Friday, December 26, 2008

'ഞാനൊരു നടനാകാന്‍ ആഗ്രഹിച്ചു പക്ഷേ...............


sandeep salim


'ഞാനൊരു നടനാകാന്‍ ആഗ്രഹിച്ചു പക്ഷേ, ഒരു നാടകകൃത്താകാനാണ്‌ കഴിഞ്ഞത്‌. പക്ഷേ എന്നെങ്കിലും ഞാനൊരു മഹാനടനാകും.'' ഇന്നലെ അന്തരിച്ച ബ്രിട്ടീഷ്‌ നാടകകൃത്ത്‌ ഹാരോള്‍ഡ്‌ പിന്റര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്‌. അദ്ദേഹത്തിന്‌ ഒരു മഹാനടനാകാന്‍ കഴിഞ്ഞില്ല. എന്നാല്‍, അനുപമമായ രചനാശൈലി കൊണ്ടും പ്രതിഭ കൊണ്ടും വേദികളില്‍ അഭിനയത്തികവിന്റെ വിസ്‌മയങ്ങള്‍ തീര്‍ത്ത നിരവധി കഥാപാത്രങ്ങളുടെ സൃഷ്‌ടാവാകാന്‍ കഴിഞ്ഞു.


ലണ്ടനിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ജാക്ക്‌ പിന്ററിന്റേയും ഫ്രാന്‍സെസിന്റെയും മകനായി ലണ്ടനിലെ കിഴക്കന്‍ നഗരമായ ഹാക്‌നിയയില്‍ 1930 ഒക്‌ടോബര്‍ പത്തിന്‌ ജനിച്ച പിന്റര്‍ ബാല്യകാലത്തു തന്നെ നാടകങ്ങളോട്‌ പ്രത്യേക താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. അന്നു മുതല്‍ ഒരു നാടകക്കാരനാകണം എന്ന ചിന്ത പിന്ററിന്റെ മനസില്‍ രൂപപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത്‌ നിരവധി നാടകങ്ങളില്‍ മികവുറ്റ അഭിനയം കാഴ്‌ചവയ്‌ച്ച പിന്ററിന്‌ മാതാപിക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു. നാടകങ്ങളോടൊപ്പം എഴുത്തിലും താത്‌പര്യം പ്രകടിപ്പിച്ചിരുന്ന പിന്റര്‍ 1950 കളില്‍ നിരവധി കവിതകള്‍ രചിച്ചിരുന്നു. ഒരു ലഹരിപോലെ നാടകത്തെ കണ്ടിരുന്ന പിന്റര്‍ 1950-ല്‍ 'ഡേവിഡ്‌ ബാരണ്‍' എന്ന പേരി ല്‍ നിരവധി ചെറു നാടക സംഘങ്ങളില്‍ അഭിനയിച്ചിരുന്നു. അക്കാലങ്ങളിലൊന്നും പിന്ററിന്റെ വഴി അഭിനയമല്ലെന്ന്‌ അദ്ദേഹമോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വളരെ യാദൃശ്ചികമായാണ്‌ ഒരു നാടകകൃത്തായി അദ്ദേഹം മാറുന്നത്‌.


ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ ഡ്രാമാ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സുഹൃത്ത്‌ ഹെന്റ്രി വൂള്‍ഫുമായി (പിന്നീട്‌ പ്രശസ്‌ത നടനായി) നടത്തിയ സൗഹൃദ സംഭാഷണമാണ്‌ പിന്ററെ ഒരു നാടകകൃത്തിന്റെ മേലങ്കി അണിയാന്‍ പ്രേരിപ്പിക്കുന്നത്‌. സംഭാഷണത്തിനിടയില്‍ പിന്റര്‍ വിശദീകരിച്ച ഒരാശയത്തെ അവലംബിച്ച്‌ ഒരു നാടകം രചിക്കണമെന്ന സുഹൃത്തിന്റെ സ്‌നേഹപൂര്‍വ്വമുളള നിര്‍ബന്ധത്തിന്‌ വഴങ്ങി രചിച്ച 'ദി റൂം' എന്ന നാടകം തന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാകുമെന്ന്‌ പിന്റര്‍ കരുതിയിരുന്നില്ല. ലണ്ടനിലെ യൂണിവേഴ്‌സിറ്റി തലത്തില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളില്‍ ആ വര്‍ഷത്തെ (1957 ലെ) ഏറ്റവും മികച്ച നാടകമായി 'ദി റൂം' തിരഞ്ഞെടുക്കപ്പെട്ടു. ആ ദിനം ഹരോള്‍ഡ്‌ പിന്റര്‍ എന്ന പ്രതിഭാധനനായ നാടകകൃത്തിന്റെയും ജനനത്തിന്‌ സാക്ഷ്യം വഹിച്ചു. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ദി ബര്‍ത്ത്‌ ഡേ പാര്‍ട്ടി' എന്ന നാടകം ലോകസാഹിത്യത്തില്‍ ഹരോള്‍ഡ്‌ പിന്ററിന്‌ അനിഷേദ്ധ്യമായ ഇരിപ്പിടം നല്‍കി. അതിലെ ഗോള്‍ഡ്‌ ബെര്‍ഗ്‌ എന്ന കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിച്ചതും പിന്ററായിരുന്നു. പിന്നീട്‌ ഒരിക്കലും അദ്ദേഹത്തിന്‌ തിരിഞ്ഞു നോക്കേ ണ്ടിവന്നിട്ടില്ല.


വികസിതരാജ്യമായ ഇംഗ്ലണ്ടില്‍ ജനിച്ചു വള ര്‍ന്നെങ്കിലും ആഡംബരത്തിന്റെയും സുഖലോലുപതയുടേയും വെള്ളിവെളിച്ചം ഒരിക്കലും പിന്ററെ ഭ്രമിപ്പിച്ചിട്ടില്ല. ധനാഢ്യരുടെ പണാധിപത്യ കാഴ്‌ചപ്പാടുകളും വികസന സങ്കല്‍പങ്ങളും മൂലം ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും പുറമ്പോക്കിലേക്ക്‌ ഇറങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട സാധാരണക്കാരുടെ നൊമ്പരങ്ങളെ തന്റെ നാടകങ്ങളിലൂടെ മുഖ്യധാരയിലെത്തിക്കാന്‍ പിന്റര്‍ എക്കാലവും ശ്രദ്ധിച്ചിരുന്നു.


സാമ്രാജിത്വ അധിനിവേശത്തേയും ഇംഗ്ലണ്ടും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുളള വികസിതരാജ്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന അധികാര രാഷ്‌ട്രീയ സമവാക്യങ്ങളേയും എക്കാലവും വിമര്‍ശിച്ച വ്യക്തിയായിരുന്നു പിന്റര്‍. തന്റെ ചിന്തയിലോ മാനവികതയിലോ ഇത്തരം നിലപടുകള്‍ക്ക്‌ ഒരിക്കലും സ്ഥാനമില്ലായിരിക്കുമെന്ന്‌ അദ്ദേഹം പലതവണ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ 'വണ്‍ ഫോര്‍ ദ റോഡ്‌' എന്ന നാടകത്തിലൂടെ തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞ പിന്റര്‍ 1991 ല്‍ രചിച്ച 'പാര്‍ട്ടി ടൈം'മിലൂടെ ശക്തമായ രാഷ്‌ട്രീയ വിമര്‍ശനത്തിന്റെ പാതതുറന്നു.


മലയാളത്തിലെ പ്രമുഖ സാഹിത്യ വിമര്‍ശകനായിരുന്ന എം. കൃഷ്‌ണന്‍ നായര്‍ ഒരിക്കല്‍ തന്റെ ലേഖനത്തില്‍ ഹരോള്‍ഡ്‌ പിന്ററെ കുറിച്ച്‌ പറഞ്ഞതിങ്ങനെയാണ്‌ `ബ്രിട്ടീഷ്‌ നാടക ശാഖയെ രണ്ടായി വിഭജിക്കാന്‍ പിന്ററിന്‌ കഴിഞ്ഞു. ബിഫോര്‍ 1957 എന്നും ആഫ്‌റ്റര്‍ 1957 എന്നും.`. കൃഷ്‌ണന്‍ നായരുടെ പ്രസ്ഥാവന അല്‌പം കടന്നു പോയി എന്നു വിമര്‍ശിച്ചവര്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്‌, ആധുനിക ഇംഗ്ലീഷ്‌ നാടക രംഗത്ത്‌ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുളള വ്യക്തികളില്‍ ഒരാളായിരുന്നു ഹരോള്‍ഡ്‌ പിന്റര്‍ എന്നത്‌.


നാടകകൃത്ത്‌ എന്ന നിലയില്‍ മാത്രമല്ല കവി, തിരക്കഥാകൃത്ത്‌, സംവിധായകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഹരോള്‍ഡ്‌ പിന്റര്‍. ഓസ്‌കര്‍ അവാര്‍ഡിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ട 'ദ ഫ്രഞ്ച്‌ ലഫ്‌റ്റനന്റ്‌സ്‌ വുമണും'(1981), 'ബിട്രേയ'ലും(1983) പിന്ററിന്റെ തിരക്കഥയില്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളാണ്‌.


