Friday, June 12, 2020

ഭാവിയുടെ വൃത്തപരിധി


കഥാകൃത്തും നോവലിസ്റ്റുമായ രാകേഷ് നാഥിന്റെ മരണ രചന എന്ന നോവലിന് എഴുതിയ പഠനം. മരണ രചനയ്ക്ക് പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു.

എഴുത്ത് അത് ഏതു സാഹിത്യരൂപത്തെ പിന്‍പറ്റുന്നതായാലും ഒരിക്കലും ചരിത്രത്തിന് പുറത്തു നടക്കുന്ന ഒന്നല്ല.  എന്നാല്‍ എഴുത്തിനെ ചരിത്രബാഹ്യമായ കൊടുക്കല്‍ വാങ്ങലായി കച്ചവടമായി കണക്കാക്കുന്ന വിമര്‍ശനങ്ങളാണ് ഇന്നു നടക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു.  ഇത്തരം വിമര്‍ശനങ്ങള്‍ പല കൃതികളെയും വായനക്കാരില്‍നിന്നും അകറ്റിനിര്‍ത്തി.  ഇത്തരം വിമര്‍ശനങ്ങള്‍ ഒരുപക്ഷേ ഏറ്റവുമധികം ബാധിച്ചിട്ടുള്ള എഴുത്തുകാരില്‍ പ്രമുഖന്‍ ആനന്ദായിരിക്കും.

രാകേഷ് നാഥിന്റെ പുതിയ നോവല്‍ വായിച്ചപ്പോള്‍ മുന്‍പു പ്രസ്താവിച്ച വിമര്‍ശനരീതി പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും അത് ആ എഴുത്തുകാരനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്നു തോന്നുന്നു.  ഇതുവരെ വായിച്ചതും കണ്ടതുമായ നോവല്‍ നിര്‍വചനങ്ങളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന കൃതിയല്ല രാകേഷിന്റേത്.  രാകേഷ് നാഥ് എന്ന എഴുത്തുകാരനെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നയാള്‍ എന്ന നിലയില്‍ അയാളുടെ എഴുത്തിന്റെ വളര്‍ച്ചയും വികാസവും വൈവിധ്യവത്കരണവും അതിവേഗത്തില്‍ നടന്ന പ്രക്രിയയാണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ എനിക്കാവും.

മനുഷ്യന്റെ മനസിന്റെ സുതാര്യമായ തട്ടുകളില്‍ നിന്നും ഏറ്റവും ദുരൂഹവും അഗാധവുമായ മറ്റനവധി തട്ടുകളിലേക്കുള്ള യാത്രയെന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം.  ഇക്കാരണം കൊണ്ടുതന്നെ എഴുത്ത് ഒരല്‍പം ദുരൂഹവും ദുര്‍ഗ്രാഹ്യവുമാമെന്നു തോന്നിയേക്കാം. എഴുത്തുകാരന്‍ വായനക്കാരന് ആശയങ്ങള്‍ ലളിതമായി മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ സൂചനകളൊന്നും നല്‍കിയിട്ടുമില്ല. ഇപ്പറഞ്ഞത് ആദ്യവായനയില്‍ മനസിലെത്തിയ ചിന്തയാണെങ്കില്‍ സൂചനകളുടെ അഭാവവും ചെറിയ അളവില്‍ ചേര്‍ത്ത ദുര്‍ഗ്രാഹ്യതയുമാണ് ഈ നോവലിന്റെ ആഖ്യാന ശൈലിയെ അനുപമാക്കുന്നതെന്നു പിന്നീടു കണ്ടെത്താനാവും.

ഒരു മനുഷ്യന്‍ തന്റെ ഭൗതിക ജീവിതത്തിനിടയില്‍ അണിയുന്ന വിവിധ മുഖംമൂടികളും മനുഷ്യര്‍ തമ്മില്‍ നടക്കുന്ന സംവാദത്തിന്റെയും സംഘട്ടനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും താളവും താളപ്പിഴകളും നോവല്‍ കൃത്യമായി പറഞ്ഞുവയ്ക്കുന്നു.  സ്റ്റോറി ത്രെഡ് തെരഞ്ഞെടുത്തതിലും രചനാരീതിയിലും ഈ അടുത്തകാലത്തിറങ്ങിയ പല നോവലുകളെക്കാളും രാകേഷ് നാഥിന്റെ രചന മികച്ചുനില്‍ക്കുന്നു.

