Thursday, February 18, 2010

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇച്ഛാശക്തി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇന്ത്യന്‍ രാഷ്‌‌ട്രീയവും

സന്ദീപ്‌ സലിം

ഇന്ത്യയുടെ മതേതര സങ്കല്‍പം പിഴുതെറിയപ്പെട്ട നിമിഷമായിരുന്നു 1992 ഡിസംബര്‍ ആറ്‌. അന്നാണ്‌ 465 ഓളം വര്‍ഷം പഴക്കമുളള, മുഹമ്മദ്‌ നബിയുടെ തലമുടി നാരിഴ സൂക്ഷിച്ച ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌. ലോകരാജ്യങ്ങളുടെ മുമ്പില്‍ നാം ഉയര്‍ത്തിപ്പിടിച്ചിരുന്ന മാനവികതയുടേയും സംസ്‌കാരത്തിന്റെയും കശാപ്പുശാലയായി അയോധ്യമാറിയത്‌ ബിജെപിയും ആര്‍എസ്‌എസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന്‌ാണ്‌ അയോധ്യ സംഭവം അന്വേഷിച്ച ജസ്റ്റീസ്‌ ലിബറാന്‍ കമ്മീഷന്‍ കണ്ടെത്തിയത്‌.

ആയിരത്തിലേറെ പേജുകളുളള റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ കമ്മീഷന്‌ വേണ്ടിവന്നത്‌ പതിനേഴ്‌ വര്‍ഷങ്ങള്‍. ഏതാണ്ട്‌ അമ്പതോളം തവണ കമ്മീഷന്റെ കാലാവധി നീട്ടുകയും ചെയ്‌തു. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ എന്തിനായിരുന്നു ഇത്ര വര്‍ഷം ? ഈ റിപ്പോര്‍ട്ട്‌ പുറത്തുവരരുത്‌ എന്നാരെങ്കിലും ആഗ്രഹിച്ചിരുന്നോ ? എങ്കിലും സംഭവവുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ നിഷ്‌പക്ഷരായ രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയ നിരവധി കാര്യങ്ങള്‍ അക്ഷരം പ്രതി ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ടാണെന്ന്‌ നമുക്ക്‌ ആശ്വസിക്കാം. എന്നാല്‍, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കാള്‍ ശ്രദ്ധ നേടിയത്‌ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നു കിട്ടിയ സംഭവമാണ്‌്‌. വളരെ സുപ്രധാനമായ റിപ്പോര്‍ട്ട്‌ ചോര്‍ന്നതിനു പിന്നില്‍ തത്‌പരകക്ഷികളുടെ രഹസ്യനീക്കമുണ്ടായിരുന്നോ എന്നതും അന്വേഷണ കമ്മീഷന്റെ കാലാവധി നീണ്ടതു പോലെ സംശയമായിത്തന്നെ നിലനില്‍ക്കുന്നു. റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുന്നതിന്‌ മണിക്കൂറുകള്‍ക്കു മുമ്പാണ്‌ ചോര്‍ന്നതെന്നതും ചോര്‍ച്ച ഗുണം ചെയ്‌തത്‌ ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗിയായ കോണ്‍ഗ്രസിനാണെന്നതും റിപ്പോര്‍ട്ട്‌ ചോര്‍ച്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ, സാമുദായിക രംഗങ്ങളില്‍ ചങ്ങലതകര്‍ത്ത്‌ ഉറഞ്ഞാടുന്ന വിഭാഗീയതയുടേയും വര്‍ഗീയതയുടേയും നേര്‍ചിത്രമാണ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നമ്മുടെ മുന്നില്‍ വരച്ചിടുന്നത്‌. രാഷ്ട്രീയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന്റെ മനസില്‍ കയറിക്കൂടിയ ചില നേതാക്കളുടെ തനിസ്വരൂപം മറനീക്കി പുറത്തുവരാന്‍ ലിബറാന്‍ റിപ്പോര്‍ട്ട്‌ കാരണമായി. 'അധികാരം നേടുന്നതിനുവേണ്ടി മതേതരത്തവും മാനവികതയും ന്യൂനപക്ഷസംരക്ഷണവുമൊക്കെ പ്രസംഗിക്കുന്ന രാഷ്ട്രീയക്കാര്‍ അധികാരത്തിന്റെ ഇടനാഴിയില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ തികഞ്ഞ മതമൗലികവാദികളോ വര്‍ഗീയവാദികളോ ആയിത്തീരുന്ന രസതന്ത്രം നമ്മുടെ രാജ്യത്തെ നാശത്തിലേക്കു നയിക്കു'മെന്ന സ്വാമി അഗ്നിവേശിന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇത്തരത്തില്‍ രാസമാറ്റം സംഭവിച്ച നേതാക്കളുടെ കൂട്ടത്തില്‍ മുന്‍പ്രധാനമന്ത്രി എ ബി വാജപേയി, എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി തുടങ്ങിയവര്‍ ഉണ്ടെന്ന്‌ തെളിവുസഹിതം കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നേതാക്കളെ കപടമതേതര വാദികള്‍ എന്നാണ്‌ കമ്മീഷന്‍ വിശേഷിപ്പിച്ചത്‌.

