സന്ദീപ് സലിം
സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തിയപ്പോൾ ഇരുന്പഴിക്കും തടുക്കാനാവാത്ത പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി മാറി. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തക നർഗീസ് മുഹമ്മദി പുരസ്കാരപ്രഖ്യാപനം നടക്കുന്ന സമയത്തും ജയിലിലാണ്. ഇറാൻ ഭരണകൂടം മുഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് തവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും മുഹമ്മദി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. കഴിഞ്ഞ എട്ടു വർഷമായി ജയിലിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്ക് കുടുംബത്തെയും മക്കളെയും കാണാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 25 വർഷത്തിൽ ഏറെ കാലവും നർഗീസ് ചെലവഴിച്ചത് ജയിലിലാണ്. 2023ലെ പെൻ ഫ്രീഡം ടു റൈറ്റ് അവാർഡും മുഹമ്മദിക്കാണ് നൽകപ്പെട്ടത്. യുഎന്നിന്റെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ചതും മറ്റൊരാള്ക്കല്ല.
എൻജിനിയറിൽനിന്നു മനുഷ്യാവകാശ
പ്രവർത്തകയിലേക്ക്
1972 ഏപ്രിൽ 21ന് ഇറാനിലെ സഞ്ജാനിൽ ജനിച്ച മുഹമ്മദി വളർന്നത് കോർവെഹ് (കുർദിസ്ഥാൻ), കരാജ്, ഓഷ്നവിയെഹ് എന്നിവിടങ്ങളിലാണ്. 1990 കളിൽ, ഫിസിക്സ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിത്തുടങ്ങിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003ൽ ഇവർ ഇറാനിലെ മറ്റൊരു നൊബേൽ സമാധാനപുരസ്കാര ജേതാവായ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി. വിവിധ പത്രങ്ങളിലായി എഴുതിയ കോളങ്ങൾ സമാഹരിച്ച് പരിഷ്കാരങ്ങൾ, തന്ത്രം, തന്ത്രങ്ങൾ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ നർഗീസ് മുഹമ്മദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 1998ൽ മൊഹമ്മദി ആദ്യമായി അറസ്റ്റിലാവുകയും ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു. 1999 ൽ മുഹമ്മദി മനുഷ്യാവകാശ പ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം കഴിച്ചു. അതേവർഷംതന്നെ റഹ്മാനി അറസ്റ്റിലായി. 13 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച റഹ്മാനി 2012ലാണ് ജയിൽമോചിതയായത്. ജയിൽ മോചിതനായ റഹ്മാനി മനുഷ്യാവകാശ പോരാട്ടങ്ങൾ അവസാനിപ്പിച്ച് ഫ്രാൻസിലേക്ക് താമസം മാറി. എന്നാൽ, തന്റെ വഴി അതല്ലെന്നു ബോധ്യമുണ്ടായിരുന്നമുഹമ്മദി ഇറാനിൽത്തന്നെ തുടരാൻ തീരുമാനിച്ചു. റഹ്മാനി അറസ്റ്റിലായി രണ്ടു വർഷത്തിനകം നർഗീസ് മുഹമ്മദിയെയും ഭരണകൂടം അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ശ്രമിച്ചതിന് 2011ലാണ് നർഗീസ് മുഹമ്മദി അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തത്. രാഷ്ട്രീയ വിദ്യാർഥി സംഘമായ തഷാക്കോൽ ദാനേഷ്ജുയി റോഷംഗരാന്റെ (ന്ധപ്രബുദ്ധരായ വിദ്യാർഥി സംഘംന്ധ) യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മൊഹമ്മദി അറസ്റ്റിലായത്. ദേശീയ സുരക്ഷയ്ക്കെതിരേ പ്രവർത്തിക്കുക, ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിലെ അംഗത്വം, ഭരണകൂടത്തിനെതിരായ പ്രചരണം എന്നിവയാണ് മുഹമ്മദിക്കുമേൽ ഭരണകൂടം ചാർത്തിയ കുറ്റങ്ങൾ.