എഴുത്തുകാരനുമപ്പുറം ഒരു തിരക്കഥാകൃത്ത് കൂടിയായതുകൊണ്ടാവാം തന്റെ രചനയില്‍ കലാപരമായ പൂര്‍ണതകൂടി അദ്ദേഹം ലക്ഷ്യംവച്ചത്.  നോവലില്‍ അദ്ദേഹം പറയുന്ന ഓരോ സംഭവങ്ങളുടെയും പൂര്‍ണപ്രസക്തി കണ്ടെത്തിയാണ് ഈ നോവല്‍ രാകേഷ്‌നാഥ് എഴുതി പൂര്‍ത്തിയാക്കിയത്.

ആന്തരിക ജീവിതത്തിലെ സംഘര്‍ഷങ്ങളെക്കുറിച്ച് രാകേഷ് നാഥ് വളരെ ബോധവാനാണ്.  വൈകാരികതലങ്ങളില്‍നിന്നും ഭൗതികതയുടെ പരിസരങ്ങളിലേക്ക് രാകേഷ് നാഥ് പലപ്പോഴും ഇറങ്ങി നടക്കുന്നത് അതുകൊണ്ടാണ്.  സംഘമിത്ര എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുടനീളം എന്നുതന്നെ പറയാന്‍ കഴിയുന്ന വിധത്തില്‍ രാകേഷ്‌നാഥ് ഈ ബോധം പ്രകടിപ്പിക്കുന്നുമുണ്ട്.  നോവലിസ്റ്റിന്റെ ഈ ബോധപ്രകടനം തീര്‍ച്ചയായും സാമ്പ്രദായികമായി നിലനില്‍ക്കുന്ന നോവല്‍ രചനാ രീതിയും നോവലിസ്റ്റ് പിന്‍പറ്റാന്‍ ശ്രമിക്കുന്ന പുത്തന്‍ രീതിയും തമ്മിലുള്ള വൈരുദ്ധ്യം നോവല്‍ സൂക്ഷ്മ വായനയ്ക്കു വിധേയനാക്കുന്ന വായനക്കാരനു പുതിയ അനുഭവമാകുന്നു.  വേറിട്ട ആഖ്യാന ശൈലിയും കാഴ്ചകളും പ്രതീക്ഷിക്കുന്ന ഏതൊരു വായനക്കാരനും നെഞ്ചിലേറ്റാനുള്ള വക രാകേഷിന്റെ നോവലിലുണ്ട്.  സാമൂഹിക വിമര്‍ശനത്തിലും ധാര്‍മ്മികതയിലും ആത്മനിഷ്ഠയും വിവിധ രാഷ്ട്രീയധാരകളും വേര്‍തിരിച്ചെടുക്കാനാവാത്തവിധത്തില്‍ കൂടിച്ചേര്‍ന്നിരിക്കുന്ന ഒരു വിഭാഗം വായനക്കാരും എഴുത്തുകാരുമാണ് മലയാളത്തിലുള്ളത്.  മുഴുവനായുമല്ലെങ്കിലും ഭൂരിഭാഗവും ഈ ഗണത്തിലുള്ളവരാണത്രെ.  ഇവിടെ വിചാരത്തിലും ദാര്‍ശനികതയിലും ജീവിതത്തിന്റെ അസ്ഥിരതയിലും ഭിന്നസ്വഭാവവും ശൈലിയും രാകേഷ് നാഥ് സ്വീകരിക്കുന്നു.  മരണശേഷം വായിക്കപ്പെടുന്ന ഒരു പുസ്തകമായി എഴുത്തുകാരി (സംഘമിത്ര) മാറുന്ന രസതന്ത്രം ഈ ശൈലിയുടെ മാത്രം പ്രത്യേകതയാണ്.  ആധുനികത മുന്നോട്ടുവച്ചതും പഴയതും പുതിയതുമായ എഴുത്തുകാര്‍ പകര്‍ത്തിയതുമായ ക്ലാസിക്കല്‍ മാതൃകയാണ് ഇവിടെ തച്ചുടയ്ക്കപ്പെടുന്നത്.