ബാബറിമസ്‌ജിദ്‌ തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട്‌ 68 പേരുടെ പ്രതിപ്പട്ടികയാണ്‌ ജസ്റ്റീസ്‌ ലിബറാന്‍ തയാറാക്കിയത്‌. അതില്‍ ഏഴാം സ്ഥാനം മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്കാണെങ്കില്‍ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്‌ അദ്വാനിയുടെ സ്ഥാനം ഇരുപത്തിയൊന്നാണ്‌. അശോക്‌ സിംഗാള്‍, വിനയ്‌കത്യാര്‍ തുടങ്ങി നിരവധി നേതാക്കള്‍ വേറെയും. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌ കര്‍സേവകരുടെ വൈകാരിക തീവ്രതയില്‍ നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന സംഘപരിവാര്‍ സംഘടനകളുടെ വിശദീകരണത്തെ കൃത്യമായ തെളിവുകളിലൂടെ കമ്മീഷന്‍ തളളിക്കളയുമ്പോള്‍ സംഘപരിവാര്‍ സംഘടനകളുടെ ഗൂഢാലോചനയാണ്‌ മറനീക്കി പുറത്തുവരുന്നത്‌. കര്‍സേവകര്‍ എന്ന്‌ സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടമാളുകള്‍ ബാബറിമസ്‌ജിദ്‌ തകര്‍ക്കുമ്പോള്‍ സംഭവസ്ഥലത്തിന്‌ ഏകദേശം 300 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്ന വാജ്‌പേയിക്ക്‌ അതിനെതിരേ ചെറുവിരല്‍ പോലും അനക്കാനായില്ല എന്ന്‌ കമ്മീഷന്‍ കുറ്റപ്പെടുത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ സംഘപരിവാര്‍ സംഘടനകളുടെ ഗൂഢതന്ത്രങ്ങള്‍ക്ക്‌ വിധേയപ്പെട്ടുപോയ ദേശീയ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയുടെ ഇച്ഛാശക്തിയും നിലപാടുകളുമാണ്‌. എല്‍ കെ അദ്വാനിയുടെ രഥയാത്രയും മുരളി മനോഹര്‍ ജോഷിയുടെ ഏകതാ യാത്രയും വര്‍ഗീയ സംഘര്‍ഷത്തിലേക്ക്‌ നയിക്കും എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിവച്ച പി വി നരസിംഹ റാവു എന്ന പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ സര്‍ക്കാരും ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുമ്പോള്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇത്‌ എന്ന്‌ വ്യക്തമാകുന്നു.

മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ ആര്‍എസ്‌്‌എസ്‌, വിശ്വഹിന്ദു പരിഷദ്‌, ബജറംഗ്‌ദള്‍, ശിവസേന, ബിജെപി തുടങ്ങിയ സംഘടനകളെ കമ്മീഷന്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുമ്പോഴും ഇവര്‍ക്കെതിരേ ഒരു നടപടിയും എടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിനാവുന്നില്ല. ഇതിന്റെ പേരിലുളള നിയമ നടപടി രാഷ്ട്രീയ മുതലെടുപ്പിന്‌ കാരണമായേക്കാം എന്ന ഭയമാണ്‌ കോണ്‍ഗ്രസിനെ നിയമ നടപടിയില്‍ നിന്നും പിന്നോട്ട്‌ പോകാന്‍ പ്രേരിപ്പിക്കുന്നതെന്നത്‌ സുവ്യക്തം. അധികാരത്തിലെത്താന്‍ വോട്ടു ബാങ്കുകളെ പ്രീണിപ്പിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തിരിപ്പിച്ച കാരണങ്ങളുടെ ലിസ്റ്റില്‍ പെടുത്താം. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന്‌ ആഴത്തില്‍ മുറിവേല്‍പിച്ച സംഭവത്തിന്‌ കാരണക്കാരായവര്‍ക്കെതിരേ നിയമപരമായി നടപടിയെടുക്കാനുളള ശേഷിപോലുമില്ലാത്ത ഗവണ്‍മെന്റാണ്‌ ഇന്ത്യഭരിക്കുന്നതെന്നത്‌ നമ്മുടെ രാജ്യത്തിന്‌ മറ്റൊരു നാണക്കേടായി മാറുകയാണ്‌. ''ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമെന്ന്‌ വ്യക്തമായ ഇന്റലിജെന്‍സ്‌ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടും ഒരു നടപടിയുമെടുക്കാതെ കൈയും കെട്ടിനോക്കി നിന്ന പി വി നരസിംഹറാവുവിന്റെ പാര്‍ട്ടിയില്‍ നിന്നും ഇതില്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ല'' എന്നാണ്‌ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ മുതിര്‍ന്ന സിപിഐ എം നേതാവ്‌ സീതാറാം യെച്ചൂരി പ്രതികരിച്ചത്‌. ഇടതുപക്ഷം ഭരണത്തില്‍ വന്നാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ എന്തായാലും കോണ്‍ഗ്രസിനെ പോലെ ആയിരിക്കില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ്‌ യെച്ചൂരി നല്‍കിയത്‌. ഇതില്‍ നിന്നും ഇടതുപക്ഷത്തിന്റെ നിലപാടും കോണ്‍ഗ്രസിന്റേതില്‍ നിന്നും വ്യത്യസ്‌തമല്ല എന്നു വ്യക്തം.

ജസ്റ്റീസ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ0ിച്ച സമിതി സമര്‍പ്പിച്ച നടപടി രേഖയിലെ ചില നിര്‍ദേശങ്ങള്‍ രാജ്യത്തിന്‌ പ്രതീക്ഷ നല്‍കുന്നതാണെന്ന്‌ നമുക്ക്‌ അല്‍പം ആശ്വസിക്കാം. വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക്‌ നയിക്കാന്‍ കാരണമായേക്കാവുന്ന പ്രസംഗങ്ങളിലും പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധം നിയം നിര്‍മിക്കുക എന്നതാണ്‌ അതില്‍ സുപ്രധാനം. മറ്റൊന്ന്‌ ദേശീയോദ്‌ഗ്രഥന കമ്മീഷന്‌ സെമി ജുഡീഷ്യല്‍ പദവി നല്‍കുക എന്നതും. കമ്മീഷന്‍ പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്ന ആര്‍ക്കെതിരേയും നിയമനടപടിക്ക്‌ ശിപാര്‍ശ ചെയ്യാത്ത നടപടി രേഖയാണ്‌ സമിതി സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയം.

ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു ശേഷമുളള പതിഞ്ച്‌ വര്‍ഷക്കാലത്തിനുളളില്‍ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും മതേതരത്വത്തിനും ഭീഷണിയായി തീര്‍ന്നിട്ടുളളത്‌ മതതീവ്രവാദവും ഭീകരാക്രമണങ്ങളുമാണെന്ന്‌ ഗുജറാത്തിനേയും ഒറീസയേയും മുബൈയേയും മുന്‍നിര്‍ത്തി്‌ പറയാനാവും. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌ അയോധ്യാ സംഭവമാണെന്ന കാര്യം ചരിത്രം വിശകലനം ചെയ്യുന്ന ഏതൊരാളും സമ്മതിക്കും. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും മതേതരത്വത്തിനും എതിരേ ഉയരുന്ന ഏതു പ്രതിലോമ ശക്‌്‌തിക്കുമെതിരേ പ്രതികരിക്കാന്‍ ഇച്ഛാശക്തിയും കരുത്തുമുളള രാഷ്ട്രീയ,സാമൂഹ്യ,ആദ്ധ്യാത്മിക നേതൃത്വം നമുക്കുണ്ടാവണം. അല്ലാത്ത പക്ഷം അയോധ്യയും ഗുജറാത്തും ഒറീസയും സംഭവിച്ചു കൊണ്ടേയിരിക്കും.


FACEBOOK COMMENT BOX