Friday, August 20, 2010

നേതാജി: ചരിത്രത്തിന്റെ പിടികിട്ടാപ്പുളളി

സന്ദീപ് സലിം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസ് ലോകത്തിന്റെ കണ്‍മുന്നില്‍ നിന്നു മറഞ്ഞിട്ട് 65 വര്‍ഷമാകുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഐതിഹ്യപുരുഷനായിത്തീര്‍ന്ന ആ സമര നായകന്‍, തന്റെ തിരോധാനത്തിലൂടെ കൂടുതല്‍ ഐതിഹ്യങ്ങള്‍ സൃഷ്ടിച്ചു. 1945 ഓഗസ്റ്റ് 18ന്ു തായ്്‌വാനില്‍ ഉണ്ടായതായി പറയപ്പെടുന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവോ എന്നതും സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹം ജീവിച്ചുവോ എന്നതും 25 വര്‍ഷം മുമ്പ് ഫൈസാബാദില്‍ അന്ത്യശ്വാസം വലിച്ച ഭഗവന്‍ജി എന്ന സന്യാസി അദ്ദേഹമായിരുന്നോ എന്നതും ഉത്തരത്തിലെത്താത്ത കടംകഥകളായി ശേഷിക്കേ അദ്ദേഹം ഐതിഹ്യപുരുഷനായിരിക്കുന്നതില്‍ അദ്ഭുതമില്ല. എന്നാല്‍ വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ കൊണ്ടു മാത്രമല്ല, വ്യക്തമായ ജീവിത ചിത്രങ്ങള്‍ കൊണ്ടുകൂടിയും ഇതിഹാസമായിത്തീര്‍ന്ന വ്യക്തിയാണു സുഭാഷ്ചന്ദ്രബോസ്. ഐ.സി.എസ് എന്ന ഉയര്‍ന്ന പദവി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയ അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം സ്മരിക്കപ്പെടുന്ന ഏതുകാലഘട്ടത്തേയും ആവേശമാണ്.


""സ്വാതന്ത്യത്തിനുവേണ്ടിയുളള അ}്വേഷണം അന്തമില്ലാത്തതാണ്.സദാ സര്‍വ്വത്ര ജാഗ്രതയോടിരിക്കേണ്ടതുണ്ട്. സുഭാഷിന്റെ രീതികളോട് നാം യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ദേശഭക്തി തീവ്രതരമായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനാവാത്തതായിരുന്നു. സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും താണ്ടി തന്റെ ലക്ഷ്യപ്രാപ്തിക്കായി സുഭാഷ് നടത്തിയ വീരസാഹസിക യത്‌നങ്ങളും രാജ്യത്തെ സേവിക്കാനും അതിനെ സ്വതന്ത്രമാക്കാനുമുള്ള അദ്ദേഹത്തിന്റെ അഭിലാഷവും വീരസാഹസിക കര്‍മ്മങ്ങളോടുള്ള പ്രതിപത്തിയും മാതൃരാജ്യത്തിനുവേണ്ടി അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹം കാട്ടിയ വിപദിധൈര്യവും എല്ലാം ഇന്ത്യാചരിത്രത്തിന്റെ അംശങ്ങളാണ്''. മുന്‍ ഇന്ത്യന്‍ പ്രസിഡന്റും തത്വശാസ്ത്രജ്ഞനുമായ എസ്്്. രാധാകൃഷ്ണന്റെ ഈ വാക്കുകള്‍ മതി നേതാജിയുടെ മഹത്ത്വം മനസിലാക്കാന്‍. ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനശൈലിയിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്് പദവി വരെ അദ്ദേഹമെത്തി. മഹാത്മാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്ത്യ വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ആയിരക്കണക്കിനു ചെറുപ്പക്കാരുടെ ആവേശമായി ഐ. എന്‍. എ രൂപീകരിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം സ്മരിക്കപ്പെടുന്ന ഏതുകാലത്തേയും ആവേശമാണ്. വിപ്‌ളവകാരികള്‍ക്ക് വഴികാട്ടിയായി ഇന്നും ആ നക്ഷത്രം പ്രകാശിച്ചുകൊണ്ടിരിക്കുന്നു.


ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23}ായിരുന്നു സുഭാഷിന്റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീ നാഥബോസ് മഹാത്മാഗാന്ധിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1913-ല്‍ മെട്രിക്കുലേഷനും 1915-ല്‍ ഇന്റര്‍മീഡിയറ്റും 1920 ല്‍ ഐ. സി. എസും പാസായി. ബ്രിട്ടനിന്‍ നിന്നാണ് ബോസ് ഐസിഎസ് പാസായത്.

1921 ജൂലൈയില്‍ ഐസിഎസ് പ0നം പൂര്‍ത്തിയാക്കി ബോസ് ബോംബെയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. മടങ്ങിയെത്തിയ ഉടന്‍ ഗാന്ധിജിയെ ചെന്നു കണ്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനുളള തന്റെ ആഗ്രഹം അറിയിക്കുകയാണു ബോസ് ചെയ്തത്. ദേശബന്ധു ചിത്തരഞ്ജന്‍ ദാസിനെ ചെന്നു കാണാനായിരുന്നു ഗാന്ധിജിയില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശം.


കോളജ് വിദ്യാഭ്യാസകാലത്ത് സ്വാമി വിവേകാനന്ദന്റെ ജീവിതരീതിയും ആദര്‍ശങ്ങളും പിന്തുടരാന്‍ യത്‌നിച്ച സുഭാഷ് പിന്നീട് തന്റെ ഐ. സി. എസ് ഉപേക്ഷിച്ച്്് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനോടു പൂര്‍ണമായി യോജിക്കാതിരുന്ന സി. ആര്‍. ദാസ്്് കല്‍ക്കട്ട നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുക്കാനാണു ബോസിനോട് ആവശ്യപ്പെട്ടത്. ആ പദവിയില്‍ എത്തിയെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കണം എന്ന തന്റെ ആഗ്രഹത്തെ നിയന്ത്രിക്കാന്‍ ബോസിന് കഴിഞ്ഞില്ല. പ്രിന്‍സിപ്പല്‍ പദവി രാജിവച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1927 ല്‍ ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പദവിയിലുമെത്തി. കോണ്‍ഗ്രസിന്റെ മദ്രാസ് സമ്മേളനത്തില്‍ ജവഹര്‍ലാല്‍നെഹ്‌റുവിനോടൊപ്പം ബോസും പങ്കെടുക്കുകയുണ്ടായി.


നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബോസ് 1930 ല്‍ അറസ്റ്റ്്് ചെയ്യപ്പെട്ടു. തടവില്‍ രോഗബാധിതനായ അദ്ദേഹത്തെ ചികിത്സാര്‍ഥം വിയറ്റ്‌നാമിലേക്ക് അയയ്ക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. വിയറ്റ്്്‌നാമിലെത്തിയെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ നേടാനാണ് അദ്ദേഹം ശ്രമിച്ചത്. തിരികെ മുംബൈയില്‍ വന്നപ്പോള്‍ ബോസ്്് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.


1938 ല്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തി. എന്നാല്‍ തന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കാതെ പോകുന്നതില്‍ ബോസ് നിരാശനായിരുന്നു. താമസിയാതെ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. മഹാത്മഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവില്‍ ബോസിന് രാജിവയ്‌ക്കേണ്ടി വന്നു.

പ്രസിഡന്റ് പദവി ഒഴിഞ്ഞ് സ്വതന്ത്രനായി പുറത്തു വന്ന അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ നിലപാടുകളിലൂടെ സ്വാതന്ത്ര്യം നേടുക വളരെ ദുഷ്കരമാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടുക എന്ന ആശയത്തിലേക്ക് ബോസ് എത്തുന്നതും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്‌ളോക്ക് എന്ന സംഘടന രൂപവത്കരിക്കുന്നതും. അതോടെ അദ്ദേഹം പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്നു പുറത്തായി എന്നു തന്നെ പറയാം.


