Friday, July 10, 2015

രാവില്‍ വിരിഞ്ഞ മാരിവില്ല്

ഒറിജിനല്‍ ടൈറ്റില്‍: റെയിന്‍ബോ അറ്റ് നൈറ്റ്
രചന: സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ
മൊഴിമാറ്റം: സന്ദീപ് സലിം

.....................................................
ഗ്വാഡറാമയ്ക്കും മാഡ്രിഡിനുമിടയില്‍
ഓടുന്ന രാത്രിവ|ി
ആകാശത്തു മാരിവില്ലിന്റെ വര്‍ണപ്രപഞ്ചമൊരുക്കുന്നു
പൂനിലാവും ജലകണങ്ങളും
തൂവെള്ള മേഘങ്ങളെ ആട്ടിയോടിക്കുന്നു
ഏപ്രിലിലെ ശാന്തചന്ദ്രന്‍

മടിയിലുറങ്ങും കണ്‍മണിയെ
അമ്മ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു
ഉറക്കത്തിലും കുഞ്ഞിന്റെ മനസില്‍ തെളിയുന്നു
പിന്നിലേക്കോടുന്ന പച്ചവിരിച്ച പാടങ്ങളും
വെയില്‍ ചിത്രംവരച്ച ചെറുമരങ്ങളും
വര്‍ണതിളക്കമുള്ള ചിത്രശലഭങ്ങളും

ഇന്നിനും നാളെയ്ക്കും മധ്യേ
ഇരുണ്ടു ചുളുങ്ങിയ നെറ്റിത്തടമുള്ള അമ്മ കാണുന്നു
ചാമ്പലാല്‍ മറഞ്ഞ അഗ്നി
എട്ടുകാലികളോടുന്ന അടുപ്പുകള്‍

ദു:ഖിതനായ ഒരു യാത്രികന്‍
അപൂര്‍വ കാഴ്ചകള്‍ കാണുന്നു
തനിയെ, ആരോടെന്നില്ലാതെ സംസാരിക്കുന്നു
ഒറ്റ നോട്ടം മാത്രം
ഒറ്റ നോട്ടത്താലെല്ലാം മായ്ക്കുന്നു
ഞങ്ങളെയും

എന്റെ ചിന്തയിലേക്ക്
മഞ്ഞു പാടങ്ങളും പൈന്‍ മരങ്ങളും
കടന്നു വരുന്നു

ദൈവമേ,
ഞങ്ങളുടെ കണ്ണുകളേ
നീ എല്ലാ ആത്മാക്കളെയും കാണുന്നു
ആ ഒരു നാള്‍ വരുമോയെന്നു പറയൂ
ഞങ്ങള്‍ നിന്റെ മുഖം കാണുന്ന നാള്‍
...................................................................................
Rainbow At Night
(For Don Ramón del Valle-Inclán)


Bound for Madrid, one evening
the train in the Guadarrama.
In the sky the rainbow's arch
of moonlight and water.
Oh calm moon of April
driving the white clouds!
The mother holds her child,
sleeping, in her lap.
Sleeping the child still sees
the green fields going by
with little sunlit trees
and gilded butterflies.
The mother, frowning dark
between tomorrow, yesterday
sees dying embers
and an oven full of spiders.
And there's a sad traveller
who has to view rare sights,
talks to himself, glances up
and voids us with his glance.
I think of fields of snow,
pine-trees on other hills.
And you, Lord, through whom
all see, who sees all souls,
say if a day will come
when we shall see your face.


Saturday, June 27, 2015

കവിതയോളം വരും ജീവിതം

ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുന്നു എന്ന കവിതാ സമാഹാരത്തിലൂടെ മലയാള കവിതയില്‍ തന്റെ ഇടം അടയാളപ്പെടുത്തുകയും സൈകതം ബുക്‌സിലൂടെ പ്രസാധകനായും തിളങ്ങുന്ന നാസര്‍ കൂടാളി തന്റെ എഴുത്തു ജീവിതം സന്ദീപ് സലിമുമായി പങ്കുവയ്ക്കുന്നു.

