Thursday, February 25, 2021

കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോകുമ്പോള്‍....






സന്ദീപ് സലിം

വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ തൂലികയില്‍ നിന്ന് പിറന്നുവീണ കവിതകളില്‍ കേന്ദ്രസ്ഥാനത്തു മനുഷ്യനുണ്ടായിരുന്നു. ആ കവിതകള്‍ നെയ്‌തെടുത്തതു പ്രകൃതിയുടെയുടെയും മുറിവേറ്റവന്റെ വേദനകളുടെയും നൂലുകൊണ്ടായിരുന്നു ഒരിക്കലും അദ്ദേഹത്തിന്റെ കവിതകള്‍ അതിവൈകാരികമായി തൂവിയിട്ടില്ല. താന്‍ അതുവരെ കേട്ടും കണ്ടും വായിച്ചുംവന്ന കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പും തനിമയും തന്റെ കവിതകളില്‍ ഉപരിപ്ലവമാവാതെ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ നമിക്കുകയും അതൊടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നതില്‍ വിഷ്ണുനാരായണ്‍ നമ്പൂതിരി വിജയിച്ചിരുന്നു.

   ആത്മകേന്ദ്രീയമായ സംഘര്‍ഷങ്ങളുടെ അക്ഷരരൂപമായിരുന്നു കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദ്യകാല കവിതകള്‍. 1960 കളോടെ നിലവിലിരുന്ന  സാമൂഹിക വ്യവസ്ഥിതികളുടെ തകര്‍ച്ചയോടും തലമുറയുടെ നൈരാശ്യത്തോടുമുള്ള തീക്ഷണമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ കവിത വികസിച്ചത്. വൈദിക പാരമ്പര്യവും അത് അദ്ദേഹത്തിന് നല്‍കിയ മാനവികതാവീക്ഷണവും ആയിരുന്നു ഈ മാറ്റത്തിന് കാരണമായത്.

സൂക്ഷമവായനയില്‍ കാളിദാസ കവിതയുടെ വലിയൊരു സ്വാധീനം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ നമുക്ക് കണ്ടെത്താനാവും. കാളിദാസ കവിതകളുമായി ആത്മൈക്യം നേടിയ കവിതകളാണ് അദ്ദേഹത്തിന്റേതെന്നു പറഞ്ഞാലും തെറ്റില്ല. ഉദാഹരണമായി ഉജ്ജയിനിയിലെ രാപ്പകലുകള്‍ നമുക്ക് തെരഞ്ഞെടുക്കാം. ഉജ്ജയിനിയില്‍ മാത്രമല്ല വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ നിരവധി കൃതികളില്‍ കാളിദാസന്റെ സ്വാധീനം നിഴലിക്കുന്നുണ്ട്. ഇന്ത്യയെന്ന വികാരത്തില്‍ കാളിദാസനെ നേരിട്ട് സംബോധന ചെയ്യുന്നുണ്ട് ഈ കവി.

''വഴികാട്ടിയല്ല ചെറുതുണ മാത്രമെന്‍ കവിത

പടകൂട്ടുമാര്‍പ്പുവിളിയോ

ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ

പുളകം അരഞ്ഞാണിടുന്ന രതിയോ

കൊതിയോടു തേടിയണയും പഴയചങ്ങാതി !