ലോകപ്രശസ്‌തമായ നിരവധി പുരസ്‌കാരങ്ങളും പിന്ററിനെ തേടിയെത്തിയിരുന്നു. 2005-ല്‍ ല ഭിച്ച നോബല്‍ സമ്മാനം പിന്ററിന്റെ പ്രതിഭയ്‌ക്ക്‌ ലഭിച്ച ഏറ്റവും ഉചിതമായ അംഗീകാരമായാണ്‌ ലോകം വിലയിരുത്തിയത്‌. നോബല്‍ സമ്മാനം സ്വീകരിച്ചു കൊണ്ട്‌ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഇറാഖില്‍ അമേരിക്ക നടത്തിയ സായുധ അധിനിവേശത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. `ഇറാഖിലെ വരുംതലമുറ നമ്മെ ഇതിന്റെ പേരില്‍ തളളിപ്പറയും. നമ്മളെ പ്രാകൃത ശിലായുഗത്തിലേക്ക്‌ തളളിവിടുന്ന ഒരു പ്രവര്‍ത്തിയായിട്ടാണ്‌ ഞാനിതിനെ വിലയിരുത്തുന്നത്‌.'' എന്നാണ്‌ ഇറാഖ്‌ അധിനിവേശത്തെ പിന്റര്‍ വിശേഷിപ്പിച്ചത്‌. സാമാജ്യത്യ പ്രവണതകള്‍ക്കെതിരേ പ്രതികരിച്ചിരുന്ന പിന്റര്‍ അമേരിക്കയുടേുയും ബ്രിട്ടന്റെയും നടപടികള്‍ക്കെതിരേ ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളെ ലോകം ശ്രദ്ധയോടെയാണ്‌ കാതോര്‍ത്തിരുന്നത്‌.


എക്കാലവും നാടകവും ആള്‍ക്കൂട്ടവും ആഘോഷങ്ങളും പിന്ററെ സ്വാധീനിച്ചിരുന്നു. നാടകം എന്ന കലാരൂപത്തോടുളള അഭിനിവേശമാണ്‌ ഒരൊറ്റമൂലി പോലെ ദീര്‍ഘകാലമായി ക്യാന്‍സര്‍ രോഗബാധിതനായിരുന്ന പിന്ററുടെ ജീവനെ പിടിച്ചു നിര്‍ത്തിയതെന്ന്‌ പറയാം. അദ്ദേഹം തന്നെ ഇക്കാര്യ വ്യക്തമാക്കിയിട്ടുമുണ്ട്‌. പിന്ററുടെ ജീവിതത്തിനു മരണം തിരശീല ഇട്ടെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്‌ടികളും കഥാപാത്രങ്ങളും സാഹിത്യ ലോകത്തും അനുവാചക ഹൃദയങ്ങളിലും എന്നും നിലനില്‍ക്കും.

Saturday, December 20, 2008

രാഷ്ട്രീയത്തിലെ രാജാ സാഹിബ്‌..............

sandeep salim

വശ്യമായ പുഞ്ചിരിയും നയചാതുരിയുടെ വിളനിലവുമായിരുന്ന രാജാ സാബിബ്‌ എന്ന്‌ സുഹൃത്തുക്കള്‍ വിളിക്കുന്ന വിജയ്‌ പ്രതാപ്‌ സിംഗ്‌ 1931 ല്‍ അലഹബാദിലാണ്‌ ജനിച്ചത്‌. സയന്‍സിലും ആര്‍ട്‌സിലും ബിരുദമെടുത്ത വി പി സിംഗ്‌ ഒരു രാഷ്‌ട്രീയക്കാരന്റെ കുപ്പായത്തില്‍ പ്രത്യക്ഷപ്പെടുമെന്ന്‌ ഒരുപക്ഷേ അടുത്ത സുഹൃത്തുക്കള്‍ പോലും കരുതിയിരുന്നില്ല.

പഠനകാലത്തുതന്നെ ഹിന്ദി കവിതകളോട്‌ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സിംഗിന്റെ വഴി ഒരു സാഹിത്യകാരന്റേതായിരിക്കുമെന്ന്‌ അധ്യാപകരും പ്രവചിച്ചു. എന്നാല്‍ മാന്‍ഡയിലെ രാജാവിന്റെ വളര്‍ത്തു പുത്രനായിരുന്ന വി പി എല്ലാ പ്രവചനങ്ങളേയും കാററ്റില്‍ പറത്തി.

ജീവിതത്തില്‍ ചിന്തയിലും നിലപാടുകളിലും മാനവികതയിലും ഒരു രാജാവിന്റെ ആഢ്യത്വം കാത്തു സൂക്ഷിച്ചിരുന്നെങ്കിലും ഒരിക്കലും അത്‌ ആഡംബരത്തിന്‌ വഴിമാറിയിരുന്നില്ല.

വിനോബാ ഭാവെ നേതൃത്വം നല്‍കിയ ഭൂദാന പ്രസ്ഥാനത്തിലൂടെയാണ്‌ വിപി സിംഗ്‌ ഒരു പൊതുപ്രവര്‍ത്തകനാവുന്നത്‌. 1957 ല്‍ അലഹബാദില്‍ പസ്‌ന ഗ്രാമത്തില്‍ തന്റെ പേരിലുണ്ടായിരുന്ന കൃഷി സ്ഥലം കര്‍ഷകര്‍ക്ക്‌ ദാനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം പ്രസ്ഥാനത്തോടുളള കൂറ്‌ വ്യക്‌തമാക്കി. ഏറ്റെടുക്കുന്ന കാര്യത്തിന്റെ വിജയത്തിനുവേണ്ടി എത്രവലിയ ത്യാഗം സഹിക്കാനും തയാറാകാന്‍ അദ്ദേഹത്തിന്‌ മടിയില്ലായിരുന്നു. ഈ ഒരു മനോഭാവമാണ്‌ അദ്ദേഹത്തെ രാഷ്‌ട്രീയത്തിലും സമാനതകളില്ലാത്ത വ്യക്തിത്വമാക്കിയത്‌.

1969 ല്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ഉത്തര്‍പ്രദേശ്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും രാഷ്‌ട്രീയം തന്റെ വഴിയായിരിക്കുമെന്ന്‌ സിംഗോ സഹപ്രവര്‍ത്തകരോ കരുതിയിരുന്നില്ല. എന്നാല്‍ എല്ലാ അര്‍ഥത്തിലും ഒരു മനുഷ്യ സ്‌നേഹിയായിരുന്ന വി പി വളരെ പെട്ടന്നു തന്നെ പൊതുജീവിതത്തില്‍ ശ്രദ്ധേയനായിത്തീര്‍ന്നു. നിലപാടുകളിലും കാഴ്‌ചപ്പാടിലും വിട്ടുവീഴ്‌ചകള്‍ക്ക്‌ തയാറാകാത്ത വി.പി 1971ല്‍ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ രാഷ്‌ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‌ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1976 ല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ധനകാര്യ വകുപ്പില്‍ സഹമന്ത്രിയാക്കിയതോടെയാണ്‌ ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്‌. അടിയന്തരാവസ്ഥയ്‌ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ജനതാ തരംഗത്തില്‍ വി പി സിംഗിന്‌ തന്റെ സീറ്റ്‌ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.

പരാജയത്തെ തുടര്‍ന്ന്‌ കുറച്ചു കാലം മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിന്നു മാറിനിന്ന വി പി യുടെ രാഷ്‌ട്രീയ ഭാവി ഇരുളടഞ്ഞെന്ന ്‌ രാഷ്‌ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തി. എന്നാല്‍ 1980 ല്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിക്കൊണ്ട്‌ ശക്തമായ തിരിച്ചുവരവാണ്‌ അദ്ദേഹം നടത്തിയത്‌. പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്‌ ശോഭിക്കാനായില്ല. സംസ്ഥാനത്ത്‌ നടന്ന കൊളളക്കാരുടെ വ്യാപകമായ അക്രമങ്ങളും കൊലപാതകങ്ങളും അമര്‍ച്ച ചെയ്യുന്നതില്‍ 'മനുഷ്യസ്‌നേഹി'യായ മുഖ്യമന്ത്രിക്ക്‌ കഴിയാതെ പോയത്‌ സ്വാഭാവികം മാത്രം.

കളളപ്പണക്കാരുടേയും ജന്‍മിപ്രഭുക്കന്‍മാരുടേയും നിര്‍ലോഭമായ പിന്തുണ ലഭിച്ചിരുന്ന കൊളളക്കാര്‍ അലഹാബാദ്‌ ഹൈക്കോടതി ജഡ്‌ജിയായിരുന്ന തന്റെ സഹോദരനെ നിഷ്‌കരുണം വെടിവച്ചു കൊന്നപ്പോഴും നിസഹായനായി നോക്കിനില്‍ക്കാനേ വി പിക്കായുളളു. നിരപരാധികളായ അനേകം പേര്‍ ദിനംപ്രതി കൊല്ലപ്പെടുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ മനസുമടുത്ത വി പി 1982 ജൂലൈ മാസത്തില്‍ രാജിവച്ചു. അതും പ്രധാനമന്ത്രിയോട്‌ ആലോചിക്കുക പോലും ചെയ്യാതെ.

താമസിയാതെ കേന്ദ്രത്തില്‍ തിരിച്ചെത്തിയ വി പി വാണിജ്യ മന്ത്രിയായി. 1984 ലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയ അദ്ദേഹം അവിടുനിന്നു 82 പേരെ ലോക്‌സഭയിലെത്തിച്ച്‌ ഏല്‍പിച്ച ജോലി വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട്‌ ഒരു സംഘാടകന്‍ എന്ന നിലയിലും തന്റെ പ്രാവീണ്യം തെളിയിച്ചു.

വാണിജ്യമന്ത്രിസ്ഥാനം തനിക്ക്‌ ഇണങ്ങുമെന്ന്‌ നേരത്തെ തെളിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‌ ലഭിച്ചത്‌ ധനകാര്യ വകുപ്പായിരുന്നു. വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നെങ്കിലും ധനമന്ത്രി എന്ന നിലയില്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നു വി പി സിംഗിന്റേത്‌.

`നികുതി ഭാരം കൂടുതലാണെങ്കില്‍ സ്‌നേഹപൂര്‍വം അതുപറയാന്‍ മടിക്കരുത്‌`. വളരെ ദീര്‍ഘമൊയ ബജറ്റ്‌ അവതരണത്തിനിടയില്‍ ഇത്തരം കുശലങ്ങളും കുറിക്കുകൊളളുന്ന തമാശകളും കൊണ്ട്‌ ബജറ്റ്‌ അവതരണത്തെ വ്യത്യസ്‌തമാക്കിയ ധനമന്ത്രിയായിരുന്നു വി പി. കുറെ സ്ഥിതിവിവരക്കണക്കുകളുടെ അവതരണത്തിനപ്പുറം ബജറ്റ്‌ അവതരണത്തെ ജനകീയമാക്കിയതിന്റെ ക്രെഡിറ്റും വി പി സിംഗിന്‌ അവകാശ പ്പെട്ടതാണ്‌.

ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന സാമ്പത്തിക ധനകാര്യ പ്രസിദ്ധീകരണമായ ''യൂറോ മണി'' 1985 ല്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ധനമന്ത്രിയായി തെരഞ്ഞടുത്തത്‌ വി പി സിംഗിനെയാണ്‌. അദ്ദേഹത്തെ അടുത്തറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ഈ അവാര്‍ഡ്‌ അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്ക്‌ ലഭിച്ച വളരെ ചെറിയ അംഗീകാരമാണ്‌. ഒരിക്കല്‍ അദ്ദേഹത്തിന്റെ സുഹൃത്ത്‌ പറഞ്ഞത്‌ അദ്ദേഹം ഒരിക്കലും ഒരു മൂന്നാമനല്ല, ഒന്നാമന്‍ തന്നെയാണ്‌, യൂറോ മണിയ്‌ക്ക്‌ സംശയമുണ്ടായിരിക്കാം എന്നാല്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല എന്നാണ്‌.

ദരിദ്രരുടേയും സമ്പന്നരുടേയും ഇടയില്‍പ്പെട്ട്‌ അവഗണിക്കപ്പെടുന്ന മധ്യവര്‍ഗക്കാരന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അവര്‍ക്ക്‌ സഹായഹസ്‌തം നീട്ടുന്നതിനും ആവശ്യമായ നിര്‍ദേശം നല്‍കിയത്‌ വി പി സിംഗ്‌ അവതരിപ്പിച്ച ബജറ്റ്‌ ആയിരു ന്നു.

1987 ല്‍ ധനകാര്യവകുപ്പില്‍ നിന്നു പ്രതിരോധവകുപ്പിലേക്ക്‌ മാറിയ അദ്ദേഹം രാജീവ്‌ ഗാന്ധിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ രാജിവച്ചു. പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തിന്‌ രാജിവയ്‌ക്കേണ്ടി വന്നു. വി പി സിംഗിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായാണ്‌ ഈ തീരുമാനം പിന്നീട്‌ വിലയിരുത്തപ്പെട്ടത്‌.

കോണ്‍ഗ്രസില്‍ നിന്നു വഴിപിരിഞ്ഞ അദ്ദേഹം ജനമോര്‍ച്ച എന്ന സംഘടന സ്ഥാപിച്ചു. പില്‍ക്കാലത്ത്‌ ജനതാദള്‍ എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പിറവിക്ക്‌ ബീജാവാപം നിര്‍വഹിച്ചതും ഈ സംഘടനയാണ്‌.

1989 ലും 1991 ലും കോണ്‍ഗ്രസിനെതിരെ മല്‍സരിച്ച്‌ അദ്ദേഹം ലോക്‌സഭയിലെത്തി. ഭൂരിപക്ഷം നേടാന്‍ അദ്ദേഹം നേതൃത്വം കൊടുത്ത മുന്നണിക്ക്‌ സാധിക്കാതെ പോയെങ്കിലും ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ അദ്ദേഹം പ്രധാനമന്ത്രിയായി. ഒരേ സമയം ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും പിന്തുണ നേടുക വഴി ഏറ്റവും കൗശലക്കാരനായ രാഷ്‌ട്രീയക്കാരന്‍ എന്ന പേരും വി പി സിംഗിനെ തേടിയെത്തി.

എല്‍ കെ അഡ്വാനിയുടെ രഥയാത്ര തടയുക വഴി വര്‍ഗീയതയ്‌ക്കെതിരെയുളള തന്റെ നിലപാട്‌ വി പി സിംഗ്‌ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ ഇതിന്‌ അദ്ദേഹത്തിന്‌ വിലയായി നല്‍കേണ്ടി വന്നത്‌ തന്റെ പ്രധാനമന്ത്രിപദമായിരുന്നു. മന്ത്രിസഭയ്‌ക്കെതിരെ ബി.ജെ.പി അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ വി പിക്ക്‌ രാജിവച്ചൊഴിയേണ്ടി വന്നു.

1992 ലാണ്‌ അദ്ദേഹത്തിന്‌ അര്‍ബുദരോഗം സ്‌ഥിരീകരിക്കുന്നത്‌. അത്‌ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ രാഷ്‌ട്രീയത്തില്‍ നിന്നകന്ന്‌ കവിതാരചനയിലും ചിത്രരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ബി.ജെ.പി-കോണ്‍ ഗ്രസ്‌ ഇതര പാര്‍ട്ടികളുടെ ഉപദേഷ്‌ടാവായും പ്രവര്‍ത്തിക്കുകയായിരുന്നു.

മരണം ഇന്നലെ അദ്ദേഹത്തെ തേടിയെത്തുന്നതുവരെ തനിക്ക്‌ ശരിയെന്ന്‌ ബോധ്യമുണ്ടായിരുന്ന വഴികളിലൂടെ നടക്കാനുളള അസാമാന്യ ആര്‍ജവം അദ്ദേഹം കാട്ടിയിരുന്നു. ഏതാനും നാളുകള്‍ക്കു മുന്‍പ്‌ എഴുതിയ കവിതയില്‍ അദ്ദേഹം ഇങ്ങനെ എഴുതി;

`എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും നാള്‍ കുത്തിവരയ്‌ക്കുകയായിരുന്നു.ഇന്ന്‌ എനിക്ക്‌ ഒരു ഒപ്പു കടലാസ്‌ വേണം എല്ലാം മായ്‌ച്ച്‌ എനിക്ക്‌ ഒരിക്കല്‍ കൂടി വരച്ചു തുടങ്ങണം.`

മരണമാകുന്ന ഒപ്പു കടലാസ്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ വരകള്‍ക്കു പകരം ജീവന്‍ തന്നെ ഒപ്പിയെടുത്തപ്പോള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്‌ നഷ്‌ടമായിരിക്കുന്നത്‌ മനുഷ്യസ്‌നേഹിയായ ഒരു ധിക്കാരിയെയാണ്‌, എല്ലാ നിലയ്‌ ക്കും ആഢ്യത്വം കാത്തു സൂക്ഷിച്ച രാഷ്‌ട്രീയത്തിലെ രാജാ സാഹിബിനെയാണ്‌.

Friday, December 19, 2008

പി എന്‍ മേനോന്‍: നല്ല സിനിമകളുടെ കൂട്ടുകാരന്‍sandeep salim
മലയാള സിനിമാചരിത്രത്തില്‍ സ്വന്തമായൊരു അധ്യായം എഴുതിച്ചേര്‍ത്ത ചലച്ചിത്രകാരനാണ്‌ പി എന്‍ മേനോന്‍. സിനിമയെ ഒരു കമ്പോള ഉത്‌പന്നം എന്ന നിലയില്‍ മാത്രം കൈകാര്യം ചെയ്യുന്ന ആധുനിക ചലച്ചിത്രകാരന്‍മാര്‍ക്ക്‌ ഒരു പക്ഷേ, അപരിചിതമായ ചരിത്രമാണ്‌ പി എന്‍ മേനോന്റേത്‌.

1926 ല്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ കെ ഗോവിന്ദമേനോന്റെയും നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച പി എന്‍ മേനോന്‍ ചെറുപ്പത്തിലേ തന്നെ ചിത്രരചനയില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നു. അമ്പതുകളുടെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ സേലം മോഡേണ്‍ തീയേറ്റേഴ്‌സിലും രത്‌ന സ്‌റ്റുഡിയോയിലും കുറച്ചുകാലം ജോലി ചെയ്‌ത അദ്ദേഹത്തിനു ചില നാടക കലാകാരന്‍മാരുമായും ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ്‌ പി എന്‍ മേനോനെ കലാസംവിധായകനാക്കിയത്‌.

തെലുങ്ക്‌ നാടക-ചലച്ചിത്ര നടിയും പഴയ മദ്രാസ്‌ സംസ്ഥാനത്തെ മുഖ്യമന്ത്രി യുടെ മകളുമായിരുന്ന സൂര്യകുമാരിയുടെ നാടകസംഘത്തിലൂടെയാണു പി എന്‍ മേനോന്‍ എന്ന കലാസംവിധായകനെ പുറംലോകം അറിഞ്ഞു തുടങ്ങിയത്‌. സൂര്യകുമാരിയുടെ 'അല്ലു അര്‍ജുന' (ഇംഗ്ലീഷ്‌) എന്ന നാടകത്തിലൂടെയായിരുന്നു അദ്ദേഹം കലാസംവിധായകന്റെ കുപ്പായമണിഞ്ഞത്‌. പിന്നീട്‌ 1960 ല്‍ സി വി ശ്രീധറിന്റെ 'ഇവ്‌# താനേ അവന്‍' എന്ന ചിത്രത്തിനു കലാസംവിധാനം നിര്‍വഹിച്ചു കൊണ്ടു ചലച്ചിത്രലോകത്തും തന്റ വരവറിയിച്ചു. ഈ ചിത്രത്തിനുശേഷം അനേകം അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

തമിഴ്‌ ചലച്ചിത്രരംഗത്തു കലാസംവിധായകനെന്ന നിലയില്‍ പേരെടുത്ത കാലത്തുതന്നെ അദ്ദേഹം മലയാളത്തിലുമെത്തി. പി എന്‍ മേനോനെ മലയാളത്തിലെത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും പി ഭാസ്‌കരന്‌ അവകാശപ്പെട്ടതാണ്‌. ഭാസ്‌കരന്‍ മാഷ്‌ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌ത 'ലൈലാ മജ്‌നു' എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മേനോന്‍ മലയാളത്തില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചത്‌. 'ലൈലാ മജ്‌നു' വിനു ശേഷം നിരവധി മികച്ച സിനിമകള്‍ക്കു വേണ്ടി മേനോന്‍ സെറ്റൊരുക്കി. അവയില്‍ ഭാഗ്യജാതകം, നിണമണിഞ്ഞ കാല്‍പാടുകള്‍, മണവാട്ടി, അരക്കില്ലം, ചെകുത്താന്റെ കോട്ട, നിശാഗന്ധി എന്നിവ കലാസംവിധാന മികവു കൊണ്ട്‌ ശ്രദ്ധനേടി.

