Friday, July 19, 2019

ചന്ദ്രന്‍ തലകുനിച്ചിട്ട് അരനൂറ്റാണ്ട്

സന്ദീപ് സലിം

''ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വയ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ വന്‍ കുതിച്ചുചാട്ടവും.''
-- നീല്‍ ആംസ്‌ട്രോംഗ്.

അമേരിക്കന്‍  ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് 1969 ജൂലൈ 21 ന് പറഞ്ഞ  വാചകമാണിത്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നിമിഷമാണ് അദ്ദേഹമിതുപറഞ്ഞത്.
ചന്ദ്രന്‍ മനുഷ്യന് മുന്നില്‍ തലകുനിച്ചിട്ട് 50 വര്‍ഷം  പൂര്‍ത്തിയാവുന്നു (അമേരിക്കയില്‍ ജൂലൈ 20). നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനിലിറങ്ങി 19 മിനിട്ടിനുശേഷം സഹയാത്രികന്‍ എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനെ തൊട്ടു.  ചന്ദ്രനില്‍ പാദമുദ്ര പതിപ്പിച്ച രണ്ടാമന്‍.
മനുഷ്യനെ  ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ അമേരിക്കയുടെ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969  ജൂലൈ 16ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍!നിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. അപ്പോളോ  11ന് മുമ്പ് ചന്ദ്രനെ കീഴടക്കാന്‍ അമേരിക്കയും റഷ്യയും നിരവധി ശ്രമങ്ങള്‍  നടത്തിയിട്ടുണ്ട്. 1959ല്‍ തുടങ്ങിയ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തിയത് 1966  ലാണ്.1966 ഫെബ്രുവരി നാലിനു റഷ്യയുടെ ലൂണാ 9 ചരിത്രദൗത്യം പൂര്‍ത്തിയാക്കി  ചന്ദ്രനില്‍ ഇറങ്ങി. ചിത്രങ്ങളെടുത്തു. എന്നാല്‍, ആ ദൗത്യത്തില്‍ മനുഷ്യന്‍  ഉണ്ടായിരുന്നില്ല.

വഴിതെളിച്ചത് കിടമത്‌സരം

ശാസ്ത്രസാങ്കേതിക  രംഗത്ത് അമേരിക്കയുടെയും സോവ്യറ്റ് യൂണിയന്റെയും ഇടയിലുണ്ടായിരുന്ന  മത്സരബുദ്ധിയാണ് ശാസ്ത്രസാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടമായി  വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്റെ ചന്ദ്രയാത്രയിലേക്കു വഴിതെളിച്ചത്.  ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ തങ്ങളാണ് ഒന്നാംനിരക്കാര്‍ എന്ന  ചിന്ത എല്ലാക്കാലത്തും അമേരിക്കക്കാര്‍ക്കുണ്ടായിരുന്നു. വസ്തുതകള്‍  പരിശോധിച്ചാല്‍ ഒരു പരിധിവരെ ഇത് സത്യമാണ്. എന്നാല്‍, ബഹിരാകാശ ഗവേഷണ  രംഗത്ത് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് 1957 ല്‍  സ്പുട്‌നിക് എന്ന ഉപഗ്രഹം സോവ്യറ്റ് യൂണിയന്‍ (1990 ല്‍ യൂണിയന്‍  തകര്‍ന്നു) വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു. ഭൂമിയെ ഭ്രമണം  ചെയ്യുന്ന ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്‌നിക് മാറി.
നാലു വര്‍ഷങ്ങള്‍ക്കുശേഷം  യൂറി അലക്‌സെവിച് ഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവ്യറ്റ് യൂണിയന്‍  വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഇതോടെ അമേരിക്കയെ സംബന്ധിച്ച് ബഹിരാകാശ ഗവേഷണ  രംഗത്ത് തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കണമെന്ന ചിന്തയുണര്‍ന്നു. സോവ്യറ്റ്  യൂണിയനൊപ്പമെത്തിയാല്‍ പോര അതിനുമപ്പുറം സഞ്ചരിച്ചേ മതിയാവൂ എന്ന  സാഹചര്യത്തിലാണ്. ഒരു പക്ഷേ, ഇന്നും അതിസാഹസികമെന്നു വിശേഷിപ്പിക്കുന്ന  ചാന്ദ്രദൗത്യത്തിന് അമേരിക്ക തയാറായത്.