മൊഴിയിതലിവാല്‍ പൊറുക്കൂ

എന്‍ കൈക്കുടന്നയില്‍ നിനക്കു

ത രുവാനുള്ളതെന്റെ മെയ്ച്ചൂടുമാത്രം....! ഈ  വരികളിലൂടെ കവി പ്രദര്‍ശിപ്പിക്കുന്ന സാത്വിക ബോധവും വിനയവും കവിതകളിലും ജീവിതത്തിലും കൊണ്ടുനടന്നിരുന്ന കവിയായിരുന്നു അദ്ദേഹം. ഉജ്ജയിനിയിലെ രാപ്പകലുകളില്‍ കാളിദാസനൊപ്പം പകലും രാവും കൂടെ നടന്നിരുന്നു അദ്ദേഹം. കാളിദാസന്റെ മാളവത്തില്‍ മഴ പെയ്യുന്നതിന്റെ  മനോഹര ചിത്രം വരച്ചിടുന്നതിലൂടെ അദ്ദേഹം വായനക്കാരെ കാലങ്ങള്‍ക്കപ്പുറമാണു കൂട്ടികൊണ്ടു പോയത്. കവിതകളിലെ കാളിദാസന്റെ സ്വാധീനത്തെ കുറിച്ച് അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സായഹ്നങ്ങളില്‍ ഒന്നില്‍ ഞാന്‍ ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ''കാളിദാസന്‍ മാത്രമല്ല നിരവധിയാളുകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നാണ്. അതില്‍ കാളിദാസന്റെ സ്വാധീനം പ്രകടമായിരുന്നു മറ്റുപലരുടേതും ഗുപ്തമായിരുന്നു എന്നു മാത്രം. കവിതയില്‍ കാളിദാസനായിരുന്നു മാതൃകയെന്നു വേണമെങ്കില്‍ പറയാം. പിന്നെ ആ സ്ഥാനം വൈലോപ്പള്ളി സാറിനാണ്. ആശാന്‍, വള്ളത്തോള്‍, ജീ, വയലാര്‍ ഇവരുയെയൊന്നും കവിതകളെ വിലയിരുത്താന്‍ മാത്രം യോഗ്യത എനിക്ക്  ഇതുവരെ ഉണ്ടായിട്ടില്ല. കവിത എന്ന സാഹിത്യ രൂപത്തിന് ഇവിടെ രൂപം നല്‍കിയത് ഇവരൊക്കെ ചേര്‍ന്നാണല്ലോ. ഷെല്ലിയും കീറ്റസും ഷേക്‌സ്പിയറുമടങ്ങുന്ന സാഹിത്യത്തിനപ്പുറം ഏഷ്യയിലും യൂറോപ്പിലും അതിനോടു തുല്യം നില്‍ക്കുന്ന സാഹിത്യമുണ്ടെന്ന് ജീ.ശങ്കരക്കുറുപ്പ് മനസിലാക്കിയിരുന്നു. എനിക്കും മലയാള സാഹിത്യത്തിനും  അപൂര്‍വങ്ങളായ പല പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കവിതയിലെ ഛന്ദോവൈവിധ്യം  മലയാളഭാഷയ്ക്കു സമര്‍പ്പിച്ചതും ജീയായിരുന്നു. ഇന്ന് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന അസംബന്ധങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മാത്രം ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ ജീയുടെ കവിതകളിലുണ്ട്. മറ്റുള്ളവരുടെ നിന്ദകള്‍ ജീയുടെ തൊലിപ്പുറത്തുമാത്രമേ തട്ടിയിരുന്നുള്ളു. വിമര്‍ശനങ്ങള്‍ പ്രചോദനമായാണ് ജീ എടുത്തിരുന്നത്. ജീയുടെ കവിത അനുഭവിച്ചറിയാത്ത തലമുറ ദരിദ്രമായിരിക്കും. ജീയെ ഉള്‍ക്കൊള്ളാനാവാത്ത രാഷ്ട്രം നിസ്വവും പ്രതിഭാശൂന്യവുമായിരിക്കും.''

''മാളവത്തില്‍ മഴ ചാറിയടങ്ങുന്നു.

വെണ്‍പിറാക്കള്‍

രാവിന്‍ മട്ടുപ്പാവുകളില്‍ ചേക്കയേറുന്നു

പഥികര്‍ കെട്ടിറക്കുന്ന മരച്ചോട്ടില്‍

കുടിലുകളില്‍

കഥകള്‍ തംബുരു പാട്ടും മുറിപ്പു മൗനം ശകന്മാരെത്തുരത്തുന്ന തമ്പുരാന്റെ പരാക്രമം, അകം നീറ്റും ഉദയന പ്രേമവൈവശ്യം, എട്ടുദിക്കും മുഴക്കുന്ന രഘുവിന്റെ ജൈത്രഘോഷം

കട്ടുവന്നു ചൗക്കകളില്‍ തീന്‍കുടിമേളം!

നേടിയ തെന്നലിന്‍ തുകില്‍ മൂടി എല്ലാം  നെടുരാവിലാഴവേ ഒരോടലെണ്ണ വിളക്കുമാത്രം.

വര്‍ത്തമാനത്തിന്റെ...''

