Thursday, October 9, 2025

ദാര്‍ശനികതയുടെ പതിഞ്ഞാട്ടം

 മനുഷ്യരുടെ മനസിലെ ഇരുണ്ടതും വിഷാദം നിറഞ്ഞതുമായ ലോകത്തെ അക്ഷരങ്ങളിലൂടെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ച വിഖ്യാത ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കായിയെത്തേടി പരമോന്നത സാഹിത്യ പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയിരിക്കുന്നു. ലോകസാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളില്‍ പ്രമുഖനായ ക്രാസ്‌നഹോര്‍കായ് സാഹിത്യത്തിനു പുറമെ നിയമത്തിലും ഭാഷാ ശാസ്ത്രത്തിലും നിപുണനാണ്. 

ക്രാസ്‌നഹോര്‍കായിയുടെ എഴുത്തിലെ ദാര്‍ശനികതയാണ് അദ്ദേഹത്തെ സമകാലിക എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അതിന്റെ കാരണമന്വേഷിച്ചെത്തിയവരോട് ഒരല്പം പരിഹാസം കലര്‍ത്തി അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്  '' എന്റെ എഴുത്തില്‍ ഇതുവരെ ദാര്‍ശനികത കണ്ടെത്താന്‍ എനിക്കു സാധിച്ചിട്ടില്ല. ഞാനെഴുതുന്നത് പലപ്പോഴും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചല്ല. കാരണം, അതെല്ലാവരും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതാണല്ലോ. ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച്, ഒരാള്‍ കടന്നു പോകുന്ന വിഷാദം നിറഞ്ഞ ലോകത്തെക്കുറിച്ച്, വിഷാദം അയാളുടെ മനസില്‍ സൃഷ്ടിക്കുന്ന വൈകാരിക ഇടങ്ങളെക്കുറിച്ചൊക്കെയാണ് ഞാന്‍ എഴുതാറ്. ആ എഴുത്തിനെ പലരും ദാര്‍ശനികമായ എഴുത്തായി തെറ്റിദ്ധരിച്ചതാണ്. എഴുത്തിലെ ദാര്‍ശനികത എന്താണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ കാഫ്കയേയും ദസ്തയേവ്‌സ്‌കിയേയും വായിക്കണം'' എന്നാണ്. അദ്ദേഹത്തിന്റെ വിശദീകരണം എന്തായാലും വായനക്കാര്‍ ഒന്നടങ്കം പറയുന്ന ഒരു കാര്യം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളും അവശേഷിപ്പിക്കുന്നതെന്നാണ്.  അതിനുമപ്പുറം മനഷ്യജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ച് അദ്ദേഹത്തിന്റെ കൃതികള്‍ ഭയപ്പെടുത്തുന്നതായും ഭൂമിയില്‍ നരകം സൃഷ്ടിക്കപ്പെടുമെന്ന് പ്രവചിക്കുന്നതായും സാക്ഷ്യപ്പെടുത്തുന്നു.  

1954ല്‍ ഹംഗറിയില്‍ ജനിച്ച ക്രാസ്‌നഹോര്‍കായിയുടെ അച്ഛന്‍ ഒരു അഭിഭാഷകനായിരുന്നു. അമ്മയാവട്ടെ അധ്യാപികയും.  അച്ഛന്‍ താത്പര്യമാണ് നിയമത്തില്‍ വൈദഗ്ധ്യം നേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നല്ല വായനയെ അധ്യാപികയായ അമ്മയും പ്രോത്സാഹിപ്പിച്ചു. ചെറിയ പ്രായത്തില്‍ത്തന്നെ വായനയിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. സാഹിത്യം മാത്രമായിരുന്നില്ല അക്കാലത്ത് ക്രാസ്‌നഹോര്‍കായ് വായിച്ചിരുന്നത്. വളരെ ഡ്രൈ ആയ ചരിത്ര ഗ്രന്ഥങ്ങളും വായിക്കുമായിരുന്നു. ഒട്ടുമിക്ക യൂറോപ്യന്‍ എഴുത്തുകാരെയും ചെറുപ്പത്തില്‍ത്തന്നെ വായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സെഗെഡ് സര്‍വകലാശാലയില്‍നിന്നു നിയമ ബിരുദവും ബുഡാപെസ്റ്റിലെ ഒറ്റ്വോഷ് ലൊറാന്‍ഡ് സര്‍വകലാശാലയില്‍നിന്നു ഹംഗേറിയന്‍ ഭാഷയും സാഹിത്യവുംകൂടി അദ്ദേഹം പഠിച്ചു. 


