ഇന്ത്യന്‍ സിനിമയിലെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ തേടി രാജ്യത്തെ പരമോന്നത പുരസ്‌കാരം എത്തിയിരിക്കുന്നു. നാലുപതിറ്റാണ്ടിലേറെയായി സിനിമയുടെ വെള്ളിവെളിച്ചത്തിലുള്ള തമിഴകത്തിന്റെ സ്വന്തം തലൈവരാണ് രജനി. ചലച്ചിത്രനടന്‍ എന്നതില്‍കവിഞ്ഞ് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തില്‍ ജനിച്ച ശിവാജി റാവു ഗെയ്ക്ക്‌വാദില്‍ നിന്ന് രജനികാന്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഒരു ത്രില്ലര്‍ സിനിമക്കഥപോലെയാണ്.
മാറാഠിയായ റാണോജി റാവുഗയ്ക്ക്‌വാദ് ആണ് രജനിയുടെ പിതാവ്. നാച്ചിക്കുപ്പയിലേക്ക് അദ്ദേഹത്തിന്റെ കുടുബം കുടിയേറിയതാണ്. പിന്നീട് പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് റാണോജി റാവു ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗറിലേക്കു താമസം മാറി. റാവുവിന് നാലുമക്കളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയമകനായി 1950 ഡിസംബര്‍ 12നാണ് ശിവാജി റാവു ജനിച്ചത്. അദ്ദേഹത്തിന് ഏഴുവയസ് മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ റംബായി മരിച്ചു.
ചെറുപ്പത്തിലെ സിനിമകമ്പം
ബാല്യത്തിലും കൗമാരത്തിലും അമ്മയുടെ സംരക്ഷണവും പരിചരണവും നിയന്ത്രണങ്ങളും ഇല്ലാതെയുള്ള ജീവിതം രജനികാന്തിനെ മോശംകൂട്ടുകെട്ടിലും ദുശീലങ്ങളിലും എത്തിച്ചു. വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചു സുഹൃത്തുക്കളുമായി ഉല്ലസിച്ചിരുന്ന അദ്ദേഹം തുടര്ച്ചയായി സിനിമകാണുകയും ചെയ്തിരുന്നു. ബംഗളൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രജനി, തന്നെപ്പോലെതന്നെ പോലീസില്‍ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍ ആഗ്രഹിച്ചത്. അദ്ദേഹം അക്കാര്യം രജനിയോടുപറയുകയും കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, രജനി പിതാവിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ് സിനിമകമ്പവുമായി 1966ല്‍ മദ്രാസിലേക്ക് പോവുകയാണുണ്ടായത്. എങ്ങനെയെങ്കിലും വെള്ളിത്തിരയില്‍ മുഖം കാണിക്കുകയെന്ന കലശലായ ആഗ്രഹത്തോടെ അദ്ദേഹം അന്നത്തെ ചലച്ചിത്രകാരുടെ പിന്നാലെ നടന്നെങ്കിലും ചലച്ചിത്രനടനാവുകയെന്ന മോഹം പൂവണിഞ്ഞില്ല. ജീവിതച്ചെലവു കണ്ടെത്തനായി ചെറിയ നിരവധി ജോലികള്‍ ചെയ്യാന്‍ അദ്ദേഹം തയാറായി. എന്നാല്‍, അതുകൊണ്ടൊന്നും മദ്രാസില്‍ ജീവിക്കാന്‍ സാധിക്കാതെവന്നതോടെ അദ്ദഹം ബംഗളൂരുവിലേക്കു മടങ്ങി.
