Thursday, June 10, 2021

ലെന്‍സിലൂടെ സ്വപ്‌നങ്ങളെ നോക്കിയ സ്വപ്‌നവ്യാപാരി മടങ്ങുമ്പോള്‍ജീവിതം, പ്രകൃതി, ശബ്ദങ്ങള്‍, പെയിന്റിംഗുകള്‍, സാഹിത്യം എന്നിവ എനിക്ക് സ്വപ്‌നം കാണാന്‍ പ്രചോദനമായി. ഇവയാണ് സിനിമകള്‍ സ്വപ്നം കാണാനും എനിക്ക് പ്രചോദനം നല്‍കുന്നത്.                                                                                   -- ബുദ്ധദേബ് ദാസ്ഗുപ്ത


 ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമകളെ കുറിച്ച് ആദ്യം പറയാനാവുക, ആ സിനിമകളെല്ലാം ഒരു മികച്ച ലോകത്തിനായി കൊതിക്കുന്ന പകല്‍ സ്വപ്‌നംകാണുന്നവരെക്കുറിച്ചാണ് എന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളെ സൂക്ഷമമായി വിലയിരുത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒന്നാണ് വിചിത്രവും അസാധാരണവുമായ വഴിത്തിരിവുകള്‍. അതിനായി ദാസ്ഗുപ്തയുടെ ശൈലിയിലുള്ള ലോംഗ് ടേക്കുകളും ട്രാക്കിംഗ് ഷോട്ടുകളും സിനിമയെ സമ്പന്നമാക്കുന്നു. 1992-ല്‍ പുറത്തിറങ്ങിയ 'തഹാദര്‍ കഥ' എന്നസിനിമയിലെ ഒരു രംഗം പരാമര്‍ശിക്കാതെ തരമില്ല. സിനിമയിലെ കേന്ദ്രകഥാപാത്രമായ സ്വാതന്ത്ര്യസമരസേനാനിയായ സിബ്‌നാഥ് (മിഥുന്‍ ചക്രബര്‍ത്തി) ജയില്‍ മോചിതനായ ശേഷം തന്റെ വീട്ടിലേക്കുള്ള യാത്രയിലെ രംഗങ്ങള്‍.  ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് 11 വര്‍ഷത്തെ തടവിന് ശേഷമാണ് അദ്ദേഹം തടവറയില്‍ നിന്നു പുറത്തുവരുന്നത്. ബംഗാളിന്റെ ഗ്രാമങ്ങളുടെ അമ്പരപ്പിക്കുന്ന ലാന്‍ഡ്സ്‌കേപ്പ്‌ഷോട്ടുകളാണ് ദാസ്ഗുപ്ത കാഴ്ചക്കാര്‍ക്കു സമ്മാനിച്ചത്. സ്വപ്നവ്യാപാരിയെന്ന് ഒരുപക്ഷേ എല്ലാ അര്‍ഥത്തിലും ബുദ്ധദേബ് ദാസ്ഗുപ്തയെ വിളിക്കാം. സ്വപ്‌നം കാണുന്നത് നിര്‍ത്തി ബുദ്ധദേബ് ദാസ് ഗുപ്ത മടങ്ങുമ്പോള്‍ ചലച്ചിത്രപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യം സ്വപ്‌നാടകരുടെ കഥകള്‍ ബുദ്ധദേബ് ദാസ് ഗുപ്തയെപ്പോലെ സ്‌നേഹത്തോടെ ഇനി ആരാണ് പറയുക എന്നാണ്. 

ബുദ്ധദേബ് ദാസ്ഗുപ്തയുടെ സിനിമ റിയലിസത്തിന്റെയും കാവ്യാത്മകമായ ദൃശ്യഭാഷയുടെയും ഒരു അതുല്യമായ മിശ്രിതമായിരുന്നു. ലാന്‍ഡ്‌സ്‌കേപ്പ് ദൃശ്യങ്ങളിലൂടെ അദ്ദേഹം ചിത്രീകരിച്ച രംഗങ്ങള്‍ ഒരേസമയം സൗന്ദര്യവും അസ്വസ്ഥരായ ആളുകളും അസ്വസ്ഥമായ സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ മികവ് ചിത്രീകരിക്കുന്ന ദൃശ്യങ്ങളുടെ ലാളിത്യത്തിലായിരുന്നു. ലെന്‍സും സാങ്കേതിക ഉപകരണങ്ങളും മുതല്‍ ക്യാമറ ചലനങ്ങള്‍ വരെ വളരെ ലളിതമായിരുന്നു. ദാസ്ഗുപ്തയുടെ ലാന്‍ഡ്‌സ്‌കേപ്പുകള്‍ ഓരോ കാഴ്ചക്കാരന്റെയും ഹൃദയത്തില്‍ എല്ലായിപ്പോഴും പതിഞ്ഞിരിക്കുമെങ്കിലും, അതിനിടയില്‍ വളരെ ശക്തമായ ചില ക്ലോസപ്പുകളും അദ്ദേഹം ചിത്രീകരിക്കുമായിരുന്നു. ഓരോ യുവ ചലച്ചിത്രകാരന്റെയും പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ഷോട്ടുകള്‍. 

കച്ചവട സിനിമയുടെ വേലിയേറ്റത്തിനെതിരേ നീന്താന്‍ ധൈര്യപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എക്കാലവും ദാസ്ഗുപ്തയുടെ സിനിമകള്‍വലിയപ്രതീക്ഷകളാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണം പൂരിപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഒരു വലിയ ശൂന്യതയാണ്  ചലച്ചിത്രലോകത്ത് അവശേഷിപ്പിച്ചിരിക്കുന്നത്. 

കോല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് ബിരുദം നേടിയ ദാസ്ഗുപ്ത സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപകനായിരിക്കെയാണ് സിനിമയാണു തന്റെ വഴിയെന്നു തിരിച്ചറിയുന്നത്. പുസ്തകങ്ങളിലെ സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍ പഠിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ഒരിക്കലും സന്തോഷം കണ്ടെത്താനായിരുന്നില്ല.  ആ അതൃപ്തിയാണ് ദാസ്ഗുപ്തയെ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത് ഉപേക്ഷിച്ച്, സിനിമ സ്വയം പഠിച്ച് ചലച്ചിത്രകാരനാക്കിയത്. പിന്നീട്, ലോകം ആദരവോടെ അംഗീകരിച്ച ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. 1944 ല്‍ പുരുലിയയില്‍ ജനിച്ച ദാസ് ഗുപ്ത എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി. ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും പരിശീലനം നേടിയിട്ടില്ലെങ്കിലും, ഒരു കവിയുടെ ഭാവനയും അതിനെ ദൃശ്യവത്കരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. 

തന്റെ സിനിമകളില്‍ ദാസ്ഗുപ്ത ശക്തമായി ഉപയോഗിച്ച ഒരു ഉപകരണമായിരുന്നു മൗനം. വളരെ ലളിതവും എന്നാല്‍ വൈകാരികവുമായ വിഷയങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കും. ഒന്നിലേറെ തലങ്ങളുള്ളതാവും അദ്ദേഹത്തിന്റെ സിനിമകള്‍. ഓരോ തലവും മറ്റൊരു സിനിമ വെളിപ്പെടുത്തും. ഉദാഹരണത്തിന്, ഉത്തരയില്‍, കുള്ളന്‍ ക്ലൈമാക്‌സില്‍ ഒരു മാറ്റം വരുത്തുന്നു, ക്രൂരമായ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കാഴ്ചക്കാരനെ സൂക്ഷ്മമായി ഭാവനയുടെയും സ്വപ്നത്തിന്റെയും സാന്ത്വനത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോകുന്നു. ചിലപ്പോള്‍ നര്‍ത്തകര്‍, ചിലപ്പോള്‍ ഫ്‌ളൂട്ട് പ്ലേയര്‍, ചിലപ്പോള്‍ കുള്ളന്മാര്‍; അദ്ദേഹത്തിന്റെ സിനിമകളില്‍ പാലങ്ങള്‍ പോലെ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകും. ഫാന്റസിയില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍; ചില സമയങ്ങളില്‍, അവര്‍ കണ്ടത് റിയലിസമാണോ അതോ മാജിക് റിയലിസമാണോ എന്ന് നിര്‍ണയിക്കാന്‍ പ്രേഷകര്‍ക്ക് കഴിയില്ല.

തന്റെ ആദ്യകാല സിനിമകളില്‍ തന്റെ ഇടതുപക്ഷ രാഷ്ട്രീയം വളരെ കൃത്യമായി അദ്ദേഹം വെളിവാക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രം ദൂരത്വ (1978) ആയിരുന്നു. 'ദൂരത്വ', 'ആന്ധി ഗാലി' (1984) തുടങ്ങിയ സിനിമകളില്‍ ദാസ്ഗുപ്തയുടെ രാഷ്ട്രീയവും നക്‌സല്‍ പ്രസ്ഥാനങ്ങളുമായുള്ള  ബംഗാളിന്റെ നീണ്ടതും വളരെ സങ്കീര്‍ണ്ണവുമായ ബന്ധവും കണ്ടെത്താനാവും. പക്ഷേ, അസാധാരണമെന്നു പറയട്ടെ നക്‌സലൈറ്റ് ബാനര്‍ വഹിച്ചവരെ നായകന്മാരായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചതേയില്ല.

എന്നാല്‍, പിന്നീട് ബംഗാളിലെ മധ്യവര്‍ഗത്തിന്റെ പ്രായോഗികരാഷ്ട്രീയം അടുത്ത് മനസിലാക്കിയപ്പോള്‍, അദ്ദേഹത്തിന് ഒരുകാര്യം മനസിലായി അത്  നക്‌സല്‍ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്എന്ന്. ഒരുപക്ഷേ, അങ്ങനെയാവാം ദാസ്ഗുപ്ത മറ്റൊരു സൗന്ദര്യശാസ്ത്രത്തിലേക്ക് മാറിയതും, അവിടെ സ്വന്തം ശബ്ദം കണ്ടെത്തിയതും. 1989 ല്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ബാഗ് ബഹാദൂര്‍ എന്ന ചിത്രം ആ മാറ്റം വളരെ വ്യക്തമായി നമുക്ക് മുന്നില്‍ വരച്ചിടുകയും ചെയ്തു. കടുവയെപ്പോലെ സ്വയം വരച്ച് ഗ്രാമീണ ബംഗാളിലെ ഒരു ഗ്രാമത്തില്‍ നൃത്തം ചെയ്യുന്ന ഒരാളുടെ കഥയാണ് ബാഗ് ബഹാദൂര്‍. കലാപരിപാടികളിലൂടെ പ്രാദേശിക ജനങ്ങള്‍ക്കായി വിനോദപരിപാടികള്‍ അവതരിപ്പിക്കുമ്പോഴും സഹായം തേടി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുകയും ചെയ്ത നര്‍ത്തകരായിരുന്നു ഇവര്‍. ഖരഗ്പൂരിലെ ഈ കലാകാരന്‍മാരുടെയും കലാകാരികളുടെയും കൂടെ ചുറ്റിപ്പറ്റി ദാസ് ഗുപ്ത കുട്ടിക്കാലം മുഴുവന്‍ ചെലവഴിച്ചിരുന്നു. പ്രത്യേകിച്ച് നര്‍ത്തകികളായിരുന്നു കൂടുതല്‍. അങ്ങനെയാണ് 'ബാഗ് ബഹാദൂര്‍' എന്ന സിനിമ ജനിക്കുന്നത്. സ്വന്തം കാഴ്ചകളെ ചിത്രീകരിച്ചതുകൊണ്ടാവും ആ സിനിമ ഒരു ക്ലാസിക്കായി മാറിയതും.

1997 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദാസ്ഗുപ്തയ്ക്കു നേടിക്കൊടുത്ത ലാല്‍ ദര്‍ജയിലേക്കെത്തുമ്പോള്‍ സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും പരമ്പരാഗത വിവരണവും ഇതിവൃത്തവും ഒഴിവാക്കുന്ന ഒരിടത്തേക്ക് ദാസ്ഗുപ്തയുടെ സിനിമ പ്രവേശിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നു. 40-കളുടെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന നബിന്‍ ദത്ത എന്ന ദന്തഡോക്ടറുടെ കഥയാണ് ഈ സിനിമയുടെ കഥയില്‍ വിവരിക്കുന്നത്. നായകന്റെ മനസിലെ പ്രക്ഷുബ്ധത പ്രകടിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങളും രൂപകങ്ങളും ഈ സിനിമയില്‍ നിറഞ്ഞിരിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ സമകാലിക നാഗരിക ജീവിതത്തിന്റെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ സിനിമ പ്രേഷകന്റെ മുന്നിലെത്തിക്കുന്നു. 

( ഉത്തര എന്ന സിനിമയുടെ ലൊക്കേഷനില്‍ താരങ്ങള്‍ക്ക്
നിര്‍ദേശം നല്‍കുന്ന ബുദ്ധദേബ് ദാസ്ഗുപ്ത.

മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിനു നേടിക്കൊടുത്ത, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയെന്നു നിരൂപകരും പ്രേഷകരും വിലയിരുത്തുന്ന ഉത്തര (2000) പ്രതീകാത്മകത നിറഞ്ഞതാണ്. ഈ സിനിമയ്ക്ക് ഒരുതലമല്ല ഉള്ളത്. ഒരു തലത്തില്‍, അത് മതമൗലികവാദത്തെക്കുറിച്ചും അത് നമ്മുടെ സമൂഹത്തില്‍ അതിന്റെ കൂടാരങ്ങള്‍ കെട്ടുന്നതിനെക്കുറിച്ചുമാണ് ദാസ്ഗുപ്ത പറയുന്നത്. അതേസമയംതന്നെ, മറ്റൊരു തലത്തില്‍ വിഷലിപ്തമായ പുരുഷത്വം അടിമബോധം നിറഞ്ഞ, ദുര്‍ബലമായ ഒരു സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പറയുന്നു. ഏറ്റവും രൂക്ഷമായ ഭാഷയില്‍ ഉത്തര അടിച്ചമര്‍ത്തപ്പെടുന്നവരുടെ ലൈംഗിക വിമോചനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമകൂടിയായി മാറുന്നു.

2006 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കല്‍പുരുഷ്, രണ്ട് സമയപരിധികളിലുടനീളം ഒരു അച്ഛന്റെയും മകന്റെയും ബന്ധം പറഞ്ഞ കഥയാണ്. ഒരു കവികൂടിയായ, ദാസ്ഗുപ്തയെ തേടി മികച്ച ചിത്രത്തിനുള്ള അഞ്ച് ദേശീയ അവാര്‍ഡുകളും രണ്ട് മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങളും എത്തി. അദ്ദേഹം സിനിമകള്‍ക്കായി തെരഞ്ഞെടുക്കുന്ന വിഷയവും ദൃശ്യവത്കരിക്കുന്ന രീതിയും പ്രേക്ഷകരെ റിയലിസത്തിനപ്പുറത്തേക്ക് കൊണ്ടുപോയി. ചിലസമയങ്ങളിലെങ്കിലും മാജിക് റിയലിസത്തിലേക്കും സര്‍റിയലിസത്തിലേക്കും. ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍ നിന്ന് നിരവധി സിനിമകള്‍ക്ക് കഥകള്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പല സിനിമകളുടെയും വിഷയം ഗ്രാമീണ ബംഗാളുമായി ബന്ധപ്പെട്ടതാണ്, പക്ഷേ അദ്ദേഹം കഥകളെ റിയലിസത്തിനപ്പുറത്തേക്ക് പറിച്ചുനട്ടു. പലപ്പോഴും ഫാന്റസി, മാജിക് റിയലിസം എന്നിവ മുഴച്ചു നില്‍ക്കാത്തവിധം കൂടിചേരുന്ന അസാധാരണമായ ഒരു രസതന്ത്രം അദ്ദേഹത്തിന്റെ സിനിമകളില്‍ കണ്ടെത്താനാവും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രകോപിപ്പിക്കുന്ന ബിംബങ്ങളും ദാര്‍ശനിക ചോദ്യങ്ങളും നിറഞ്ഞ ദാസ് ഗുപ്തയുടെ സിനിമകള്‍ ലോകമെമ്പാടും പ്രശംസയും അവാര്‍ഡും നേടി. 

നിരൂപക പ്രശംസയും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. കാരണം തന്റെ സിനിമകളെ കുറിച്ച് വളരെ കുറച്ചുമാത്രം സംസാരിക്കുന്ന വ്യക്തിയായിരുന്നു ദാസ്ഗുപ്ത. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്- ''അവാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള പ്രചോദനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവാര്‍ഡുകളല്ല സിനിമയ്ക്കുള്ള പ്രചോദനം. ഞാന്‍ കഷ്ടി ഇരുപത് സിനിമകള്‍ മാത്രമാണു ചെയ്തിരിക്കുന്നത്. അതുതന്നെ കൂടുതലാണെന്നാണ് എന്റെ പക്ഷം. കിട്ടിയ പുരസ്‌കാരങ്ങള്‍ക്കുമാത്രം പ്രതിഭ എനിക്കുണ്ടോയെന്നു ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനെന്ന നിലയില്‍ ആരെങ്കിലും എന്നെ പരിചയപ്പെടുത്തിയാല്‍ അത് അപമാനമായാണ് എനിക്കു തോന്നാറ്'' എന്നാണ്.

Tuesday, June 8, 2021

മരിച്ചവര്‍ക്കെതിരായ അധിക്ഷേപം

 


സ്പാനിഷ് കവി എയ്ഞ്ജലോ ഗോണ്‍സാലസ് രചിച്ച Diatribe against the dead  (വിവര്‍ത്തനം)


സ്വാര്‍ഥരാണവര്‍

മരിച്ചവര്‍

നമ്മളെ കരയിക്കാനും ശ്രദ്ധിക്കാതിരിക്കാനും 

മടിയില്ലാത്തവര്‍

അസൗകര്യം നിറഞ്ഞ ഇടങ്ങളിലും 

അവര്‍ മൂകരായി കഴിഞ്ഞുകൂടും

നടക്കില്ലെന്നു വാശിയുള്ളവരെ 

ശ്മശാനംവരെ 

നാം ചുമലിലേറ്റിനടക്കണം

അവര്‍, കുട്ടികളാണെങ്കിലും

ഹാ! എന്തൊരു പീഡനംതൃകയാണവര്‍


അനക്കമറ്റ് മരവിച്ച ശരീരം, 

മുഖത്തെപ്പോഴും അധിക്ഷേപത്തിന്റെയും 

ശാസനയുടെയും ഭാവം 

ജീര്‍ണിച്ച മനസാക്ഷി

ദുഷിച്ച മാതൃക.ാണവര്‍

അവര്‍, അത്യന്തം ചീത്തയായതെന്തും


മരിച്ചവരെ കൊല്ലാന്‍പറ്റില്ല എന്നതാണ്

ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം


നമ്മളോടുള്ള അവരുടെ 

0ൃഡവും വിനാശകരവുമായ പ്രയത്‌നം

കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്


ബോധമില്ലത്ത,

സംവേദനക്ഷമമല്ലാത്ത 

ഉദാസീനതയും ദുര്‍വാശിയും നിറഞ്ഞ

അവരുടെ അധികപ്രസംഗവും മൗനവും


അവര്‍ ചെയ്യാത്തതെന്തെന്ന് 

അവരറിയുന്നേയില്ല

Wednesday, May 12, 2021

കോമാളിയുടെ മുഖംമൂടിയിട്ട് വിഷാദത്തിന്റെ കുന്നിറങ്ങുന്നു

 


ചിന്തകളെല്ലാം തലതിരിഞ്ഞതെന്ന് 

വിളിച്ചാക്ഷേപിച്ചുകൊണ്ടിരുന്നു


ജീവിതത്തിന്റെ തിരക്കഥയില്‍ 

പാളിപ്പോയരംഗങ്ങളാണധികമെന്ന് 

കണ്ടവര്‍ കാണാത്തവരോട് പറഞ്ഞുകൊണ്ടിരുന്നു


മനസിലെ നീറ്റല്‍ വരച്ചപ്പൊഴൊക്കെ 

പൂത്തുലഞ്ഞ ഗുല്‍മോഹറെന്ന് 

വ്യാഖ്യാനം ചമച്ചുകളഞ്ഞു


വിറയ്ക്കുന്ന കൈകളാല്‍ 

ജീവിതം പകര്‍ത്തിയപ്പോള്‍ 

അക്ഷരത്തെറ്റുള്ള ഭാഷയെന്ന് 

മുദ്രയടിച്ച് വെട്ടിക്കളഞ്ഞു


നെഞ്ചിലെ മുറിവുകള്‍ 

പക്വതയുടെ കുലശേരുകൊണ്ട് മിനുക്കിയപ്പോള്‍

പൂത്ത ചോരച്ചെമ്പരത്തിയെന്ന് 

നിരൂപണമെഴുതി


രാത്രിയെന്നു പറഞ്ഞപ്പോള്‍ 

പകലെന്ന് വെട്ടിത്തിരുത്തിയെഴുതി


ഉള്ളിലെ നെരിപ്പോടില്‍ കനലാളിയപ്പോള്‍ 

കാടുകത്തുന്നതെന്നു വ്യാജം പറഞ്ഞു


ഒടുവില്‍ ഭൂതകാലത്തെ, 

തന്നെപ്പോലും തിരിച്ചറിയാനാവാത്ത തിരക്കില്‍ 

ഉപേക്ഷിച്ചു പടിയിറങ്ങി


പച്ചയായ ജീവിതത്തെ 

മൗനത്തിന്റെ ഉന്മാദത്തിലൊളിപ്പിച്ച് 

കോമാളിയുടെ മുഖംമൂടിയിട്ട് 

പരാജിതന്റെ ശരീരഭാഷയുമായി

ഇടവഴികളിലൂടെ ജീവിതവും പേറി

വിഷാദത്തിന്റെ കുന്നിറങ്ങുന്നു


Thursday, April 1, 2021

പുരസ്‌കാര നിറവില്‍ സ്‌റ്റൈല്‍മന്നന്‍...