അക്ഷരങ്ങളെ സ്‌നേഹിച്ച ബാല്യം

അത്ര മധുരമെന്നും ആയിരുന്നില്ല ആ കാലഘട്ടം. മനസ് നിറയെ പുസ്തകങ്ങളും കവിതയും പിന്നെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കൂട്ടുകാരും. ജീവിച്ചു പോകാന്‍ അത്രയൊക്കെ മതിയെന്ന്! അന്നത്തെക്കാളേറെ ഇന്നും ധൈര്യം തരുന്നതും അതൊക്കെ തന്നെയാണ്. "നീ എത്ര കണ്ടു ജീവിതം" എന്നു ചോദിച്ചാല്‍ ഞാന്‍ എഴുതിയ കവിതയോളം വരും എന്റെ ജീവിതം എന്ന് എനിക്കുറക്കെ പറയാന്‍ കഴിയും. കാരണം ഞാന്‍ അത്രയെന്നും എഴുതിയിരുന്നില്ല.

കവിതയിലെ ബാല്യം

കവിത ആയിരുന്നില്ല എഴുതിത്തുടങ്ങിയത്. കവിതയിലേക്ക് എത്തിപ്പെട്ടതായിരിക്കണം. ചില വ്യക്തികള്‍, എഴുത്തുകാര്‍ അങ്ങിനെ പലരും കവിതയിലേക്ക് വഴിതെളിച്ചു. അതില്‍  ഏറ്റവുമധികം കടപ്പാട് കവി ഒ. എം. രാമകൃഷ്ണനോടാണ്. മാതൃഭൂമി ബാലപംക്തിയിലും ദേശാഭിമാനി കുട്ടികളുടെ ലോകത്തിലും പ്രീഡിഗ്രിക്കാലത്ത് മത്സരിച്ചെഴുതുന്ന സമയം. കുറെയേറെ കഥകള്‍ അവിടങ്ങളില്‍ വെളിച്ചം കണ്ടു. എഴുത്തിനു ധൈര്യം തരാന്‍  കുറെ നല്ല എഡിറ്റര്‍മാരുമുണ്ടായപ്പോള്‍ എഴുതാനാവുമെന്ന തോന്നലുണ്ടായി. പിന്നെ പതുക്കെ കുട്ടികളുടെ പംക്തിയില്‍ നിന്നും പുറത്തേക്ക് ചാടിപ്പോകാന്‍ കവിത തെരഞ്ഞെടുത്തതായിരിക്കണം. എനിക്ക് കവിത വഴങ്ങും  എന്ന് കൂടെ മനസിലാവുകയും ചെയ്തു. അന്നെഴുതിയ കഥകള്‍ എടുത്ത് വെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു സമാഹാരം കൂടെ ഇറക്കിയേനെ. കവിതയെഴുത്ത് വലിയ സംഭാവമെന്നുമല്ല എന്ന് കരുതുന്ന നാട്ടിലും വീട്ടിലുമാണ്  എന്റെ ജനനം. ഇപ്പോഴും അതൊക്കെ അങ്ങനെതന്നെയാണെന്നാണ് എന്റെ വിശ്വാസവും. കവി പി. കുഞ്ഞിരാമന്‍ നായര്‍ കുറേക്കാലം എന്റെ വീടിനടുത്താണത്രേ താമസിച്ചിരുന്നത്. മുതിര്‍ന്നപ്പോഴായിരുന്നു അതൊക്കെ മനസിലാക്കിയത്. ഇടക്കൊക്കെ വീടിന്റെ ഇടവഴിയിലൂടെ പോകുന്ന ആ വലിയ എഴുത്തുകാരനെ ഒര്‍ത്തുപോകാറുണ്ട് മനസുകൊണ്ടെങ്കിലും.

