Monday, January 31, 2011

സ്‌നേഹം മരുന്നാണുണ്ണീ...


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" മലയാളികള്‍ക്ക് വളരെ സുപരിചിതമായ ഈ വരികള്‍ 61 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോറിയിട്ട കവിയാണ് ശ്രീ അക്കിത്തം. അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ!സം" എന്ന കൃതിയിലെ വരികളാണിവ. മലയാള കവിത അന്നേവരെ പിന്തുടര്‍ന്നിരുന്ന ചിട്ടവട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആധുനിക കവിതകളുടെ രീതികളിലേക്ക് മാറിയത് അക്കിത്തത്തിന്റെ കാലം മുതല്‍ക്കാണ്. 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. "മംഗളോദയം" യോഗക്ഷേമം" എന്നിവയുടെ സഹപത്രാധിപരായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975 ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സഞ്ജയന്‍ പുരസ്കാരം, പത്മപ്രഭ പുരസ്കാരം (2002), അമൃതകീര്‍ത്തി പുരസ്കാരം (2004), എഴുത്തച്ഛന്‍ പുരസ്കാരം (2008), മാതൃഭൂമി സാഹിത്യ പുരസ്കാരം(2008) തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്


.........................................................................................................

? കവിതയിലേക്കെത്തിച്ചേര്‍ന്നതെങ്ങനെ?എനിക്കാദ്യം ചിത്രംവരയിലായിരുന്നു താത്പര്യം ഏഴരവയസില്‍ ഒരു സായാഹ്നത്തില്‍ ്അമ്പലക്കുളത്തില്‍ നീന്തിക്കുളിച്ച ശേഷം ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ ശ്രീകോവിലിന്റെ പുറം ചുവരില്‍ കരിക്കട്ട കൊണ്ടുളള കുത്തിവരകള്‍ കാണാനിടയായി. അതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പെട്ടന്ന് കരിക്കട്ട കൊണ്ട് ഒരു അനുഷ്ടുപ്പ് ശ്ലോകം ആ ചുമരിന്‍മേല്‍ തന്നെ എഴുതിയത്.അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്ക്കുകില്‍

വമ്പനാമീശ്വരന്‍ വന്നി-

ട്ടെമ്പാടും നാശമാക്കിടും.ഇത് എഴുതാന്‍ തോന്നിയത് എന്തുകൊണ്ടെന്നാല്‍ മൂന്നു വയസിനു ശേഷം വിഷാരിക്കല്‍ ക്ഷേത്രത്തില്‍ തൊഴുവാന്‍ ചെല്ലുന്ന സമയത്ത് കിഴക്കേകുത്തുളളീ ആര്യന്‍ നമ്പൂതിരി എന്ന പണ്ഡിത സഹൃദയന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം(തര്‍ജമ) വായിക്കുവാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആ ട്രെയിനിംഗ് എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു. അക്ഷരശ്ലോക സദസുകളിലും ആ മുന്‍ഗാമികളുടെ സഹവാസം പ്രയോജനപ്പെട്ടു. ഇതു കൊണ്ടായിരിക്കാം പെട്ടന്ന് പ്രയാസമുളള ഒരു അനുഷ്ടുപ്പ് ശോകം എഴുതാന്‍ ഇടവന്നത്.

..................................................................................................................? അങ്ങയുടെ കവിതകളെ നിരൂപകര്‍ ശരിയായി നിരൂപണം ചെയ്തിരുന്നതായി തോന്നിയിട്ടുണ്ടോ?തീര്‍ച്ചയായും. എം. പി. ശങ്കുണ്ണി നായര്‍, എന്‍. വി. കൃഷ്ണവാര്യര്‍, പി. എം. നാരായണന്‍, ഡോ. സുകുമാര്‍ അഴീക്കോട്, എം. ആര്‍. രാഘവവാര്യര്‍, ഡോ. എം. ലീലാവതി, പ്രഫ. എം. കെ. സാനു, ചാത്തനാത്ത് അച്യുതനുണ്ണി, കെ. പി. ശങ്കരന്‍, വസന്തന്‍, ആത്മാരാമന്‍, എന്‍. പി. ജയകൃഷ്ണന്‍ ഇങ്ങനെ എത്രയോ നിരൂപകര്‍ എന്റെ സാഹിത്യത്തെ ശരിയായ രീതിയില്‍ കണ്ടിട്ടുളളവരാണ്. എന്റെ രചനകളെപ്പറ്റി കെ. പി. ശശിധരന്റേതടക്കം പത്തിലധികം നിരൂപണ ഗ്രന്ഥങ്ങള്‍ പുറത്തുവന്നത് എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല.

