Monday, January 23, 2012

പ്രതിബിംബം

ഇന്നലെ
സ്വപ്‌നത്തില്‍ ലേഖമെഴുതി
തലക്കെട്ടിട്ടു
പുറന്തള്ളപ്പെട്ടവന്

അമ്പലവാതുക്കല്‍
ദര്‍ശനപുണ്യത്തിനായി കാത്തുനിന്നു
എന്നിട്ടും അമ്പലമില്ലാത്തവന്

പള്ളിയില്‍
അള്‍ത്താരയുടെ നിഴലില്‍
ഒതുങ്ങി നിന്നു
എന്നിട്ടും പള്ളിയില്ലാത്തവന്

സ്വയം
പ്രതിരോധത്തിന്റെ കൊടിപിടിച്ചു
എന്നിട്ടും കൊടിയില്ലാത്തവന്

വിധിപ്രകാരം
എല്ലാ കര്‍മങ്ങളും ചെയ്ത്
തിരുനെറ്റിയില്‍
ചന്ദനക്കുറി തൊട്ടു
എന്നിട്ടും കര്‍മമില്ലാത്തവന്

വെളുത്ത കുപ്പായക്കാര്‍ തന്ന
ദൈവികത കൈപ്പറ്റി
കൂദാശകള്‍ സ്വീകരിച്ചു
എന്നിട്ടും കൂദാശകളില്ലാത്തവന്

ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ്ക്യാപിറ്റല്‍
വിഭാഗീയത
വിമോചന സമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്വവാദം
രാഷ്ട്രീയം മനപാഠമാക്കി
എന്നിട്ടും രാഷ്ട്രീയമില്ലാത്തവന്

ദൈവം
വിശ്വാസം
പ്രാര്‍ഥന
യാഗം
ബലി
നിസ്കാരം
ഉപവാസം
ആത്മാവ്
നെഞ്ചില്‍
മതം ഉരുക്കിയൊഴിച്ചു
എന്നിട്ടും മതമില്ലാത്തവന്

ഉണര്‍ന്ന്
ജനാലകള്‍ തുറന്നു
വെളിച്ചം മതിയായില്ല
റാന്തല്‍ തെളിച്ചു
കണ്ണാടിയില്‍ നോക്കി
പുറന്തള്ളപ്പെട്ടവന്റെ ആലസ്യം
പ്രതിബിംബിച്ചു

Monday, January 2, 2012

കറുത്തവന്‍

അവന്,
വെളുപ്പു നിറമില്ല
സുന്ദരനല്ല
നീലകണ്ണുകളില്ല

അടയാളപ്പെടുത്തലുകള്‍
ആരും അറിഞ്ഞില്ല
രോദനം
ആരും കേട്ടില്ല
വാക്കുകള്‍
ആരും വായിച്ചില്ല
ചിന്തകള്‍
ആരും തിരിച്ചറിഞ്ഞില്ല
ചരിത്രം
ആരും രേഖപ്പെടുത്തിയില്ല

അവന്റെ,
ആഘോഷങ്ങള്‍
സ്വപ്‌നങ്ങള്‍
ബന്ധങ്ങള്‍
പ്രണയം
കാമം
ഹാസ്യം
എല്ലാം കറുത്തതായിരുന്നു

പരാജയപ്പെട്ടവരുടെ
ചരിത്രത്തില്‍
കറുത്തവരകൊണ്ട്
അടിവരയിട്ടു

പുതിയ തലമുറ
വിദ്വേഷം കൊണ്ട്
കറുത്ത
കണ്ണടവച്ച്
വീരപുരുഷനെന്ന്
വിളിച്ചു പരിഹസിച്ചു

ഭയം
കറുത്ത
കാര്‍മേഘമായി

മരണം
കറുത്ത സ്വര്‍ഗത്തില്‍
നിന്ന്
ഇരുണ്ട കോട്ടിട്ട്
വെയില്‍ കൊള്ളാതെ
തേടിയെത്തി

FACEBOOK COMMENT BOX