കവിതയിലേക്കെത്തുന്നത്

തനി യാതാസ്ഥിതിക കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. വീടിനു തൊട്ടപ്പുറത്തെ വായനശാലയില്‍ പോകാന്‍ പോലും വിലക്കായിരുന്നു. സ്കൂളിനും  വീടിനുമപ്പുറം ഒരു ലോകമുണ്ടായിരുന്നില്ല. സ്കൂള്‍ കാലത്ത് തന്നെ എഴുതി തുടങ്ങിയിരുന്നു. ആരും കാണാതെ എഴുതി വെക്കുന്ന ശീലം. സ്കൂളില്‍ പഠിക്കുന്ന കാലത്തു രചനാ മത്സരങ്ങളിലൊക്കെ അധ്യാപകരുടെ മക്കള്‍ മാത്രമേ മത്സരിച്ചിരുന്നുള്ളൂ. പ്രീ ഡിഗ്രി കാലത്ത് കുറച്ചൊക്കെ ധൈര്യം കിട്ടിയത് അന്നത്തെ കൂട്ടുകാര്‍ വഴിയായിരുന്നു. നാട്ടിലെക്കാളേറെ കൂട്ടുകാര്‍ പുറത്ത് നിന്നായി. ഇഷ്ടം പോലെ വായിക്കാന്‍ തുടങ്ങി. നല്ല കുറെ പുസ്തകങ്ങളുള്ള നാട്ടിലുള്ള വായനശാല എന്റെ എഴുത്തിനെ സ്വാധീനിച്ചിരിക്കണം.

ആദ്യത്തെ കവിത

ആദ്യത്തെ കവിതയൊന്നും മനസിലില്ല.
"സ്വപ്നങ്ങള്‍ നിരോധിച്ച രാത്രിയില്‍
ഓര്‍മകളുടെ ശിരസറുത്ത്
മൗനം പടിയടച്ച് കടന്നു പോയ്
ഇനി യാത്ര നക്ഷത്രങ്ങളുടെ കാവലില്‍
ഇരുട്ടിന്റെ മാറ് പിളര്‍ക്കാന്‍
കണ്ണുകളിലെ ചാന്ദ്രവെളിച്ചം"
എന്നു മാത്രം ഓര്‍മയുണ്ട്. ഞാനൊരു കുഴിമടിയനും പ്രവാസത്തിന്റെ മടുപ്പും കാരണം ആനുകാലികങ്ങളില്‍ വന്ന കവിതകളുടെ കോപ്പികള്‍ പോലും കയ്യിലില്ല. ഞാന്‍ അത്രമാത്രം കവിതകള്‍ എഴുതിയിട്ടില്ലാത്ത സ്ഥിതിക്ക് അതിന്റെ ആവശ്യമില്ല എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്. 2007 ലാണ് ആദ്യ കവിതാ സമാഹാരം "ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍" പായല്‍ ബുക്‌സ് വഴി പുറത്ത് വരുന്നത്. ആ വര്‍ഷം തന്നെ അത് വിറ്റ്‌പോവുകയും ചെയ്തു. "കരച്ചില്‍ എന്ന കുട്ടി" എന്ന പേരില്‍ രണ്ടാമത് കവിത സമാഹാരം അടുത്ത് തന്നെ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്.

പ്രണയിച്ച കവിത

എഴുതിയ എല്ലാ കവിതകളോടും ഒരേ ഇഷ്ടമാണ്. ഒന്നിനോടും പ്രത്യേക താല്‍പര്യമൊന്നുമില്ല. കവിതയെ മാത്രമാണു ഞാന്‍ പ്രണയിച്ചത്. എന്നിലെ കവിയെയല്ല. പക്ഷെ, ഇഷ്ടം തോന്നിയ നിരവധി കവികളും കവിതകളുമുണ്ട്.  ശരിക്കും നമ്മെ അമ്പരപ്പിക്കുന്ന എഴുത്തുകാര്‍. മലയാളത്തില്‍ അക്കാലത്ത് എഴുത്തിലേക്ക് എന്നെ അടുപ്പിച്ചത് എ. അയ്യപ്പന്റെ കവിതകളാണ്.

