Sandeep Salim
ചാറ്റല്‍മഴയ്‌ക്കു ശക്തി കൂടിയപ്പോള്‍ മുന്‍സീറ്റിലിരിക്കുന്ന വൃദ്ധന്‍ ബസിന്റെ സൈഡ്‌കര്‍ട്ടന്‍ കെട്ടഴിച്ചു താഴ്‌ത്തി. തന്റെ അവസാനത്തെ കാഴ്‌ചകള്‍ക്കുമേല്‍ പുതപ്പിട്ട വൃദ്ധനോട് അയാള്‍ക്കു ദേഷ്യം തോന്നാതിരുന്നില്ല. ജീവിതത്തിന്റെ വലിയൊരു ഭാഗം ജീവിച്ചു തീര്‍ത്ത നാട്ടിലൂടെയുള്ള അവസാനത്തെ ബസ് യാത്രയാണതെന്ന് അയാള്‍ക്ക് ഉറപ്പുണ്ട്.
ജീവിതത്തിന്റെ ദുരിതങ്ങളെ മറന്നത് ഈ കവലയില്‍ അലഞ്ഞുതിരിഞ്ഞ നിമിഷങ്ങളിലായിരുന്നു. രാമേട്ടനെന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രാമകൃഷ്‌ണന്‍ നായരുടെ ഹോട്ടല്‍ ഭാരത്, ശിവശങ്കരന്റെ ശാന്തിമഠം, മുഹമ്മദ് അലിയുടെ പലചരക്കുകട... ഇങ്ങനെ പരിചിതമായ കാഴ്‌ചകള്‍ക്കിടയിലാണു മഴയും വൃദ്ധനും കാഴ്‌ചയ്‌ക്കു കടിഞ്ഞാണിട്ടത്. കാഴ്‌ചകളില്ലാതെ മൂടപ്പെട്ട ബസില്‍ അയാള്‍ക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി. തലയില്‍ ഞരമ്പുകള്‍ കാര്‍ന്നുതിന്നുന്ന വേദന അയാളെ തളര്‍ത്തി. അടുത്തിരുന്ന് ഉറങ്ങുന്നവന്റെ കീശയില്‍നിന്നു മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ശബ്‌ദിക്കുന്നു. ഭാഗ്യവാന്‍... ഒന്നുമറിയാതെ ഉറങ്ങാന്‍ കഴിയുകയെന്നത് എത്ര സുഖകരമാണ്.തന്റെ ഓരോ രാത്രിയും ഉറക്കമില്ലാത്ത ചിന്തകളുടേതാണ്. വേദന ആട്ടിയോടിക്കുന്ന ഉറക്കത്തിനു തിരിച്ചുവരാനുള്ള സമയമായിരിക്കുന്നു.
ബസ് സ്റ്റാന്‍ഡിനുള്ളിലേക്കു കയറിയപ്പോഴാണ് അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നത്. എല്ലാവര്‍ക്കും ശേഷം ഏറ്റവും ഒടുവിലായി അയാള്‍ ബസില്‍നിന്ന് ഇറങ്ങി. മെഡിക്കല്‍ കോളജില്‍ രണ്ടാം നിലയിലെ കാന്‍സര്‍ വാര്‍ഡിലേക്ക് അയാള്‍ നടന്നു. മരണത്തിന്റെ മണം അവിടെയെല്ലാം പതിയിരിക്കുന്നതായി അയാള്‍ക്കു തോന്നി. ``എവിടെപ്പോയിരുന്നു?'' അടുത്ത കട്ടിലില്‍നിന്നു തളര്‍ ച്ചബാധിച്ച ജീവന്റെ ശബ്‌ദം!
``സ്വന്തം നാടുകണാന്‍ ഒന്നുപോയി ഇനി കാണാന്‍ സാധിച്ചില്ലെങ്കിലും?'' കൂടുതല്‍ ഒന്നും പറയാതെ അയാള്‍ തന്റെ കട്ടിലില്‍ കയറിക്കിടന്നു. അപ്പോള്‍ അടുത്ത വാര്‍ഡില്‍നിന്നു മരണത്തിന്റെ മണമുള്ള ഒരു നിലവിളി ഉയരുന്നത് അയാള്‍ കേട്ടു.
