Tuesday, July 28, 2020

കലാപങ്ങളുടെ രാപകലുകള്‍


ചോരവാര്‍ന്നുകൊണ്ടിരിക്കുന്നു
മതവൈരത്തിന്റെ വാള്‍ ആഴ്ന്നിറങ്ങിയ-
മുറിവുണങ്ങിയിട്ടില്ല
കാക്കകള്‍ ഒറ്റയ്ക്കും കൂട്ടായും കരയുന്നു
പച്ചിരുമ്പും ചുട്ടുപഴുക്കുന്നു
കനത്ത വെയില്‍
ഇരകളുടെ ജീവിതത്തില്‍
സഹനത്തിന്റെ ഭാരമേറി
മാനവികതയുടെ മുഖം
വെറുപ്പിന്റെ അക്ഷരങ്ങളുടെ നിഴലാട്ടവേദി
പ്രവേശനം നിരോധിച്ച വിജനമായ
റോഡുകള്‍
കണക്കെടുപ്പില്‍ പുറത്തായ മാംസക്ഷണങ്ങള്‍
വര്‍ഗീയത ഇടിത്തീയാവുന്നു
വെയിലിന്റെ ചെന്തീ നിറം കറുക്കുന്നു
പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു

നരഭോജികള്‍ അവര്‍
വേട്ടയാടാന്‍ അമ്പുരച്ചു മിനുക്കുന്നു
അവര്‍ അവരെ ആട്ടിയോടിക്കുന്നു
ചവിട്ടിമെതിക്കുന്നു
കൊന്നൊടുക്കുന്നു
അവരുടെ
കളപ്പുരയും കിടപ്പറയും അടുക്കളയും
അവര്‍ തച്ചുതകര്‍ക്കുന്നു

കലാപങ്ങളുടെ രാപകലുകളില്‍
അവര്‍ സംഘമായിട്ടിറങ്ങി
വസ്ത്രം കൊണ്ടവര്‍ ഇരയെ തിരിച്ചറിഞ്ഞു
മതഭ്രാന്ത് മനുഷ്യത്വത്തെ കൊത്തിവലിച്ചു
കൂടപ്പിറപ്പുകള്‍ നേര്‍ക്കുനേര്‍
കൊലവിളി മുഴക്കുന്നു
ഗ്രന്ഥങ്ങളിലെ അറിവുകള്‍
ദിശതെറ്റിയലയുന്നു
അണിയറയിലവര്‍ പുരാണങ്ങളെ മാറ്റിയെഴുതുന്നു
പഴയ ഇതിഹാസങ്ങള്‍ തെരുവുനാടകമാകുന്നു

ഗര്‍ഭപാത്രത്തില്‍ പതിഞ്ഞ കാല്‍പ്പാടുക-
ളൊന്നുറപ്പിക്കുന്നു
അത് മാനവരാശിയെ ഇളക്കി മറിക്കും
മാനവികതയെ ഊട്ടിയുറപ്പിക്കും
മതേതരത്വത്തെ പുകഴ്ത്തിപ്പറയും.

Tuesday, July 21, 2020

സ്ത്രീകളുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം

കഥാകൃത്ത് എസ് സരോജത്തിന്റെ കഥകളെ വിലയിരുത്തുന്നു


ലോക്ക്ഡൗണിന്റെ കാലമാണ്. ജീവിതം ചലിക്കാതെ വീടിനുള്ളില്‍ തളച്ചിടപ്പെടുന്നു. പക്ഷേ, ജീവിത വേഗത്തിന് ഒരു കുറവുമുണ്ടായിട്ടില്ല.  അത്ര വേഗത്തില്‍ മനുഷ്യരുടെ ജീവിതം മാറുന്നുണ്ട്. ഈ സമയത്താണ് കഥാകൃത്ത് എസ്. സരോജത്തിന്റെ രണ്ടു കഥാസമാഹാരങ്ങള്‍ വായനക്കായി എടുക്കുന്നത്.

'ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമ'വും 'ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങളും'. രണ്ടു പുസ്തകങ്ങളും ഏകദേശം പൂര്‍ണമായി വായിക്കാന്‍ എനിക്കായി.  ഒറ്റയിരുപ്പില്‍ കഥകള്‍ വായിക്കുന്ന ശീലമുള്ള വ്യക്തിയല്ല ഞാന്‍.  എന്നാല്‍, ഇവിടെ ഞാന്‍ അത്തരത്തില്‍ വായിക്കാന്‍ നിര്‍ബന്ധിതനായി. പക്ഷേ, സാധാരണ തുടര്‍ച്ചയായി നടത്തുന്ന വായന സൃഷ്ടിക്കുന്ന മടുപ്പ് ഈ കഥകള്‍ വായിച്ചപ്പോള്‍ തോന്നിയില്ല എന്നതാണ് അനുഭവം.  വളരെ അപൂര്‍വമായി മാത്രം ഉണ്ടാകാറുള്ള അനുഭവത്തിനു കാരണമായത് കഥകളുടെ പതിവുമാതൃകകളില്‍നിന്ന് മാറിനടക്കുന്ന സരോജത്തിന്റെ രചനാശൈലിയാണെന്ന് ഉറപ്പിച്ചു പറയാം.

സമാഹാരത്തിന്റെ തലക്കെട്ടായി തെരഞ്ഞെടുത്ത ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമം വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കഥാകാരി യാത്രകളെ ഇഷ്ടപ്പെടുന്നയാളാണ് എന്ന്.  യാത്രകളില്‍ കാണുന്ന കാഴ്ചകളും ഉണ്ടാകുന്ന അനുഭവങ്ങളും തീര്‍ച്ചയായും കഥാകൃത്തുക്കളെ പ്രചോദിപ്പിക്കാറുണ്ട്.  മലയാളത്തിലെ മികച്ച പല കഥകളും കഥാകൃത്തുക്കള്‍ സൃഷ്ടിച്ചത് യാത്രകളിലെ അനുഭവങ്ങളില്‍നിന്നാണ്.  യാത്രകളിലെ അനുഭവങ്ങളെ യാത്രാവിവരണങ്ങളായി എഴുതാറുള്ള എഴുത്തുകാരി അനുഭവങ്ങളുടെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ യാത്രാവിവരണത്തിനായും ഭാവനയെ കഥകള്‍ക്കായും മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല.  ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമം എന്ന കഥ ഇങ്ങനെ പറയാനുള്ള ധൈര്യം എനിക്കു നല്‍കുന്നുണ്ട്.  അനുഭവങ്ങളിലേക്ക് ഭാവനയെ മുഴച്ചുനില്‍ക്കാത്തവിധം മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തിരിച്ചറിയാനാവാത്തവിധം വിളക്കി ചേര്‍ക്കുന്നിടത്ത്, വെല്‍ഡ് ചെയ്തു ചേര്‍ക്കുന്നിടത്ത് അസാധാരണമായ രചനാവൈഭവമാണ് കഥാകാരി പ്രകടിപ്പിക്കുന്നത്.

സരോജം എന്ന കഥാകാരി.  വേണ്ട, എഴുത്തുകാരിയെന്നു തിരുത്തുന്നു.  കാരണം അദ്ദേഹം കഥകള്‍ക്കു പുറമെ കവിതകളും എഴുതാറുണ്ട്.  അതുകൊണ്ടുതന്നെയാവണം സരോജത്തിന്റെ ഗദ്യഭാഷയ്ക്ക് കാവ്യഭാഷയോട് ഒരു അടുപ്പം ഉണ്ടാവുന്നത്.  ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങള്‍ എന്ന കഥാസമാഹാരത്തില്‍ ക്യാപ്‌സൂള്‍ കഥകള്‍ എന്നു കഥാകാരിതന്നെ വിശേഷിപ്പിച്ചിരിക്കുന്ന മൂന്നോ നാലോ കഥകളുണ്ട്.  അത് ശരിക്കും കവിതകളാണോ എന്നു സംശയിച്ചാലും തെറ്റില്ല.  കാരണം ഞാന്‍ നേരത്തേ പറഞ്ഞ ഭാഷയാണ് ഘടകം.  പ്രത്യേകിച്ച് യക്ഷി എന്ന കഥ.