എഴുതാതെ പോയ കവിത

പലപ്പോഴും മനസിലാണ് കവിതകള്‍ എഴുതാറുള്ളത്. ഒന്നുങ്കില്‍ ഒരു വാക്കോ അല്ലെങ്കില്‍ ഒരു വരിയോ മതി ഒരു കവിതയ്ക്കു വിത്തുപാകാന്‍. ഉറക്കത്തില്‍ നിറയെ കവിത വരാറുണ്ട്. പക്ഷേ, നേരം പുലരുമ്പോഴേക്കും അതൊക്കെ മറക്കുമെന്നതിനാല്‍ കടലാസില്‍ കോറിയിടാനാവാതെ വിഷമിച്ച് പോയിട്ടുണ്ട്. അത്തരം നിമിഷങ്ങളിലായിരിക്കണം എഴുത്താതെ പോയ കവിതകളെക്കുറിച്ച് കൂടുതല്‍ സങ്കടപ്പെട്ടിട്ടുണ്ടാവുക. കവിതയെഴുത്തിനു പ്രത്യേക സമയങ്ങളല്ല. ഒന്നുങ്കില്‍ ജോലി ചെയ്യുമ്പോള്‍, ഭക്ഷണമുണ്ടാക്കുമ്പോള്‍, തുണിയലക്കുമ്പോള്‍ അങ്ങിനെയങ്ങിനെ എപ്പോള്‍ വേണമെങ്കിലും. എല്ലാ കവിതയും  കടലാസിലേക്ക് പകര്‍ത്താറുമില്ല. എഴുതിയ കവിതയേക്കാള്‍ മനസിനകത്ത് ഇപ്പോഴുമുണ്ട്  കുറെയേറെ എഴുതാത്ത കവിതകള്‍. അതവിടെ കിടക്കട്ടെ. നല്ല കവിതയെന്നോ ചീത്ത കവിതയെന്നോ കവിതയെ വേര്‍തിരിക്കാനാവില്ല. പക്ഷേ, ആത്മസംതൃപതിക്കു വേണ്ടി ആയിരിക്കാം പലരും കവിത എഴുതുന്നത്.  10 ശതമാനം കവികളും പ്രശസ്തിക്കും പണത്തിനും വേണ്ടിയുമാവാം. സാമഹ്യ പ്രതിബദ്ധതക്കു വേണ്ടി എത്രകവികള്‍ കവിത എഴുതുന്നുണ്ട് എന്ന് കൂടി നോക്കണം. സോഷ്യല്‍ മീഡിയ വന്നതോടെ എല്ലാവരും കവികളായി. കവിതയിലെ ബഹുസ്വരത അറിയാനും സോഷ്യല്‍ മീഡിയ സഹായിച്ചു.

കവിതയിലെ സ്ഥാനം

എഴുത്തുകാരന്‍, എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളുണ്ടോ പുതിയ കവിതയില്‍. എന്നാല്‍, അവനവന്റെ ഒരു ഗ്രൂപ്പും കോക്കസും ഒക്കെ ഇപ്പോഴും മലയാളകവിതയില്‍  ഉണ്ടെന്നാണ് എന്റെ അഭിപ്രായം. ഞാനൊന്നും അതിന്റെ ഭാഗമാകാത്തതിനാലാവണം നിരൂപകരൊന്നും എന്നെ അടുപ്പിക്കാത്തത്. അല്ലെങ്കിലും ആര്‍ക്കു വേണം കാക്കത്തൊള്ളായിരം കവികളൂള്ള നാട്ടില്‍ സ്ഥാനം.എഴുതുക എന്നല്ലാതെ അതിലപ്പുറമൊന്നും ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. ആശങ്കപ്പെടുത്തിയിട്ടുമില്ല.

കവിയില്‍ നിന്നും പ്രസാധകനിലേക്ക്

അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്ലോഗെഴുത്ത് കത്തി നില്‍ക്കുന്ന കാലത്താണ് സുഹൃത്തായ ജസ്റ്റിനുമൊത്ത് സൈകതം എന്ന പേരില്‍ ഒരു പബ്ലിക്കേഷന്‍ തുടങ്ങുന്നത്. പുതിയ തലമുറയിലെയും ഇപ്പോള്‍ മുഖ്യധാരയിലടക്കമുള്ള നൂറ്റമ്പതോളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ സൈകത്തിലൂടെ വായനക്കാരിലേക്കെത്തിക്കഴിഞ്ഞു. ജീവിക്കാനുള്ള വരുമാന മാര്‍ഗം എന്ന നിലയിലല്ല മറിച്ച് സമാന്തര സാഹിത്യ പ്രവര്‍്ത്തനം എന്ന നിലയിലാണ് ഈ സംരംഭം കൊണ്ടുപോകുന്നത്. പുതിയ എഴുത്തുകാരോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഭീമന്‍ പുസ്തകമുതലാളിമാര്‍ക്കെതിരേയല്ല സൈകതം മത്സരിക്കുന്നത്. മുഖ്യധാരയിലുള്ള എഴുത്തുകാരോടൊപ്പം എഴുതിത്തുടങ്ങുന്ന പുതിയ തലമുറയിലെ എഴുത്തുകാരെയും പരിചയപ്പെടുത്തുകയാണ് സൈകതത്തിന്റെ ലക്ഷ്യം.