എന്താണ് ക്രാസ്‌നഹോര്‍കായിയെ എഴുത്തുകാരനാക്കിയതെന്ന് നിരവധി ആളുകള്‍ ചോദിച്ചിരുന്നു. ഓ.. അങ്ങനെ പ്രത്യേകിച്ച് കാരണമെന്നും കാണുന്നില്ല. തുടര്‍ച്ചയായി വായിക്കുമായിരുന്നു. എഴുത്തുകാരെ വലിയ ഇഷ്ടമായിരുന്നു. പിന്നെ സാഹിത്യം പഠിക്കുകയും ചെയ്തല്ലോ. അതുകൊണ്ട് ഒരു എഴുത്തുകാരനായിക്കളഞ്ഞാലോ എന്നു പലപ്പൊഴും ചിന്തിച്ചിട്ടുണ്ട്. ആ ചിന്തയില്‍നിന്നാണ് എഴുതാന്‍ ശ്രമിച്ചത്. അത് നടന്നു. അത്രതന്നെ. അല്ലാതെ എഴുത്തുകാരനാവാന്‍ വേണ്ടി വലിയ അധ്വാനമൊന്നും നടത്തിയിട്ടില്ല- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'കാഫ്ക മുതല്‍ തോമസ് ബെര്‍ണാര്‍ഡ് വരെ നീളുന്ന മധ്യ യൂറോപ്യന്‍ പാരമ്പര്യത്തിലെ ഒരു മികച്ച ഇതിഹാസ എഴുത്തുകാരന്‍' എന്നാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരസമിതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 2015 ലെ മാന്‍ ബുക്കര്‍ പ്രൈസ് ക്രാസ്‌നഹോര്‍കായിയെത്തേടിയെത്തിയിരുന്നു.

ഓരോ മനുഷ്യന്റെയും മനസ് ഒരു സമുദ്രമാണെന്നാണ് ക്രാസ്‌നഹോര്‍കായിയുടെ രചനകള്‍ പറഞ്ഞുവയ്ക്കുന്നത്. അതുപക്ഷേ, വളരെ ശാന്തമായ സമുദ്രമല്ലെന്നും കാറും കോളും നിറഞ്ഞ അശാന്തമായ സമുദ്രമാണെന്നും അദ്ദേഹം ഒരോ രചനയിലൂടയും അടിവരയിടുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ കഥാസമാഹാരമാണ് ദ വേള്‍ഡ് ഗോസ് ഓണ്‍. ഈ സമാഹാരത്തിലെ വളരെ പ്രശസ്തമായ കഥകളിലൊന്നാണ് എ ഡ്രോപ് ഓഫ് വാട്ടര്‍ (ഒരു തുള്ളി വെള്ളം). ഇന്ത്യയിലെ വാരണാസിയാണ് കഥയുടെ പശ്ചാത്തലം. വാരാണസിയിലെത്തുന്ന ഒരു യൂറോപ്യന്‍ സഞ്ചാരി കാണുന്ന കാഴ്ചകളാണ് കഥ. വരണാസി അത്മീയതയുടെ ഇടമാണെന്ന വ്യാഖ്യാനം മനസിലാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം പരാജയപ്പെടുന്നു. ഈ നഗരവുമായി ഒരു ആത്മീയ ബന്ധം സ്ഥാപിക്കാനുള്ള നായക കഥാപാത്രത്തിന്റെ ശ്രമങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ ആത്മീയ ജീവിതത്തിന്റെ നിര്‍ഥകതയാണ് വായനക്കാരനുമുന്നില്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കായി വരച്ചിടുന്നത്. വാരണാസിയെന്ന പുണ്യ നഗരം അയാള്‍ക്കുമുന്നില്‍ ഒരു ഭീതിയായും താന്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു ഇടമായും മാറുന്നു. അങ്ങനെ ശ്വാസംമുട്ടുന്ന ഒരാളായി നായകന്‍ മാറുന്നു. നായകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വരച്ചിടുന്നതിലൂടെ മനുഷ്യ ജീവിതത്തില്‍ ആത്മീയതയെന്നുപറയുന്നത് എത്രമാത്രം അര്‍ഥശൂന്യമാണെന്ന് ക്രാസ്‌നഹോര്‍കായി അടിവരയിടുന്നു. 