സമരങ്ങളുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ബോസിനെ വീണ്ടും തടവിലാക്കി. എന്നാല്‍ ഇത്തവണ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബോസ് പ്രത്യക്ഷ സമര പരിപാടികളില്‍ നിന്നൊഴിഞ്ഞ് ഒളിവില്‍ പോകുകുകയാണുണ്ടായത്. രഹസ്യമായി അദ്ദേഹം സോവ്യറ്റ് യൂണിയനിലേക്കു കടന്നു. പിന്നീട് 1941-ല്‍ ജര്‍മനിയിലേക്കും പോയി. ബെര്‍ലിനില്‍ കഴിയുന്ന കാലത്ത് അവിടത്തെ ഇന്ത്യക്കാരാണ് ബോസിന് നോതാജി എന്ന വിശേഷണം നല്‍കിയത്.


1943 ജനുവരി 26 ന് ഇന്ത്യന്‍സ്വാതന്ത്ര്യ ദിനമായി അദ്ദേഹം ബെര്‍ലിനില്‍ ആഘോഷിക്കുകയുണ്ടായി. അതേവര്‍ഷം തന്നെ അദ്ദേഹം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റി.

രാണ്ടാം ലോക മഹായുദ്ധത്തില്‍് ബ്രിട്ടനെതിരേ യുദ്ധം ചെയ്യാന്‍ ഭാരതീയനായ തനിക്കു കടമയുണ്ടെന്ന് അദ്ദേഹം കരുതി. അതിനായി അദ്ദേഹം സോവ്യറ്റ് യൂണിയന്റെയും ജര്‍മനിയുടെയും ജപ്പാന്റെയും സഹായം തേടി. ജപ്പാന്റെ സഹായത്തോടെ അദ്ദേഹം ഐഎന്‍എ(ഇന്ത്യന്‍ നാഷണല്‍ ആര്‍മി) രൂപവത്കരിച്ചു. എന്നാല്‍ യുദ്ധത്തില്‍ ജപ്പാനും ജര്‍മനിയും പരാജയപ്പെട്ടത് ബോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായി.

1945 ജൂലൈയില്‍ സിംഗപ്പൂരില്‍ വിളിച്ചു ചേര്‍ത്ത ഐ.എന്‍.എ. സൈനികരുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചരിത്ര പ്രസിദ്ധമായ. "ചലോദില്ലി' എന്ന മുദ്രാവാക്യമുയര്‍ത്തി. ""ഡല്‍ഹിയിലേക്കുള്ള പാതകള്‍ പലതാണ്. എങ്കിലും നമ്മുടെ ലക്ഷ്യം എപ്പോഴും ഡല്‍ഹി തന്നെ. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും, അധികം വൈകാതെ.'' അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 16ന് അദ്ദേഹം സിംഗപ്പൂരില്‍ നിന്ന് ജപ്പാന്റെ ബോംബര്‍ വിമാനത്തില്‍ ബാങ്കോക്കിലേക്കു യാത്രതിരിച്ചു. കേണല്‍ ഹബീബുര്‍ റഹ്മാന്‍, പ്രീതം സിംഗ്, എസ്.എ. അയ്യര്‍ എന്നിവരും ബോസിനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ബാങ്കോക്കില്‍ വച്ച് വിവിധ രാജ്യങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ചയ്ക്കുശേഷം പിറ്റേദിവസം ഒരു ചെറുവിമാനത്തില്‍ റഹ്മാനും നേതാജിയും തായ്‌ലന്‍ഡ് സര്‍ക്കാരിലെ പ്രമുഖരുമായി രഹസ്യകൂടിക്കാഴ്ചയ്ക്കായി സെയ്‌ഗോണിലേക്ക് പുറപ്പെട്ടു. അതിനു ശേഷം നേതാജിയെക്കുറിച്ച് വിവരമൊന്നുമില്ല. അത് അദ്ദേഹത്തിന്റെ അവസാനയാത്രയായിരുന്നു. വൈകുന്നേരം അഞ്ചേകാല്‍ മണിക്ക് തായ്‌പെയ്ക്കടുത്ത് വിമാനം തകര്‍ന്നു വീണെന്നും പരിക്കേറ്റ ബോസ് തായ്‌പേയിയിലെ സൈനികാശുപത്രിയില്‍ രാത്രി എട്ടുമണിയോടെ അന്ത്യശ്വാസം വലിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പറയുന്നു.