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടര്‍
ആരേയും വകവയ്ക്കാതെ തന്നിഷ്ടപ്രകാരമുള്ള രജനിയുടെ പ്രവൃത്തികളില്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. അലഞ്ഞുതിരിഞ്ഞുള്ള ജീവിതെ അവസാനിപ്പിക്കണമെന്നും സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്തി ജീവിക്കണമെന്നും സഹോദരന്‍മാര്‍ അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിനായി ജോലികണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ സഹോദരന്‍മാര്‍ തയാറായി. ഒടുവില്‍ രജനിയുടെ മൂത്തസഹോദരന്‍ സത്യനാരായണ റാവും അദ്ദേഹത്തിനായി ഒരു തൊഴില്‍ കണ്ടെത്തുകയുണ്ടായി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനില്‍ കണ്ടക്ടറുടെ ജോലിയാണ് അദ്ദേഹം മുന്‍കൈയെടുത്ത് രജനിക്ക് വാങ്ങിനല്‍കിയത്. എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കണ്ടക്ടറുടെ ജോലി സ്വീകരിക്കാന്‍ അദ്ദേഹം തയാറായി. എങ്കിലും, അഭിനയത്തോടുള്ള കമ്പം ഒഴിവാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ജോലിക്കിടയില്‍ നടകങ്ങളില്‍ അഭിനയിക്കാനുള്ള സമയവും അദ്ദേഹം കണ്ടെത്തിയിരുന്നു.
മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം
മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനത്തിനുള്ള അപേക്ഷയുടെ പരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കണ്ട അദ്ദേഹത്തിന്റെ സുഹൃത്ത് രാജ് ബഹദൂര്‍ ഈ പത്രവുമായ രജനിയെകാണാന്‍ എത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അതിനെക്കുറിച്ച് രജനിതന്നെ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''ശരിക്കും അവനാണ്, രാജ്, എന്റെ ജീവിതം മാറ്റിയത്. സിനിമകമ്പം ചേട്ടന്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാറ്റിവച്ചിരുന്ന സമയത്താണ് അവന്‍ വന്നത്. ശരിക്കും അവന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാന്‍ അപേക്ഷിക്കാന്‍ തയാറായത്. കണ്ടക്ടറുടെ ജോലി ഉപേക്ഷിച്ചാല്‍ ജീവിക്കാന്‍ മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ശരിക്കും രാജാണ് എന്റെ രണ്ടുവര്‍ഷത്തെ പഠനച്ചെലവ് വഹിച്ചതും. ബംഗളൂരുവില്‍ എപ്പോള്‍ എത്തിയാലും ഞാന്‍ രാജിനെ കാണാന്‍ ശ്രമിക്കാറുണ്ട്. എന്റെ വീട്ടില്‍ ഏതു ചടങ്ങ് നടന്നാലും ഞാന്‍ ആദ്യം ക്ഷണിക്കുന്നതും രാജിനെയാണ്.' 1973 ലാണ് രജനി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനായി ചേരുന്നത്.
വെള്ളിത്തിരയിലേക്ക്
മദ്രാസ് ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ വര്‍ഷംതന്നെ അദ്ദേഹത്തിനു സിനിമയില്‍ അരങ്ങേറാനുള്ള വലിയ ഭാഗ്യവും സിദ്ധിച്ചു. പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്ത കന്നഡചിത്രമായ കഥസംഗമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയില്‍ അറങ്ങേറി. ശ്രീവിദ്യയും കമല്‍ ഹാസനുമായിരുന്നു ചിത്രത്തിലെ നായികാ നായകന്‍മാര്‍. ഏറെ നിരൂപക ശ്രദ്ധനേടിയ ഈ ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു. ഈ ചിത്രത്തില്‍ ഒരു ഗേറ്റ് തുറന്നു കടന്നുവരുന്ന രംഗമാണ് രജനിയുടെ ആദ്യ സീന്‍. അന്നുതന്ന ബാലചന്ദ്രര്‍ തന്റെ സഹസംവിധായകനോട് രജനി വലിയ ഒരു നടനായി മാറുമെന്ന് പറഞ്ഞിരുന്നു. ബാലചന്ദറിന്റെ വാക്കുകള്‍ അച്ചട്ടമായി. ശിവാജി റാവു ഗെയ്ക്‌വാദ് രജനീകാന്തെന്ന എന്ന സൂപ്പര്‍താരമായിമാറിയത് പില്‍ക്കാല ചരിത്രം. ബാലചന്ദറാണു ശിവാജി റാവു ഗെയ്ക്‌വാദെന്ന പേര് മാറ്റി രജനീകാന്തെന്ന പേരു നല്‍കിയത്. കെ. ബാലചന്ദറിനെയാണു രജനി തന്റെ ഗോഡ്ഫാദറായി കരുതുന്നത്. എന്നാല്‍, രജനിയെ സിനിമയില്‍ പ്രശസ്തനാക്കിയത് എസ്. പി. മുത്തുരാമനാണ്. ഭുവന ഒരു കേള്‍വിക്കുറി(1977), ആറിലിരുന്ത് അറുപതുവരെ(1977) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം രജനിയെ താരപദവിയിലേക്ക് ഉയര്‍ത്തി. മുത്തുരാമന്‍ സംവിധാനം ചെയ്ത 25 ചിത്രങ്ങളില്‍ രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും എന്ന ചിത്രം പുറത്തുവന്നതോടെ രജനി താരരാജാവായി. മഹേന്ദ്രന്റെ ആദ്യചിത്രം കൂടിയായിരുന്നു ഇത്.
