സന്ദീപ് സലിം/ഡോ. വയലാ വാസുദേവന്‍പിളള
മലയാളത്തിന്റെ വികാരങ്ങളും ഭാവങ്ങളും നാടകത്തിലൂടെ ലോക ത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ നാടകക്കാരിലൊരാളാണു ഡോ. വയലാ വാസുദേവന്‍പിള്ള. ഈ വര്‍ഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയതു മലയാളത്തിന്റെ നാടകഭാവുകത്വത്തിനുളള ദേശീയ അംഗീകാരമായി.
എഴുത്തും വായനയും നാടകവും സിനിമയുമെല്ലാം ഉത്സവാഘോഷങ്ങളിലെ കെട്ടു കാഴ്‌ചകളായി മാറുന്ന ഇക്കാലത്ത് അരണ്ട വെളിച്ചത്തില്‍ കഴിയുന്ന മുഖങ്ങളും വിധി പറയലുകള്‍ക്കും വിശകലനങ്ങള്‍ക്കുമപ്പുറം വെളിപ്പെടാതെ പോകുന്ന മനുഷ്യ മനസുകളുമാണു വയലാ തന്റെ നാടകങ്ങളിലൂടെ വെളിച്ചത്തു കൊണ്ടുവരുന്നത്.
വയലാ ഒരു നാടകക്കാരന്‍ എന്നിതിനൊപ്പം അധ്യപകനുമാണ്. തിരുവന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അവസാന വര്‍ഷ പരീക്ഷ എഴുതി പിറ്റേ ദിവസം തന്നെ അതേ കോളജില്‍ അധ്യാപകനാവാന്‍ കഴിയുക എന്ന ഭാഗ്യത്തിന് ഉടമയാണ് ഡോ.വയലാ വാസുദേവന്‍ പിളള. അന്നത്തെ പ്രിന്‍സിപ്പല്‍ ഗീവര്‍ഗീസ് പണിക്കരച്ചനുമായുണ്ടായിരുന്ന വ്യക്തിബന്ധമാണ് ഇത്തരമൊരു ഭാഗ്യം തനിക്ക് നേടിത്തന്നതെന്ന് അദ്ദേഹം പറയുന്നു. അധ്യാപനം സാമൂഹിക മാറ്റിത്തിലേക്ക് നയിക്കുന്ന പുണ്യപ്രവൃത്തി കൂടിയാണെന്നു കരുതുന്ന അധ്യാപകനായിരുന്നു വയലാ.
വളരെ ചെറുപ്പകാലം മുതല്‍ തന്നെ അധ്യാപകന്‍ ബഹുമാനിക്കപ്പെടേണ്ട ഒരാളാണെന്ന ചിന്ത വയലായ്‌ക്കുണ്ടായിരുന്നു, അത് ഏത് ക്ലാസിലെ അധ്യാപകനായാലും . അതു തന്റെ അമ്മയില്‍ നിന്നു കിട്ടിയതാണെന്ന് അദ്ദേഹം പറയുന്നു. ഏതു ക്ലാസില്‍ പഠിച്ചാലും ആദ്യ ദിവസം ആദ്യമായി ക്ലാസിലേക്ക് കടന്നുവരുന്ന അധ്യാപകന് ദക്ഷിണ നല്‌കി അനുഗ്രഹം വാങ്ങണമെന്ന് അമ്മ നിര്‍ദേശിക്കുമായിരുന്നു. അതിനായി വെറ്റിലയും അടയ്‌ക്കയും നാലു കാശും അടങ്ങിയ ദക്ഷിണ നല്‌കുന്നതിന് പ്രയാസമില്ലായിരുന്നു. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലെത്തിയപ്പോള്‍ ഉണ്ടായ ചമ്മലും മുഴങ്ങിയ കൂട്ടച്ചിരിയും ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓര്‍ക്കുന്നു. അല്‌പം ചമ്മലോടെ ആയിരുന്നെങ്കിലും അധ്യാപകരോടു ചോദിച്ചു വാങ്ങിയ അനുഗ്രഹങ്ങളാണ് തന്റെ ജീവിതത്തിലെ അമൂല്യ സമ്പാദ്യങ്ങളെന്ന് അദ്ദേഹം പറയുന്നു.
നാടകത്തിലേക്ക് എങ്ങനെ വന്നുവെന്ന ചോദ്യത്തിന് നാടകം എന്നിലേക്കാണോ അതോ താന്‍ നാടകത്തിലേക്കാണോ വന്നതെന്ന് അറിയില്ല’എന്നാണ് അദ്ദേഹത്തിന്റെ മറുപടി. 1952-53ല്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ മനസില്‍ കയറിക്കൂടിയതാണു നാടകം. അക്കാലത്ത് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളിലെ അവിഭാജ്യഘടകമായിരുന്നു നാടകങ്ങള്‍. അധ്യാപകര്‍ അവതിരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചു കൊണ്ടാണു വയലാ നാടക ജീവിതം അരംഭിക്കുന്നത്. അധ്യാപകര്‍ അന്നു നല്‌കിയ പ്രോത്സാഹനം വളരെ വലുതായിരുന്നു. നാടകം തനിക്ക് വെറും നേരമ്പോക്കല്ല, ജീവിതനിയോഗമാണെന്ന തിരിച്ചറിവ് വയലായില്‍ സൃഷ്‌ടിക്കാന്‍ കടവൂര്‍ ഗോപിനാഥന്‍ നായരുള്‍പ്പെടെയുള്ള അധ്യാപകര്‍ക്കായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അധ്യാപകര്‍ കൊളുത്തിയ ചെറുതിരിയുടെ പ്രകാശം നാട്ടിന്‍പുറത്തെ കലാസമിതികളുടെ കര്‍ട്ടനു പിന്നില്‍ നില്‌ക്കാതെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നു.
വാക്കുകള്‍ക്കപ്പുറത്തുളള വൈകാരിക തീവ്രതയാണ് വയലായുടെ ഓരോ നാടകവും കാഴ്‌ചക്കാരിലെത്തിക്കുന്നത്. സര്‍വ്വതും സ്വാര്‍ഥ താത്‌പര്യങ്ങളുടെയും വിപണിമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ലോകത്തില്‍ അവയ്‌ക്കെതിരേ തീര്‍ക്കുന്ന പ്രതിരോധങ്ങളാണു വയലായുടെ നാടകങ്ങള്‍.
ഉപരിപ്ലവമല്ലാത്ത സാമൂഹ്യദര്‍ശനങ്ങള്‍ പറയേണ്ടി വരുന്നതു കൊണ്ടാവാം സങ്കീര്‍ണത വയലാ നാടകങ്ങളുടെ മുഖമുദ്രയാകുന്നത്. ആ തിരിച്ചറിവാണ് തന്റെ നാടകങ്ങള്‍ ജനപ്രിയമല്ല എന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ വയലാ തയാറാവാത്തതിന്റെ കാരണവും. പൊതുസമൂഹത്തിന്റെ താത്‌പര്യങ്ങള്‍ക്കനുസരിച്ച് എഴുതപ്പെടേണ്ടതല്ല ഒരു സര്‍ഗാത്മക കൃതിയും. കാഴ്‌ചക്കാരെ പ്രത്യക്ഷത്തില്‍ സ്വാധീനിക്കാന്‍ നാടകത്തിനു കഴിയുമ്പോള്‍ത്തന്നെ സമൂഹം ചിന്തിക്കേണ്ട ഉയര്‍ന്ന തലം ചൂണ്ടിക്കാണിക്കാനും നാടകത്തിനാവണം.
ഒരു അധ്യാപകന്‍ തന്റെ മുന്നിലിരിക്കുന്ന നാല്‌പതോ അമ്പതോ കുട്ടികളുടെ മാത്രം അധ്യാപകനല്ലെന്നും അയാള്‍ ലോകത്തിന്റെ മുഴുവന്‍ അധ്യാപകനാണെന്നുമുളള ദര്‍ശനം ജീവിതത്തില്‍ കൊണ്ടുനടക്കുന്ന വയലായുടെ നാടകങ്ങളിലും ഈ ദര്‍ശനം കണ്ടെത്താനാവും.