കായണ്ണ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 150 കൈ യെഴുത്തു പുസ്‌തകങ്ങളിലൊന്നില്‍ പത്താം ക്ലാസുകാ രി ആര്യാകൃഷ്‌ണന്‍ എഴുതിയ `യാത്രയ്‌ക്കൊടുവില്‍' എന്ന കഥയാണു മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ സ്‌കൂളിലെ കുട്ടികളുടെ രചനകളാണെല്ലാം. ഈ പു സ്‌തകങ്ങളില്‍ ഒന്നിലെങ്കിലും തന്റേതായ രചന നടത്താ ത്ത ഒരു കുട്ടിയുമില്ല സ്‌കൂളില്‍. ഒന്നാംക്ലാസുകാര്‍ മുതല്‍ പ ത്താംക്ലാസുകാര്‍വരെ എല്ലാവരും എഴുത്തുകാരായിരിക്കുന്നു. എല്ലാരചനകളും `യാത്രയ്‌ക്കൊടുവിലി'ന്റെ നിലവാരമുള്ള വയൊന്നുമല്ല. സാഹിത്യനിരൂപണം ചെയ്‌തേ ക്കാമെന്നു കരുതുന്നവര്‍ ഒട്ടും നിലവാരമില്ലാത്ത വയായി തള്ളാവുന്ന രചനകളുണ്ട്. പക്ഷേ ഇവയിലെല്ലാം കുറേ ബാലികാബാലന്‍മാരുടെ മനസിന്റെ നിറങ്ങളുണ്ട്. സാധാരണയായി നമുക്കു കാണാ ന്‍ കഴിയാത്ത നിറങ്ങള്‍. കൃത്രിമത്വം ഒട്ടുമേയില്ലാത്തവ. ഈ താളുകളില്‍ തൊടുമ്പോള്‍ നിങ്ങള്‍ കുട്ടികളുടെ മനസില്‍ തൊടുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ തുടങ്ങി യവയാണീ 150 പുസ്‌തകങ്ങള്‍. ചുവരുകള്‍ തേയ്‌ക്കുക പോലും ചെയ്‌തിട്ടില്ലാത്ത കായണ്ണ ഗവണ്‍മെന്റ് ഹൈ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ദരി ദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബാലമാസികകള്‍ പോലും വായിച്ചിട്ടില്ലാത്തവരാണു മിക്കവരും. തങ്ങളുടെ രചനകളോടുകൂടിയ ഒരു കൈയെഴുത്തു മാസിക എന്നത് അവരുടെ സ്വപ്‌നത്തി ലൊന്നും ഉണ്ടായിരുന്നതല്ല. അങ്ങനെയി രിക്കേയാണ് പ്രേമന്‍മാഷ് വന്ന ത്. സാഹിത്യത്തെ ഏറെ സ്‌നേഹിക്കുന്ന അധ്യാപകന്‍. മടക്കല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് എന്‍.കെ പ്രേമന്‍ എന്ന അധ്യാപകന്‍ സാ മ്പത്തിക സ്ഥിതി കൂടുതല്‍ മോശമായ ഈ സ്‌കൂളിലെത്തിയത് കുറെ കൈയെഴുത്തു പുസ്‌തകങ്ങള്‍ പ്രസിദ്ധീ കരിച്ചതിന്റെ പരി ചയസമ്പത്തുമായാണ്. സിലബസിനു പുറ ത്തുള്ളവയും കുട്ടികളെക്കൊണ്ട് എഴുതിക്കുക എന്നതിന്റെ വിദ്യാഭ്യാസമൂല്യം അദ്ദേഹം മ നസിലാക്കിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ക്കു പുസ്‌തകങ്ങള്‍ എഴു തുന്നതിനുമപ്പുറം കുട്ടികളുടെ പുസ്‌തകങ്ങള്‍. കായണ്ണ സ്‌കൂളില്‍ അതൊ രു അഭൂതപൂര്‍വ സംഭവമായിരുന്നു. എന്‍.