എഴുത്ത് എന്താണ് ? എന്തിനാണ് എഴുതുന്നത് ? ശരിക്കും ഓര്‍മകളല്ലേ എഴുത്തായി പുറത്തുവരുന്നത് ? ഓര്‍മകളെ ചികഞ്ഞെടുക്കലാണ് എഴുത്ത്. അതുചെയ്യുന്നില്ല എങ്കില്‍ എഴുത്തുകൊണ്ട് എന്താണ് പ്രയോജനം ?
- ആനി എര്‍നോ
എഴുത്തില്‍ സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകള്‍ തുളുമ്പിനില്‍ക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ഫ്രഞ്ച് നോവലിസ്റ്റ് ആനി എര്‍നോയുടെ രചനകളുടെ ഏറ്റവും വലിയ പ്രത്യേകത. അതാണ് എര്‍നോയുടെ രചനകളെ സാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്. അതാണ് എര്‍നോയെ എഴുത്തുകാരി എന്ന നിലയില്‍ വേറിട്ടു നിര്‍ത്തുന്നതും. ഈ വേറിട്ടു നില്‍പ്പിനാണ് നൊബേല്‍ പുരസ്‌കാരം എര്‍നോയെ തേടിയെത്തിയതും. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള അസാമാന്യമായ ധൈര്യത്തിനാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ലിംഗഭേദം, ഭാഷ, ക്ലാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അസമത്വങ്ങള്‍ നിറഞ്ഞ ജീവിതത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് നിരന്തരം പരിശോധിക്കുകയും തന്റെ നിരീക്ഷമങ്ങള്‍ എഴുത്തിലൂടെ ലോകത്തോടു പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന എഴുത്തുകാരിയെന്നാണ് ആനി എര്‍നോയെ പുരസ്‌കാരസമിതി വിശേഷിപ്പിച്ചത്.
ഓര്‍മക്കുറിപ്പുകളിലൂടെയും ആത്മകഥാംശപരമായ തുറന്നെഴുത്തുകളിലൂടെയും വായനക്കാരുടെ മനസില്‍ ഇടംനേടിയ ആനി എര്‍നോ സാഹിത്യ അധ്യാപിക കൂടിയാണ്. സ്ത്രീകളുടെ ജീവിതം ലോകത്ത് എവിടെയായാലും സങ്കീര്‍ണമാണ്. പക്ഷേ, പുരുഷ കേന്ദ്രീകൃതമായ ലോകക്രമം അത് ഒരിക്കലും സമ്മതിച്ചു തരാറില്ല. ഇവിടെയാണ് എര്‍നോയുടെ രചനകള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നത്. സ്ത്രീജീവിതത്തിന്റെ സങ്കീര്‍ണതകളെ വളരെ സത്യസന്ധമായും സൂക്ഷമവുമായി ചിത്രീകരിക്കുന്നതില്‍ എര്‍നോ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സ്ത്രീകളുടെ ജീവിതത്തിലെ സങ്കീര്‍ണതകളെ മാത്രമല്ല മനുഷ്യ ബന്ധങ്ങളിലെ സങ്കീര്‍ണതകളും എര്‍നോയുടെ കൃതികളില്‍ ആവിഷ്‌കരിക്കപ്പെട്ടു. ഒപ്പം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും ഏകാന്തതകളും അവര്‍ വായനക്കാരന്റെ മനസിനെ തൊടുന്ന ഭാഷയില്‍ എഴുതിവച്ചു. എര്‍നോയുടെ കൃതികളിലൂടെ കടന്നു പോകുന്ന വായനക്കാരനു മുന്നില്‍ വ്യക്തിബന്ധങ്ങളുെട നിരവധി വിവരണങ്ങള്‍ കാണാനാവും. എര്‍നോയുടെ കൃതികളെല്ലാം അടിവരയിട്ടു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ്, ജീവിതത്തില്‍ മാത്രമല്ല വ്യക്തിബന്ധങ്ങള്‍ക്ക് ഇടമുള്ളത് സാഹിത്യത്തിലും എല്ലായിടത്തും വ്യക്തിബന്ധങ്ങള്‍ക്കു അനിഷേധ്യമായ സ്ഥാനമുണ്ട്.