നടന്‍ എന്ന നിലയില്‍ നിന്നു നാടകരചയിതാവിലേക്കും പിന്നീട് നടകസംഘാടകനിലേക്കുമുളള വയലായുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചത് പ്രഫ.ജി.ശങ്കരപ്പിളളയുടെ നാടകക്കളരിയാണ്. ഇതില്‍ നിന്നു ലഭിച്ച അറിവ് വയലായിലെ നാടകകാരനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അന്ന് ലഭിച്ച അറിവാണ് നാടകം എന്ന കല ശാസ്‌ത്രീയമായി പഠിക്കണം എന്ന ചിന്ത തന്നില്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം ഓര്‍ക്കുന്നു.
തിയേറ്റര്‍ എന്നത് നിരവധി കലാരൂപങ്ങളുടെ സങ്കരരൂപമാണ്. പാട്ട്, നൃത്തം, പെയിന്റിംഗ്, ശില്‌പകല തുടങ്ങി നിരവധി കലാരൂപങ്ങളുടെ സത്ത ഉള്‍ക്കൊളളുമ്പോഴാണ് തിയേറ്റര്‍ കലാകാരന് പൂര്‍ണത കൈവരുന്നത്. അത്തരം കലാകാരന്‍മാരുടെ കൂട്ടായ പരിശ്രമമാണ് നാടകത്തെ മികച്ച ഒരു കലാസൃഷ്ടിയാക്കിമാറ്റുന്നതും. നാടകകളരികളില്‍ നിന്നു ലഭിച്ച അറിവാണ് സുവര്‍ണരേഖയെന്ന നാടകസംഘം സ്ഥാപിക്കാന്‍ വയലായ്‌ക്ക് പ്രേരണ നല്‍കിയത്. വയലായുടേതുള്‍പ്പെടെ മുപ്പതോളം നാടകങ്ങള്‍ സുവര്‍ണരേഖ വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി. ജഗദീഷ്, ശ്രീലത, അലക്‌സ് കടവില്‍ തുടങ്ങിയ താരങ്ങള്‍ സുവര്‍ണരേഖയുടെ സംഭാവനയാണ്. പല ആധുനിക യൂറോപ്യന്‍ നാടകങ്ങളെ മലയാളിക്കു പരിചയപ്പെടുത്തിയതും സുവര്‍ണരേഖയാണ്.
മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച മന:ശാസ്‌ത്രത്തിന്റെ കൂടി തലത്തില്‍ അവതരിപ്പിക്കുന്നതാണു വയലാ യുടെ അഗ്നി(1982) എന്ന നാടകം , നാം കൊണ്ടു നടക്കുന്ന നിരവധി ദുഷിച്ച മൂല്യങ്ങളുടെ കടയ്‌ക്കല്‍ കൊളുത്തേണ്ട അഗ്നിയാവുന്നു.1979ല്‍ രചിച്ച തുളസീവരം എന്ന നാടകത്തിലൂടെ, അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യ പ്രവണതകളെ വിമര്‍ശിക്കാനും അദ്ദേഹം തയാറായി. അടിയന്തരാവസ്ഥയെ എതിര്‍ത്തവരെയെല്ലാം ഇടതുപക്ഷ സഹയാത്രികരാക്കുന്ന പ്രവണതയുടെ ഫലമായി വയലായ്‌ക്കും ആ പേര് ലഭിക്കുകയുണ്ടായി. എന്നാല്‍ താന്‍ ഒരു പ്രത്യയശാസ്‌ത്രത്തിന്റെയും പ്രസ്ഥാനത്തിന്റെയും വക്താവല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രസ്‌ഥാനങ്ങളുടെ ഭാഗമാകേണ്ടിവരുമ്പോള്‍ അവയുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത് പലപ്പോഴും മനുഷ്യത്വത്തിനു വിരുദ്ധമായി മാറുന്നത് നാം കണ്ടുകഴിഞ്ഞതാണ്. ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമാകാതെ മനുഷ്യസ്‌നേഹിയാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വയലാ തിരിച്ചറിയു ന്നു.
നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം സ്വന്തം നാടകപാരമ്പര്യത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോഴും സ്ഥായിയായ ഒരു ഘടന നാടകങ്ങളില്‍ നിലനിര്‍ത്തുമ്പോഴും നിരന്തരം അതിനെ നവീകരിക്കാനുളള പരീക്ഷണങ്ങളില്‍ വയലാ മുഴുകുന്നത് നവീകരിക്കപ്പെടാത്തതെല്ലാം കാലഹരണപ്പെട്ടു പോകും എന്ന ചിന്തയില്‍ നിന്നാവാം. എന്നാല്‍ പാരമ്പര്യം നമുക്കു നല്‍കിയിട്ടുളള തനിമകള്‍ നിലനിര്‍ത്താനുളള തീവ്ര ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഇതിഹാസത്തിന്റെ പശ്‌ചാത്തലത്തില്‍ പറയാന്‍ ശ്രമിച്ച കുചേലഗാഥ (1988) എന്ന റേഡിയോ നാടകം ഇതിന് ഉദാഹരണമാണ്. ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ നാടകത്തിനെതിരേ ഉപരോധം നടത്തിയത് വയലായെ വിവാദ നായകനാക്കിയെങ്കിലും പ്രതിഷേ ധങ്ങളോട് അദ്ദേഹം കൈക്കൊണ്ട മാന്യമായ നിലപാട് അദ്ദേഹത്തിലെ കലാകാരന്റെ യഥാര്‍ഥ ചിത്രമാണ് നല്‍കിയത്.
1992ല്‍ ഷാര്‍ജയില്‍ പത്തുപേര്‍ ആറുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയ `ശവംതീനി ഉറുമ്പുകള്‍' എന്ന വിവാദ നാടകത്തിന്റെ രചയിതാവെന്ന് തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ഷാര്‍ജ കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയപ്പോഴും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേല്‍ക്കേണ്ടി വന്നവന്റെ രോഷത്തെ മറികടക്കാന്‍ വയലായെ സഹായിച്ചത് പകപോക്കലിന്റെ ക്രൗര്യമല്ല തന്റെ വഴിയെന്ന് മന്ത്രിച്ച കലാകാരന്റെ മന:സാക്ഷിയാണ്. കാര്‍ത്തികേയന്‍ പടിയത്ത് രചിച്ച നാടകമാണ് വയലായുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും.
സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്താന്‍ യുദ്ധവെറിപൂണ്ട് ഇറങ്ങിത്തിരിച്ചിരിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരേയുളള ശബ്ദമാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം സെനറ്റ് ഹാളില്‍ അവതരിപ്പിച്ച വയലായുടെ `ആണ്ടുബലി' എന്ന നാടകത്തില്‍ മുഴങ്ങിക്കേട്ടത്. മഹാഭാരത യുദ്ധത്തെ കുന്തി, ദ്രൗപദി,ഗാന്ധാരി, സുഭദ്ര എന്നീ കഥാപാത്രങ്ങളിലൂടെ നോക്കിക്കാണുന്ന നാടകം സമൂഹത്തില്‍ മ് പാര്‍ശ്വവത്‌കരിക്കപ്പെട്ട ജനതയുടെ വികാരമാ യി മാറുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ നാടകത്തില്‍ കൂടുതല്‍ രചിക്കാന്‍ തയാറാകാത്ത, എഴുതുന്ന ഓരോ വാക്കിന്റെയും മുഴക്കത്തില്‍ ശ്രദ്ധയൂന്നുന്ന വയലായുമായി ഒരു കൂടിക്കാഴ്‌ച.
പ്രഫഷണല്‍ നാടകം ഇന്നു പ്രതിസന്ധി നേരിടുന്നുണ്ട്. അതുപോലെ സമാന്തര നാടകവേദിയും. എന്താണ് ഇതിനു കാരണം?
നാടകങ്ങളെ സമാന്തരമെന്നും പ്രഫഷണല്‍ എന്നും തിരിക്കുന്നതിനോടു വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിലായാലും എന്നും അന്വേഷണമാണു നാടകങ്ങളെ സൃഷ്‌ടിക്കുന്നത്. പ്രഫഷണല്‍ നാടകങ്ങള്‍ കലാകാരന്മാരുടെ ജീവിതമാര്‍ഗമാണെന്നാണു പറയുന്നത്. അത് നാടകത്തിന്റെ കാര്യത്തില്‍ മാത്രമല്ലല്ലോ. എല്ലായിടത്തും അതങ്ങനെയാണുതാനും.
