കവിത
........................................
original title: History of nightരചന: ഹൊര്‍ഹെ ലൂയി ബോര്‍ഹസ്
വിവര്‍ത്തനം: സന്ദീപ് സലിം
...........................................
തലമുറകളിലൂടെ
നമ്മള്‍ രാത്രിയെ നിര്‍മിച്ചെടുത്തു
അന്ധതയായിരുന്നു ആദ്യമവള്‍
സ്വപ്‌നമായിരുന്നു,
നഗ്നപാദങ്ങളെ മുറിപ്പെടുത്തിയ മുള്ളുകളായിരുന്നു
ചെന്നായുടെ ഭയമായിരുന്നു
രണ്ടു സന്ധ്യകളെത്തമ്മില്‍ വേര്‍തിരിക്കുന്ന
നിഴലിന്റെ ഇടവേളയ്ക്ക്
രാത്രിയെന്ന വാക്ക് നല്‍കിയതാരെന്ന്,
ഒരിക്കലും നമ്മളറിയുന്നില്ല
നക്ഷത്രജന്യമായ നാഴികയെന്നയര്‍ഥം
ഏതു യുഗത്തില്‍ നിന്നാണ്
രാത്രിയെന്ന വാക്കിന് കിട്ടിയതെന്ന്
ഒരിക്കലും നമ്മളറിയുന്നില്ല
മറ്റുള്ളവര്‍ ഐതിഹ്യങ്ങള്‍ രചിച്ചു
അവരവളെ നമ്മുടെ വിധികര്‍ത്താക്കളാക്കി
നിലയ്ക്കാത്ത ഭാഗ്യങ്ങളുടെ മാതാവാക്കി
കറുത്ത ചെമ്മരിയാടുകളേയും
സ്വന്തം മരണം കൂവിയറിയിക്കുന്ന
പൂവന്‍ കോഴികളെയും
അവള്‍ക്കായി ബലികഴിച്ചു
അവള്‍ക്കായി പന്ത്രണ്ടു ഭവനങ്ങള്‍
കല്‍ദായര്‍ പണിതു
സീനേ എണ്ണമറ്റ പദങ്ങളും
ലത്തീനിലെ ആറുവരി ശീലുകളും
പാസ്കലിന്റെ മഹാഭയവും
അവള്‍ക്കു രൂപം നല്‍കി
തന്റെ ശോകാത്മാവിനെ
ലൂയി ദെ ലിയോണ്‍ അവളില്‍ കണ്ടു
നമുക്ക് ഇന്നവള്‍ അറുതിവരാത്തവളാണ്,
പഴകിയ വീഞ്ഞു പോലെ
അവളെ ഇന്നു നോക്കുമ്പോള്‍
മോഹാലസ്യപ്പെടും പോലെ,
കാലമവള്‍ക്കു സനാതനത്വം ചാര്‍ത്തി നല്‍കി
രാത്രി ഉണ്ടാവുമായിരുന്നില്ലെന്നോര്‍ക്കുക
ലോല ഉപകരണങ്ങളായ
കണ്ണുകളില്ലായിരുന്നെങ്കില്‍
..................