ആവശ്യപ്പെട്ടതു കെന്നഡി

ചാന്ദ്രദൗത്യം  നടത്താന്‍ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടത് അമേരിക്കയുടെ  എക്കാലത്തെയും മികച്ച ഭരണാധികാരിയെന്ന ഖ്യാതിക്ക് ഉടമയായ ജോണ്‍ എഫ്.  കെന്നഡിയാണ്. ബഹിരാകാശത്തേക്ക് ഉപഗ്രഹമയച്ചു  തിരികെയെത്തിച്ചിട്ടുപോലുമില്ലാത്ത രാജ്യത്തോടാണ് പ്രസിഡന്റ് കെന്നഡി ഈ  ആവശ്യം മുന്നോട്ടുവച്ചത്. അങ്ങനെയാണ് അപ്പോളോ ദൗത്യം ആരംഭിക്കുന്നത്.
ഏകദേശം എട്ടു വര്‍ഷത്തെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് 1969 ജൂലൈ  16ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം  രാത്രി 7.02ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 11. നീല്‍ ആംസ്‌ട്രോംഗ്, എഡ്വിന്‍  ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു അപ്പോളോ 11ലെ  യാത്രക്കാര്‍. ഭീമാകാരമായ സാറ്റേണ്‍ അഞ്ച് റോക്കറ്റാണ് മനുഷ്യരേയും കൊണ്ടു  ചന്ദ്രനിലേക്കു കുതിച്ചത്. അപ്പോളോ 11 ന്റെ ഭാരം 3,100 ടണ്‍ ആയിരുന്നു. 36  നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേണ്‍ അഞ്ച് റോക്കറ്റിന്; അതായത് ഏതാണ്ട് 110 മീറ്റര്‍ ഉയരം.

രണ്ടുവര്‍ഷം, എട്ടു വിക്ഷേപണങ്ങള്‍

അപ്പോളോ  11നു മുന്പ് 1967 ലും 1968 ലും ഉപഗ്രഹങ്ങളെ അമേരിക്ക ഭ്രമണപഥത്തിലെത്തിച്ചു.  1968 നവംബറില്‍ മൂന്നു ബഹിരാകാശ സഞ്ചാരികളുമായി അപ്പോളോ ഏഴ് ബഹിരാകാശത്ത്  260 മണിക്കൂര്‍ ചെലവഴിച്ചു. അടുത്തമാസം മൂന്നു ബഹിരാകാശ യാത്രികരുമായി  അപ്പോളോ എട്ട് ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.  അപ്പോളോ എട്ട് ചന്ദ്രന്റെ ഉപരിതലത്തിന് 69 മൈല്‍ അടുത്തുവരെയെത്തി.  പിന്നീട്, അപ്പോളോ ഒന്പതും പത്തും വിക്ഷേപിക്കപ്പെട്ടു. ഈ രണ്ടു  പരീക്ഷണങ്ങളുടെയും ലക്ഷ്യം ചന്ദ്രനില്‍ സുരക്ഷിതമായി എങ്ങനെ ഇറങ്ങാം എന്ന  പരീക്ഷണങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുന്നോടിയായി ഏഴ്  ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിച്ചത്. അതും വെറും ഒരു വര്‍ഷത്തിനുള്ളില്‍.

സുരക്ഷിതത്വത്തിനു വലിയ പ്രാധാന്യം

ഒന്നു  പിഴച്ചാല്‍ യാത്രക്കാരുടെ ജീവന്‍ പൊലിയുകയും കളങ്കിത ചരിത്രം രചിക്കപ്പെടുകയും  ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. അക്കാരണത്താല്‍ സുരക്ഷയുടെ  കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നാസ തയാറായില്ല. അപ്പോളോ നാലു മുതല്‍ 10 വരെ  ദൗത്യങ്ങള്‍ നടത്തിയത് സുരക്ഷയില്‍ ഒരു പിഴവും വരാതിരിക്കുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ്. ഒന്നിലേറെ റോക്കറ്റുകള്‍ പരീക്ഷിച്ചതിനു ശേഷമാണ്  സാറ്റേണ്‍ അഞ്ചിലേക്ക് നാസ എത്തിച്ചേരുന്നത്.