ഡല്‍ഹി ആസ്ഥാനമായിട്ടുള്ള സംഘടനയായ 'മിഷന്‍ നേതാജി' സുഭാഷ് ചന്ദ്രബോസിന്റെ മരണ കാരണം വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് 2008 ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ രേഖകളുടെ പകര്‍പ്പുകള്‍ അവര്‍ക്ക് നല്‍കി.


ബോസിന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ചന്വേഷണം നടത്തിയ എല്ലാ അന്വേഷണക്കമ്മീഷനുകളും ഇക്കാര്യം ആവര്‍ത്തിക്കുന്നു. 1956-ല്‍ പ്രധാനമന്ത്രി നെഹ്‌റു ബോസിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തി. മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍, നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്രബോസ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ചീഫ് കമ്മീഷണര്‍ എസ്.എന്‍. മൈത്ര എന്നിവര്‍ അംഗങ്ങള്‍. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്നു തന്നെ ഷാനവാസും മൈത്രയും അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേഷ് ചന്ദ്രബോസ് യോജിച്ചില്ല. വിവാദം വീണ്ടും തുടര്‍ന്നു. 1970-ല്‍ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.ഡി. ഖോസ്ല ഏകാംഗമായി ഒരു കമ്മീഷനെ നിയമിച്ചു. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്ന് കമ്മീഷനും സ്ഥിരീകരിച്ചു. 'വിമാന ത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ സീറ്റി}ു സമീപത്ത് ഒരു ഇന്ധന ടാങ്ക് ഉണ്ടായിരുന്നു. വിമാനം പൊട്ടിത്തെറിച്ചപ്പോള്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം സുഭാഷ് ചന്ദ്രബോസിന്റെ വസ്ത്രത്തില്‍ പടര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള കൗണ്ടര്‍ ഇന്‍റജിലന്‍സ് രേഖ പറയുന്നു. മാരകമായി പൊള്ളലേറ്റ് സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്നാണ് നിഗമനം.