വ ര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഭൂതകാലത്തിന്റെ ആര്‍ദ്രതകൊണ്ട് ശാന്തമാക്കാമെന്ന് വായനക്കാരെ ആശ്വസിപ്പിക്കാന്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നു. ഒട്ടേറെ കവിതകളില്‍ ചങ്ങന്പുഴയ്ക്ക് പ്രണയമെന്നത് പോലെയെന്നാണു വിഷ്ണുനാരായണ്‍ നന്പൂതിരിക്ക് കാളിദാസന്‍. ഇന്ത്യയെന്ന വികാരം'എന്ന കവിതയില്‍ കാളിദാസനുമായി സംഭാഷണത്തിലേര്‍പ്പെടുന്നുണ്ട് അദ്ദേഹം. കവി കവിയോടൊത്തു കവിതയിലൂടെ നടത്തുന്ന അപൂര്‍വമായ സഞ്ചാരം ഈ കവിതകളിലൊക്കെ കാണാം. ഇത്തരം സഞ്ചാരങ്ങള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും നമുക്ക് കണ്ടെത്താനാവും.

 വിഷ്ണുനാരായണന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം കവിത നേരമ്പോക്കിനു വേണ്ടിയോ പാണ്ഡിത്യ പ്രദര്‍ശനത്തിനു വേണ്ടിയോ ഉള്ള ഒന്നായിരുന്നില്ല. മറിച്ച് പ്രാര്‍ഥനപോലെ വിശുദ്ധവും ഏകാന്തവുമായ അനുഭവമായിരുന്നു അദ്ദേഹത്തിനു കവിത. തെളിനീര്‍ നിറഞ്ഞ തടാകങ്ങളുടെ ആഴങ്ങളിലേക്കു നോക്കിയാല്‍ തിളങ്ങുന്ന വെള്ളാരങ്കല്ലുകള്‍ കാണാം. പരുക്കന്‍ കല്ലുകളെ  ഒഴുക്ക് തേച്ചുമിനുക്കി മിനുസമുള്ളതാക്കിയെടുക്കുന്നതു പോലെയാണ് വിഷ്ണുനാരായണ്‍ നമ്പൂതിരി കവിതകള്‍ രചിച്ചിരുന്നത്. ജീവിതത്തിന്റെ പരുക്കന്‍ യഥാര്‍ത്ഥ്യങ്ങളെ മാനവികതയുടെ ഉരകല്ലുകൊണ്ട് ഉരച്ചു മിനുസപ്പെടുത്തിയ വെള്ളാരങ്കല്ലുകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. കവിതകളെ കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ജീവിതത്തെ കുറിച്ചായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ സംഭാണമധ്യേ ജീവിതം തന്നെ എന്തു പഠിപ്പിച്ചു എന്നു പറയുകയുണ്ടായി. ''പ്രകൃതിയ്ക്കു മുന്നില്‍ എല്ലാ മനുഷ്യരും ഒരുപോലെയാണ് എന്ന സത്യമാണ് ജീവിതത്തില്‍ ഞാന്‍ മനസ്‌സിലാക്കിയത്. ജീവിതീനുഭവങ്ങള്‍  നല്‍കുന്ന പാഠം പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുന്നില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാണ്. ഞാന്‍ ഫിസിക്‌സ് പഠിച്ചു ഇംഗ്ലീഷില്‍ എംഎയെടുത്ത് വാധ്യാരായി, മേല്‍ശാന്തിയായി , കവിയായി ഇതൊക്കെ വെറും സാധാരണ മനുഷ്യനായിരുന്നു എന്നതാണ് സത്യം . നമ്മള്‍ വെറും സാധാരണ മനുഷ്യരാണ്. എല്ലാവര്‍ക്കും  ഇതല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ കഴിവുണ്ട്. നമ്മള്‍ അതൊന്നും അറിയുന്നില്ലെന്നേയുള്ളു. പിന്നെ, വളരെ ചെറിയ വരുമാനത്തിലും ജിവിക്കാന്‍ പഠിച്ചു. ക്ഷേത്രത്തില്‍ ശാന്തികഴിച്ച് അച്ഛനു കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തില്‍ മന:സുഖത്തോടെ ശാന്തമായുറങ്ങാന്‍ പഠിച്ചു. നാളത്തെ തലമുറയ്ക്ക് നമ്മള്‍ എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നാണ് നോക്കേണ്ടത് . ഇനിയൊരു ജന്മം കിട്ടിയാലും ഞാന്‍ ഇതൊക്കെത്തന്നെയായിരിക്കും ചെയ്യുക. അത് ഭംഗിയായി ചെയ്യുക. ദു:ഖമോ നൈരാശ്യമോ പാടില്ല. ഞാന്‍ എന്തോ നേടി എന്ന ഭാവം അരുത് ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് ഇതൊക്കെയാണ് .''