ആത്മീയതയുടെ രണ്ടു പ്രധാന ഘടകങ്ങളായ വിശ്വാസവും വിശ്വാസത്തകര്‍ച്ചയും രാകേഷ് നാഥിനെ സ്പര്‍ശിക്കുന്നതായി തോന്നിയില്ല.  തീര്‍ച്ചയായും ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനികതയ്്ക്ക് കുറച്ചുകൂടി സ്വീകാര്യതയുണ്ട് എന്നുതോന്നുന്നു.  ഒരുപക്ഷേ, അത്തരമൊരു സ്വീകാര്യതയെ ബോധപൂര്‍വ്വം രാകേഷ് നാഥ് നിരാകരിച്ചതുമാവാം.

എന്തായാലും ജീവിതത്തെ സംബന്ധിച്ച യാന്ത്രിക നിലപാടുകള്‍ എഴുത്തുകാരന്റെ പ്രതിഭയില്‍ കടന്നുകയറുന്നു.  ആധുനികത മുന്നോട്ടുവച്ച വര്‍ത്തമാനകാലത്തെ കുറിച്ചുള്ള ആശങ്കകളും ശരി തെ്റ്റുകള്‍ തമ്മിലുള്ള സംഘര്‍ഷവും രാകേഷ് നാഥിന്റെ മരണരചന എന്ന ഈ നോവലില്‍ കണ്ടെത്താനാവും.  എന്നാല്‍, അവയൊന്നും ആധുനിക രചനാരീതികളെ പകര്‍ത്താനുള്ള ശ്രമത്തില്‍നിന്നുണ്ടായതല്ലെന്ന് നോവല്‍ പൂര്‍ണമായി വായിച്ചുതീരുമ്പോള്‍ മനസിലാവും.  മരണം, അസ്തിത്വം, സ്വത്വം, ലൈംഗികത തുടങ്ങി വളരെ പരിമിതമായ ജീവിത പരിസരങ്ങളെക്കുറിച്ച് വര്‍ണിക്കുന്നിടത്ത് നിഗൂഢതയുടെ തിരശീല ഉപയോഗിച്ചിരിക്കുന്നത് പലപ്പോഴും വായനക്കാരന് പുതിയ അനുഭവമായി തോന്നാം.  ചിലപ്പോള്‍ എഴുത്തുകാരന്റെ കൈയില്‍ നില്‍ക്കാത്ത കാര്യമാണിതെന്ന് തോന്നിയിട്ടുണ്ട്.  ആനന്ദിന്റെയും മേതില്‍ രാധാകൃഷ്ണന്റെയും ടി.ആറിന്റെയും ചില കഥകളില്‍ ഇത്തരം നിഗൂഢതകള്‍ കണ്ടെത്താന്‍ കഴിയും. അവരെപ്പോലെ നിഗൂഢതയെ വായനക്കാരനിലേക്ക് കൃത്യമായി സന്നിവേശിപ്പിക്കാന്‍ നോവലിസ്റ്റായ രാകേഷ് നാഥിന് സാധിക്കുന്നു.  അതൊരു ചെറിയ കാര്യമല്ല.

രാകേഷ് നാഥിന്റെ സാഹിത്യമൗലികരചനകള്‍ പരിശോധിക്കുമ്പോള്‍, ഈ നോവലില്‍ ഒരു പൂര്‍ണത വന്നുഭവിച്ചു എന്നു പറയാവുന്നതാണ്.  രാകേഷ് നാഥിന്റെ ആദ്യകഥാസമാഹാരമായ സീറോ + സീറോ = ബിഗ്ബാംഗ് എന്ന കഥാസമാഹാരം തന്നെ മനുഷ്യന്റെ മനഃശാസ്ത്രസംജ്ഞകളെയാണ് ഭാഷാപരമായ സങ്കല്‍പ്പത്തിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്നു കാണാം.  ഇക്കാര്യം ആ പുസ്തകത്തിന്റെ അവതാരിക എഴുതിയ പ്രമുഖ ചിന്തകനായ ശ്രീ. കെ.എന്‍. കുഞ്ഞഹമ്മദിന്റെ വാക്കുകള്‍ തന്നെ നോക്കുക.  കഥ പറച്ചിലിന്റെ ഉപരിപ്ലവതകളെ മറിച്ചിടുക വഴി ഒരു രണ്ടു ചുവടു മുന്നിലാണ് രാകേഷ് നാഥ്.  സുദൃഢമായ കാഴ്ചപ്പാടുകള്‍ക്കു പകരം ശിഥിലകാഴ്ചകൊണ്ടുള്ള സമാന്തര കാഴ്ചപ്പാട് സൃഷ്ടിക്കാനാണ് രാകേഷ് നാഥ് ശ്രമിക്കുന്നത്.  ഈ യുവകഥാകൃത്തിന്റെ സാഹിത്യലോകം ഒരു വായനാവെല്ലുവിളിയായി മലയാളികള്‍ക്കു മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്നു (റെയ്ന്‍ബോ ബുക് പബ്ലിഷേഴ്‌സ്, 2009).

