ഏതാനും നാളുകള്‍ക്ക് മുമ്പ് എടത്വ പളളി സന്ദര്‍ശിക്കുകയുണ്ടായി.... എടത്വായുടെ ചരിത്രം ശേഖരിക്കണമെന്ന് അന്നേ തോന്നിയിരുന്നു... ഇപ്പോഴാ കഴിഞ്ഞത്....
രണ്ടു ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണു പമ്പാ നദിയുടെ തീരത്തെ പഴയ കോഴിമുക്ക് എന്ന ഇപ്പോഴത്തെ എടത്വാ. നെല്‍ക്കൃഷിക്കു പേരുകേട്ട കുട്ടനാടിന്റെ സിരാകേന്ദ്രമായും ആത്മീയ തീര്‍ഥാടനകേന്ദ്രമായും അറിയപ്പെടുന്ന എടത്വയുടെ പ്രശസ്തിക്കു കാരണം 1810 സെപ്റ്റംബര്‍ 29ന് വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്റെ നാമധേയത്തില്‍ സ്ഥാപിതമായ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയാണെന്നതില്‍ തര്‍ക്കമില്ല ചരിത്രത്തിന്റെ തീരത്താണീദേവാലയം സ്ഥിതിചെയ്യുന്നതെന്നു പറയാം.
പള്ളിയിലെ താളിയോലക്കെട്ടുകളും തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന വിവരങ്ങളും വിശ്വാസ പാരമ്പര്യവും പള്ളിയുടെയും എടത്വായുടേയും ഭൂതകാലത്തേക്കു നമ്മെ നയിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശം വെളളത്താല്‍ ചുറ്റപ്പെട്ട ഏതാനും തുരുത്തുകള്‍ മാത്രമായിരുന്നു. കാലക്രമത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉയര്‍ന്നു വന്നാണ് ഈ പ്രദേശം രൂപപ്പെട്ടിരിക്കുന്നതെന്ന് എടത്വായുടെ ഭൂമിശാസ്ത്രം പ0ിക്കുന്നവര്‍ക്കു മനസിലാവും.
പമ്പാ നദിയുടെ തീരമായിരുന്നതു കൊണ്ടുതന്നെ ഗതാഗതം വളളത്തിലൂടെയായിരുന്നു. പുതിയ തലമുറയില്‍ ആഡംബരത്തിന്റെ അടയാളമായ കാറുകളുടെ സ്ഥാനമായിരുന്നു അക്കാലത്തു വളളങ്ങള്‍ക്കുണ്ടായിരുന്നത്. കൊച്ചുവളളങ്ങളും കൂടാരവളളങ്ങളും കേവുവളളങ്ങളുമൊക്കെ വ്യക്തികളുടെ സാമ്പത്തിക ശേഷിയുടെയും ആഡംബരത്തിന്റെയും ആഢ്യത്വത്തിന്റെയുമൊക്കെ പ്രതീകമായിരുന്നു.
വെള്ളത്താല്‍ ചുറ്റപ്പെട്ട എടത്വായില്‍ ഇഴജന്തുക്കളുടെ ശല്യം കൂടുതലായിരുന്നിരിക്കണം. ഗീവര്‍ഗീസ് പുണ്യവാളന്റെ പളളി സ്ഥാപിക്കാനുളള കാരണം അന്വേഷിച്ചാല്‍ ആദ്യ ലഭിക്കുന്ന കാരണം ഇതാണ്. പ്രദേശവാസികള്‍ക്കു പുണ്യവാളന്റെ സഹായം ഏറെ ലഭ്യമാകുകയും അത് പ്രസിദ്ധമാകുകയും ചെയ്തതോടെ ദൂരസ്ഥലത്തു നിന്നും തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. ഇഴജന്തുക്കളില്‍ നിന്നും പൈശാചിക ശക്തികളില്‍നിന്നും മോചനം തേടി തെക്കന്‍നാടുകളില്‍ നിന്ന് ധാരാളം ജനങ്ങള്‍ എടത്വായിലെത്തിയിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