 


ഇന്ത്യന്‍ സിനിമയിലെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ തേടി രാജ്യത്തെ പരമോന്നത പുരസ്‌കാരം എത്തിയിരിക്കുന്നു. നാലുപതിറ്റാണ്ടിലേറെയായി സിനിമയുടെ വെള്ളിവെളിച്ചത്തിലുള്ള തമിഴകത്തിന്റെ സ്വന്തം തലൈവരാണ് രജനി. ചലച്ചിത്രനടന്‍ എന്നതില്‍കവിഞ്ഞ് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തില്‍ ജനിച്ച ശിവാജി റാവു ഗെയ്ക്ക്‌വാദില്‍ നിന്ന് രജനികാന്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഒരു ത്രില്ലര്‍ സിനിമക്കഥപോലെയാണ്.  

മാറാഠിയായ റാണോജി റാവുഗയ്ക്ക്‌വാദ് ആണ് രജനിയുടെ പിതാവ്. നാച്ചിക്കുപ്പയിലേക്ക് അദ്ദേഹത്തിന്റെ കുടുബം കുടിയേറിയതാണ്. പിന്നീട് പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് റാണോജി റാവു ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗറിലേക്കു താമസം മാറി. റാവുവിന് നാലുമക്കളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയമകനായി 1950 ഡിസംബര്‍ 12നാണ്  ശിവാജി റാവു ജനിച്ചത്. അദ്ദേഹത്തിന് ഏഴുവയസ് മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ റംബായി മരിച്ചു. 

ചെറുപ്പത്തിലെ സിനിമകമ്പം

ബാല്യത്തിലും കൗമാരത്തിലും അമ്മയുടെ സംരക്ഷണവും പരിചരണവും നിയന്ത്രണങ്ങളും ഇല്ലാതെയുള്ള ജീവിതം രജനികാന്തിനെ മോശംകൂട്ടുകെട്ടിലും ദുശീലങ്ങളിലും എത്തിച്ചു. വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചു സുഹൃത്തുക്കളുമായി ഉല്ലസിച്ചിരുന്ന അദ്ദേഹം തുടര്ച്ചയായി സിനിമകാണുകയും ചെയ്തിരുന്നു. ബംഗളൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രജനി, തന്നെപ്പോലെതന്നെ പോലീസില്‍ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍ ആഗ്രഹിച്ചത്. അദ്ദേഹം അക്കാര്യം രജനിയോടുപറയുകയും കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, രജനി പിതാവിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ് സിനിമകമ്പവുമായി 1966ല്‍ മദ്രാസിലേക്ക് പോവുകയാണുണ്ടായത്. എങ്ങനെയെങ്കിലും വെള്ളിത്തിരയില്‍ മുഖം കാണിക്കുകയെന്ന കലശലായ ആഗ്രഹത്തോടെ അദ്ദേഹം അന്നത്തെ ചലച്ചിത്രകാരുടെ പിന്നാലെ നടന്നെങ്കിലും ചലച്ചിത്രനടനാവുകയെന്ന മോഹം പൂവണിഞ്ഞില്ല. ജീവിതച്ചെലവു കണ്ടെത്തനായി ചെറിയ നിരവധി ജോലികള്‍ ചെയ്യാന്‍ അദ്ദേഹം തയാറായി. എന്നാല്‍, അതുകൊണ്ടൊന്നും മദ്രാസില്‍ ജീവിക്കാന്‍ സാധിക്കാതെവന്നതോടെ അദ്ദഹം ബംഗളൂരുവിലേക്കു മടങ്ങി. 

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടര്‍

ആരേയും വകവയ്ക്കാതെ തന്നിഷ്ടപ്രകാരമുള്ള രജനിയുടെ പ്രവൃത്തികളില്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. അലഞ്ഞുതിരിഞ്ഞുള്ള ജീവിതെ അവസാനിപ്പിക്കണമെന്നും സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്തി ജീവിക്കണമെന്നും സഹോദരന്‍മാര്‍ അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിനായി ജോലികണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ സഹോദരന്‍മാര്‍ തയാറായി. ഒടുവില്‍ രജനിയുടെ മൂത്തസഹോദരന്‍ സത്യനാരായണ റാവും അദ്ദേഹത്തിനായി ഒരു തൊഴില്‍ കണ്ടെത്തുകയുണ്ടായി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനില്‍ കണ്ടക്ടറുടെ ജോലിയാണ് അദ്ദേഹം മുന്‍കൈയെടുത്ത് രജനിക്ക് വാങ്ങിനല്‍കിയത്. എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കണ്ടക്ടറുടെ ജോലി സ്വീകരിക്കാന്‍ അദ്ദേഹം തയാറായി. എങ്കിലും, അഭിനയത്തോടുള്ള കമ്പം ഒഴിവാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ജോലിക്കിടയില്‍ നടകങ്ങളില്‍ അഭിനയിക്കാനുള്ള സമയവും അദ്ദേഹം കണ്ടെത്തിയിരുന്നു. 

മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം

മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനത്തിനുള്ള അപേക്ഷയുടെ പരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കണ്ട അദ്ദേഹത്തിന്റെ സുഹൃത്ത് രാജ് ബഹദൂര്‍ ഈ പത്രവുമായ രജനിയെകാണാന്‍ എത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അതിനെക്കുറിച്ച് രജനിതന്നെ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''ശരിക്കും അവനാണ്, രാജ്, എന്റെ ജീവിതം മാറ്റിയത്. സിനിമകമ്പം ചേട്ടന്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാറ്റിവച്ചിരുന്ന സമയത്താണ് അവന്‍ വന്നത്. ശരിക്കും അവന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാന്‍ അപേക്ഷിക്കാന്‍ തയാറായത്. കണ്ടക്ടറുടെ ജോലി ഉപേക്ഷിച്ചാല്‍ ജീവിക്കാന്‍ മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ശരിക്കും രാജാണ് എന്റെ രണ്ടുവര്‍ഷത്തെ പഠനച്ചെലവ് വഹിച്ചതും. ബംഗളൂരുവില്‍ എപ്പോള്‍ എത്തിയാലും ഞാന്‍ രാജിനെ കാണാന്‍ ശ്രമിക്കാറുണ്ട്. എന്റെ വീട്ടില്‍ ഏതു ചടങ്ങ് നടന്നാലും ഞാന്‍ ആദ്യം ക്ഷണിക്കുന്നതും രാജിനെയാണ്.' 1973 ലാണ് രജനി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനായി ചേരുന്നത്. വെള്ളിത്തിരയിലേക്ക്

മദ്രാസ് ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ വര്‍ഷംതന്നെ അദ്ദേഹത്തിനു സിനിമയില്‍ അരങ്ങേറാനുള്ള വലിയ ഭാഗ്യവും സിദ്ധിച്ചു. പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്ത കന്നഡചിത്രമായ കഥസംഗമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയില്‍ അറങ്ങേറി.  ശ്രീവിദ്യയും കമല്‍ ഹാസനുമായിരുന്നു ചിത്രത്തിലെ നായികാ നായകന്‍മാര്‍. ഏറെ നിരൂപക ശ്രദ്ധനേടിയ ഈ ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു. ഈ ചിത്രത്തില്‍ ഒരു ഗേറ്റ് തുറന്നു കടന്നുവരുന്ന രംഗമാണ് രജനിയുടെ ആദ്യ സീന്‍. അന്നുതന്ന ബാലചന്ദ്രര്‍ തന്റെ സഹസംവിധായകനോട് രജനി വലിയ ഒരു നടനായി മാറുമെന്ന് പറഞ്ഞിരുന്നു. ബാലചന്ദറിന്റെ വാക്കുകള്‍ അച്ചട്ടമായി. ശിവാജി റാവു ഗെയ്ക്‌വാദ് രജനീകാന്തെന്ന എന്ന സൂപ്പര്‍താരമായിമാറിയത് പില്‍ക്കാല ചരിത്രം. ബാലചന്ദറാണു ശിവാജി റാവു ഗെയ്ക്‌വാദെന്ന പേര് മാറ്റി രജനീകാന്തെന്ന പേരു നല്‍കിയത്. കെ. ബാലചന്ദറിനെയാണു രജനി തന്റെ ഗോഡ്ഫാദറായി കരുതുന്നത്. എന്നാല്‍, രജനിയെ സിനിമയില്‍ പ്രശസ്തനാക്കിയത് എസ്. പി. മുത്തുരാമനാണ്. ഭുവന ഒരു കേള്‍വിക്കുറി(1977), ആറിലിരുന്ത് അറുപതുവരെ(1977) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം രജനിയെ താരപദവിയിലേക്ക് ഉയര്‍ത്തി. മുത്തുരാമന്‍ സംവിധാനം ചെയ്ത 25 ചിത്രങ്ങളില്‍ രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും എന്ന ചിത്രം പുറത്തുവന്നതോടെ രജനി താരരാജാവായി. മഹേന്ദ്രന്റെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. 

താരപദവിയിലേക്ക്

1980 കളില്‍ രജനിയുടെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തരംഗം തീര്‍ത്തു. ഒന്നിനുപുറമെ ഒന്നായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി രജനി തമിഴ്‌ സിനിമ അടക്കിവാണു എന്നു പറയാം. ബില്ല, മുരട്ടുകാളൈ, പൊല്ലാതവന്‍, പോക്കിരി രാജ, തനിക്കാട്ടു രാജ, പായും പുലി, രംഗ, പണക്കാരന്‍... തൊട്ടതെല്ലാം സൂപ്പര്‍ഹിറ്റാക്കി അദ്ദേഹം നിറഞ്ഞാടിയ ചിത്രങ്ങള്‍ നിരവധി. തൊണ്ണൂറുകളിലേക്കെത്തിയപ്പേള്‍ മന്നന്‍, മുത്തു, ബാഷ, പടയപ്പ, അരുണാചലം തുടങ്ങിയ ചിത്രങ്ങള്‍ പ്രേഷകര്‍ കൊണ്ടാടുകയായിരുന്നു. 1993ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. രജനി അഭിനയം നിര്‍ത്തിയാല്‍ ആത്മഹൂതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയതോടെ അദ്ദേഹം ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. 1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കപ്പുറമെത്തിച്ചു. ഇന്ത്യക്കു പുറത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്‌തെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമായി മുത്തുമാറി. മുത്തുവിലൂടെ അദ്ദേഹത്തിനു ജപ്പാനിലും നിരവധി ആരാധകരുണ്ടായി. പിന്നീട് ശിവാജി എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും റിലീസ് ചെയ്യുകയുണ്ടായി. മലയാളത്തില്‍ വലിയ വിജയം നേടിയ മണിച്ചിത്രത്താഴ്, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളുടെ തമിഴ് റീ മേക്കായ ചന്ദ്രമുഖി, കുസേലന്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. കബാലി(2016), യന്തിരന്‍ 2.0 (2018), കാല(2018) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ താരരാജപട്ടം നിലനിര്‍ത്തി. 2002 ല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ബാബ എന്നചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമാവുകയുണ്ടായി. ഈ ചിത്രത്തിലൂടെ വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും വലിയ നഷ്ടം സംഭിക്കുകയുമുണ്ടായി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു. എന്നാല്‍, വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയാവുകയാണു ചെയ്തത്. ജീവിതത്തില്‍ സാധാരണ മനുഷ്യന്‍

സിനിമയില്‍ സ്‌റ്റൈല്‍മന്നന്‍ ആയിരിക്കുമ്പോഴും ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. അതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''തിയറ്ററില്‍ ജനങ്ങള്‍ കാശുമുടക്കി കയറുന്നത് എന്നെ കാണാനല്ല. ഹീറോയെ കാണാനാണ്. അതിനനുസരിച്ചാണ് ഞാന്‍ അഭിനയിക്കുന്നത്. അതിനനുസരിച്ചാണ് പഞ്ചു ഡയലോഗുകള്‍ സൃഷ്ടിക്കപ്പെടുന്നത്. മുരട്ടുകാളയിലെയും ബാഷയിലെയും അരുണാചലത്തിലെയും പടയപ്പയിലെയും പഞ്ച് ഡയലോഗുകള്‍ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷേ, പുറത്ത്, ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. അവിടെ മേയ്ക്കപ്പിന്റെയും കോസ്റ്റ്യൂംസിന്റെയും ആവശ്യമില്ല. യാഥാര്‍ഥ്യബോധത്തോടെ നില്‍ക്കണം. അഭിനയിക്കരുത്. അതാണ് ഞാന്‍ ചെയ്യുന്നതും. '' അഭിനയത്തിന്റെ തുടക്കത്തില്‍ വര്‍ഷത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നകാലത്തു നിന്നും ഇന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളിലേക്ക് രജനി ചുരുങ്ങിയിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും സാധാരണ ജീവിതത്തില്‍ ഒരു മാറ്റവും ഇല്ല. ഇന്നും സിനിമയുടെ സെറ്റിലെ ഒരു കസേരയിലിരുന്നും വെറും നിലത്തു കിടന്നും ഉറങ്ങുന്ന രജനീകാന്ത്ചലച്ചിത്ര ലോകത്തിന് അദ്ഭുതമാകുന്നതിന്റെ കാരണവും മേല്‍പറഞ്ഞ നിലപാടാണ്. ലോകസുന്ദരിപട്ടം നേടിയ ഐശ്വര്യറായിയുടെ കൂടെ അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിനെക്കുറിച്ച് രജനി പറഞ്ഞത് ഇങ്ങനെയാണ്. ''മാലാഘയെപ്പോലിരിക്കുന്ന ആ ലോക സുന്ദരിയോട്‌ എനിക്ക് വലിയ നന്ദിയുണ്ട് അറുപതുവയസുള്ള കറുത്ത കഷണ്ടിക്കാരനായ എന്നോടൊപ്പം അഭിനയിച്ചതിന്''. എഴുപതാംവയസിലും ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാര് എന്നു ചോദിച്ചാല്‍ ഇന്നും ഉത്തരം രജനീകാന്ത് എന്നുതന്നെ. അദ്ദേഹത്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുമ്പോള്‍ ആ താരപദവി ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നു എന്നുമാത്രം. 

രാഷ്ട്രീയത്തില്‍ നിലപാടില്ലാതെ

രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് പ്രതീക്ഷിക്കാത്ത ഒരു ആരാധകനും അദ്ദേഹത്തിനുണ്ടായിരിക്കാന്‍ ഇടയില്ല. എന്നാല്‍ ഒരിക്കലും അതുമാത്രം നടന്നില്ല. പലകാലത്തും പല രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇക്കാരണത്താല്‍ രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. 2017 രജിനികാന്ത് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത വലിയ വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് വാര്‍ത്തകള്‍ വരികയും ഒരു സമയത്ത് അദ്ദേഹം തന്നെ അക്കാര്യം പറയുകയും ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ആരധകര്‍ക്കിയയില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇപ്പോഴും ആ തീരുമാനത്തിന്റെ കാരണം അജ്ഞാതം. 1995ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധനാണെന്ന് രജിനി പ്രഖ്യാപിച്ചു. എന്നാല്‍,  1996ല്‍ കാര്യങ്ങള്‍ നേരേ തലതിരിഞ്ഞു. കോണ്‍ഗ്രസ് എഐഎഡിഎംകെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജിനി ഡിഎംകെടിഎംസി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. എഡിഎംകെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി. 1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രജിനി ഡിഎംകെടിഎംസി മുന്നണിക്കൊപ്പമായിരുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജിനി വീണ്ടും രാഷ്ട്രീയം മാറി. ബിജെപിഎഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. 

പുരസ്‌കാരത്തിന് നന്ദി ദൈവത്തിനും ആരാധകര്‍ക്കും

പുരസ്‌കരനേട്ടത്തില്‍ ആദ്യം നന്ദിപറയുന്നത് ദൈവത്തിനാണെന്ന് രജനീകാന്ത്. ഈ നേട്ടം ലോകമെന്പാടുമുള്ള തന്റെ ആരാധകര്‍ക്കു സമര്‍പ്പിക്കുന്നു എന്നാണ് താരം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. തന്റെ ഗുരുവും സംവിധായകനുമായ കെ ബാനചന്ദറിനും തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, നടന്‍ കമലഹാസന്‍, ഡിഎംകെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. തന്റെ സുഹൃത്ത് രാജ് ബഹദൂറിന് പ്രത്യേകം നന്ദിപറയാനും അദ്ദേഹം മറന്നില്ല. 


Thursday, February 25, 2021

കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോകുമ്പോള്‍....


സന്ദീപ് സലിം

വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ തൂലികയില്‍ നിന്ന് പിറന്നുവീണ കവിതകളില്‍ കേന്ദ്രസ്ഥാനത്തു മനുഷ്യനുണ്ടായിരുന്നു. ആ കവിതകള്‍ നെയ്‌തെടുത്തതു പ്രകൃതിയുടെയുടെയും മുറിവേറ്റവന്റെ വേദനകളുടെയും നൂലുകൊണ്ടായിരുന്നു ഒരിക്കലും അദ്ദേഹത്തിന്റെ കവിതകള്‍ അതിവൈകാരികമായി തൂവിയിട്ടില്ല. താന്‍ അതുവരെ കേട്ടും കണ്ടും വായിച്ചുംവന്ന കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പും തനിമയും തന്റെ കവിതകളില്‍ ഉപരിപ്ലവമാവാതെ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ നമിക്കുകയും അതൊടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നതില്‍ വിഷ്ണുനാരായണ്‍ നമ്പൂതിരി വിജയിച്ചിരുന്നു.

   ആത്മകേന്ദ്രീയമായ സംഘര്‍ഷങ്ങളുടെ അക്ഷരരൂപമായിരുന്നു കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദ്യകാല കവിതകള്‍. 1960 കളോടെ നിലവിലിരുന്ന  സാമൂഹിക വ്യവസ്ഥിതികളുടെ തകര്‍ച്ചയോടും തലമുറയുടെ നൈരാശ്യത്തോടുമുള്ള തീക്ഷണമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ കവിത വികസിച്ചത്. വൈദിക പാരമ്പര്യവും അത് അദ്ദേഹത്തിന് നല്‍കിയ മാനവികതാവീക്ഷണവും ആയിരുന്നു ഈ മാറ്റത്തിന് കാരണമായത്.

സൂക്ഷമവായനയില്‍ കാളിദാസ കവിതയുടെ വലിയൊരു സ്വാധീനം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ നമുക്ക് കണ്ടെത്താനാവും. കാളിദാസ കവിതകളുമായി ആത്മൈക്യം നേടിയ കവിതകളാണ് അദ്ദേഹത്തിന്റേതെന്നു പറഞ്ഞാലും തെറ്റില്ല. ഉദാഹരണമായി ഉജ്ജയിനിയിലെ രാപ്പകലുകള്‍ നമുക്ക് തെരഞ്ഞെടുക്കാം. ഉജ്ജയിനിയില്‍ മാത്രമല്ല വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ നിരവധി കൃതികളില്‍ കാളിദാസന്റെ സ്വാധീനം നിഴലിക്കുന്നുണ്ട്. ഇന്ത്യയെന്ന വികാരത്തില്‍ കാളിദാസനെ നേരിട്ട് സംബോധന ചെയ്യുന്നുണ്ട് ഈ കവി.

''വഴികാട്ടിയല്ല ചെറുതുണ മാത്രമെന്‍ കവിത

പടകൂട്ടുമാര്‍പ്പുവിളിയോ

ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ

പുളകം അരഞ്ഞാണിടുന്ന രതിയോ

കൊതിയോടു തേടിയണയും പഴയചങ്ങാതി !