ആനി എര്‍നോ എന്ന എഴുത്തുകാരി അസാധാരണമായ ധൈര്യമുള്ള വ്യക്തിയായിരുന്നു. അത് സാഹസികപ്രകടനങ്ങളിലൂടെയല്ല അവര്‍ ലോകത്തെ അറിയിച്ചത്. മറിച്ച് എഴുത്തിലൂടെയാണ്. തന്റെ അനുഭവങ്ങളെ, ഓര്‍മകളെ പൊതുവായനയ്ക്കായി തുറന്നുവച്ചതിലൂടെയാണ് തന്റെ അസാധാരണമായ ധൈര്യം അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. ആനി എര്‍നോ പുറത്തുവിട്ടത് വെറും ഓര്‍മകളായിരുന്നില്ല, വൈകാരിക തീവ്രതകൊണ്ട് തീപ്പൊരി ചിതറുന്ന ഓര്‍മകളാണ്. ഒന്നരവര്‍ഷക്കാലം മാത്രം നീണ്ടു നിന്ന പ്രണയകാലത്ത് എഴുതിയ ഡയറിക്കുറിപ്പുകള്‍ ഒരു വരിപോലും മാറ്റി എഴുതാതെ, ഒരു വരി പോലും വെട്ടിമാറ്റാതെ, ഒരു വരിപോലും കൂട്ടിച്ചേര്‍ക്കാതെ എര്‍നോ പ്രസിദ്ധീകരിച്ചു. ഗെറ്റിംഗ് ലോസ്റ്റ്് എന്ന പേരില്‍ പുറത്തിറങ്ങിയ ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ തീവ്രപ്രണയത്തിന്റെ കനലുകളില്‍നിന്നുള്ള ചൂടേറ്റ് വായനക്കാരനു പൊള്ളും.
1940ല്‍ നോര്‍മാണ്ടിയിലെ യെവെറ്റോട്ട് എന്ന ചെറുപട്ടണത്തിലാണ് ആനി എര്‍നോ ജനിച്ചുവളര്‍ന്നത്. റൂവന്‍ സര്‍വകലാശാലയില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എര്‍നോ പിന്നീട് സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി. 1971-ല്‍ ആധുനിക സാഹിത്യത്തില്‍ ഉന്നത ബിരുദം നേടി. 1977 മുതല്‍ 2000 വരെ അവര്‍ സെന്റര്‍ നാഷണല്‍ ഡി എന്‍സൈന്‍മെന്റ് പാര്‍ കറസ്പോണ്ടന്‍സില്‍ പ്രഫസറായിരുന്നു. എഴുത്തിന്റെ വഴിയിലെ ആദ്യപടി, ആദ്യ പുസ്തകം 1974-ല്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച ലെസ് ആര്‍മോയേഴ്സ് വൈഡ്സ് ആയിരുന്നു. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സില്‍ ധാരാളം വായനക്കാരെ സൃഷ്ടിക്കാന്‍ എര്‍നോയ്ക്കായി. ഒന്നര പതിറ്റാണ്ടിനു ശേഷം, 1990ല്‍ ലെസ് ആര്‍മോയേഴ്സ് വൈഡ്സ് 'ക്ലീന്‍ഡ് ഔട്ട്' എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ കൃതി എര്‍നോയ്ക്ക് ഫ്രാന്‍സിനു പുറത്തും വായനക്കാരെ നേടിക്കൊടുത്തു. നാലാമത്തെ പുസ്തകമായ എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) - പുരുഷന്റെ സ്ഥലവും ഒരു സ്ത്രീയുടെ കഥയും ആണ് ആനി എര്‍നോയുടെ എഴുത്ത് ജീവിതത്തലെ മാസ്റ്റര്‍ പീസായി അനുവാചകരും നിരൂപകരും പ്രസാധകരും എടുത്തുപറയുന്നത്. തന്റെ കൗമാരജീവിതമാണ് എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) എന്ന കൃതിയിലൂടെ എര്‍നു ലോകത്തിനു കാട്ടിക്കൊടുത്തത്. തന്റെ അച്ഛനുമായുള്ള വൈകാരിക തീവ്രമായ അടുപ്പവും ഈ കൃതിയില്‍ എര്‍നോ പറയുന്നുണ്ട്. ഇതേപോലെ ആത്മകഥാപരമായ പുസ്തകമാണ് 1988 ല്‍ പുറത്തിറങ്ങിയ എ വിമണ്‍സ് സ്റ്റോറി. ഈ രണ്ടു പുസ്തകങ്ങളും ഫ്രാന്‍സിലെ സമകാലിക ക്ലാസിക്കുകളായാണ് വായനക്കാരും നിരൂപകരും വിലയിരുത്തുന്നത്. ഈ പുസ്തകം അലിസണ്‍ എല്‍ സ്‌ട്രേയര്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി. 2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ആത്മകഥയായ ദി ഇയേഴ്സും (ലെസ് ആനീസ്്) എര്‍നോയുടെ മികച്ച രചനയാണ്. നിയമവിരദ്ധമായ തനിക്ക് ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവന്ന അനുഭവം വിവരിക്കുന്ന ദ ഹാപ്പനിംഗ് എന്ന പുസ്തകം ചലച്ചിത്രമായി. വിഖ്യാത സംവിധായകനായ ഓഡ്രെ ദെവാന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് റിലീസ് ചെയ്തത്. അനാമറിയ വാര്‍ടലോമിയാണ് ആനിയായി ചിത്രത്തില്‍ അഭിനയിച്ചത്. 2021ലെ വെനീസ് ഇന്റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരവും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു.