വ്യക്തിപരം

കണ്ണൂര്‍ ജില്ലയിലെ കൂടാളിയില്‍ ജനനം. ഇപ്പോള്‍ വാരം എന്ന സ്ഥലത്ത് താമസിക്കുന്നു.
പതിനഞ്ച് വര്ഷുത്തോളമായി മസ്കറ്റില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഭാര്യ: സൗദത്ത്.
മക്കള്‍: സുഹാന, സന, അദ്‌നാന്‍
പുസ്തകം: ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍
*****************************************************************************************************************************************************************

Thursday, June 11, 2015

തെരുവ്

രചന: ഒക്ടാവിയോ പാസ്
മൊഴിമാറ്റം: സന്ദീപ് സലിം
*********************

തെരുവ് നീണ്ടതും നിശബ്ദവും
ഞാന്‍ നടക്കുന്നു
കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ്
കാലിടറി ഞാന്‍ വീഴുന്നു
പിന്നെ, എഴുന്നേല്‍ക്കുന്നു
ഞാന്‍ അന്ധമായി ചവിട്ടി നടക്കുന്നു
നിശബ്ദമായ കല്ലുകള്‍ക്കും കരിയിലകള്‍ക്കും മേലെ
എന്നെ ആരോ പിന്തുടരുന്നു
കല്ലുകളെയും കരിയിലകളെയും ചവിട്ടിത്തള്ളിക്കൊണ്ട്
ഞാന്‍ നിശ്ചലനാവുമ്പോള്‍
അയാളുടെ ചലനവും നിലയ്ക്കുന്നു
ഞാനോടുമ്പോള്‍ കൂടെ അയാളും
ഞാന്‍ പിന്തിരിഞ്ഞ് നോക്കുന്നു; ആരുമില്ല
കൂരിരുള്‍ മാത്രം
പുറത്തേക്ക് വാതിലുകളില്ല
എന്റെ പാദങ്ങള്‍ മാത്രം
എണ്ണമറ്റ വളവുകള്‍ തിരിഞ്ഞിട്ടും
അതേ പഴയ തെരുവില്‍
തെരുവില്‍ ആരുമെന്നെ കാത്തുനില്‍ക്കുന്നില്ല
എന്നെ ആരും പിന്തുടരുന്നില്ല
തെരുവില്‍ ഞാന്‍ പിന്‍പറ്റുന്നവനാകുന്നു
ഇരുട്ടില്‍ ഞാന്‍ ഇടറി വീഴുന്നു, എഴുന്നേല്‍ക്കുന്നു
എന്നിട്ട് എന്നെ നോക്കിപ്പറയുന്നു; ആരുമില്ല
======================================
മെക്‌സിക്കന്‍ കവിയും സാഹിത്യ നൊബേല്‍ ജേതാവുമായ ഒക്ടാവിയോ പാസിന്റെ ദ സ്ട്രീറ്റ് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. തകഴിക്ക് 1984ല്‍ ജ്ഞാനപീഠം സമ്മാനിച്ചതും പാസ് ആണ്.

The Street
..................
Here is a long and silent street.
I walk in blackness and I stumble and fall
and rise, and I walk blind, my feet
trampling the silent stones and the dry leaves.
Someone behind me also tramples, stones, leaves:
if I slow down, he slows;
if I run, he runs I turn : nobody.
Everything dark and doorless,
only my steps aware of me,
I turning and turning among these corners
which lead forever to the street
where nobody waits for, nobody follows me,
where I pursue a man who stumbles
and rises and says when he sees me : nobody.
Octavio Paz

Wednesday, June 3, 2015

മരിച്ച സ്ത്രീ



Original: Dead woman
രചന: പബ്ലൊ നെരൂദ (ചിലിയന്‍ കവി)