എടത്വാപ്പളളി സ്ഥാപിതമാകുന്നതിനു മുമ്പ് കുട്ടനാടന്‍ തുരുത്തുകളില്‍ താമസിച്ചിരുന്ന ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്നത് വിശുദ്ധ തോമ്മാശ്ലീഹ എ.ഡി. 410ല്‍ സ്ഥാപിച്ച നിരണം വലിയപള്ളിയിലായിരുന്നു. ചങ്ങങ്കരി, തെക്കേമുറി, എടത്വാ, തലവടി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ വളളത്തില്‍ തലവടിയിലെത്തി ഒരുമിച്ചു ചേര്‍ന്ന് ഒരുദിവസം യാത്രചെയ്ത്് നിരണത്തെത്തിയാണ് ആരാധനയില്‍ പങ്കെടുത്തിരുന്നത്. ചമ്പക്കുളത്ത് കല്ലൂര്‍ക്കാട് കന്യകാ മറിയത്തിന്റെ പേരില്‍ മറ്റൊരു പള്ളി സ്ഥാപിച്ചതോടെ എടത്വാ പ്രദേശത്തെ ആളുകള്‍ ചമ്പക്കുളത്ത് എത്തിത്തുടങ്ങി. കാലക്രമത്തില്‍ കരപ്രദേശത്തിന്റെ വിസ്തൃതി ഏറിയതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള കുടിയേറ്റം ശക്തമായി. കുട്ടനാട്ടില്‍, പ്രത്യേകിച്ച് എടത്വായില്‍, ജനസംഖ്യ പെരുകി. ക്രിസ്തു വര്‍ഷം 1100ല്‍ ആലപ്പുഴയിലും 1410ല്‍ പ്രക്കാട്ടും 1557ല്‍ പുളിങ്കുന്നിലും പുതിയ പളളികള്‍ സ്ഥാപിതമായി. അപ്പോഴും എടത്വായിലെ ജനങ്ങള്‍ ആരാധനയ്ക്കായി ചമ്പക്കുളം പള്ളിയെത്തന്നെയാണ് ആശ്രയിച്ചിരുന്നത്.
ചമ്പക്കുളത്തേക്കും നിരണത്തേക്കുമുളള യാത്ര വളരെ ക്ലേശകരമായിരുന്നതിനാല്‍ എടത്വായിലെ വിശ്വാസികള്‍ സ്വന്തമായൊരു ദേവാലയമെന്ന ആശയം മുന്നോട്ടു വച്ചു. എടത്വാ ഇടവകയിലെ ആദ്യ വൈദികനായിരുന്ന ചങ്ങങ്കരി വലിയവീട്ടില്‍ ഗീവര്‍ഗീസ് കത്തനാര്‍ ഇതിനു വലിയ പ്രോത്സാഹനം നല്‍കി.
പാണ്ടങ്കരി ഊരാംവേലില്‍ കുര്യന്‍ തരകന്‍, എടത്വ തെക്കേടത്ത് പോത്തന്‍ മാപ്പിള, വെട്ടുതോട്ടുങ്കല്‍ തൊമ്മി മാപ്പിള, ചെക്കിടിക്കാട് മെതികളത്തില്‍ മാത്തന്‍ മാപ്പിള തുടങ്ങിയവരാണ് പളളി സ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടുംങ്ങളളൂര്‍ അതിരൂപതയുടെ കീഴിലായിരുന്ന കല്ലൂര്‍ക്കാട് ഉള്‍പ്പെടെയുള്ള പല ഇടവകകളും വരാപ്പുഴയുടെ കീഴിലേക്ക് മാറിയിരുന്നു. സ്വന്തമായി ഒരു പളളി പണിയുന്നതിന് വിശ്വാസികള്‍ വരാപ്പുഴ അതിരൂപതയെ സമീപിക്കുകയും അന്ന് അതിരൂപതാ ഭരണാധികാരി ഫാ. റെയ്മണ്ട് പളളി പണിയുന്നതിനു കാനോനിക അനുമതി നല്‍കുകയും ചെയ്തതായി ചരിത്രം വ്യക്തമാക്കുന്നു. അതിനെത്തുടര്‍ന്ന 1810 സെപ്റ്റംബര്‍ 29-ാം തിയതി പമ്പയാറിന്‍ വടക്കോട്ടൊഴുകിയിരുന്ന കൈവഴിയുടെ പടിഞ്ഞാറേ തീരത്ത് പുതിയ പളളിയുടെ ശിലാസ്ഥാപനം നടത്തി. എടത്വയിലെ ചങ്ങങ്കരി വെള്ളാപ്പള്ളി എന്ന പ്രമുഖ നായര്‍ തറവാട്ടിലെ കൊച്ചെറുക്കപ്പണിക്കര്‍ സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്താണ് ശിലാസ്ഥാപനം നടത്തിയതെന്നാണ് ചരിത്രം. വളരെ വേഗത്തിലാണ് പളളിയുടെ പണികള്‍ നടന്നത്. അക്കാലത്ത് സുലഭമായിരുന്ന ചെറിയ ഓടാണ് മേയാന്‍ ഉപയോഗിച്ചത്. ചെറുതായിരുന്നെങ്കിലും തോറ, ഹൈക്കല, സങ്കീര്‍ത്തി, മുറിത്തട്ട് എന്നിവയടങ്ങിയതായിരുന്നു ആദ്യത്തെ പളളി.