കലാസംവിധായകന്‍ എന്ന നിലയില്‍നിന്നു സംവിധായകനിലേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ യാദൃശ്ചികമായിരുന്നു. 'ചിലമ്പൊലി' എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ്‌ അദ്ദേഹം ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ മണിസ്വാമിയുമായി പരിചയപ്പെടുന്നത്‌. ഈ പരിചയമാണു മോനോനെ കലാസംവിധായകനില്‍ നിന്ന്‌ സംവിധായകനിലേക്കുയര്‍ത്തിയത്‌. അങ്ങനെയാണ്‌ 1965 ല്‍ വൃന്ദാവന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മണിസ്വാമി നിര്‍മ്മിച്ച 'റോസി' അദ്ദേഹം സംവിധാനം ചെയ്യുന്നത്‌.

റോസിയെ ന്യൂസ്‌ പേപ്പര്‍ ബോയ്‌, രാരിച്ചന്‍ എന്ന പൗരന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷമുളള ജീവിതഗന്ധിയായ ചിത്രം എന്ന നിലയില്‍ നിരൂപകരും പ്രേഷകരും അംഗീകരിച്ചതോടെ പി എന്‍ മേനോന്‍ പ്രശസ്‌തനായി. സാമ്പത്തികമായി റോസി ഒരു പരാജയമായിരുന്നെങ്കിലും ഒരു പ്രതിഭയുടെ വരവറിയിച്ച ചിത്രമായിരുന്നു അത്‌.

ഒരു സംവിധായകനെന്ന നിലയില്‍ പി എന്‍ മേനോന്‌ അംഗീകാരങ്ങള്‍ നേടിക്കൊടുത്തത്‌ 'ഓളവും തീരവ'ുമാണ്‌. എംടിയുടെ രചനയ്‌ക്ക്‌ മേനോനൊരുക്കിയ ചലച്ചിത്ര ഭാഷ്യം, മലയാളസിനിമയ്‌ക്ക്‌ പുത്തനുണര്‍വേകി. ചായം തേച്ചുമിനുക്കിയ സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍നിന്നു മലയാളസിനിമയെ ഗ്ലാമറില്ലാത്ത. കൃത്രിമത്വമില്ലാത്ത, പരുക്കന്‍ മനുഷ്യരുടെ പച്ചയായ ജീവിതത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്തിയത്‌ 'ഓളവും തീരവു'മാണ്‌.

മലയാള സിനിമയില്‍ പുതിയ വഴികള്‍ സൃഷ്ടിച്ചെടുക്കുകയും ആ വഴികളിലൂടെ ഒറ്റയ്‌ക്കു നടക്കുവാന്‍ കരുത്തുകാണിക്കുകയും ചെയ്‌ത സംവിധായകനായിരുന്നു പി എന്‍ മേനോന്‍. ആസ്വാദകരുടെ അഭിനന്ദന പ്രവാഹങ്ങള്‍ മാത്രമല്ല മികവിന്റെ അംഗീകാരങ്ങള്‍ കൂടി അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. അദ്ദേഹത്തിന്റെ സിനിമകളായല ഗായത്രി 1973 ലെ മികച്ച പ്രാദേശിക ചിത്രമായും മലമുകളിലെ ദൈവം 1983 ലേയും മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.2002 ലെ ജേസി ഡാനിയേല്‍ പുരസ്‌കാര ജേതാവായ അദ്ദേഹത്തിന്‌ പല തവണ സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു. ഓളവും തീരവുമെന്ന സിനിമയിലൂടെ 1970 ലെ മികച്ച ചിത്രം, സംവിധായകന്‍ എന്നീ പുരസികാരങ്ങളും മേനോന്‍ സ്വന്തമാക്കി. 1972 ലെ മികച്ച രണ്ടാമത്തെ ചിത്രമായി ചെമ്പരത്തിയും 1973 ലെ മികച്ച രണ്ടാമത്തെ ചിത്രമായി ഗായത്രിയും തിരഞ്ഞെടുക്കപ്പെട്ടു.

സാധാരണക്കാരന്റെ ജീവിതത്തിലേക്കും ജീവിതപ്രശ്‌നങ്ങളിലേക്കും ഫോക്കസ്‌ചെയ്‌തുവച്ച കാമറയുമായി മലയാള സിനിമയില്‍ ഒറ്റയ്‌ക്കു നടന്ന പി എന്‍ മേനോന്‍ കാലയവനികയ്‌ക്കുളളില്‍ മറയുമ്പോള്‍ നഷ്ടമാവുന്നത്‌ ഒരു ചലച്ചിത്രകാരനെ മാത്രമല്ല, ജീവിതത്തില്‍ യാതൊരു കൃത്രിമത്വവുമില്ലാതെ ജീവിച്ച മനുഷ്യനെക്കൂടിയാണ്‌.

Thursday, December 18, 2008

സംഘപരിവാറിന്റെ ബൗദ്ധിക തടവറകള്‍
സന്ദീപ്‌ സലിം

സംഘപരിവാര്‍ വീണ്ടും `വംശഹത്യ' ആരംഭിച്ചിരിക്കുന്നു. പാശ്ചാത്യരും പൗരസ്‌ത്യരും ഉദാത്തം എന്നു വിശേഷിപ്പിച്ച ഇന്ത്യയടെ സംസ്‌കാരത്തിന്‌ തീരാക്കളങ്കമായിത്തീര്‍ന്ന ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ നേതൃത്വം നല്‍കിയ സംഘപരിവാര്‍ സംഘടനകള്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നു.ഒറ്റ വ്യത്യാസം മാത്രം, നരേന്ദ്രമോഡിയടെ നേതൃത്വത്തില്‍ ഗുജറാത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങളെയാണ്‌ വംശഹത്യയ്‌ക്ക്‌ വിധേയരാക്കിയതെങ്കില്‍ ഒറീസയിലും കര്‍ണാടകത്തിലും ക്രിസ്റ്റ്യന്‍ ന്യൂനപക്ഷങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌.

``ഹിന്ദുരാഷ്‌ട്രം'' സ്ഥാപിക്കുക എന്ന ആര്‍.എസ്‌.എസിന്റെ ഹീനലക്ഷ്യത്തിന്‌ മറയിടാന്‍ സംഘപരിവാര്‍ സംഘടനകളും എന്തിന്‌ ബി.ജെ.പിയും നടത്തുന്ന അടവുകള്‍ ജനങ്ങള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എന്ന സത്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ്‌ ഒറീസയും കര്‍ണാടകയും.

ഇന്ത്യ ഹിന്ദു രാഷ്‌ട്രമല്ലെന്നും അങ്ങനെ ആയിത്തീരില്ലെന്നും 2002 ല്‍ ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ ലാല്‍കൃഷ്‌ണ അഡ്വാനി പാര്‍ലമെന്റില്‍ പറഞ്ഞു.ഇതേ തുടര്‍ന്ന്‌ രാജ്യത്തെ ഏതാണ്ട്‌ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ബിജെപി നയം മാറുന്നു എന്ന്‌ വെണ്ടയ്‌ക്ക നിരത്തി.അഡ്വാനിയുടെ പ്രസ്ഥാവനയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട്‌ വിഎച്ച്‌പിയും ശിവസേനയും രംഗത്ത്‌ വന്നതും സ്വാഭാവികമായ പ്രതികരണം എന്ന്‌ പൊതുവേ വിലയിരുത്തപ്പെട്ടെങ്കിലും അത്‌ മുന്‍ കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയുടെ ഭാഗമായിരുന്നു എന്ന്‌ പൊതുസമൂഹം മനസിലാക്കിയത്‌ ആരോപണ പ്രത്യാരോപണങ്ങളുടെ മറവില്‍ അവര്‍ പുറത്തുവിട്ട ചില പദാവലികളുടെ അര്‍ത്ഥം മനസിലാക്കിയപ്പോ ഴായിരുന്നു.``ഹിന്ദുത്വം'',``സാസ്‌കാരിക ദേശീയത'', ``സ്യൂഡോ ഹിന്ദു'', ``സ്യൂഡോ സെക്കുലറിസം'' തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.

അദ്വാനിയുടെ പ്രസ്ഥാവനയുടെ ചുവടുപിടിച്ച്‌ ബിജെപി പ്രകടന പത്രികയില്‍ ഇങ്ങനെ എഴുതി, അതും `ഞങ്ങളുടെ ലക്ഷ്യം,അതിനുമപ്പുറം ഞങ്ങളുടെ പ്രാര്‍ഥന' എന്ന തലക്കെട്ടോടുകൂടി``എല്ലാവരും സുഖമായി ജീവിക്കട്ടെ,എല്ലാവരും ആരോഗ്യമുളളവരാകട്ടെ, ആര്‍ക്കും ദു:ഖകരമായ അനുഭവം ഉണ്ടാവാതിരിക്കട്ടെ''.ഇത്ര മഹത്തായ കാര്യം എഴുതിച്ചേര്‍ത്തതിനു താഴെ `നമ്മുടെ ദേശീയ വ്യക്തിത്വം' എന്ന തലക്കെട്ടിനു കീഴില്‍ ചേര്‍ത്ത കുറിപ്പു കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ്‌ സംഘപരിവാര്‍ സംഘടനകള്‍ ബിജെപിയെ തങ്ങളുടെ ആശയ നടത്തിപ്പിന്‌ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന സത്യം തിരിച്ചറിയാന്‍ കഴിയുക.അതിങ്ങനെയാണ്‌. ``എല്ലാ പ്രദേശങ്ങള്‍ക്കും മതങ്ങള്‍ക്കും ഭാഷകള്‍ക്കും പ്രധാനമായ നമ്മുടെ സാസ്‌കാരിക പൈതൃകം ഒരുനാഗരികമായ വ്യക്തിത്വമാണ്‌.അതാണ്‌ ഇന്ത്യയുടെ സാംസ്‌കാരിക ദേശീയത്‌,അതാണ്‌ ഹിന്ദുത്വത്തിന്റെ ഉള്‍ക്കാമ്പ്‌.ഇന്ത്യയുടെ സാംസ്‌കാരിക ദേശീയതയുടെ പ്രോജ്വലമാതൃകയായ അയോധ്യയിലെ ശ്രീരാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാനുളള സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും മഹത്തായ ബഹുജനപ്രസ്ഥാനം ലക്ഷ്യബോധമില്ലാത്ത ഇന്ത്യന്‍ സമൂഹത്തിന്‌ വഴികാട്ടുകയും സാംസ്‌കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു''.

