Monday, June 10, 2013

KL- 47 5002 ഒരു കവി(ത) കാത്തിരിക്കുന്നു

നെഞ്ചുംവിരിച്ച് തലകുനിക്കുന്നു, കാത്തുശിക്ഷിക്കണേ എന്നീ കവിതാ സമാഹാരങ്ങളിലൂടെ പ്രശസ്തനായ കവി എം എസ് ബനേഷ് സംസാരിക്കുന്നു

കവിതയിലേക്കുള്ള വരവ്

ഏയ്, കവിതയിലേക്ക് അങ്ങനെ എന്റേതായ വരവൊന്നും ഉണ്ടായിട്ടില്ല സന്ദീപ്. വരാനുള്ള പരമ്പരാഗത പാതകളൊന്നും ഇല്ലായിരുന്നു. കോമരങ്ങള്‍ തലവെട്ടിപ്പൊളിക്കുകയും തെറിപ്പാട്ട് പാടുകയും ചെയ്യുന്ന കൊടുങ്ങല്ലൂരില്‍ ജനിച്ച അന്തര്‍മുഖനായ ഒരു കുട്ടി. ടാക്‌സി െ്രെഡവറായ അച്ഛന്‍. അടുക്കളയില്‍ മാത്രം പെരുമാറ്റമുള്ള അമ്മ. വാളുകളും ചിലമ്പുകളും കുരുതിക്കോഴികളുടെ ചോരയും മഞ്ഞളും ഇടകലര്‍ന്ന നിറങ്ങളും കണ്ടായിരുന്നു വളര്‍ച്ച. പരാജയപ്പെട്ട നക്‌സലൈറ്റുകളുടെ നീണ്ട നിരാശാഭരിതമായ താടിരൂപങ്ങളെ വിസ്മയിച്ചുനോക്കിയും അമ്പല ആല്‍ത്തറകളിലെ സ്വവര്‍ഗാനുരാഗികളെയും ബാലപ്രിയരായ പുരുഷന്മാരെയും ഭയന്നുമായിരുന്നു കൊടുങ്ങല്ലൂര്‍ ബോയ്‌സ് സ്കൂളിലേക്കുള്ള യാത്രകള്‍. എട്ടാം ക്ലാസിലായിരുന്നു കവിതയുടെ ഇങ്ങോട്ടുള്ള വരവ്. ചോദിക്കാതെ കയറിവരികയായിരുന്നു. അതിന്റെ ഒരു ഭയം എപ്പോഴും ഉണ്ട്. ഏതു നിമിഷവും തിരിച്ചുപോയാലോ എന്ന്. അതുകൊണ്ട് ഏതു വരള്‍ക്കാലത്തും ഉള്ളിലെ കവിതയെ താലോലിക്കാത്ത നാളുകളില്ല.
Deepika Yo page for youth - june 11


കവിത വളര്‍ന്നത്.

മാല്യങ്കര എസ് എന്‍ എം കോളേജിലെ പ്രീഡിഗ്രിക്കാലം, അന്ന് വായിച്ച് ആവേശിച്ച് ഇറങ്ങിപ്പോയ കടമ്മനിട്ട, ബാലചന്ദ്രന്‍, സച്ചിദാനന്ദന്‍, അയ്യപ്പപ്പണിക്കര്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, ഒഎന്‍വി, നെരൂദയുടെയും ഒക്ടേവിയോ പാസിന്റെയും പരിഭാഷകള്‍, സ്കൂള്‍ നാളുകളില്‍ വായിച്ചിരുന്ന മംഗളം മനോരമ പൈങ്കിളി വാരികകളിലെ നോവലുകള്‍, സ്കൂളിലെ ആണ്ടവന്‍ എന്ന വില്ലന്‍ കൂട്ടുകാരന്‍ ഇടക്കിടെ നിര്‍ബന്ധിപ്പിച്ച് വായിപ്പിച്ചിരുന്ന ലൈംഗിക കൊച്ചുപുസ്തകങ്ങള്‍, ഒറ്റയ്ക്കും തെറ്റയ്ക്കും വായിച്ച അദ്ധ്യാത്മരാമായണം, ഇവയെല്ലാം അന്നത്തെ വായനാ സംസ്കാരത്തെ കിടുക്കിയിരുന്നു, കവിതയേയും. ഇടയ്ക്ക് പ്രീഡിഗ്രി പഠനം മുടങ്ങി, കേരളം മുഴുവന്‍ പുസ്തകങ്ങള്‍ വിറ്റുനടന്നു. ആദ്യകവിതകള്‍ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പൂങ്കാവനം മാസിക, സരോവരം മാസിക, തൊഴിലില്ലാതെ അലഞ്ഞ നാളുകളില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിച്ച അന്നത്തെ പത്രാധിപര്‍ ശ്രീകുമാര്‍, പിന്നെ ചെറിയ ചെറിയ കവിയരങ്ങുകള്‍, കവിതയില്‍ ഉന്മാദമോ ഉന്മാദത്തില്‍ കവിതയോ നിറച്ചുനടന്ന കൊടുങ്ങല്ലൂരിലെത്തന്നെ പിഎ നാസുമുദ്ദീന്‍, പിഎന്‍ ഗോപീകൃഷ്ണന്‍, എറണാകുളം മഹാരാജാസിലെ എംഎക്കാലം, കെജിഎസ്, ഡി വിനയചന്ദ്രന്‍, ഗുരുത്വസൗഹൃദങ്ങള്‍, കവിത വളര്‍ന്ന സമൃദ്ധകാലങ്ങള്‍.