ശുഭാപ്തി വിശ്വാസവും പാരമ്പര്യവും അദ്ദേഹത്തിന്റെ  കവിതകളുടെ  മുഖമുദ്രകളാണ്. ആധുനികത കത്തിക്കാളി നിന്ന കാലത്ത് എഴുതി തുടങ്ങിയ ഈ കവിയുടെ രചനകള്‍ ആധുനികതയുടെ ഉത്പന്നങ്ങളായ ജീവിത നിക്ഷേധമോ തീവ്രവിപ്ലവാഭിമുഖ്യമോ പ്രകടിപ്പിച്ചില്ല. ഭാഷയുടെ പ്രയോഗത്തിലും രചനാരീതികളിലും വിഷ്ണുനാരായണ്‍ നന്പൂതിരി പുലര്‍ത്തുന്ന നിഷ്ഠകള്‍ അത്ഭുതാവഹമാണ്. ടെന്‍ഡ്രുകളുടെയോ ഗിമിക്കുകളുടെയോ പിന്നാലെ പോകാന്‍ അദ്ദേഹം തയ്യാറല്ല. ഓരോ കാലത്തും മാറിവരുന്ന ടെന്‍ഡ്രുകള്‍ക്കനുസരിച്ച് എഴുതാനുള്ളതല്ല കവിത എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വളരെ വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍തന്നെ കടമെടുത്താല്‍ ''വികലമായ ആസ്വാദനമാണ് ഇന്ന് കാണുന്നത്. അഗാധ്മായി, ഉള്‍ക്കാഴ്ചയോടെ എഴുതുന്ന കവിതകള്‍ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ല. ഇത്തരം കവിതകളും ഇന്നു കുറഞ്ഞു വരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടന്ന് കവിതയെഴുതുന്ന കവികളാണിന്ന് അധികവും. പഴയ കവികള്‍ സാഹിത്യനായകരും പ്രകൃതിയുടെ മനോഹാരിത ഉള്‍ക്കൊണ്ട് സൃഷ്ടികള്‍ നടത്തുകയും പാടുകയും ചെയ്തിരുന്നിടത്ത് പുത്തന്‍ തലമുറക്കാര്‍ പ്രകൃതിയില്‍ നിന്ന് അകന്നു പോകുകയാണ്''.

  കവിയുടെ മനസില്‍ കവിത ജനിക്കുന്നതിന് കാരണങ്ങള്‍ നിരവധിയുണ്ടാകാം. കവിയുടെ  മനസിലെ അന്ത:സംഘര്‍ഷങ്ങളാവാം കവിതയായി പിറവിയെടുക്കുന്നത്. അതിന് കാരണം  പൂവുപോലെ ഉള്ളില്‍ താലോലിച്ച് പ്രണയത്തിന്റെ തകര്‍ച്ച മുതല്‍ അയലത്തെ കുഞ്ഞിന്റെ പട്ടിണിച്ചടവാര്‍ന്ന രൂപം വരെയാവാം. സദാചാരമൂല്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും അവയില്‍ നിന്നു പൊതുസമൂഹം അകന്നു പോകുന്നതിലുള്ള സംഘര്‍ഷവും കൂടി ഇതിനിടയില്‍ കടന്നുവന്നേക്കാം വേദേതി ഹാസപുരാണങ്ങളും ഉപനിക്ഷത്തുക്കളും കാളിദാസന്റെ ഉള്‍പ്പെടെയുള്ള ക്ലാസിക് കൃതികളും ഉള്‍ക്കൊള്ളുക വഴി ആര്‍ഷ പാരന്പര്യം സിരകളില്‍ ആവഹിക്കുന്ന വിഷ്ണുനാരായണ്‍ നമ്പൂതിരിയുടെ കാഴ്ചപ്പാട് ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അകലുന്നില്ല. അതിന്റെ കാരണത്തെ കുറിച്ചും കവി വാചാലനാവുന്നു. ''പാരന്പര്യത്തിന്റെ വികസ്വരമുഖമായി ആധുനികതയെ കാണാനാണ് എനിക്ക് ഇഷ്ടം . അതാണെന്റെ  കാഴ്ചപ്പാടും പാരന്പര്യത്തിന്റെ ആരോഗ്യപൂര്‍ണവും സജീവവുമായ ഭാഗമാകുന്‌പോഴാണ് പുതുമ ശരിക്കും  പുതുമയാകുന്നത് . പാരന്പര്യമാണ് നമ്മുടെ അടിത്തറ. അടിത്തറയില്ലാതെ എന്തെങ്കിലും  നിലനില്‍ക്കുമോ ജീനുകളുടെ സ്വഭാവത്തിനു വിരുദ്ധമായി ശരീരകോശങ്ങള്‍ക്കു വളര്‍ച്ചയുണ്ടാവില്ലല്ലോ. അങ്ങനെയൊന്നുണ്ടായാല്‍ അതു വൈകല്യമാവും. പാരന്പര്യത്തെ പാടേ ധിക്കരിച്ചു കൊണ്ടുള്ള നിലനില്‍പ് കവിതയിലെന്നല്ല ജീവിതത്തില്‍ത്തന്നെ അസാധ്യമാണെന്നാണ് എന്റെ അഭിപ്രായം. പാരമ്പര്യത്തെ പുതിയ ചാലു കീറി വര്‍ത്തമാനമായി നിലനിര്‍ത്തുക എന്നതാണല്ലോ ആധുനികതയുടെ ധര്‍മം.''

ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചശേഷം അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദഹം വളരെ ക്ഷീണിതനായിരുന്നു. അന്ന് പുരസ്‌കാരങ്ങളെ കുറിച്ചൊക്ക് ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. കവിതയിലൂടെ ഇനിയൊന്നും നേടാനില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ശാരീരിക അവശതകളുടെ ക്ഷീണവും ഉണ്ടായിരുന്നു. ''കവി എന്ന നിലയില്‍ അര്‍ഹമായതെല്ലാം  ലഭിച്ചു കഴിഞ്ഞു എന്നാണു ഞാന്‍ കരുതുന്നത്. പുരസ്‌കാരത്തുക തന്നെ വലിയ സംഖ്യയാണല്ലോ, പെന്‍ഷനായി ലഭിക്കുന്ന തുക തന്നെ എന്റെ ചെലവുകള്‍ക്ക് ധാരാളമാണ്. ചെറുപ്പം മുതലേ അമിതമായ ആഗ്രഹങ്ങളോ ആഡംബര ചിന്തകളോ  ഇല്ലാതിരുന്ന ആളായിരുന്നു ഞാന്‍. പ്രശസ്തിയും എന്റെ ലക്ഷ്യമായിരുന്നില്ല. കവിതയിലൂടെ ഞാന്‍ എന്റെ ആശയങ്ങള്‍ പറഞ്ഞു കഴിഞ്ഞതായാണ് കരുതുന്നത്. എഴുനൂറിലേറെ കവിതകള്‍ എഴുതിയിട്ടുണ്ട്. ഇനി ലേഖനങ്ങളിലൂടെ ആശയങ്ങള്‍ വ്യക്തമാക്കാനാണ് ആഗ്രഹം.''

തിരുവല്ലയില്‍ 1939 ജൂണ്‍ രണ്ടിനാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി ജനിച്ചത്. ബിഎസ്‌സി, എംഎ ബിരുദങ്ങള്‍ നേടിയ ശേഷം ഗവണ്‍മെന്റ്് കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി. അധ്യാപക ജോലിയില്‍നിന്ന് വിരമിച്ച ശേഷം തിരുവല്ല ക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രധാനകൃതികള്‍. പ്രണയഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, ഭൂമിഗീതങ്ങള്‍, അതിര്‍ത്തിയിലേക്കൊരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപ്പകലുകള്‍, പരിക്രമം,ചാരുലത (കവിതകള്‍), അസാഹിദീയം,കവിതയുടെ ഡി.എന്‍.എ (ലേഘനങ്ങള്‍), ഋതുസംഹാരം (വിവര്‍ത്തനം). ഭൂമിഗീതങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1979)മുഖമെവിടെ' യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡും (1983) ഉജ്ജയിനിയിലെ രാപ്പകലുകള്‍'ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1994) ലഭിച്ചു.  ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡും വളളത്തോള്‍ പുരസ്‌കാരവും ബാലാമണിയമ്മ അവാര്‍ഡും ലഭിച്ചു.  

മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നഷ്ടമാകുന്നത് കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാത്രമാണ് പ്രകൃതിയെയും മനുഷ്യരെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സ്‌നേഹിച്ച അദ്ദേഹത്തിന്റെ കവിതകളെയല്ല.


FACEBOOK COMMENT BOX