Tuesday, November 11, 2025

വായനക്കാരനെ കെട്ടി വലിക്കുന്ന എഴുത്ത്


 
പൊങ്ങച്ചത്തെക്കുറിച്ചും ആത്മനിഷ്ഠയെക്കുറിച്ചും എഴുതുമ്പോള്‍ ഞാന്‍ എന്നെത്തന്നെ നോക്കി ചിരിക്കുന്നു     - ഡേവിഡ് സലായ്

കനേഡിയന്‍ വംശജനായ ഹംഗേറിയന്‍-ബ്രിട്ടീഷ് എഴുത്തുകാരന്‍ ഡേവിഡ് സലായുടെ കൃതികള്‍ വായിക്കുമ്പോള്‍ എഴുത്തുകാരന്‍ വായനക്കാരനു നല്‍കുന്നത് ഒരു ക്ഷണമാണ്. തന്റെ നോവലിലെ കഥാപാത്രത്തെ തന്റെകൂടെ കാണാനും നിരീക്ഷിക്കാനുമുള്ള ഒരു ക്ഷണം. ഈ പറഞ്ഞ അസാധാരണമായ വായനാനുഭവമാണ് ഡേവിഡ് സലായെ സമകാലികരായ മറ്റ് എഴുത്തുകാരില്‍നിന്ന് മാറ്റിനിര്‍ത്തുന്നതും. 2025ലെ ബുക്കര്‍ സമ്മാനത്തിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. 

സലായുടെ നോവലുകളെ വിലയിരുത്തുമ്പോള്‍ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം അദ്ദേഹത്തിന്റെ ഭാഷയുടെ ലാളിത്യമാണ്. അതാണ് അതിന്റെ വലിയ ശക്തി. ചില വാക്കുകളും വാചകങ്ങളും ആവശ്യമുണ്ടായിരുന്നോയെന്ന് വിഖ്യാത എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ പോലും തോന്നിപ്പോവാറുണ്ട്. എന്നാല്‍, ഡേവിഡ് സലായുടെ കൃതികള്‍ വായിക്കുമ്പോള്‍ ഒരിക്കലും വായനക്കാരന് അങ്ങനെ തോന്നില്ല. അദ്ദേഹത്തിന്റെ എഴുത്തില്‍ ഓരോ വാക്കും പ്രധാനമാണ്; വാക്കുകള്‍ക്കിടയിലുള്ള ഇടങ്ങളും അത്രമേല്‍ പ്രധാനമാണ്.

ഡേവിഡ് സലായുടെ മിക്ക കൃതികളും ആധുനിക പുരുഷത്വം, അന്യവല്‍ക്കരണം, അസ്തിത്വപരമായ അനിശ്ചിതത്വം, പണം, അധികാരം, സാമൂഹിക ശക്തികള്‍ എന്നിവ വ്യക്തിജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് വായനക്കാരനോട് പറയുന്നത്. പ്രത്യേകിച്ച് ഓള്‍ ദാറ്റ് മാന്‍ ഈസ്, ഫ്ളെഷ് എന്നിവ സമകാലിക സമൂഹത്തില്‍ ഒരു പുരുഷനായിരിക്കുക എന്നതിന്റെ അര്‍ഥമെന്താണെന്ന് അന്വേഷിക്കുകയാണ്. അദ്ദേഹം നടത്തുന്ന ഈ അന്വേഷത്തിനൊപ്പം വായനക്കാരനും സഞ്ചരിക്കുന്നു. അദ്ദേഹം വായനക്കാരനെ കൊണ്ടുപോകുന്നു എന്നുപറയുന്നതാവും കൂടുതല്‍ ശരി. സലായുടെ നായക കഥാപാത്രങ്ങളുടെ ആഗ്രഹങ്ങളും പരാജയങ്ങളും വൈകാരികമായ അകല്‍ച്ചയും ദുര്‍ബലതയും ദുഃഖവുമൊക്കെ അനുഭവിച്ച് വായനക്കാരും അവരോടൊപ്പം സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. സലായുടെ ഭാഷയും എഴുത്തു ശൈലിയും വായനക്കാരെ അതിനു നിര്‍ബന്ധിക്കുന്നു. 

