Thursday, October 7, 2021

അഭയാര്‍ഥി ജീവിതത്തിന്റെ പകര്‍പ്പെഴുത്ത്



 

കൊളോണിയലിസത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ദുരിതപൂര്‍ണമായ അനുഭങ്ങളെക്കുറിച്ചും രൂക്ഷമായും അഭയാര്‍ഥികളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും അനുകമ്പയോടെയുമുള്ള എഴുത്തിന് നൊബേല്‍ പുരസ്‌കാരം. ടാന്‍സാനിയയില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ ജീവിച്ച അബ്ദുള്‍ റസാഖ് ഗുര്‍നയ്ക്ക് 2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ ആഫ്രിക്കയില്‍നിന്ന് ഈ പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ എഴുത്തുകാരനാവുകയാണ്  അദ്ദേഹം. വോള്‍ സോയിങ്കയ്ക്കു ശേഷം മൂന്നരപ്പതിറ്റാണ്ടു വേണ്ടിവന്നു, സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരത്തിന് ഒരു ആഫ്രിക്കന്‍ എഴുത്തുകാരന്‍ തെരഞ്ഞെടുക്കപ്പെടാന്‍. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെയും ശൈലികളെയും മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പലര്‍ക്കും അപരിചിതവും അജ്ഞാതവുമായ എന്നാല്‍, വലുതും സങ്കീര്‍ണവുമായ സാംസ്‌കാരിക വൈവിധ്യങ്ങള്‍ നിറഞ്ഞ കിഴക്കന്‍ ആഫ്രിക്കയിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് അദ്ദേഹത്തിന്റെ രചനകളെന്നു ജൂറി വിലയിരുത്തി. 



ടാന്‍സാനിയയില്‍നിന്ന് ഇംഗ്ലണ്ടിലേക്ക്

1948ല്‍ ജനിച്ച അബ്ദുള്‍റസാഖ് ഗുര്‍ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്‍സിബാര്‍ ദ്വീപിലാണ് വളര്‍ന്നത്. അറുപതുകളില്‍ ടാന്‍സാനിയ എന്ന പേരില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ടാന്‍സാനിയയുെ പ്രധാന ഭൂപ്രദേശമായി മാറിയത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്വയംഭരണാധികാരമുള്ള ഒരു കൂട്ടം ദ്വീപുകളായ സാന്‍സിബാറായിരുന്നു.  സാന്‍സിബാര്‍ കൊളോണിയല്‍ ഭരണത്തിന്‍ കീഴിലായിരുന്നു. 1960 കളുടെ തുടക്കം മുതല്‍ സാന്‍സിബാറില്‍ കൊളോണിയല്‍ ഭരണത്തിനെതിരേ നടന്നിരുന്ന വിമോചന സമരം ശക്തമായിത്തുടങ്ങി 1963 ഡിസംബറില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നു സാന്‍സിബാര്‍ മോചിതമായി. പിന്നീട് അവിടെ ഒരു വലിയ വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചത്. അന്നത്തെ പ്രസിഡന്റ് അബീദ് കരുമേയുടെ ഭരണകാലത്ത് അറബ് വംശജരായ പൗരന്മാര്‍ അടിച്ചമര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. കൂട്ടക്കൊലകള്‍ നിരവധിയുണ്ടായി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അബ്ദുള്‍റസാഖ് ഗുര്‍ന അറബ് വംശജനായിരുന്നു. കടുത്ത വിവേചനവും പീഡനവും കാരണം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുടുംബം ഉപേക്ഷിച്ച് രാജ്യം വിടാന്‍ ഗുര്‍ന നിര്‍ബന്ധിതനായി. അപ്പോഴേക്കും സാന്‍സിബാര്‍ റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ ആയി മാറിക്കഴിഞ്ഞിരുന്നു. ടാന്‍സാനിയ രാജ്യം രൂപപ്പെടുന്നത് ഗുര്‍നയ്ക്ക് പതിനെട്ടു വയസുള്ളപ്പോഴാണ്. ഇംഗ്ലണ്ടിലേക്കു കുടിയേറിയ അദ്ദേഹത്തിന് 1984 വരെ സ്വന്തം ദേശത്തേക്കു മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിതാവിന്റെ മരണത്തിന് തൊട്ടുമുമ്പ് പിതാവിനെ കാണാന്‍ അദ്ദേഹം പ്രത്യേക അനുമതി വാങ്ങിയാണ് എത്തിയത്.