ഇങ്ങനെ പൂര്‍ണമായും ബോധധാരയെ (Stream of consciousness) പോലും ജൈവ സംവേദനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.  പുതിയ യുവ എഴുത്തുകാരില്‍ ആരുംതന്നെ ബോധധാരരീതിയെ യുക്തിപൂര്‍വം എഴുതുന്നതു കാണുന്നില്ല.  അത് വളരെ കുറവുമാണ്.  എന്നാല്‍ മലയാള കവിതയില്‍ ഈ മാറ്റം ഉണ്ടായിട്ടുണ്ട്.  എന്നാല്‍ ചില പ്രവാഹരൂപങ്ങളില്‍, നോവലില്‍ക്കൂടി പുതിയ എഴുത്തുകാരില്‍ നിന്നും തീര്‍ത്തും വേറിട്ട അബോധപരികല്പനകളോടെ എഴുതാന്‍ നോവലിസ്റ്റ് ശ്രമിച്ചു എന്നത് വളരെ അഭിനന്ദനാര്‍ഹം തന്നെ.  വളരെ ആഴത്തില്‍തന്നെ മനോവിജ്ഞാനീയ നിരീക്ഷണത്തോടെയാണ് നോവലിലെ ഭാഗങ്ങളെ രാകേഷ് നാഥ് സമീപിച്ചിരിക്കുന്നത്.  ആപേക്ഷികതാ സിദ്ധാന്തത്തിന്റെ രേഖീയത ബോധം എന്ന ഒന്നാം ഭാഗത്തിലുണ്ടെങ്കില്‍, സ്ഥലകാലബോധ ഉപബോധസ്വഭാവം പേറുന്ന രണ്ടാം വസ്തുനിഷ്ഠമായിത്തീര്‍ക്കുകയാണ് ചെയ്യുന്നത്.  അബോധമാകട്ടെ മാനസിക വിശകലനത്തിന്റെ മൂര്‍്ത്തഭാവത്തെയാണ് ചിത്രീകരിക്കുന്നത്.  അഗാധമായ പൂര്‍വമാതൃകകളെയാണ് നോവലിസ്റ്റ് ഇവിടെ ഉടച്ചുവാര്‍ക്കുന്നത്.  കലാദര്‍ശനത്തില്‍ മനഃശാസ്ത്രത്തിനുള്ള പങ്ക് എത്രത്തോളം ഉണ്ടെന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു.  കലാദര്‍ശനവും കാലദര്‍ശനവും കൂടിച്ചേരുന്ന ഭാഷാപരീക്ഷണ സിദ്ധാന്തം ആണ് രാകേഷ് നാഥിന്റെ ഈ നോവല്‍.

