ചിന്തകളെല്ലാം തലതിരിഞ്ഞതെന്ന്
വിളിച്ചാക്ഷേപിച്ചുകൊണ്ടിരുന്നു
ജീവിതത്തിന്റെ തിരക്കഥയില്‍
പാളിപ്പോയരംഗങ്ങളാണധികമെന്ന്
കണ്ടവര്‍ കാണാത്തവരോട് പറഞ്ഞുകൊണ്ടിരുന്നു
മനസിലെ നീറ്റല്‍ വരച്ചപ്പൊഴൊക്കെ
പൂത്തുലഞ്ഞ ഗുല്‍മോഹറെന്ന്
വ്യാഖ്യാനം ചമച്ചുകളഞ്ഞു
വിറയ്ക്കുന്ന കൈകളാല്‍
ജീവിതം പകര്‍ത്തിയപ്പോള്‍
അക്ഷരത്തെറ്റുള്ള ഭാഷയെന്ന്
മുദ്രയടിച്ച് വെട്ടിക്കളഞ്ഞു
നെഞ്ചിലെ മുറിവുകള്‍
പക്വതയുടെ കുലശേരുകൊണ്ട് മിനുക്കിയപ്പോള്‍
പൂത്ത ചോരച്ചെമ്പരത്തിയെന്ന്
നിരൂപണമെഴുതി
രാത്രിയെന്നു പറഞ്ഞപ്പോള്‍
പകലെന്ന് വെട്ടിത്തിരുത്തിയെഴുതി
ഉള്ളിലെ നെരിപ്പോടില്‍ കനലാളിയപ്പോള്‍
കാടുകത്തുന്നതെന്നു വ്യാജം പറഞ്ഞു
ഒടുവില്‍ ഭൂതകാലത്തെ,
തന്നെപ്പോലും തിരിച്ചറിയാനാവാത്ത തിരക്കില്‍
ഉപേക്ഷിച്ചു പടിയിറങ്ങി
പച്ചയായ ജീവിതത്തെ
മൗനത്തിന്റെ ഉന്മാദത്തിലൊളിപ്പിച്ച്
കോമാളിയുടെ മുഖംമൂടിയിട്ട്
പരാജിതന്റെ ശരീരഭാഷയുമായി
ഇടവഴികളിലൂടെ ജീവിതവും പേറി
വിഷാദത്തിന്റെ കുന്നിറങ്ങുന്നു