കെ പ്രേമന്‍ മാഷ് കുട്ടികളുടെ സര്‍ഗവാസനകളിലൂടെ നടക്കാന്‍ തുടങ്ങി. ആ യാത്രയില്‍ മാഷ് പെറുക്കിക്കൂട്ടിയവ അമൂല്യനിധികളായിരുന്നു. അവസ്വരുക്കൂട്ടി ഇറക്കിയ കൈയെഴുത്തു പുസ്‌തകങ്ങള്‍ പറയുന്ന കഥകള്‍ ആരും കേള്‍ക്കാത്തവയായിരുന്നു. കാക്കയെയും പൂച്ചയെയും എറിയാന്‍ അമ്മ പെറുക്കിവച്ചിരിക്കുന്ന കല്ലുകള്‍, കുളിമുറിയിലെ ഭിത്തിയില്‍ കപ്പിലെ വെളളത്തു ളളികള്‍കൊണ്ടു വരച്ച മീനിന്റെ ചിത്രം, പൂമ്പാറ്റകളാകുന്ന പറക്കുന്ന പൂക്കള്‍........... അങ്ങനെ എണ്ണമറ്റ അപൂര്‍വ ചിത്രങ്ങള്‍ ആ രചനകളിലൂടെ പുറത്തുവന്നു.
അരുതാത്തതു ചെയ്‌താല്‍, ക്ലാസിലൊന്നു പൊട്ടിച്ചിരിച്ചാല്‍ അച്ചടക്കത്തിന്റെ ചൂരല്‍ എടുക്കുന്ന, ഉപദേശ സൂക്തങ്ങളുടെ ഭാ ണ്‌ഡമഴിക്കുന്ന അധ്യാപകര്‍, നോട്ടെഴുതുന്ന വിദ്യാര്‍ഥികള്‍, അല്ലറചില്ലറ തമാശകള്‍... ഇതൊക്കെയാണു പരമ്പരാഗതമായി തുടര്‍ന്നു വരുന്ന സ്‌കൂള്‍ രീതികള്‍ കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിക്കു ന്നില്ലെന്നും പഴയതു പോലെയൊന്നും മനസിരുത്തി പഠിക്കു ന്നില്ലെന്നുമുള്ള അധ്യാപകരുടെ പരാതികള്‍... 21ാം നൂറ്റാണ്ടിലും കുട്ടികളെ യന്ത്രങ്ങളാക്കിമാറ്റി ക്ഷണികസ്‌മൃതികള്‍ കൊണ്ട് ട്രപ്പീസു കളിക്കാന്‍ യോഗ്യരാക്കുകയാണു പല അധ്യാപകരും.
കുട്ടികളുടെ സര്‍ഗാത്‌മകത മിക്ക അധ്യാപകരും അവഗണിക്കുന്നു. കുട്ടികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. എന്നാല്‍ ഇതാ കാറ്റത്തു പാറിനടക്കുന്ന അപ്പൂപ്പന്‍താടിയുടെ പുറകെപോകാനും മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തില്‍ സ്വപ്‌നം കാണാനും കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപകന്‍. എഴുത്തിന്റെ വഴിയേ വിദ്യാര്‍ഥികളെ കൈ പിടിച്ചുനടത്തുന്ന ഒരധ്യാപകന്‍.
പ്രേമന്‍ മാഷ് വേറിട്ടു നടക്കുക യാണ്. സര്‍വീസ് ചട്ടങ്ങള്‍ക്കും സിക്ക് ലീവുകള്‍ക്കും ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം അധ്യാപനം ഒരു കലയാകുന്നതെങ്ങനെയെന്ന് ഈ അധ്യാപകന്‍ തെ ളിയിക്കുന്നു.