..............................................................................................................................? മലയാള കവിതയിലെ നാഴികക്കാല്ലാണ് " ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ' ഈ കാവിതയെഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആദ്യം അച്ചടിക്കപ്പെട്ടത് 1952 ഓഗസ്റ്റില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. വടക്കേമലബാറിലെ സായുധ വിപ്ലവമാണ് അതിന്റെ ആദ്യകാരണം. കാവുമ്പായി, കരിവെളളൂര്‍, മുനയന്‍കുന്ന് എന്നീ പേരുകള്‍ ആ കവിതയില്‍തന്നെ ഉണ്ടല്ലോ. പക്ഷേ അതിനെപ്പറ്റി എഴുതാതിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ടും 1951ല്‍ അത് കടലാസില്‍ രേഖപ്പെട്ടു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് അനുസരിച്ചാണ് അതിന്റെ ആദര്‍ശം. ഋഗ്വേദത്തിലെ ""സമാനോ മന്ത്രസ്സമിതിസ്സമാനീ

സമാനീവ ആകുതിസ്സമാനാ ഹൃദയാനിവ.''എന്നു തുടങ്ങുന്ന അവസാന വേദമന്ത്രമാണ് എന്റെ മനസിലെ കമ്യൂണിസത്തിന്റെ ബീജം. കല്‍ക്കട്ട തീസീസല്ല. ഈ കാര്യം എന്നെ പതിനൊന്നു വയസ്സില്‍ ആകര്‍ഷിച്ചിരുന്നു.ആയിടെത്തന്നെയാണ് ഇ. എം. എസ്സിന്റെ "സോഷ്യലിസം എന്തിന്' എന്ന ലേഖനവും അച്യൂതമേനോന്റെ " സോവിയറ്റ് നാട്' എന്ന പുസ്തകവും എന്റെ മനസ്സിലേക്ക് കടന്നു വന്നത് .പക്ഷേ അഞ്ചു വയസ്സിലാകണം, കേളപ്പജി ഗുരുവായൂര്‍സത്യാഗ്രഹം നടത്തിയകാലത്തുതന്നെ മില്‍ത്തുണികളിലെ ചിത്രം വഴി ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു പല്ലുപോയ "ഇളിച്ചിവായ'ന്റെ ചിത്രം മായാത്ത വിധത്തില്‍ ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.അതിനാലാവാം സ്വാതന്ത്രേ്യാദയ കാലഘട്ടത്തില്‍ കാവുമ്പായ്, കരിവെളളൂര്‍, മുനയന്‍കുന്ന് മുതലായ സ്ഥലങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെപ്പറ്റിയും ജീവിതത്തില്‍ എന്നും നാം നേരിടുന്ന ലക്ഷ്യവും മാര്‍ഗവും തമ്മിലുളള ബന്ധത്തെപ്പറ്റിയും എനിക്കുചിന്തിക്കേണ്ടിവന്നത്.......................................................................................................................................................................? പുതുതലമുറ മലയാള ഭാഷയോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് വേദനാജനകമാണെന്ന് അങ്ങു പറഞ്ഞല്ലോ. ഇതിനു പ്രതിവിധിയായി അങ്ങേയ്‌ക്കെന്താണ് പറയാനുളളത് ?അഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണകൂടം മാറുന്നു. പുതിയ മന്ത്രിസഭ ഭരണത്തില്‍ മാറ്റം വരുത്തുന്നു. വിദ്യാഭ്യാസ രീതിയില്‍ ഈ മാതിരി പരീക്ഷണം ചെയ്യാന്‍ പാടില്ലാത്തതാണ്. മലയാളം കേരളത്തിലെ ഒന്നാം ഭാഷയായി. പ്രഖ്യാപിക്കുവാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടാവണം...............................................................................................................................................അങ്ങയുടെ രാഷ്ട്രീയ കാഴ്ചപ്പാട് വിശദീകരിക്കാമോ ?കക്ഷിരാഷ്ട്രീയം എനിക്കില്ല. എല്ലാവരുടേയും ഭദ്രത എന്റെ ലക്ഷ്യമാണ്. ഭക്ഷണം, ഉടുപ്പ്, പാര്‍പ്പിടം, സ്വഭാഷ, വിദ്യാഭ്യാസം ഇതെല്ലാം എല്ലാവരുടേയും ആദ്യ ലക്ഷ്യമാണ്...................................................................................................................................................അങ്ങ് ഒരു ഈശ്വരവിശ്വാസിയും തത്വജ്ഞാനിയുമാണ്. ഇവ രണ്ടും നയിക്കുന്നത് നിസംഗതയിലേക്കാണ്. എന്നാല്‍ അങയുടെ കവിതകളില്‍ വൈകാരിക തീവ്രതയുടെ പ്രതിഫലനവും കാണുന്നു. ഇതെങ്ങനെ സാധിക്കുന്നു ?കവിത എന്നു പറയുന്നത് ആത്മ നിര്‍വൃതിയില്‍ നിന്നും ഉണ്ടാകുന്ന ഉത്പന്നമാണ്. വാഗര്‍ഥ പരമാനന്ദം ! ഞാനെന്ന ബോധത്തില്‍ നിന്നും നമ്മെ വിമുക്തരാക്കുന്നു. ആ അവസ്ഥയിലാണ് നാം കവിത രചിക്കുന്നത്. ബുദ്ധിപരമായി നാം തത്വജ്ഞാനിയായിരിക്കാം. പക്ഷേ, കവിത എഴുതുന്ന സമയത്ത് നാം കേവലാന്ദത്തില്‍ നിലീനരായിരിക്കുന്നു. പുരുഷനും പ്രകൃതിയും തമ്മില്‍ എങ്ങിനെ സമന്വിതമായി സ്ഥിതിചെയ്യുന്നു എന്ന ചോദ്യമല്ലേ ഈ ചോദ്യത്തിനുളള മറുപടി. പുരുഷന്‍ വൈകാരികസത്തയും പ്രകൃതി വൈചാരികസത്തയും എന്നു പറഞ്ഞാല്‍ തെറ്റു വരാനിടയില്ല."ബുദ്ധിഃ' എന്ന വാക്കുതന്നെ സ്ത്രീലിംഗമാണ്. മറ്റൊരു കാര്യം "മര്യാദാപുരുഷന്‍' എന്നു പ്രസിദ്ധനായ ശ്രീരാമന്റെ കഥ പറയുന്ന രാമായണം രചിച്ചത് രത്‌നാകരന്‍ എന്ന വേടനാണല്ലോ. അതു തന്നെ "മാനിഷാദ, എന്ന പാപവാക്യത്തോടുകൂടിയും- അല്ലേ ?രാഗം, വിരാഗം എന്നീ പദങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. അവയുടെ ഐക്യമാണല്ലോ. വിദ്യൂഛക്തിയിലെ പ്ലസ്സും മൈനസും തന്നെയാണവ..................................................................................................................................................................................................................................പുതുതലമുറയുടെ കവിതകളെ എങ്ങനെ വിലയിരുത്തുന്നു ?