Saturday, February 26, 2022

എനിക്കായ് കാത്തിരിക്കുക...



കോണ്‍സ്റ്റാന്റിന്‍ മിഖൈലോവിച്ച് സിമോനോവ്

പരിഭാഷ: സന്ദീപ് സലിം


ഞാന്‍ തിരികെയെത്തും 

കാത്തിരിക്കൂ എനിക്കായ്

എന്റെ പെണ്ണേ, 

അത്രമേല്‍ തീവ്രമായ്, കരുത്തോടെ

നീയെനിക്കായ് കാത്തിരിക്കൂ

വിണ്ണില്‍ ഇരുള്‍ നിറയും വരെ 

സൂര്യസ്തമയം വരേയും


നീയെന്നെ കാത്തിരിക്കൂ 

മരം കോച്ചും ശിശിരത്തിലും 

ഇല കരിയും ഗ്രീഷ്മത്തിലും 

എല്ലാവരുമെന്നെ മറവിയിലാഴ്ത്തിയാലും 


നീയെനിക്കായ് കാത്തിരിക്കൂ

ഒരു കത്തും തേടിയെത്തിയില്ലെങ്കിലും 

കാത്തിരിക്കൂ എനിക്കായ്

എനിക്കു ജീവനുണ്ടാവും


എനിക്കായുള്ള നിന്റെ ആഗ്രഹത്താല്‍ 

ഞാന്‍ തിരിച്ചു വരും, കാത്തിരിക്കൂ

നീ സംസാരിക്കരുത്, 

എന്റെ മേല്‍ 

മരണത്തിന്റെ കുറിപ്പു ചേര്‍ക്കുന്നവരോട്

അവര്‍ക്ക് പിഴച്ചതാവും

 

ഉറ്റവര്‍ 

ഞാന്‍ ഓര്‍മയായെന്നു കരുതിക്കോട്ടെ 

എന്റെ മകനും അമ്മയും 

ഞാന്‍ പോയെന്നു ചിന്തിച്ചോട്ടെ 

എന്റെ കൂട്ടുകാര്‍ 

എന്നെ മറന്നോട്ടെ 

എന്റെ ആത്മശാന്തിക്കായവര്‍

അണയാത്ത ചിതയ്ക്കരികിലിരുന്ന് 

പാനപാത്രം നിറയ്ക്കട്ടെ

നീയെനിക്കായ് കാത്തിരിക്കൂ

പാനപാത്രമുയര്‍ത്താതെ


അവര്‍ക്ക് അവിശ്വസനീയമായിരിക്കും

ഞാന്‍ അതിജീവിക്കുമെന്നത് 

പ്രിയപ്പെട്ടവളേ, 

അവരൊരിക്കലുമറിയില്ല

നിന്റെ കാത്തിരിപ്പാണ് 

എന്റെ ജീവനെ കാത്തതെന്ന്


കാലം കടന്നു പോയെന്നവര്‍ പറഞ്ഞോട്ടെ,

നിന്റെ തീവ്രമായ കാത്തിരിപ്പിനാല്‍ 

ഞാന്‍ മടങ്ങിയെത്തും 

മറ്റുള്ളവരെപ്പോലെ


...........................................

കോണ്‍സ്റ്റാന്റിന്‍ മിഖൈലോവിച്ച് സിമോനോവ്, ഒരു സോവിയറ്റ് എഴുത്തുകാരന്‍, യുദ്ധ കവി, നാടകകൃത്ത്, യുദ്ധകാല ലേഖകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍, 1941 ലെ 'വെയിറ്റ് ഫോര്‍ മി' മികച്ച രചന.



FACEBOOK COMMENT BOX