നാടകങ്ങള്‍ സാമൂഹിക മാറ്റത്തിനു പ്രേരിപ്പിക്കണം. മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ ലക്ഷ്യത്തോടെ നാടകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടല്ലോ. കെ.ദാമോദരന്റെ `പാട്ടബാക്കി' (1937), ചെറുകാടിന്റെ നാടകങ്ങള്‍, തോപ്പില്‍ ഭാസിയുടെ `നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി,' കെ.ടി. മുഹമ്മദിന്റെ `ഇതു ഭൂമിയാണ്' തുടങ്ങിയ പലതും. ഇവയില്‍ അഭിനയിച്ചവര്‍ ഈ നാടകങ്ങള്‍ മുന്നോട്ടുവച്ച സാമൂഹിക ആശയങ്ങളെ പിന്തുണയ്‌ക്കുന്നവരായിരുന്നു. പിന്നീട് അവരെല്ലാം നാടകപ്രവര്‍ത്തനം ജീവിതമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. അപ്പോള്‍ സമൂഹം അവരെ പ്രഫഷണല്‍ നാടകക്കാരെന്നു വിളിച്ചു. എന്നാല്‍ ഇവയൊന്നും സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് എഴുതപ്പെട്ടവയായിരുന്നില്ലെന്നതാണു സത്യം. അതുകൊണ്ടാണു പ്രഫഷണല്‍, സമാന്തരം എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാല്ലാത്തത്.
പിന്നെ, നാടകകലാകാരനെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു പോരാട്ടമാണ്. അതുകൊണ്ടുതന്നെ വാണിജ്യവത്‌കരണം നാടകത്തിലും കടന്നുവന്നിട്ടുണ്ട്. വാണിജ്യവത്‌കരണം ചീത്തക്കാര്യമല്ല. പക്ഷേ, അത് യാതൊരു കഴമ്പുമില്ലാത്ത നാടകങ്ങളുടെ സൃഷ്‌ടിയിലേക്കാണു നയിക്കുന്നതെങ്കില്‍ അതു പ്രതിസന്ധിതന്നെയാണ്. അതാണു നമ്മുടെ നാടകവേദി നേരിടുന്നതും.
താങ്കള്‍ നാടക പ്രവര്‍ത്തനം തുടങ്ങിയ കാലത്തെയും ഇപ്പോഴത്തെയും നാടകവേദികള്‍ തമ്മിലുള്ള വ്യത്യാസം?
ഞാന്‍ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് നാടകങ്ങള്‍ വളരെ റിയലിസ്റ്റിക് ആയിരുന്നു എന്നു പറയാം. അതില്‍ നിന്ന് അല്‌പം വ്യത്യസ്‌തമായി കാവ്യാത്മകതയ്‌ക്കും സംഗീതത്തിനും പ്രാധാന്യം നല്‌കിക്കൊണ്ടുള്ള നാടകങ്ങള്‍ക്കാണു ഞാന്‍ പ്രാമുഖ്യം നല്‌കിയത്. സമകാലിക ജീവിത സമസ്യകളെ സംഗീതത്തിന്റെയും ഇതിഹാസങ്ങളുടെയും പശ്ചാത്തലത്തില്‍ പറയാനാണു ഞാന്‍ ശ്രമിച്ചത്.
മലയാള നാടകങ്ങളെ പാശ്ചാത്യ നാടകങ്ങള്‍ എത്രമാത്രം സ്വാധീനിച്ചു?
വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാനാടകവേദികളെയും സ്വാധീനിച്ചിട്ടുണ്ട്. ഏകദേശം നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പാശ്ചാത്യ നാടകങ്ങള്‍ ഇന്ത്യന്‍ സാംസ്‌കാരിക മണ്‌ഡലത്തിലേക്കു കടന്നുവന്നിരുന്നു. പാശ്ചാത്യ മാതൃകയിലുള്ള നാടകം ആദ്യമായി ഭാരതീയ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്നത് ബംഗാളിലാണ്.
മലയാള നാടകവേദിയെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളപാശ്ചാത്യ }നാടകകൃത്തുകളില്‍ ഇബ്‌സന്റെ സ്ഥാനം വളരെ വലുതാണ്. എന്‍, കൃഷ്‌ണപിള്ളയുടെ `ഭഗ്‌നഭവനം' (1942), `കന്യക' (1944) തുടങ്ങിയ നാടകങ്ങളില്‍ ഇബ്‌സന്റെ സ്വാധീനം വളരെ വ്യക്തമാണ്.
ഗ്രീക്ക് നാടകങ്ങളിലെ ട്രാജിക് ഫീലിംഗുകളെ മലയാള നാടകത്തിലേക്കെത്തിച്ച സി.ജെ. തോമസിലും പാശ്ചാത്യ സ്വാധീനമുണ്ട്. ദുരന്ത നാടകമാനത്തില്‍ ദാവീദ് രാജാവിനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച `ആ മനുഷ്യന്‍ നീ തന്നെ' എന്ന നാടകം ഗ്രീക്ക് നാടകങ്ങളിലെ ദുരന്താവബോധം സി.ജെ യെ എത്രമാത്രം സ്വാധീനിച്ചു എന്നതിന് ഉത്തമ ദൃഷ്‌ടാന്തമാണല്ലോ.
ബെര്‍ണര്‍ഡ് ഷായുടെ നാടകങ്ങളെപ്പോലെ സംഭാഷണ പ്രധാനമായ നാടകങ്ങള്‍ രചിച്ച എന്‍.എന്‍. പിള്ള, റിയലിസം മുതല്‍ അബ്‌സേര്‍ഡിസം വരെയുള്ള ശൈലികള്‍ പരീക്ഷിച്ച ജി.ശങ്കരപ്പിള്ള... അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക നാടകപ്രവര്‍ത്തകരിലും പാശ്ചാത്യ നാടകദര്‍ശനം വലിയ സ്വാധീനമാണു ചെലുത്തിയിട്ടുള്ളത്.
നാടകത്തിനു മറ്റു സാഹിത്യശാഖകളില്‍ നിന്നുള്ള വ്യത്യാസം?
നമ്മുടെ പ്രമാണം തന്നെ നാടകം നടിക്കപ്പെടേണ്ടത് എന്നതാണല്ലോ. ഇക്കാരണത്താല്‍ത്തന്നെ നാടകം ആഖ്യാനപ്രധാനമല്ല, നാട്യപ്രധാനമാണ്. ഒരു കവിക്കോ കഥാകാരനോ തന്റെ കൃതികളിലൂടെ വായനക്കാരനുമായി നേരിട്ടു സംവദിക്കാം. എന്നാല്‍ നാടകകൃത്തിനു നാടകത്തിലൂടെ അതിനാവില്ല. കാരണം, നാടകത്തിന് മറ്റൊരു മാധ്യമം കൂടി ആവശ്യമാണ്. അരങ്ങാണ് ആ മാധ്യമം. നടന്‍മാരുടെ ശരീരഭാഷയും അരങ്ങിലെ ദൃശ്യശ്രാവ്യ വിന്യാസവുമൊക്കെ ചേരുമ്പോഴാണ് നാടകം പൂര്‍ണമായ അര്‍ഥത്തില്‍ സംവേദന ക്ഷമമാകുന്നത്. അരങ്ങിന്റെ സാധ്യതകളെക്കുറിച്ചു നല്ല അവബോധമുള്ളയാള്‍ക്കേ നല്ല നാടകകൃത്താവാന്‍ കഴിയൂ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ടിവി ചാനലുകള്‍ നാടകത്തെ എങ്ങനെ സ്വാധീനിക്കുന്നു?
ടിവി രണ്ടു രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. നാടകത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ടിവി സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൃശ്യവത്‌കരണത്തില്‍. അതു പോസിറ്റീവായ കാര്യം. എന്നാല്‍, പരീക്ഷണങ്ങളല്ലല്ലോ നാടകങ്ങള്‍. ഉള്‍ക്കാമ്പുള്ള, സാമൂഹിക പ്രസക്തിയുള്ള, നാടകങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിന് ഒരു പരിധിവരെ ഇന്നത്തെ ദൃശ്യ സംസ്‌കാരം എതിരു നില്‌ക്കുന്നുണ്ട്. പറയുന്ന വിഷയത്തെക്കാള്‍ പ്രാധാന്യം പ്രകടനപരതയ്‌ക്കു ലഭിച്ചാല്‍ പ്രശ്‌നമല്ലേ? അതുകൊണ്ടു തന്നെ ടിവിപോലുള്ള ദൃശ്യമാധ്യമങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന ദൃശ്യവത്‌കരണത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോഴും ഉള്ളടക്കമാണു പ്രധാനം എന്നകാര്യം നാടകപ്രവര്‍ത്തകര്‍ മറന്നു പോകരുത്.