പള്ളി സ്ഥാപിച്ചെങ്കിലും പള്ളിയില്‍ വയ്ക്കാന്‍ ഗീവര്‍ഗീസിന്റെ ഒരുരൂപം വിശ്വാസികള്‍ക്കു ലഭിച്ചില്ല. അതിനായി നടത്തിയ അനവേഷണങ്ങളെത്തുടര്‍ന്ന് പുരാതനമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധന്റെ ഒന്നിലധികം രൂപങ്ങള്‍ ഉണ്ടെന്നറിഞ്ഞ് ഇടവകയിലെ പുരോഹിതനായിരുന്ന വലിയവീട്ടില്‍ ഗീവര്‍ഗീസച്ചനും ഒരുസംഘമാളുകളും വരാപ്പുഴ രൂപതാധ്യക്ഷന്റെ അനുമതിയോടെ രണ്ടു കളിവള്ളങ്ങളിലായി ഇടപ്പള്ളിയിലേക്കു പോകുകയും തുഴച്ചില്‍ക്കാരെ ഭക്ഷണം തയാറാക്കുന്നതിനു കടവില്‍ നിര്‍ത്തിയിട്ട് മറ്റുള്ളവര്‍ പള്ളിയിലെത്തി വികാരിയച്ചനെ കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എടത്വാക്കാരുടെ ആവശ്യം ന്യായമെന്നു കണ്ട് പള്ളിയുടെ തട്ടിന്‍പുറത്ത് ഉപയോഗമില്ലാതെ കിടക്കുന്ന രണ്ടുമൂന്നു രൂപങ്ങളില്‍ ഏതുവേണമെങ്കിലും കൊണ്ടു പൊയ്‌ക്കൊളളാന്‍ ഇടപ്പളളിയിലെ അച്ചന്‍ അനുമതി നല്‍കി.
ഇടതുകൈ അല്‍പ്പം ഒടിഞ്ഞതു പൊടിയും മാറാലയുംപിടിച്ചുകിടന്ന ഒരെണ്ണം പൊതു സ്വീകാര്യമാവുകയും ചെയ്തതിനെത്തുടര്‍ന്ന് അതുമായി പുറത്തിറങ്ങിയ വിശ്വാസികള്‍ അതു തുടച്ചുവൃത്തിയാക്കി പള്ളിക്കിണറ്റിലെ വെള്ളത്തില്‍ കഴുകി ശുദ്ധിവരുത്തി. അപ്പോള്‍ അതിന് കൂടുതല്‍ ആകര്‍ഷകത ഉണ്ടായി. അതുകണ്ട ഇടപ്പളളിക്കാരില്‍ ചിലര്‍ അത് കൊടുത്തുവിടേണ്തില്ലെന്നു അഭിപ്രായപ്പെട്ടു. ഇടപ്പളളിക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് എടത്വാക്കാര്‍ ആ രൂപവുമായി വളളക്കടവിലേക്കു നീങ്ങി. ഈസമയം ഇടപ്പള്ളിയില്‍ അസാധാരണ സംഭവങ്ങളുടെ നീണ്ടപരമ്പര തുടങ്ങുകയായിരുന്നു. ദേവാലയമണികള്‍ മുഴങ്ങി. രൂപം കൊണ്ടുപോകുന്നതിനെതിരേ പ്തിഷേധിച്ചവര്‍ കൂട്ടമണിയടിച്ച് ആളുകളെ കൂട്ടാന്‍ ശ്രമിച്ചതാണെന്നും അതല്ലെന്നു പള്ളിയുടെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തതായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന കഥകളില്‍ കാണാം. വിശുദ്ധന്റെ രൂപം കൈവിട്ടുപോകുന്നതിലുള്ള പ്രതിഷേധസൂചനയായിരുന്നു ആ സംഭവമെന്നു ഭയപ്പെട്ട് എടത്വക്കാര്‍ പെട്ടെന്നു രൂപവുമായി വള്ളക്കടവിലേക്ക് ഓടി. അവിടെ ഭക്ഷണം തയാറാക്കുന്നതിനു വാര്‍പ്പില്‍ വെള്ളം ചൂടാക്കിക്കൊണ്ടിരുന്നവര്‍ അരിയിടാതെ തിളച്ചവെളളം മറിച്ചുകളഞ്ഞ് വാര്‍പ്പുമെടുത്തു എടത്വായ്ക്കു മടങ്ങി. ആദ്ഭുതസ്തബ്ധരായ ഇടപ്പള്ളിക്കാര്‍ പള്ളിയില്‍നിന്ന് ഓടി വള്ളക്കടവിലെത്തിയപ്പോഴേക്കും എടത്വക്കാര്‍ രൂപവുമായി കടന്നിരുന്നു. ഇതിനെത്തുടര്‍ന്നാവാം അനന്നവെളളത്തില്‍ അരിയിടാത്ത ഊരാംവേലി എന്ന പ്രയോഗം ഉണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്. പാളളിയുടെ നിര്‍മാണവും രൂപം പ്രതിഷ്0ിക്കലിനേയും സംബന്ധിക്കുന്ന താളിയോലകള്‍ ഒന്നും ഇന്ന് ലഭ്യമല്ല.