ഇംഗ്ലീഷ് പ്രഫസറാകുന്നു

പതിനെട്ടാം വയസില്‍ സാന്‍സിബാറില്‍ നിന്ന് പലായനം ചെയ്ത അബ്ദുള്‍റസാഖ് ഗുര്‍ന വിദ്യാര്‍ഥിയായി കാന്റര്‍ബറിയിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ ചേരുകയുണ്ടായി. പിന്നീട് കെന്റ് സര്‍വകലാശാലയിലേക്ക് പഠനത്തിനായി എത്തി. 1982ല്‍ തന്റെ മുപ്പത്തി നാലാമത്തെ വയസില്‍ അദ്ദേഹം കെന്റ്് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി നേടി. പിന്നീട്, അദ്ദേഹം കെന്റ്് സര്‍വകലാശാലയില്‍തന്നെ ഇംഗ്ലീഷ് പ്രഫസറായി. തുടര്‍ന്ന് ബിരുദ പഠനത്തിന്റെ ഡയറക്ടറുമായി. അക്കാലത്ത് അദ്ദേഹം സാഹിത്യത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠനം നടത്തുകയുണ്ടായി. പ്രത്യേകിച്ച് പ്രധാനമായും വോള്‍ സോയിങ്ക, എന്‍ഗെ വാ തിയോങ്കോ, സല്‍മാന്‍ റുഷ്ദി തുടങ്ങിയ എഴുത്തുകാരുടെ രചനകളെക്കുറിച്ച്.

21- ാം വയസില്‍ സാഹിത്യത്തിലേക്ക്

ഗുര്‍ണ പത്ത് നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രചനകളിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത് ഇരുപത്തിഒന്നാമത്തെ വയസിലാണ്. അദ്ദേഹത്തിന്റെ മാതൃഭാഷ സ്വാഹിലി ആണെങ്കിലും അദ്ദേഹം സാഹിത്യ രചനയ്ക്കായി തെരഞ്ഞെടുത്തത് ഇംഗ്ലീഷായിരുന്നു. മുമ്പ് കോളനിവത്കരിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്് കുടിയേറിയവരും കുടിയേറ്റത്തിന്റെയും കൊളോണിയലിസത്തിന്റെയും  വിഷയങ്ങള്‍ ഗവേഷണം നടത്തുന്ന ആളുകള്‍ ഉള്‍ക്കൊള്ളുന്ന കറുത്ത ബ്രിട്ടീഷ് എഴുത്തുകാര്‍ എന്ന് വിളിക്കപ്പെടുന്ന സംഘത്തില്‍പ്പെടുന്നയാളാണ് ഗുര്‍ന. അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത കഥയുടെ പശ്ചാത്തല വിവരണത്തില്‍ 1980 കളില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന രചനാശൈലിയെ പാടെ തള്ളിക്കളഞ്ഞു എന്നതാണ്. ആഫ്രിക്കക്കാരന്‍ എന്ന നിലയില്‍ കിഴക്കന്‍ ആഫ്രിക്കയെ കുറിച്ച് എഴുതാതിരിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നതാണു സത്യം. എന്നാല്‍, ലോകത്തിന് അത്ര പരിചിതമല്ലാത്ത കിഴക്കന്‍ ആഫ്രിക്കയിലെ സാംസ്‌കാരിക വൈവിധ്യത്തെ പരിചയപ്പെടുത്തുന്നതില്‍ അബ്ദുള്‍റസാഖ് ഗുര്‍ന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ധാരാളം വായനക്കാര്‍ക്ക് അറിയപ്പെടാത്ത മറ്റൊരു ആഫ്രിക്കയെക്കുറിച്ചുള്ള വ്യക്തമായതും വളരെ കൃത്യമായതുമായ ഒരു ചിത്രം നല്‍കുന്നു. നോവലുകളിലൂടെ സൃഷ്ടിച്ച കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ആഫ്രിക്കന്‍-ഇംഗ്ലീഷ് സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന ജീവിതത്തിന്റെ നേര്‍ചിത്രമാണ് വായനക്കാര്‍ക്കു നല്‍കിയത്. വിഷാദവും അന്യവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതാനുഭവങ്ങളുമാണ് ഗുര്‍നയുടെ മിക്ക കൃതികളുടെയും കാതല്‍. ഗുര്‍നയുടെ കൃതികള്‍ എളുപ്പത്തില്‍ വായിക്കപ്പെടുന്നവല്ല. അത് വളരെ സങ്കീര്‍ണമാണ്. അക്കാരണത്താല്‍തന്നെ അത് വളരെ ലാഘവത്തോടെ വായിച്ചു പോകേണ്ടതുമല്ല. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളിലെ നായകന്‍മാരും സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്നവരാണ്. എഴുത്തില്‍ കൊളോണിയല്‍ ഭരണകാലത്തെ ആഫ്രിക്കയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും ഓര്‍മകളും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞത് ''ഞാന്‍ എന്റെ ബാല്യത്തെക്കുറിച്ചും അക്കാലത്തെ ഓര്‍മകളും എഴുതാന്‍ ആഗ്രഹിക്കുന്നില്ല. കാരണം. കൊളോണിയല്‍ ഭരണത്തിനു കീഴിലെ ആഫ്രിക്ക വളരെ പ്രാകൃതമായിരുന്നതായി ധാരാളം പേര്‍ എഴുതിയിട്ടുണ്ടല്ലോ. അതില്‍ പലതും ഭാഗിക സത്യങ്ങള്‍ മാത്രമായിരുന്നു. മാത്രവുമല്ല അത്തരം കാര്യങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മകള്‍ കടന്നുവരികയും ചെയ്യും. ശരിക്കും എന്റെ പശ്ചാത്തലം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാംസ്‌കാരിക വൈവിധ്യമാര്‍ന്ന സാന്‍സിബാര്‍ ദ്വീപാണ്; അടിമക്കച്ചവടം നടന്നിരുന്ന ഇടമാണ്. ശരിക്കും ആഗോളവത്കരണത്തിനുമുമ്പ് അവിടം വിവിധ ജനവിഭാങ്ങള്‍ ജീവിച്ചിരുന്ന സാര്‍വലൗകികമായ ഒരിടമായിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഇന്ത്യക്കാര്‍, അറബ് വംശജര്‍, ജര്‍മന്‍കാര്‍, ബ്രിട്ടീഷുകാര്‍ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.'