എഴുത്തിന്റെ ധര്‍മം?
ഏതൊരെഴുത്തുകാരന്റെയും ലക്ഷ്യം സാമൂഹിക പരിഷ്‌കരണം തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് അന്വേഷണമാണ്. പരീക്ഷണവുമാണ്. പരീക്ഷണം എന്നു പറഞ്ഞാല്‍ വെറും കളിയല്ല. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടലുമല്ല. അത് ജീവിതരക്തം കൊടുത്തുള്ള അന്വേഷണമാണ്.
നിലവിലിരിക്കുന്ന അവസ്ഥയില്‍ നിന്നു മുന്നോട്ടു ചലിക്കാന്‍ പ്രേരിപ്പിക്കുക എന്ന ദൗത്യമാണു ഞാന്‍ എഴുത്തിലൂടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.
ഇന്നത്തെ നാടക പരീക്ഷണങ്ങള്‍ പരീക്ഷണങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണമാണെന്നു പറഞ്ഞാല്‍?
ഒരു പരിധിവരെ ശരിയാണ്. പറയുന്ന വിഷയത്തെക്കാള്‍ ദൃശ്യപ്പൊലിമയ്‌ക്കു പ്രാധാന്യം നല്‌കിയാല്‍ പരീക്ഷണം പരിഹാസ്യമാകും. എന്നാല്‍, നേരായ അന്വേഷണം നടത്തുകയും വേണം. കാളിദാസന്റെ നാടകം രംഗത്തവതരിപ്പിച്ച അതേ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഷേക്‌സ്‌പിയറുടെ നാടകം അവതരിപ്പിക്കാന്‍ പറ്റുമോ? ഇല്ല. കാളിദാസന്റെയും ഷേക്‌സ്‌പിയറുടെയും നാടകങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്ന സാമൂഹിക ദര്‍ശനം മനസിലാക്കുകയും ആ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ സൃഷ്‌ടിക്കാവുന്ന സ്വാധീനം എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അന്വേഷിച്ചറിയുകയും വേണം. പിന്നീട്, അന്വേഷിച്ചറിഞ്ഞ വിവരങ്ങളെ മുന്‍നിര്‍ത്തി നാടകം എങ്ങനെ രംഗത്തവതരിപ്പിക്കണമെന്നു തീരുമാനിക്കണം. ഇതാണു ഞാന്‍ പറഞ്ഞ അന്വേഷണം.
വെറും ദൃശ്യപ്പൊലിമയ്‌ക്കുവേണ്ടി ഗൗരവ പൂര്‍ണമായ പരീക്ഷണങ്ങളെ അനുകരിക്കുന്നവരാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്.
1992 ല്‍ എഴുതാത്ത നാടകത്തിന്റെ പേരില്‍ ഷാര്‍ജയില്‍ തടവു ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട വ്യക്തിയാ ണല്ലോ? കാര്‍ത്തി കേയന്‍ പടിയത്ത് രചിച്ച ശവംതീനി ഉറുമ്പുകളെ കുറിച്ച്.
നാടകം മറ്റുസാഹിത്യ കൃതികളില്‍ നിന്നു കുറച്ചു വ്യത്യസ്‌തമാണ്. മറ്റുളളവ വായിക്കപ്പെടാന്‍ വേണ്ടി എഴുതുന്നതാണെങ്കില്‍ നാടകം ദൃശ്യഭാഷയെക്കൂടി ഉള്‍ക്കൊളളുന്നുണ്ട്. രചയിതാവുതന്നെ നാടകത്തെ ദൃശ്യവത്‌കരിക്കണമെന്ന് നിര്‍ബന്‌്‌ധം പിടിക്കാനാവില്ല. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.
തെറ്റായി വ്യാഖ്യാനിക്കപ്പെട്ട കുചേലഗാഥയും വിവാദം സൃഷ്ടിച്ചി രുന്നല്ലോ?
ദരിദ്രനാരായണനായ രാമന്‍നായരും അയാളുടെ സതീര്‍ഥ്യനായ ധനികന്‍ കൃഷ്‌ണന്‍നായരുമാണ് നാടകത്തിലെ മുഖ്യകഥാപാത്രങ്ങള്‍. ബജറ്റ് നിര്‍ദേശങ്ങളോ ലോകബാങ്കോ അന്താരാഷ്ട്ര നാണയ നിധിയോ ഒന്നും ദരിദ്രനെ സഹായിക്കുന്നില്ല എന്ന പച്ചയായ യാഥാര്‍ഥ്യം വെളിപ്പെടുത്തുകയാണു കുചേലഗാഥയിലൂടെ ഞാന്‍ ചെയ്‌തത്. ഗൂഢലക്ഷ്യത്തോടെ ചിലര്‍ കൃഷ്‌ണന്‍നായരെ ഭഗവാന്‍ കൃഷ്‌ണനാക്കിയപ്പോള്‍ നാടകത്തിന് വര്‍ഗീയതയുടെ മുഖംവന്നു. അതിന്റെ പേരില്‍ ചില കോലാഹലങ്ങള്‍ അത്രമാത്രം.
ഇന്ന് കലാകാരന്റെ ആവിഷ്‌കാരസ്വതന്ത്ര്യം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. എം എഫ് ഹുസൈനും സല്‍മാന്‍ റുഷിദ്ദിയും തസ്‌ലീമാ നസ്‌റീനും സ്വന്തം രാജ്യത്തു നിന്നും ആട്ടിയോടിക്കപ്പെട്ടതും ഈ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിലാണല്ലോ. ആവിഷകാര സ്വാതന്ത്ര്യത്തെ കുറിച്ച് അങ്ങയുടെ നിലപാട്?
വ്യക്തിപരമായി ആരേയും നിന്ദിക്കുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. അടിസ്ഥാനമില്ലാതെ വിമര്‍ശിക്കാനോ നിന്ദിക്കാനോ ഉളള അവകാശമായോ സ്വാതന്ത്ര്യമായോ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കരുതുകയുമരുത്. സ്വന്തം സത്തയോട് നീതിപുലര്‍ത്തിക്കൊണ്ട് ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു കൊണ്ട് രചന നടത്താനുളള സ്വാതന്ത്ര്യമാണ് എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം.
ആഗോളവത്‌കരണം നാടകവേദിയെ സ്വാധീനിച്ചിട്ടുണ്ടോ? നാടകാചാര്യന്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു?
ആഗോളവത്‌കരണം ഒരു യായാര്‍ഥ്യം തന്നെയാണ്. എന്നാല്‍ നമ്മുടെ മുറ്റത്തെ തുളസിയുടെയും ചെമ്പരത്തിയുടെയും പേറ്റന്റ് വിദേശകമ്പനിക്ക് ആവരുത്, നമ്മുടെ കുടിവെള്ളവും നദികളും ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് അടിയറ വയ്‌ക്കരുത് എന്ന ചിന്ത സാധാരണ ജനങ്ങളിലും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ കല ഒരിക്കലും മറ്റൊരാളുടെ കീഴിലായിപ്പോകരുത്. മറ്റുള്ളവര്‍ക്ക് നമ്മുടെ കലകളെ ഉള്‍ക്കൊള്ളാം, എന്നാല്‍ കുത്തകയാക്കാനുള്ള അവസരം നല്‌കരുത്. അതിനെതിരേ പോരാടാനുള്ള കരുത്താണ് ഏതൊരു കലാകാരനുമുണ്ടാവേണ്ടത്. അതിന്, ഒരു പ്രസ്ഥാനത്തിന്റെ യോ പാര്‍ട്ടിയുടെയോ ആസ്ഥാന കലാകാരന്റെ കോമാളി വേഷം എടുത്തണിയാതെ, എന്തും നേരിടാനുള്ള കരുത്താണ് കലാകാരന്‍ ആര്‍ജിക്കേണ്ടത്.
നാടകത്തിലെ പുതിയ തലമുറയെക്കുറിച്ച്?
മലയാള നാടകരംഗത്തു ചലനങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള നിരവധി പേരുണ്ട്. ജോസ് ചിറമ്മല്‍, ശ്യാമപ്രസാദ്, `അഭിനയ' നാടക സംഘടനയുടെ സ്ഥാപകന്‍ രഘുത്തമന്‍, `നിരീക്ഷ' സ്‌ത്രീനാടകവേദി പ്രവര്‍ത്തക സി.പി. സുധി, സുവീരന്‍, പ്രബലന്‍... പേരെടുത്തു പറയാന്‍ കഴിയുന്ന നിരവധി ആളുകള്‍ ഇനിയുമുണ്ട്.
