ആഴത്തില്‍
ആഴമെത്രെയെന്നറിയില്ല
ഒരു മനുഷ്യനും
നിന്നെ തേടിയിറങ്ങിയിട്ടുണ്ടാവില്ല
ഉയരത്തില്‍
ഉയരമെത്രെയെന്നറിയില്ല
ഞാനല്ലാതെ
നീയിരിക്കുന്ന ചില്ലതേടി പറന്നിട്ടുണ്ടാവില്ല
തിരയില്‍
തിരയുടെ കരുത്തറിയില്ല
നീയും നമ്മുടെ പ്രണയവും
ഇത്രമേലെന്നില്‍ ഇരമ്പിയാര്‍ത്തിട്ടുണ്ടാവില്ല
മഴയില്‍
മഴയുടെ തണുപ്പറിയില്ല
ഒരു തണുപ്പും, നിന്റെ സ്‌നേഹത്തോളം
എന്നെ പൊതിഞ്ഞു നിന്നിട്ടുണ്ടാവില്ല
മഞ്ഞു പെയ്തു
മഴ പെയ്തു
വെയില്‍വന്നുപോയി
റാന്തല്‍ വിളക്കിലെ മണ്ണെണ്ണ വറ്റി
കളിനിര്‍ത്തി കുട്ടികള്‍ പിരിഞ്ഞു
നിറഞ്ഞ കുപ്പികളൊഴിഞ്ഞു
പകല്‍മാറി ഇരുള്‍ നിറഞ്ഞു
എന്നിട്ടും
കിളിയൊഴിഞ്ഞ കൂട്
ചില്ലയോടൊട്ടിനില്‍ക്കുംപോലെ
പറഞ്ഞതും പറയാത്തതുമായ
എന്റെ ദുഖങ്ങള്‍
നനവുവറ്റി വരണ്ടുപോയ
എന്റെ സ്വപ്‌നങ്ങളില്‍
നിന്നെ വരയ്ക്കുന്നു
ഒടുവില്‍
ജീവിതവും മരണവും
ഇരുളും വെളിച്ചവും
എന്തിനെന്റെ സ്വപ്‌നങ്ങളത്രെയും പേറി
നീയാകുന്ന മണ്ണില്‍ നിന്നു
മുളപൊട്ടാന്‍ കാത്തിരിക്കുന്ന
വിത്താകുന്നു ഞാന്‍