താരപദവിയിലേക്ക്
1980 കളില്‍ രജനിയുടെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തരംഗം തീര്‍ത്തു. ഒന്നിനുപുറമെ ഒന്നായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി രജനി തമിഴ് സിനിമ അടക്കിവാണു എന്നു പറയാം. ബില്ല, മുരട്ടുകാളൈ, പൊല്ലാതവന്‍, പോക്കിരി രാജ, തനിക്കാട്ടു രാജ, പായും പുലി, രംഗ, പണക്കാരന്‍... തൊട്ടതെല്ലാം സൂപ്പര്‍ഹിറ്റാക്കി അദ്ദേഹം നിറഞ്ഞാടിയ ചിത്രങ്ങള്‍ നിരവധി. തൊണ്ണൂറുകളിലേക്കെത്തിയപ്പേള്‍ മന്നന്‍, മുത്തു, ബാഷ, പടയപ്പ, അരുണാചലം തുടങ്ങിയ ചിത്രങ്ങള്‍ പ്രേഷകര്‍ കൊണ്ടാടുകയായിരുന്നു. 1993ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. രജനി അഭിനയം നിര്‍ത്തിയാല്‍ ആത്മഹൂതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയതോടെ അദ്ദേഹം ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. 1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കപ്പുറമെത്തിച്ചു. ഇന്ത്യക്കു പുറത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്‌തെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമായി മുത്തുമാറി. മുത്തുവിലൂടെ അദ്ദേഹത്തിനു ജപ്പാനിലും നിരവധി ആരാധകരുണ്ടായി. പിന്നീട് ശിവാജി എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും റിലീസ് ചെയ്യുകയുണ്ടായി. മലയാളത്തില്‍ വലിയ വിജയം നേടിയ മണിച്ചിത്രത്താഴ്, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളുടെ തമിഴ് റീ മേക്കായ ചന്ദ്രമുഖി, കുസേലന്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. കബാലി(2016), യന്തിരന്‍ 2.0 (2018), കാല(2018) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ താരരാജപട്ടം നിലനിര്‍ത്തി. 2002 ല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ബാബ എന്നചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമാവുകയുണ്ടായി. ഈ ചിത്രത്തിലൂടെ വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും വലിയ നഷ്ടം സംഭിക്കുകയുമുണ്ടായി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു. എന്നാല്‍, വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയാവുകയാണു ചെയ്തത്.