`ശ്രീരാമക്ഷേത്ര നിര്‍മ്മാണ'ത്തിന്റ പിന്നിലെ മനശാസ്‌ത്രവും `സാസ്‌കാരിക ദേശീയത' എന്ന പദത്തിന്റെ അര്‍ത്ഥവും അന്വേഷിച്ചിറങ്ങിയാല്‍ നാം എത്തിച്ചേരുക ഒരേ സ്ഥലത്തായിരിക്കും.സംഘപരിവാറിന്റെ `ബൗദ്ധിക തടവറയാണ്‌' ആ സ്ഥലം. രാമക്ഷേത്ര നിര്‍മ്മാണ'ത്തിലൂടെ സാധരണക്കാരേയും `സാംസ്‌കാരിക ദേശീയത'യിലൂടെ വിദ്യാസമ്പന്നരേയും ഇവിടെയെത്തിക്കുന്നു. ഒരു വെടിക്ക്‌ രണ്ടു പക്ഷി!. ഈ തടവറയില്‍ പഠിപ്പിക്കുന്നത്‌ ഗോള്‍വാള്‍ക്കറുടെ വചനങ്ങളും.അതിങ്ങനെ ചുരുക്കി വിവരിക്കാം. ``ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുങ്കില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും പഠിക്കണം.ഹിന്ദുത്വത്തെ ഇകഴ്‌ത്തുന്ന ഒരാശയവും അവര്‍ വച്ചു പുലര്‍ത്തിക്കൂട.അതായത്‌ ഈ രാജ്യത്തോടും അതിന്റെ യുഗപഴക്കമുളള പാരമ്പര്യത്തോടുമുളള അസഹിഷ്‌ണുതയുടേയും നന്ദികേടിന്റേയും സമീപനം അവര്‍ ഉപേക്ഷിക്കണം.എന്നുമാത്രല്ല,അതിനുപകരം അവയോട്‌ സ്‌നേഹത്തിന്റെയും ഭക്തിയുടേയും മാര്‍ഗം സ്വീകരിക്കണം.''

മേലുദ്ധരിച്ച കാഴ്‌ചപ്പാടിന്‍റ പിന്നിലെ ചരിത്രം അന്വേഷിച്ച്‌ അധികം വിഷമിക്കേണ്ടതില്ല ഗോള്‍വാക്കറുടെ വാക്കുകളില്‍ നിന്നു തന്നെ നമുക്ക്‌ അത്‌ വായിച്ചെടുക്കാം.ആ വാക്കുകളിലേക്ക്‌.``ജര്‍മ്മന്‍ ദേശാഭിമാനമാണ്‌ ഇന്നത്തെ ചര്‍ച്ചാ വിഷയം.രാഷ്‌ട്രത്തിന്റെ പരിശുദ്ധിയും അതിന്റെ സംസ്‌കാരവും കാത്തു സൂക്ഷിക്കുന്നതിനായി സെമറ്റിക്ക്‌ വംശജരായ ജൂതന്‍മാരെ നാട്ടില്‍ നിന്നും തുടച്ചു നീക്കിക്കൊണ്ട്‌ ജര്‍മനി ലോകത്തെ ഞെട്ടിച്ചു.ഉത്തുംഗമായ ദേശാഭിമാനത്തിന്റെ പ്രതിഫലനമാണിത്‌. വേരുകള്‍ വരെ ആണ്ടിറങ്ങിയ വ്യത്യാസങ്ങളുളള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പൂര്‍ണ്ണമായി അലിഞ്ഞു ചേരാന്‍ കഴിയുക എന്നത്‌ എങ്ങനെ, തീര്‍ത്തും അസാദ്ധ്യമാണെന്ന്‌ ജര്‍മ്മനി ലോകത്തിന്‌ കാട്ടിത്തന്നു.ഇത്‌ ഹിന്ദുസ്ഥാനിലെ നമുക്കും മാതൃകയാക്കാവുന്നതേയുളളു.''

ജര്‍മ്മനിയുടെ ഈ സമീപനത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കേണ്ട ആശയസംഹിത ഗോള്‍വാക്കര്‍ രൂപീകരിച്ചതെന്ന്‌ സ്‌പഷ്‌ടം.

ഗോള്‍വാക്കര്‍ പറഞ്ഞു വച്ചത്‌ ഇത്രയും. വ്യാഖ്യാതാക്കള്‍ ഗുരുവിനേയും കടത്തിവെട്ടി.അവര്‍ ഇങ്ങനെ വ്യാഖ്യാനിച്ചു. അഹിന്ദുക്കള്‍ വിദേശികളല്ലാതാവണം , അല്ലെങ്കില്‍ ഹിന്ദുരാഷ്‌ട്രത്തില്‍ അടിമയായി ഒന്നും അവകാശപ്പെടാതെ പ്രത്യേക അവകാശങ്ങള്‍ക്കോ, പ്രത്യേക പരിഗണനയ്‌ക്കോ, പൗരാവകാശങ്ങള്‍ക്കു പോലുമോ അര്‍ഹരാകാതെ ഈ രാജ്യത്ത്‌ അവര്‍ക്ക്‌ പാര്‍ക്കാം.

ഇന്ന്‌ അവര്‍ വചനങ്ങള്‍ വ്യാഖ്യാനിച്ചു നല്‍കുന്ന രീതി വിട്ട്‌ അവ പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു.അതാണ്‌ നാം ഗുജറാത്തില്‍ കണ്ടത്‌ ഇപ്പോള്‍ ഒറീസയിലും കര്‍ണ്ണാടകത്തിലും കാണുന്നതും.ജര്‍മ്മനിയില്‍ നടന്ന വംശഹത്യക്ക്‌ ലോകം ഫാസിസം എന്ന പേരു നല്‍കി.അങ്ങനെയെങ്കില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ നാം ഏതു പേരിട്ടു വിളിക്കും?ആധുനിക ലോകം നേടിയെടുത്ത നേട്ടങ്ങളേയും സാമൂഹിക രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളേയും ഇല്ലായ്‌മ ചെയ്‌തുകൊണ്ട്‌ വംശ വിദ്വേഷത്തിന്റയും വംശീയ ഏറ്റുമുട്ടലുകളുടേയും കാലത്തേയ്‌ക്കു കൂട്ടിക്കൊണ്ടു പോകുന്ന ഈ `പേരില്ലാത്ത' പ്രവണത വ്യാപിക്കുന്നതിന്‌ മുന്‍പ്‌ ദരിദ്രവല്‍ക്കരിക്കപ്പെടുന്ന സാധാരണക്കാര്‍ക്ക്‌,സ്‌ത്രീകള്‍ക്കും,കുട്ടികള്‍ക്കും ജീവിക്കാനും സ്വന്തം മനസും ശരീരവും മലിനമാക്കപ്പെടാതെ സംരക്ഷിക്കാനുമുളള അവകാശത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കേണ്ടത്‌ കാലഘട്ടം നാം ഓരോരുത്തരില്‍ നിന്നും ആവശ്യപ്പെടുന്ന കടമയാണ്‌.

പത്രപ്രവര്‍ത്തനം അശ്‌ലീലമാകുമ്പോള്‍.....................


sandeep salim
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതുന്നവരാണ്‌്‌ ഞങ്ങള്‍ എന്ന്‌ സമയം കിട്ടുമ്പോഴൊക്കെ പ്രസംഗിച്ചു നടക്കുന്നവരാണ്‌ പത്രക്കാര്‍. എന്നാല്‍ നമ്മുടെ പത്രങ്ങള്‍ മറിച്ചു നോക്കിയാല്‍ മാന്ത്രിക ഏലസുകളുടേയും ശക്തിഭൈരവയന്ത്രങ്ങളുടേയും അറബി മാന്ത്രികത്തിന്റെയും കുട്ടിച്ചാത്തന്‍ സേവയുടേയുമെല്ലാം പരസ്യപ്രളയമാണ്‌. ഇവയ്‌ക്കെതിരെ പടപൊരുതേണ്ടവര്‍(ഞാന്‍ വിശ്വസിക്കുന്നു) ഇവയ്‌ക്കുവേണ്ടി പടനയിക്കുന്ന കാഴ്‌ച എത്ര അശ്‌ലീലമാണ്‌.