എല്ലാത്തരം എഴുത്തുകാരെയും വലിപ്പച്ചെറുപ്പമില്ലാതെ വായിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണു ഞാന്‍.  സരോജത്തിന്റെ കവിതകള്‍ നേരത്തെ വായിച്ചിട്ടുണ്ടെങ്കിലും കഥകള്‍ വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ലായിരുന്നു.  എത്രയോ കാലമായി മലയാളസാഹിത്യത്തില്‍ നില്‍ക്കുന്ന എഴുത്തുകാരിയാണ് സരോജം.  പക്ഷേ, നിര്‍ഭാഗ്യവശാല്‍, അല്ല, ശരിക്കും എന്റെ വായന എത്രമാത്രം ശുഷ്‌കമായിരുന്നു എന്നു ഞാന്‍ തിരിച്ചറിയുന്ന നിമിഷമാണിത്.  ആകാശത്തേക്ക് പറക്കുന്ന അക്ഷരങ്ങള്‍ എന്ന കഥാസമാഹാരത്തിലെ കഥകള്‍ക്ക് അസാധാരണത്വം ഉണ്ടെന്നു വായനയില്‍ തോന്നിയില്ല.  വളരെ സാധാരണമായ പരിസരങ്ങളില്‍നിന്നുണ്ടായതാണ് സരോജത്തിന്റെ കഥകള്‍.  വായനക്കാരന് വളരെ പരിചിതമായ പശ്ചാത്തലമാണ് 'പുറമ്പോക്കിലെ മരം'.  വനമേഖലയോടു ചേര്‍ന്നു്‌ള കൃഷിഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന വലിയൊരു ദുരിതമാണ് ചിന്നന്‍ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി സരോജം പറഞ്ഞുവച്ചത്.  ഇനിയും സരോജത്തിന്റെ കഥകള്‍ വായിച്ചിട്ടില്ലാത്തവര്‍ ഇനിയുമുണ്ട് എന്നതുകൊണ്ടാണ് കഥാപരിസരവും കഥാതന്തുവിനെയും മാത്രം പരാമര്‍ശിച്ച് പോവുന്നത്.  താന്‍ നട്ടുവളര്‍ത്തിയ മരം/താന്‍ സ്‌നേഹിച്ച്/വാത്സല്യം നല്കിയ മരം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്കു പോകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കുന്ന ഒരുപക്ഷേ, നിരവധി ചിന്നന്‍മാരെ കണ്ടതില്‍നിന്നാവും കേന്ദ്രകഥാപാത്രത്തെ സരോജം ചിത്രീകരിച്ചതെന്നു പറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തി ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.  കാരണം വായനക്കാരില്‍ അവര്‍ കണ്ട നിരവധി ചിന്നന്‍മാരെ ഓര്‍മിപ്പിക്കാന്‍ ഈ കഥയ്ക്കാവുന്നു.

ഇതേ സമാഹാരത്തില്‍ തന്നെയുള്ള മറ്റൊരു കഥയാണ് 'ഗ്രീഷ്മത്തില്‍ ഒരു മഴച്ചാല്‍ത്ത്' പറയാന്‍ ശ്രമിച്ച വിഷയത്തിന്റെ പ്രാധാന്യം മാറ്റിനിര്‍ത്തിയാല്‍ സമാഹാരത്തിലെ മറ്റു കഥകളുടെ നിലവാരം ഇല്ലാതെപോയ കഥയെന്നു പറയേണ്ടിവരുന്നു.  കഥയിലെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒരു മൂന്നാംകിട സീരിയലിനെ ഓര്‍മിപ്പിച്ചതല്ലാതെ വായനക്കാരനെന്നനിലയില്‍ എന്നെ സ്വാധീനിച്ചതേയില്ല.
'ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമ'ത്തിലെ ഒരു കഥയുടെ പേര് സ്ത്രീകളുടെ ശ്രദ്ധയ്ക്ക് എന്നാണ്.  ജീവിതത്തില്‍ ഭൗതികസുഖങ്ങളുടെ അര്‍ഥമില്ലായ്മ വരച്ചിടാനാണ് കഥാകാരി ഈ കഥയിലൂടെ ശ്രമിച്ചിരിക്കുന്നത്.  ഭൗതികസുഖങ്ങളില്‍ ആറാടുന്ന അല്ലെങ്കില്‍ അഭിരമിക്കുന്ന സുഷമാദേവിയെന്ന സ്ത്രീയാണ് ഈ കഥയിലെ നായിക.  ഭര്‍ത്താവിനെ മറന്ന് കാമുകനോടൊപ്പം രമിക്കുന്ന, കുലസ്ത്രീകളുടെ ഭാഷ കടമെടുത്താല്‍ അഴിഞ്ഞാടാന്‍ മടിയില്ലാത്ത സുഷമാദേവി എന്ന കഥാപാത്രം സമൂഹത്തോട് വിളിച്ചുപറയുന്നത് രതിആസ്വാദനത്തില്‍ സ്ത്രീക്കും പുരുഷനുമുള്ള തുല്യപദവിയെക്കുറിച്ചാണെന്നു ഞാന്‍ കരുതുന്നു.  സ്ത്രീകളുടേതായ എല്ലാത്തിനും സൗന്ദര്യത്തിനും/കാഴ്ചയ്ക്കും/ലൈംഗിക ഉത്തേജനത്തിനും അപ്പുറം സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്കറ്റ് മൂല്യം, പ്രത്യേകിച്ച് പുരുഷന്റെ പൗരുഷത്തിനടക്കം ഉണ്ടെന്നു പറയാനുള്ള ഒരു ശ്രമവും കഥാകാരി നടത്തുന്നുണ്ട്.  നിര്‍ഭാഗ്യവശാല്‍, അതില്‍ പൂര്‍ണമായി വിജയിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞോ എന്നകാര്യത്തില്‍ ഞാന്‍ സംശയിക്കുന്നു.  ഒരുപക്ഷേ, കഥയില്‍ ഒരു വഴിത്തിരിവായി കരുതിവച്ച ഈ വിഷയം ഒറ്റയ്ക്ക് ഒരു കഥയ്ക്ക് വിഷയമായി തീര്‍ന്നാല്‍ നന്നാവും എന്നാണ് ഞാന്‍ കരുതുന്നത്.

ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങള്‍ എന്ന കഥാസമാഹാരത്തിലെ വേറിട്ടൊരാള്‍ എന്ന കഥയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു.  ഈ കഥാസമാഹാരത്തിലെ ആദ്യകഥയായി ചേര്‍ത്തിരിക്കുന്ന കഥയും വേറിട്ടൊരാളാണ്.  അമൃത എന്ന സ്ത്രീ താന്‍ ആരാധിച്ചിരുന്ന ഒരു എഴുത്തുകാരനെ, പ്രത്യേകിച്ച് കഥാകൃത്തിനെ ഒരു യാത്രയ്ക്കിടെ കാണുന്നതും അവരിരുവരും തമ്മിലുണ്ടാവുന്ന സംഭാഷണവുമാണ് കഥാതന്തു.  വളരെ ലളിതമാണെങ്കിലും അവരിരുവരും തമ്മിലുണ്ടായ സംഭാഷണങ്ങള്‍ വായനക്കാരിലേക്ക് നല്‍കുന്നത് വാത്സല്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമുള്ള വികാരങ്ങളാണ്.  തീര്‍ച്ചയായും എന്റെ ജീവിതത്തിലെ ചില അനുഭവങ്ങളെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഓര്‍ക്കാന്‍ ഈ കഥ, വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല.  യാദൃച്ഛികമായിട്ട് അമൃതയും എഴുത്തുകാരനും തമ്മില്‍ കാണുന്നതിനായി ഒരുക്കിയിരിക്കുന്ന കഥാപശ്ചാത്തലം വളരെ വളരെ പരിചിതവും ഒന്നിലേറെ സിനിമകളില്‍ നായകനും നായികയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കൊരുക്കിയ യാത്രാപശ്ചാത്തലവുമായിപ്പോയി എന്നുപറയാതെ വയ്യ.  അതും എഴുത്തുകാരനെക്കുറിച്ച് അമൃതയുടെ ചിന്തകള്‍ തീര്‍ത്തും ക്ലീഷേയുമായിപ്പോയി. തോളത്തു തൂക്കിയ തുണിസഞ്ചി, പുസ്തകങ്ങള്‍, കഞ്ചാവ്ബീഡി, മദ്യക്കുപ്പി എല്ലാം... സ്ഥിരം പ്രയോഗങ്ങളായി.

വളരെ കുറച്ചു ദിവസങ്ങള്‍കൊണ്ട് ഒരു എഴുത്തുകാരിയുടെ ഇരുപതോളം കഥകളാണ് വായിച്ചത്.  വായിച്ചതില്‍നിന്നാണ് ഇത്രയും നേരം സംസാരിച്ചത്.  സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള യാത്രയായിട്ടാണ് ഈ കഥകള്‍ വായിച്ചപ്പോള്‍ തോന്നിയത്.  എന്തായാലും ഈ യാത്ര വളരെ വിചിത്രവും ആനന്ദകരവുമായ വായനാ അനുഭവമാണ് ഒരു വായനക്കാരനെന്ന നിലയില്‍ എനിക്കു നല്‍കിയത്.  

FACEBOOK COMMENT BOX