ക്രാസ്‌നഹോര്‍കായിയുടെ ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ് എന്ന നോവല്‍ ലോകസാഹിത്യത്തില്‍ വായിക്കാന്‍ പ്രയാസമുള്ള നോവലുകളുടെ പട്ടികയില്‍ ഇടപിടിക്കുകയുണ്ടായി. ഒരു ചെറിയ ഹംഗേറിയന്‍ പട്ടണത്തിലെ നിഗൂഢ സംഭവങ്ങളുടെ വിവരണമാണ് ഈ നോവല്‍. ഇതിലെ വാക്യങ്ങള്‍ അല്പം സങ്കീര്‍ണവും നീണ്ടതുമാണ്. ഒരു ചെറിയ ഹംഗേറിയന്‍ പട്ടണത്തില്‍ ഒരു സര്‍ക്കസിന്റെ വരവിനെ ചുറ്റിപ്പറ്റിയുള്ള കുഴപ്പങ്ങള്‍ നിറഞ്ഞ സംഭവങ്ങളാണ് ക്രാസ്‌നഹോര്‍കായ് പറയുന്നത്. ഈ നോവലിന്റെ പശ്ചാത്തലമായി വരുന്ന നഗരം അശുഭാപ്തിവിശ്വാസവും അരാജകത്വവും കൊണ്ട് നിറഞ്ഞതായിട്ടാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ ജിര്‍ണതയും ശിഥിലീകരണവുമാണ് അദ്ദേഹം വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്. 

തിരക്കഥാകൃത്തെന്ന നിലയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ക്രാസ്‌നഹോര്‍കായിയുടെ കൃതികളായ ഡാംനേഷന്‍, ദി ലാസ്റ്റ് ബോട്ട്, സാറ്റന്റാംഗോ, വെര്‍ക്ക്മെയിസ്റ്റര്‍ ഹാര്‍മണിസ് എന്നിവയുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ കലാ-സിനിമാ നിരൂപകര്‍ക്കിടയില്‍ ശ്രദ്ധേയമായ ശ്രദ്ധനേടി. മിക്ക സിനിമകളുടെയും തിരക്കഥ രചിച്ചതും മറ്റാരുമല്ല. ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, വെര്‍ക്ക്മിസ്റ്റര്‍ ഹാര്‍മണീസ് എന്നപേരിലും സാറ്റന്റാങ്കോ അതേപേരിലും സിനിമയായി. ബേല ടാര്‍ എന്ന വിഖ്യാത ഹംഗേറിയന്‍ സംവിധായകനാണ് ക്രാസ്‌നഹോര്‍കായിയുടെ രചനകളെ അധികരിച്ച് ചലച്ചിത്രങ്ങള്‍ നിര്‍മിച്ചതില്‍ പ്രമുഖന്‍.

പലപ്പോഴും പേജുകളോളം നീണ്ടുനില്‍ക്കുന്ന വാക്യങ്ങളുടെ പേരില്‍, വായനക്കാരന്റെ മനസിനെ പ്രചോദിപ്പിക്കാത്ത എഴുത്തുകാരനെന്നു മുദ്രകുത്തപ്പെട്ട എഴുത്തുകാരനാണ് ക്രാസ്‌നഹോര്‍കായ്. ആശയക്കുഴപ്പവും ഭ്രാന്തും അസ്തിത്വപരമായ ഉത്കണ്ഠയുമല്ലാതെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഒന്നുമില്ലാത്ത രചനകളെന്നു പോലും അദ്ദേഹത്തിന്റെ കൃതികള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ വിമര്‍ശനങ്ങളെ ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത്, '' ഈ നിരീക്ഷണങ്ങളും ശരിയായിരിക്കാം. ജീവിതത്തില്‍ ഒരുകാര്യത്തിനാലും പ്രചോദിപ്പിക്കപ്പെടാത്ത മനുഷ്യരുണ്ടാവാം. ഇല്ലേ ? ഏതെങ്കിലും സന്നിഗ്ധഘട്ടത്തില്‍ ആശയക്കുഴപ്പം അനുഭവിക്കാത്ത മനുഷ്യരുണ്ടാവുമോ. ഇല്ലല്ലോ ? അതുപോലെ ഉന്മാദത്തിന്റെ മൂര്‍ധന്യത്തില്‍ ഭ്രാന്തനെന്ന വിളി കേള്‍ക്കാത്തവരുമുണ്ടാവില്ല. തന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നത് അനുഭവിക്കാത്ത മനുഷ്യരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ നിരീക്ഷണങ്ങളും എന്റെ രചനകള്‍ക്കു യോജിക്കുമെന്നാണ് ഞാന്‍ കരുതുന്നത്- എന്നാണ്. 


എന്തായാലും വ്യതിരിക്തമായ ഭാവനയില്‍നിന്ന് സങ്കീര്‍ണമായ പ്രമേയത്തിലൂടെ അനുപമമായ ഭാഷയില്‍ മനുഷ്യ മനസിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും വിഷാദം നിറഞ്ഞ ലോകത്തെക്കുറിച്ചും ലാസ്‌ലോ ക്രാസ്‌നഹോര്‍കായ് എഴുതിയതെല്ലാം മൂല്യവത്തായിരുന്നുവെന്ന് നൊബേല്‍ നേട്ടം ആവര്‍ത്തിച്ചുറപ്പിക്കുന്നു. 


No comments:

FACEBOOK COMMENT BOX