സലായുടെ നോവലുകളില്‍ കാലത്തിനു വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങൡും കാലം വരുത്തുന്ന മാറ്റങ്ങളെ സൂക്ഷ്മമായി വരച്ചിട്ടിരിക്കുന്നതു കാണാനാവും. പുരുഷ കഥാപാത്രങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ യുവത്വത്തിലെ നിസംഗതയും ക്ഷുഭിതമായ യൗവനത്തിന്റെ തീക്ഷണതയും ഖേദത്തിലേക്കും മരണഭയത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്നത് നമുക്കു കാണാനാവും. കാലത്തിന്റെ മുന്നോട്ടു പോക്കില്‍ സലായുടെ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചും ചെയ്തുകൂട്ടിയ തെറ്റുകളെക്കുറിച്ചും അസ്തിത്വത്തിന്റെ ദുര്‍ബലതയെക്കുറിച്ചും കടുത്ത മനോവേദന അനുഭവിക്കാറുണ്ട്. ഡേവിഡ് സലായുടെ നോവലുകള്‍ എല്ലാംതന്നെ പിറവിയെടുത്തിട്ടുള്ളത് സമകാലിക ജീവിതത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെയാവണം അദ്ദേഹത്തിന്റെ എഴുത്തില്‍ സമകാലിക മനുഷ്യരുടെ അസ്തിത്വ പ്രതിസന്ധികളെയും സാമൂഹിക ഉത്കണ്ഠകളെയും കുറിച്ചുള്ള സൂക്ഷ്മവും വൈകാരികമല്ലാത്തതുമായ വീക്ഷണങ്ങള്‍ കടന്നുവരാറുള്ളതും. 

സലായുടെ ഫ്‌ളഷ് എന്ന നോവലിനെത്തേടിയാണ് ബുക്കര്‍ സമ്മാനമെത്തിയിരിക്കുന്നത്. ഈ പുസ്തകം ജീവിക്കുന്നതിനെക്കുറിച്ചും ജീവിതത്തിന്റെ അപരിചിതത്വത്തെക്കുറിച്ചുമാണ് വായനക്കാരനോട് സംവദിക്കുന്നത്. ഈ നോവല്‍ വായിക്കുമ്പോള്‍, പേജുകള്‍ മറിക്കുമ്പോള്‍, നമ്മള്‍ ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ അനുഭവിക്കുന്നതായി തോന്നും. അത്തരത്തില്‍ ഒരു വായനാനുഭവം വായനക്കാരനു പകര്‍ന്നു നല്‍കാന്‍ ഫ്‌ളഷ് എന്ന നോവലിലൂടെ ഡേവിഡ് സലായ്ക്ക് സാധിച്ചിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തെ നയിക്കുന്നത് എന്താണ് ? അയാളെ ജീവിക്കാന്‍ യോഗ്യമാക്കുന്നത് എന്താണ് ? ആ ജീവിതത്തെ  തകര്‍ക്കുന്നത് എന്താണ്?  തുടങ്ങി ആഴത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ഫ്‌ളെഷ് എന്ന നോവല്‍ വായനക്കാരനോട് ചോദിക്കുന്നു. അതായത് ജീവിച്ചിരിക്കുക എന്ന കലയെയും അതോടൊപ്പം വരുന്ന എല്ലാ കഷ്ടപ്പാടുകളെയും കുറിച്ചുള്ള ഒരു പഠനമാണ് ഫ്‌ളെഷ് എന്നു വേണമെങ്കില്‍ പറയാം. ഫ്‌ളെഷിലെ ഇസ്ത്വാന്‍ പോലുള്ള കഥാപാത്രങ്ങളെ സലാ അവതരിപ്പിച്ചിരിക്കുന്നതുതന്ന സമകാലിക ലോകത്തെ മനുഷ്യരില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ്. ഇന്നത്തെ ലോകത്ത് ഒരു സാധാരണ മനുഷ്യന്‍, സ്വന്തം ചിന്തകളില്‍നിന്നും ബോധത്തില്‍നിന്നും തന്റെ ജീവിത വഴി (ചിലപ്പോഴെങ്കിലും വിധിയെന്നും വിശേഷിപ്പിക്കാം) കെട്ടിപ്പടുക്കുന്നതിനുപകരം ജീവിത സംഭവങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിക്കപ്പടുന്നവരാണെന്ന് സലായുടെ കഥാപാത്രങ്ങള്‍ പറഞ്ഞു വയ്ക്കുന്നു. ആഗ്രഹിച്ചു തീരുമാനിച്ചുള്ള  ജീവിതത്തിനു പകരം, സലായുടെ നായകന്മാരിലധികവും മറ്റുള്ളവരില്‍നിന്നുള്ള നിലപാടുകളോടും തിരിച്ചടികളോടും നിര്‍ദേശങ്ങളോടും പലപ്പോഴും പ്രതികരിക്കുന്നവരാകുന്നതിന്റെ കാരണവും സമകാലിക ജീവിതത്തെ ചിത്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലമാണ്. 