വധശിക്ഷയ്ക്കെതിരായ പോരാട്ടം
2013 ൽ ജാമ്യത്തിലിറങ്ങിയ മൊഹമ്മദി ലോകത്ത് വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകിച്ച് ഇറാനിൽ, പുതിയ പോർമുഖം തുറന്നു. കുട്ടിക്കാലത്തെ തന്റെ അനുഭവങ്ങളാണ് വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് നർഗീസ് മുഹമ്മദി ഒരിക്കൽ പറഞ്ഞത്. ചെറിയ കുട്ടിയായിരിക്കുന്പോൾത്തന്നെ നർഗിസിന്റെ അമ്മയും മുത്തശിയും മുഹമ്മദിയെയും സഹോദരനെയും കൂട്ടി ജയിലുകൾ സന്ദർശിക്കുമായിരുന്നു. തടവുകാർക്ക് കഴിക്കാൻ പഴങ്ങളുമായാണ് പോയിരുന്നത്. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരെയും സന്ദർശിക്കുമായിരുന്നു. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരുടെ പേരുകൾ വായിക്കുക മുഹമ്മദിയുടെ ശീലമായിരുന്നു. ബാല്യകാലത്തിലെ ഈ ഓർമകളാണ് തന്നെ എല്ലാത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പോരാട്ടത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് മുഹമ്മദി പറഞ്ഞത്. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാന്റെ സ്ഥാനം ഒന്നാമതാണ്. 2022 ൽ 860 പേരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചത്. മുഹമ്മദിയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ഭരണകൂടം തയാറായില്ലെന്നുമാത്രമല്ല പലതവണ ഭരണകൂടവിരുദ്ധ പ്രചാരണങ്ങളിൽനിന്നു പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭരണകൂടത്തിന്റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തള്ളിക്കളഞ്ഞ മുഹമ്മദി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ അനിവാര്യമായ ആ കാര്യം സംഭവിച്ചു. വധശിക്ഷയ്ക്കെതിരായ ആക്ടിവിസം 2015ൽ മുഹമ്മദിയെ വീണ്ടും ഇരുന്പഴിക്കുള്ളിലാക്കി. ജയിലിലെത്തിയ മുഹമ്മദിയുടെ പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല. ഇറാനിയൻ ജയിലുകളിൽ രാഷ് ട്രീയതടവുകാർക്കെതിരേ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത പീഡനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീ തടവുകാർക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരേ തടവുകാരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഹമ്മദി മുഴുകി.
മനുഷ്യാവകാശ പ്രവർത്തകയിൽനിന്നു
സ്വാതന്ത്ര്യസമരസേനാനിയിലേക്ക്
നർഗസ് മുഹമ്മദി മനുഷ്യാവകാശ പ്രവർത്തക മാത്രമല്ല ഒരു സ്വാതന്ത്ര്യസമര സേനാനികൂടെയാണെന്നു ലോകം വാഴ്ത്തുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തുന്പോൾ ഇറാനിലെ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവരുടെ ധീരമായ പോരാട്ടത്തിനു ലോകം നൽകുന്ന അംഗീകരമായി പുരസ്കാര നേട്ടം മാറുന്നു. ഈ പുരസ്കാരം മൊഹമ്മദിക്കു നൽകുന്നതിലൂടെ സ്ത്രീകളെ അടിച്ചമർത്തുന്ന അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ ഭരണകൂടങ്ങൾക്കെതിരേയും തെരുവിൽ പോരാടുന്ന ലക്ഷക്കണക്കിനു പോരാളികളെ ആദരിക്കൽകൂടിയായിമാറുന്നു.
ജയിലേക്ക് നൊബേലെത്തുന്നത്
അഞ്ചാംതവണ
നർഗീസ് മുഹമ്മദി ജയിലിൽനിന്നു നൊബേൽ നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ്. ഇതിനുമുന്പ് കാൾ വോണ് ഒസിറ്റ്സ്കി, ഓങ്ങ്സാൻ സൂചി, ലിയു സിയാവോബോ, അലസ് ബിയാലിയാറ്റ്സ്കി എന്നിവരാണ് നർഗീസ് മൊഹമ്മദിക്കു മുന്പ് ജയിലിൽ കഴിയവേ നൊബേൽ പുരസ്കാരം നേടിയത്.