ഇടപ്പള്ളിക്കാര്‍ രൂപം തിരിച്ചെടുക്കാന്‍ വരുമെന്നു ഭയന്നു വിശുദ്ധന്റെ രൂപം ഓലഷെഡ്ഡുമാത്രമായിരുന്ന പള്ളിയില്‍ ഇറക്കാതെ നേരേ പാണ്ടങ്കരിയിലുള്ള ഊരാംവേലിക്കാരുടെ നെല്ലറയിലാണു സൂക്ഷിച്ചത്. ഈ നെല്ലറ ആമത്താഴിട്ടാണ് പൂട്ടിയിരുന്നതത്രെ. ഊരാംവേലില്‍ കുര്യന്‍ തരകന്‍ എന്നയാളാണ് ഈ പള്ളിയില്‍നിന്നു രൂപംകൊണ്ടുവരുന്നതിനു നേതൃത്വം കൊടുത്തത്. 1920-ല്‍ ആറ്റുതീരത്തു ചെറിയപള്ളി പണിയുന്നതുവരെ ഞായറാഴ്ചകളിലും വിശുദ്ധന്റെ തിരുനാള്‍ദിവസങ്ങളിലും മാത്രമേ തിരുസ്വരൂപം പള്ളിയില്‍ കൊണ്ടുവന്നിരുന്നുള്ളൂ.
പിന്നീട് 1839 നവംബര്‍ മാസത്തില്‍ വരാപ്പുഴ സഹായമെത്രാനായിരുന്ന ലുദിവിക്കോസ് മാര്‍ട്ടിനിയാണ് ഇന്നു കാണുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. എടത്വ ഇടവകാംഗവും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിപുണനുമായ ഉലക്കപ്പാടില്‍ തോമസ് അച്ചനാണ് പള്ളിപ്പണിക്ക് തുടക്കം കുറിച്ചത്. പള്ളിപണിക്ക് കരക്കാരുടെ ശ്രമദാനമുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ 25 പറ അരിവരെ ഉച്ചയൂണിന് തയാറാക്കിയിരുന്നതായി പറയുന്നു.