മൊഴിയിതലിവാല്‍ പൊറുക്കൂ

എന്‍ കൈക്കുടന്നയില്‍ നിനക്കു

ത രുവാനുള്ളതെന്റെ മെയ്ച്ചൂടുമാത്രം....! ഈ  വരികളിലൂടെ കവി പ്രദര്‍ശിപ്പിക്കുന്ന സാത്വിക ബോധവും വിനയവും കവിതകളിലും ജീവിതത്തിലും കൊണ്ടുനടന്നിരുന്ന കവിയായിരുന്നു അദ്ദേഹം. ഉജ്ജയിനിയിലെ രാപ്പകലുകളില്‍ കാളിദാസനൊപ്പം പകലും രാവും കൂടെ നടന്നിരുന്നു അദ്ദേഹം. കാളിദാസന്റെ മാളവത്തില്‍ മഴ പെയ്യുന്നതിന്റെ  മനോഹര ചിത്രം വരച്ചിടുന്നതിലൂടെ അദ്ദേഹം വായനക്കാരെ കാലങ്ങള്‍ക്കപ്പുറമാണു കൂട്ടികൊണ്ടു പോയത്. കവിതകളിലെ കാളിദാസന്റെ സ്വാധീനത്തെ കുറിച്ച് അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സായഹ്നങ്ങളില്‍ ഒന്നില്‍ ഞാന്‍ ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ''കാളിദാസന്‍ മാത്രമല്ല നിരവധിയാളുകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നാണ്. അതില്‍ കാളിദാസന്റെ സ്വാധീനം പ്രകടമായിരുന്നു മറ്റുപലരുടേതും ഗുപ്തമായിരുന്നു എന്നു മാത്രം. കവിതയില്‍ കാളിദാസനായിരുന്നു മാതൃകയെന്നു വേണമെങ്കില്‍ പറയാം. പിന്നെ ആ സ്ഥാനം വൈലോപ്പള്ളി സാറിനാണ്. ആശാന്‍, വള്ളത്തോള്‍, ജീ, വയലാര്‍ ഇവരുയെയൊന്നും കവിതകളെ വിലയിരുത്താന്‍ മാത്രം യോഗ്യത എനിക്ക്  ഇതുവരെ ഉണ്ടായിട്ടില്ല. കവിത എന്ന സാഹിത്യ രൂപത്തിന് ഇവിടെ രൂപം നല്‍കിയത് ഇവരൊക്കെ ചേര്‍ന്നാണല്ലോ. ഷെല്ലിയും കീറ്റസും ഷേക്‌സ്പിയറുമടങ്ങുന്ന സാഹിത്യത്തിനപ്പുറം ഏഷ്യയിലും യൂറോപ്പിലും അതിനോടു തുല്യം നില്‍ക്കുന്ന സാഹിത്യമുണ്ടെന്ന് ജീ.ശങ്കരക്കുറുപ്പ് മനസിലാക്കിയിരുന്നു. എനിക്കും മലയാള സാഹിത്യത്തിനും  അപൂര്‍വങ്ങളായ പല പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കവിതയിലെ ഛന്ദോവൈവിധ്യം  മലയാളഭാഷയ്ക്കു സമര്‍പ്പിച്ചതും ജീയായിരുന്നു. ഇന്ന് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന അസംബന്ധങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മാത്രം ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ ജീയുടെ കവിതകളിലുണ്ട്. മറ്റുള്ളവരുടെ നിന്ദകള്‍ ജീയുടെ തൊലിപ്പുറത്തുമാത്രമേ തട്ടിയിരുന്നുള്ളു. വിമര്‍ശനങ്ങള്‍ പ്രചോദനമായാണ് ജീ എടുത്തിരുന്നത്. ജീയുടെ കവിത അനുഭവിച്ചറിയാത്ത തലമുറ ദരിദ്രമായിരിക്കും. ജീയെ ഉള്‍ക്കൊള്ളാനാവാത്ത രാഷ്ട്രം നിസ്വവും പ്രതിഭാശൂന്യവുമായിരിക്കും.''

''മാളവത്തില്‍ മഴ ചാറിയടങ്ങുന്നു.

വെണ്‍പിറാക്കള്‍

രാവിന്‍ മട്ടുപ്പാവുകളില്‍ ചേക്കയേറുന്നു

പഥികര്‍ കെട്ടിറക്കുന്ന മരച്ചോട്ടില്‍

കുടിലുകളില്‍

കഥകള്‍ തംബുരു പാട്ടും മുറിപ്പു മൗനം ശകന്മാരെത്തുരത്തുന്ന തമ്പുരാന്റെ പരാക്രമം, അകം നീറ്റും ഉദയന പ്രേമവൈവശ്യം, എട്ടുദിക്കും മുഴക്കുന്ന രഘുവിന്റെ ജൈത്രഘോഷം

കട്ടുവന്നു ചൗക്കകളില്‍ തീന്‍കുടിമേളം!

നേടിയ തെന്നലിന്‍ തുകില്‍ മൂടി എല്ലാം  നെടുരാവിലാഴവേ ഒരോടലെണ്ണ വിളക്കുമാത്രം.

വര്‍ത്തമാനത്തിന്റെ...''

വ ര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഭൂതകാലത്തിന്റെ ആര്‍ദ്രതകൊണ്ട് ശാന്തമാക്കാമെന്ന് വായനക്കാരെ ആശ്വസിപ്പിക്കാന്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നു. ഒട്ടേറെ കവിതകളില്‍ ചങ്ങന്പുഴയ്ക്ക് പ്രണയമെന്നത് പോലെയെന്നാണു വിഷ്ണുനാരായണ്‍ നന്പൂതിരിക്ക് കാളിദാസന്‍. ഇന്ത്യയെന്ന വികാരം'എന്ന കവിതയില്‍ കാളിദാസനുമായി സംഭാഷണത്തിലേര്‍പ്പെടുന്നുണ്ട് അദ്ദേഹം. കവി കവിയോടൊത്തു കവിതയിലൂടെ നടത്തുന്ന അപൂര്‍വമായ സഞ്ചാരം ഈ കവിതകളിലൊക്കെ കാണാം. ഇത്തരം സഞ്ചാരങ്ങള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും നമുക്ക് കണ്ടെത്താനാവും.

 വിഷ്ണുനാരായണന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം കവിത നേരമ്പോക്കിനു വേണ്ടിയോ പാണ്ഡിത്യ പ്രദര്‍ശനത്തിനു വേണ്ടിയോ ഉള്ള ഒന്നായിരുന്നില്ല. മറിച്ച് പ്രാര്‍ഥനപോലെ വിശുദ്ധവും ഏകാന്തവുമായ അനുഭവമായിരുന്നു അദ്ദേഹത്തിനു കവിത. തെളിനീര്‍ നിറഞ്ഞ തടാകങ്ങളുടെ ആഴങ്ങളിലേക്കു നോക്കിയാല്‍ തിളങ്ങുന്ന വെള്ളാരങ്കല്ലുകള്‍ കാണാം. പരുക്കന്‍ കല്ലുകളെ  ഒഴുക്ക് തേച്ചുമിനുക്കി മിനുസമുള്ളതാക്കിയെടുക്കുന്നതു പോലെയാണ് വിഷ്ണുനാരായണ്‍ നമ്പൂതിരി കവിതകള്‍ രചിച്ചിരുന്നത്. ജീവിതത്തിന്റെ പരുക്കന്‍ യഥാര്‍ത്ഥ്യങ്ങളെ മാനവികതയുടെ ഉരകല്ലുകൊണ്ട് ഉരച്ചു മിനുസപ്പെടുത്തിയ വെള്ളാരങ്കല്ലുകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. കവിതകളെ കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ജീവിതത്തെ കുറിച്ചായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ സംഭാണമധ്യേ ജീവിതം തന്നെ എന്തു പഠിപ്പിച്ചു എന്നു പറയുകയുണ്ടായി. ''പ്രകൃതിയ്ക്കു മുന്നില്‍ എല്ലാ മനുഷ്യരും ഒരുപോലെയാണ് എന്ന സത്യമാണ് ജീവിതത്തില്‍ ഞാന്‍ മനസ്‌സിലാക്കിയത്. ജീവിതീനുഭവങ്ങള്‍  നല്‍കുന്ന പാഠം പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുന്നില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാണ്. ഞാന്‍ ഫിസിക്‌സ് പഠിച്ചു ഇംഗ്ലീഷില്‍ എംഎയെടുത്ത് വാധ്യാരായി, മേല്‍ശാന്തിയായി , കവിയായി ഇതൊക്കെ വെറും സാധാരണ മനുഷ്യനായിരുന്നു എന്നതാണ് സത്യം . നമ്മള്‍ വെറും സാധാരണ മനുഷ്യരാണ്. എല്ലാവര്‍ക്കും  ഇതല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ കഴിവുണ്ട്. നമ്മള്‍ അതൊന്നും അറിയുന്നില്ലെന്നേയുള്ളു. പിന്നെ, വളരെ ചെറിയ വരുമാനത്തിലും ജിവിക്കാന്‍ പഠിച്ചു. ക്ഷേത്രത്തില്‍ ശാന്തികഴിച്ച് അച്ഛനു കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തില്‍ മന:സുഖത്തോടെ ശാന്തമായുറങ്ങാന്‍ പഠിച്ചു. നാളത്തെ തലമുറയ്ക്ക് നമ്മള്‍ എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നാണ് നോക്കേണ്ടത് . ഇനിയൊരു ജന്മം കിട്ടിയാലും ഞാന്‍ ഇതൊക്കെത്തന്നെയായിരിക്കും ചെയ്യുക. അത് ഭംഗിയായി ചെയ്യുക. ദു:ഖമോ നൈരാശ്യമോ പാടില്ല. ഞാന്‍ എന്തോ നേടി എന്ന ഭാവം അരുത് ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് ഇതൊക്കെയാണ് .''

ശുഭാപ്തി വിശ്വാസവും പാരമ്പര്യവും അദ്ദേഹത്തിന്റെ  കവിതകളുടെ  മുഖമുദ്രകളാണ്. ആധുനികത കത്തിക്കാളി നിന്ന കാലത്ത് എഴുതി തുടങ്ങിയ ഈ കവിയുടെ രചനകള്‍ ആധുനികതയുടെ ഉത്പന്നങ്ങളായ ജീവിത നിക്ഷേധമോ തീവ്രവിപ്ലവാഭിമുഖ്യമോ പ്രകടിപ്പിച്ചില്ല. ഭാഷയുടെ പ്രയോഗത്തിലും രചനാരീതികളിലും വിഷ്ണുനാരായണ്‍ നന്പൂതിരി പുലര്‍ത്തുന്ന നിഷ്ഠകള്‍ അത്ഭുതാവഹമാണ്. ടെന്‍ഡ്രുകളുടെയോ ഗിമിക്കുകളുടെയോ പിന്നാലെ പോകാന്‍ അദ്ദേഹം തയ്യാറല്ല. ഓരോ കാലത്തും മാറിവരുന്ന ടെന്‍ഡ്രുകള്‍ക്കനുസരിച്ച് എഴുതാനുള്ളതല്ല കവിത എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വളരെ വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍തന്നെ കടമെടുത്താല്‍ ''വികലമായ ആസ്വാദനമാണ് ഇന്ന് കാണുന്നത്. അഗാധ്മായി, ഉള്‍ക്കാഴ്ചയോടെ എഴുതുന്ന കവിതകള്‍ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ല. ഇത്തരം കവിതകളും ഇന്നു കുറഞ്ഞു വരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടന്ന് കവിതയെഴുതുന്ന കവികളാണിന്ന് അധികവും. പഴയ കവികള്‍ സാഹിത്യനായകരും പ്രകൃതിയുടെ മനോഹാരിത ഉള്‍ക്കൊണ്ട് സൃഷ്ടികള്‍ നടത്തുകയും പാടുകയും ചെയ്തിരുന്നിടത്ത് പുത്തന്‍ തലമുറക്കാര്‍ പ്രകൃതിയില്‍ നിന്ന് അകന്നു പോകുകയാണ്''.

  കവിയുടെ മനസില്‍ കവിത ജനിക്കുന്നതിന് കാരണങ്ങള്‍ നിരവധിയുണ്ടാകാം. കവിയുടെ  മനസിലെ അന്ത:സംഘര്‍ഷങ്ങളാവാം കവിതയായി പിറവിയെടുക്കുന്നത്. അതിന് കാരണം  പൂവുപോലെ ഉള്ളില്‍ താലോലിച്ച് പ്രണയത്തിന്റെ തകര്‍ച്ച മുതല്‍ അയലത്തെ കുഞ്ഞിന്റെ പട്ടിണിച്ചടവാര്‍ന്ന രൂപം വരെയാവാം. സദാചാരമൂല്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും അവയില്‍ നിന്നു പൊതുസമൂഹം അകന്നു പോകുന്നതിലുള്ള സംഘര്‍ഷവും കൂടി ഇതിനിടയില്‍ കടന്നുവന്നേക്കാം വേദേതി ഹാസപുരാണങ്ങളും ഉപനിക്ഷത്തുക്കളും കാളിദാസന്റെ ഉള്‍പ്പെടെയുള്ള ക്ലാസിക് കൃതികളും ഉള്‍ക്കൊള്ളുക വഴി ആര്‍ഷ പാരന്പര്യം സിരകളില്‍ ആവഹിക്കുന്ന വിഷ്ണുനാരായണ്‍ നമ്പൂതിരിയുടെ കാഴ്ചപ്പാട് ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അകലുന്നില്ല. അതിന്റെ കാരണത്തെ കുറിച്ചും കവി വാചാലനാവുന്നു. ''പാരന്പര്യത്തിന്റെ വികസ്വരമുഖമായി ആധുനികതയെ കാണാനാണ് എനിക്ക് ഇഷ്ടം . അതാണെന്റെ  കാഴ്ചപ്പാടും പാരന്പര്യത്തിന്റെ ആരോഗ്യപൂര്‍ണവും സജീവവുമായ ഭാഗമാകുന്‌പോഴാണ് പുതുമ ശരിക്കും  പുതുമയാകുന്നത് . പാരന്പര്യമാണ് നമ്മുടെ അടിത്തറ. അടിത്തറയില്ലാതെ എന്തെങ്കിലും  നിലനില്‍ക്കുമോ ജീനുകളുടെ സ്വഭാവത്തിനു വിരുദ്ധമായി ശരീരകോശങ്ങള്‍ക്കു വളര്‍ച്ചയുണ്ടാവില്ലല്ലോ. അങ്ങനെയൊന്നുണ്ടായാല്‍ അതു വൈകല്യമാവും. പാരന്പര്യത്തെ പാടേ ധിക്കരിച്ചു കൊണ്ടുള്ള നിലനില്‍പ് കവിതയിലെന്നല്ല ജീവിതത്തില്‍ത്തന്നെ അസാധ്യമാണെന്നാണ് എന്റെ അഭിപ്രായം. പാരമ്പര്യത്തെ പുതിയ ചാലു കീറി വര്‍ത്തമാനമായി നിലനിര്‍ത്തുക എന്നതാണല്ലോ ആധുനികതയുടെ ധര്‍മം.''

ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചശേഷം അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദഹം വളരെ ക്ഷീണിതനായിരുന്നു. അന്ന് പുരസ്‌കാരങ്ങളെ കുറിച്ചൊക്ക് ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. കവിതയിലൂടെ ഇനിയൊന്നും നേടാനില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ശാരീരിക അവശതകളുടെ ക്ഷീണവും ഉണ്ടായിരുന്നു. ''കവി എന്ന നിലയില്‍ അര്‍ഹമായതെല്ലാം  ലഭിച്ചു കഴിഞ്ഞു എന്നാണു ഞാന്‍ കരുതുന്നത്. പുരസ്‌കാരത്തുക തന്നെ വലിയ സംഖ്യയാണല്ലോ, പെന്‍ഷനായി ലഭിക്കുന്ന തുക തന്നെ എന്റെ ചെലവുകള്‍ക്ക് ധാരാളമാണ്. ചെറുപ്പം മുതലേ അമിതമായ ആഗ്രഹങ്ങളോ ആഡംബര ചിന്തകളോ  ഇല്ലാതിരുന്ന ആളായിരുന്നു ഞാന്‍. പ്രശസ്തിയും എന്റെ ലക്ഷ്യമായിരുന്നില്ല. കവിതയിലൂടെ ഞാന്‍ എന്റെ ആശയങ്ങള്‍ പറഞ്ഞു കഴിഞ്ഞതായാണ് കരുതുന്നത്. എഴുനൂറിലേറെ കവിതകള്‍ എഴുതിയിട്ടുണ്ട്. ഇനി ലേഖനങ്ങളിലൂടെ ആശയങ്ങള്‍ വ്യക്തമാക്കാനാണ് ആഗ്രഹം.''

തിരുവല്ലയില്‍ 1939 ജൂണ്‍ രണ്ടിനാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി ജനിച്ചത്. ബിഎസ്‌സി, എംഎ ബിരുദങ്ങള്‍ നേടിയ ശേഷം ഗവണ്‍മെന്റ്് കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി. അധ്യാപക ജോലിയില്‍നിന്ന് വിരമിച്ച ശേഷം തിരുവല്ല ക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രധാനകൃതികള്‍. പ്രണയഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, ഭൂമിഗീതങ്ങള്‍, അതിര്‍ത്തിയിലേക്കൊരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപ്പകലുകള്‍, പരിക്രമം,ചാരുലത (കവിതകള്‍), അസാഹിദീയം,കവിതയുടെ ഡി.എന്‍.എ (ലേഘനങ്ങള്‍), ഋതുസംഹാരം (വിവര്‍ത്തനം). ഭൂമിഗീതങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1979)മുഖമെവിടെ' യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡും (1983) ഉജ്ജയിനിയിലെ രാപ്പകലുകള്‍'ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1994) ലഭിച്ചു.  ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡും വളളത്തോള്‍ പുരസ്‌കാരവും ബാലാമണിയമ്മ അവാര്‍ഡും ലഭിച്ചു.  

മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നഷ്ടമാകുന്നത് കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാത്രമാണ് പ്രകൃതിയെയും മനുഷ്യരെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സ്‌നേഹിച്ച അദ്ദേഹത്തിന്റെ കവിതകളെയല്ല.


Wednesday, December 23, 2020

ഹൃദയങ്ങളോടു സംവദിച്ച കവിത


 

നിഷ്ഫലമല്ലീ ജന്‍മം തോഴ-  

നിനക്കായ് പാടുമ്പോള്‍  

നിഷഫലമല്ലീ ഗാനം,  

നീയിതു മൂളി നടക്കുമ്പോള്‍

-സുഗതകുമാരി

സുഗതകുമാരിയെ മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. സുഗതകുമാരി എന്ന കവയിത്രിയെ സ്‌നേഹിച്ചും ആരാധിച്ചും നെഞ്ചേറ്റിയ അനുവാചകര്‍ക്ക് ഈ കഠിന ദുഖത്തിലും സാന്ത്വനമാവുന്നതും കവയിത്രയുടെ തന്നെ വരികളാണ്. 

പ്രണയം കരിയിലയായ്  പറന്നകന്നിട്ടും  

ഹൃദയം മണ്ണാങ്കട്ടയായലി-  

ഞ്ഞൊലിച്ചിട്ടും  

മൃതമാം ദേഹം നോക്കു- 

കിപ്പൊഴും നടക്കുന്നു !  

ഹൃദയം കുതിര്‍ന്നൊലിച്ചി-  

പ്പൊഴും മിടിക്കുന്നു

മലയാള കവിതയില്‍ കവയിത്രി സുഗതകുമാരി പിന്തുടര്‍ന്നത് വൈകാരിക തീവ്രവും കാല്പനിക സൗന്ദര്യവും നിറഞ്ഞ കാവ്യശൈലിയാണ്. സുഗതകുമാരിയുടെ കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് മലയാളികളുടെ സ്വകാര്യ ജീവിതാനുഭവങ്ങളുടെയും സാമൂഹികാനുഭവങ്ങളുടെയും ചൂടും ചൂരും തൊട്ടറിയാനാവും. കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ വാംഗ്മയ ചിത്രങ്ങളാക്കി കവിതകളിലൂടെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിടുകയെന്ന വലിയ ദൗത്യമാണ് സുഗതകുമാരി നിറവേറ്റിയത്. 

കവിതയുടെ വിത്ത് പാകപ്പെടുന്നു

അച്ഛനില്‍ നിന്ന് കിട്ടിയതാണ് തന്റെ കാവ്യജീവിതമെന്ന് സുഗതകുമാരി എക്കാലവും അഭിമാനത്തോടെ പറഞ്ഞിരുന്നു. കവിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കേശവപിള്ളയായിരുന്നു സുഗതകുമാരിയുടെ അച്ഛന്‍. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ബോധേശ്വരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും തിളങ്ങിനിന്ന വ്യക്തത്വമായിരുന്നു ബോധേശ്വരന്‍. ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ സജീവസാന്നിധ്യമാരിരുന്നു ബോധേശ്വരന്റേത്. കവിതകള്‍ എഴുതുന്നതിലും ബോധേശ്വരന്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. 

