Sunday, March 13, 2011

ദുരന്തനിവാരണ സേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വമാണ് വേണ്ടത്: എന്‍. കെ ശ്രീവാസ്തവ


സന്ദീപ് സലിം

കോട്ടയം: പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച സേനയെ രൂപീകരിച്ചതു കൊണ്ടു മാത്രമായില്ല അവര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വവും ആവശ്യമാണെന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ഉദ്യാഗസ്ഥനും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധനുമായ എന്‍. കെ. ശ്രീവാസ്തവ. എംജി യൂണിവേഴ്‌സിറ്റിയും എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ശ്രീവാസ്തവ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

ഇന്ത്യയിലെ ദുരന്തനിവാരണ സംവിധാനത്തെ എങ്ങനെ വിലയിരുത്താം?



ദുരന്ത നിവാരണ സംവിധാനങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ശൈശവദശ കടന്നു എന്നു പറയാം. സാങ്കേതിക വിദ്യയിലും അറിവിലും നമ്മള്‍ വളരെ മുന്നേറിക്കഴിഞ്ഞു. നമ്മുടെ പ്രധാന പരിമിതി സേനയുടെ വിന്യാസമാണ്. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മാത്രമാണ് നമുക്ക് കേന്ദ്രങ്ങളുളളത്. ദുരന്ത സ്ഥലത്തേയ്ക്ക് സേന എത്തുമ്പോഴേക്കും വളരെ വൈകാറുണ്ട്. പ്രാദേശികമായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുക എന്നതാണ് ഈ പ്രശ്‌നത്തിനുളള പരിഹാരമാര്‍ഗം. പരിശീലനം ലഭിച്ച സേനാംഗങ്ങളെ മറ്റ് ജോലികള്‍ക്കായി ഉപയോഗിക്കുന്ന രീതി (പോലീസിന്റെയും മറ്റും) പലയിടത്തും നിലവിലുണ്ട്. വര്‍ഷത്തിലൊരിക്കലോ മറ്റോ സംഭവിക്കാവുന്ന ദുരന്തങ്ങള്‍ക്കായി പരിശീലനം ലഭിച്ച ആളുകള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ അവരുടെ വിഭവശേഷി മറ്റുകാര്യങ്ങള്‍ക്കു കൂടി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന ചിന്തയാണ് ഇവിടെ പ്രശ്‌നം. ഇത്് ഇക്കാര്യത്തില്‍ അസ്വീകാര്യമാണ് എന്നാണ് എന്റെ കാഴ്ചപ്പാട്.

ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയവയെ മുന്‍കൂട്ടി കാണാനുളള സംവിധാനങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണ്?

ഇത്തരം പ്രതിഭാസങ്ങളെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു മുമ്പുതന്നെ കൃത്യമായി അറിയാന്‍ നമുക്കാവും. ഹൈദരാബാദില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭൂകമ്പമാപിനിയും സുനാമി മുന്നറിയിപ്പു സംവിധാനവും നമുക്കുണ്ട്. നമ്മുടെ പ്രശ്‌നം രക്ഷാപ്രവര്‍ത്തന സാമഗ്രികളുടെ അഭാവവും വിതരണത്തിലെ പാകപ്പിഴകളുമാണ്. ഇത് പരിഹരിക്കുന്നതിന് ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്.

ചെറിയ ദുരന്തങ്ങള്‍പോലും ഇന്ത്യയില്‍ വലിയ ആള്‍നാശത്തിന് കാരണമാകുന്നുണ്ടല്ലോ?