ശതാബ്ദങ്ങള്‍ക്കു മുമ്പ് ജലത്തിനടിയിലായിരുന്ന എടത്വാ പ്രദേശത്തെ നൂറുമേനി വിളവുതരുന്ന കൃഷിയിടമാക്കി മാറ്റിയ കര്‍ഷകരുടെ സാഹസികതയുടേയും ക0ിനാധ്വാനത്തിന്റെയും പ്രതീകമാണ്് ഇന്നത്തെ എടത്വ പള്ളി. ഉറപ്പില്ലാത്ത ചെളിയും ചതുപ്പും നിറഞ്ഞ ഈ പ്രദേശത്ത് കെട്ടിടങ്ങളുടെ അസ്തിവാരം ഉറപ്പിക്കുക ശ്രമകരമായ ജോലിയായിരുന്നു. ശാസ്ത്രാവബോധം തുച്ഛമായിരുന്ന കാലത്ത് പണിതിട്ടും പേരും പെരുമയും അവകാശപ്പെടുന്ന ആധുനിക വാസ്തുശില്‍പികള്‍ക്കു പോലും എന്തിന് വാസ്തുശില്പശാസ്ത്രത്തിനു പോലും എടത്വാ പളളി ഒരു അത്ഭുത പ്രതിഭാസമാണ്. യാതൊരു കോട്ടവുമില്ലാതെ ഈ പളളി ഇന്നും നിലനില്‍ക്കുന്നു. ഉറപ്പില്ലാത്ത അടിത്തറയില്‍ തേക്കിന്‍ തടികള്‍ നെടുകയും കുറുകയും നിരത്തി ബലപ്പെടുത്തിയ ശേഷം അതിന്‍മേലാണ് പള്ളി പണിത് ഉയര്‍ത്തിയിരിക്കുന്നത്. കുളമാവിന്റെ തൊലി ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ വരാല്‍പശയും (വരാല്‍ മീനില്‍ നിന്നും ശേഖരിക്കുന്നത്) കുമ്മായവും ചരലും കുഴച്ച് നിര്‍മിച്ച കൂട്ട് ഉപയോഗിച്ചാണു പളളിയുടെ ഭിത്തി നിര്‍മാണ നടത്തിയത്. വരാല്‍പ്പശയ്ക്കായി കരക്കാര്‍ വിഭാഗങ്ങളായി തിരിഞ്ഞ് വീതപ്പടി വരാല്‍ മീന്‍ പിടിച്ചു നല്‍കിയിരുന്നുവെന്നും ചരിത്രകാരന്‍മാര്‍ പറഞ്ഞു വയ്ക്കുന്നു. പളളി മോടിപിടിപ്പിക്കാന്‍ ഉപയോഗിച്ച ചായങ്ങള്‍ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്നു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം 1888ല്‍ പൊന്നിന്‍കുരിശു പണിതു. 337 രൂപ തൂക്കത്തില്‍ നിര്‍മിച്ച സ്വര്‍ണക്കുരിശ് ശില്‍പവിദ്യയുടെ മികച്ച ഉദാഹരണമാണ്. പുരാവസ്തുഗണത്തില്‍പ്പെടുന്ന ഈ കുരിശ് നാലുപൂട്ട് എന്നറിയപ്പെടുന്ന പ്രത്യേക മുറിയില്‍ വന്‍ സുരക്ഷയോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. വളരെ പഴയ രണ്ടു വെള്ളിക്കുരിശുകളും പള്ളിയിലുണ്ട്. ഇപ്പോള്‍ പള്ളിയിലെ പ്രധാന ചടങ്ങുകള്‍ക്കുമാത്രമെ ഇവ പുറത്തിറക്കാറുള്ളു. ഈ കുരിശാണ് ഇന്നും പെരുന്നാള്‍ ദിനത്തില്‍ പ്രദക്ഷിണത്തിനു ഉപയോഗിക്കുന്നത്.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ പെരുനാളിന് എത്തുന്നവര്‍ക്ക് ജാതി-മത-വര്‍ഗഭേദമില്ല. മൂന്നാം നൂറ്റാണ്ടില്‍ കപ്പഡോക്യായില്‍ ജനിച്ച ഗീവര്‍ഗീസ് റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷസിന്റെ സൈന്യത്തില്‍ ചേര്‍ന്നു. ക്രമേണ ഗീവര്‍ഗീസ് പടത്തലവനും ന്യായാധിപനുമായി. പക്ഷേ, ഈ സുവര്‍ണകാലം ഏറെ നീണ്ടുനിന്നില്ല. ക്രൈസ്തവര്‍ക്കെതിരെ റോമന്‍ ചക്രവര്‍ത്തി മതപീഡനം അഴിച്ചുവിട്ടപ്പോള്‍ സ്ഥാനമാനങ്ങള്‍ രാജിവച്ചു. ഉടന്‍തന്നെ ഭരണാധികാരികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു പലവിധ പീഡനങ്ങള്‍ക്കും വിധേയനാക്കി. എ.ഡി. 303 ഏപ്രില്‍ 23ന് നിക്കോമിദായില്‍വച്ച് അദ്ദേഹം വധിക്കപ്പെട്ടു. ഇതിഹാസതുല്യമായ ജീവിതമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടേത്. ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ് സര്‍പ്പത്തെ കുന്തംകൊണ്ടു കുത്തി മലര്‍ത്തി രാജകുമാരിയെ സഹദാ രക്ഷിച്ച സംഭവം. അശ്വാരൂഢനായ വിശുദ്ധന്റെ തിരുസ്വരൂപത്തോടൊത്തു കാണുന്ന രാജകുമാരിയും സര്‍പ്പവും തിന്മയുടെ ശക്തികളില്‍നിന്നുള്ള മോചനത്തിന്റെ അടയാളമായി വിശ്വാസികള്‍ കാണുന്നു.