വിവര്‍ത്തനം: സന്ദീപ് സലിം

*********************
പെട്ടന്ന്,
നീയില്ലാതായാല്‍
പെട്ടന്ന്,
നീ മരിച്ചാല്‍
ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും

ഞാന്‍ ഭയപ്പെടുന്നു
നീ മരിച്ചാല്‍
എന്നെഴുതാനുള്ള ധൈര്യമെനിക്കില്ല

ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
എന്തുകൊണ്ടെന്നാല്‍,
ഒരു പുരുഷന്റെ ശബ്ദം നിലയ്ക്കുന്നതെവിടെയോ
അവിടെന്റെ സ്വരമുയരണം

കറുത്തവര്‍ അടിച്ചമര്‍ത്തപ്പെടുന്നതെവിടെയോ
അവിടെനിക്കു മരിക്കാനാവില്ല
എന്റെ കൂടപ്പിറപ്പുകള്‍ തടവിലാക്കപ്പെടുമ്പോള്‍
എനിക്കവരെ പിന്‍പറ്റണം

അന്തിമമഹാവിജയമെത്തുമ്പോള്‍
ആ വിജയം
എന്റെ വിജയമല്ല
മൂകനാണെങ്കിലും
എനിക്കതിനെക്കുറിച്ചു സംസാരിക്കണം
അന്ധനാണെങ്കിലും
വിജയത്തിന്റെ വരവെനിക്കു കാണണം

എന്നോടു ക്ഷമിക്കൂ
നീ ജീവനോടില്ലെങ്കില്‍
എന്റെ പ്രിയപ്പെട്ടവളെ,
നീ മരിച്ചു പോയാല്‍
എന്റെ മാറിലേക്ക് ഇലകളെല്ലാം കൊഴിഞ്ഞു വീഴും
പകലുകളും രാത്രികളും മഴയായ്
എന്റെ ആത്മാവില്‍ പെയ്യും
അഗ്നിയിലും തണുപ്പിലും മരണത്തിലും മഞ്ഞിലും
ഞാന്‍ ചവിട്ടി നടക്കും
നിത്യതയിലുറങ്ങുന്ന നിന്റെ അടുക്കലെത്താന്‍
എന്റെ കാലടികള്‍ കൊതിക്കുന്നു
എങ്കിലും ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
ഞാന്‍ തോല്‍ക്കരുതെന്നു
നീ മോഹിച്ചിരുന്നതിനാല്‍ മാത്രം
പ്രിയപ്പെട്ടവളേ,
നിനക്കറിയാമല്ലോ
ഞാനെന്നാല്‍ ഒരാളല്ല, ഈ മനുഷ്യവര്‍ഗമാണെന്ന്‌
*****************************************
The Dead Woman

If suddenly you do not exist,
if suddenly you no longer live,
I shall live on.

I do not dare,
I do not dare to write it,
if you die.

I shall live on.
For where a man has no voice,
there, my voice.

Where blacks are beaten,
I cannot be dead.
When my brothers go to prison
I shall go with them.

When victory,
not my victory,
but the great victory comes,
even though I am mute I must speak;
I shall see it come even
though I am blind.

No, forgive me.
If you no longer live,
if you, beloved, my love,
if you have died,
all the leaves will fall in my breast,
it will rain on my soul night and day,
the snow will burn my heart,
I shall walk with frost and fire and death and snow,
my feet will want to walk to where you are sleeping, but
I shall stay alive,
because above all things
you wanted me indomitable,
and, my love, because you know that I am not only a man
but all mankind.


 

Sunday, May 3, 2015

സര്‍ഗാത്മകതയുടെ ലാസ്യനടനം

ഋതുപ്പെണ്ണ് മാറിനടക്കുന്ന വരാന്തയിലൂടെ
ഒരൊഴിഞ്ഞ വഴിയുണ്ട്
പോകാന്‍, വരാന്‍, തൊടാതെ മിണ്ടാന്‍
                                  -സംപ്രീത (ഒഴിവ്)

