Tuesday, February 17, 2009

റെസ്യൂമെ
നിങ്ങളാര്‌ ?
ചോദ്യം
ചോദ്യചിഹ്നമായി

ഒടുവില്
‍ഞാനുത്തരം പറഞ്ഞു
'മനുഷ്യന്‍'

അതൃപ്‌തി പറ്റിപ്പിടിച്ച
മുഖഭാവത്തോടെ
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
എന്റെ ഉത്തരവും

അതൃപ്‌തി അരിശമായി
ചോദ്യം
വാമൊഴിയില്‍ നിന്നും
കടലാസുരൂപത്തിലായി

ഭാഷ, ജാതി, മതം,വര്‍ഗം, നിറം, ലിംഗം
കോളങ്ങള്‍ മുന്നില്‍ നിറഞ്ഞു
നാവിലെ വെളളം വറ്റി
തൊണ്ടയടഞ്ഞു
കണ്ണുകള്‍ നിറഞ്ഞു
വിരലുകള്‍ വിറച്ചു
ദേഹം വിയര്‍ത്തു

പിന്നെയും
കോളങ്ങള്‍ പെരുമഴയായ്‌
ജോലി, ശമ്പളം, പരിചയം
സ്വത്ത്‌, പദവി, പ്രതാപം, അവാര്‍ഡ്‌
ശരീരം തളര്‍ന്നു തുടങ്ങി

ഞാന്‍ മറുപുറം തിരിച്ചു
വെട്ടിച്ച നികുതിക്കണക്ക്‌
പ്രാപിച്ച പെണ്ണുങ്ങളുടെ എണ്ണം
മാഫിയാ ബന്ധങ്ങള്‍
കോളങ്ങള്‍ മഴവെളളപ്പാച്ചിലായി

കണ്ണില്‍
ഇരുട്ട്‌ കയറിത്തുടങ്ങി
കാഴ്‌ച പോകും മുമ്പ്‌
ഞാനുത്തരമെഴുതി
"nill"
അങ്ങനെ
ഞാനെന്റെ
റെസ്യൂമെ പൂര്‍ത്തിയാക്കി

Friday, February 6, 2009

വായനയുടെ ദോഷങ്ങള്‍ (പത്രപ്രവര്‍ത്തകരുടേയും)

തലക്കെട്ട്‌ ഒരു പക്ഷേ, നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ മനസിനെ ഉലച്ച ചിന്തയണിത്‌. ഒരു നല്ല വായനക്കാരന്‌ (ഞാന്‍ അങ്ങനെയാണെന്ന്‌ അവകാശപ്പെടുന്നില്ല), ഒരു തത്വശാസ്‌ത്രത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാനാവില്ല. വൈരുദ്ധ്യങ്ങള്‍ പേറാന്‍ വിധിക്കപ്പെടുന്നവരാണ്‌.

ഹൈന്ദവ പുരാണങ്ങളെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഞാനൊരു തീവ്രഹിന്ദുത്വ വാദിയാണെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നാം. ബൈബിളിനെ കുറിച്ച്‌ സംസാരിച്ചാലോ എഴുതിയാലോ ഞാനൊരു കടുത്ത ക്രൈസ്‌തവ വിശ്വാസിയാണെന്ന്‌ നിങ്ങള്‍ തെറ്റിധരിച്ചേക്കാം. പ്രവാചകനെ കുറിച്ച്‌ പറയുമ്പോള്‍ മുഹമദ്‌ നബിയോടാണ്‌ എനിക്കാഭിമുഖ്യം എന്നു നിങ്ങള്‍ പറയും. സാമ്പത്തിക ശാസ്‌ത്രത്തെ കുറിച്ച്‌ പറയുമ്പോള്‍ സോഷ്യലിസം കടന്നു വരുന്നു, അപ്പോള്‍ ഞാനൊരു സോഷ്യലിസ്‌റ്റാണെന്നു നിങ്ങള്‍ ചിന്തിക്കുന്നു.