മാറാരോഗികളും വികലാംഗരും രോഗശാന്തി തേടി എടത്വാ പളളിയിലെത്തുന്നു. നേര്‍ച്ചക്കുടയും പിടിച്ച് വാദ്യഘോഷങ്ങളോടുകൂടി ദേവാലയത്തിനു ചുറ്റും വലംവയ്ക്കുന്നവരെയും തലയില്‍ ഇഷ്ടിക ചുമന്ന് പ്രദക്ഷിണം വയ്ക്കുന്നവരെയും ധാരാളമായി കാണാം. പള്ളിമുറ്റത്തെ ചുട്ടുപഴുത്ത ചരലില്‍ മുട്ടിന്മേല്‍ നീന്തി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുമുണ്ട്. കൈയിലൊന്നുമില്ലാതെ തീര്‍ഥാടകരാരും വിശുദ്ധനെ ദര്‍ശിക്കാറില്ല. വിശുദ്ധന്റെ അടിമയായി തീര്‍ന്നാല്‍ രോഗങ്ങളില്‍ നിന്നും അത്യാഹിതങ്ങളില്‍ നിന്നും മോചനം നേടാമെന്നും ലോകത്തിന്റെ ഏതുകോണിലായിരുന്നാലും ഗീവര്‍ഗീസ് പുണ്യവാളന്‍ തങ്ങളെ കാത്തുരക്ഷിക്കുമെന്നും വിശ്വാസികള്‍ കരുതുന്നു.
എടത്വാ പള്ളിയില്‍ അര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കളില്‍ പ്രമുഖ സ്ഥാനം നേര്‍ച്ചക്കോഴികള്‍ക്കാണ്. തീര്‍ഥാടകര്‍ നേര്‍ച്ചക്കോഴികളെ പള്ളിയില്‍ കാഴ്ചവയ്ക്കാറുണ്ട്.മത്സ്യബന്ധനത്തിനു പുറംകടലില്‍ പോയി കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട അനവധിപേര്‍ ഗീവര്‍ഗീസ് പുണ്യവാളന്റെ അനുഗ്രഹത്താല്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നിരവധി കഥകള്‍ ഇവിടെ പ്രചരിക്കുന്നുണ്ട്.
ഒരിക്കല്‍ കന്യാകുമാരി ജില്ലയിലെ ചില വ്യവസായികള്‍ കടല്‍മാര്‍ഗം കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടെങ്കിലും അവരുടെ അണിനയമ്പ് നഷ്ടപ്പെട്ടു. അതിനെത്തുടര്‍ന്ന് വളളത്തിന്റെ ഗതിതെറ്റി എത്തിച്ചേര്‍ന്നത് എടത്വ പള്ളിക്കു സമീപമാണ്. പള്ളിയില്‍ കയറി പ്രാര്‍ഥിച്ചശേഷം തിരികെ വള്ളത്തില്‍ കയറിയപ്പോള്‍ ഒരു വൃദ്ധന്‍ അണിനയമ്പ് അവരുടെ അണിയറക്കാരന്റെ കൈയില്‍ കൊടുത്തശേഷം അപ്രത്യക്ഷനായത്രേ. ആ അണിനയമ്പുപയോഗിച്ച് അവര്‍ തുഴഞ്ഞ് കൊച്ചിയിലെത്തിയെന്നാണ് എടത്വ പളളിയുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു ഐതിഹ്യം.
ഐതിഹ്യങ്ങളും കേട്ടുകേഴ്‌വികളും എന്തായാലും നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നുമെത്തുന്ന തീര്‍ഥാടകരാണ് മുഖ്യപങ്കും. ശ്രീലങ്കയില്‍ നിന്നു പോലും വിശ്വാസികള്‍ എടത്വാ പളളിയിലെത്താറുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍നിന്നും തമിഴ്‌നാട്ടിലെ കന്യാകുമാരി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇന്നും ധാരാളം വിശ്വാസികള്‍ ഇവിടെ എത്തുന്നുണ്ട്. 50- 60 വര്‍ഷങ്ങള്‍ക്കു മുമ്പ് യാത്രാസൗകര്യം തീരെ ഇല്ലാതിരുന്ന കാലത്തും ആളുകളെ ഇവിടെക്കാകര്‍ഷിച്ച ഘടകം വിശ്വാസത്തിന്റെ തീവ്രത തന്നെയായിരിക്കാം. അക്കാലത്ത് കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ, തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രവും കൊച്ചിയേക്കാള്‍ പ്രധാനപ്പെട്ട തുറമുഖവുമായിരുന്നു. ഇവിടെ കച്ചവട ആവശ്യങ്ങള്‍ക്കെത്തിയിരുന്ന തമിഴ്‌നാട്ടുകാരും തെക്കന്‍ തിരുവിതാംകൂറുകാരും എടത്വ വഴിയായിരുന്നിരിക്കണം വള്ളത്തിലുള്ള സഞ്ചാരം. തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ അര്‍ത്തുങ്കലിലും ചെത്തിയിലുമൊക്കെ ചാകര തേടിയെത്തിയിരുന്നുവെന്നും പറയപ്പെടുന്നു. പളളിക്കു സമീപത്തുകൂടി കടന്നുപോകുന്ന നദിയില്‍ മുങ്ങിക്കുളിച്ച് ശരീരശുദ്ധി വരുത്തിയേ തീര്‍ഥാടകര്‍ തിരുനാളില്‍ പങ്കെടുക്കാറുള്ളു.