പുതുതലമുറയില്‍ കവിത ആവശ്യത്തിലധികം ബുദ്ധിപരമായി തീര്‍ന്നിരിക്കുന്നു. ബുദ്ധിപരം എന്നു പറഞ്ഞത് കവിതയെ ്അര്‍ഥരഹിതമാക്കിത്തീര്‍ക്കലായി തീര്‍ന്നതിനെപ്പറ്റിയാണ്. ഓരോ വാക്കിനും ഒറ്റയ്‌ക്കൊറ്റയ്ക്ക് അര്‍ഥമുണ്ടെങ്കിലും അവകൂടിച്ചേരുമ്പോള്‍ അന്യോന്യാശ്രിതമായ ഒരര്‍ഥമില്ലതാനും. ഇതാണ് ഇന്നത്തെ കവിത. വാസ്തവത്തില്‍ വായനക്കാരന്റെ സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. വായനക്കാരനെ പരിഹസിക്കലാണ് ഇപ്പോഴത്തെ കവിതകള്‍ എന്നു പറയേണ്ടിയിരിക്കുന്നു......................................................................................................................................................................................................ഉപഭോഗപരതയും യാന്ത്രികതയും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ കവിതയുടെ പ്രസക്തി ?എല്ലാകാലത്തും കവിതയ്ക്ക് പ്രസക്തിയുണ്ട്. കവിതയ്ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യത്തിനുളള മറുപടി ഈശ്വരന് പ്രസക്തിയുണ്ടോ എന്ന മറുചോദ്യമാണ്. ""രൂപം രൂപം പ്രതിരൂപേ ബഭൂവ'' എന്നു ചെറുപ്പത്തില്‍ത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനെയും കവിതയെയും രണ്ടായിക്കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഈ കാലഘട്ടം കവിതയ്ക്ക് അനുകൂലമാണ് എന്നു പറയാന്‍ പ്രയാസമുണ്ട്. യന്ത്രങ്ങള്‍ - മൊബൈല്‍ ഫോണടക്കം നമ്മുടെ ഏകാഗ്രതയെ വിച്ഛേദിക്കുകയാണ് ചെയ്യുന്നത്. ഏകാഗ്രമായ തപസില്ലാതെ ഉത്തമകവിത ഉണ്ടാവുകയില്ല.
..........................................................................................................കവി എന്നനിലയില്‍ അല്ലെങ്കില്‍ അങ്ങയുടെ കാവ്യജീവിതത്തിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ച ദര്‍ശനം എന്തായിരുന്നു ?ഒന്നിലധികം മനുഷ്യരുളള ലോകത്തില്‍ ആശ്രയിക്കാവുന്നത് അദൈ്വതത്തെയാണ്. അതുപ്രകാരം ലോകത്തുളള അവസാനവാക്ക് ഭഗവത്ഗീതയാണ്. എന്നാല്‍ ഒരുമനുഷ്യന്‍ മാത്രമായ ലോകത്തിലും ഏകാകിയായ മനുഷ്യന് ആശ്രയിക്കാന്‍ ഒരു കൃതിയുണ്ട്. അത് ഭാഗവതമാണ്. നാരായണ, നാരായണ, നാരായണ എന്ന നാമജപം മനസിനെ ശാന്തമാക്കുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ ആദ്യത്തെ രണ്ടുശ്ലോകങ്ങളിലുണ്ട്. എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കരച്ചിലും ചിരിയും. മനുഷ്യജീവിയെ ഇതരങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്ന ആ ബിന്ദു ഞാനറിയാതെ രചിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടാണ് ആ കൃതിയിലെ ഇതര ശ്ലോകങ്ങള്‍ എഴുതപ്പെട്ടത്.