ഇതിലൊന്നും എനിക്കു പരാതിയില്ല, പലപ്പോഴും ഒരു പ്രത്യേക വിഷയത്തില്‍ ഞാന്‍ മുന്നോട്ടു വയ്‌ക്കുന്ന ആശയത്തില്‍, മുന്‍വിധികളോടെ അഭിപ്രായം പറയുകയും എന്നെ ഏതെങ്കിലും ഒരു പക്ഷത്തിന്റെ(കേരളത്തില്‍ ഇപ്പോള്‍ നിരവധി പക്ഷങ്ങളുണ്ടല്ലോ?) വക്താവാണെന്ന്‌ വരുത്തി തീര്‍ക്കാനുളള ശ്രമങ്ങള്‍ മൂന്നും അഞ്ചും വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുളളവര്‍ പോലും ശ്രമിച്ചു കാണുമ്പോള്‍ വ്യക്തിപരമായി വിഷമം തോന്നിയിട്ടുണ്ട്‌. എന്നെ പലരും പലപ്പോഴായി നിരീശ്വരവാദിയായും നക്‌സലൈറ്റായും കമ്യൂണിസ്‌റ്റായും കമ്യൂണിസ്‌റ്റ്‌ വിരോധിയായും ദളിത്‌ പക്ഷപാതിയായും ഇസ്‌‌ലാം അനുകൂലിയായും ഒക്കെ ബ്രാന്‍ഡ്‌ ചെയ്യാന്‍ മനപൂര്‍വം ശ്രമിച്ചിട്ടുണ്ട്‌.

പക്ഷേ, അവര്‍ എന്നെ എങ്ങനെയൊക്കെ വിലയിരുത്തിയാലും നമ്മുടെ വ്യക്തിത്വത്തിന്‌ വായന നല്‍കുന്ന മാറ്റ്‌, തിളക്കം അത്‌ വളരെ വലുതാണ്‌. ചെറിയ മനസുകളുടെ ചെറിയ ചിന്തകളില്‍ നമ്മള്‍ പഴഞ്ചനും ചിതലരിച്ച ആശയങ്ങളുടെ വക്താക്കളും ആയിരിക്കാം. അവര്‍ക്ക്‌ മറുപടിനല്‍കാന്‍ എനിക്ക്‌ അറിവില്ല. അതുകൊണ്ട്‌ ഞാനതിന്‌ മുതിരുന്നില്ല.......

Thursday, February 5, 2009

ഇവര്‍ സുരക്ഷിതരല്ല.....


പാലക്കാട്‌ റെജി കുമാറിനെ മലയാളി സമൂഹം മറന്നിട്ടുണ്ടാവില്ല. നാലുമക്കളെയും ഭാര്യയെയും നിഷ്‌ഠുരം കൊന്നു കുഴിച്ചു മൂടിയ ആള്‍. കൊല്ലപ്പെട്ടവരില്‍ മൂത്തമകള്‍ അമലു ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു എന്നത്‌ മലയാളിയുടെ മന:സാക്ഷിയെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇത്‌ മാധ്യമങ്ങളിലൂടെ പുറത്തു വന്നതു കൊണ്ടു നമ്മുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ പൊതു സമൂഹത്തിന്റെ കണ്ണില്‍ പെടാതെ പോകുന്ന ബാലപീഡനങ്ങളുടെ എണ്ണം എത്രവരും?.എന്തായാലും റെജികുമാര്‍ സംഭവം നമ്മുടെ സമൂഹത്തെ കൂടുതല്‍ ബോധവാന്‍മാരാക്കിയിട്ടുണ്ട്‌.