കാൾ വോണ് ഒസിറ്റ്സ്കി
നാസി കോണ്സെൻട്രേഷൻ ക്യാന്പിലേക്ക് നൊബേലെത്തിയത് ഒസിറ്റ്സ്കിയെ തേടിയാണ്. 1935ലാണ് മാധ്യമപ്രവർത്തകനും യുദ്ധവിരുദ്ധ പ്രചാരകനുമായ കാൾ വോണ് ഒസിറ്റ്സ്കി സമാധാന നൊബേലിനു തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിഞ്ഞില്ല. ഈ പുരസ്കാരം നേടുന്ന ആദ്യ ഭരണകൂട വിമർശകനും ഒസിറ്റ്സ്കിയാണ്. ഇത് ഹിറ്റ്ലറെ കുറച്ചൊന്നുമല്ല ചോടിപ്പിച്ചത്. കുപിതനായ അഡോൾഫ് ഹിറ്റ്ലർ എല്ലാ ജർമൻ പൗരന്മാരെയും നൊബേൽ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽനിന്നു വിലക്കുകയുണ്ടായി.
ആങ്ങ്സാൻ സൂചി
സൈന്യത്തിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ പോരാടിയതിനെത്തുടർന്ന് സൈന്യം വീട്ടുതങ്കലിലാക്കിയ മ്യാൻമറിലെ ആങ്ങ്സാൻ സൂചിയെത്തേടി 1991ലാണ് നൊബേൽപുരസ്കാരമെത്തിയത്. സൂചിയുടെ മക്കളും ഭർത്താവും ചേർന്നു പുരസ്കാരം സ്വീകരിച്ചു. പുരസ്കാര വേദിയിൽ സൂചിയുടെ സാന്നിധ്യം രേഖപ്പെടുത്താൻ ഒരു ഒഴിഞ്ഞ കസേര ഇട്ടിരുന്നു. ഒന്പതു വർഷങ്ങൾക്കു ശേഷമാണ് സൂചി മോചിതയായത്.
ലിയു സിയാവോബോ
ചൈനീസ് ഭരണകൂട വിമർശകനായ ലിയു സിയാവോബയെത്തേടി 2010 ൽ സമാധാന നൊബേലെത്തുന്പോൾ അദ്ദേഹത്തെ ഭരണകൂടം തടവിലിട്ടിരിക്കുകയായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പേരിലായിരുന്നു 11 വർഷത്തെ ജയിൽവാസം. പുരസ്കാരം സ്വീകരിക്കാൻ ചൈന അദ്ദേഹത്തിന്റെ ഭാര്യയെയോ മറ്റുബന്ധുക്കളെയോ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ ലിയു സിയയെ വീട്ടുതടങ്കലിലാക്കുകയും മൂന്ന് സഹോദര·ാരെ ചൈന വിടുന്നത് തടയുകയും ചെയ്തു. 2017 ജൂലൈയിൽ കരളിന് അർബുദം ബാധിച്ച് 61ാം വയസിൽ ചൈനീസ് ജയിൽ ആശുപത്രിയിൽവെച്ച് അദ്ദേഹം അന്തരിച്ചു. ഒസിറ്റ്സ്കിക്കു പിന്നാലെ തടവിൽ മരിക്കുന്ന രണ്ടാമത്തെ നൊബേൽ ജേതാവും ലിയു സിയാവോബോയാണ്.
അലസ് ബിയാലിയാറ്റ്സ്കി
ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലസ് ബിയാലിയാറ്റ്സ്കിക്ക് 2021 ലെ സമാധാന നൊബേൽ പുരസ്കാരം ലഭിക്കുന്പോൾ അദ്ദേഹം അലക്സാണ്ടർ ലുകാഷെങ്കേയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിനാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നതാലിയ പിഞ്ചുകാണ് അദ്ദേഹത്തിനായി പുരസ്കാരം സ്വീകരിച്ചത്.