ജീവിക്കാനുള്ള പാച്ചിലില്‍ ഉള്ളിലുള്ള നാടകം ഉറഞ്ഞുപോകുന്നതിന്റെ വേദന പേറുന്ന നിരവധി ആളുകളെയും എനിക്കറിയാം. അതിജീവനത്തിനുവേണ്ടി നിലവിലിരിക്കുന്ന വ്യവസ്ഥിതിയോടു സമരസപ്പെട്ടുപോയ നിരവധി നാടക വിദ്യാര്‍ഥികളെയും അറിയാം. എങ്കിലും ഞാന്‍ പേരെടുത്തു പറഞ്ഞവര്‍ സമൂഹത്തിനു വേണ്ടിയും നാടക വേദിക്കുവേണ്ടിയും ചിലതൊക്കെ ചെയ്യുന്നുണ്ട്.
തനതു നാടകദര്‍ശനത്തെക്കുറിച്ച്?
തദ്ദേശ സംസ്‌കാരങ്ങളില്‍ നിന്നും കലകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം നാടകത്തില്‍ സന്നിവേശിപ്പിക്കുമ്പോഴാണ് ഒരു തനതു നാടകം പിറവിയെടുക്കുന്നത്.
മലയാള നാടകത്തില്‍ തനതു നാടകദര്‍ശനത്തിന് സ്വീകാര്യത നല്‌കിയതു കാവാലം നാരായണപ്പണിക്കരാണെന്നു പറയാം. കാല്‍ നൂറ്റാണ്ടു മുമ്പ് അവതരിപ്പിക്കപ്പെട്ട `അവനവന്‍ കടമ്പ' യിലൂടെ കാവാലം തനതു നടകം എന്ന സങ്കല്‌പത്തെ പൊതു സമൂഹത്തിന്റെ ചര്‍ച്ചയിലേക്കെത്തിച്ചു. കര്‍ണാടകത്തില്‍ ഗിരീഷ് കര്‍ണാടിന്റെ `ഹയവദന'യും മറാത്തിയില്‍ വിജയ് ടെന്‍ഡുല്‍ക്കറുടെ `ഖാസിറാം കൊത്ത് വാളും' ഹിന്ദിയില്‍ ഹബീബ് തന്‍വീറിന്റെ `ചരന്‍ ദാസ് ചോറും' ഭാരതീയ നാടകവേദിയില്‍ തനതു നാടക ദര്‍ശനത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കി. കാവാലത്തിനു പുറമെ ആര്‍. നരേന്ദ്ര പ്രസാദിന്റെ `സൗപര്‍ണിക,' `സതീര്‍ഥ്യന്‍,' എന്‍. പ്രഭാകരന്റെ `പുലിജന്മം,' ടി.എം. ഏബ്രഹാമിന്റെ `പെരുന്തച്ചന്‍,' എന്റെ `അഗ്നി,' `തുളസീവനം,' `കുചേലഗാഥ' എന്നിവയെല്ലാം നമ്മുടെ അരങ്ങിന് തനതായൊരു ഭാഷ കണ്ടെത്താന്‍ ശ്രമിച്ച നാടകങ്ങളുടെ ഗണത്തില്‍പ്പെടുത്താം.
കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഭാരതീയവും സാര്‍വ ലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയണം. പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്‌കാരിക വിനിമയ വേദിയിലേ തനതു നാടക ദര്‍ശനം പുഷ്‌ടിപ്പെടുകയുള്ളൂ. അവിടെ സ്വദേശ സങ്കല്‌പത്തില്‍ സങ്കുചിതരാവുകയോ വിദേശ സ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല.
Sunday, March 21, 2010
Friday, March 19, 2010
പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല;മുഗാബെ ഭീകരനുമല്ല- സിംബാബ്‌വേ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍
ഒരു വിദേശ അതിരൂപതയുടെ മെത്രാപ്പോലീത്തയായ ആദ്യത്തെ ഭാരതീയനാണു മാര്‍ അലക്‌സ് കാളിയാനില്‍ എസ്.വി.ഡി. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ ഇരുപതു വര്‍ഷം മുമ്പു ദൈവവചന മിഷനറിയായി എത്തി ആ നാടിന്റെ ഹൃദയസ്‌പന്ദനങ്ങള്‍ തന്റെ ഉള്ളിലേക്കു സ്വീകരിച്ച അദ്ദേഹം ഒരു ജനപദത്തിന്റെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്‌ക്കുവേണ്ടി നല്‌കിയതു തന്റെ സംവത്സരങ്ങള്‍. സ്വന്തം നാടിന്റേതില്‍ നിന്നു തികച്ചും ഭിന്നമായ ഒരു സംസ്‌കാരത്തില്‍ അന്യനാകാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ സെപ്‌റ്റംബര്‍ 12-നാണു മെത്രാപ്പോലീത്തയായി അഭിഷിക്തനായത്. സിംബാബ്‌വേയിലെ ബുളവായോ അതിരൂപതയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ജന്മനാട്ടില്‍ ആദ്യമായെത്തിയ ബിഷപ്പുമായി ഒരു കൂടിക്കാഴ്‌ച.
പൗരോഹിത്യത്തിലേക്കുളള അങ്ങയുടെ വരവ് എങ്ങനെയായിരുന്നു?
സാമൂഹികസേവനം എന്നത് വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു. പിന്നീട്, ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനെത്തി രക്തസാക്ഷിത്വം വരിച്ച തോമാശ്ലീഹയെക്കുറിച്ച് അറിഞ്ഞതു മുതല്‍ ശ്ലീഹ എന്റെ മാതൃകാപുരുഷനായി. അങ്ങനെയാണ് യേശുവിന്റെ സുവിശേഷം ലോകത്തിനു നല്‍കണമെന്ന് ആഗ്രഹമുദിക്കുന്നത്. ആ ആഗ്രഹമാണ് എന്നെ വൈദികനാക്കിയതെന്നു പറയാം.വൈദികനാകുന്നതിനു കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നോ?
അവര്‍ക്കു പൂര്‍ണ സമ്മതമായിരുന്നു. കുടുംബത്തില്‍ ഞാന്‍ ഏറ്റവും ഇളയ മകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന് എന്റെ ചെറുപ്പത്തില്‍ത്തന്നെ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് വൈദിക പഠനത്തിനായി ഞാന്‍ 1975-ല്‍ ചങ്ങനാശേരിയിലെ എസ്.വി.ഡി. സെമിനാരിയില്‍ ചേരുന്നത്.
ആഫിക്കയില്‍ എത്തുന്നതോ?
അറിയപ്പെടാത്ത രാജ്യത്ത് പ്രതിസന്ധികളെ നേരിട്ട് സുവിശേഷം എത്തിച്ചയാളാണു തോമാശ്ലീഹ. അതുകൊണ്ടുതന്നെ, അറിയാത്ത ഒരു രാജ്യത്ത് സുവിശേഷപ്രവര്‍ത്തനം നടത്തണമെണു ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേ തെരഞ്ഞെടുക്കുന്നത്. വൈദിക പഠനത്തിന്റെ ഭാഗമായി ഒരു വര്‍ഷം ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെവച്ചു തന്നെ സിംബാബ്‌വേയ്‌ക്കു പോകാനുളള പേപ്പര്‍വര്‍ക്കുകള്‍ തുടങ്ങി. തിരികെയെത്തി പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ സിംബാബ്‌വേയിലേക്കു പോകാന്‍ കഴിഞ്ഞു.
അവിടെ പ്രവര്‍ത്തനം തുടങ്ങിയകാലത്തെ അനുഭവങ്ങള്‍?
