Thursday, January 21, 2010
നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ല്
ഉരുളുന്ന കല്ലില്‍ പൂപ്പല്‍ പിടിക്കില്ല
എന്നാല്‍,
നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ലില്‍
പൂപ്പല്‍ പിടിച്ചിരുന്നു
ശാപത്തിനും മോക്ഷത്തിനുമിടയില്‍
കല്ലായിത്തീര്‍ന്ന അഹല്യയുടെ തലമുടി
ദ്രോണര്‍ ദക്ഷിണയായി വാങ്ങിയ
ഏകലവ്യന്റെ വിരലാല്‍ പതിഞ്ഞ നഖക്ഷതം
ഇന്നലെ ബൈബിളും
രണ്ടു ദിവസം മുമ്പ് ഖുറാനും
ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത ദിവസത്തില്‍
ഗീതയും തിന്നു തീര്‍ത്ത
ചിതലിന്റെ ചിറകുകള്‍
പളളിമുറ്റത്തിനും അമ്പലപ്പറമ്പിനുമിടയില്‍
വെയിലേറ്റു മങ്ങിയ ചോരക്കറകള്‍
തീവ്രപ്രണയം ഇടിമിന്നലായപ്പോള്‍
പൊളളിക്കരുവാളിച്ച പാടുകള്‍
വൃത്തത്തിലും ചതുരത്തിലും തൃകോണത്തിലും
പിന്നെ,
ജോമെട്രിയില്‍ നിര്‍വചനമില്ലാത്ത രൂപത്തിലും
ചിരിക്കുന്ന രാഷ്ട്രീയത്തിന്റെ ഖദര്‍ നൂലുകള്‍
ശരീരക്കൊതിയന്‍മാരുടെ എണ്ണം
അമ്പതു കടന്നപ്പോള്‍
ആത്മഹത്യ ചെയ്‌ത പതിമൂന്നുകാരിയുടെ
നിശബ്ദ തേങ്ങല്‍
കൊലവിളിയുടെ പശ്ചാത്തലത്തില്‍
ഷൂട്ട് ചെയ്‌ത
ത്രിശൂലത്തില്‍ കോര്‍ത്ത
ഗര്‍ഭസ്ഥ ശിശുവിന്റെ ഫ്രെയിം
ഒടുക്കം
ആഴത്തില്‍ മുറിവേറ്റ കവിയുടെ
കൊഴുത്ത ചോരയില്‍ മുക്കിയെഴുതിയ
കവിതയുടെ അവസാന വരി.
Subscribe to:
Posts (Atom)