Wednesday, December 17, 2008

ഇടവഴി

sandeep salim
ഞാന്‍ ഇടവഴിയിലേക്ക്‌.
ഇറങ്ങി നടന്നു
എന്റെ വഴിയില്‍ നിന്നും
പ്രകാശം അപ്രത്യക്ഷമായിരിക്കുന്നു
എന്റെ നെഞ്ചില്‍
എരിഞ്ഞിരുന്ന അഗ്നി
കനലുകളായി

കാമത്തിന്റെ അപ്പക്കഷ്‌ണങ്ങള്‍
എന്നും എന്റെ മുന്നിലുണ്ടായിരുന്നു
അതുകൊണ്ടു തന്നെ
ഇടയന്റെ കാലടികള്
ഞാന്‍ പിന്തുടര്‍ന്നില്ല
അവളുടെ കാമം കിനിയുന്ന കണ്ണുകളാണ്‌,
എന്നെ കളളം പറയാന്‍ പഠിപ്പിച്ചത്‌.
പിന്നെ, വടിവൊത്ത മുലകള്‍
എന്നെ ആത്മവഞ്ചകനാക്കി
ഒടുവില്‍, അവളുടെ അടിവയറിന്റെ മൃദുലത
എന്നെ മൃഗമാക്കി

തിരിച്ചറിവിലേക്കെത്തിയപ്പോള്‍
നേരം ഒരുപാട്‌ വൈകിയിരുന്നു
അച്ചടക്ക ലംഘനത്തിന്‌,
ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട
വിദ്യാര്‍ഥിയുടെ മനസുമായി
ഇരുട്ട്‌ പറ്റിപ്പിടിച്ച ഇടവഴിയിലേക്ക്‌
ഞാന്‍ ഇറങ്ങി നടന്നു

കവിതയും രാഷ്ട്രീയവും

sandeep salim
എന്നെ സംബന്ധിച്ചടത്തോളം കവിത ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്‌. നിലപാടുകള്‍ കവിതയില്‍ പ്രതിഫലിക്കാം. പക്ഷേ, ഒരു കാലഘട്ടത്തോടുളള സത്യസന്ധമായ പ്രതികരണമാണ്‌ കവിത. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയോ മുഖപ്രസംഗങ്ങളോ വരികളാക്കുന്നതല്ല അത്‌. വര്‍ത്തമാനകാലത്തിന്റെ ചില ആശങ്കകളാണ്‌ കവിത വിളിച്ചു പറയുന്നത്‌. കവിത എല്ലാക്കാലങ്ങളിലും പ്രതിപക്ഷത്താണ്‌.

Apology...............sandeep salim
I may read you wrongly on occasion, and misjudge your needs....... I have done this so
often to so many in the past..... But know this, that my decision is to love you as a sister, brother or a friend and my commitment is your true and lasting happiness........ I am dedicated to your growth and and fulfillment as a person..... If i should fail you, for lack of wisdom or because of the abundance of weakness in me, please forgive me, try to recognise my intention, and know that i will try to do better.....

ഞാന്‍.......................

sandeep salim
ഞാന്‍ എന്തൊക്കെയായിരുന്നു.......? ജീവിതത്തില്‍ ഇന്നലെവരെ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞിരുന്നുവോ.........? ഞാന്‍ എപ്പോഴും ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചവന്‍......!!!!! എപ്പോഴും വഴിതെറ്റിയവന്‍....... എപ്പോഴും വൈകിയെത്തിയവന്‍...... ഒരിക്കലും സമയം പാലിക്കാത്തവന്‍......!!!!! ഓര്‍മിക്കപ്പെടാത്ത ദിവസങ്ങളാണ്‌ എന്റെ യഥാര്‍ഥ ദിവസങ്ങള്‍..... ഓര്‍മിക്കുന്ന ദിവസങ്ങള്‍ എന്നെ വഞ്ചിക്കുകയായിരുന്നു...............

കണ്ണുനീര്‍


sandeep salim

വേദനിക്കുന്നു എന്ന്‌ നിന്റെ ഹൃദയം
മന്ത്രിക്കുന്നത്‌ ഞാനറിയുന്നു
നിന്റെ നിശബ്ദ തേങ്ങലുകള്‍
ഞാന്‍ കേള്‍ക്കുന്നു
നല്ല നാളേക്കായ്‌ കൊതിക്കുന്ന
നിന്റെ മനസ്‌ ഞാന്‍ കാണുന്നു
ഇല്ല നമുക്ക്‌ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല
പോരാടി നേടേണ്ടയൊരു നല്ല പുലരി
നിന്റെ മുന്നിലുണ്ട്‌
ഇനിയും ഈ നിസംഗത
അഭിലക്ഷണീയമാണോ?

.................കുത്തിവരകള്‍............


ഇന്ന്‌ എന്തൊക്കയോ എഴുതണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ, വാക്കുകള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വരുന്നില്ല. എനിക്കെന്തു പറ്റി......?? ഇപ്പോള്‍ ഞാന്‍ എന്റെ വാക്കുകള്‍ എനിക്കു തന്നെ മനസിലാവുന്നില്ല എന്നോര്‍ത്ത്‌ ചിരിക്കുകയും കരയുകയും വീണ്ടും ചിരിക്കുകയും.... കരയുകയും വീണ്ടും ചിരിക്കുകയും മൗനിയാവുകയും പിന്നേയും ചിരിക്കുകയും കരയുകയും ചെയ്യുന്നു.................

Tuesday, December 16, 2008

പൊയ്‌മുഖങ്ങള്‍


sandeep salim

നൈറ്റ്‌ ഷോപ്പിങ്ങിനെപ്പറ്റി
വാതോരാതെ പറയുന്ന വെളുത്തു മെലിഞ്ഞ
ചെറുപ്പക്കാരന്‍ ഇന്നലെ
കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ച പെണ്ണിന്റെ
മടിക്കുത്തഴിച്ചവനാണെന്നെനിക്കറിയില്ലായിരുന്നു


"ഇതിലും മധുരമുളള കേക്കുണ്ടു സാര്‍"
മൃദുലമായ്‌ പറയുന്ന യുവതി ഇന്നലെ
ഭര്‍ത്താവിന്‌ വിഷം നല്‍കി
കാമുകനൊപ്പം പോയവളാണെന്ന്‌ കരുതിയില്ല


പ്രണയത്തിന്റെ തീവ്രാനുഭവങ്ങളെ
കവിതയില്‍ ചാലിച്ച്‌ വായനക്കാരെ ഉന്‍മത്തനാക്കുന്ന
യുവകവി ഇന്നലെ ,
പ്രണയം നിരസിച്ച യുവതിയുടെ കൈപ്പത്തി
വെട്ടിമാറ്റിയവനാണെന്ന്‌ ഞാനറിഞ്ഞില്ല


ആഗോള സാഹോദര്യത്തിന്റെ സന്ദേശവുമായി
വീട്ടില്‍ വന്ന സുവിശേഷകന്‍ ഇന്നലെ,
മതതീവ്രവാദത്തിന്റെ വിഷം പുരട്ടിയ കത്തികൊണ്ട്‌
മുസ്‌്‌ലിം യുവതിയുടെ നിറവയര്‍
കുത്തിക്കീറിയവനാണെന്നത്‌ എനിക്കജ്ഞാതമായിരുന്നു


ആതുരസേവനത്തിന്റെ മഹത്വത്തെ കുറിച്ച്‌
സ്റ്റഡിക്ലാസ്‌ നടത്തുന്ന മദ്ധ്യവയസ്‌കനായ
ഡോക്ടര്‍ ഇന്നലെ,
ചികിത്സയ്‌ക്കെത്തിയ കൂലിപ്പണിക്കാരന്റെ
വൃക്കമോഷ്ടിച്ചവനാണെന്നത്‌ അചിന്തനീയമായിരുന്നു


അറിവും സംസ്‌കാരവും
പകല്‍മാന്യതയുടെ
പൊയ്‌മുഖങ്ങളാകുന്നു
കവിതയുടെ പിന്നില്
‍നിലവിളികള്‍
നിശബ്ദമാകുന്നു
ജീവിതം അതിജീവനമായ്‌ മാറുമ്പോള്‍
തിരിച്ചറിഞ്ഞിട്ടും
സത്യത്തെ പടിയടച്ച്‌ പിണ്ഡം വച്ചു.

ഉയിര്‍പ്പ്‌


sandeep salim


മറക്കില്ല്‌
കണ്ണുനീരില്‍ പങ്കുകാരാക്കി
സ്‌നേഹിച്ചിട്ടും
നന്ദികേടിന്റെ കയ്‌പുനീരില്‍
മുക്കിയവരെ


ജീവിതം നീണ്ട വിലാപമായപ്പോള്‍
സാന്ത്വനം തേടിയ നിമിഷത്തിലും
തലമുടിക്കുത്തിന്‌ പിടിച്ച്‌
ചുഴറ്റിയവരെ


ഉളളില്‍ അണയാതെ ശേഷിച്ച
ചിന്തയുടെ തിരിനാളം
പരിഹാസത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി
അണയ്‌ക്കാന്‍ ശ്രമിച്ചവരെ


കനലുപോലെ നീറിപ്പുകയുന്ന
മനസുമായി
അഭയം തേടിയപ്പോള്‍
പുറത്താക്കി വാതിലടച്ചവരെ


ജ്വലിക്കുന്ന ചിന്തയും
പരിമിതമോഹവും
കണ്ണീര്‍ക്കിനാവുമായി
ഗതികിട്ടാതലയുമ്പോഴും
എന്റെ ചോരയ്‌ക്ക്‌ കൊതിച്ചിരിക്കുന്നവരെ


ഇരുള്‍
ഇരുമ്പുമറ കെട്ടിയാലും
ഒളിയമ്പുമായി ശത്രുക്കള്‍
കാത്തിരുന്നാലും
പേമാരിയും
മരുഭൂമിയും
മഹാശൈലവും
വഴിമുടക്കിയാലും
നിന്ദയും പരിഹാസവും
ചുട്ടുപൊളളിച്ചാലും
നെറികേടിന്റെ ചതുപ്പില്‍
കുഴിച്ചു മൂടിയാലും


