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നു' എന്നതിലൂടെ ഒരു പാരമ്പര്യ നിഷേധിയാണു താനെന്ന് അദ്ദേഹം ലോകത്തോടു വിളിച്ചുപറഞ്ഞു.  ഇതിലെ നാല് അഭിനേതാക്കള്‍ നാടകത്തിന്റെ സ്വഭാവം ഒരു മണിക്കൂറോളം വിശകലനം ചെയ്യുകയാണു ചെയ്തത്. പിന്നീട് അവര്‍ കാണാനെത്തിയ പ്രേക്ഷകരെ അപമാനിക്കുകയും ഒടുവില്‍ നാടകത്തിന്റെ 'പ്രകടനത്തെ' പ്രശംസിക്കുകയും ചെയ്യുന്നു.  നാടകത്തില്‍ 'കഫംനക്കികളെന്നും', 'വൃത്തികെട്ട ജൂതന്‍'മാരെന്നും 'നാസിപ്പന്നികളെന്നും' പ്രേഷകരെ ഹാന്‍ഡ്‌കെ ആക്ഷേപിക്കുകയുണ്ടായി.  ഹിറ്റ്‌ലറിന്റെ ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന ജൂതന്മാരെപ്പോലെയാണ് സെര്‍ബിയന്‍ ജനതയെന്നുവരെ ഒരിക്കല്‍ ഹാന്‍ഡ്‌കെ പറഞ്ഞുവയ്ക്കുകയുണ്ടായി. ജനക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്ത പ്രതികരണങ്ങള്‍ ഉളവാക്കുന്ന തന്ത്രമായിരുന്നു ഇതെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
    പെനാലിറ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഉദ്യോഗം (The Golie's Anxitey at the Penatly Kick) എന്ന ഒറ്റകൃതിമതി ഹാന്‍ഡ്‌കെയുടെ പ്രതിഭയെ തിരിച്ചറിയാന്‍. പീറ്റര്‍ ഹാന്‍ഡ്‌കെയുടെ നോവലുകളും നാടകങ്ങളും ചെറുകഥകളും വളരെ ജനകീയമാണ്.  വിവിധ രാജ്യങ്ങളിലുള്ള വായനക്കാരെയും നിരൂപകരെയും ഹാന്‍ഡ്‌കെയുടെ കൃതികള്‍ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്.  ദ ഗോളീസ് ആംഗ്‌സൈറ്റി അറ്റ് ദി പെനാലിറ്റി കിക്ക് എന്ന നോവല്‍ മലയാളികള്‍ക്ക് സുപരിചിതമാണ്.  ജോസഫ് ്‌ബ്ലോഷ് എന്ന കേന്ദ്ര കഥാപാത്രം നിര്‍മാണ ജോലിക്കാരനാണ്.  അതേസമയം ഫുട്‌ബോളില്‍ ഗോളിയുമാണ്.  അപകടകരമായ സാഹചര്യങ്ങള്‍ ധാരാളം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ജോസഫ് ബ്ലോഷ് ജീവിക്കുന്നത്.  ഫുട്‌ബോളില്‍ ഗോളിയായിരുന്ന ജോസഫ് ബ്ലോഷ് ജീവിതത്തില്‍ അനുഭവിക്കുന്ന ഏകാന്തതയും പ്രതിസന്ധികളും വളരെ ഹൃദയസ്പര്‍ശിയായി പീറ്റര്‍ ഹാന്‍ഡ്‌കെ ഈ നോവലില്‍ വരച്ചിടുന്നു.  ഓസ്ട്രിയയുടെ അതിര്‍ത്തി നഗരത്തിലൂടെ ജോസഫ് ബ്ലോഷ് അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.  ഒരു കൊലപാതകത്തെ തുടര്‍ന്നാണ് അയാളുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ തുടങ്ങുന്നത്.
   'ഭാഷാപരമായ നൈപുണ്യത്തോടെ മനുഷ്യാനുഭവങ്ങളുടെ അതിരുകളെയും അസാധാരണത്വങ്ങളെയും പറ്റി പര്യവേഷണം നടത്തുന്ന, സ്വാധീനം ചെലുത്തുന്ന എഴുത്തുകാരന്‍ എന്നാണ് ഹാന്‍ഡകെയുടെ രചനകളെ കുറിച്ച് പുരസ്‌കാരസമിതി വിലയിരുത്തിയത്.