ആദ്യത്തെ മൂന്നു ശ്ലോകങ്ങള്‍ മാത്രം എഴുതിവെച്ച് കിടന്നുറങ്ങി. പിറ്റേന്നുമുതല്‍ ഓരോ ഉപശീര്‍ഷകങ്ങളുടെയും കീഴെ കാണുന്ന 6 ശ്ലോകങ്ങള്‍ എഴുതി.ഒരു ശീര്‍ഷകത്തിനുകീഴിലുളളവ മാത്രം ഒരു ദിവസം എന്ന കണക്കില്‍. അവസാനം എഴുതപ്പെടാനിരിക്കുന്നവ ആദ്യമേ മനസ്സില്‍ ബിംബിച്ചിരുന്നെങ്കില്‍ ആ കൃതി ഞാനെഴുതുമായിരുന്നില്ല.
...................................................................................................................................................................................................................................? "വെളിച്ചം ദുഃഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം'

വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുളള വരികളാണിത്. ഈ വരികള്‍ എഴുതുമ്പോള്‍ എന്തായിരുന്നു അങ്ങയുടെ മനസില്‍ ? ഇതിന്റെ അര്‍ത്ഥവും ഭാവവും വിശദീകരിക്കാമോ ?ഒന്നു മാത്രം പറയാം. ഈ വരികള്‍ ഞാനറിയാതെയാണ് ഞാന്‍ എഴുതിയത്. എന്നാല്‍ ഈ വരികള്‍ എഴുതുന്നതിന് മുമ്പാണ്. കാളിദാസന്റെ ഒരു ശ്ലോകം ഞാന്‍ പ0ിച്ചത്. "മരണം പ്രകൃതിശ്ശരീരിണാം

വികൃതിര്‍ജീവിതമുച്യതേ ബൃധേഃ.. ശരീരികള്‍ക്ക് മരണമാണ് പ്രകൃതി. ജീവിതം വികൃതിയാണ്. ഇങ്ങനെയാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. ശ്വസിച്ചു കൊണ്ടിരിക്കുന്ന ഓരോ നിമിഷവും ജീവനുളള നമുക്ക് കിട്ടുന്ന ലാഭമാണ്. അര്‍ത്ഥവും ഭാവവും ഒന്നും ചിന്തിച്ചുകൊണ്ടല്ലല്ലോ നാം കവിത എഴുതുന്നത്. ഇന്ദ്രിയങ്ങള്‍ വെളിച്ചം എന്നു ധരിക്കുന്നത് എന്തിനെയാണോ,അതല്ല യഥാര്‍ത്ഥ വെളിച്ചം എന്നാവണം ഈ വരികളില്‍ നിന്നു ലഭിക്കുന്ന വസ്തുത എന്നാണ് പില്‍ക്കാലത്തെനിക്ക് േതാന്നിയിട്ടുളളത്.

ഈയിെടയാണ് മറ്റൊരു സംശയം എന്റെ മനസ്സില്‍ അങ്കുരിച്ചത്. " വെളിച്ചം ദുഃഖമാണ്' എന്നു പറഞ്ഞതിനെ ആക്ഷേപിച്ചവര്‍ എന്തുകൊണ്ടാണ് " അറിവിന്‍ വെളിച്ചമേ ദൂരപ്പോ' എന്നെഴുതിയ കവിയെ ആക്ഷേപിക്കാതെ വിട്ടത്?

ജിയുടെ ജാതകത്തിലെ വ്യാഴം ധനുവിനാണല്ലോ; എന്റെ വ്യാഴം മകരത്തിലും ! വേറെ ന്യായമൊന്നും തോന്നിയില്ല.
........................................................................................................................................................................................................................................സ്വന്തം കവിതകളെ അങ്ങ് എങ്ങനെയാണ് വിലയിരുത്തുന്നത് ? തിരിഞ്ഞു നോക്കുമ്പോള്‍ ഏതെങ്കിലും കൃതി മാറ്റി എഴുതിയിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ?എല്ലാ സാഹിത്യകാരന്മാരും വിചാരിക്കാറുള്ളത് അര്‍ഹിക്കുന്ന പ്രശസ്തി തനിക്കു കിട്ടുന്നില്ലല്ലോ എന്നാണ്. ഇതേ ബോധം എനിക്കും ഉണ്ടാവാറുള്ളതാണ്. എങ്കിലും, അര്‍ഹിക്കുന്ന പ്രശസ്തി ആര്‍ക്കും കിട്ടാതെ പോവുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു ഊഹം എനിക്കുണ്ട്.

എന്നെ സംബന്ധിച്ചാണെങ്കില്‍ ഒരു ദിവസം കാലത്തെണീറ്റു നില്ക്കുമ്പോള്‍ ഭാഗ്യം തലയിലേക്കിടിഞ്ഞു വീഴുക എന്നത് ഉണ്ടായിട്ടില്ല. ഭാഗ്യത്തിനു കീഴില്‍ അതൊന്നിടഞ്ഞുവീണെങ്കിലായി എന്ന വിചാരത്തോടെ പലപ്പോഴും ചെന്നുനിന്നിട്ടുണ്ടെന്നതു തുറന്നു പറയാന്‍ ലജ്ജിക്കുന്നുമില്ല.