ബോസിന്റെ മരണത്തെക്കുറിച്ചു വിവരം നല്‍കിയത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനുമായിരുന്ന ഹബീബ് ഉര്‍ റഹ്മാനാണ്. ബോസിന്റെ ജീവചരിത്രം രചിച്ച ഒരു ചരിത്രകാരന്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്: ""ഓഗസ്റ്റ് 17-നു വൈകിട്ടു അഞ്ചേകാല്‍ മണിക്ക് വിമാനം പറന്നുയര്‍ന്നു. "ജയ്ഹിന്ദ് നമുക്ക് പിന്നീട് കാണാം' എന്ന് സഹപ്രവര്‍ത്തകരോടു പറഞ്ഞുകൊണ്ടാണ് ബോസ് വിമാനത്തില്‍ കയറിയത്. തായ്‌പേയ് അടുക്കാറായപ്പോള്‍ വിമാനം തകര്‍ന്നു വീണു. അതിന്റെ മുന്‍ഭാഗം തെറിച്ചു പോയി. വിമാനം അഗ്നിക്കിരയായി. "മുന്‍ഭാഗത്തുകൂടി പുറത്തു ചാടിക്കൊളളൂ; പിന്‍പില്‍ കൂടി ഇറങ്ങാന്‍ വഴിയില്ല'. എന്ന് ബോസ് റഹ്മാനോടു പറഞ്ഞു. നേതാജിയുടെ വസ്ത്രങ്ങള്‍ക്കു തീപിടിച്ചു. അദ്ദേഹം കാക്കി വേഷമാണ് അണിഞ്ഞിരുന്നത്. കേണല്‍ റഹ്മാന്‍ നേതാജിയെ പുറത്തെടുത്തു .തറയില്‍ കിടത്തി. അദ്ദേഹത്തിന്റെ ശിരസില്‍ ഇടതു ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു. നെറ്റിപൊളളി കരുവാളിച്ചിരുന്നു. മുടി മുഴുവന്‍ കരിഞ്ഞുപോയി. മുറിവില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയായിരുന്നു, റഹ ്മാന്‍ ഒരു കൈലേസ് കൊണ്ട് മുറിവ് പൊതിഞ്ഞുകെട്ടി. പരിക്കേറ്റ മറ്റുളളവരോടൊപ്പം നേതാജിയെ തായ്‌പെയിയിലുളള സൈനികാശുപത്രിലേക്ക്‌കൊണ്ടു പോയി. ആശുപത്രിയിലെ ഡോക്ടര്‍ യോഷിമിയാണ് നേതാജിയെ ചികിത്സിച്ചത്. നേതാജിയുടെ സ്ഥിതി വളരെ മോശമാണെന്നും വെളുക്കും മുമ്പ് അന്ത്യം സംഭവിച്ചേക്കുമെന്നും ഡോക്ടര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു . രാത്രി ഏഴര മണിക്ക് നേതാജിയുടെ സ്ഥിതി വഷളായി എന്ന് ഡോക്ടര്‍ക്ക് വിവരം ലഭിച്ചു. അദ്ദേഹം വീണ്ടും നേതാജിയെ പരിശോധിച്ചു. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് കുറഞ്ഞു കുറഞ്ഞു വന്നു. എട്ടുമണിയോടുകൂടി മഹത്തായ ആ ജീവിതത്തിനു തിരശ്ശീലവീണു.''

നേതാജിയുടെ മരണത്തെക്കുറിച്ചു കേണല്‍ റഹ്മാന്റെ വിവരണങ്ങള്‍ കെട്ടുകഥയാണെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ലീഗിലെയും ഐ.എന്‍.എയിലെയും പലരും അഭിപ്രായപ്പെട്ടതോടെയാണ് അതു പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നതും അന്വേഷണക്കമ്മീഷനുകള്‍ രൂപീകരിക്കുന്നതും.എന്നാല്‍ നേതാജി വീണ്ടും ചരിത്രത്തിന്റെ പിടികിട്ടാപ്പുളളിയായി മാറാന്‍ കാരണം 1999 മെയ് 14-നു വാജ്‌പേയി സര്‍ക്കാര്‍ നിയമിച്ച മനോജ് കുമാര്‍ മുഖര്‍ജിയുടെ ചില വെളിപ്പെടുത്തലുകളാണ്. മുഖര്‍ജിക്കമ്മീഷന്‍ റിപ്പോര്‍ട്ട്് സര്‍ക്കാര്‍ തളളിക്കളഞ്ഞെങ്കിലും "നേതാജി മരിച്ചു, പക്ഷേ അത് വിമാന അപകടത്തിലല്ല' എന്ന റിപ്പോര്‍ട്ടിലെ ഭാഗം സത്യമാണെന്നു വലിയൊരുവിഭാഗം ആളുകള്‍ വിശ്വസിക്കുന്നു.

അതി}ൊരു കാരണം ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ജീവിച്ചിരുന്ന ഭഗവന്‍ജി എന്ന സന്യാസിയാണ്. നേതാജിയാണു താനെന്നു സ്വകാര്യ സംഭാഷണത്തില്‍ അവകാശപ്പെട്ട ഭഗവന്‍ജിക്ക് നേതാജിയുമായി നിരവധി സാദൃശ്യങ്ങളുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഡോട്ട് കോം കണ്ടെത്തുകയുണ്ടായി. സുഭാഷ് ചന്ദ്രബോസ് തന്നെയാണ് ഭഗവന്‍ജി എന്നു സൂചിപ്പിക്കുന്നതാണു് ഹിന്ദുസ്ഥാന്‍ ടൈംസ്‌ഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ട്. ബോസിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയ മുഖര്‍ജി ഒരു അഭിമുഖത്തില്‍ ഭഗവന്‍ജി നേതാജിയാണെന്നാണ് തന്റെ വിശ്വാസമെന്ന് തുറന്നു പറയുകയും ചെയ്തു.