നമ്മുടെ കുട്ടികള്‍ക്ക്‌, പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌, കൂടുതല്‍ സുരക്ഷിതത്വം ആവശ്യമാണെന്ന്‌ മാതാപിതാക്കള്‍ മറ്റെന്നത്തെയുംകാള്‍ കൂടുതലായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുറച്ചു കാലം മുന്‍പു വരെ ഇത്തരം കാര്യങ്ങള്‍ പൊതുവേദികളിലും എന്തിന്‌ കുടുംബങ്ങളില്‍ പോലും ചര്‍ച്ചചെയ്യാന്‍ മലയാളിയുടെ `പകല്‍മാന്യത' അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്‌ ഇത്തരം കാര്യങ്ങള്‍ തുറന്നു സംസാരിക്കേണ്ട സാമൂഹിക പ്രശ്‌നങ്ങളാണെന്ന്‌ നമ്മുടെ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.


അതിക്രമങ്ങളില്‍ നിന്നു നമ്മുടെ കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നതിന്‌ പൊതുസമൂഹം ബോധവത്‌കരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. മാതാപിതാക്കളും അധ്യാപകരുമുള്‍പ്പെടെ സമൂഹം മൊത്തമായി ബോധവല്‍കരിക്കപ്പെടണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും പൊതുസമൂഹം അറിഞ്ഞിരിക്കണം. പെരുമാറ്റ വൈകല്യങ്ങളേക്കാള്‍ കൂടുതല്‍ അറിവില്ലായ്‌മയാണ്‌ ആളുകളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുന്നത്‌ എന്ന കാര്യം പലപ്പോഴും നാം സൗകര്യപൂര്‍വം മറന്നുകളയുന്നു. ബാലപീഡനങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ അറിവില്ലായ്‌മയാണ്‌ പലപ്പോഴും പീഡനങ്ങള്‍ക്ക്‌ അനുകൂല സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നു കാണാം.അച്ചടി- ദൃശ്യമാധ്യമങ്ങളിലൂടെയും ബോധവല്‍ക്കരണ ക്ലാസുകളിലൂടെയും ബാലപീഡനത്തെക്കുറിച്ച്‌ ഒരു പരിധിവരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കഴിയും.

മാനസിക ആരോഗ്യമുളള ഒരു യുവതലമുറ വികസിക്കുന്നതിലൂടെ മാത്രമേ ബാലപീഡനം പോലുളള സാമൂഹിക വിപത്തില്‍ നിന്നു നമുക്ക്‌ മുക്തി നേടാനാവുകയുളളു. അതിന്‌ തുടക്കം കുറിക്കേണ്ടത്‌ കുട്ടികളില്‍ നിന്നാണ്‌. തുടങ്ങേണ്ടത്‌ മാതാപിതാക്കളും. അനുസരണാശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട വലിയൊരു ഗുണമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആര്‌എന്തുപറഞ്ഞാലും അനുസരിക്കുന്ന കുട്ടികളായാലോ? സംഗതി പ്രശ്‌നമാവില്ലേ? അതുകൊണ്ട്‌ 'അനുസരിക്കുമ്പോഴും പുറത്ത്‌ അടിവാങ്ങുന്ന ഉഴവുകാരന്റെ കാളയാകാതെ ചോദ്യം ചെയ്‌തുകൊണ്ട്‌ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന ധിക്കാരി'കളെയാണ്‌ രൂപപ്പെടുത്തേണ്ടത്‌ . 'നോ'എന്നു പറയേണ്ടിടത്ത്‌ പറയാനും അംഗീകരിക്കേണ്ട കാര്യങ്ങള്‍ സ്വീകരിക്കാനുമുളള കഴിവ്‌ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ നാം ശ്രദ്ധിക്കണം.