ആസൂത്രണമില്ലാത്ത വികസനമാണ് നമ്മുടെ രാജ്യത്തുളളത്. ചോദ്യത്തിനുളള ഉത്തരവും ഇതുതന്നെ. യാതൊരു മാനദണ്ഡവുമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജപ്പാനില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തോത് 8.9 ആണ്. ഇന്ത്യയിലെ ലാത്തൂരിലുണ്ടായ ഭൂകമ്പത്തിന്റെ തോത് 6.4 ആയിരുന്നു. ലത്തൂരില്‍ കൊല്ലപ്പെട്ടത് എണ്ണായിരത്തിലേറെപ്പേരാണ്. ആസൂത്രണത്തിലെ പാകപ്പിഴകളായിരുന്നു മരണസംഖ്യ ഇത്ര ഉയരാന്‍ കാരണമായത്. 2001 ല്‍ ഗുജറാത്തിലെത്തിയപ്പോള്‍ മരണസംഖ്യ ഇരുപതിനായിരമായി. ഭൂകമ്പത്തിന്റെ തോത് 7.7ഉം.

അവിടെ നിന്നാണ് നമ്മള്‍ ദുരന്ത നിവാരണത്തെ കുറിച്ചും പ്രത്യേക സേനയെകുറിച്ചും ചിന്തിച്ചു തുടങ്ങുന്നതെന്ന് പറയാം. അന്ന് ഇന്ത്യന്‍ സൈന്യം, സംസ്ഥാന റിസര്‍വ് പോലീസ്, സെന്ററല്‍ റിസര്‍വ് പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അടിസ്ഥാന സൗകര്യവികസനത്തിന്റെ അഭാവവും, കൂടിയ ജനസാന്ദ്രതയുമൊക്കെ കാരണങ്ങളുടെ കൂട്ടത്തില്‍ പെടുത്താമെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രധാന പ്രശ്‌നം. ഇതിന്റെ ഏറ്റവും പ്രധാന കാരണം അഴിമതിയാണ്. അഴിമതിക്കു കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വവും.

ദുരന്തനിവാരണ സേനയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി സാറിന്റെ നിര്‍ദേശം?

വാര്‍ത്താവിനിമയ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം, എല്ലാ സംസ്ഥാനങ്ങളിലേയും ജില്ലാകേന്ദ്രങ്ങളില്‍ സജ്ജമായ സേനാ കേന്ദ്രം ഇവയാണ് ഏറ്റവും പ്രധാനമായും വേണ്ടത്. ഇതിനേക്കാളെല്ലാമുപരി രാഷ്ട്രീയ തീരുമാനങ്ങളിലെ വേഗതയും.

ഇക്കാര്യങ്ങള്‍കൊണ്ടു മാത്രം ദുരന്തങ്ങളെ നേരിടാനാവില്ല. ജനങ്ങളുടെ സഹകരണത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. പലപ്പോഴും പ്രത്യേക ക്യാമ്പുകളില്ക്ക് ജനങ്ങളെ മാറ്റാന്‍ വലിയ പ്രയാസമാണ്. ജനങ്ങള്‍ വൈകാരികമായി ദുരന്തത്തെ കാണുന്നതാണ് പ്രശ്‌നം. ഇവിടെ ബോധവത്കരണമാണ് ആവശ്യം. ദുരന്തങ്ങളെകുറിച്ചും ദുരന്തമുണ്ടായാല്‍ എങ്ങനെ അതിനെ നേരിടണം എന്നകാര്യത്തെകുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കണം.

വ്യാവസായിക ദുരന്തങ്ങളെക്കാള്‍ പ്രകൃതി ദുരന്തങ്ങളാണ് മൂന്നാം ലോകരാജ്യങ്ങളില്‍ കൂടുതല്‍ അപകടകാരികള്‍. ഭോപ്പാല്‍ ദുരന്തം മറന്നു കൊണ്ടല്ല പറയുന്നത്. സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥയാണ് ഇതിന് കാരണം. ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം പരിഹരിച്ചു കൊണ്ട് നമുക്ക് പ്രവര്‍ത്തിക്കാനാവില്ല. അതിന് കുറച്ച് കാലമെടുക്കും.

FACEBOOK COMMENT BOX