ഓള്‍ഗ ടൊകര്‍ചുക്ക്: ബോധ്യങ്ങളെ മറികടന്ന സര്‍ഗശേഷി

സന്ദീപ് സലിം

ആധുനിക  യൂറോപ്യന്‍ എഴുത്തിന്റെ ഏറ്റവും പുതിയ മുഖമാണ് 2018 ലെ സാഹിത്യത്തിനുള്ള  നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ഓള്‍ഗ ടൊകര്‍ചുക്ക്. നൊബേല്‍ സമ്മാന സമിതിക്കെതിരേ  ഉയര്‍ന്ന മീ ടൂ വിവാദത്തിന്റെ പശ്ചാത്ത
ലത്തില്‍ 2018 ല്‍ കൊടുക്കാതിരുന്ന  പുരസ്‌കാരമാണ് വോള്‍ഗ ടൊകര്‍ചുക്കിന് ഈ വര്‍ഷം നല്‍കിയത്.
    യൂറോപ്യന്‍ നോവല്‍  സാഹിത്യത്തില്‍ മിലന്‍ കുന്ദേരയും (ചെക്ക്/ഫ്രഞ്ച്) ഡാനിലൊ കിസും  (സെര്‍ബോ/ക്രൊയേഷ്യന്‍) തെളിച്ച വഴിയിലൂടെത്തന്നെയാണ് ഓള്‍ഗയും നടക്കുന്നത്.  ഓള്‍ഗയുടെ കൃതികളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയ നിരൂപകര്‍ ഡാനിലോകിസിന്റെ  രചനാ രീതിയോടാണ് ഓള്‍ഗയെ ചേര്‍ത്തുനിര്‍ത്തുന്നത്. പതിവ് യൂറോപ്യന്‍ നോവല്‍  സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ പാരഗ്രാഫുകളിലൂടെയാണു വോള്‍ഗയുടെ  നോവലുകള്‍ വികസിക്കുന്നത്. എന്നാല്‍, ചിലയിടങ്ങളില്‍ ദീര്‍ഘമായ പാരഗ്രാഫുകളും വോഗ  പരീക്ഷിക്കുന്നു.
    വോള്‍ഗയുടെ നോവലുകളൊന്നും വളരെ ലാഘവത്തോടെ വായിച്ചു പോകാന്‍  സാധിക്കില്ല. ഗൗരവവും സൂക്ഷ്മവുമായ വായന അര്‍ഹിക്കുന്നതാണ് ഓള്‍ഗയുടെ കൃതികള്‍. മനുഷ്യന്റെ അറിവുകള്‍ക്കും ബോധ്യങ്ങള്‍ക്കുമപ്പുറം തന്റെ സര്‍ഗസൃഷ്ടിയെ  വായനക്കാരന് അനുഭവവേദ്യമാക്കുന്നതില്‍ ഓള്‍ഗ ടൊകര്‍സുക്കിന്റെ രചനാവൈഭവത്തിന്  ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരമാണ് ബുക്കര്‍ സമ്മാനം നേടിയ അതേവര്‍ഷംതന്നെ തേടിയെത്തിയ പരമോന്നത സാഹിത്യപുരസ്‌കാരവും.
    ബുക്കര്‍  പുരസ്‌കാരം നേടിയ ആദ്യ പോളിഷ് എഴുത്തുകാരിയും ഓള്‍ഗയാണ്. ഫ്‌ളൈറ്റ്‌സ്  (പലായനങ്ങള്‍) എന്ന നോവലാണ് ഓള്‍ഗയുടെ പ്രധാനകൃതിയായി നിരൂപകരും വായനക്കാരും  തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫിറ്റ്‌സ്‌കരാള്‍ദോ എഡിഷന്‍സ് എന്ന  പ്രസാധകരാണ് പോളിഷ് ഭാഷയില്‍ എഴുതിയ ഈ നോവല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   2007 ല്‍ പുറത്തിറങ്ങിയ ഈ നോവലാണ് വോള്‍ഗ  ടൊകര്‍ചുക്കിന് ലോകസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍  പ്രധാനപങ്കുവഹിച്ചത്. 2018 ലെ ബുക്കര്‍ സമ്മാനം ഓള്‍ഗയ്ക്കു നേടിക്കൊടുത്തതും ഈ  നോവല്‍തന്നെ. പോളണ്ടിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ നൈക്ക് അവാര്‍ഡും ഈ  കൃതിയിലൂടെ ഓള്‍ഗയെ തേടിയെത്തി.