കവിതകള്‍ ഉണ്ടാവുന്നത്.

അതിന് കസേരയില്‍ ചാഞ്ഞുകിടന്ന് ശാന്തതയില്‍ അഭിരമിക്കുകയൊന്നും വേണ്ട സന്ദീപ്. എവിടെവച്ചും ഉണ്ടാകാം. ആശുപത്രിയില്‍ നില്‍ക്കുമ്പോള്‍, ബസില്‍ തിരക്കില്‍ കമ്പിയില്‍ തൂങ്ങി ലോകം കീഴടക്കുമ്പോള്‍, ഉറക്കത്തില്‍, ഇറച്ചിക്കടയില്‍ നില്‍ക്കുമ്പോള്‍പ്പോലും. പലപ്പോഴും പൊടുന്നനേ പ്രവഹിച്ചുവരുന്ന നാലോ അഞ്ചോ വരികള്‍. ചിലപ്പോള്‍ വൃത്തത്തില്‍, പലപ്പോഴും നാവിനോളം പരുപരുപ്പുള്ള ഗദ്യത്തില്‍. കടലാസ് കയ്യിലുണ്ടെങ്കില്‍ അപ്പോള്‍തന്നെ കുറിച്ചുവയ്ക്കും. ഇല്ലെങ്കില്‍ കടലാസ് കിട്ടുംവരെ ആ വരികളെ നാവിന്‍തുമ്പില്‍ നൃത്തം ചെയ്യിക്കും. കടലാസ് കിട്ടിയാല്‍ എഴുതിവയ്ക്കും. അതോടെ തീരും. എന്താവും അതിന്റെ ഭാവിയെന്ന് അപ്പോള്‍ പറയാനാവില്ല. ആഴ്ച്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം  വീണ്ടും വായിക്കുമ്പോള്‍, ബാക്കിയുള്ള വരികള്‍ ഒരു അദൃശ്യസമുദ്രത്തില്‍ നിന്നെന്നപോലെ അലയടിച്ചെത്തും. ആദ്യവരികള്‍ വരുമ്പോള്‍ അറിയില്ല, ആ കവിത ഏതു ചുഴിയിലേക്കാണ് നമ്മെ വലിച്ചിടാന്‍ പോവുന്നതെന്ന്.

കവിതയിലെ രാഷ്ട്രീയം

എന്റെ എല്ലാ കവിതകളും രാഷ്ട്രീയകവിതകളാണ്. പ്രണയവും രതിയും വിരതിയും നിറയുന്ന കവിതകളില്‍പ്പോലും. പ്രസിദ്ധീകരിച്ച രണ്ട് കവിതാസമാഹാരങ്ങളുടെയും ശീര്‍ഷകങ്ങളില്‍ത്തന്നെ ആ രാഷ്ട്രീയം പ്രകടമാണ്. തലകുനിക്കുമ്പോളും നെഞ്ചുംവിരിച്ചാണ് ആ കുനിയല്‍ എന്ന താക്കീത്. കാത്തുരക്ഷിക്കുകയാണെന്ന വ്യാജേന നിങ്ങള്‍ ചെയ്യുന്നത് കാത്തുശിക്ഷിക്കലാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന ഓര്‍മ്മപ്പെടുത്തല്‍. 'അടിയന്‍' എന്ന കവിതയില്‍ എറാന്‍ എന്ന് പറഞ്ഞ് തലതാഴ്ത്തുന്നതിന് പകരം കരണത്തടിച്ച് അല്പനേരത്തേക്കെങ്കിലും സാക്ഷാല്‍ അടിയന്‍ ആവുന്ന മനുഷ്യന്‍. ഛെന്നായ എന്ന കവിതയിലെ ഛെ എന്ന് ആട്ടുമ്പോള്‍ തുമ്മിത്തെറിച്ച് ചെ പോയി വാലാട്ടിനില്‍ക്കുന്ന വെറും നായയില്‍പ്പോലും ആ രാഷ്ട്രീയം പ്രകടമാണ്.