ഒരു കൊടുങ്കാറ്റിലും
അണയാത്ത കവിതയുടെ
കെടാവിളക്കായി


ഇരുണ്ട മദ്ധ്യാഹ്നത്തിലൂടെ
പ്രകാശം തേടിപ്പോകുന്ന
അസ്വസ്ഥമായ മനസിലെ
തീപ്പന്തമായ്‌


വാക്കുകള്‍ക്കിടയില്‍
മൗനത്തിന്റെ ഇടങ്ങള്
‍തീര്‍ക്കുന്ന മാനവികതയുടെ
പ്രതിരൂപമായ്‌


ഒടുവില്‍ കാലത്തിനും
മായ്‌ക്കാനാവാത്ത
ശരിയുടെ കൈയ്യൊപ്പായും
ഞാനുയിര്‍ത്തിടും


അണയില്ല
തളരില്ല
തകരില്ല
ഇവിടുത്തെ
നല്ല മണ്ണില്‍
നിന്നുയിര്‍ത്തിടും
മര്‍ത്യത

ഹൃദയങ്ങളോടു പാടുന്നു............. ബാവുല്‍ ഗായകര്


sandeep salim
പ്രേമിക്കുമ്പോള്‍ മനസു തുറന്നു പ്രേമിക്കുക; രക്തവും മാംസവും നല്‍കി പ്രേമിക്കുക ആ സ്‌നേഹം വിലങ്ങുകള്‍ തീര്‍ക്കും മുമ്പു വഴിപിരിയുക‘‘എന്നര്‍ഥമുളള വരികള്‍ തൊരുണ്‍ ദാസ്‌ ബാവുല്‍ പാടിയപ്പോള്‍ അവാച്യമായൊരു പ്രണയാനുഭവത്തിന്റെ ലഹരിയില്‍ ഒഴുകുകയായിരുന്നു ശ്രോതാക്കള്‍. ഗാനത്തിന്റെ ഭാവവുമായും ഗായകന്റെ ചലനങ്ങളുടെ താളവുമായും സദസ്‌ അദ്‌ഭുതകരമാം വിധം അനുരൂപപ്പെട്ടിരുന്നു. ഗാനത്തിന്റെ ഭാഷ അതിനൊരു തടസമായില്ല. രാഗത്തിലൂടെയും താളത്തിലൂടെയും ഭാവത്തിലൂടെയും ബംഗാളിഗാനത്തെ മലയാളികള്‍ മനസിലാക്കുകയായിരുന്നുവെന്നു തോന്നുന്നു. ബാവുല്‍ സംഗീതത്തെ മലയാളികളുടേതായ സദസ്‌ ഹൃദയം നിറഞ്ഞ്‌ ആസ്വദിക്കുകയായിരുന്നു.

ഗീതഗോവിന്ദം എഴുതിയ ജയദേവ കവിയുടെ ബംഗാളി ഗ്രാമമായ കെന്ദുളിയില്‍ ഉത്ഭവിച്ച ബാവുല്‍ സംഗീതം ആസ്വദിക്കാന്‍ മലയാളിക്ക്‌ അവസരം ലഭിക്കാറില്ല. റിക്കാര്‍ഡു ചെയ്‌ത ബാവുല്‍ ഗാനങ്ങള്‍ ലഭ്യമായി രുന്നെങ്കില്‍ മലയാളികള്‍ പണ്ടേ അവ വാങ്ങിക്കൂട്ടുമായിരുന്നെന്നു തീര്‍ച്ച. പക്ഷേ റിക്കാര്‍ഡു ചെയ്‌തു കിട്ടുന്നതല്ലല്ലോ ബാവുല്‍ സംഗീതം. ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക്‌ ഒഴുകേണ്ടതാണു തങ്ങളുടെ സംഗീമെന്നു ബാവുല്‍ ഗായകര്‍ വിശ്വസിക്കുന്നു. അതിനാല്‍ അവര്‍ ആളുകളുടെ മുന്നിലേ പാടൂകയുളളൂ; യന്ത്രങ്ങളുടെ മുന്നില്‍ ഇല്ല. തലമുറകളായി ബംഗാളിലെ ഗ്രാമങ്ങളിലൂടെ പാട്ടു പാടി അലഞ്ഞ അവര്‍ പുതിയ കാലത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍ക്കു വേണ്ടി തങ്ങളുടെ കലയെ ചിട്ടപ്പെടുത്താന്‍ തയാറല്ല.


``ഇരുതന്ത്രികളാലും വീണക്കുഞ്ഞിനെ മാറോടമര്‍ത്തി ജനിമൃതികള്‍ക്കിടയിലെ നീണ്ട വഴിത്താരയില്‍ നില്‍ക്കുന്ന“ ബാവുല്‍ ഗായകനെ ഒ.എന്‍.വി. കുറുപ്പ്‌ ‘`ബാവുല്‍ഗായകന്‍'‘ എന്ന കവിതയിലൂടെ നമുക്കു കാട്ടിത്തന്നിട്ടുണ്ട്‌. ജീവിതമെന്ന നദിയുടെ വക്കില്‍ നിസംഗതയോടെ നില്‍ക്കുന്ന ഗായകനായാണ്‌ കവി ബാവുലിനെ ചിത്രീകരിക്കുന്നത്‌. കാലത്തിന്റെ പ്രവാഹത്തെ ഗൗനിക്കാതെയാണ്‌ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടു വാഗ്‌ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ക്കു മുന്‍പില്‍ അയാള്‍ നില്‍ക്കുന്നതെന്നു കൂട്ടിച്ചേര്‍ത്താല്‍ തെറ്റാവില്ല.


പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്‌ ബാവുലുകള്‍ രൂപപ്പെട്ടതെന്നാണ്‌ ചരിത്രം പറയുന്നത്‌. ‘ഭ്രാന്ത്‌‘ എന്നര്‍ത്ഥമുളള സംസ്‌കൃത പദമായ ‘`വാതുല'‘യില്‍ നിന്നാണ്‌ ‘ബാവുല്‍‘ എന്ന പദം രൂപം കൊണ്ടതെന്നു പ്രമുഖ ചരിത്രകാരന്‍ ശശിഭൂഷന്‍ ദാസ്‌ ഗുപ്‌ത പറയുന്നു. എന്നാല്‍ ചരിത്രകാരന്‍മാരുടെ പുതുതലമുറ ‘`അസ്വസ്ഥത'‘ എന്നര്‍ഥമുളള ‘`വ്യാകുല്‍'‘ എന്ന സംസ്‌കൃത പദമാണ്‌ ‘ബാവുലിന്റെ‘ മൂലപദമായി കാട്ടിത്തരുന്നത്‌. അതെന്തായാലും ഭാവതീവ്രമായി പാടുകയും മന്ദമായ താളത്തിലും തീവ്രതാളത്തിലും ആടുകയും ചെയ്യുന്ന ബാവുലുകള്‍ മനുഷ്യമനസിലെ അസ്വസ്ഥതകളും ആശങ്കകളും പ്രണയാഭിലാക്ഷങ്ങളും സംഗീതമായി മാറ്റുന്നു.ബംഗാളി ഗ്രാമങ്ങളിലെ കുടിലുകളില്‍ കഴിയുന്ന ബാവുലുകള്‍ പാടിയും ആടിയുമാണ്‌ തങ്ങളുടെ ഉപജീവനം കഴിക്കുന്നത്‌. പാടിക്കൊണ്ടുളള യാത്രയാണ്‌ അവരുടെ ജീവിതമെന്നു പറയാം. വംഗഗ്രാമങ്ങളിലെ നാടന്‍ പദങ്ങള്‍ നിറഞ്ഞ ബാവുല്‍ ഗാനങ്ങളെ നാടോടിഗാനങ്ങളായാണ്‌ എണ്ണാറുളളത്‌.


എന്നാല്‍, ബാവുല്‍ ഗാനങ്ങളെ വെറും നാടന്‍ പാട്ടുകളുടെ ഗണത്തില്‍ പെടുത്താനാവില്ല. പഹാഡി, ഭൈരവി, തോഡി, കീരവാണി, അഭംഗ്‌, ചാരുകേശി, മിശ്രശിവരഞ്‌ജിനി തുടങ്ങിയ ഹിന്ദുസ്ഥാനി രാഗങ്ങളുടെ ഉചിതജ്ഞതയോടെയുളള ഉപയോഗം ബാവുല്‍ ഗാനങ്ങളെ മറ്റു നാടന്‍പാട്ടുകളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു. ബംഗാളിലെ മറ്റു നാടന്‍ പാട്ടുകള്‍ ലൗകിക വിഷയങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുമ്പോള്‍ ബാവുല്‍ ഗാനങ്ങളില്‍ ആത്മീയ ഭാവം ഏറിനില്‍ക്കുന്നുവെന്നത്‌ അതിന്റെ പ്രത്യേകതയാണ്‌. ജയദേവന്റെ ഗ്രാമത്തില്‍ നിന്നുളള ഈ ഗായകരുടെ ഗാനങ്ങളില്‍ രാധാകൃഷ്‌ണ പ്രേമം തിളങ്ങുന്നുവെങ്കിലും ആ പ്രേമത്തിന്‌ ആത്മീയ ഭാവമാണുളളത്‌.


ബാവുലുകള്‍ ഒരു ഗായകസംഘം മാത്രമല്ല, ബാവുല്‍ എന്നത്‌ ഒരു മതം തന്നെയാണ്‌. ഹൈന്ദവ ഭക്തിപ്രസ്ഥാനം, സൂഫി മുസ്‌ലിംകളുടെ ആശയങ്ങള്‍, ബുദ്ധമതം എന്നിവയുടെ സങ്കലനമാണു ബാവുല്‍ മതം. നമുക്ക്‌ കൈമോശം വന്നു കൊണ്ടിരിക്കുന്ന പുരാതനസംസ്‌കാരത്തിന്റെയും മൂല്യങ്ങളുടേയും കാവല്‍ക്കാര്‍ കൂടിയാണ്‌ ബാവുലുകള്‍. മുഖ്യധാരാ മതങ്ങളും ഭാഷകളും പ്രത്യയശാസ്‌ത്രങ്ങളും മുന്നോട്ടുവയ്‌ക്കുന്ന വ്യവസ്ഥാപിതമായ എല്ലാ ബിംബങ്ങളേയും ബാവുലുകള്‍ നിരാകരിക്കുന്നു.ഇന്ത്യന്‍ ഭരണഘടനയുടെ മതേതര നിലപാടിനെ ജനഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ ബാവുല്‍ ഗാനങ്ങള്‍ വലിയപങ്കാണു വഹിക്കുന്നത്‌. ബുദ്ധമത ദര്‍ശനങ്ങളുടെയും വൈഷ്‌ണവ സൂഫിദര്‍ശനങ്ങളുടെയും സ്വാധീനം ബാവുല്‍ഗാനങ്ങളെ മറ്റു ഗാനശാഖകളില്‍ നിന്നു വ്യത്യസ്‌തവും ഗൗരവസ്വഭാവമുളളവയുമാക്കുന്നു.മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായയും ബാവുല്‍ ഗാനങ്ങളെ വിശേഷിപ്പിക്കാം.