    2012ല്‍ പുറത്തിറങ്ങിയ ഹൗസ് ഓഫ്  ഡേ, ഹൗസ് ഓഫ് നൈറ്റ് (പകലിന്റെ ഭവനം, രാവിന്റെ ഭവനം) എന്ന നോവല്‍ ഒരു  യാത്രാവിവരണത്തിന്റെ ശൈലിയില്‍ എഴുതപ്പെട്ടതാണ്. നോവല്‍ സാഹിത്യത്തിന്  പുതിയൊരു അസ്തിത്വം സൃഷ്ടിച്ചെടുക്കുന്നതില്‍ ഈ നോവലിലൂടെ ഓള്‍ഗ ടൊകര്‍ചുക്ക്  വിജയിച്ചു എന്ന് ഉറപ്പിക്കാം. ഇതാണ് നൊബേല്‍ പുരസ്‌കാരത്തിന് ഓള്‍ഗയെ  അര്‍ഹയാക്കിയതും. പ്രതിഭാശാലിയായ പുതിയ എഴുത്തുകാരിയെ പരിഗണിക്കുകവഴി നൊബേല്‍  പുരസ്‌കാര സമിതിയും മാറ്റത്തിന്റെ പാതയിലാണെന്നു പറയാം.
    2015 ല്‍  പുറത്തിറങ്ങിയ ദ ബുക്ക്‌സ് ഓഫ് ജേക്കബ് എന്ന നോവലിലൂടെ നൈക്ക് അവാര്‍ഡ്  വീണ്ടും ഓള്‍ഗയെ തേടിയെത്തി. അതേ വര്‍ഷം തന്നെ ജര്‍മന്‍പോളിഷ് ഭാഷയില്‍  രചിക്കപ്പെട്ട മികച്ച നോവലിനുള്ള അന്താരാഷ്ട്രപുരസ്‌കാരമായ ബ്രിഡ്ജ്  പുരസ്‌കാരവും ഓള്‍ഗ സ്വന്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിലെ ജൂത ചരിത്രത്തെ  ആസ്പദമാക്കി എഴുതിയ ഈ നോവല്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചു. വായനക്കാരും  നിരൂപകരും വാനോളം പുകഴ്ത്തി. ഈ കൃതി പോളിഷ് ദേശീയവാദികളെ കുറച്ചൊന്നുമല്ല  ചൊടിപ്പിച്ചത്. വിവാദ ചരിത്രപുരുഷനായ ജേക്കബ് ഫ്രങ്കിന്റെ കഥ പറയുന്നതിലൂടെ ആധുനിക പോളിഷ് ദേശീയതയില്‍ വലതു രാഷ്്ട്രീയം പിന്തുടരുന്ന വിഭാഗത്തെ വല്ലാതെ അസ്വസ്ഥരാക്കി.  ഓള്‍ഗ ടൊകര്‍ചുക്കിനെ കൊല്ലുമെന്നു ഭീഷണി മുഴക്കുന്നതടക്കമുള്ള ആക്രമണങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.  തീവ്രദേശീയ വാദികള്‍ എക്കാലവും തങ്ങള്‍ക്ക് അനഭിമതരായിരുന്നവര്‍ക്കെതിരേ പ്രയോഗിച്ചിരുന്ന ആയുധമാണല്ലോ ദേശദ്രോഹി/രാജ്യദ്രോഹിയെന്നു വിളിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കുകയെന്നത്. ഈ ആയുധം ഓള്‍ഗ ടൊകര്‍ച്ചക്കിനെതിരേയും പ്രയോഗിക്കപ്പെടുകയുണ്ടായി.  ഈ ആക്രമണങ്ങളെക്കുറിച്ച് ഓള്‍ഗ ടൊഗര്‍ച്ചക്ക് പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്.  