സിംബാബ്‌വേയില്‍ രണ്ട് അതിരൂപതകളാണുളളത്: ബുളവായോയും ഹരാരെയും. ഞാന്‍ യാത്രതിരിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ വരുന്ന കാര്യം തീയതിയും വിമാന സമയവുമുള്‍പ്പെടെ ബുളവായോ ബിഷപ് ഹൗസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ആ സന്ദേശം അവിടെ ലഭിച്ചില്ല. ഞാന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ആരെങ്കിലും വരുമെന്നു കരുതി കാത്തു. സമയം കടന്നു പോയതല്ലാതെ ആരും വന്നില്ല. ഭാഷയറിയില്ല. ആളുകളെ അറിയില്ല. സ്ഥലപേരുപ്പോലും നേരേ പറയാനറിയില്ല. 21 വര്‍ഷം മുമ്പാണെന്നോര്‍ക്കണം ടെലിഫോണ്‍ സൗകര്യമില്ല. എന്റെ കൈയില്‍ ബിഷപ് ഹൗസിന്റെ അഡ്രസ് മാത്രം. ഒരാളെ ആ അഡ്രസ് കാണിച്ചു. എന്തായാലും അയാള്‍ വഴിതെറ്റിക്കാതെ ബിഷപ് ഹൗസിനുമുമ്പില്‍ എത്തിച്ചു. അവിടെയും അപരിചിതത്വം. ആരെയും പരിചയമില്ല. ബിഷപ് എന്തോ ആവശ്യത്തിനു പുറത്തു പോയിരിക്കുകയായിരുന്നു. ഞാന്‍ പ്രാര്‍ഥിച്ചു. ദൈവാനുഗ്രഹത്താല്‍ അപരിചിതത്വം പതുക്കെ മാറി. പിറ്റേദിവസം എന്നെ അവിടത്തെ ഒരു ഗ്രാമത്തില്‍ ഭാഷ പ0ിക്കാനായി കൊണ്ടുവിട്ടു. ദെലമ എന്നാണ് അവിടത്തെ ഭാഷ അറിയപ്പെടുന്നത്. പ്രാദേശിക ഭാഷയാണത്. അത് വാമൊഴിയാണ്. ലിപിയില്ല. ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് എഴുതുന്നത്. ആദ്യത്തെ കുറച്ചുനാള്‍ കഷ്‌ടപ്പെട്ടുവെങ്കിലും പിന്നീട് സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നു.
ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമം ഒരു കാട്ടുപ്രദേശമാണ്. അതു കൊണ്ടു തന്നെ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും പാമ്പുകളും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. വനത്തില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമുണ്ടാകുമ്പോഴാണ് പലപ്പോഴും ഇവ ജനവാസമുളള സ്ഥലങ്ങളിലേക്ക് ഇറങ്ങാറ്. തണ്ണിമത്തങ്ങ പാകമാകുന്ന കാലത്ത് അതു കഴിക്കാനായി ആനകള്‍ ഇങ്ങനെ നാട്ടിലിറങ്ങാറുണ്ട്. സാധാരണക്കാര്‍ താമസിക്കുന്നത് പുല്ലും മണ്ണും കൊണ്ട് നിര്‍മിച്ച കുടിലുകളിലാണ്. ഈ കുടിലുകള്‍ പലപ്പോഴും ആനകള്‍ തകര്‍ത്തു കളയാറുണ്ട്.
ജനങ്ങള്‍ക്ക് ഏറ്റവുമധികം ഭയമുളളത് പാമ്പിനെയാണ്. പലപ്പോഴും പളളിയില്‍ പ്രാര്‍ഥന നടത്തുന്നതിനിടയില്‍ പാമ്പുകളെ കണ്ടിട്ടുണ്ട്. പാമ്പുകള്‍ തങ്ങളുടെ പൂര്‍വികരുടെ ജന്മമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ചില പാമ്പുകളെ അവര്‍ ഉപദ്രവിക്കാറില്ല.
ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമാണെന്നാണല്ലോ വളരെ ചെറിയ കാലം മുതല്‍ നാം പഠിച്ചിരിക്കുന്നത്. അവിടെനിന്നുളള അനുഭവങ്ങളെ മുന്‍നിര്‍ത്തി പറയുമ്പോള്‍?
പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല. ആഫ്രിക്ക ഒരു കാലത്ത് ഇരുണ്ടതായിരുന്നിരിക്കാം. എന്നാല്‍, പറഞ്ഞു കേട്ടിടത്തോളം ഇരുളിമ എനിക്കു തോന്നിയില്ല. 21 വര്‍ഷമായി ഞാന്‍ ആഫ്രിക്കയില്‍ എത്തിയിട്ട്. അതില്‍ത്തന്നെ 15 വര്‍ഷം ഞാന്‍ ഗ്രാമങ്ങളില്‍ സാധാരണക്കാരോടൊപ്പമായിരുന്നു. അവരുടെ ജീവിതം ഞാന്‍ തൊട്ടറിഞ്ഞതാണ്. അവിടെ വൈദ്യുതി എത്തിയിട്ടില്ല. നഗരങ്ങളില്‍ മാത്രമാണ് വൈദ്യുതിയുളളത്. വൈദ്യുതിയും ആഡംബരവും സൃഷ്ടിക്കുന്ന വെളളിവെളിച്ചം മാത്രമേ അവിടെ ഇല്ലാതെയുളളൂ. സാംസ്‌കാരികമായ ഇരുളിമ അവിടില്ല.
കറുത്തവരുടെ മുന്നേറ്റമാണ് ഇനി ലോകത്തു നടക്കാന്‍ പോകുന്നതെന്ന് ആഫ്രിക്കയിലെ ജനങ്ങള്‍ പറയുന്നു. ബ്ലാക് എംപവര്‍മെന്റ് എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബാംഗളൂരില്‍ ക്രൈസ്റ്റ് കോളജിലെ ഒരു അധ്യാപകന്‍ ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡമെന്നു വിശേഷിപ്പിച്ചതിനെതിരേ കെനിയക്കാരായ വിദ്യാര്‍ഥികള്‍ രൂക്ഷമായി പ്രതികരിച്ചത് ഈ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്.
സിംബാബ്‌വേയിലെ ഗവണ്‍മെന്റിനെക്കുറിച്ച്?
അവിടെ എല്ലാക്കാര്യങ്ങളും ഗവണ്‍മെന്റാണു നിയന്ത്രിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം എല്ലാം. ജനങ്ങള്‍ക്കു വലിയ പരാതികളില്ലാതെ കാര്യങ്ങള്‍ ഗവണ്‍മെന്റ് നടത്തുന്നുണ്ട് എന്നു പറയാം. സിംബാബ്‌വേ ഒരു ദരിദ്രരാജ്യമാണ്. അവിടത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം ആടുമാടുകളെ വളര്‍ത്തലാണ്. ആളുകളുടെ സമ്പത്തു പോലും ആടുമാടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണു പറയുന്നത്‌്. രാജ്യത്തെ ഭൂമി മുഴുവനും സര്‍ക്കാരിന്റെ കൈയിലാണ്. പാട്ടവ്യവസ്ഥയില്‍ ആളുകള്‍ കൃഷിനടത്തുകയാണു പതിവ്.
എല്ലാമേഖലകളും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണെന്നു പറഞ്ഞല്ലോ. ഇത് എത്രത്തോളം ഫലപ്രദമാണ്? പ്രത്യേകിച്ച് വിദ്യാഭ്യാസകാര്യത്തിലും മറ്റും?
സിംബാബ്‌വേയില്‍ വെറും ഒരു കോടി ഇരുപതു ലക്ഷത്തോളം ജനങ്ങളാണുളളത്. ജനസാന്ദ്രത വളരെ കുറവ്. ഒരു ഗ്രാമത്തില്‍ ഒരു സ്‌കൂളാവും ഉണ്ടാവുക. ഏകദേശം 20 കിലോമീറ്റര്‍ നടന്നു വേണം സ്‌കൂളില്‍ പോകാന്‍. തിരിച്ചും അത്രയും നടക്കണം. ഇത് വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു ണ്ട്. സഭ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പിന്നെ, സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാ ണ്. അതുപോലെ , ആശുപത്രികളിലെ ചെ ലവുകളും വലിയ ശതമാനം സൗജന്യമാണ്. ജനസംഖ്യ വളരെ കുറവായതു കൊണ്ടാണ് ഗവണ്‍മെന്‍ിന് വളരെ ഫലപ്രദമായിപൂര്‍ണമായി എന്നു പറയുന്നില്ല- പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ജനസംഖ്യ പെരുകിയാല്‍ ഗവണ്‍മെന്‍ിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല.
സിംബാബ്‌വേ ദരിദ്ര രാജ്യമാണെന്നു പറഞ്ഞല്ലോ. വിദേശരാജ്യങ്ങളുടെ സഹായം രാജ്യത്തിന് എത്രത്തോളം ലഭ്യമാണ്?