പുസ്‌തകത്താളുകളില്‍ അച്ചടിച്ച് അടുക്കിവച്ചിരിക്കുന്ന അറിവു മാത്രമല്ല പുസ്‌തകത്താളുകള്‍ക്കിടയില്‍ മയില്‍പ്പീലിസൂക്ഷിക്കുന്ന മനസുകളുടെ മൃദുല ഭാവനകള്‍ രേഖപ്പെടുത്തുന്ന വിദ്യയും പ്രേമന്‍മാഷ് തന്റെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. അങ്ങനെയാണ്‌ു കായണ്ണ സ്‌കൂളിലെ കുട്ടികള്‍ കഥകളും കവിതകളും ഉപന്യാസങ്ങളും വര്‍ത്തമാനങ്ങളും എഴുതിനിറച്ച നൂറ്റമ്പത്തോളം കൈയെഴുത്തു പുസ്‌തകങ്ങള്‍ തയാറാക്കിയത്. പ്രേമന്‍മാഷിന്റെയും വിദ്യാ ര്‍ഥികളുടെയും ഏകദേശം ഒരു അധ്യയന വര്‍ഷത്തെ കൂട്ടായ്‌മയുടെ ഫലം. കുട്ടികളുടെ ഭാവനകളില്‍ വിരിഞ്ഞ രചനകള്‍ ഈ അധ്യാ പകന്റെ നേതൃത്വത്തില്‍ അടുക്കിയൊരുക്കിയപ്പോള്‍ അത് ഒരു അസാധാരണ വിദ്യാലയ സംഭവമായി മാറി. കഥ, കവിത, ലേഖനം, നാടകം, ഐതിഹ്യം, ജീവചരിത്രം.... എഴുത്തിന്റെ എല്ലാ മേഖലകളും തങ്ങള്‍ക്കു വഴങ്ങുമെന്ന് ഈ സ്‌കൂളിലെ കുട്ടികള്‍ തെളിയിച്ചു. ഇവ 150 കൈയെഴുത്തു പുസ്‌തകങ്ങളല്ല, 3500 ആശയങ്ങളാണ്, മയില്‍പ്പീലിത്തുണ്ടുകളാണ്; മാനംകാണാതിരുന്ന് ഒടുവില്‍ പെറ്റുപെരുകിയ ഭാവനകള്‍. ഇവിടെ പഠനം രസകരമായ അ നുഭവമാവുകയും ഒരു രചനാപ്രക്രിയയായി പരിണമിക്കുകയും ചെയ്യുന്നു.
ചെയ്‌തകാര്യങ്ങളെക്കാള്‍ ചെയ്യാത്തവയാണ് പ്രേമന്‍മാഷിനെ വ്യത്യസ്‌തനാക്കുന്നത്. വെട്ടിയൊരുക്കിയാണ് ഭംഗിവരുത്തേണ്ടതെന്ന തത്ത്വശാസ്‌ത്രക്കാരനല്ല മാഷ്. ഈ വെട്ടിയൊരുക്കല്‍ സ്വാ ഭാവികതയെ നശിപ്പിക്കുമെന്നും അങ്ങനെ വെട്ടിയൊതുക്കാനുള്ള തല്ല കുരുന്നു സൃഷ്‌ടികളെന്നുമാണ് പ്രേമന്‍മാഷിന്റെ വിശ്വാസം. വിദ്യാര്‍ഥികളുടെ ഭാവനകളെ അങ്ങനെ തന്നെ ഒഴുകാന്‍ വിട്ടു കൊടുക്കുകയായിരുന്നു മാഷ്. എഴുത്തിലെ അക്ഷരത്തെറ്റുകള്‍ പോലും തിരുത്താന്‍ അദ്ദേഹം തയാറായില്ല. അവ പോലും കുട്ടികളു ടെ ഭാഷയില്‍ കൃത്രിമത്വം സൃഷ്‌ടിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.
കുട്ടിപ്പുസ്‌തകങ്ങളെന്നു പറഞ്ഞ് ഇവയെ തളളിക്കളയാനാവില്ല. കുട്ടികള്‍ കൈകാര്യം ചെയ്‌തിരിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഇവ മനസിലാക്കാവുന്നതേയുളളൂ. തങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രം, പ്ലാച്ചിമടയിലെ ജനകീയ സമരത്തോടുളള പ്രതികരണങ്ങള്‍, സുനാമിദുരന്തം, വിദ്യാഭ്യാസസമ്പ്രദായം, കര്‍ഷക ആത്മഹത്യകള്‍....... കഥയായും കവിതയായും ഉപന്യാസങ്ങളായും പുസ്‌തകങ്ങളില്‍ ഈ വിഷയങ്ങളൊക്കെ നിറഞ്ഞു തുളുമ്പുന്നു.