ആദ്യനോവല്‍ 1987ല്‍

1987ലാണ് അബ്ദുള്‍റസാഖ് ഗുര്‍നയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍. പേരു സൂചിപ്പിക്കുന്നതു പോലതന്നെ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ഓര്‍മകളാണ് നോവലില്‍ പ്രതിപാദിക്കുന്നത്. ദി മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍  പ്രസിദ്ധീകരിക്കുമ്പോള്‍ ഗുര്‍നയ്ക്ക് ഏകദേശം നാല്‍പ്പത് വയസായിരുന്നു. തോറ്റുപോയ ഒരു പ്രക്ഷോഭത്തിന്റെ കഥയാണ് ഈ നോവലില്‍ അദ്ദേഹം കുറിച്ചിടുന്നത്. ദുരന്തപര്യവസായിയായ ഈ നോവല്‍ വായനക്കാരുടെ ഇടയില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. 'ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ ഒന്നും നല്‍കാത്ത നോവല്‍' എന്നാണ് അക്കാലത്തെ ചില പ്രമുഖ നിരൂപകര്‍ ഈ നോവലിനെ വിശേഷിപ്പിച്ചത്. കഥയിലെ നായകന്‍ തന്റെ നാടിന്റെ സാമൂഹിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപമാനിക്കപ്പെട്ട് തകര്‍ന്ന ബന്ധങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കഷ്ടപ്പെടുന്നതാണ് കഥ. മദ്യപാനിയും അക്രമാസക്തനുമായ നായകന്റെ അച്ഛനും (പന്ത്രണ്ടാമത്തെ വയസില്‍ അദ്ദേഹം തന്റെ മകനെ ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്) വേശ്യവൃത്തിക്ക് നിര്‍ബന്ധിതയായ സഹോദരിയും വായനക്കാരുടെ മനസില്‍ ഒരു നോവായി അവശേഷിച്ചു. 