എന്നാല്‍, മുന്‍പു സൂചിപ്പിച്ചതു പോലെ ബാവുലുകളുടെ ഭക്തിക്ക്‌ മതാനുഷ്‌ഠാന പരമായ ഭക്തിയുടെ സ്വഭാവമില്ല. ലളിത സുന്ദരമായ പദങ്ങള്‍ കൊണ്ട്‌ ചിട്ടപ്പെടുത്തിയ ബാവുല്‍ ഗാനങ്ങള്‍ അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹം പൂക്കളായ്‌ വിരിയുന്ന വസന്തത്തെ കുറിച്ചാണ്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌.


നാടന്‍ സംഗീതോപകരണങ്ങളായ ഏകതാര(ഒറ്റക്കമ്പി വീണ), ദുതാര(ഇരട്ടക്കമ്പി വീണ), ഡുഗ്ഗി, ഗോബ, കോള്‍, ഡുപ്‌കി(ചെണ്ട), ഓടക്കുഴല്‍, കൈമണി, കാല്‍ചിലങ്ക തുടങ്ങിയവയുടെ അകമ്പടിയോടെയാണ്‌ ബാവുല്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്‌. ബാവുല്‍ ഗായകരെ പ്രത്യേകമായ വസ്‌ത്രധാരണ രീതി കൊണ്ട്‌ തിരിച്ചറിയാം. നീണ്ട കുപ്പായവും മുണ്ടുമാണ്‌ ഇവരുടെ സാധാരണ വേഷം. കാവി നിറമുളള അരക്കച്ചയും ബാവുലുകള്‍ ഉപയോഗിക്കാറുണ്ട്‌. നീട്ടിവളര്‍ത്തിയ തലമുടിയാണ്‌ ഇവരുടെ മറ്റൊരുപ്രത്യേകത. സിക്കുകാരുടേതിന്‌ സമാനമായ തലപ്പാവും ചിലര്‍ ഉപയോഗിക്കാറുണ്ട്‌.


ബംഗാളി ഭാഷയിലെ പ്രാദേശിക ശൈലികളും പദങ്ങളും ചേര്‍ത്ത സ്വന്തം രചനകള്‍ മാത്രമല്ല രവീന്ദ്ര നാഥ്‌ ടഗോര്‍, ക്വാസി നസ്രുള്‍ ഇസ്‌ലാം തുടങ്ങിയ ദേശീയ കവികളുടെ കവിതകളും ബാവുലുകള്‍ സംഗീതം നല്‍കി അവതരിപ്പിക്കാറുണ്ട്‌. രവീന്ദ്ര സംഗീതം എന്ന ഗാനശാഖയുടെ ഉത്‌പത്തിയും ബാവുല്‍ സംഗീതത്തിലാണ്‌.ബാവുല്‍ സംഗീതം ഉപജീവനമാര്‍ഗമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും തങ്ങളുടെ കലയെ വാണിജ്യവത്‌കരിക്കാന്‍ ബാവുലുകള്‍ തയാറല്ല. ഇന്നു വിവിധ സംഗീതരൂപങ്ങള്‍ വിപണിയില്‍ വലിയ ആദായം കൊയ്യുമ്പോള്‍ കച്ചവടത്തിന്റെ പ്രലോഭനങ്ങളില്‍പ്പെടാതെ പിടിച്ചു നില്‍ക്കുന്ന ബാവുല്‍ ഗായകരെ പ്രശംസിച്ചേ തീരൂ. “``ഒരു യഥാര്‍ഥ കലാകാരനെ സംബന്ധിച്ചിടത്തോളം കല അവന്റെ ഹൃദയത്തിന്റെ ഭാഗമാണ്‌. അവനൊരിക്കലും അത്‌ മുറിച്ചു ‘`വില്‌പനയ്‌ക്ക്‌'‘ എന്ന ബോര്‍ഡിനു കീഴില്‍ വയ്‌ക്കാനാവില്ല''“ എന്ന പ്രഫ. എം.എന്‍ വിജയന്റെ വാക്കുകള്‍ ബാവുലുകളെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണ്‌. തങ്ങളുടെ ഗാനങ്ങള്‍ ഉത്‌പന്നമാക്കാന്‍ ശ്രമിക്കുന്നവരോടു തൊരുണ്‍ ദാസ്‌ പറയുന്ന മറുപടി ഇതാണ്‌: “``ഞങ്ങളുടെ പാട്ടുകള്‍ ഹൃദയങ്ങളില്‍ നിന്നു ഹൃദയങ്ങളിലേക്കു പകര്‍ന്നു നല്‍കേണ്ടതാണ്‌. അല്ലാതെ റിക്കോര്‍ഡു ചെയ്‌തു തോന്നുമ്പോള്‍ കേള്‍ക്കാനുളളതല്ല. എങ്കിലും ചില വിട്ടു വീഴ്‌ചകള്‍ ചെയ്യാറുണ്ട്‌. അതു ജീവിക്കാന്‍ വേണ്ടി മാത്രമാണ്‌''“


ബംഗാളില്‍ നിന്നു കേരളത്തിലെത്തിയ ബാവുല്‍ ഗായക സംഘം കേരളത്തിലെ ക്യാമ്പസുകളിലും സാംസ്‌കാരിക വേദികളിലും പരിപാടി നടത്തിവരികയാണ്‌. തുടക്കം കഴിഞ്ഞയാഴ്‌ച എം. ജി സര്‍വകലാശാലയിലായിരുന്നു. ടാഗോര്‍ സ്ഥാപിച്ച ശാന്തി നികേതന്‍ ആശ്രമത്തിനു സമീപം ജനിച്ച തൊരുണ്‍ ദാസ്‌ ബാവുല്‍ ആണു സംഘത്തലവന്‍. ഇതു രണ്ടാം തവണയാണ്‌ തൊരുണ്‍ ദാസ്‌ കേരളത്തില്‍ വരുന്നത്‌. ആദ്യം വന്നതു 2001ല്‍ . ഇരുപത്തെട്ടു കാരനായ ആനന്ദ്‌ ദാസ്‌ ബാവുലും തുകല്‍ വാദ്യത്തില്‍ വിദഗ്‌ധനായ രാമചന്ദ്ര ദാസ്‌ ബാവുലും കേരളത്തിലെത്തുന്നത്‌ ആദ്യം. ബാവുല്‍ സംഗീതത്തിലെ എല്ലാ വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയിട്ടുളള കാശിനാഥ്‌ ദാസ്‌ ബാവുലിവും കേരളം ആദ്യത്തെ അനുഭവമാണ്‌. കേരളത്തില്‍ ഈ ഗായകസംഘത്തോടപ്പം ഒരു മലയാളിയുമുണ്ട്‌. ഓടക്കുഴല്‍ വാദകനും കവിയുമായ ബിനു എം പളളിപ്പാട്‌.


എം.ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ നടത്തിയ ബാവുല്‍ ഗനസന്ധ്യയില്‍ ഈ ഗായകര്‍ മലയാളി യുവഹൃദയങ്ങളെ പിടിച്ചെടുക്കുന്ന കാഴ്‌ചയാണ്‌ കണാന്‍ കഴിഞ്ഞത്‌. അപരിചിതമായ ഒരു സംഗീതത്തെ പോലും വളരെ വേഗത്തില്‍ ഉള്‍ക്കൊളളാന്‍ കഴിവുളളവരാണ്‌ നമ്മടെ യുവാക്കളെന്ന്‌ തെളിയിക്കുന്നതായിരുന്നു നിറഞ്ഞ സദസിന്റെ പ്രതികരണം.


കൂടിക്കാഴ്‌ച കഴിഞ്ഞ്‌ പുറത്തിറങ്ങിക്കഴിഞ്ഞും മനസില്‍ തൊരുണ്‍ ദാസ്‌ ബാവുല്‍ പാടുന്നുണ്ടായിരുന്നു.


``തീ തിരസ്‌കരിച്ചാല്‍ പ്രിയ സുഹൃത്തേ ഞാന്‍ നിസഹായനാണ്‌ എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ഥനകളാണ്‌ചില പൂക്കള്‍ വര്‍ണങ്ങള്‍ കൊണ്ടു പ്രാര്‍ഥിക്കുന്നു;മറ്റുളളവ സുഗന്ധത്തിലൂടെയും.വീണ വിറയ്‌ക്കുന്ന തന്ത്രികള്‍ കൊണ്ടു പ്രാര്‍ഥിക്കുന്നുഞാനെന്റെ പാട്ടുകളാലും''


കേള്‍ക്കാനും ആസ്വദിക്കാനും താല്‍പര്യമുളള എല്ലാവര്‍ക്കും വേണ്ടി ബാവുലുകള്‍ പാടിക്കൊണ്ടിരിക്കുന്നു- പകരം വയ്‌ക്കാനില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അലൗകിക പ്രണയത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട്‌. ഹൃദയസാഗരങ്ങളെ പാടിയുണര്‍ത്തിയ സാമഗീതങ്ങളേ, തുടരൂ..... ബാവുലിന്റെ ഏകതാരയില്‍ വീണ്ടും വീണ്ടും അവതരിക്കൂ......

FACEBOOK COMMENT BOX