ജയ ജയ കേരള കോമള ധരണീ

ജയ ജയ മാമക പൂജിത ജനനീ

ജയ ജയ പാവന ഭാരതഹരിണീ

ജയ ജയ ധരമ്മസമന്വയ രമണീ

എന്നു തുടങ്ങുന്ന കവിത വളരെ പ്രശസ്തമാണ്. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവിതയെ നമ്മുടെ സാംസ്‌കാരികഗാനമായ് പ്രഖ്യാപികകുകയുമുണ്ടായി. കവിതയും പോരാട്ടവും എല്ലാം പിതാവില്‍ നിന്നാണ് സുഗത കുമാരിയ്ക്ക് പകര്‍ന്നുകിട്ടിയതെന്ന് നമുക്ക് നിസംശയം പറയാം. താനൊരു കവിയായിത്തീരണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ ഒരിക്കലും അക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും സുഗതകുമാരി ഒരിക്കല്‍ പറയുകയുണ്ടായി. തന്റെ വായനയെ പരിപോഷിപ്പിച്ചതില്‍ എന്റെ അമ്മയ്ക്കും വലിയ പങ്കുണ്ട്. അമ്മയാണ് വിശ്വസാഹിത്യത്തിലേക്ക് തന്നെ എത്തിച്ചതെന്നും സുഗതകുമാരി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെ കവിതയിലേക്കെത്തിയെന്ന് ഒരിക്കല്‍ സുഗതകുമാരിയോട് നേരിട്ടു ചോദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന് സുഗതകുമാരി പറഞ്ഞത്. അച്ഛനെന്ന വലിയ കാവ്യവൃക്ഷത്തിന്റെ വിത്ത് വളരെ ചെറിയപ്രായത്തിലേ എന്നില്‍ വീണ് മുളച്ചിരുന്നു എന്നാണ്. '' കുഞ്ഞുന്നാളിലെ കവിതയുടെ വിത്ത് പാകപ്പെട്ടിരുന്നെങ്കിലും മുളച്ച് നാമ്പിട്ടു വളരാന്‍ കഴിയാതെ കവിത ദീര്‍ഘകാലം എന്നില്‍ കുഴിച്ചുമൂടപ്പെട്ടിരുന്നു. സ്‌കൂളിലും കോളജുകളിലും പഠിക്കുന്ന കാലത്ത് വളരെ രഹസ്യമായാണ് ഞാന്‍ കവിതകള്‍ എഴുതിയിരുന്നത്. സ്വന്തം പേരില്‍ കവിത എഴുതാന്‍ അക്കാലത്ത് എനിക്കു പേടിയായിരുന്നു. അതോ നാണമായിരുന്നോ എന്നും അറിയില്ല. എന്നാല്‍ കവിത എഴുതുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്നകാലത്ത് കവിത മത്സരത്തില്‍ പങ്കെടുക്കണമെന്ന് മനസ് ആഗ്രഹിച്ചു. എന്നാല്‍ സ്വന്തം പേരില്‍ എഴുതാന്‍ ഒരു മടി. ഒടുവില്‍ വേറൊരു പേരില്‍ എഴുതിക്കളയാം എന്നു തീരുമാനിച്ചു. അങ്ങനെ എസ്. കെ  എന്ന പേരില്‍ ഞാന്‍ കവിത എഴുതി അയച്ചു. ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച. പക്ഷേ, ഒന്നാം സ്ഥാനം ലഭിച്ച കവി ഞാനാണെന്ന് ആര്‍ക്കും അറിയില്ല. ഞാനതൊട്ട് ആരോടും പറയാനും പോയില്ല. അന്ന് ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍. മോഹനന്‍ മാഗസിന്‍ കമ്മിറ്റിയിലുള്ള കാലമാണ്. അദ്ദേഹം അടങ്ങുന്ന ഒരു സംഘം കുട്ടികള്‍ക്ക് എസ്. കെ എന്ന പേരില്‍ കവിത എഴുതിയ ആളെ കണ്ടെത്തണമെന്ന് വലിയ ആഗ്രഹം ഉണ്ടാവുകയും വലിയ നിലയിലുള്ള അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ എസ്‌കെ എന്ന കവിയെ കണ്ടെത്തുന്നവര്‍ക്ക് 10 രൂപ ഇനാം പ്രഖ്യാപിക്കുകവരെയുണ്ടായി. അന്ന് പത്തുരൂപ വളരെ വലിയ തുകയാണല്ലോ. എന്നാല്‍, പ്രത്യേകിച്ച പ്രയോജനമുണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലല്ലോ? '' 

പിതാവ് ബോധേശ്വരനൊപ്പം സുഗതകുമാരി


പുലിവാലുപിടിച്ച തൂലികാനാമം

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോഴും തന്റെ സ്വന്തം പേരിലല്ല സുഗതകുമാരി കവിത എഴുതിയിരുന്നത്. ആ ഒന്നാം സമ്മാനം പുലിവാലായ കഥയും സുഗതകുമാരി എന്നോടു പങ്കുവച്ചിരുന്നു. ''തിരുവനന്തപുരത്ത് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം നടക്കുന്നു. അവര്‍ ഒരു കവിതാ മത്സരം നടത്തുന്ന വിവരം എനിക്ക ലഭിച്ചു. ഒരു കവിത എഴുതി മത്സരത്തിനയക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ സ്വീകരിച്ച പേര് ശ്രീകുമാര്‍ എന്നായിരുന്നു. ആ മത്സരത്തിലും എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശ്രീകുമാര്‍ എന്ന പേരില്‍ കവിത എഴുതിയത് ഞാനാണെന്ന് അച്ഛനോട് പറഞ്ഞതോടെ വലിയ ഭൂകമ്പമാണ് ഉണ്ടായത്. കാര്യം എന്താണെന്നുവച്ചാല്‍ പരിഷത്തിന്റെ കവിതാമത്സരത്തില്‍ ഒരു ജഡ്ജ് അച്ഛനായിരുന്നു. പോരേ പൂരം. ഒടുവില്‍ അച്ഛന്‍ ആ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കുകയുണ്ടായി. അച്ഛന്റെ കെയര്‍ ഓഫിലാണ് മകള്‍ക്ക് ഒന്നാം സമ്മാനം കിട്ടിയതെന്ന ആക്ഷേപം തനിക്കെതിരേ ഉയരുമോയെന്ന ഭയമാണ് അച്ഛനെക്കൊണ്ട് സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീടും ശ്രീകുമാര്‍ എന്ന തൂലികനാമത്തില്‍ കവികള്‍ എഴുതാന്‍തന്നെയായിരുന്നു എന്റെ തീരുമാനം. അക്കാലത്ത് മാത്യഭൂമിയില്‍ എന്‍ വി കൃഷ്ണവാര്യര്‍ സാറ് ഉള്ളകാലമാണ്. പുതിയ തലമുറയില്‍ നിന്ന് കവികളെ കണ്ടെത്തുന്നതില്‍ സാറിനുണ്ടായിരുന്ന വൈഭവം ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അച്ഛന്‍ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിച്ച കവിത ഞാന്‍ മാതൃഭൂമിയിലേക്കയച്ചു. അച് ശ്രീകുമാര്‍ എന്ന പേരില്‍ അച്ചടിച്ചുവന്നു. പിന്നേയും ഒന്നോ രണ്ടോ കവിതകള്‍ കൂടി മാതൃഭൂമിയില്‍ അച്ചടിച്ചുവരികയുണ്ടായി. ആ സമയത്താണ് ചേച്ചി ഒരു വികൃതി ഒപ്പിച്ചത്. എന്റെ ഒരു കവിത എടുത്ത് സുഗതകുമാരി എന്ന പേരില്‍ കോളജ് മാഗസിനില്‍ നല്‍കി. അത് കോളജ് മാഗസിനില്‍ അച്ചടിച്ചുവന്നു. ആ കവിത ഞാന്‍ മാതൃഭൂയിക്കും അയച്ചു കൊടുത്തിരുന്നു. മാതൃഭൂമിയിലും അച്ചടിച്ചുവന്നിരുന്നു. കോളജ് മാഗസിനില്‍ സുഗതകുമാരിയെന്ന പേരിലും മാതൃഭൂമിയില്‍ ശ്രീകുമാര്‍ എന്ന പേരിലും ഒരേ കവിത പ്രത്യക്ഷപ്പെട്ടത്  ഏതോ ഒരു വായനക്കാരന്‍ കണ്ടെത്തുകയും അത് രണ്ടും വെട്ടിയെടുത്ത എന്‍ വി കൃഷ്ണവാര്യര്‍ക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് ശ്രീകുമാര്‍ എന്ന വിലാസത്തില്‍ എനിക്കയച്ചു. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്് ശ്രീകുമാര്‍ എന്ന തൂലികാനാമത്തില്‍ കവിത എഴുതിയിരുന്നതും ഞാനാണെന്ന് സമ്മതിച്ചുകൊണ്ട് കത്തയക്കേണ്ടിവന്നു. ആ കത്തില്‍ അതിന് ക്ഷമചോദിക്കുകയും ചെയ്തു. കൃഷ്ണവാര്യര്‍ സാറിന്റെ കൂടി നിര്‍ദേശപ്രകാരമാണ് ഞാന്‍ സ്വന്തംപേരില്‍ കവിത എഴുതാന്‍ തുടങ്ങിയത്. 

ഊര്‍ജസ്രോതസ് നഷ്ടമാവുന്നു

അങ്ങനെ സ്വന്തംപേരില്‍ എഴുതിത്തുടങ്ങിയ സുഗതകുമാരിയെന്ന കവയിത്രി മരണത്തിന്റെ കൈപിടിച്ച് ഈ ലോകത്തു നിന്നു മടങ്ങിയ ഇന്നലെവരെ വിഷാദത്തിന്റെ ഭാഷയില്‍, പ്രണയത്തിന്റെ ഭാഷയില്‍, ഭക്തിയുടെ ഭാഷയില്‍, പ്രകൃതിയുടെ ഭാഷയില്‍, പ്രതിഷേധത്തിന്റെ ഭാഷയില്‍ സ്നേഹത്തേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നഷ്ടസ്വപ്‌നങ്ങളെ കുറിച്ചും ഒക്കെ പാടിക്കൊണ്ടിരുന്നു. പ്രേമത്തെപറ്റി, ദുഖത്തെപറ്റി, പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പറ്റി, ഇരുട്ടിനെയും മനുഷ്യനെയുംപറ്റി, പ്രണയനഷ്ടത്തെപ്പറ്റി, രാഷ്ട്രീയകലാപത്തെപറ്റി സുഗതകുമാരി എഴുതി കവിതകളെല്ലാം മലയാളം സ്‌നേഹബഹുമാനങ്ങളോടെ കേട്ടുനിന്നു. 

എനിക്കു മരണത്തെ പേടിയില്ലിനിഗ്ഗുരോ  

ശരിക്കു കണ്ടേന്‍ ഇന്നു ഞാനതിന്‍ മുഖം ദിവ്യം !  

എന്നു പാടിക്കൊണ്ട് കവയിത്രി മരണത്തിലേക്കു നടന്നുപോകുമ്പോള്‍, ഒന്നുറപ്പ് അവര്‍ പാടിയത് ഏറ്റുപാടാന്‍ അനുവാചകര്‍ ഇനിയുമുണ്ടാവും. കാരണം സുഗതകുമാരിയുടെ കവിതകള്‍ എക്കാലവും സംവദിക്കാന്‍ ശ്രമിച്ചത് ഹൃദയങ്ങളോടാണ്, ബുദ്ധിയോടല്ല.

പോരാളിയുടെ ജീവിതം

 തന്റെ ജീവിതം പോരാട്ടത്തിന്റേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ആ പോരാട്ടത്തില്‍ തന്റെ ആയുധം കവിതയാണെന്നു സുഗതകുമാരിക്ക് നിശ്ചയമുണ്ടായിരുന്നു. ഹരിതശോഭ നഷ്ടപ്പെടുന്ന പ്രകൃതിക്കായി, നശിച്ചുപോകുന്ന കാടുകള്‍ക്കായി, മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്കായി, തെരുവിലലയുന്ന വൃദ്ധര്‍ക്കായി കവിതയെന്ന വജ്രായുധവുമായി യുദ്ധത്തനിറങ്ങിയ പോരാളികൂടിയായിരുന്നു സുഗതകുമാരി. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് സുഗതകുമാരി കടന്നു പോകുമ്പോള്‍ കവിതയിലൂടെ, പ്രകൃതിസ്‌നേഹത്തിലൂടെ, സ്ത്രീപക്ഷ നിലപാടുകളിലൂടെ, പാര്‍ശവവത്കരിക്കപ്പെട്ടവരോടും ചൂഷണം ചെയ്യപ്പെട്ടവരോടുമുള്ള വാത്സല്യത്തിലൂടെ, മലയാളികളുടെ സ്വന്തമായിരുന്ന പോരളിയെ കൂടിയാണ് നഷ്ടമാവുന്നത്. 

സുഗതകുമാരി സഹോദരിമാരായ സുജാതാദേവിയോടും ഹൃദയകുമാരിയോടുമൊപ്പം


വിവാദങ്ങളും ധാരാളം

സ്ത്രീപക്ഷ നിലപാടുകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ കവയിത്രിയാണ് സുഗതകുമാരി. പക്ഷേ, ഒന്നിലേറെ അവസരങ്ങളില്‍ സ്ത്രീ വിരുദ്ധവും വംശീയ നിലപാടുകളും സുഗതകുമാരി സ്വീകരിച്ചിട്ടുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2014 ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നടന്ന പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമത്തില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത് എന്ന് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയുണ്ടായി. ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ എന്നും സുഗതകുമാരി ആ വേദിയില്‍ പറയുകയുണ്ടായി. ബീഫ് വിവാദം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സുഗതകുമാരി മാതൃഭൂമിപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളും വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്നും രാജ്യത്ത് ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത് എന്നും പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്തുണ്ടെന്ന് മുസ്‌ലിംങ്ങള്‍ ഓര്‍ക്കണമെന്നും ആ ലേഖനത്തില്‍ എഴുതിയത് വിവാദമായിരുന്നു. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്നത് മുസ്‌ലിമിന്റെ കടമയാണെന്നും സുഗതകുമാരി വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരി സ്വീകരിച്ച നിലപാട് ശരിക്കും മലയാളികളെ ഞെട്ടിച്ചുകളഞ്ഞു എന്നു പറയാം. അതിഥി തൊഴിലാളികള്‍ നമ്മുടെ നാടിന് ആപത്താണ് എന്നായിരുന്നു സുഗതകുമാരി എഴുതിയത്. ലക്ഷക്കണക്കിനു വരുന്ന അതിഥി തൊഴിലാളികളെ താങ്ങാന്‍ കേരളത്തിന് ശേഷിയില്ലെന്നും സുഗതകുമാരി പറഞ്ഞിരുന്നു.

പുരസ്‌കാരങ്ങളുടെ നിറവില്‍ 

രാത്രിമഴ, അമ്പലമണി തുടങ്ങിയ കാവ്യഗുണമേറിയ കവിതകള്‍കൊണ്ട് മലയാളിയെ തഴുകി ഉണര്‍ത്തിയ സുഗതകുമാരിയെത്തേടി നിരവധി പുരസ്‌കരങ്ങളുമെത്തി. 1961 ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് സുഗതകുമാരിയുടെ പ്രസിദ്ധീകൃതമായ ആദ്യകവിതാസമാഹാരം. പിന്നീട്, പാതിരാപ്പൂക്കള്‍ എന്ന കവിതസമാഹാരത്തിലേക്കെത്തിയപ്പോഴേക്കും മലയാള കവിതയില്‍ സുഗതകുമാരി സ്വന്തമായ ഒരിടം സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തുകഴിഞ്ഞിരുന്നു. സുഗതകുമാരിയെ തേടിയെത്തിയ ആദ്യ പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരമാണ്. പാതിരാപ്പൂക്കള്‍ക്കായിരുന്നു പുരസ്‌കാരം. അന്ന് സുഗതകുമാരിയുടെ പ്രയം വെറും 34 വയസായിരുന്നു. പിന്നീട് മലയാളത്തിലെ വലുതും ചെറുതുമായ ഒട്ടുമിക്ക പുരസ്‌കാരങ്ങളും സുഗതകുമാരി യുടെ ഷെല്‍ഫില്‍ ഇടംപിടിച്ചു. 1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, അമ്പലമണിക്ക് 1982ലെ ഓടക്കുഴല്‍ പുരസ്‌കാരം, 1984 ല്‍ വയലാര്‍ അവര്‍ഡും അമ്പലമണി നേടി. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001), വള്ളത്തോള്‍ അവാര്‍ഡ്(2003), കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ് (2004) ... സാഹിത്യസപര്യക്ക് കിട്ടിയ പുരസ്‌കരങ്ങള്‍ളുടെ പട്ടിക അവസാനിക്കുന്നത് 2009 ല്‍ സമഗ്രസംഭവാനയ്ക്ക് ലഭിച്ച എഴുത്തച്ഛന്‍ പുരസ്‌കാരത്തിലും 2013 ല്‍ മണലെഴുത്ത് എന്ന കൃതിയ്ക്ക് ലഭിച്ച സരസ്വതി സമ്മാനിലുമാണ. 2006 ല്‍ സുഗതകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ പ്രകൃതി സംരക്ഷത്തിനുള്ള ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരവും സാമൂഹ്യ സേവനത്തിനുള്ള ജെംസെര്‍വ് പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തി.


Saturday, December 12, 2020

അനാഥമാക്കപ്പെട്ട ഗ്രാമീണസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍


എഴുപതുവര്‍ഷംനീണ്ട സാഹിത്യ സപര്യക്ക് പൂര്‍ണവിരാമമിട്ട് യു.എ ഖാദര്‍ ഓര്‍മയായിരിക്കുന്നു. ഖാദര്‍ എന്ന മനുഷ്യന്‍ ഒരു വലിയ വിസ്മയമായിരുന്നു. യു.എ ഖാദറിന് സ്വന്തമെന്നുപറയാന്‍ ഒരു ദേശമോ ഭാഷയോ സംസ്‌കാരമോ അദര്‍ശങ്ങളോ ആത്മീയതയോ ഉണ്ടായിരുന്നില്ല. എന്നാല്‍, മലയാളത്തിന്റെ സാഹിത്യ-സാംസ്‌കാരിക ഭൂമികയില്‍ നിന്ന് അദ്ദേഹത്തെ വേര്‍പെടുത്താനുമാവില്ല. നോവലിസ്റ്റിന്റെയും കഥാകൃത്തിന്റെയും ചിത്രകാരന്റെയും വേഷത്തില്‍ അദ്ദേഹം ആടിത്തീര്‍ത്ത ജീവിതം ഒരു ബഹുമുഖ പ്രതിഭയുടെ വിസ്മയകരമായ ജീവിതമായിരുന്നു. 

യു.എ ഖാദര്‍ പിതാവ് ഉസങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി സാഹിബിനൊപ്പം 


ഇരട്ട സാസ്‌കാരിക സ്വത്വമാണ് യു.എ ഖാദര്‍ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. കൊയിലാണ്ടിക്കാരന്‍ ഉസങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി സാഹിബിന് ബര്‍മക്കാരിയും ബുദ്ധമതവിശ്വാസിയുമായ മാമൈദിയില്‍ പിറന്ന കുഞ്ഞാണ് യു.എ ഖാദര്‍. 1935 ല്‍ മ്യാന്‍മറിലെ (പഴയ ബര്‍മ) ബില്ലനിലാണ് ഖാദര്‍ ജനിക്കുന്നത്. ഖാദര്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കം തന്നെ വസൂരി ബാധിച്ച് അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അമ്മയില്ലാത്ത മകനുമായി ഏഴു വര്‍ഷം കൂടി മൊയ്തീന്‍ ബര്‍മയില്‍ കഴിഞ്ഞു. പിന്നീട് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ മകനേയും കൂട്ടി തന്റെ നാടായ കൊയിലാണ്ടിയിലേക്ക് മടങ്ങാന്‍ മൊയ്തീന്‍ കുട്ടി തീരുമാനിച്ചു. മകനേയും തോളിലേറ്റി മൊയ്തീന്‍ കുട്ടി ബര്‍മയില്‍ നിന്നു മടക്കയാത്ര ആരംഭിച്ചു. അന്ന് ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ചതിന്റെ നേരിയ ഓര്‍മകള്‍ ഖാദറിനുണ്ടായിരുന്നു. ചിറ്റഗോംഗിലെ അഭയാര്‍ഥി ക്യാമ്പിലെത്തുന്നതുവരെയുള്ള യാത്രക്കിടയില്‍ വീണു മരിച്ചുപോയ നിരവധി സഹയാത്രകരെ കുറിച്ച് ഖാദര്‍ പിന്നീട് പറയുകയുണ്ടായി. ജന്മനാടു വിട്ട് പോന്ന ആ കുട്ടിക്കായി കാലം കാത്തുവച്ചത് കഥകളുടെ വലിയൊരു ലോകമായിരുന്നു. പിതാവിന്റെ നാട്ടില്‍  തന്റെ സര്‍ഗാത്മകയുടെ വേരുകളാഴ്ത്തി അദ്ദേഹം തന്റെ പിതൃദേശത്തിന്റെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന കഥകളുടെ വിസ്മയ ലോകം വായക്കാര്‍ക്കായി വാക്കുകളിലൂടെയും വരകളിലൂടെയും തുറന്നുതന്നു. 


മലയാള ഭാഷയുമായി വലിയ ബന്ധമില്ലാത്ത ബാല്യത്തില്‍ നിന്ന് മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ ഒപ്പം ഇരിക്കാനുള്ള യോഗ്യതയിലേക്കു താന്‍ വളര്‍ന്നതിനെ കുറിച്ച് ഒരിക്കല്‍ നേരിട്ടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം ഇതാണ്. ''ഞാന്‍ കേരളത്തിലേക്കു വരുമ്പോള്‍ എനിക്ക് മലയാളവുമായി ഒരു ബന്ധവുമില്ല. മാതൃഭാഷ അമ്മയില്‍ പഠിക്കേണ്ടതാണ്, അല്ലങ്കില്‍ അമ്മയുടെ മുലപ്പാലിനൊപ്പം ലഭിക്കുന്നതാണ് എന്നൊക്കെയാണ് നാട്ടുചൊല്ലുകള്‍. എന്റെ അനുഭവത്തില്‍ അതൊന്നും ശരിയല്ല. നമ്മുടെ രാജ്യവും ദേശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യം മാത്രമാണ് ഭാഷ. ഏതു ദേശത്തു ജനിക്കുന്നു എന്നതുമാത്രമല്ല ഏതു ദേശത്തു ജീവിക്കുന്നു എന്നതും വളരെ പ്രധാനമാണ്. വളരുന്ന ദേശത്തിന്റെ സംസ്‌കാരം അയാളിലുണ്ടാവും. ആ ദേശത്തിന്റെ താളമാണ് അയാളുടെ ജീവിതത്തിനുണ്ടാവുക. താളമായിരിക്കും അയാളുടെ ഭാഷയുടെ താളവും. അതല്ലാതെ മാതൃഭാഷ എന്ന സങ്കല്‍പത്തോട് എന്റെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി ഞാന്‍ വിയോജിക്കുന്നു. ശരിക്കും മാതൃഭാഷ എന്നൊന്നുണ്ടെങ്കില്‍ അത് നാടിന്റെ മണ്ണിന്റെ ഭാഷയാണെന്നു പറയാം. ഒരു വ്യക്തിയുടെ കൂട്ടുകാര്‍, ജീവിതാനുഭവങ്ങള്‍ ഇതെല്ലാമാണ് ഒരാളുടെ ഭാഷയെ രൂപപ്പെടുത്തുന്നത്. അത്തരത്തില്‍ രൂപപ്പെട്ടതാണ് എന്റെ ഭാഷ.''