ലോകത്തെയും സമൂഹത്തെയും ജീവിതത്തെയും സ്ത്രീ കേന്ദ്രീകൃതമായ കണ്ണിലൂടെ കാണുന്ന കവിതകളിലൂടെ മലയാള കവിതയില്‍ സംപ്രീതയെന്ന കവയിത്രി സ്വന്തമായൊരിടം സ്വന്തമാക്കുന്നു. ടെക്‌നോളജിയുടെ പുതിയ സാധ്യതകളുടെ നോക്കിയിരുപ്പുകാരായ പുതുതലമുറയ്ക്ക് നഷ്ടമാവുന്ന ബാല്യത്തെ കുറിച്ചും പെണ്ണുടലിന്റെ സാധ്യതകള്‍ തേടുന്ന കച്ചവട താത്പര്യങ്ങളാല്‍ തകര്‍ന്നു പോകുന്ന പെണ്‍സ്വപ്‌നങ്ങളെ കുറിച്ചും സംപ്രീതയുടെ കവിതകള്‍ ആശങ്കപ്പെടുന്നു.
ഓരോ നല്ല മനുഷ്യരിലും നിന്ന്
ഞാന്‍ നിന്നെ വാറ്റിയെടുക്കുന്നു
സങ്കട മുന്തിരികളുടെ ആകെ സത്താര്‍ന്ന നിന്നെ (സത്ത)

ഈ വരികളിലൂടെ സ്‌നേഹത്തിന്റെയും നന്മയുടെയും സാധ്യതകളിലേക്കും സംപ്രീത വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. എഴുത്തിനൊപ്പം
ഒരു നല്ല നര്‍ത്തകിയും കൂടിയാണ് സംപ്രീത. നീറ്റെഴുത്ത് , ഇലയിടം എന്നീ കവിതാസമാഹാരങ്ങളിലൂടെ പ്രശസ്തയായ സംപ്രീത തന്റെ എഴുത്തിനെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും സന്ദീപ് സലിമിനോടു സംസാരിക്കുന്നു.

Tuesday, March 17, 2015

ദിനാന്ത്യം

ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയറിന്റെ എന്‍ഡ് ഓഫ് ദ ഡേ എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.

ദിനാന്ത്യം
രചന: ചാള്‍സ് ബോദ്‌ലെയര്‍
വിവര്‍ത്തനം: സന്ദീപ് സലിം


മങ്ങിയ പ്രകാശത്തില്‍
ശബ്ദകോലാഹലങ്ങളുയര്‍ത്തി
നാണംകെട്ടോടിനടക്കുന്നു ജീവിതം

കാരണരഹിതമായ്
ചക്രവാളത്തില്‍ മദാലസയെപ്പോല്‍
അത് നൃത്തമാടുന്നു
എല്ലാമടക്കി,
വിശപ്പു പോലും
എല്ലാം മായ്ച്ച്,
നാണക്കേടു പോലും
ഒടുവില്‍ രാത്രിയെത്തുമ്പോള്‍
'ഒടുക്ക'മെന്ന കവിയുടെ ആത്മഭാഷണവും

തളര്‍ന്ന നട്ടെല്ലിനൊപ്പം
ആത്മാവും വിശ്രമം യാചിക്കുന്നു;
മങ്ങിയ കിനാവുകള്‍ നിറഞ്ഞ
ഒരു ഹൃദയവുമായി
ഞാന്‍ കിടക്കാന്‍ പോകുന്നു
നിവര്‍ന്നു തന്നെ
ഉല്ലാസപ്രദമായ നിഴലുകളുടെ
തിരശീലകളില്‍ ഞാനെന്നെ പൊതിയും
>>>>>>>
The End of the Day

Under a pallid light, noisy,
Impudent Life runs and dances,
Twists and turns, for no good reason
So, as soon as voluptuous
Night rises from the horizon,
Assuaging all, even hunger,
Effacing all, even shame,
The Poet says to himself: "At last!
My spirit, like my vertebrae,
Passionately invokes repose;
With a heart full of gloomy dreams,
I shall lie down flat on my back
And wrap myself in your curtains,
O refreshing shadows!"
 

Friday, March 6, 2015

ജീവിതം ക്രമപ്പെടുത്തുന്ന ഓര്‍മകള്‍

അച്ഛന്‍
അരിയര്‍ ബില്ലുകള്‍ക്കും
ആദായ നികുതിക്കും
വാടക കുടിശികയ്ക്കും ശേഷം
ബാക്കിയായ നോട്ടുകള്‍ക്കൊപ്പം
തീവണ്ടി ദൂരങ്ങള്‍ക്കകലെ
പുസ്തകക്കെട്ടുകളോടൊത്ത് ഒരു ചിരി  (ഗാര്‍ഹികം- ധന്യ എം. ഡി.)
 