സെക്കന്‍ഡില്‍ 186000 മൈല്‍ വേഗതയിലാണ് പ്രകാശം സഞ്ചരിക്കുന്നതെങ്കിലും, അതിനേക്കാള്‍ വേഗതയില്‍ ഭാഷ അബോധമനസില്‍ സഞ്ചരിക്കുന്നുവെന്ന് നോവലിസ്റ്റ് ഈ കൃതിയിലൂടെ നിരീക്ഷിക്കുന്നു.  രാകേഷ്‌നാഥ് എങ്ങനെ ഇത്തരമൊരു ഭാഷയും പ്രമേയവും കൈകാര്യം ചെയ്യാന്‍ പ്രാപ്തനായി എന്നു ചിന്തിക്കുകയാണെങ്കില്‍, വളരെ അദ്ഭുതം തന്നെയാണ് തോന്നുക.  ആദ്യകാല കഥകളായ ലിപ്‌സ, പ്രോട്ടിയസ്, ഫ്രീ ഫ്രീ എന്നീ കഥകള്‍ മുതല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം (ഏപ്രില്‍ 2014) പ്രസിദ്ധീകരിച്ച അനസ്‌തേഷ്യ എന്ന ഏറ്റവും പുതുതായ കഥവരെ പരിശോധിച്ചാലറിയാം, ഈ എഴുത്തുകാരന്റെ മനസും പരിസരങ്ങളും, മനുഷ്യലോകത്തിനും അപ്പുറമായ പ്രപഞ്ചങ്ങളായിരുന്നു എന്നത്.  എന്നാലും എവിടെയോ ആപേക്ഷികമായ വ്യക്തിനിഷ്ഠയെ നോവലിസ്റ്റ്് മാനിക്കുന്നുമുണ്ട്.  ബോധത്തില്‍നിന്നും നാം നോക്കിക്കാണുന്ന നോവല്‍ വായനയെ മൊത്തം തന്നെ തകിടം മറിച്ച് നോവലിസ്റ്റ് അവബോധമനസുകൊണ്ട് നോവല്‍ വായിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.  പരിശീലിപ്പിക്കുന്നു.  ഒരു നോവല്‍ സൃഷ്ടികൊണ്ട് അത്തരം ആഴത്തിലുള്ള ഒരു വിശകലനത്തിലേക്ക് നോവല്‍ സ്ഥലം ഉപയോഗിച്ച് എന്നതാണ് ഈ യുവ എഴുത്തുകാരന്റെ നേട്ടം.  എന്നാലും അബോധരചനയെ (Automatic narration) മനോരഥത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍തന്നെയിരുന്ന് വ്യാഖ്യാനിക്കാനും പുതിയ കാഴ്ചകളെ ആരും പറയാത്ത രീതിയില്‍ ക്രാഫ്റ്റില്‍ തത്വചിന്താപരമായി അഭിമുഖീകരിക്കാന്‍ നോവലിസ്റ്റ് പരിശ്രമിച്ചു എന്നതുതന്നെയാണ് നോവലിന്റെ സൗന്ദര്യം.  നരവംശശാസ്ത്രത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത രഹസ്യകലയാണ് ഭാഷ.  ഭാഷ ഉണ്ടാകുന്നതിനും മുന്‍പ് പ്രാചീന ചിഹ്നലിപികളും ചിത്രകലയും അമൂര്‍ത്തമായി ആദിഗോത്ര മനുഷ്യന്‍ കൊണ്ടുനടന്നിരുന്നു.  എങ്കിലും അപ്രസക്തമാണ് എന്ന് നാം കരുതിയ ഭാഷയേയും ഭാഷയുടെ ഉപയോഗരീതിയെയുമാണ് നോവലിസ്റ്റ് ഇവിടെ ഒരു പ്രകൃതി നിയമംപോലെ ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്ഥലകാലത്തിന്റെ വീക്ഷണ സ്ഥാനങ്ങളുടെ ആപേക്ഷികതയില്‍ പ്രശസ്തനായ ആനന്ദിനുശേഷം അത്തരമൊരു ചലനവേഗം മറികടക്കുന്ന അടുത്ത ആഴങ്ങള്‍ ഭാവിയില്‍ ഈ എഴുത്തുകാരനില്‍ വളരെ ഭദ്രമാണെന്നും ഇവിടെ സൂചിപ്പിക്കാതെ വയ്യ.  വളരെ വിഭിന്നങ്ങളായ സ്ഥലകാല സന്ദര്‍ഭങ്ങളിലെ നിര്‍മിതിയാണ് നോവലില്‍ എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്നതെന്നു പറയാം.  ഇനിയും നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഇത്തരം നിരവധി സവിശേഷതകള്‍ രാകേഷ് നാഥിന് മലയാള സാഹിത്യത്തില്‍ സവിശേഷസ്ഥാനം നല്‍കുകതന്നെ ചെയ്യും.FACEBOOK COMMENT BOX