ജീവിതത്തില്‍ സാധാരണ മനുഷ്യന്‍
സിനിമയില്‍ സ്‌റ്റൈല്‍മന്നന്‍ ആയിരിക്കുമ്പോഴും ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. അതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''തിയറ്ററില്‍ ജനങ്ങള്‍ കാശുമുടക്കി കയറുന്നത് എന്നെ കാണാനല്ല. ഹീറോയെ കാണാനാണ്. അതിനനുസരിച്ചാണ് ഞാന്‍ അഭിനയിക്കുന്നത്. അതിനനുസരിച്ചാണ് പഞ്ചു ഡയലോഗുകള്‍ സൃഷ്ടിക്കപ്പെടുന്നത്. മുരട്ടുകാളയിലെയും ബാഷയിലെയും അരുണാചലത്തിലെയും പടയപ്പയിലെയും പഞ്ച് ഡയലോഗുകള്‍ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷേ, പുറത്ത്, ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. അവിടെ മേയ്ക്കപ്പിന്റെയും കോസ്റ്റ്യൂംസിന്റെയും ആവശ്യമില്ല. യാഥാര്‍ഥ്യബോധത്തോടെ നില്‍ക്കണം. അഭിനയിക്കരുത്. അതാണ് ഞാന്‍ ചെയ്യുന്നതും. '' അഭിനയത്തിന്റെ തുടക്കത്തില്‍ വര്‍ഷത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നകാലത്തു നിന്നും ഇന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളിലേക്ക് രജനി ചുരുങ്ങിയിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും സാധാരണ ജീവിതത്തില്‍ ഒരു മാറ്റവും ഇല്ല. ഇന്നും സിനിമയുടെ സെറ്റിലെ ഒരു കസേരയിലിരുന്നും വെറും നിലത്തു കിടന്നും ഉറങ്ങുന്ന രജനീകാന്ത്ചലച്ചിത്ര ലോകത്തിന് അദ്ഭുതമാകുന്നതിന്റെ കാരണവും മേല്‍പറഞ്ഞ നിലപാടാണ്. ലോകസുന്ദരിപട്ടം നേടിയ ഐശ്വര്യറായിയുടെ കൂടെ അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിനെക്കുറിച്ച് രജനി പറഞ്ഞത് ഇങ്ങനെയാണ്. ''മാലാഘയെപ്പോലിരിക്കുന്ന ആ ലോക സുന്ദരിയോട് എനിക്ക് വലിയ നന്ദിയുണ്ട് അറുപതുവയസുള്ള കറുത്ത കഷണ്ടിക്കാരനായ എന്നോടൊപ്പം അഭിനയിച്ചതിന്''. എഴുപതാംവയസിലും ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാര് എന്നു ചോദിച്ചാല്‍ ഇന്നും ഉത്തരം രജനീകാന്ത് എന്നുതന്നെ. അദ്ദേഹത്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുമ്പോള്‍ ആ താരപദവി ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നു എന്നുമാത്രം.
രാഷ്ട്രീയത്തില്‍ നിലപാടില്ലാതെ
രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് പ്രതീക്ഷിക്കാത്ത ഒരു ആരാധകനും അദ്ദേഹത്തിനുണ്ടായിരിക്കാന്‍ ഇടയില്ല. എന്നാല്‍ ഒരിക്കലും അതുമാത്രം നടന്നില്ല. പലകാലത്തും പല രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇക്കാരണത്താല്‍ രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. 2017 രജിനികാന്ത് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത വലിയ വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് വാര്‍ത്തകള്‍ വരികയും ഒരു സമയത്ത് അദ്ദേഹം തന്നെ അക്കാര്യം പറയുകയും ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ആരധകര്‍ക്കിയയില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇപ്പോഴും ആ തീരുമാനത്തിന്റെ കാരണം അജ്ഞാതം. 1995ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധനാണെന്ന് രജിനി പ്രഖ്യാപിച്ചു. എന്നാല്‍, 1996ല്‍ കാര്യങ്ങള്‍ നേരേ തലതിരിഞ്ഞു. കോണ്‍ഗ്രസ് എഐഎഡിഎംകെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജിനി ഡിഎംകെടിഎംസി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. എഡിഎംകെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി. 1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രജിനി ഡിഎംകെടിഎംസി മുന്നണിക്കൊപ്പമായിരുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജിനി വീണ്ടും രാഷ്ട്രീയം മാറി. ബിജെപിഎഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.
പുരസ്‌കാരത്തിന് നന്ദി ദൈവത്തിനും ആരാധകര്‍ക്കും
പുരസ്‌കരനേട്ടത്തില്‍ ആദ്യം നന്ദിപറയുന്നത് ദൈവത്തിനാണെന്ന് രജനീകാന്ത്. ഈ നേട്ടം ലോകമെന്പാടുമുള്ള തന്റെ ആരാധകര്‍ക്കു സമര്‍പ്പിക്കുന്നു എന്നാണ് താരം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. തന്റെ ഗുരുവും സംവിധായകനുമായ കെ ബാനചന്ദറിനും തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, നടന്‍ കമലഹാസന്‍, ഡിഎംകെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. തന്റെ സുഹൃത്ത് രാജ് ബഹദൂറിന് പ്രത്യേകം നന്ദിപറയാനും അദ്ദേഹം മറന്നില്ല.