ഉത്തരമലബാറിലെ മണ്ണില്‍ ഉറഞ്ഞ ഗോത്രസ്മൃതികളെ തേടിച്ചെല്ലുകയും മണ്ണില്‍ പുതഞ്ഞു കിടക്കുന്ന പുരാവൃത്തങ്ങളെ കണ്ടെടുത്ത് ഭാവനയുടെ ഉരകല്ലുപയോഗിച്ച് തേച്ചുമിനുക്കുകയും ചെയ്ത കഥാകാരനാണ് യു.എ.ഖാദര്‍. അതിന് തനിക്ക് പ്രേരണയായത് ബര്‍മയിലെ ബാല്യകാല ഓര്‍മകളാണെന്ന് ഖാദര്‍ ഒരിക്കല്‍ പറയുകയുണ്ടായി. '' എന്റെ രണ്ടു ജീവിതങ്ങളെ കുറിച്ച് ചോദിക്കാത്ത ആളുകള്‍ കുറവ്. ചിലരുടെ ചോദ്യങ്ങള്‍ വല്ലാതെ എന്നെ സങ്കടപ്പെടുത്തിയിട്ടുമുണ്ട്. കാരണം ഞാന്‍ മനപൂര്‍വമായി തെരഞ്ഞെടുത്തതല്ലെങ്കിലും മലയാളമാണ് എന്റെ ജീവിതം. മലയാള ഭാഷയിലാണ് ഞാന്‍ പിച്ചവെച്ചതെന്നു പറയാം. ഞാന്‍ ജനിച്ചത് ബര്‍മയിലാണെന്നതും ബര്‍മക്കാരിയായ മാമൈദിയാണ് എന്റെ അമ്മ എന്നതും സത്യമാണ്. എന്നാല്‍ ഞാന്‍ മലയാളത്തിന്റെ തന്നെ ആളാണ്. അത് എന്റെ ഉറച്ച വിശ്വാസമാണ്. എന്റെ എഴുത്തില്‍ ബര്‍മയിലെ ബാല്യം സ്വാധീനിച്ചിട്ടുണ്ട്. അതിനെ നിഷേധിക്കുകയോ മറച്ചുവയ്ക്കാനോ ഞാന്‍ തയാറല്ല. കാരണം അത് എന്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്നതിനു തുല്യാണമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ കൊച്ചു കുട്ടിയായിരുന്ന കാലത്തു മനസില്‍ കയറിക്കൂടുന്ന നിരവധി ചിത്രങ്ങളുണ്ട്. അന്നത്തെ ജീവിതം, അവിടത്തെ പ്രത്യേകമായ ജീവിതാവസ്ഥകള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍, പെഗോഡകള്‍, ഉത്സവങ്ങള്‍ അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍ ഉണ്ട്. ഞാന്‍ അവിടം വിട്ട് ഇവിടെ എത്തിയപ്പോള്‍ കാണുന്ന ചിത്രങ്ങളുമായി അതിനെ ബന്ധിപ്പാനുള്ള സ്വാഭാവികമായ ശ്രമം നടത്തുമല്ലോ. നമ്മുടെ ഇവിടുത്തെ ഉത്സവങ്ങളുമായി ബാല്യത്തില്‍ കണ്ട ബര്‍മീസ് കാഴ്ചകളെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ ഉപ്പ ഒരുകച്ചവടക്കാരനായിരുന്നല്ലോ. അദ്ദേഹത്തെ സംബന്ധിച്ച് ഉത്സവങ്ങള്‍ വലിയ കച്ചവട സീസണായിരുന്നു. അമ്മ മരിച്ചു പോയതുകൊണ്ടും പറയത്തക്ക മറ്റു ബന്ധുക്കള്‍ ഇല്ലാതിരുന്നതിനാലും അമ്മയില്ലാത്ത എന്നെയും കൊണ്ടായിരുന്നു ഉപ്പയുടെ യാത്രകള്‍. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഉത്സവങ്ങളും ഉത്സവക്കാഴ്ചകളും അവിടത്തെ ബര്‍മീസ് തരുണികളുടെ വേഷങ്ങളും അവരുടെ നൃത്തങ്ങളും പിന്നെ വലിയ വ്യാളീ മുഖങ്ങളും അടങ്ങുന്ന ആ കാഴ്ചകള്‍ എഴുത്തിലേക്കു തിരിഞ്ഞകാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്.''


എഴുത്തിലേക്ക് കാലെടുത്തുവയ്ക്കും മുമ്പ് കുട്ടിക്കാലത്ത് ചിത്രമെഴുത്തിലായിരുന്നു ഖാദറിനു താല്‍പര്യം. അങ്ങനെയാണ് ചിത്രംവര പഠിക്കാന്‍ മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നത്. എഴുത്തിന്‍രെ ലോകത്തു നിറഞ്ഞു നിന്നപ്പോഴും ചിത്രംവര ആവേശമായിത്തന്നെ ഖാദര്‍ ഒപ്പം കൂട്ടിയിരുന്നു. വിശ്വാസങ്ങളും പുരാവൃത്തങ്ങളും പാരമ്പര്യങ്ങളും ഇഴുകിച്ചേര്‍ന്ന രചനകളാണ് യുഎ ഖാദറിന്റെ ചിത്രങ്ങളില്‍ തെളിയുന്നത്. ചിത്രംവരയ്ക്കാനുള്ള കഴിവിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. '' ചിത്രകലയിലെ കമ്പവും കഴിവും എവിടുന്നാണെന്ന് ചോദിച്ചാല്‍ വീണ്ടും ബര്‍മയിലെ എന്റെ ബാല്യത്തിലേക്കുതന്നെ മടങ്ങിപ്പോകേണ്ടി വരും. അന്ന് കൊച്ചു കുട്ടിയായിരുന്ന കാഴ്ചകളുടെ ഓര്‍മകളില്‍ നിന്നാവും. വ്യാളീ മുഖങ്ങളും മനുഷ്യന്റെയൊക്കെ രൂപവും ആകൃതിയും ഉള്ള സിംഹത്തിന്റെ മുഖവും ആയിട്ടുള്ള കോലങ്ങളാവാം എന്നില്‍ ചിത്രകാരനെയും കുടിയിരുത്തിയതെന്നു പറയാം. എഴുത്തിലാണ് ഞാന്‍ ശോഭിച്ചതെങ്കിലും. എഴുത്തില്‍ നിന്ന് എനിക്കു ലഭിച്ചതിനു തത്തുല്യമായ സംതൃപതി എനിക്ക് ചിത്രരചനയില്‍ നിന്നും ലഭിച്ചിരുന്നു. എഴുത്തിലേക്ക് തിരിഞ്ഞതുകൊണ്ട് കുറെക്കാലം ചിത്രകലയോടുള്ള താത്പര്യം മാറ്റിവച്ചു. പിന്നീട് സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് പഴയ താല്‍പ്പര്യം എന്നില്‍ വീണ്ടും ചിറകുവിടര്‍ത്തിയതെന്നും പറയാം. അങ്ങനെ ഞാന്‍ കുറച്ചു ചിത്രങ്ങള്‍ വരച്ചു. തൃക്കോട്ടൂര്‍ കഥകള്‍ക്കുവേണ്ടിയാണ് വരച്ചത്. തെയ്യത്തിനും കളംപാട്ടിനും നാഗക്കളങ്ങള്‍ക്കും ഞാന്‍ പരിചയിച്ച നിറങ്ങളെങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയിലാണ് പിന്നീട് വരക്കാന്‍ ശ്രമിച്ചത്. 'തൃക്കോട്ടൂര്‍ താവഴി' എന്ന പേരില്‍ അത് പ്രദര്‍ശിപ്പിക്കപ്പെടുകയുമുണ്ടായി.'' 

എഴുത്തിലേക്കു വരാനുണ്ടായ കാരണം സി.എച്ച് മുഹമ്മദ് കോയയുമായി ഉണ്ടായ ബന്ധമാണെന്ന് ഖാദര്‍ ഓര്‍ക്കുന്നു. '' എന്റെ വീടിരുന്ന കൊയിലാണ്ടിയിലോ സമീപപ്രദേശത്തോ വായിക്കുന്ന ആളുകളെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. എന്റെ ബാല്യത്തിലും കൗമാരത്തിലും എനിക്ക് വലിയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ പഠനകാലത്ത് എന്റെ ഈ ചൈനീസ് മുഖവും ആ ഒരു പ്രകൃതവും ഒക്കെകൊണ്ട് സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു. അക്കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണെന്നാണ് എന്റെ ഓര്‍മ. എന്റെ അയല്‍പക്കത്ത് ഒരു വലിയ കല്യാണം നടന്നു. ആ കല്യാണത്തിന് സി.എച്ച് മുഹമ്മദ് കോയയും ഉണ്ടായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞല്ലോ എനിക്ക് സ്‌കൂളിലോ അയല്‍പക്കത്തോ വലിയ സുഹൃത്തുക്കളില്ലായിരുന്നു എന്ന്.  അക്കാരണത്താല്‍ ആ കല്യാണത്തിന് ഒറ്റപ്പെട്ടു നില്‍ക്കുന്ന എന്നെ അദ്ദേഹം ശ്രദ്ധിക്കുകയും എന്നെ വിളിച്ച് ഒരു പുസ്തകം വായിക്കാന്‍ തരുകയും ചെയ്തു. വെറുതെനിന്നു സമയം കളയരുതെന്നും ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങള്‍ വായിക്കണെന്നും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി'. അതാണ് ഞാന്‍ വായിക്കുന്ന ആദ്യത്തെ മലയാളം പുസ്തകമന്നുതന്നെയാണ് എന്റെ ഓര്‍മ. 1940 കളിലാണ്. പിന്നീട് തുടര്‍ച്ചയായി വായിക്കാനുള്ള ശ്രമമായി. ആ വയനയാണ് പിന്നീട് എഴുതണമെന്ന വലിയ ത്വര എന്നില്‍ ഉണര്‍ത്തിയത് എന്നുപറയാം.''


ഖാദറിന്റെ എഴുത്തുശ്രമങ്ങള്‍ ആദ്യമായി അച്ചടിച്ചതും സി.എച്ച് മുഹമ്മദ് കോയയാണ്. സിഎച്ചുമായി വളരെ അടുത്ത സൗഹൃദം നിലനിര്‍ത്തിയ ഖാദര്‍ താന്‍ എഴുതുന്നത് അദ്ദേഹത്തെ കാണിക്കുകയോ അഭിപ്രായങ്ങള്‍ ചോദിക്കുകയോ പതിവായിരുന്നു. ഒരിക്കല്‍ തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് അദ്ദേഹം എഴുതിയ ഒരു കഥ, വിവാഹസമ്മാനം (തന്റെ ഉപ്പയുടെ രണ്ടാം വിവാഹവും മറ്റും പരാമര്‍ശിക്കുന്നത്) സിഎച്ചിനു വായിക്കാന്‍ കൊടുക്കുകയുണ്ടായി.  ആ കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ അച്ചടിച്ചുവന്നു. ഉസങ്ങാന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന പേര് ചുരുക്കി യു.എ ഖാദര്‍ എന്നാക്കിയതും സിഎച്ച് തന്നെയായിരുന്നെന്ന് ഖാദര്‍ പിന്നീട് പറയുകയുണ്ടായി. അച്ചടിച്ച കഥയുമായി എത്തിയ സിഎച്ച് മലയാളത്തില്‍ നിന്നും തന്റെ വായനയെ ലോകസാഹിത്യത്തിലേക്കും തിരിച്ചുവിട്ടതായും  മോപ്പസാങ്ങിനെയും ആന്റണ്‍ പാവ്‌ലോവിച്ച് ചെക്കോവിനെയും വായിക്കണമെന്നു പറഞ്ഞതും കൂടുതലെഴുതാന്‍ പ്രോല്‍സാഹിപ്പിച്ചതും സിഎച്ചായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തുപറഞ്ഞിട്ടുണ്ട്. 

എം.വി ദേവന്റെ ചിത്രങ്ങള്‍ കണ്ട് ആകൃഷ്ടനായി ഖാദര്‍ ചിത്രകല പഠിക്കാനായി മദ്രാസിലേക്കു പോയി. പക്ഷേ, തന്‍രെ വഴി ചിത്രകല അല്ല എഴുത്താണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം തിരികെ പോരുകയുണ്ടായി. അതിനെക്കുറിച്ച് അദ്ദേഹംതന്ന പറഞ്ഞത് ഇങ്ങനെയാണ്. '' ശരിക്കും എനിക്കുതന്നെ അറിയില്ല എന്തുകൊണ്ടാണ് മദിരാശിയില്‍ നിന്നു മടങ്ങിയത് എന്ന്. മടങ്ങണം എന്ന് എന്റെ മനസ് എന്നോടു പറഞ്ഞു. പെട്ടന്നു തന്നെ തീരുമാനമെടുത്തു. തിരിച്ചു പോന്നു. അത്രതന്ന. അല്ലാതെ വലിയ കാരണങ്ങള്‍ എനിക്കുതന്നെ അറിയില്ല. പിന്നെ, ഉപ്പയും ഞാന്‍ മടങ്ങണമെന്ന് നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, മദ്രാസിലെ ജീവിതം എന്റെ എഴുത്തു ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. അവിടെനിന്നുണ്ടായ സൗഹൃദങ്ങള്‍ വളരെ വലുതായിരുന്നു. ഗോവിന്ദനുമായും പദ്മനാഭനുമായും ( എം. ഗോവിന്ദന്‍, ടി. പത്മനാഭന്‍) അടുത്ത് പരിയപ്പെടാനായി. പിന്നീട് എനിക്കു വലിയ സൗഹൃദങ്ങള്‍ നല്‍കിയത് ആകാശവാണിയില്‍ പ്രവര്‍ത്തിച്ച കാലമാണ്. ഞാന്‍ ആ കാലം നന്നായി ഓര്‍ക്കുന്നു. കുഞ്ഞനന്തനും (തിക്കോടിയന്‍), ഉറൂബ്, അക്കിത്തം പിന്നെ, നമ്മുടെ കക്കാട് എന്നിവരുമായുള്ള പരിചയം. അവരോടൊക്കെ സാഹിത്യം സംസാരിക്കാനാവുക. അതിലൂടെ ലഭിക്കുന്ന ചില എഴുത്തുണര്‍വുകള്‍, പ്രചോദനങ്ങള്‍ അതൊന്നും വിസ്മരിക്കാനാവില്ല. എന്റെ എഴുത്തു രീതികളെ മോള്‍ഡ് ചെയ്യുന്നതില്‍ ഈ വിപുലമായ സൗഹൃദം വലിയ പങ്കുവഹിച്ചിട്ടുണ്ട്''. 

ഗുരുനാഥന്‍മാരോ ഗോഡ്ഫാദര്‍മാരോ എഴുത്തിന്റെ പാരമ്പര്യമോ ഒന്നും ഇല്ലാതെ മലയാള സാഹിത്യത്തിലേക്കു കടന്നുവന്നയാണ് യു.എ. ഖാദര്‍. സി.എച്ച് മുഹമ്മദുകോയയെ ഒഴിച്ചു നിര്‍ത്തിയാല്‍ തന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ പറയുകയുണ്ടായി. അത്തരത്തിലുള്ള അറിവൊന്നും തന്റെ ഉപ്പയുടെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മദ്രാസില്‍ ജീവിക്കുന്ന കാലത്താണ് ഖാദറിന്റെ എഴുത്ത് നാട്ടിലൊക്കെ അത്യവശ്യം വായിക്കപ്പെടുന്നത്. അക്കാലത്ത് അദ്ദേഹം എഴുതിയ വിശുദ്ധപൂച്ച എന്ന കഥ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. മുസ്‌ലിമിലെതന്ന ഒരു വിഭാഗത്തെ ആക്ഷേപിച്ചെന്നു പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുകയുണ്ടായി. വിശുദ്ധ വംശജരാണ് തങ്ങന്മാര്‍ എന്ന വിശ്വാസമുണ്ട്. അതിനെ കളിയാക്കുന്ന രൂപത്തില്‍ ഒരു പൂച്ചയ്ക്ക് നേര്‍ച്ച നേരുന്നതാണ് പശ്ചാത്തലം. വായനാശീലമുള്ള ആളുകള്‍ കുറവായിരുന്നതുകൊണ്ടാവാം ആ വിവാദം പെട്ടന്ന് കെട്ടടങ്ങി. അദ്ദേഹം ആദ്യം എഴുതിയ നോവലും വലിയ വിവാദത്തിന് തിരികൊളുത്തുകയുണ്ടായി. ചങ്ങലയെന്ന നോവലിലെ പ്രതിപാദ്യവിഷയവും മുസ്ലിം ജീവിതംതന്നെയായിരുന്നു. അന്ന് പ്രസിദ്ധീകരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഖാദറിന് വലിയ പിന്തുണ നല്‍കി കൂടെ നിന്നതും സി.എച്ച് തന്നെയായിരുന്നു. പിന്നീട് എസ്പിസിഎസ് ചങ്ങല ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

സിഎച്ച് മുഹമ്മദ് കോയക്കു പുറമെ ഇ.ടി മുഹമ്മദ് ബഷീറുമായും ഖാദറിന് വലിയ അടുപ്പമുണ്ടായിരുന്നു. ആ സൗഹൃദം ഖാദറിന്റെ മരണംവരെ ഇരുവരും തുടരുകയും ചെയ്തു. ഖാദറിന്റെ കഥകള്‍ പകര്‍ത്തിഎഴുതിക്കൊടുത്തിരുന്നത് ഇ.ടി മുഹമ്മദ് ബഷീറായിരുന്നു. ആ ബന്ധത്തെകുറിച്ച് ഖാദര്‍ പറഞ്ഞത്. ''എന്റെ 'വള്ളൂരമ്മ' എന്ന നോവല്‍ മുഴുവനും പകര്‍ത്തിയെഴുതിയത് ഇ.ടി. മുഹമ്മദ് ബഷീറാണ്. മാത്രമല്ല ചന്ദ്രികയില്‍ വന്ന പല കഥകളും. ആ ബന്ധം ഇ.ടി. വിദ്യാഭ്യാസ മന്ത്രിയായപ്പോഴും പിന്നീടും തുടര്‍ന്നു കൊണ്ടേയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഡല്‍ഹിയില്‍ സകുടുംബം താമസിച്ചത് ഇ.ടി.യുടെ ഫ്ളാറ്റിലാണ്. ഇ.ടി.ക്ക് നിര്‍ബന്ധമുണ്ടായിരുന്നു; ഞാന്‍ അവിടെ തന്നെ താമസിക്കണമെന്ന്''.

