Monday, July 23, 2012

പറയേണ്ടിയിരുന്നത്

ഗുന്തര്‍ ഗ്രാസ്
................................


ഞാന്‍ എന്തുകൊണ്ടു നിശബ്ദനായിരുന്നു?
യുദ്ധക്കളികളില്‍ മറയില്ലാതെ ചെയ്യുന്ന ഒന്നിനെക്കുറിച്ച്
ഇത്രയേറെക്കാലം പറയാന്‍ മടിച്ചതെന്തേ,
ഒടുക്കം
നമ്മളില്‍ അവശേഷിക്കുന്നവര്‍
ഏറിയാല്‍ അടിക്കുറിപ്പുകള്‍ മാത്രമായിരിക്കുമെന്നിട്ടു കൂടി

ഒരു വായാടിക്കു കീഴടങ്ങുന്ന,
അയാള്‍ റാലികളായി കൊരുത്തിരിക്കുന്ന ഇറേനിയന്‍ ജനതയെ 
ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള 
ആദ്യ ആക്രമണത്തിനുള്ള അവകാശമാണത്, 
ഉള്ളതായി പറയപ്പെടുന്ന അവകാശം. 
കാരണം അയാളുടെ അധികാര സീമയില്‍
അണുബോംബിന്റെ നിര്‍മാണം നടക്കുന്നുവത്രെ

നിരീക്ഷണവും മേല്‍നോട്ടവുമില്ലാതെ,
ഒരുതരം പരിശോധനയുമില്ലാതെ
കാലങ്ങളായി അണുവായുധങ്ങള്‍ ശേഖരിക്കുന്ന
മറ്റേ രാജ്യത്തിന്റെ പേരുപറയാന്‍
ഞാന്‍ മടിക്കുന്നതെന്തു കൊണ്ട് ?

ഇവിടെ,
പൊതുവായ മൗനം, വസ്തുതകളെക്കുറിച്ചുള്ളതായിരുന്നു
അതിനു മുന്നില്‍ എന്റെ മൗനം തലകുനിക്കുകയായിരുന്നു
അസ്വസ്ഥമാക്കുന്ന, ബലമായി ചാര്‍ത്തപ്പെട്ട
അസത്യമാണത്
മൗനം ഭഞ്ജിക്കപ്പെടുമ്പോള്‍
'ജൂതവിരുദ്ധനെന്ന വിധിവാചകം
എളുപ്പത്തില്‍ വീണേക്കാം

മിക്കപ്പോഴും 
എന്റെ മാതൃരാജ്യം അതിന്റെ ഹീനവും അതുല്യവുമായ കുറ്റകൃത്യങ്ങളുടെ പേരില്‍
വിചാരണ ചെയ്യപ്പെടുന്നു
എന്റെയീ രാജ്യം ഇസ്രയേലിനു മറ്റൊരന്തര്‍വാഹിനി കൂടി നല്‍കിയിരിക്കുന്നു
തികച്ചുമൊരു വ്യാപാരയിടപാട്; 
പരിഹാരക്രിയയെന്നു വാചകക്കസര്‍ത്ത് 
മുങ്ങിക്കപ്പലിന്റെ സവിശേഷത
അതിന് അണുബോബുകള്‍ തൊടുക്കാന്‍ കഴിയുമെന്നതാണ്,
ഒരൊറ്റ അണുബോംബുമുള്ളതായി 
ഇനിയും തെളിഞ്ഞിട്ടില്ലാത്ത ഒരു പ്രദേശത്തേക്ക്.
ഉണ്ടെന്ന ഭയംതന്നെ മതിയായ തെളിവ്, 
പറയേണ്ടതു ഞാന്‍ പറയും.

പക്ഷേ, 
ഇതുവരെ ഞാനെന്തിനു നിശബ്ദനായി ? 
ഒരിക്കലും മായ്ക്കാനാവാത്തൊരു കറയാല്‍
കളങ്കിതമായ എന്റെ ജന്മം കാരണത്താല്‍
എന്റെയീ പരസ്യമായ സത്യപ്രഖ്യാപനം 
അംഗീകിക്കില്ലെന്നറിയാമായിരുന്നു,
ഞാന്‍ എന്നും, എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഇസ്രയേല്‍
വളരെ ലോലമായ ലോക സമാധാനത്തെ 
ഇസ്രയേലിന്റെ ആണവശക്തി അപകടപ്പെടുത്തുന്നതായി
എന്തുകൊണ്ടിപ്പോള്‍, ഞാനീ വാര്‍ധക്യത്തില്‍ 
അവശേഷിക്കുന്ന മഷിത്തുള്ളിയാല്‍ പറയുന്നു ?

കാരണം, 
പറയേണ്ടതു പറഞ്ഞില്ലെങ്കില്‍,
നാളെ വൈകിപ്പോയാലോ ?
ജര്‍മന്‍കാര്‍ എന്ന നിലയില്‍ പാപഭാരം ചുമക്കുന്ന നാം
മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നൊരു കുറ്റകൃത്യത്തിനു 
ദ്രവ്യം പകര്‍ന്നാല്‍
ആ കുറ്റകൃത്യ പങ്കാളിത്തത്തെ 
ഒരു സാധാരണ ന്യായത്താലും 
മായിച്ചു കളയാനാവില്ല.

ഞാന്‍ എന്റെ മൗനം ഭഞ്ജിക്കുന്നു,
കാരണം, 
പാശ്ചാത്യ ലോകത്തിന്റെ കപടത എനിക്കു മടുത്തു
പലരും തങ്ങളുടെ മൗനങ്ങളില്‍ നിന്നു മോചിതരാവുമെന്നു 
ഞാന്‍ സ്വനം കാണുന്നു
നാം നേരിടുന്ന പരസ്യമായ അപകടത്തിന്റെ ഉത്തരവാദികളോട് 
ആക്രമണം വെടിയാന്‍ ആവശ്യപ്പെടുമെന്നും. 
ഇസ്രയേലിനോടും ഇറാനോടും 
തങ്ങളുടെ ആണവശക്തിയെ 
അന്താരാഷ്ട്ര നിരീക്ഷണത്തിന് 
തുറന്നു കൊടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും.

മറ്റു രക്ഷാമാര്‍ഗങ്ങളില്ല 
ഇസ്രയേലികള്‍ക്കും പാലസ്തീനികള്‍ക്കും ,
മിഥ്യാബോധങ്ങള്‍ കൈവശപ്പെടുത്തിയ ഈ പ്രദേശത്തു
ശത്രുതയില്‍ തോളോടു തോള്‍ ചേര്‍ന്നു ജീവിക്കുന് ഓരോരാജ്യത്തിനും 
ആത്യന്തികമായി നമ്മള്‍ ഓരോരുത്തര്‍ക്കും.

................................................................................................................
* വിഖ്യാത ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന്റെ വാട്ട് മസ്റ്റ് ബി സെഡ് എന്ന കവിതയുടെ സ്വതന്ത്രവിവര്‍ത്തനം. അമേരിക്കയില്‍ ന്യൂയോര്‍ക്ക് ടൈംസും റോമില്‍ ലാ റിപ്പബ്ലിക്കയും ഒരേ സമയം ഈ കവിത പ്രസിദ്ധീകരിച്ചു.
FACEBOOK COMMENT BOX