'ഞാന്‍ വളരെ ശുദ്ധഗതിക്കാരിയും കാര്യങ്ങള്‍ നേരേ പറയുന്നയാളുമാണ്.  ഞാന്‍ കരുതിയത്, ചരിത്രത്തിലെ ഇരുണ്ട ഇടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിയുമായിരുന്നു. ഈ പുസ്തകം എല്ലാ വിഭാഗം വിശ്വാസികളെയും വൃണപ്പെടുത്തുകയുണ്ടായി. കേന്ദ്രകഥാപാത്രമായ ജേക്കബ് ഫ്രാങ്ക് 13 വര്‍ഷക്കാലം കത്തോലിക്കാമഠത്തില്‍ തടവിലായിരുന്നു. ഇത് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും  വ്യാഖ്യാനങ്ങള്‍ക്കു വിധേയമാകുന്നതും കത്തോലിക്കാ വിശ്വാസികളും സഭയും ഇഷ്ടപ്പെടില്ലല്ലോ.  ഓര്‍ത്തഡോക്‌സ് ജൂതന്മാരെ സംബന്ധിച്ച് ജേക്കബ് ഫ്രങ്ക് നേരത്തേ തന്നെ വിശ്വാസ വഞ്ചകനുമാണല്ലോ.' ഈ കൃതിയുടെ പേരില്‍ ഇന്റര്‍നെറ്റിലടക്കം ഓള്‍ഗയ്‌ക്കെതിരേ ഹേറ്റ്  ക്യാംപയിന്‍ നടക്കുകയുണ്ടായി. ദ ബുക്‌സ് ഓഫ് ജേക്കബിന്റെ സ്വീഡിഷ്  ട്രാന്‍സ്‌ലേഷന്‍ സ്വീഡനിലെയും ഫ്രഞ്ച് ട്രാന്‍സ്‌ലേഷന്‍ ഫ്രാന്‍സിലെയും മികച്ച  വിവര്‍ത്തന ഗ്രന്ഥങ്ങള്‍ക്കുള്ള പുരസ്‌കാരവും നേടുകയുണ്ടായി.
    രണ്ടുവര്‍ഷം  മുന്പ് പുറത്തിറങ്ങിയ െ്രെഡവ് യുവര്‍ പ്ലോ ഓവര്‍ ദ ബോണ്‍സ് ഓഫ്ദ ഡെഡ് എന്ന  നോവലിന് അഗനീസ്‌ക ഹോളണ്ട് ചലച്ചിത്രഭാഷ്യം നല്‍കുകയുണ്ടായി. സ്പൂര്‍ എന്ന പേരില്‍  പുറത്തിറങ്ങിയ ചിത്രം ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തില്‍ ആല്‍ഫ്രഡ്  ബോയര്‍ പുരസ്‌കാരം നേടുകയുണ്ടായി.
   1962 ല്‍ പോളണ്ടിലെ സൂള്‍ഷോയിലാണ്  ഓള്‍ഗ ടൊകര്‍ചുക് ജനിച്ചത്. 1993 ല്‍ പുറത്തിറങ്ങിയ പൊഡ്രോസ് ലൂസി സെഗിയാണ് ആദ്യ  പുസ്തകം. നിരവധി ചെറുകഥകളും കവിതകളും ലേഖനങ്ങളും ഓള്‍ഗയുടേതായി  പുറത്തുവന്നിട്ടുണ്ട്. അതിര്‍ത്തികള്‍ എന്ന സങ്കല്പംതന്നെ ഓള്‍ഗ ടൊകര്‍ ചുക്കിന്റെ രചനകളില്‍ ഇല്ലാതാവുന്നു.  മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അതാണ് ഓള്‍ഗയുടെ കൃതികളെ കാച്ചിക്കുറുക്കിയെടുത്താല്‍ എസന്‍സായി അവശേഷിക്കുന്നത്. 

FACEBOOK COMMENT BOX