1970 കളിലാണ് തൃക്കോട്ടൂര്‍ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. അക്കാലത്ത് പൊതുവെ ഉയര്‍ന്നു കേട്ടിരുന്ന ഒരുവലിയ ആക്ഷേപമായിരുന്നു ആര്‍ക്കും വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ഇപ്പോഴത്തേത് എന്ന്. എന്നാല്‍ ഒരു സാധാരണ മലയാളിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന തര ത്തിലുള്ള കഥകളുമായി യു.എ ഖാദര്‍ എന്ന കഥാകാരന്‍ രംഗപ്രവേശം ചെയ്തപ്പോള്‍ വായനക്കാര്‍ ആ കഥകളെ രണ്ടുംകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 

ആ കഥകളിലൂടെ വരോളിക്കാവ് ഭഗവതിയെയും കൈമുറിയന്‍ നാരായണനെയും പുലിമറ ദൈവത്തെയും കുരിക്കളം തറവാടിനെയും വണ്ണാര്‍ത്തൊടി വൈദ്യന്മാരെയുമെല്ലാം ഒരു സാധാരണ വായനക്കാരുടെ മനസില്‍ ഊട്ടിയുറപ്പിക്കാന്‍ ഖാദറിനായി. അമ്പലങ്ങള്‍, മഖാമുകള്‍, മുസ്ലിം പള്ളികള്‍, ചാലിയത്തെരുവ്, സര്‍പ്പക്കാവ് അങ്ങനെ അങ്ങനെ ഒരു പക്ഷേ, ഒരു ഗ്രാമത്തിന്റെ മണ്ണിലേക്ക് ഇത്രയേറെ സര്‍ഗാത്മകതയുടെ വേരുകള്‍ താഴ്ത്തിയ ഒരു എഴുത്തുകാരനെയും നമുക്ക് കണ്ടെത്താനാവില്ല. സര്‍ഗാത്മകതയുടെയും ഭാവനയുടെയും മൂടുപടങ്ങള്‍ തന്റെ രചനയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുകയും, ഖാദര്‍ താന്‍ കണ്ട, ജീവിച്ചു വളര്‍ന്ന ഗ്രാമത്തെ, അവിടുത്തെ ചുറ്റുപാടുകളെ, അമ്പലങ്ങളെ, പള്ളികളെ, ഉത്സവങ്ങളെ, തിറകളെയൊക്കെ അതേപടി തന്നെയാണ് വായനക്കാരിലേക്കെത്തിക്കുകയും ചെയ്തു. അതിനായി അദ്ദേഹം കൂട്ടുപിടിച്ചത് ഭാഷയെ ആണ്. ഭാഷയുടെ നാടോടിപാരമ്പര്യത്തെ അടിസ്ഥാനമാക്കി നവീനമായ ഒരാഖ്യാന ശൈലിയാണ് അദ്ദേഹം പിന്‍പറ്റിയത്. അദ്ദേഹം പറഞ്ഞ തൃക്കോട്ടൂര്‍ കഥകളിലെല്ലാം കീഴാളരായ നായികാനായകന്മാര്‍ പ്രത്യക്ഷപ്പെട്ടത് ഖാദറിന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൂടിയായിരുന്നു. തൃക്കോട്ടൂരെന്ന ദേശത്തിന്റെ കഥകളിലൂടെ ഖാദര്‍ പറയാന്‍ ശ്രമിച്ചതത്രെയും മനുഷ്യജീവിതത്തിന്റെ കലര്‍പ്പില്ലാത്ത കഥകളായിരുന്നു. എല്ലാക്കാലത്തേക്കും തലമുറകള്‍ക്ക് പ്രചോദനവും അറിവും നല്‍കുന്ന ജീവിത സത്യങ്ങളായിരുന്നു. 1983 ലും 2000 ലും കേരളസാഹിത്യ അക്കാഡമി അവാര്‍ഡും 2009 ല്‍ കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡും ഖാദറിനെതേടിയെത്തിയതിന്റെ കാരണവും അനുപമമായ അദ്ദേഹത്തിന്റെ രചനാവൈഭവംതന്നെയാണ്.
Friday, October 16, 2020

മരണം ഒപ്പിയെടുക്കാത്ത കാവ്യജീവിതം


'മരണത്തെ എനിക്കു ഭയമില്ല. ഭയമുള്ളത് മരണത്തിലേക്കുള്ള മാര്‍ഗത്തെപ്പറ്റിയാണ്. ജീവിതത്തില്‍ മാര്‍ഗ ശുദ്ധി പാലിക്കാനാഗ്രഹിച്ചവന് മരണത്തിലേക്കുള്ള മാര്‍ഗം അശുദ്ധമായിരിക്കുകയില്ല എന്നൊരു വ്യാമോഹവും എന്റെ മനസിലുണ്ട്. എന്തായാലും അതിനെപ്പറ്റി ചിന്തിച്ചു ഭയപ്പെട്ടു വിറയ്ക്കാന്‍ സമയമില്ല എന്ന സത്യത്തോട് എനിക്കു നന്ദിയാണുള്ളത്. ... ഞാനില്ലാത്ത ഒരു കാലം ഭൂമിയിലുണ്ടായിരുന്നു. ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാവുകയും ചെയ്യും. '


(എം ടി വാസുദേവന്‍ നായര്‍ക്കയച്ച കത്തില്‍ അക്കിത്തം കുറിച്ചത്)അറുപത്തിയേഴ് വര്‍ഷം മുമ്പ് താനെഴുതിയ കാവ്യത്തിലെ വരികള്‍ ഇന്നും  സാധാരണക്കാരുടെ പോലും ചുണ്ടില്‍ നിന്ന് ഉതിര്‍ന്നു വീഴുകയും  പലതരത്തിലുള്ള  വേദികളില്‍ ഉദ്ധരിക്കപ്പെടുകയും  ചെയ്യുമ്പോള്‍  കവിക്കുണ്ടാകുന്ന ആത്മസംത്യപ്തി എത്രമാത്രമായിരിക്കും. എന്നാല്‍, അക്കിത്തത്തിന്  അത്രവലിയ ആത്മസംത്യപ്തിയൊന്നുമില്ല. എന്തൊക്കെയോ മഹാകാര്യങ്ങള്‍ താന്‍ ചെയ്തെന്ന ഭാവവുമില്ല. എഴുതേണ്ടതു മുഴുവന്‍ എഴുതിയിട്ടില്ലെന്നും ചെയ്യേണ്ടതു മുഴുവന്‍ ചെയ്തിട്ടില്ലെന്നുമുള്ള ഒട്ടൊരു അസംത്യപ്തിയും അപൂര്‍ണതാ ബോധവുമാണ് മരണത്തിനു തൊട്ടുമുമ്പും അദ്ദേഹത്തിനുണ്ടായിരുന്നത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാര ലബ്ധി അറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ല. സന്തോഷത്തിന്റെ ചെറിയ തിരയിളക്കം പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍. മരണമാകുന്ന ഒപ്പുകടലാസ് അക്കിത്തം എന്ന കവിയുടെ ജീവിതം ഒപ്പിയെടുക്കുമ്പോഴും പിന്നിലവശേഷിക്കുന്നത് അദ്ദേഹത്തിന്റെ കാവ്യജീവിതമാണ്.

...............................................................

കരിക്കട്ടകൊണ്ടെഴുതിയ ആദ്യ കവിത

...............................................................

വളരെ ചെറിയ പ്രായത്തില്‍തന്നെ അക്കിത്തത്തേയും കൊണ്ട് ക്ഷേത്രദര്‍ശനം പതിവാക്കിയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. അക്കിത്തം മാതാപിതാക്കള്‍ക്കൊപ്പം മൂന്നു വയസിനു ശേഷം വിഷാരിക്കല്‍ ക്ഷേത്രത്തില്‍ തൊഴുവാന്‍ ചെല്ലുന്ന സമയത്ത് കിഴക്കേകുത്തുളളീ ആര്യന്‍ നമ്പൂതിരി എന്ന പണ്ഡിത സഹൃദയന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം(തര്‍ജമ) വായിക്കുവാന്‍ കൊച്ചുകുട്ടിയായിരുന്ന അക്കിത്തത്തെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആ ട്രെയിനിംഗ് അക്കിത്തത്തിന് വളരെയധികം പ്രയോജനപ്പെട്ടതായി അദ്ദേഹം പില്‍ക്കാലത്ത് ഒര്‍ത്തു പറയുകയും ചെയ്തു. അഞ്ച് -ആറ് വയസില്‍ അക്ഷരശ്ലോക സദസുകളില്‍ അദ്ദേഹം പങ്കെടുക്കുമായിരുന്നു.അവിടെനിന്നുള്ള അറിവ് തന്റെ കവിതകളെ വലിയ രീതിയില്‍ സ്വാധീനിച്ചതായും അദ്ദേഹം പറയുന്നു. 

   വളരെ ചെറിയ പ്രായത്തില്‍ തന്നെ ഏഴരവയസില്‍ ഒരു സായാഹ്നത്തില്‍ ്അമ്പലക്കുളത്തില്‍ നീന്തിക്കുളിച്ച ശേഷം ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ ശ്രീകോവിലിന്റെ പുറം ചുവരില്‍ കരിക്കട്ട കൊണ്ടുളള കുത്തിവരകള്‍ കാണാണുകയും അതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പെട്ടന്ന് കരിക്കട്ട കൊണ്ട് ഒരു അനുഷ്ടുപ്പ് ശ്ലോകം ആ ചുമരിന്‍മേല്‍ തന്നെ എഴുതുകയും ചെയ്തതാണ് തന്റെ ആദ്യ കവിതയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്ക്കുകില്‍

വമ്പനാമീശ്വരന്‍ വന്നി-

ട്ടെമ്പാടും നാശമാക്കിടും.

ഒരു അനുഷ്ടുപ്പ് ശോകമാണ് അദ്ദേഹം കരിക്കട്ട കൊണ്ട് രചിച്ചത്. 

...............................................................

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കാലത്തെ അതിജീവിച്ച കവിത

...............................................................

   അക്കിത്തം  അച്യൂതന്‍നമ്പൂതിരി  ഇരുപതാം നൂറ്റാണ്ടിന്റെ  ഇതിഹാസമെഴുതിയത്  ഇരുപതാം നൂറ്റാണ്ടിന്റെ  മധ്യത്തിലാണ്. ഇപ്പോള്‍ ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് രണ്ടു ദശകം കൂടി കടക്കുന്നു. പക്ഷേ, അത് ആസ്വാദകരുടെ നെഞ്ചില്‍  കൊളുത്തുന്ന നാളങ്ങള്‍ ഈനൂറ്റാണ്ടിലും പഴയ അളവില്‍ത്തന്നെ.

 ''വെളിച്ചം ദുംഖമാണുണ്ണി

തമസല്ലോ സുഖപ്രദം'''

എന്നത് ഏറെ ഉദ്ധരിക്കപ്പെടുക മാത്രമല്ല ഏറെ ചിന്തകള്‍ക്കു വഴിയൊരുക്കുക കൂടി ചെയ്തിട്ടുണ്ട്. ആ കവി വാക്യത്തിന്റെ മുഴക്കങ്ങള്‍ എത്രപേര്‍ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ വെളിച്ചം എങ്ങനെ ദുഖമാകുന്നുവെന്നും  കവി പറയുന്നുണ്ട്  ഏറെ തെറ്റിദ്ധരിക്കപ്പെട്ട  ഒരു ദര്‍ശനമായിരുന്നു അത്. എത്രത്തോളം വിമര്‍ശിക്കപ്പെട്ടുവോ അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ വരികള്‍. എന്നാല്‍ ആറര പതിറ്റാണ്ടുകള്‍ക്കിപ്പുറവും  ആ വീക്ഷണത്തിനു പ്രസക്തി നഷ്ട്ടപ്പെടുന്നില്ല, ഒരുപക്ഷേ ഏറുകയും ചെയ്തിരിക്കുന്നു.

    ബോധമനസില്‍ നിന്നാണ് കവിത ജനിക്കുന്നതെന്നു പോലും കരുതാത്ത കവിക്കാകട്ടെ കവിതയാണ് ജീവിതമെന്ന ഭാവമില്ല. കാപട്യങ്ങളില്ലാത്ത മനസില്‍ നിന്ന് ഒഴുകിവരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അക്കിത്തം അച്യൂതന്‍ നമ്പൂതിരി, സത്യധര്‍മാദികളെപ്പോലെ കവിതയും ഏറെയൊന്നും ശേഷിച്ചിട്ടില്ലാത്ത പുതിയ കേരളീയ സമൂഹത്തിന്റെ പൂമുഖത്തു ചാരുകസേരയിലിരിക്കുന്നു.

    കടന്നു കാണുന്നവനേ കവിയാകാനാവൂ എന്നത്രേ ആചാര്യന്‍മാര്‍ പറഞ്ഞുവച്ചിരിക്കുന്നത്. അങ്ങനെ കടന്നുകാണുവാനുള്ള ത്യക്കണ്ണാണ് അക്കിത്തത്തിനുള്ളത്. നാം ജീവിക്കുന്ന ഇക്കാലത്തെയും അന്പതോ അറുപതോ വര്‍ഷം മുമ്പു കണ്ട കവിയാണദ്ദേഹം.

    കമ്യൂണിസ്റ്റ് ആശയങ്ങളുള്‍ക്കൊള്ളുന്ന കവിതകളുമായി കവിതാരംഗത്ത് കടന്നു വന്ന അക്കിത്തം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് അകന്നു. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ മറയാക്കിക്കൊണ്ട് ലോകം നന്നാക്കാനിറങ്ങിയവരുടെ ആത്മാര്‍ഥതയില്ലായ്മയായിരിക്കണം തിരിച്ചുപോരലിനു കാരണമെന്നു നമുക്ക് വിലയിരുത്താം. ഈ തിരിച്ചു നടത്തത്തിലൂടെ കവിയെന്ന നിലയില്‍ അക്കിത്തം സ്വതന്ത്രനായെന്നതാണ് നേട്ടം. വിപ്ലവം കൊണ്ടു ലോകത്ത് നന്‍മ വരുത്താന്‍ കഴിയില്ലെന്നും സ്നേഹം കൊണ്ടുമാത്രമേ  അതു സാധിക്കു എന്നുമുള്ള ആശയമാണ് അദ്ദേഹത്തിന്റെ പല ക്യതികളും നല്‍കുന്നത്.

 ...............................................................

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ജനിച്ചവഴി കവി പറയുന്നു

 ...............................................................

മലയാള കവിതയിലെ ഇതിഹാസമെന്നു അനുവാചകരാലും നിരൂപകരാലും വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആദ്യം അച്ചടിക്കപ്പെട്ടത് 1952 ഓഗസ്റ്റില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. ഈ കവിത ജനിച്ചതെങ്ങനെയെന്ന് അക്കിത്തം പറഞ്ഞത് ഇങ്ങനെ, ''വടക്കേമലബാറിലെ സായുധ വിപ്ലവമാണ് ഈ കവിതയുടെ ബീജം ഉള്ളില്‍ക്കടക്കുന്നത്.  കാവുമ്പായി, കരിവെളളൂര്‍, മുനയന്‍കുന്ന് എന്നീ പേരുകള്‍ ആ കവിതയില്‍തന്നെ ഉണ്ടല്ലോ. പക്ഷേ അതിനെപ്പറ്റി എഴുതാതിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ടും, 1951ല്‍ അത് കടലാസില്‍ രേഖപ്പെട്ടു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് അനുസരിച്ചാണ് അതിന്റെ ആദര്‍ശം. ഋഗ്വേദത്തിലെ സമാനോ മന്ത്രസ്സമിതിസ്സമാനീ

സമാനീവ ആകുതിസ്സമാനാ ഹൃദയാനിവ.''എന്നു തുടങ്ങുന്ന അവസാന വേദമന്ത്രമാണ മനസിലെ കമ്യൂണി ബീജം. കല്‍ക്കട്ട തീസീസല്ല. ഈ കാര്യം എന്നെ പതിനൊന്നാം വയസ്സില്‍ ആകര്‍ഷിച്ചിരുന്നു. ആയിടെത്തന്നെയാണ് ഇഎംസിന്റെ  ''സോഷ്യലിസം എന്തിന്'' എന്ന ലേഖനവും അച്യൂതമേനോന്റെ  '' സോവിയറ്റ് നാട്'' എന്ന പുസ്തകവും എന്റെ മനസിലേക്കു കടന്നു വന്നത് . പക്ഷേ അഞ്ചു വയസിലാകണം, കേളപ്പജി ഗുരുവായൂര്‍സത്യാഗ്രഹം നടത്തിയകാലത്തുതന്നെ, മില്‍ത്തുണികളിലെ ചിത്രം വഴി ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു പല്ലുപോയ ''ഇളിച്ചിവായ''ന്റെ ചിത്രം മായാത്ത വിധത്തില്‍ ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. അതിനാലാവാം സ്വാതന്ത്രോദയ കാലഘട്ടത്തില്‍ കാവുമ്പായ്, കരിവെളളൂര്‍, മുനയന്‍കുന്ന് മുതലായ സ്ഥലങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെപ്പറ്റിയും ജീവിതത്തില്‍ എന്നും നാം നേരിടുന്ന ലക്ഷ്യവും മാര്‍ഗവും തമ്മിലുളള ബന്ധത്തെപ്പറ്റിയും എനിക്കുചിന്തിക്കേണ്ടിവന്നത്.''

    വിപ്ലവം നടക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും തീവ്രമായി അതിനായി വര്‍ത്തിക്കുകയും ചെയ്തിരുന്ന കവി, അതിന്റെ നടപ്പില്‍വരുത്തലിലെ ഹിസാത്മക നിലപാടുകളോട്, ആ ഭാവങ്ങളോട് യോജിക്കാനാവാതെ സ്വത്വം നഷ്ടപ്പെടുന്ന ഇടത്ത് പുറത്തേക്കു പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുന്നതാണു നമുക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ കാണാനാവുന്നത്.

...............................................................

സത്യത്തിനും സ്‌നേഹത്തിനും പ്രതിരോധം തീര്‍ക്കുന്ന കവിതകള്‍

..............................................................

    സ്വയംപ്രതിരോധം തേടുന്നതാണ് അക്കിത്തത്തിന്റെ കവിതകള്‍. ഇവിടെ അദ്ദേഹം പ്രതിരോധം തീര്‍ക്കുന്നത് സത്യത്തിനും സ്നേഹത്തിനും വേണ്ടിയാണ്. പ്രതിരോധം തീര്‍ക്കാനായി പുറപ്പെടുന്നത് ഇവിടെ കവിയായതുകൊണ്ട് അന്വേഷണവും പ്രതിരോധവും കവിതയിലൂടെയാവുന്നു എന്നുമാത്രം. സ്വന്തം അനുഭവങ്ങളില്‍ നിന്നും ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്നും കവി സ്വായത്തമാക്കിയ മൂല്യങ്ങളെ പ്രവചനസ്വഭാവമുള്ള കവിതകളാക്കി പരിവര്‍ത്തനം ചെയ്യുന്നതില്‍ അക്കിത്തം അസാധാരണമായ കൈയൊതുക്കം കാണിച്ചു.

    സമൂഹത്തെ ആപല്‍ക്കരമാം വിധം ബാധിച്ച മൂല്യനിരാസത്തിനെതിരേ നിരന്തരം പോരാടുന്നതായിരുന്നു അക്കിത്തത്തിന്റെ കവിതകള്‍. മനുഷ്യര്‍ക്കിടയില്‍ നിന്ന് സമദര്‍ശനവും സ്നേഹം/സത്യം/ധര്‍മം എന്നീ മൂന്നു സദ്ഗുണങ്ങളുടെ ഒഴിഞ്ഞുപോക്കും കവിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയിരുന്നത്. ഇതിനെ ചൂണ്ടിക്കാണിക്കുകയും സ്നേഹം നിറഞ്ഞ കാവ്യഭാഷയിലൂടെ ശാസിക്കുകയുമാണ് അക്കിത്തം ചെയ്തത്. മൂല്യനിരാസത്തിനെതിരേ കവിതയിലൂടെ പോരാടിയ പോരാളിയായിരുന്നു അക്കിത്തം. സ്വന്തം ജീവിതത്തില്‍ സൂക്ഷിച്ച മൂല്യങ്ങളായിരുന്നു ഈ പോരാട്ടത്തില്‍ കവി ഉപയോഗിച്ച ആയുധം.

...............................................................

തെറ്റിദ്ധരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്ത വരികള്‍

...............................................................

വെളിച്ചം ദുംഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം

വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുള്ള വരികാളാണിവ. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനെക്കുറിച്ചയാലും പ്രശംസിക്കപ്പെട്ടതിനെക്കുറിച്ചായാലും അദ്ദേഹം പറഞ്ഞത് അത് രണ്ടും സന്തോഷം തരുന്നു. എന്തിനു വേണ്ടി ആയാലും കവിത വായിക്കപ്പെട്ടിരിക്കുന്നു. വിമര്‍ശനമോ പ്രശംസയോ ആയിക്കോട്ടെ ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം അയാളുടെ കൃതി വായിക്കപ്പെടുന്നതിലാണല്ലോ. പിന്നീട്, ഇതേ വിഷയത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. '' ഒന്നുമാത്രം പറയാം. ഈ വരികള്‍ ഞാനറിയാതെയാണു ഞാന്‍ എഴുതിയത്. എന്നാല്‍, ഈ വരികള്‍ എഴുതുന്നതിനു മുമ്പാണു കാളിദാസന്റെ ഒരു ശ്ലോകം ഞാന്‍ പഠിച്ചത്.

''മരണം പ്രക്യതിശ്ശരീരിണാം.

വികൃതിര്‍ജീവിതമുച്യതേ ബൃധേ......''

ശരീരികള്‍ക്കു മരണമാണ് പ്രകൃതി. ജീവിതം വികൃതിയാണ്.  ഇങ്ങനെയാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. ശ്വസിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും ജീവനുള്ള  നമുക്ക് കിട്ടുന്ന ലാഭമാണ്. അര്‍ഥവും ഭാവവും ഒന്നും ചിന്തിച്ചുകൊണ്ടല്ലല്ലോ  നാം കവിത എഴുതുന്നത്. ഇന്ദ്രിയങ്ങള്‍ വെളിച്ചം എന്നും ധരിക്കുന്നത് എന്തിനെയാണോ, അതല്ല യഥാര്‍ഥ വെളിച്ചം എന്നാവണം ഈ വരികളില്‍  നിന്നും  ലഭിക്കുന്ന വസ്തുത എന്നാണ് പില്‍ക്കാലത്തെനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ, ഈയിടെയാണ് മറ്റൊരു സംശയം എന്റെ മനസില്‍ അങ്കുരിച്ചത്. വെളിച്ചം ദുഖമാണ് എന്ന് പറഞ്ഞതിനെ ആക്ഷേപിച്ചവര്‍ എന്തുകൊണ്ടാണ് ''അറിവിന്‍ വെളിച്ചമേ ദൂരപ്പോ'' എന്നെഴുതിയ കവിയെ ആക്ഷേപിക്കാതെ വിട്ടത് ജി (ശങ്കരക്കുറുപ്പ്) യുടെ  ജാതകത്തിലെ വ്യാഴം ധനുവിലാണല്ലോ. വേറെ ന്യായമൊന്നും തോന്നിയില്ല.'

...............................................................

കവിതകളിലൂടെ മൂല്യങ്ങലെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിച്ചു

...............................................................