വിദേശ രാജ്യങ്ങള്‍ സഹായിക്കാന്‍ തയാറാവുന്നുണ്ട്. പ്രത്യേകിച്ച് അമേരിക്കയും ബ്രിട്ടനും. എന്നാല്‍, സഹായിക്കാനെത്തുന്നവരുടെ ലക്ഷ്യം അധിനിവേശം തന്നെയാണ്. സിംബാബ്‌വേ ബ്രിട്ടന്റെ കോളനിയായിരുന്നല്ലോ. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ കൊളളയടിച്ചു കൊണ്ടാണ് അവര്‍ മടങ്ങിയത്. ഇപ്പോള്‍ സഹായിക്കാനായി എത്തുന്നതും പഴയ കൊളോണിയലിസത്തിന്റെ മനസുമായാണ്. സിംബാബ്‌വേ വളരെ ധാതുസമ്പത്തുളള രാജ്യമാണ്. അതിലാണ് അവരുടെ കണ്ണ്. ചൈനയും സഹായിക്കാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ ലക്ഷ്യവും മറ്റൊന്നല്ല. എന്തായാലും, പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ഇതു തിരിച്ചറിയുന്നുണ്ട്. പല സഹായങ്ങളും അദ്ദേഹം തടഞ്ഞിരിക്കുകയാണ്.
പ്രസിഡന്റ് മുഗാബെയെക്കുറിച്ച്?
വളരെ വിദ്യാഭ്യാസമുളള, നല്ല മനസും ചിന്തകളുമുളള, നല്ല ഭരണകര്‍ത്താവാണ്.
പുറംലോകത്തിനു കിട്ടുന്ന മുഗാബെയുടെ ചിത്രം വ്യത്യസ്‌തമാണല്ലോ? ഏകാധിപതിയും അധികാരക്കൊതിയനുമായ ഒരു ഭരണാധികാരിയായിട്ടാണു മുഗാബെ ചിത്രീകരിക്കപ്പെടുന്നത്.
അത് അമേരിക്കയും ബ്രിട്ടനും നടത്തുന്ന പ്രചാരണമാണ്. അതിന്റെ കാരണവും ഞാന്‍ നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ, രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. മുഗാബെയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കു പ്രചോദനം നല്‍കുന്നു. അതിനെതിരായി മുഗാബെ നടപടികള്‍ സ്വീകരിച്ചു. കുറെ പ്രതിപക്ഷ നേതാക്കള്‍ കൊല്ലപ്പെടുകയുമൊക്കെ ചെയ്‌തു. വീണ്ടും രാജ്യത്തിന്റെ പരമാധികാരം മറ്റേതെങ്കിലും രാജ്യത്തിന്റെ കീഴിലായിപ്പോകുമോ എന്നുളള ഭയത്തില്‍ നിന്നാണീ നടപടികള്‍.
മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമേയില്ലെന്ന നിലപാടിനോടു യോജിക്കുന്നുണ്ടോ?
ഒരിക്കലുമില്ല. സഹായം ആവശ്യമാണ്. എന്നാല്‍ സഹായം ദോഷമാവരുത്. രാജ്യത്തെ സ്വയംപര്യാപ്‌തതയിലേക്കു നയിക്കുന്ന സഹായങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുളള എന്നതാണു സഭയുടെ നിലപാട്. കാരണം, സ്വയംപര്യാപ്‌തത കൈവരിക്കാതെ ഒരു രാജ്യത്തിന് ഏറെക്കാലം നിലനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു തൊഴില്‍ ലഭിക്കുന്ന തരത്തിലുളള പ്രോജക്ടുകളാണ് സഭ നടത്തുന്നത്. ആ പ്രോജക്ടുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കാം എന്നതാണ് സഭ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട്. എക്കാലത്തും ഭക്ഷണവും പണവും സഹായമായി സ്വീകരിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കിക്കളയും. ജനങ്ങളെ ആത്മാഭിമാനമുളളവരാക്കിത്തീര്‍ക്കുക എന്നതും സഭയുടെ ലക്ഷ്യമാണ്.
സിംബാബ്‌വേയിലെ കത്തോലിക്കാ സഭ നേരിടുന്ന പ്രതിസന്ധികള്‍?
അവിടത്തെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും വിവിധ ഗോത്രങ്ങളില്‍പ്പെട്ടവരാണ്. അവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയകാര്യങ്ങള്‍ മനസിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. ഇന്നലെവരെ തുടര്‍ന്നു വന്നിരുന്ന ആചാരങ്ങളില്‍ നിന്നും രീതികളില്‍ നിന്നും മാറ്റി ദൈവവിശ്വാസത്തിന്റെയും സാമൂഹികനീതിയുടെയും ധാര്‍മികതയുടെയും വശങ്ങള്‍ പറഞ്ഞു മനസിലാക്കുക ശ്രമകരമായ ജോലി തന്നെയാണ്. യേശുവിന്റെ വലിയ അനുഗ്രഹത്താല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ട്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും എതിര്‍പ്പുകള്‍ ?
കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. സിംബാബ്‌്‌വേയിലെ കാര്യമാണിത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതായാണ് അറിവ്. സിംബാബ്‌വേയിലെ ഗവണ്‍മെന്റിന് ഞങ്ങളെ സംശയമാണ്. അമേരിക്കന്‍ ചാരന്‍മാരാണെന്നാണു വിചാരം. സഭയുടെ ചില സര്‍ക്കുലറുകള്‍ തടഞ്ഞു വയ്‌ക്കുകയും വൈദികരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ ആ സാഹചര്യത്തില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. സഭയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നു. ദൈവവിശ്വാസത്തില്‍ നിന്നും ധാര്‍മികതയില്‍ നിന്നും വ്യതിചലിച്ച് ഒരു കാര്യവും സഭ പ്രവര്‍ത്തിക്കില്ല എന്നു സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചാല്‍ സഭ പ്രതികരിക്കുമെന്നു ബോധ്യമുളളതിനാല്‍ അത്തരം കാര്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.
സിംബാബ്‌വേയിലെ മതങ്ങള്‍?
ജനങ്ങളില്‍ 85 ശതമാനം പേരും ക്രൈസ്‌തവരാണ്. ഇതില്‍ 15 ശതമാനം പേര്‍ കത്തോലിക്കാ സഭാ വിശ്വാസികളാണ്. പിന്നെ, ചില പ്രാദേശിക മതങ്ങള്‍ നിലനില്‌ക്കുന്നുണ്ട്. വിശ്വാസികളെല്ലാവരും ഏകദൈവ വിശ്വാസികളാണ് എന്നതാണ് അവിടത്തെ മതപരമായ ഏറ്റവും വലിയ പ്രത്യേകത.
ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന ഒരു ആക്ഷേപം അവിടത്തെ ജനങ്ങള്‍ക്കു സദാചാരബോധം കുറവാണ് എന്നതാണ്. ഈ ആക്ഷേപത്തില്‍ കഴമ്പുളളതായി തോന്നിയിട്ടുണ്ടോ?
പ്രചരിപ്പിക്കപ്പെടുന്നയത്രയില്ല. എങ്കിലും കുറച്ചു ശരിയാണ്. വിവാഹബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്‌മ പൊതുവേയുണ്ട്. പരമ്പരാഗതമായ പല നിലപാടുകളില്‍ നിന്നും മാറാനുളള ജനങ്ങളുടെ വൈമുഖ്യമാണു പ്രശ്‌നം. പിന്നെ സിവില്‍ നിയമങ്ങളും അത്ര ശക്തമല്ല. നമ്മുടെ നാട്ടിലൊക്കെ സ്‌ത്രീധനമാണുളളത്. അവിടെ പുരുഷ ധനമാണ്. അത് പണമായിട്ടോ സ്വര്‍ണമായിട്ടോ ഭൂമിയായിട്ടോ ആണെന്നു ധരിക്കരുത്. ആടുമാടുകളായിട്ടാണ്. നമ്മുടെ നാട്ടിലേതു പോലുളള അറേഞ്ച്‌ഡ് വിവാഹങ്ങള്‍ അവിടെ ഇല്ലെന്നുതന്നെ പറയാം.