1985 സെപ്റ്റംബറില്‍ അന്തരിച്ച ഭഗവന്‍ജിയുടെ ജീവിതവും പ്രവര്‍ത്ത}ങ്ങളും ദുരൂഹത നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം വളരെ രഹസ്യം നിറഞ്ഞതായിരുന്നെന്ന് അദ്ദേഹത്തിന്റെ ശിഷ്യര്‍ തന്നെ വ്യക്തമാക്കുന്നു. വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹം തന്റെ മുറിയില്‍ നിന്നു പുറത്തു വന്നിരുന്നുളളു. അനുയായികളോടു സംസാരിച്ചിരുന്നതു പോലും തിരശീലയുടെ പിന്നില്‍ ഇരുന്നു കൊണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസാണു താനെന്നു ചിലരോടു മാത്രം അദ്ദേഹം പറഞ്ഞു. അദ്ദേഹം എവിടെനിന്നു വന്നുവെന്നോ തങ്ങള്‍ കാണും മുമ്പ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നോ ശിഷ്യര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല.


ഭഗവന്‍ജിയും നേതാജിയും ഒരാളാണെന്നു പറയുന്നവര്‍ പല തെളിവുകളും നിരത്തുന്നു.

1) നേതാജിയുടേതിനു സമാനമായ വട്ടക്കണ്ണടയും സ്വര്‍ണവാച്ചും ഭഗവന്‍ജിക്കുമുനായിരുന്നു.(1945-ല്‍ നടന്നു എന്നു പറയപ്പെടുന്ന അപകടത്തിനു ശേഷം നേതാജിയുടെ വാച്ചും കണ്ണടയും കണ്ടെത്താനായിരുന്നില്ല).

2)നേതാജിയുടെ കുടുബത്തിലെ അപൂര്‍വ ഫോട്ടോകള്‍ ഭഗവന്‍ജിയുടെ ആശ്രമത്തില്‍ നിന്നു ലഭിച്ചു.

3)നേതാജിയുടെ കൈയക്ഷരവും ഭഗവന്‍ജിയുടേതു മായുളള സാമ്യം.

4)നേതാജിയുടെ പല്ലുകള്‍ക്കിടയിലുണ്ടായിരുന്നതു പോലെയുളള വിടവ് ഭഗവന്‍ജിക്കുമുണ്ടായിരുന്നു.

5)നേതാജിയുടെ വയറിലുണ്ടായിരുന്നതു പോലുളള മുറിപ്പാട് ഭഗവന്‍ജിയുടെ ശരീരത്തിലുമുണ്ടായിരുന്നു.

6) ഇരുവരുടെയും ഉയരം തുല്യം.

7) ബോസ് കുടുംബത്തില്‍ നിന്നുള്ള ചിലര്‍ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു.

8) നേതാജിക്ക് അറിയാമായിരുന്ന വിദേശ ഭാഷകളും ഇന്ത്യന്‍ ഭാഷകളും ഭഗവന്‍ജിക്കും അറിയാമായിരുന്നു.

തെളിവുകളുടെ പട്ടിക ഇങ്ങനെ കുറച്ചു നീളുന്നു.

എന്തായാലും നേതാജി (സ്വതന്ത്ര ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്ന് ഇപ്പോഴും ധാരാളം പേര്‍ ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നു. കോടിക്കണക്കിന് ഭാരതീയരുടെ മനസില്‍ സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജിക്ക് ഒരിക്കലും മരണമില്ലെന്നതു വേറൊരു കാര്യം.

FACEBOOK COMMENT BOX