കുട്ടികളുടെ രചനകളെ പുസ്‌തകരൂപത്തില്‍ സമാഹരിക്കുകയെന്നതിനുമപ്പുറം പ്രേമന്‍മാഷിനു സാധിച്ച രണ്ടു കാര്യങ്ങളുണ്ട്. സാമൂഹികപ്രശ്‌നങ്ങളില്‍ സര്‍ഗാത്‌മക ഇടപെടല്‍ നടത്താന്‍ കുട്ടികളെ പ്രേരിപ്പിച്ചു,പിന്‍ബെഞ്ചുകാര്‍ സര്‍ഗാത്‌മക പ്രവര്‍ത്തനത്തില്‍ മുന്‍ബഞ്ചുകളില്‍ ഇടം നേടുമെന്നും മാഷ് തെളിയിച്ചു. പാഠപുസ്‌ത കങ്ങളിലൂടെ കുട്ടികളുടെ തലച്ചേറിലേക്കു കുത്തിവയ്‌ക്കപ്പെടുന്ന അറിവുകളെ എങ്ങനെ ജീവിതവുമായി കൂട്ടിയിണക്കണമെന്ന് സ്വയം മനസിലാക്കാന്‍ കഴിയുന്ന തലത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
കോളജ് പഠനകാലത്ത് സാഹിത്യത്തോടും എഴുത്തിനോടും തോന്നി യ താത്‌പര്യമാണ് എന്‍.കെ പ്രമനെ ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഒരിക്കലും കുട്ടികളോട് ഇന്ന വിഷയങ്ങളെക്കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെടുകയോ ഉത്തരവുകള്‍ പുറപ്പെടുവി ക്കുകയോ ചെയ്‌തില്ല. മറിച്ച് കുട്ടികളോടൊപ്പം സഞ്ചരിച്ച് അവ രിലൊരാളായി മാറിക്കൊണ്ട് എഴുത്തിനെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഓരോ കുട്ടിക്കും അവര്‍ക്കു മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുക്കുകയാണ് ചെയ്‌തത്. കൈയെഴുത്തു മാസികകളെക്കുറിച്ചും പുസ്‌തകങ്ങളെക്കുറിച്ചും കുട്ടികളോട് പറഞ്ഞപ്പോള്‍ ?എനിക്ക് എഴുതാന്‍ കഴിവില്ല? എന്നു പറഞ്ഞ് മാറിനിന്ന കുട്ടികളുടെ എണ്ണം തന്നെ ഭയപ്പെടുത്തിയതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ആ കുട്ടികളോട് ഭാഷയെക്കുറിച്ചും അതിന്റെ വിവിധ സങ്കേതങ്ങളെക്കുറി ച്ചും പറഞ്ഞു കൊടുത്തപ്പോള്‍ അവരെല്ലാവരും എഴുതാന്‍ തയാറായി. ഇത് വലിയൊരു നേട്ടമായി അദ്ദേഹം കരുതുന്നു.
കഥകള്‍, കവിതകള്‍, പ്രാദേശിക വ്യക്തികളുടെ ജീവചരിത്രം, ആത്മകഥ, ജീവിതാനുഭവങ്ങള്‍, നേര്‍ക്കാഴ്‌ചകള്‍, ലേഖനങ്ങള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ രചനാമേഖലകളിലൂടെ കുട്ടികളെ കൈപിടിച്ചാക്കാന്‍ പ്രേമന്‍ സാറിനു കഴിഞ്ഞു. ഇതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ് പ്രാദേശിക വ്യക്തികളുടെ ജീവചരിത്രം തയാറാക്കല്‍. കായണ്ണ ഗ്രാമ പഞ്ചായത്തിലെ പ്രായം ചെന്ന നൂറിലധികം വ്യക്തികളുടെ ജീവ ചരിത്രങ്ങള്‍ ഈ പുസ്‌തകങ്ങളിലുണ്ട്. നമ്മുടെ സമൂഹത്തിന്റെ ഒരു നേര്‍ചിത്രമാണ് ചരിത്രങ്ങളെല്ലാം ചേര്‍ന്നു കുട്ടികള്‍ക്കു നല്‍കുന്നത് . ചുറ്റുപാടുമുള്ളവരുടെ ജീവിതാനുഭവങ്ങളും കഠിനാധ്വാനത്തിന്റെ വില യും നന്മയുടെ ശക്തിയുമൊക്കെ കുട്ടികള്‍ നേരിട്ടറിയുകയായിരുന്നു. ഏതാണ്ട് എട്ടോളം പുസ്‌തകങ്ങള്‍ വേണ്ടിവന്നു കുട്ടികള്‍ തയാറാക്കിയ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍.