എങ്കിലും പറയട്ടെ: വിവേചന ബുദ്ധിയോടെ ഇന്നിന്നതെല്ലാം പ്രതീക്ഷിക്കാമെന്നു കണ്ടതില്‍ കലാംശം എപ്പോഴും എനിക്കു ലഭിച്ചിട്ടുണ്ട്. അതാകട്ടെ, ഓര്‍ക്കാതിരിക്കുമ്പോഴാണ് വന്നു ചേരാറുള്ളതും. തന്മൂലം പ്രതീക്ഷ മുഴുവന്‍ ഫലിച്ചാലത്തെ സന്തോഷം ഞാനനുഭവിക്കുന്നു. അതുകൊണ്ടാവാം, എനിക്കു പരാതിയൊന്നുമില്ല.

എന്‍റെ രചനകളില്‍ എഴുപത്തഞ്ചു ശതമാനവും ജീവനുറ്റവയാണെന്നു തന്നെ വിചാരിക്കുന്നു. താങ്ങാന്‍ വയ്യാത്ത വിധം കനത്ത പ്രശംസ അറിയാതിരിക്കെ കടന്നു വന്നു. ചിലപ്പോള്‍ ഉഗ്രമായ നിരൂപണമായിരിക്കും. രണ്ടും തെളിയിക്കുന്നത് ഒന്നു തന്നെയാണല്ലോ. എന്‍റെ കവിതയുടെ സത്തായി ഒരു ജീവിതവീക്ഷണം ഊറിക്കൂടിയിട്ടുണ്ടെന്നു സാമാന്യമായി പറയാമെന്നു തോന്നുന്നു. ഭൗതികമായും ആത്മീയവുമായുള്ള ജീവിത പ്രതിഭാസങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. ഇവിടെ അണ്ടിയോ മാവോ മൂത്തതെന്ന പ്രശ്‌നം എന്നെ അലട്ടുന്നില്ല.

പൊതുവേ പറഞ്ഞാല്‍ നിരൂപണം എന്നെ രസിപ്പിക്കുകയാണ് പതിവ്. ഞാന്‍ ഗൗനിക്കപ്പെടുന്നുവല്ലോ എന്നൊരു രസം. ദുര്‍ലഭം ചിലപ്പോള്‍ നിരൂപകന്‍റെ ഉദ്ദേശ്യം സത്യാന്വേഷണത്തിനപ്പുറം വല്ലതുമാണെന്നു മനസ്സിലാകുമ്പോള്‍ ദുഃഖം തോന്നിയിട്ടുണ്ട്. ഒരു കൃതിയും മാറ്റിയെഴുതിയിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്ന് തോന്നിയിട്ടില്ല. കുറച്ചു കൂടി നന്നായി എഴുതാമായിരുന്നെന്നു തോന്നിയിട്ടുണ്ട്. അത്രേയുളളൂ.

......................................................................ജീവിതം അങ്ങയെ എന്തു പ0ിപ്പിച്ചു ?സത്യത്തിന് ആയിരം മുഖങ്ങളുണ്ട്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളും എല്ലാ വസ്തുതകളും അന്യോന്യ സഹകാരികളായിത്തന്നെ വര്‍ത്തിക്കുന്നു. അപ്പോളാണവ ശക്തവും സുന്ദരവുമായിത്തോന്നുന്നത്. കാണാവുന്നവയുടെ ലക്ഷാംശം പോലും നാം കണ്ടു കഴിഞ്ഞിട്ടില്ല.ഭൗതികവും മാനസികവുമായി എല്ലാത്തരം ചൂഷണങ്ങളെയും ഞാനതിനാല്‍ വെറുക്കുന്നു. എല്ലാവരും വേലചെയ്യുന്നതും കൈയിലും നാവിലും ചങ്ങല വീഴാത്തതും തലയും വയറും നിറയുന്നതുമായ ഒരു നവലോകത്തെപ്പറ്റി ഞാനും സ്വപ്നം കാണുന്നു. എങ്കില്‍ക്കൂടി മനുഷ്യമനസ്സു സംതൃപ്തിയടയുന്ന കാലം ഉണ്ടാവുകയില്ല എന്നാണെന്‍റെ ചെറുബുദ്ധിക്കു തോന്നുന്നത്. ചക്രവാളം എത്ര സുന്ദരമാണ് എങ്കിലും അത് എപ്പോഴും അകലയേ നില്ക്കൂ.