ആനി എര്‍നോ എഴുതിത്തുടങ്ങുന്നത് സ്വന്തം കഥപറയുന്ന ശൈലിയിലാണ്. എങ്കിലും, അവരുടെ കൃതികള്‍ സൂക്ഷമമായി വായിക്കുമ്പോള്‍ മനസിലാവുന്ന ഒരുകാര്യമുണ്ട്. കേള്‍വിക്കാരിയുടെയും കാഴ്ചക്കാരിയുടെയും ഭാഷയയും ഇടയ്ക്കു കടന്നുവരാറുണ്ട്. ഇത്തരം പകര്‍ന്നാട്ടത്തിന്റെ രസതന്ത്രമാണ് ആനി എര്‍നോയുടെ രചനകളുടെ, ഭാഷയുടെ കരുത്ത്. ശരിക്കും എര്‍നോ തന്റെ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയാണ്. അതാണ് പലപ്പോഴും കഴ്ചക്കാരിയായും കേള്‍വിക്കരിയായും അവര്‍ മാറുന്നത്. കാരണം കേട്ടതും കണ്ടതുമൊക്കെ കൂടിക്കലര്‍ന്നതാണല്ലോ ഓര്‍മകള്‍. ഓര്‍മകളെയും അനുഭവങ്ങളെയും കഥകളായും ആത്മകഥയായും എഴുതി വായനക്കാരെ ആവേശം കൊള്ളിക്കുന്ന എര്‍നോ പലപ്പോഴും തന്റെ ഓര്‍മകളെത്തന്നെ അവിശ്വിക്കുന്നതായും തോന്നിയിട്ടുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ എ വുമണ്‍സ് സ്റ്റോറിയും ഏതാണ്ട് ഒരു പതിറ്റാണ്ടിനിപ്പുറം എഴുതിയ 'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്‌നെസും' വായിക്കുമ്പോള്‍ നമുക്ക് ഈ വൈരുദ്ധ്യം ബോധ്യപ്പെടും. 'എ വുമണ്‍സ് സ്റ്റോറി'യില്‍ അവള്‍ അമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്ന എര്‍നു 'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്ക്‌നെസിലെത്തുമ്പോള്‍ തന്റെ ഓര്‍മകള്‍ അപൂര്‍ണമായിരുന്നുവെന്ന് കുറ്റസമ്മതം നടത്തുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ മാനസിക വിഭ്രാന്തികളും ഡിമെന്‍ഷ്യയുടെ കാലത്തുണ്ടായ അനുഭവങ്ങളും താന്‍ പൂര്‍ണമായി ലോകത്തോടു പറഞ്ഞില്ല എന്ന ഏറ്റുപറച്ചിലില്‍ തന്റെ ഓര്‍മകളെ അവിശ്വസിക്കുന്ന എര്‍നോയേയും നമുക്ക് കാണാം. തന്റെ എഴുത്തിനെക്കുറിച്ച് ഒരിക്കല്‍ എര്‍നോതന്നെ പറഞ്ഞത് ഇപ്രകാരമാണ്. 'ഞാന്‍ ഒരിക്കലും എന്റെ ഭാവനയിലേക്ക് സത്യത്തെ, അനുഭവങ്ങളെ, ഓര്‍മകളെ പകര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. മറിച്ച് സത്യങ്ങളിലേക്ക് ഭാവനയെ കലര്‍ത്തി സമ്പന്നമാക്കിയെടുക്കുകയാണു ചെയ്തിട്ടുള്ളത്' എന്നാണ്.