എഴുത്തിലെ ദര്‍ശനം

തെളിഞ്ഞൊരു ജീവിതബോധം നിങ്ങള്‍ക്കുണ്ടെങ്കില്‍ ദര്‍ശനം അതിന്റെ വഴിക്കുവന്നുകൊള്ളും. ദര്‍ശനത്തിനുവേണ്ടി കര്‍ശനമായ എന്തെങ്കിലും ചിട്ടവട്ടങ്ങള്‍ എഴുത്തില്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നില്ല. പുല്ലും പുഴുവും പൂക്കളും ഉറുമ്പും ആനയും സിംഹവും പ്രണയിനികളും സഖാക്കളും ആള്‍ക്കൂട്ടങ്ങളുമെല്ലാം നിറഞ്ഞ ഒരു ലോകത്തിന്റെ വിയര്‍പ്പില്‍ തെളിയുന്ന മാനവികതയും മൃഗപരതയുമാവാം എന്റെ ദര്‍ശനം. ചിലപ്പോള്‍ ദര്‍ശനഭാരമൊന്നുമില്ലാത്ത ഒരു ശലഭച്ചിറകും.

ഓണ്‍ലൈന്‍ എഴുത്ത്

സുന്ദരമായ കയ്യക്ഷരങ്ങളുണ്ട് എനിക്ക്. ഇപ്പോള്‍ കീ ബോര്‍ഡുകള്‍ക്കാണ് ആ അക്ഷരങ്ങളേക്കാള്‍ വേഗംകൂടുതല്‍. പക്ഷേ കവിതകള്‍ വരുന്നത് എവിടെ വച്ചുമാവാമെന്നതിനാല്‍ കവിതകള്‍ കയ്യക്ഷരങ്ങളായിത്തന്നെ പിറക്കുന്നു. ഓണ്‍ലൈനില്‍ കവിതകളെ പറഞ്ഞയ്ക്കാറില്ല. നിരന്തരം എഴുതുന്നത് എക്കാലത്തും കുറവ്. അതുകൊണ്ട് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് മാത്രമേ കവിതകള്‍ നല്‍കാന്‍ കഴിയാറുള്ളൂ. ഓണ്‍ലൈന്‍ അക്ഷരങ്ങള്‍ വായിക്കാറുണ്ട്. അതിന്റേതായ ആനന്ദനിരാശകളുമുണ്ട്.

കവിത വിമര്‍ശിക്കപ്പെടുന്നു.

വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും അപ്പുറമോ ഇപ്പുറമോ ഉള്ള ഒരു ഇടത്തിലാണ് എന്റെ കവിതകള്‍ എന്ന് തോന്നുന്നു. ആ കവിതയെ വായിക്കുന്നവര്‍ നിശ്ശബ്ദമായി അനുഭവിക്കുന്നവരാകണം. അല്ലാത്തവര്‍ അതിഷ്ടമില്ലാതെ പിന്‍വാങ്ങുന്നവരും. സ്വന്തം കവിതയെ മുന്‍നിര്‍ത്തി കാവ്യസൗന്ദര്യശാസ്ത്രങ്ങളൊന്നും ഞാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വിഷവും അമൃതും ഇടചേര്‍ന്നതാണ് എന്റെ കവിതയെന്ന് തോന്നുന്നു.

എഴുതാന്‍ കൊതിക്കുന്ന കവിത

കെഎല്‍ 47, 5002 എന്നാണ് ആ കവിതയുടെ പേര്.  പേര് മാത്രമേ ആയുള്ളൂ. ഇതുവരെ എഴുതിയിട്ടില്ല. എഴുതാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. പാതിരാമഴകളിലും മിന്നല്‍പ്പെരുക്കങ്ങളിലും കൊടുംവേനലിലും അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ പലതരം തെരുവുകളിലൂടെ വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന അച്ഛനെക്കുറിച്ച്. ആ വണ്ടി വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്ന പലതരം ലോകങ്ങളെക്കുറിച്ച്. തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ആ വണ്ടിയില്‍ ചാഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ പാട്ടുവയ്ക്കാന്‍ പറഞ്ഞ് തുടയില്‍ താളം കൊട്ടി കേട്ടിരുന്ന പി.ഭാസ്കരന്‍മാഷിനെക്കുറിച്ച്. കണ്ണുകള്‍ തുറന്ന് ജാഗ്രതയോടെ മരിച്ച എംഎന്‍ വിജയന്‍മാഷ് പ്രസംഗവേദികളിലേക്ക് പോകുമ്പോള്‍ അതേ കാറിലിരുന്ന് ദോശചുടുന്നതിന്റെ റസീപി പറഞ്ഞുകൊടുത്തിരുന്നതിനെക്കുറിച്ച്. എഴുതാന്‍ ശ്രമിക്കുന്നു. സഡന്‍ബ്രേക്കോടെ വാക്കുകള്‍ തേഞ്ഞുരഞ്ഞ് നിന്നുപോകുന്നു. എപ്പോഴെങ്കിലും എഴുതിയേക്കും.

FACEBOOK COMMENT BOX