    തന്റെ കവിതകളിലൂടെ വലിയൊരു വിഭാഗം വായനക്കാരുടെ മനസില്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെ കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുകവഴി അദ്ദേഹം ചെറിയപ്രായത്തില്‍ തന്നെ 'മുതിര്‍ന്ന'' കവികളുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടിരുന്നു. അതില്‍ അദ്ദേഹത്തിന് വലിയ വിഷമമൊന്നും ഇല്ലായിരുന്നു. നിരന്തരം വായിക്കുന്ന ശീലം അദ്ദേഹം ഒരു തപസ്യപോലെ കൊണ്ടു നടന്നു. അതുകൊണ്ടുതന്നെ പുതുതലമുറ കവിതകളെ വായിക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തിരുന്നു. പുതുതലമുറ കവികള്‍ തങ്ങളെക്കാള്‍ ബൗധികമായി ഉയര്‍ന്ന നിലവാരമുള്ളവരാണെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്‍, കവിതകള്‍ കൂടുതല്‍ ബൗദ്ധികമാകുന്നത് കവിതയുടെ നൈസര്‍ഗികതയെ നഷ്ടപ്പെടുത്തിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. '' പുതുതലമുറയില്‍  കവിത ആവശ്യത്തിലധികം ബുദ്ധിപരമായിതീര്‍ന്നിരിക്കുന്നു. ബുദ്ധിപരം എന്നു പറഞ്ഞത്  കവിതയെ അര്‍ഥരഹിതമാക്കി തീര്‍ക്കലായി  തീര്‍ന്നതിനെപ്പറ്റിയാണ്. ഓരോ വാക്കിനും ഒറ്റയ്ക്കൊറ്റയ്ക്ക്  അര്‍ഥമുണ്ടെങ്കിലും  അവ കൂടിച്ചേരുമ്പോള്‍  അന്യോന്യാശ്രിതമായ ഒരര്‍ഥമില്ലതാനും. ഇതാണ് ഇന്നത്തെ കവിത. വാസ്തവത്തില്‍ വായനക്കാരന്റെ സമയം  നഷ്ടപ്പെടുത്തുകയാണത് ചെയ്യുന്നത്. വായനക്കാരനെ പരിഹസിക്കലാണ് ഇപ്പോഴത്തെ കവിതകള്‍ എന്നു  പറയേണ്ടിയിരിക്കുന്നു. ' എന്നു രൂക്ഷഭാഷയില്‍ വിമര്‍ശിക്കാനും അദ്ദേഹം തയാറായിരുന്നു. '' രൂപം പ്രതിരൂപേ ബഭുവേ എന്ന ചെറുപ്പത്തില്‍ത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനേയും കവിതയെയും രണ്ടായി കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഈ കാലഘട്ടം  കവിതയ്ക്ക്  അനുകൂലമാണ് എന്നു പറയാന്‍ പ്രയാസമുണ്ട്.  യന്ത്രങ്ങള്‍  മൊബൈല്‍ ഫോണടക്കം  നമ്മുടെ ഏകാഗ്രതയെ വിച്ഛദിക്കുകയാണ് ചെയ്യുന്നത്.  ഏകാഗ്രമായ തപസില്ലാതെ ഉത്തമകവിത ഉണ്ടാവുകയില്ല. ''എന്ന അനുബന്ധം കൂടി ചേര്‍ത്താണ് പുതുതലമുറകവിതകളെ കുറിച്ചുള്ള തന്റെ വിമര്‍ശനം അദ്ദേഹം പൂര്‍ത്തിയാക്കിയത്.

...............................................................

സാധാരണ പൗരനുവേണ്ടി എഴുതപ്പെട്ട കവിതകള്‍

...........................................................

യന്ത്രവത്കൃത-നാഗരികവത്കരണത്തിന്റെ പരിഷ്‌കാരങ്ങള്‍ പ്രകൃതിക്കേല്‍പ്പിച്ച മുറിവുകളും സാധാരണ പൗരന്റെ ജീവിതദുരിതങ്ങളും അക്കിത്തം സാധാരണക്കാരനും മനസിലാവുംവിധം ആവിഷ്‌ക്കരിച്ചു. 

'മതമെന്താകിലുമാവട്ടേ,

മനുജാത്മാവേ, കരഞ്ഞിരക്കുന്നേന്‍:

നിരുപാധികമാം സ്‌നേഹം

നിന്നില്‍പ്പൊട്ടിക്കിളര്‍ന്നു പൊന്തട്ടെ!'

(മനുഷ്യസന്നിധിയില്‍) എന്ന വരികള്‍ മാത്രംമതി

ഇരുപതാംനൂറ്റാണ്ടില്‍ മനുഷ്യന്റെ ആത്മാഭിമാനത്തിനു സംഭവിച്ച മഹാപതനങ്ങളെ വീണ്ടെടുക്കാനുള്ള ദാര്‍ശനികാന്വേഷണങ്ങളായിരുന്നു അക്കിത്തം കവിതകളെന്നു കാലത്തിന് അടയാളപ്പെടുത്താന്‍. 

പണ്ടെത്തെ മേല്‍ശാന്തി എന്ന കവിതയിലെ 

'എന്റെയല്ലീ എന്റെയല്ലീ കൊമ്പനാനകള്‍, 

എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ...' 

വായനക്കാരനോട് ജീവിതത്തില്‍ വേണ്ട ഏറ്റവും വിലയേറിയ മൂല്യം വിനയമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പറയുകയാണ് ഈ വരികളിലൂടെ അക്കിത്തം. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഓരോ മനുഷ്യജീവിക്കും മുന്‍പില്‍ നിന്ന് എന്റെയല്ല ഇക്കണ്ടതൊന്നുമെന്ന് പറയാന്‍ കഴിയുമ്പോഴേ മനുഷ്യജീവിതം അര്‍ഥസമ്പന്നമാവുകയുള്ളൂയെന്ന് വളരെലളിമായി എന്നാല്‍ ആഴത്തിലും പഠിപ്പിക്കാന്‍ അക്കിത്തത്തിനായി. ഇതിന്റെ തുടര്‍ച്ചയാണ് ഏവര്‍ക്കും സുപരിചിതമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ 'വെളിച്ചം ദു:ഖമാണുണ്ണി, തമസല്ലോ സുഖപ്രദം' എന്ന വരികള്‍.

...............................................................

മികച്ച കവിത എഴുതാതെ 

...............................................................

   അക്കിത്തം എന്ന കവിയുടെ മികച്ച കൃതിയായി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെയാണ് അനുവാചകരും നിരൂപകരും വിലയിരുത്തുന്നത്. എന്നാല്‍, അക്കിത്തം ഒരിക്കലും അത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഇതുവരെ എഴുതിക്കഴിഞ്ഞതില്‍ തന്റെ മികച്ച കൃതി ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അക്കിത്തത്തിന്‍രെ മികച്ച കവിതയേതെന്ന കാര്യത്തില്‍ നടന്ന വിപുലമായ ചര്‍ച്ചകളില്‍ സഹികെട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''എന്റെ ഏറ്റവും നല്ല കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് ഇപ്പോഴും വിശ്വാസം. ഓരോന്നും എഴുതിതീരുമ്പോള്‍, അതു മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണു ഭാവം. എഴുതി വരുമ്പോള്‍ അഭൂതപൂര്‍വമാം വിധമുള്ള ഓരോരോ ആനവാതിലുകള്‍ ഹൃദയത്തിലേക്കു ഡുംഡും എന്നു തുറക്കപ്പെടുന്നതായി തോന്നുന്നു. പകുതിക്കല്‍വച്ച്  പലതും ചീന്തികളയുന്നു. എല്ലാം പലപല തവണ തിരുത്തപ്പെടുന്നു. മധ്യത്തിലോ അവസാനത്തിലോ ഇന്നേടത്തെന്നു പറഞ്ഞുകൂടാതുള്ള വരികളാവും ചിലപ്പോള്‍ ആദ്യം പുറത്തുചാടുന്നത്. അവ കടലാസില്‍ വീണശേഷം എത്രയോ കഴിഞ്ഞാവാം ആ  കവിതയുടെ ഭാവസന്ധിശില്പങ്ങള്‍ ഒരുക്കിക്കഴിഞ്ഞ കവിതകള്‍ ഇന്നും എഴുതാന്‍ കഴിയാതെ കിടക്കുകയാണ്. ഇനി അവ എഴുതുന്നതാകട്ടെ, ഇപ്പോഴുള്ള ഭാവസന്ധി ശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല എന്നു തോന്നത്തക്കവിധം  പല കവിതകളും രണ്ടോ നാലോ മണിക്കൂറുകള്‍കൊണ്ടു പണിതീര്‍ന്നു കിട്ടിയിട്ടുമുണ്ട്. ഞാനല്ല ഇതൊന്നും ചെയ്യുന്നത്. മനസിലുള്ള മറ്റൊരാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്റെ അറിവിലുള്ളതാണോ എന്ന് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുമിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ തോന്നും. അതുകൊണ്ട് മികച്ച കൃതി തെരഞ്ഞെടുക്കുക വളരെ വിഷമകരമാണ്. '

ഒരു കണ്ണീര്‍ക്കണം മറ്റു

ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവി

ലായിരം സൗരമണ്ഡലം

ഒരുപുഞ്ചിരി ഞാന്‍ മറ്റു

ള്ളവര്‍ക്കായ് ചെലവാക്കവേ

ഹൃദയത്തിലുലാവുന്നു

നിത്യനിര്‍മലപൗര്‍ണമി

അറിഞ്ഞീലിത്രനാളും ഞാ

നിദ്ദിവ്യപുളകോല്‍ഗമം;

ആ മഹാനഷ്ടമോര്‍ത്തോര്‍ത്തു

കുലുങ്ങിക്കരയുന്നു ഞാന്‍

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ ഈ ആരംഭവരികളില്‍ നിന്ന് ആര്‍ജവത്തിന്റെയും ദാര്‍ശനികതയുടെയും വക്താവായ അക്കിത്തമെന്ന കവിയുടെ സ്ഥായീഭാവം എന്താണെന്നു നമുക്കു മനസിലാക്കാം. തീവ്രവിപ്ലവ കാവ്യഭാഷയില്‍ എഴുതിയപ്പോഴും സ്നേഹം/സത്യം/ ധര്‍മം എന്നിവയിലൂന്നി നിന്നുകൊണ്ട് തത്വജ്ഞാനിയുടെ ഭാഷയില്‍ എഴുതിയപ്പോഴും അപരനുവണ്ടിയുള്ള സമര്‍പ്പണമാവണം കവിതയെന്ന് അനുവാചകരെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അക്കിത്തം എന്ന മലയാളത്തിന്റെ ഇതിഹാസകവി കാലയവനികയ്ക്കു പിന്നില്‍ മറയുന്നത്. 


Thursday, October 8, 2020

പതറാത്ത കാവ്യാത്മക ശബ്ദം


അ​മേ​രി​ക്ക​ൻ ക​വി​ത​യു​ടെ ആ​ധു​നി​ക വ​ക്താ​ക്ക​ളി​ൽ പ്ര​മു​ഖ സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ലൂ​യി​സ് 
ഗ്ലി​ക്കി​നെ തേ​ടി ലോ​ക​സാ​ഹി​ത്യ​ത്തി​ലെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം എ​ത്തി​യി​രി​ക്കു​ന്നു. ഇ​രു​പ​ത്തി അ​ഞ്ചാ​മ​ത്തെ വ​യ​സി​ലാ​ണ് ക​വി​ത​യി​ൽ ലൂ​യി​സ് ഗ്ലിക്കി​ന്‍റെ അ​ര​ങ്ങേ​റ്റം. ദി ​ന്യൂ അ​മേ​രി​ക്ക​ൻ ലൈ​ബ്ര​റി പ്ര​സി​ദ്ധീ​ക​രി​ച്ച ഫ​സ്റ്റ്ബോ​ൺ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ലൂ​ടെ വ​ര​വ​റി​യി​ച്ച ലൂ​യി​സ് ഗ്ലി​ക്ക് മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വാ​യി​ച്ചും കേ​ട്ടും സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സി​ൽ ക​യ​റി​ക്കൂ​ടി​യ മി​ത്തു​ക​ളും ച​രി​ത്ര​വു​മൊ​ക്കെ അ​ട​ങ്ങു​ന്ന കാ​വ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലൂ​യി​സ് ഗ്ലിക്ക് അ​മേ​രി​ക്ക​ൻ കാ​വ്യ ലോ​ക​ത്തി​ന്‍റെ അ​തി​രു​ക​ൾ ഭേ​ദി​ച്ച് ലോ​ക​സാ​ഹി​ത്യ​ത്തി​ൽ സ്വ​ന്ത​മാ​യ ഇ​രി​പ്പി​ടം തേ​ടി​യ​ത്. 

  വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​പ്ര​ശ്നം ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലും ഒ​ന്നാ​ണെ​ന്ന് ലൂ​യി​സ് ഗ്ലി​ക്ക് ത​ന്‍റെ ക​വി​ത​ക​ളി​ലൂ​ടെ ലോ​ക​ത്തോ​ടു വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം കാ​വ്യ നി​രൂ​പ​ക​രും വി​ല​യി​രു​ത്തി​യ​ത്. ചി​ല നി​രൂ​പ​ക​ർ വി​ല​യി​രു​ത്തി​യ​താ​ക​ട്ടെ ഇ​ങ്ങ​നെ​യാ​ണ്. ‘മ​നു​ഷ്യ​ന്‍റെ അ​സ്തി​ത്വ​ത്തെ ഇ​നി ദേ​ശ​വും മ​ത​വും സം​സ്കാ​ര​വും സ്വാ​ധീ​നി​ക്കു​ന്നു എ​ന്നി​രി​ക്ക​ട്ടെ, ത​ന്‍റെ തീ​ക്ഷ്ണ​മാ​യ കാ​വ്യ​ഭാ​ഷ​യി​ലൂ​ടെ വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​ത്തെ സാ​ർ​വ​ലൗ​കി​ക​മാ​ക്കി. വ്യ​ക്തി​ക​ളു​ടെ അ​ന്യ​താ​ബോ​ധ​ത്തി​ലേ​ക്കും വി​ഷ​മ​സ​ന്ധി​ക​ളി​ലേ​ക്കും പ്ര​കൃ​തി​യി​ലേ​ക്കും വാ​യ​ന​ക്കാ​രെ കൈ​പി​ടി​ച്ചു കൊ​ണ്ടുപോ​കു​ന്ന ക​വി​ത​ക​ളാ​ണ് ലൂ​യി​സ് ഗ്ല​ക്കി​ന്‍റേ​ത്’. ലൂ​യി​സ് ഗ്ലി​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് നൊ​ബേ​ൽ പു​ര​സ്കാ​ര സ​മി​തി ന​ട​ത്തി​യ വി​ശേ​ഷ​ണ​വും നി​രൂ​പ​ക​രു​ടെ ഈ ​ര​ണ്ടു വാ​ദ​ങ്ങ​ളെ​യും അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. 

1943 ഏ​പ്രി​ൽ 22 ന് ​ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് ലൂ​യി​സ് ഗ്ലിക്ക് ജ​നി​ച്ച​ത്. ഹം​ഗ​റി​യി​ൽനി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ കു​ടും​ബത്തി​ലെ ര​ണ്ടാം ത​ല​മു​റ​യി​ലാ​ണു ഗ്ലിക്കി​ന്‍റെ ജ​ന​നം.  വെ​ല്ല​സ്‌​ലി കോ​ള​ജി​ൽനി​ന്നു ബി​രു​ദം നേ​ടി​യ ഗ്ലി​ക്കി​ന്‍റെ അ​മ്മ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഗ്രീ​ക്ക് പു​രാ​ണ​വും ജോ​ൺ ഒാ​ഫ് ആ​ർ​ക്കി​ന്‍റെ ജീ​വ​ച​രി​ത്ര​വും ഗ്ലിക്കി​നെ പ​ഠി​പ്പി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ​യാ​ണ് താ​ൻ സാ​ഹി​ത്യം ഇ​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ​തെ​ന്നു പി​ന്നീ​ട് ഗ്ലിക്ക് ത​ന്നെ ഒ​രി​ക്ക​ൽ പ​റ​യു​ക​യു​ണ്ടാ​യി. “സ​ത്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ലോ​ക​ക്‌​ളാ​സി​ക് ക​ഥ​ക​ളും പു​രാ​ണ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ക വ​ഴി സ്വ​പ്നം കാ​ണാ​നാ​ണ് എ​ന്നെ പ​ഠി​പ്പി​ച്ച​ത്. അ​ത്ത​രം സ്വ​പ്ന​ങ്ങ​ളാ​ണ് എ​ന്നെ എ​ഴു​ത്തി​ന്‍റെ വ​ഴി​ക​ളി​ലേ​ക്കു ന​യി​ച്ച​തെ​ന്നു നി​സം​ശ​യം പ​റ​യാം’’ എ​ന്നാ​ണ് താ​ൻ സാ​ഹി​ത്യ​ത്തി​ന്‍റെ വ​ഴി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​തെ​ങ്ങ​നെ എ​ന്ന ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഗ്ലി​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ​ത്. 

ബാ​ല്യ​ത്തി​ൽ ബാ​ധി​ച്ച അ​സു​ഖത്തെ (ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച വൈകല്യമായ അനോറെക്‌സിയ നെര്‍വോസ) തു​ട​ർ​ന്ന് ലൂ​യി​സ് ഗ്ലി​ക്കി​ന്‍റെ പ​ഠ​നം താ​റു​മാ​റാ​യി​രു​ന്നു. സാറാലോറന്‍സ് കോളജിലും കൊളംബിയ സര്‍വകലാശാലയിലും ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തീകരിക്കാനായില്ല. ഒ​രു മു​ഴു​വ​ൻ സ​മ​യ വി​ദ്യാ​ർ​ഥി​യാ​യി കോ​ള​ജി​ൽ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഗ്ലി​ക്കി​ന് ല​ഭി​ക്കാ​തെ​പോ​യ​തി​ന്‍റെ കാ​ര​ണ​വും മ​റ്റൊ​ന്നാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് 1963-65 കാ​ല​ത്ത് കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്കൂ​ൾ ഒാ​ഫ് ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ക​വി​താ പ​ഠ​ന​ത്തി​നു ചേ​രു​ക​യാ​യി​രു​ന്നു. 

ക​വി​ത​യു​ടെ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ത​ന്‍റെ ജീ​വി​തം എ​ന്ന് ലൂ​യി​സ് ഗ്ലിക്കി​നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​വി​ട​ത്തെ അധ്യാപകരും കവികളുമായ ലി​യോ​ണി ആ​ഡം​സും സ്റ്റാ​ൻ​ലി കു​നി​റ്റ്സും വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യി ഗ്ലി​ക്ക് പ​റ​യു​ക​യു​ണ്ടാ​യി. “അ​വ​ർ എ​ന്നെ പ​ഠി​പ്പി​ച്ച​ത് ക​വി​ത​യാ​ണ് എ​ന്‍റെ ജീ​വി​തം എ​ന്നാ​ണ്. അ​വ​ർ കൃ​ത്യ​മാ​യി എ​ന്നി​ൽ ഒ​രു ക​വി​യു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. (എ​നി​ക്ക് ഇ​പ്പോ​ഴും അ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ ബോ​ധ്യ​മി​ല്ലെ​ങ്കി​ലും). ഞാ​ൻ ഒ​രു ക​വി​യാ​യി​ക്കാണ​ണ​മെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​വ​ർ ന​ട​ത്തി​യ ചി​ല വി​ല​യി​രു​ത്ത​ലു​ക​ളോ​ട് ഞാ​ൻ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ന്‍റെ ന​ല്ല​ ക​വി​ത​ക​ൾ ജ​നി​ച്ച​തെ​ന്നു പ​റ​യാം’’. ഗ്ലി​ക്ക് പ​റ​ഞ്ഞു.  

 ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഏ​ഴു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​യ്ക്കു  ശേ​ഷ​മാ​ണ് ലൂ​യി​സ് ഗ്ലി​ക്കി​ന്‍റെ ര​ണ്ടാ​മ​ത്തെ സ​മാ​ഹാ​രം പു​റ​ത്തു​വ​രു​ന്ന​ത്. ശ​രി​ക്കും റൈ​റ്റേ​ഴ്സ് ബ്ലോ​ക്ക് ആ​യി​രു​ന്നു ഗ്ലിക്ക് നേ​രി​ട്ട​ത്. ഇ​ക്കാ​ല​ത്തി​നി​ട​യ്ക്കു ജീ​വി​ക്ക​ാൻ​വേ​ണ്ടി നി​ര​വ​ധി ജോ​ലി​ക​ൾ ഗ്ലിക്ക് ചെ​യ്തു. 1971ൽ ​വെ​ർ​മോ​ണ്ടി​ലെ ഗോ​ദാ​ർ​ദ് കോ​ള​ജി​ൽ ക​വി​ത​ പ​ഠി​പ്പി​ക്കാ​ൻ ചേ​ർ​ന്നു. പി​ന്നീ​ട് താ​സ​വും വെ​ർ​മോ​ണ്ടി​ലേ​ക്കു​മാ​റ്റി. 