പീഡനത്തിനിരയായ കുട്ടികള്‍ പലപ്പോഴും അത്തരം കാര്യങ്ങള്‍ മറ്റുളളവരോട്‌ തുറന്നു പറയാന്‍ മടിക്കും. അവിടെയാണ്‌ കുടുംബബന്ധങ്ങളുടെ വില നാം മനസിലാക്കേണ്ടത്‌. സുദൃഢമായ കുടുംബ ബന്ധങ്ങള്‍ കണ്ടുവളരുന്ന കുട്ടികള്‍ തീര്‍ച്ചയായും ഇക്കാര്യം മാതാപിതാക്കളോട്‌ തുറന്നു പറയും. മാതാപിതാക്കളുടെ സ്‌നേഹ പരിചരണങ്ങളും വേണ്ടിവരികയാണെങ്കില്‍ വിദഗ്‌ധ ചികിത്സയും ലഭിക്കുന്ന പക്ഷം പീഡനം ഏല്‍പ്പിച്ച മാനസികവും ശാരീരികവുമായ തകര്‍ച്ചയില്‍ നിന്നും അവര്‍ പതുക്കെ മോചിപ്പിക്കപ്പെടും. എന്നാല്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ക്കൊപ്പമോ സ്വരച്ചേര്‍ച്ചയില്ലാത്ത കുടുംബാംഗങ്ങള്‍ക്കിടയിലോ വളരുന്ന കുട്ടിയാണെങ്കില്‍ അവര്‍ ഒരിക്കലും തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞെന്നു വരില്ല. ഫലമോ,ജീവിത കാലം മുഴുവന്‍ ബാല്യത്തിലെ പേടിപ്പെടുത്തിയ ഓര്‍മകള്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അത്‌ ചില വ്യക്തിത്വ വൈകല്യങ്ങളിലേക്കും പെരുമാറ്റ ദൂഷ്യങ്ങളിലേക്കും കൊണ്ടെത്തിച്ചെന്നുവരാം. പല കേസുകളിലും പീഡനത്തിനിരയായ വ്യക്തിയുടെ ലൈംഗിക ജീവിതം പരാജയമാണ്‌.

യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുമ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അവയൊന്നും ഒരിക്കലും കുട്ടികളുടെ ബാല്യത്തിന്റെ നിറം കെടുത്തരുത്‌. ഇലയുടെ നിറം പച്ചയെന്നും ആകാശം നീലയെന്നും നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നവയെന്നും അവര്‍ പഠിക്കട്ടെ. ലോകത്തിലെ ഒരു ചിത്രകാരനും വരയ്‌ക്കാന്‍ കഴിയാത്ത ചായക്കൂട്ടുകള്‍ അന്തിവെയിലില്‍ ആകാശത്ത്‌ വിടരുന്നത്‌ കാണട്ടെ.മിന്നാമിനുങ്ങുകളെ ഉദിക്കുന്ന നക്ഷത്രങ്ങളായും ചിത്രശലഭങ്ങളെ പറക്കുന്ന പൂക്കളായും സങ്കല്‌പിക്കട്ടെ.അവരുടെ ജീവിതത്തില്‍ കുയിലിന്റെ പാട്ടിനും മൈനയുടെ കോലാഹലങ്ങള്‍ക്കും ഇടം കിട്ടട്ടെ.......

Monday, February 2, 2009

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട്‌ വീണ്ടും നിരോധിച്ചു


ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കാളപ്പോര്‌ മഹോത്സവമായ ജെല്ലിക്കെട്ട്‌ സുപ്രീം കോടതി താത്‌കാലികമായി വീണ്ടും നിരോധിച്ചു.

അടുത്ത മാസം 13 വരെയാണ്‌ നിരോധനം. മൃഗക്ഷേമ വകുപ്പ്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

ജനുവരി മാസത്തില്‍ മാത്രം ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്‌ പരിഗണിച്ചാണ്‌ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്‌.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 13-ന്‌ കേസില്‍ വാദം കേള്‍ക്കുന്നതിനും ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാലകൃഷ്‌ണന്‍, പി. സദാശിവം എന്നിവരടങ്ങിയ ബഞ്ച്‌ തീരുമാനിച്ചു.ജെല്ലിക്കെട്ട്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ച്‌ ഉപാധികളോടെ നിരോധനം നീക്കുകയായിരുന്നു.

FACEBOOK COMMENT BOX