Tuesday, October 11, 2011

മരണാനന്തരം

ഒരു ഭയകമ്പനം
ഇടവിട്ടു മിന്നുന്ന വാല്‍നക്ഷത്രത്തിന്റെ
വാലു പോലെ വളരെ നീണ്ടത്,
അതു നമ്മെ മുറിയുടെ
ചുവരുകള്‍ക്കുള്ളില്‍ പിടിച്ചു നിര്‍ത്തി.
ടിവി ദൃശ്യങ്ങളെ
മഞ്ഞുകണങ്ങള്‍ കൊണ്ടു മൂടി
ടെലിഫോണ്‍ വയറുകളില്‍
തണുത്തുറഞ്ഞ്
തുള്ളികളെപ്പോലെ
പറ്റിപ്പിടിച്ചു

അപ്പോഴും അത്,
ഹൃദയസ്പന്ദനത്തിന്റെ
നേര്‍ത്ത മര്‍മരം പോലെ,
കേള്‍ക്കാന്‍ മനോഹരമായിരുന്നു.
പക്ഷേ, യാഥാര്‍ഥ്യം
ശരീരത്തേക്കാള്‍ നിഴലിനോടു
ചേര്‍ന്നു നിന്നു

എങ്കിലും,
ഏതാനു ഇലകള്‍ മാത്രം
നിറഞ്ഞ കുറ്റിക്കാടുകള്‍ക്കിടയിലൂടെ,
നമുക്കു ശൈത്യകാല സൂര്യന്റെ
കിരണങ്ങളിലൂടെ
സഞ്ചരിക്കാം.
അവശേഷിച്ച ഇലകള്‍
പഴയ ടെലിഫോണ്‍ ഡയറിയില്‍
നിന്നും കീറിയ കടലാസുകള്‍
പോലെ തോന്നിച്ചു.
പേരുകളെ തണുപ്പു തിന്നിരുന്നു.

നൊബേല്‍ ജേതാവ് ടോമാസ് ട്രാന്‍സ്‌ട്രോമറുടെ ആഫ്റ്റര്‍ ദ ഡെത്ത് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
                    കടപ്പാട്   ആശയം വ്യക്തമാക്കിത്തന്ന പ്രഫ. ബി . കേരളവര്‍മ(നാട്ടകം ഗവ. കോളജ്) സാറിനോട്.


FACEBOOK COMMENT BOX