എല്ലാവര്‍ഷവും ഏപ്രില്‍ 27നു കൊടിയേറുന്ന ഏടത്വയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ മേയ് 14ന് ആണ് അവസാനിക്കുന്നത്. പ്രധാന തിരുനാള്‍ദിവസം മാത്രമാണ് ഇടപ്പള്ളിയില്‍നിന്നു കൊണ്ടുവന്ന വിശുദ്ധന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി പള്ളിക്കു പുറത്തിറക്കുന്നത്. ഐതിഹ്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുതശക്തിതന്നെയാണു ജനലക്ഷങ്ങളെ എടത്വയിലേക്ക് ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 27 മുതല്‍ മേയ് ഏഴുവരെയാണ് ദക്ഷിണദേശക്കാരുടെ തീര്‍ഥാടനകാലം. മേയ് എട്ടു മുതല്‍ 14 വരെ നാട്ടുകാരുടെയും മധ്യ തിരുവിതാംകൂറുകാരുടെയും. ഇത് എട്ടാമിടം വരെ തുടരും.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് പരിധിയില്‍ വരുന്ന ചമ്പക്കുളം ബ്‌ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്എടത്വ. 22.29 ച.കി.മി വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് തലവടി, നിരണം, പടിഞ്ഞാറ് തകഴി, ചമ്പക്കുളം, തെക്ക് ചെറുതന, വീയപുരം ,വടക്ക് തലവടി, രാമങ്കരി പഞ്ചായത്തുകള്‍ എന്നിവയാണ്. ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ കിഴക്കോട്ട് കടപ്ര, നിരണം മുതലായ സ്ഥലങ്ങള്‍ വരെ സമുദ്രം വ്യാപിച്ചിരുന്നു. ചരിത്രാതീതകാലത്ത് സമുദ്ര നിരപ്പില്‍ നിന്ന് ഏറെ താഴെയായി സ്ഥിതി ചെയ്തിരുന്ന ഈ പ്രദേശത്ത് നൂറ്റാണ്ടുകളായി പമ്പയാറിന്റെയും മണിമലയാറിന്റെയും ശാഖകള്‍ വഴി വന്നടിഞ്ഞ മണലും എക്കലും ചെളിയും മൂലം ചെറുതുരുത്തുകള്‍ ഉയര്‍ന്നു വന്നു. നദികളുടെ ഗതിക്ക് ഏറെക്കുറെ സ്ഥായീഭാവം വന്നപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഈ തുരുത്തുകളില്‍ കുടിയേറി പാര്‍ത്തുകൊണ്ട് ഈ തുരുത്തുകള്‍ക്കിടയില്‍ കട്ട കുത്തിയിട്ട് കൂടുതല്‍ കൂടുതല്‍ കരപ്രദേശങ്ങള്‍ നിര്‍മ്മിച്ചു. ആധികാരിക രേഖകളില്‍ ഈ ഗ്രാമത്തെപ്പറ്റിയുള്ള ആദ്യ വിവരണം മദ്രാസിലെ സര്‍വ്വേയര്‍ ജനറല്‍ ആഫീസിനുവേണ്ടി ലഫ്റ്റനന്റുമാരായ വാര്‍ഡും കോര്‍ണറും ചേര്‍ന്ന് 1816 മുതല്‍ 1820 വരെ നടത്തിയ സാഹസിക സഞ്ചാരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ സര്‍വ്വേ ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ എന്ന പുസ്തകത്തില്‍ കാണുന്നു. പുരാതനമായ ചങ്ങംകരിക്ഷേത്രം, അതിനുസമീപം ഉണ്ടായിരുന്ന വലിയ നെല്‍പ്പുര, എടത്വായിലെ റോമന്‍ കത്തോലിക്ക പള്ളി, ആ പള്ളിയില്‍ ആണ്ടുതോറും തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ വന്നു ചേര്‍ന്നിരുന്ന പെരുന്നാള്‍ എന്നിവയെല്ലാം വിദേശ സഞ്ചാരികളുടേയും ചരിത്രകാരന്‍മാരുടേയും ശ്രദ്ധ പിടിച്ചുപറ്റി. വള്ളം കളിയുടെ ഈറ്റില്ലമെന്നു വിശേഷിക്കാവുന്ന കുട്ടനാട്ടിലെ ജലമേളകള്‍ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ കണ്ടാനന്ദിക്കുന്നു. തിരുവിതാംകൂറിലെ രാജഭരണ കാലത്ത് രാജാവിന്റെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ജലഘോഷയാത്രകള്‍ നടത്തിപോന്നിരുന്നു.