ഭാവനയുടെ ചിറകിലേറുവാന്‍ മാത്രമല്ല ബൗദ്ധികമായ മനനങ്ങള്‍ നടത്താനും തന്റെ കുട്ടികള്‍ക്കു കഴിയുമെന്ന് പ്രേമന്‍ മാഷ് തെളിയിച്ചു. അതാകട്ടെ ബൃഹത്തായ രണ്ടു റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കു ജന്മം നല്‌കി മാഷും കുട്ടികളും ചേര്‍ന്നു തയാറാക്കിയ ?മഹാകവി കുമാരനാശാന്‍? പ്രാചീന കവിത്രയം എന്നീ റെഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കു ജന്മം നല്‌കി. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു പോലും പ്രയോജനപ്പെടുന്നതാ ണ്. ഒരുപക്ഷേ ഇത്രമാത്രം ആധികാരികമായ ഒരു റെഫറന്‍സ് ഗ്രന്ഥം കുട്ടികളുടേതായി പുറത്തിറങ്ങുന്നത് കേരളത്തില്‍ത്തന്നെ ആദ്യമായിരിക്കും.
പ്രേമന്‍ മാഷിന്റെ നേതൃത്വത്തില്‍ കായണ്ണ ഗവണ്‍മെന്റ് ഹൈസ്‌കൂളി ല്‍ നടന്ന ഈ സംരംഭംകൊണ്ട് എന്തു പ്രയോജനം എന്നു സംശയി ക്കുന്നവര്‍ ധാരാളമുണ്ടാകാം.ഈ കുട്ടികളെല്ലാം എഴുത്തുകാരായിത്തീ രുമോയെന്ന് അവര്‍ ചോദിച്ചേക്കാം.തീര്‍ച്ചയായും ഇല്ല. കണക്കു പഠിക്കുന്നവരെല്ലാം എന്‍ജിനിയര്‍മാരോ കണക്കാന്‍മാരോ ആ കുന്നില്ല.എങ്കിലും കണക്ക് എാല്ലവര്‍ക്കും എവിടെയെങ്കിലുമൊക്കെ പ്രയോജനപ്പെടുന്നു.കവിത പഠിക്കുന്നവര്‍ കവികളാകുന്നില്ല. പക്ഷേ കവിത അവരുടെ മനസി ലെവിടെയൊക്കെയോ ചില മൃദുല ഭാവങ്ങള്‍ സൃഷ്‌ടിക്കുന്നു. അതു ജീവിതത്തില്‍ പലപ്പോഴും നന്മയായിത്തീരും. അതുപോലെ തങ്ങള്‍ക്കും സ്‌്വന്തമായി ചിലതൊക്കെ എഴുതാന്‍ കഴിയുമെന്ന അറിവ് കുട്ടികള്‍ക്കു വലിയൊരു ബലമായിത്തീര്‍ന്നു കൂടേ? അത് അവര്‍ക്കുമാത്രമല്ല സമൂഹത്തിനും നന്മചെയ്യുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ക്കുളളില്‍ നിന്നു പ്രവര്‍ത്തിക്കുമ്പോഴും ചട്ടക്കൂടുകളെത്തന്നെ അപ്രസക്തമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനസിലെ വേലിക്കെട്ടുകളെ തകര്‍ക്കാനും ഉപകരിച്ചേക്കാം.
ഫോട്ടോകള്‍: ശശി ഗായത്രി