ആ ദിവസം ചരിത്രം പിറന്നു

1969  ജൂലൈ 16 ലോകമെന്പാടും ജനങ്ങള്‍ കാത്തിരുന്ന ദിവസം. നീല്‍ ആംസ്‌ട്രോംഗ്, എഡ്വിന്‍  ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരെയും കൊണ്ടു അപ്പോളോ 11 ഫ്‌ളോറിഡയിലെ  കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു വിക്ഷേപിക്കപ്പെട്ടു. കൊളംബിയ  (മാതൃപേടകം), ഈഗിള്‍ (ചന്ദ്രപേടകം) എന്നീ രണ്ടു മൊഡ്യൂളുകളായിരുന്നു അപ്പോളോ  11 ല്‍ ഉണ്ടായിരുന്നത്. അപ്പോളോ 11 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ  ശേഷം ആള്‍ഡ്രിനും ആംസ്‌ട്രോംഗും കൊളംബിയയില്‍ നിന്ന് ചന്ദ്രപേടക  (ഈഗിള്‍)ത്തില്‍ പ്രവേശിച്ചു. ഇതേസമയം കോളിന്‍സ് മാതൃപേടകമായ കൊളംബിയയെ  നിയന്ത്രിക്കുകയായിരുന്നു. അപ്പോളൊ 11 ല്‍ നിന്ന് കൊളംബിയ വേര്‍പെട്ട്  ഒറ്റയ്ക്ക് ഭ്രമണം ചെയ്യാന്‍ ആരംഭിച്ചു. ചന്ദ്രനെ 12ാം തവണ പ്രദക്ഷിണം  വയ്ക്കുമ്പോള്‍ ഈഗിളും കൊളംബിയയും തമ്മില്‍ വേര്‍പെട്ടു.
ജൂലൈ 21ന്  പുലര്‍ച്ചെ 01.47 ന് (അമേരിക്കന്‍ സമയം ജൂലൈ 20 രാത്രി 8.17) ഈഗിള്‍ ചന്ദ്രനിലെ പ്രശാന്തസാഗരത്തില്‍  ഇറങ്ങി. ഏഴ് മണിക്കൂറോളം ഈഗിളില്‍ കഴിഞ്ഞ ശേഷം പ്രത്യേകതരം വസ്ത്രങ്ങള്‍  ധരിച്ച്, നീല്‍ ആംസ്‌ട്രോംഗ് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. കുറച്ചു  സമയത്തിനു ശേഷം എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. ഇറങ്ങിയ സ്ഥലത്തിന്  ആംസ്‌ട്രോംഗും ആള്‍ഡ്രിനും കൊടുത്ത പേര് പ്രശാന്തഘട്ടം എന്നര്‍ഥമുള്ള  ട്രാങ്ക്വിലിറ്റി ബേസ് എന്നാണ്.

ചന്ദ്രനില്‍ കഴിഞ്ഞത് 21 മണിക്കൂര്‍

കൈവശം  കരുതിയിരുന്ന ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും അധികനേരം  ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചില്ല. ഏതാണ്ട് 21 മണിക്കൂര്‍  മാത്രമാണ് ഇരുവരും ചന്ദ്രനില്‍ തങ്ങിയത്. അതില്‍ തന്നെ രണ്ടര മണിക്കൂര്‍  മാത്രമാണ് ഇവര്‍ ഈഗിളിനു പുറത്ത് കഴിഞ്ഞത്. ഈഗിളില്‍ നിന്നുള്ള സന്ദേശം ലഭിച്ച  കൊളംബിയ ചന്ദ്രന്റെ ഉപരിതലത്തിന് പരമാവധി അടുത്തുവരികയും ഈഗിളില്‍  സജ്ജമാക്കിയ റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ഉയര്‍ന്ന് കൊളംബിയയുമായി  സന്ധിക്കുകയും ചെയ്തു. പിന്നീട്, ഈഗിള്‍ ഉപേക്ഷിച്ച് മൂന്നുപേരും മാതൃപേടകത്തില്‍  ഭൂമിയിലേക്കു യാത്രതിരിച്ചു. ജൂലൈ 24 ഇന്ത്യന്‍ സമയം 22:20 ന് പസിഫിക്  സമുദ്രത്തില്‍ ഇറങ്ങി.