വില്ലേജ് യൂണിയന്‍ ഇന്നത്തെ പഞ്ചായത്തിന്റെ ആദ്യകാല രൂപമായിരുന്നു. അന്ന് വില്ലേജിന്റെയും വില്ലേജ് യൂണിയന്റെയും പേര് കോഴിമുക്ക്(കോയില്‍മുക്ക് എന്നും പറയാറുണ്ട്) എന്നായിരുന്നു. 1953 ല്‍ വില്ലേജ് യൂണിയന്റെ സ്ഥാനത്ത് പഞ്ചായത്ത് നിലവില്‍ വന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കോഴിമുക്ക് പഞ്ചായത്ത് എന്നത് എടത്വ പഞ്ചായത്ത് എന്നും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കോഴിമുക്കു വില്ലേജ് എന്നത് എടത്വ വില്ലേജ് എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു. കോഴിമുക്ക് മുറിയില്‍ ചെമ്പകശ്ശേരിയില്‍ രാജാവിന്റെ വകയായി ഒരു ചെറിയ ക്ഷേത്രവും അതിനുസമീപം ഒരു കൊട്ടാരവും ഒരു വലിയ നെല്‍പ്പുരയും ഉണ്ടായിരുന്നത് ആ സ്ഥലത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. ആരാധനാലയങ്ങളുടെ അല്ലെങ്കില്‍ കോവിലുകളുടെ സാന്നിദ്ധ്യമായിരിക്കണം ഈ പ്രദേശത്തിനെ കോഴിമുക്ക് (കോവില്‍ മുക്ക്) എന്ന പേരു ലഭിക്കുവാന്‍ കാരണം. അവയില്‍ ഏറ്റവും പുരാതനമായത് ഏഴു കരക്കാര്‍ ചേര്‍ന്ന് ചങ്ങംകരിയില്‍ നിര്‍മ്മിച്ച ശ്രീധര്‍മ്മശാസ്താ ക്ഷേത്രമാണ്. സമീപപ്രദേശങ്ങളിലുള്ള മറ്റു ക്ഷേത്രങ്ങള്‍ എല്ലാം ഇതിന്റെ ഉപക്ഷേത്രങ്ങളാണെന്നു പറയപ്പെടുന്നു. പുരാതനമായ ചങ്ങംകരിക്ഷേത്രം, അതിനുസമീപം ഉണ്ടായിരുന്ന വലിയ നെല്‍പ്പുര, എടത്വായിലെ റോമന്‍ കത്തോലിക്ക പള്ളി, ആ പള്ളിയില്‍ ആണ്ടുതോറും തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ വന്നു ചേര്‍ന്നിരുന്ന പെരുന്നാള്‍ എന്നിവയെല്ലാം ആംഗലേയ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ജനങ്ങളെപ്പറ്റിയും അവര്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷി മാത്രമായിരുന്നു ജനങ്ങളുടെ തൊഴില്‍. പുഞ്ചനിലങ്ങളില്‍ വെള്ളം വറ്റിക്കുന്നതിന് നാലില മുതല്‍ ഇരുപത്തിനാലില വരെയുള്ള ചക്രങ്ങള്‍ ഉണ്ടായിരുന്നു. രണ്ടോ അതിലധികമോ വര്‍ഷങ്ങള്‍ ഇടവിട്ട് മാറിമാറി നിലങ്ങള്‍ കൃഷി ചെയ്തിരുന്നു.