ക്ഷമാശീലനു മാത്രമേ സുഖമുള്ളൂ അഥവാ സുഖം എന്നത് ദുഃഖത്തെ മറക്കല്‍ മാത്രമാണ്. ദുഃഖത്തിന്നൊരൊറ്റ പ്രത്യൗഷധമേ ഉള്ളൂ: സ്‌നേഹം. എന്തായാലും ആരോടും പിന്നോക്കം നില്കുന്ന യാതൊരു വിരോധവും എനിക്കില്ല. കാരണം, എതു മനുഷ്യനും തന്‍റേതായ ഒരു ലോകത്തുവച്ചു കരയുന്നവനാണെന്ന വിചാരം എന്നില്‍ മുന്നിട്ടു നില്‍ക്കുന്നു.

...........................................................അങ്ങയുടെ വീക്ഷണത്തില്‍ അങ്ങയുടെ മികച്ച കൃതി ഏതാണ് ?ഏറ്റവും നല്ല എന്‍റെ കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് എപ്പോഴും വിശ്വാസം. ഓരോന്നു എഴുതിത്തീരുമ്പോള്‍, അതു മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണ് ഭാവം. എഴുതി വരുമ്പോള്‍ അഭൂതപൂര്‍വ്വമാം വിധമുള്ള ഓരോ ആനവാതിലുകള്‍ ഹൃദയത്തിലേക്ക് "ടും ടും' എന്നു തുറക്കപ്പെടുന്നതായിത്തോന്നുന്നു. പകുതിക്കല്‍വെച്ച് പലതും ചീന്തിക്കളയുന്നു. എല്ലാം പല പല തവണ തിരുത്തപ്പെടുന്നു. മദ്ധ്യത്തിലോ അവസാനത്തിലോ ഇന്നേടത്തെന്നു പറഞ്ഞുകൂടാഉള്ള വരികളാവും ചിലപ്പോള്‍ ആദ്യം പുറത്തുചാടുന്നത്.അവ കടലാസ്സില്‍ വീണശേഷം എത്രയോ കഴിഞ്ഞാവാം ആ കവതയുടെ ഭാവിസന്ധിശില്പങ്ങള്‍ തെളിഞ്ഞുകിട്ടുന്നത്. എത്രയോ മുമ്പുമുതല്‍ ഭാവസന്ധിശില്പങ്ങള്‍ ഒരുക്കിക്കഴിഞ്ഞ കവിതകള്‍ ഇന്നും എഴുതാന്‍ കഴിയാതെ കിടക്കുകയാണ്.

ഇനി അവ എഴുതുന്നതാകട്ടെ. ഇപ്പോഴുള്ള ഭാവസന്ധി ശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും. "ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല' എന്നു തോന്നത്തക്കവിധം പല കവിതകളും രണ്ടോ നാലോ മണിക്കൂറുകള്‍കൊണ്ടു പണിതീര്‍ന്നു കിട്ടിയിട്ടുമുണ്ട്.

ഞാനല്ലാ ഇതൊന്നും ചെയ്യുന്നത്, മനസിലുള്ള മറ്റൊരാളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്‍്രെ അരിവിലുള്ളതാണോ എന്ന് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുമിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ തോന്നും. അതുകൊണ്ട് മികച്ച കൃതി തെരഞ്ഞെടുക്കുക വളരെ വിഷമമാണ്.

FACEBOOK COMMENT BOX