18 ദിവസം പുറത്തിറങ്ങിയില്ല

പസിഫിക്  സമുദ്രത്തില്‍ ലാന്‍ഡ് ചെയ്ത മൂന്നു പേരെയും ഹോര്‍ണറ്റ് എന്ന കപ്പലില്‍  എത്തി. 18 ദിവസത്തേക്ക് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.  ഫോണിലൂടെ മാത്രമാണ് മൂവരും ബാഹ്യലോകവുമായി ബന്ധപ്പട്ടത്. ചന്ദ്രനില്‍നിന്ന്  അജ്ഞാതമായ ഏതെങ്കിലും രോഗാണുവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നതെങ്കില്‍ അത്  അത്യന്തം അപകടകരമാവുമെന്നും മനുഷ്യകുലത്തെതന്നെ നശിപ്പിക്കാന്‍  സാധ്യതയുണ്ടാവുമെന്നുമുള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് കടലില്‍ കപ്പലില്‍ തന്നെ  മൂവരെയും താമസിപ്പിച്ചത്.

ചന്ദ്രയാത്രകള്‍ അവസാനിച്ചിട്ടില്ല

അപ്പോളോ 11 നുശേഷം  ചന്ദ്രയാത്രകള്‍ അവസാനിച്ചില്ല. നാലുമാസങ്ങള്‍ക്കകം  അപ്പോളോ 12 ല്‍ ചാള്‍സ്  കോണ്‍റാഡും അലന്‍ ബീനും റിച്ചാര്‍ഡ് ഗോര്‍ഡനും ചന്ദ്രനിലേക്കു തിരിച്ചു. നവംബര്‍ 19  ന് കോണ്‍റാഡും ബീനും ചന്ദ്രനിലിറങ്ങി. ഏകദേശം 34 കിലോ പാറയും മണ്ണും അവര്‍  ചന്ദ്രനില്‍ നിന്നു ഭൂമിയിലേക്കു കൊണ്ടുവന്നു. ഏഴുമണിക്കൂര്‍ 45 മിനിറ്റ്  ഇരുവരും ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നു. മാത്യപേടകം യാങ്കി  കഌപ്പെറും ചാന്ദ്രപേടകം ഇന്‍ട്രെപിഡും അടങ്ങുന്ന രണ്ടു മോഡ്യൂളുകളാണ്  അപ്പോളോ 12 ല്‍ ഉണ്ടായിരുന്നത്. ഇരുവരും ഇറങ്ങിയ സ്ഥലം കൊടുങ്കാറ്റുകളുടെ കടല്‍  (സീ ഓഫ് സ്‌റ്റോംസ്) എന്നാണ് അറിയപ്പെടുന്നത്. 1971 ജനുവരിയില്‍ അപ്പോളോ 14, ജൂലൈയില്‍ അപ്പോളോ 15, 1972 ഏപ്രിലില്‍ അപ്പോളോ 16, 1972 ഡിസംബറില്‍ അപ്പോളോ 17 വരെ അപ്പോളോ പര്യവേഷണങ്ങള്‍ അമേരിക്ക തുടര്‍ന്നു.

അപ്പോളോ 13 പരാജയം

1970 ഏപ്രില്‍ 11നായിരുന്നു അപ്പോളോ 13 ചന്ദ്രനിലേക്കു തിരിച്ചത്. ജയിംസ് ലോവല്‍, ജാക് സ്വൈഗര്‍, ഫ്രെഡ് ഹൈസ് എന്നിവരായിരുന്നു യാത്രികര്‍ അപ്പോളോ 13 ലെ യാത്രികര്‍. എന്നാല്‍, ആ ദൗത്യം പരാജയമായിരുന്നു.
ഓക്‌സിജന്‍ ടാങ്കിന്റെ പുറത്തെ ലോഹപ്പാളി പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. ദൗത്യം ആരംഭിച്ച ശേഷം സാങ്കേതികത്തകരാര്‍ ഉണ്ടായിട്ടും ബഹിരാകാശ വാഹനത്തെ തിരിച്ചെത്തിക്കാനായത് വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഏപ്രില്‍ 17 ന് ബഹിരാകാശ വാഹനം പസഫിക് സമുദ്രത്തില്‍ തിരിച്ചെത്തി.