ഗോ​ദാ​ർ​ദ് കോ​ള​ജി​ൽ ക​വി​ത​ക​ൾ പ​ഠി​പ്പി​ച്ചി​രു​ന്ന കാ​ല​ത്ത് ഗ്ലി​ക്ക് എ​ഴു​തി​യ ക​വി​ത​ക​ൾ സ​മാ​ഹ​രി​ച്ച് 1975ൽ ​ദ ഹൗ​സ് ഓണ്‍ മാ​ർ​ഷ്‌​ലാ​ൻ​ഡ് എ​ന്ന പേ​രി​ൽ ദ ​ഇ​ക്കോ പ്ര​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. മാ​ർ​ഷ്‌​ലാ​ൻ​ഡാ​ണ് ലൂ​യി​സ് ഗ്ലിക്കി​ന്‍റെ ബ്രേ​ക്ക് ത്രൂ ​ആ​യി നി​രൂ​പ​ക​രും അ​നു​വാ​ച​ക​രും വി​ല​യി​രു​ത്തു​ന്ന​ത്. ദ ​ഹൗ​സ് ഓണ്‍ മാ​ർ​ഷ്‌​ലാ​ൻ​ഡ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ വ​ലി​യൊ​രു സംഘം വാ​യ​ന​ക്കാ​രെ സൃ​ഷ്ടി​ക്കാ​ൻ ഗ്ലിക്കി​നാ​യി. ഗ്ലിക്കി​ന്‍റെ ക​വി​ത​ക​ൾ നി​ര​വ​ധി വേ​ദി​ക​ളി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും നി​ര​വ​ധി നി​രൂ​പ​ക​ർ ഗ്ലിക്കി​ന്‍റെ ക​വി​ത​ക​ളെക്കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ എ​ഴു​തു​ക​യും ചെ​യ്തു. 

പി​ന്നെയും അ​ഞ്ചു​ വ​ർ​ഷം വേ​ണ്ടി​വ​ന്നു ഡി​സെ​ൻ​ഡിം​ഗ് ഫി​ഗ​ർ എ​ന്ന ക​വി​താ​സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങാ​ൻ. ഡി​സെ​ൻ​ഡിം​ഗ് ഫി​ഗ​റി​ലെ ചി​ല ക​വി​ത​ക​ളു​ടെ പേ​രി​ൽ വ​ലി​യ​തോ​തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഗ്ലി​ക്കി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. പ്ര​ത്യേ​കി​ച്ച് സ​മാ​ഹാ​ര​ത്തി​ലെ ദ ​ഡ്രൗ​ൺ​ഡ് ചി​ൽ​ഡ്ര​ൻ എ​ന്ന ക​വി​ത​യാ​ണ് ചി​ല നി​രൂ​പ​ക​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ക​വി​ത​യി​ൽ ഗ്ലിക്കി​ന്‍റ സ​മ​കാ​ലി​ക​നാ​യി​രു​ന്ന ഗ്രെ​ഗ് കു​സ്മ​യാ​ണ് ഗ്ലി​ക്കി​നെ വി​മ​ർ​ശി​ച്ച​വ​രി​ൽ മു​ന്നി​ൽ നി​ന്ന​ത്. ദ ​ഡ്രൗ​ൺ​ഡ് ചി​ൽ​ഡ്ര​ൺ എ​ന്ന ക​വി​ത​യി​ലൂ​ടെ താ​നൊ​രു ശി​ശു വി​ദ്വേഷി​യാ​ണെ​ന്ന് തെ​ളി​യി​ച്ചു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ഗ്ലിക്കി​നെ വി​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ, വി​മ​ർ​ശ​ന​ങ്ങ​ളൊ​ടൊ​ന്നും പ്ര​തി​ക​രി​ക്കാ​ൻ ഗ്ലിക്ക് ത​യാ​റാ​യി​ല്ല. “എ​ന്‍റെ ക​വി​ത​ക​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ വാ​യി​ക്ക​പ്പെ​ട്ടു. മ​ന​സി​രു​ത്തി ആ​ളു​ക​ൾ വാ​യി​ച്ച​തുകൊ​ണ്ട​ല്ലേ അ​വ​ർ വി​മ​ർ​ശി​ക്കു​ന്ന​ത്. അ​തു​ന​ല്ല​ത​ല്ലേ” എ​ന്നാ​ണ് ഒ​രി​ക്ക​ൽ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് ഗ്ലിക്ക് പ്ര​തി​ക​രി​ച്ച​ത്. 

എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ലൂ​യി​സ് ഗ്ലി​ക്കി​ന്‍റെ ക​വി​ത​ക​ൾ ലോ​ക​സാ​ഹി​ത്യ​ത്തി​ൽ ഇ​ടം​പി​ടി​ച്ചു തു​ട​ങ്ങി. ഗ്ലി​ക്കി​ന്‍റെ ക​വി​ത​ക​ൾ നി​ര​വ​ധി ലോ​ക​ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു. സ്പെ​യി​നി​ലും ഫ്രാ​ൻ​സി​ലും ഗ്ലിക്കി​ന്‍റെ ക​വി​ത​ക​ൾ പ്ര​ചാ​രം നേ​ടി. ഗ്ലിക്കി​ന്‍റെ ക​വി​തക​ളെ​ക്കുറി​ച്ച് അ​മേ​രി​ക്ക​യ്ക്കു പു​റ​ത്തു​ള്ള നി​രൂ​പ​ക​രും വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​ക​യും ക​വി​ത​ക​ളെക്കുറി​ച്ച് നി​ര​വ​ധി പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 

1990ൽ ​ത​ന്‍റെ അ​ച്ഛ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് എ​ഴു​തി​യ ക​വി​തക​ളു​ടെ സ​മാ​ഹാ​ര​മാ​യ അ​രാ​റാ​റ്റ് എ​ന്ന സ​മാ​ഹാ​ര​ത്തോ​ടെ ഗ്ലിക്ക് ആ​ധു​നി​ക അ​മേ​രി​ക്ക​ൻ ക​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ ഇ​റ​ങ്ങി​യ ഏ​റ്റ​വും ദു​ഃഖ​സാ​ന്ദ്ര​മാ​യ ക​വി​ത​ക​ൾ എ​ന്നാ​ണ് 2012ൽ ​ന്യൂ​യോ​ർ​ക്ക് ടൈം​സി​ൽ എ​ഴു​തി​യ നി​രൂ​പ​ണ​ത്തി​ൽ പ്ര​മു​ഖ നി​രൂ​പ​ക​ൻ ഡ്വൈ​റ്റ് ഗാ​ർ​നെ​ർ അ​രാ​റാ​റ്റി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. 1992ൽ ​പു​റ​ത്തി​റ​ങ്ങി​യ ദ ​വൈ​ൽ​ഡ് ഐ​റി​സ് എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ലൂ​ടെ ലോ​ക​ത്താ​ക​മാ​നം മു​ക്ത​ക​ണ്ഠ​മാ​യ പ്ര​ശം​സ നേ​ടാ​ൻ ഗ്ലി​ക്കി​നാ​യി. ഒ​രു പൂ​ന്തോ​ട്ട​ത്തി​ലെ പൂ​ക്ക​ൾ തോ​ട്ട​ക്കാ​ര​നു​മാ​യി ന​ട​ത്തു​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ഴു​തി​യ ക​വി​ത​യ​ട​ക്കം ഈ ​സ​മാ​ഹാ​ര​ത്തി​ലെ ക​വി​ത​ക​ൾ മനുഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ജൈ​വി​ക ബ​ന്ധ​ത്തെ വ​ള​രെ മ​നോ​ഹ​ര​മാ​യ ഭാ​ഷ‍യി​ൽ അ​വ​രി​പ്പി​ച്ചു. ഏകദേശം എഴുപതു ദിവസങ്ങള്‍കൊണ്ട് എഴുതിയ 54 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ഗ്ലിക്കി​ന്‍റെ മാ​സ്റ്റ​ർ പീ​സ് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പു​സ്തക​വും മ​റ്റൊ​ന്ന​ല്ല. ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക​വി​ത​യാ​യി ഗ്ലിക്ക് തെ​ര​ഞ്ഞെ​ടു​ത്ത​തും ഈ ​ക​വി​ത​ത​ന്നെ. 

2001 സെ​പ്റ്റം​ബ​ർ 11 ന​ട​ന്ന അ​മേ​രി​ക്ക​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഒ​ക്ടോ​ബ​ർ എ​ന്ന നീ​ണ്ട​ക​വി​ത​യും ലോ​ക​ത്ത് വ​ലി​യ ച​ല​നം സൃ​ഷ്ടി​ച്ചു. മാ​ന​വി​ക​ത​യെക്കുറി​ച്ചും സ​ഹ​ന​ത്തെ​ക്കുറി​ച്ചും വ​ലി​യ സ​ന്ദേ​ശ​മാ​ണ് ആ​റു ഭാ​ഗ​ങ്ങ​ൾ നീ​ണ്ട ഈ ​ക​വി​ത​യി​ലൂ​ടെ ഗ്ലിക്ക് ലോ​ക​ത്തി​നു ന​ൽ​കി​യ​ത്. 

ക​വി​ത​ക​ൾ​ക്കു പു​റ​മെ ക​വി​ത​ക​ളെ കു​റി​ച്ചു​ള്ള നി​ര​വ​ധി പ്ര​ബ​ന്ധ​ങ്ങ​ളും ഗ്ലി​ക്കി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ്രൂ​ഫ്സ് ആ​ൻ​ഡ് തി​യ​റീ​സ്, അ​മേ​രി​ക്ക​ൻ ഒ​റി​ജി​നാ​ലി​റ്റി എ​ന്നി​വ പ്ര​ത്യ​ക​പ​രാ​മ​ർ​ശം അ​ർ​ഹി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ല​ട​ക്കം നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഗ്ലി​ക്കി​ന്‍റെ ക​വി​ത​ക​ളും ക​വി​താ പ​ഠ​ന​ങ്ങ​ളും സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 1993 ൽ ​പു​ലി​റ്റ്സ​ർ പു​ര​സ്കാ​രവും​ പോയട്ര സൊസൈറ്റി ഓഫ് അമേരിക്കയുടെ പുരസ്‌കാരവുമ​ട​ക്കം സാ​ഹി​ത്യ​ത്തി​ലെ പ്ര​മു​ഖ​മാ​യ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ഗ്ലി​ക്കി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 

Sunday, October 4, 2020

ബദല്‍ ദര്‍ശനങ്ങളുടെ അടയാളപ്പെടുത്തല്‍

കെ.ടി. രാജീവ് തന്റെ അടയാളങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.  'മണ്ണിനെയും മനുഷ്യരെയും പ്രകൃതിയെയും സംബന്ധിക്കുന്ന, സംവദിക്കുന്ന സൂക്ഷ്മ-സ്ഥൂലതന്തുക്കളുടെ ആത്മാവിഷ്‌കാരമാണിവിടെ നടത്തിയിട്ടുള്ളത്.'

കെ.ടി. രാജീവിന്റെ കവിതകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുകയാണ് ഞാന്‍ ചെയ്തത്.  പൊതുവെ കവിതകളെക്കുറിച്ച് പറയപ്പെടുന്ന ഒരു നിരീക്ഷണമുണ്ട്.  'ഓ കവിത വളരെ സങ്കീര്‍ണമാണ്.  വായിച്ചാല്‍ മനസിലാവാറില്ല, എന്നത്.' എന്നാല്‍, കെ.ടി. രാജീവിന്റെ കവിതകളളിലൂടെ സഞ്ചരിക്കുമ്പോള്‍, മനസിലാവുന്നത് അത് എല്ലാ സങ്കീര്‍ണതകളെയും അഴിച്ച് മാറ്റി വളരെ ലളിതമായി തീര്‍ന്നിരിക്കുന്നു എന്നതാണ്.  അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് അധികം സഞ്ചരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.  അതിന്റെ കാരണം കവിതന്നെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ.  കെ.ടി. രാജീവ് എന്ന കവിയുടെ പ്രായത്തെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല.  എന്നാല്‍, അദ്ദേഹത്തിന്റെ കവിതകളുടെ പ്രായത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ധൈര്യം കാണിക്കുകയാണ്.  രാജീവിന്റെ കവിതകളെ ഞാന്‍ പുതുകവിത എന്നുതന്നെ വിളിക്കുന്നു.  അതിവര്‍ണനകളുടെ കുത്തൊഴുക്കും ആലങ്കാരികതകളുടെ അതിപ്രസരവും രാജീവിന്റെ കവിതകളില്‍ കാണാനില്ല എന്നതുതന്നെയാണ് രാജീവിന്റെ കവിതകളെ 'പുതുകവിതകള്‍' എന്നു വിളിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടതിന്റെ കാരണം.

രാജീവിന്റെ ഔദ്യോഗിക ജോലിയുടെ effetc നിരവധി കവിതകളില്‍ നമുക്ക് കണ്ടെത്താനാവും.  സംസാരഭാഷയും കാവ്യഭാഷയും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്ത് ഇല്ലാതായിപ്പോവുന്നത് ഈ കവിതകളില്‍ കാണാനാവും.  കൂടാതെ മിക്ക കവിതകളിലും ഒന്നിലേറെ പദങ്ങള്‍ ചേര്‍ന്നുള്ള കൂട്ടുവാക്കുകള്‍ക്കു പകരം (കവിതകളുടെ പൊതു സ്വഭാവം അതായിരുന്നല്ലോ) ഒറ്റയ്ക്കു നില്‍ക്കുന്ന വാക്കുകളാണ് കണ്ടെത്താനാവുക.

രാജീവിന്റെ കവിതകളുടെ പൊതുസ്വഭാവങ്ങളായി ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ക്ക് നന്നായി യോജിക്കുന്ന ഉദാഹരണമായി എനിക്കു തോന്നിയിട്ടുള്ള കവിതയാണ് 23-ാം പേജിലെ 'കണ്ണേറ്' എന്ന കവിത.


പിന്നെ

നാട്ടാരുടെയെത്ര

കണ്ണോട്ടങ്ങള്‍


എന്ന വരികള്‍ കാവ്യഭാഷയുടെയും സംസാരഭാഷയുടെയും ഒരു സംയുക്തമാണ്.

രാജീവിന്റെ കവിതകളില്‍ രാഷ്ട്രീയമുണ്ട്. അത് underlined politics ആണുതാനും.  ഏതെങ്കിലും ഒരു പ്രസ്ഥാനത്തോടോ തത്വശാസ്ത്രത്തോടോ ആശയസംഹിതകളോടോ ഉള്ള പ്രതിബദ്ധത കവിതയില്‍ നിഴലിക്കുകയോ മുഴച്ചുനില്‍ക്കുകയോ ചെയ്യുന്നില്ല.  എന്നാല്‍, സമൂഹത്തോട് കവിക്കുള്ള രാഷ് ട്രീയ ഉത്തരവാദിത്വം political responsibility രാജീവിന്റെ കവിതകള്‍ നിര്‍വഹിക്കുന്നുമുണ്ട്.  മുദ്രാവാക്യ കവിതകളുടെ അതിവൈകാരികതയുടെയും കാല്പനികതയുടെയും പശ്ചാത്തലങ്ങളെ കൃത്യമായി തന്റെ കവിതകളില്‍ അകറ്റിനിര്‍ത്തുകയും ചെയ്യുന്നുണ്ട് രാജീവ്.

'വിശുദ്ധ കുരുതിനിലം' എന്ന കവിത വളരെ കൃത്യമായി രാഷ്ട്രീയം പറയുന്നു.


'അധികാരഗര്‍വിന്റെ

പറന്നിരമ്പുന്ന

അഗ്നിച്ചിറകുകള്‍

നാമ്പെരിഞ്ഞമര്‍ന്ന

ഒലിവ് ചില്ലകള്‍

................

..................

വാഗ്ദത്തഭൂവില്‍നിന്ന്

കണ്ണീര്‍ത്താഴ് വരകളിലേക്ക്

ആട്ടിയോടിക്കപ്പെട്ട

മന്മാന്തര സ്വപ്‌നങ്ങള്‍


വെടിയാരവങ്ങളില്‍

വിലയംകൊണ്ട

ഗോലാന്‍കുന്ന്....'


സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളും അവരുടെ പിണിയാളുകളായ ഭരണകൂടങ്ങളും നിയന്ത്രിക്കുന്ന വിപണിയുടെ കെട്ടുകാഴ്ചകളെ പ്രതിരോധിക്കുക എന്ന സാമൂഹിക കാഴ്ചപ്പാടും രാജീവിന്റെ കവിതകളില്‍ നമുക്ക് കാണാനാവും.  ഒരു ബദല്‍ ദര്‍ശനം മുന്നോട്ടുവയ്ക്കാനുള്ള വലിയ ശ്രമങ്ങളും രാജീവ് തന്റെ കവിതകളിലൂടെ നടത്തുന്നുണ്ട്.  കാത്തിരിപ്പ് എന്ന കവിത വായിച്ചാല്‍ നമുക്കത് വളരെ എളുപ്പത്തില്‍ മനസിലാക്കാനാവും.


'അടുപ്പു പുകയാത്ത

വീട്ടില്‍

കത്തും വയറുമായ്

കുരുന്നു നെടുവീര്‍പ്പുകള്‍

പടികടന്നെത്തും

ലക്ഷ്മിയെ കാത്ത്


കുഞ്ഞു ഹൃദയ-

നെയ്ത്തിരികള്‍

കത്തും കൂരയല്ല

പെര്‍ഫ്യൂമിന്‍ മദ-

ഗന്ധവും

വാതുവെപ്പിന്നിരമ്പവും

ചേരും ഇരപിടിയിന്മാരുടെ

മണിമേടയേ്രത

ലക്ഷ്മിക്ക് പ്രിയം.'


'രണ്ടു ബാല്യങ്ങളില്‍ ഒരാള്‍' എന്ന കവിത വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ പങ്കുവയ്ക്കുന്നതാണ്.  അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും ജീവിതത്തിന്റെ നിസഹായതയുമൊക്കെ നമുക്ക് ഈ കവിതയില്‍നിന്ന് അനുഭവിക്കാനാവും. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ജീവിത പശ്ചാത്തലങ്ങളെ പ്രകാശിപ്പിക്കുകയുമാണ് കവി ചെയ്യുന്നത്.

രാജീവിന്റെ കവിതകളെ മൊത്തമായെടുത്താല്‍ വലിയ ലോകങ്ങളൊന്നും കാണിച്ചുതരുന്നതായി തോന്നിയില്ല.  എന്നാല്‍, സാമൂഹിക ജീവിതക്രമവും അതുവഴി ഒരു ജനതയുടെ ദുഃഖങ്ങളെയും ആശങ്കകളെയും ഒരു പരിധിവരെ ചരിത്രത്തെയും പ്രകാശിപ്പിക്കുന്നതാണ് രാജീവിന്റെ കവിതകള്‍ എന്ന് സംശയങ്ങള്‍ക്ക് ഇടമില്ലാതെ നമുക്ക് പറയാനാവും.  'പോകാനൊരിടം' എന്ന കവിത നമുക്ക് ഇതിന് ഉദാഹരണമായെടുക്കാം.


'എത്താനുണ്ടൊരിടത്ത്

കുറുക്കുവഴികളില്ല

ഒരുപാടുദൂരമെന്നാല്‍

പോകാതിരിക്കാന്‍ മാര്‍ഗമില്ല


ധ്യാനിച്ചു നേടിയ

വരദാനമല്ല

എരിഞ്ഞുതീരുവോളം

പേറാതിരിക്കുവാനുമാവില്ല'


നോക്കൂ... വര്‍ത്തമാനകാലത്തിന്റെ ആശങ്കയും അനിശ്ചിതത്വവും എത്ര കൃത്യമായി വരച്ചിട്ടിരിക്കുന്നു.

രാജീവ് കവിത എഴുതുന്നതില്‍ വലിയ സ്വാതന്ത്ര്യം കൈയാളുന്നതായി തോന്നിയിട്ടുണ്ട്.  ഭാഷയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ രാജീവ് പാലിച്ചതായി തോന്നിയിട്ടേയില്ല.  രാജീവിന്റെ കവിതകളെ വൃത്തത്തിന്റെയോ കവിതയ്ക്കുണ്ടാവണം എന്നു നമ്മള്‍ ശാഠ്യം പിടിക്കുന്ന ശീലുകളുടെയോ കുറ്റികളില്‍ നമുക്ക് രാജീവിനെ കെട്ടിയിടാനാവുമെന്നു തോന്നുന്നില്ല.

മാര്‍ജിനലൈസ് ചെയ്യപ്പെട്ടവരുടെയും ദളിതരുടെയും അനുഭവങ്ങളെ കവിതയിലൂടെ വരച്ചിടാനുള്ള ശ്രമവും രാജീവ് നടത്തുന്നുണ്ട്.

പക്ഷേ, കാല്പനികതയുടെ നിറച്ചാര്‍ത്തുകളൊന്നും ഉപയോഗിക്കാന്‍ രാജീവ് തയാറാവുന്നുമില്ല. മാത്രവുമല്ല, മറ്റു പല കവികളെയുംപോലെ വൈകാരികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് അതിവൈകാരികതയിലേക്കു വീഴാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.  'ബയോഡാറ്റ' എന്ന കവിത വായിക്കുമ്പോള്‍ നമുക്ക് മനസിലാവും എത്രത്തോളം ജാഗ്രതയാണ് ഇക്കാര്യത്തില്‍ രാജീവ് പുലര്‍ത്തിയിരിക്കുന്നതെന്നു മനസിലാക്കാന്‍.  ആത്മരോഷത്തിന്റെ തിളനില ഉയരുമ്പോഴും കവിയുടെ പരമമായ ധര്‍മത്തില്‍നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല എന്നതാണ് കവിയുടെ ജാഗ്രത.

എന്തായാലും മാനവികതയിലും മനുഷ്യത്വത്തിലും സഹജീവിസ്‌നേഹത്തിലും ഊന്നിനിന്നുകൊണ്ട് എഴുതുന്ന രാജീവ് മലയാള കവിതയുടെ വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിതാന്തപരിശ്രമം നടത്തേണ്ടിയിരിക്കുന്നു.


FACEBOOK COMMENT BOX