ബുക്കര്‍ പുരസ്‌കാരം തേടിയെത്തുന്നു

1994ല്‍ പ്രസിദ്ധീകരിച്ച പാരഡൈസ് എന്ന നോവല്‍ അബ്ദുള്‍റസാഖ് ഗുര്‍നയുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി. ഈ നോവലിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. ഈ കൃതിക്ക് ലഭിച്ച വലിയ അംഗീകാരമായി ബുക്കര്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം വീണ്ടും ടാന്‍സാനിയക്കാരനായ നോവല്‍ എന്നാണ് ഈ നോവലിനെക്കുറിച്ച് നിരൂപകരുടെ വിശേഷണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടാന്‍സാനിയയില്‍ വളര്‍ന്ന ഒരു ആണ്‍കുട്ടിയുടെ കഥ; 1990 ല്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കുള്ള ഒരു ഗവേഷണ യാത്രയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഈ നോവലില്‍ കിഴക്കന്‍ ആഫ്രിക്കയിലെ കോളനിവത്കരണത്തിന്റെ അക്രമാസക്തവും വിശദവുമായ വിവരണംകൂടി ഉള്‍പ്പെടുത്തിയതിലൂടെ വായനക്കാര്‍ക്ക് പുതിയ വായനാനുഭവമാണ് ഗുര്‍ന കരുതിവച്ചത്. വ്യത്യസ്ത ലോകങ്ങളും വിശ്വാസസംഹിതകളും സംസ്‌കാരങ്ങളും ഏറ്റുമുട്ടുന്ന ഒരു ദു:ഖകരമായ പ്രണയകഥ കൂടിയാണ് പാരഡൈസ് എന്ന നോവല്‍

എഴുത്തുകാരനപ്പുറം

എഴുത്തുകാരനെന്നതിനപ്പുറം മറ്റു സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആഫ്രിക്കന്‍ സാഹിത്യത്തെക്കുറിച്ച് അദ്ദേഹം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ നിരവധി സാഹിത്യഗവേഷകര്‍ക്ക് വഴികാട്ടിയാണ്. പ്രത്യേകിച്ച് വി.എസ്. നായ്‌പോള്‍, സല്‍മാന്‍ റുഷ്ദി, സോ വികോംബ് തുടങ്ങിയ എഴുത്തുകാരുടെ സൃഷ്ടികളെകുറിച്ച് നടത്തിയ പഠനവും അവരുടെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥവും. സാഹിത്യ അധ്യാപകനെന്ന നിലയിലും ഗൈഡെന്ന നിലയിലും അദ്ദേഹം നിരവധി എഴുത്തുകാരെ സൃഷ്ടിക്കുന്നതിലും വലിയ പങ്കു വഹിച്ചു. റുഷ്ദി, നയ്‌പോള്‍, ജി.വി. ദേശാനി, ആന്റണി ബര്‍ഗസ്, ജോസഫ് കോണ്‍റാഡ്, ജോര്‍ജ് ലാമിംഗ്, ജമൈക്ക കിന്‍കെയ്ഡ് എന്നിവരുടെ രചനകളെക്കുറിച്ച് ഗവേഷണത്തിന് നേതൃത്വം വഹിക്കാാനും അബ്ദുള്‍റസാഖ് ഗുര്‍നയ്ക്കു കഴിഞ്ഞു. ഇന്ന് നിരവധി എഴുത്തുകാര്‍ കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയും കഥകള്‍ എഴുതുന്നുണ്ട്. സുഡാനില്‍ നിന്നുള്ള ലീലാ അബൂലെല, നൈജീരിയയില്‍ നിന്നുള്ള ചിമമണ്ട എന്‍ഗോസി ആദിച്ചി, തേജു കോള്‍, സിംബാബ്വെയില്‍ നിന്നുള്ള നോവിയോലെറ്റ് ബുലാവായോ തുടങ്ങിയ എഴുത്തുകാര്‍ കുടിയേറ്റ വിഷയങ്ങളില്‍ ശ്രദ്ധേയമായ രചനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ  തീവ്രാനുഭവങ്ങളെ ആവിഷ്‌കരിച്ച ആദ്യ എഴുത്തുകാരില്‍ ഒരാള്‍ ഗുര്‍നയാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ക്കും കഥകള്‍ക്കുമപ്പുറം കൊളോണിയല്‍ സാഹിത്യത്തില്‍ ഗുര്‍നയുടെ സംഭാവനകളെക്കുറിച്ചും കൊളോണിയലിസത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഗവേഷണവും നിരീക്ഷണങ്ങളും നൊബേല്‍ പുരസ്‌കാരസമിതി പരിഗണിച്ചു എന്നകാര്യത്തില്‍ തര്‍ക്കമില്ല.









FACEBOOK COMMENT BOX