ചാന്ദ്രദൗത്യവുമായി ഇന്ത്യയും

1972 ല്‍ അപ്പോളോ പര്യവേഷണം അമേരിക്ക നിര്‍ത്തി. 2020 ല്‍ ചന്ദ്രനിലേക്കുള്ള പുതിയ ദൗത്യം ആരംഭിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്രഗവേഷണ ദൗത്യമായ ചാന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും.
അടുത്ത ദൗത്യം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുകയാണെന്ന് ഇന്ത്യ പ്രഖ്യപിച്ചു കഴിഞ്ഞു. ചൈനയും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്ന പര്യവേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

--------------------------------------------------------------------------------------------------------------------------


നീല്‍ ആംസ്‌ട്രോംഗ്


1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹായോക്കടുത്തുള്ള വാപ്പാക്കൊനേറ്റ എന്ന  സ്ഥലത്താണ് നീല്‍ ആംസ്‌ട്രോംഗ് ജനിച്ചത്. 1966ല്‍ ജെമിനി 8 എന്ന  ബഹിരാകാശവാഹനത്തില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തി. അവസാനത്തേ ബഹിരാകാശയാത്ര  അപ്പോളൊ 11ല്‍ മിഷന്‍ കമാന്‍ഡര്‍ പദവിയില്‍. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന്  കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു. ബഹിരാകാശസഞ്ചാരിയാവും  മുമ്പ് ആംസ്‌ട്രോംഗ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ ഇദ്ദേഹം  പങ്കെടുത്തിട്ടുണ്ട്. 2012 ഓഗസ്റ്റ് 25ന് അന്തരിച്ചു.

എഡ്‌വിന്‍ ആള്‍ഡ്രിന്‍


അപ്പോളോ  11 ദൗത്യത്തിലെ ചന്ദ്രപേടകത്തിന്റെ പൈലറ്റായിരുന്നു. ചന്ദ്രനിലിറങ്ങിയ  രണ്ടാമത്തെ വ്യക്തി. ബസ് ആള്‍ഡ്രിന്‍ എന്നാണ് വിളിപ്പേര്. 1951ല്‍  മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ആള്‍ഡ്രിന്‍ അമേരിയ്ക്കന്‍  വ്യോമസേനയില്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് ആയിരുന്നു. കൊറിയന്‍ യുദ്ധത്തില്‍  വൈമാനികനായി പങ്കെടുത്തിരുന്നു. ജെമിനി 12 എന്ന ദൗത്യത്തിന്റെ  പൈലറ്റായിരുന്നു. ബഹിരാകാശത്തു പേടകത്തിനു പുറത്തു നടത്തേണ്ട ദൗത്യങ്ങളും  പരീക്ഷണങ്ങളും ആള്‍ഡ്രിന്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

മൈക്കിള്‍ കോളിന്‍സ്


മൈക്കിള്‍ കോളിന്‍സ് 1930 ഒക്ടോബര്‍ 31  ന് ജനിച്ചു. ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. അപ്പോളോ  11ന്റെ കൊളംബിയ മൊഡ്യൂളിന്റെ പൈലറ്റായിരുന്നു. ഒന്നിലേറെത്തവണ  ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യന്‍, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച  രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികള്‍ കോളിന്‍സിനുണ്ട്. ആംസ്‌ട്രോംഗും  ആള്‍ഡ്രിനും കൊളംബിയ മൊഡ്യൂളില്‍ തിരികെയെത്തുന്നതു വരെ കോളിന്‍സ് ചന്ദ്രനെ  ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. ചരിത്രപരമായ ഈ ദൗത്യത്തില്‍ കോളിന്‍സിന്റെ  പങ്ക് നിര്‍ണായകമായിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പെരുമ  നേടിയത് ചന്ദ്രനിലിറങ്ങിയ ആംസ്‌ട്രോംഗും ആള്‍ഡ്രിനും ആയിരുന്നു.



FACEBOOK COMMENT BOX