ഒരു വിവാഹത്തിനു പുരുഷധനമായി തീരുമാനിച്ചത് പത്തു പശുക്കളെയാണെന്നു സങ്കല്‌പിക്കുക. വരന്‌് രണ്ടു പശുക്കളെ നല്‍കാനുളള ശേഷിയേ ഉളളുവെങ്കിലും വിവാഹം ഔദ്യോഗികമായി അംഗീകരിക്കപ്പെടില്ല എന്നേയുള്ളു; ഭാര്യാഭര്‍ത്താക്കന്‍മാരേപ്പോലെ ജീവിക്കാം. ഈ ബന്ധത്തില്‍ കുട്ടികളുമുണ്ടാകാറുണ്ട്. ഈ സിസ്‌റ്റം സൃഷ്ടിക്കുന്ന ധാര്‍മിക പ്രശ്‌നം വളരെ വലുതാണ്. സിവില്‍ നിയമമനുസരിച്ച് രണ്ടു ഭാര്യമാരെ സ്വീകരിക്കാം. ഒരു കുടുംബത്തില്‍ രണ്ടു സഹോദരന്‍മാരുണ്ടെന്ന് സങ്കല്‌പിക്കുക. അതില്‍ ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാള്‍ക്ക് മരണപ്പെട്ടയാളുടെ ഭാര്യയെ വിവാഹം കഴിക്കാം. ഇതിന് സിവില്‍ നിയമവും കൂട്ടുനില്‍ക്കുകയാണ്. ഈ സ്ഥിതി വളരെ ഗുരുതരമാണ്. ഇത്തരം കാര്യങ്ങള്‍ മാറാന്‍ കുറച്ചു കാലമെടുക്കും. അതിനു വേണ്ടിയാണ് സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം എന്ന കൂദാശയുടെ പരിശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്തി, വിവാഹത്തിനായി ഒരുക്കുക എന്ന ശ്രമകരമായ ദൗത്യമാണു സഭയ്‌ക്ക് ഇക്കാര്യത്തില്‍ ചെയ്യാനുളളത്. അതില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
എയ്‌ഡ്‌സ് രോഗം ഏറ്റവും കൂടുതലുളളത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണല്ലോ. അതിന്റെ കാരണവും മറ്റൊന്നായിരിക്കില്ലല്ലോ?
അതെ. പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമാണു പ്രധാന കാരണം . ഫ്രീ സെക്‌സ് എന്ന സങ്കല്‌പം പുതിയ തലമുറകളിലും ദൃശ്യമാണ്. സിംബാബ്‌വേ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന കാലത്ത് ബ്രിട്ടീഷുകാര്‍ ഇവിടത്തെ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നു. തന്‍മൂലം ഇന്ന് സിംബാബ്‌വേയിലെ തലമുറ ഒരു സങ്കരതലമുറയാണ്. അതും പ്രശ്‌നം തന്നെയാണല്ലോ. വ്യക്തിബന്ധങ്ങളില്‍ കരുതലെടുക്കുന്ന ശീലം ജനങ്ങളില്‍ വളരെ കുറവാണ്. അതും ഇതിനൊരു കാരണമാണല്ലോ.
സിംബാബ്‌വേയിലെ കൃഷി, കാലാവസ്ഥ, ജീവിത രീതികള്‍, സംസ്‌കാരം?
പ്രധാന കൃഷി ചോളമാണ്. പുകയിലയും നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. വര്‍ഷത്തില്‍ ഏഴോ എട്ടോ മഴയാണു ലഭിക്കുന്നത്. അതിനു ശേഷം മരഭൂമിയിലെ കാലാവസ്ഥയാണ് അവിടെ. കുടിവെളളത്തിനു വലിയ ബുദ്ധിമുട്ടാണ്. കുഴല്‍ക്കിണറുകളാണ് ജലത്തിന് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലേതുപോലുള്ള കിണറുകള്‍ അവിടെ സാധ്യമല്ല. വളരെ ആഴത്തില്‍ കുഴിച്ചാലേ ജലം ലഭിക്കുകയുളളൂ. പയര്‍ വര്‍ഗങ്ങളൊന്നും തന്നെ വളരില്ല; അവയ്‌ക്ക് ധാരാളം ജലം ആവശ്യമാണല്ലോ. പച്ചക്കറിയിനത്തില്‍ പെടുത്താന്‍ കാബേജും കാരറ്റും തക്കാളിയും മാത്രമാണുളളത്.
ജനങ്ങള്‍ വളരെ സഹകരണത്തോടെ ജീവിക്കുന്നവരാണ്. ഏതൊരു കാര്യത്തിനായാലും പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണ്. വിവാഹമായാ ലും ശവസംസ്‌കാരമായാലും എല്ലാവരും സഹകരിക്കും. ഏതുകാര്യവും പങ്കുവയ്‌ക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്.
ജനങ്ങളുടെ പ്രധാന ഭക്ഷണം ആനയിറച്ചിയാണ്. അത് നാരുകള്‍ നിറഞ്ഞതാണ്. ആ}കള്‍ നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിക്കുമ്പോള്‍ ഗവണ്‍മെന്റു തന്നെ ആനകളെ കൊല്ലാറുണ്ട്. അങ്ങനെ കൊല്ലുന്ന ആനകളുടെ തോലും കൊമ്പും ഗവണ്‍മെന്റിന് അവകാശപ്പെട്ടതാണ്. മാംസം ജനങ്ങള്‍ക്കും.
സാമ്പത്തിക മാന്ദ്യം കഠിനമായി ബാധിച്ച രാജ്യമാണല്ലോ സിംബാബ്‌വേ?
അതെ. അതു വളരെ ഭീകരമായിരുന്നു. സിംബാബ്‌്‌വേയിലെ കറന്‍സിക്ക് ഒരു വിലയുമില്ലാതായി. ചാക്കില്‍ തൂക്കിയാണ് കറന്‍സി ആളുകള്‍ കൊണ്ടുനടന്നിരുന്നത്. അവശ്യസാധ}ങ്ങളുടെ വില പത്തക്കവും പതി}ഞ്ചക്കവും വരെയെത്തിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? പതിനഞ്ചക്കം വരുന്ന സംഖ്യകള്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ സംവിധാനം നിലവിലില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു പോവുകയുണ്ടായി.
സാമ്പത്തിക മാന്ദ്യം ഏറ്റവുമധികം ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയും ആരോഗ്യമേഖലയെയുമാണ്. അവിടെ ജോലിചെയ്‌തിരുന്ന വലിയൊരു വിഭാഗം ആളുകളും രാജ്യം വിടുകയുണ്ടായി. സാമ്പത്തിക മാന്ദ്യം മൂലം ജോലിക്കാര്‍ക്കു ശമ്പളം നല്‍കാനാവാത്ത സ്ഥിതി വന്നു. അതിനെത്തുടര്‍ന്ന് സിംബാബ്‌്‌വേയി ലെ കറന്‍സി പിന്‍വലിക്കേണ്ടി വന്നു. ഇപ്പോള്‍ അമേരിക്കന്‍ ഡോളറാണ് അവിടെ ഉപയോഗിക്കുന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും സംയുക്തമായാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ആര്‍ച്ച്‌ബിഷപ്പിന്റെ പദവിയിലിരിക്കുമ്പോള്‍, അതുവരെ ചെയ്‌തു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി തുടരാനാവുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?
അതൊരു പ്രശ്‌നമാണ്. ഇതുവരെ ഞാന്‍ സാധാരണക്കാരുടെ ഒപ്പമായി രുന്നു. ഇന്ന് എനിക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് പവര്‍ കൂടി ലഭിച്ചിരിക്കുകയാണ്. അതു വലിയൊരു ഉത്തരവാദിത്വമാണ്. എന്റെ സ്വാതന്ത്ര്യം അല്‌പം കുറഞ്ഞുപോയോ എന്ന സംശയം മാത്രമേയുളളൂ. എന്തായാലും ഇത് ദൈവഹിതമാണ്. അതുകൊണ്ടുതന്നെ എല്ലാ ഉത്തരവാദിത്വത്തോടെയും പരിശുദ്ധിയോടെയും ഈ പദവി ഞാന്‍ ഏറ്റെടുക്കുന്നു.
ഫോട്ടോ: സനല്‍ വേളൂര്‍ (ദീപിക സ്റ്റാഫ് ഫോട്ടോഗ്രാഫര്‍)
Tuesday, March 16, 2010
അസ്‌നയെ മറന്നു പോകരുത്
അസ്‌ന ഇവളെ ഓര്‍ക്കുക...
രാഷ്ട്രീയം മനുഷ്യത്ത രഹിതമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍..
Subscribe to:
Posts (Atom)