സലായുടെ കൃതികളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍, അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങള്‍ ഭൗതിക വിജയമോ ഉയര്‍ന്ന പദവിയോ നേടിയവരാണെന്നു കണ്ടെത്താനാവും. പക്ഷേ, അപ്പോഴും അവര്‍ വൈകാരികമായും അസ്തിത്വപരമായും ഒറ്റപ്പെട്ട നിലയിലുമായിരിക്കും. സ്വന്തം ചിന്തകളേയും താത്പര്യങ്ങളേയും സ്വയം പ്രകടിപ്പിക്കാനോ തന്റെ ചുറ്റിലുമുള്ള ആളുകളുമായും സാമൂഹിക വ്യവസ്ഥിതിയുമായും നിലനില്‍ക്കുന്ന ബന്ധം വിപുലീകരിക്കാനും പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്താനും അവര്‍ ബുദ്ധിമുട്ടുന്നതായും നമുക്ക് മനസിലാക്കാം. അദ്ദേഹത്തിന്റെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും ബാഹ്യമായ ഉയര്‍ച്ചയ്ക്കും ആന്തരിക ശൂന്യതയ്ക്കും ഇടയിലുള്ള കടുത്ത പിരിമുറുക്കത്തിലൂടെ സഞ്ചരിക്കുന്നവാരാണെന്നു വിലയിരുത്തിയാലും തെറ്റില്ല. 

ബുക്കര്‍ സമ്മാനം നേടിയ ആദ്യത്തെ ഹംഗേറിയന്‍-ബ്രിട്ടീഷ് എഴുത്തുകാരനാണ് ഡേവിഡ് സലാ. 1974 ല്‍ കാനഡയിലെ ക്യൂബെക്കിലാണ് അദ്ദേഹം ജനിച്ചത്. കാനഡക്കാരിയായ അദ്ദേഹത്തിന്റെ അമ്മയും ഹംഗേറിയന്‍ വംശജനായ അദ്ദേഹത്തിന്റെ അച്ഛനും ക്യൂബെക്കില്‍വച്ചാണ് കണ്ടുമുട്ടിയതും വിവാഹിതരായതും. സലാ ലെബനന്‍, യുകെ, ഹംഗറി, വിയന്ന എന്നിവിടങ്ങളില്‍ താമസിച്ചിട്ടുണ്ട്. 20-ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് നോവലുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവുകൂടിയാണ് അദ്ദേഹം. ആദ്യ നോവലായ ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റിലൂടെത്തന്നെ അദ്ദേഹം സാഹിത്യത്തില്‍ തന്റെ വരവറിയിച്ചു. ഓള്‍ ദാറ്റ് മാന്‍ ഈസിലൂടെ അദ്ദേഹം ഇരുത്തംവന്ന എഴുത്തുകാരനാണെന്ന് തെളിയിച്ചു. 2016ലെ ബുക്കര്‍ പ്രൈസിനായി ഓള്‍ ദാറ്റ് മാന്‍ ഈസ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ നോവലുകള്‍ വ്യാപകമായി വായിക്കപ്പെട്ടു.  ടര്‍ബുലന്‍സ് എന്ന ചെറുകഥാ സമാഹാരവും അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ഫ്‌ളെഷ് അദ്ദേഹത്തിന്റെ ആറാമത്തെ നോവലാണ്. 2010-ല്‍ ടെലിഗ്രാഫിന്റെ 40 വയസിന് താഴെയുള്ള മികച്ച 20 ബ്രിട്ടീഷ് എഴുത്തുകാരുടെ പട്ടികയില്‍ സലാ ഇടം നേടി. 2013-ല്‍ ഗ്രാന്റായുടെ ഏറ്റവും മികച്ച യുവ ബ്രിട്ടീഷ് നോവലിസ്റ്റുകളില്‍ ഒരാളായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

No comments:

FACEBOOK COMMENT BOX