മലയാളകവിതയുടെ ലോകത്ത് ഒരു അദ്ഭുതക്കുട്ടിയാണ് ധന്യ എം. ഡി. താനുള്‍പ്പെടുന്ന ദലിത്/സ്ത്രീ വിഭാഗത്തോടു തനിക്ക് സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായി ഉത്തരവാദിത്തമുണ്ടെന്നു വിശ്വസിക്കുന്നിടത്താണ് ധന്യയുടെ കവിതകള്‍ വ്യത്യസ്തമാകുന്നതും. അമിഗ്ദല എന്ന കവിതാ സമാഹാരത്തിലൂടെ മലയാള കവിതയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ ധന്യ തന്റെ കവിതകളെക്കുംറിച്ചും കാവ്യ ജീവിതത്തെ കുറിച്ചും സന്ദീപ് സലിമിനോട് സംസാരിക്കുന്നു.
 
കവിതയിലെ ബാല്യം / കവിതയിലേക്കുള്ള വരവ്
 
 ധാരാളം വര്‍ത്തമാനം പറയുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഉറക്കത്തിലും ഉണര്‍വ്വിലും ഒരേപോലെ സ്വപ്നം കാണുന്ന, എല്ലാറ്റിലും അത്ഭുതപ്പെടുന്ന ഒരു കുട്ടി. അച്ഛന്‍ വാങ്ങിത്തരുമായിരുന്ന ബാലപ്രസിദ്ധീകരണങ്ങളാണ് വായനയിലേക്കുള്ള വഴി തുറന്നത്. ഞാന്‍ എല്‍.പി.സ്കൂളില്‍ പഠിക്കുന്ന സമയത്ത് അമ്മയുടെ സഹോദരന് ഒരു അപകടം പറ്റി കിടപ്പിലായി. അദ്ദേഹത്തിന് നേരം പോകുന്നതിനായി സുഹൃത്തുക്കള്‍ ധാരാളം പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും എത്തിച്ചുകൊടുക്കുമായിരുന്നു. ഭാഷാപോഷിണിയുടെയും കലാകൗമുദിയുടെയും ധാരാളം ലക്കങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ബൈന്‍ഡ് ചെയ്തവയും അക്കൂട്ടത്തിലുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം, പൂത്തകാലം, സേതുവിന്റെ പാണ്ഡവപുരം തുടങ്ങിയവ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ലക്കങ്ങള്‍ ചേര്‍ത്ത് ബൈന്‍ഡ് ചെയ്തതായിരുന്നു അതൊക്കെ. അയല്‍വീട്ടിലെ ഒരു വലിയ പുസ്തകശേഖരം സ്വന്തംപോലെ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും അക്കാലത്ത് കിട്ടിയ വലിയ ഭാഗ്യമായിരുന്നു. നിരന്തരം പുസ്തകങ്ങള്‍ ചോദിക്കുകയും അലമരായോട് ചേര്‍ത്ത് കസേരയിട്ട് തോന്നിയ പുസ്തകങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്യുന്നതില്‍ അവര്‍ എന്നെ ഒരിക്കലും നിയന്ത്രിക്കാന്‍ ശ്രമിച്ചുമില്ല. സോവിയറ്റ് റഷ്യയില്‍ നിന്നുള്ള വിവര്‍ത്തനം ചെയ്യപ്പെട്ട കുട്ടിക്കഥകള്‍ കട്ടിപ്പേജുകളില്‍ മനോഹരമായ ചിത്രങ്ങള്‍ അച്ചടിച്ച് വന്നിരുന്നത് വായിക്കാന്‍ കിട്ടിയത് അവിടെ നിന്നാണ്. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റക്കാട്, ഗ്രീക്ക് പുരാണ കഥാസാഗരം, ആയിരത്തൊന്നു രാവുകള്‍.... വായിക്കുകയും സ്വപ്നം കാണുകയും ചെയ്യാനാഗ്രഹിച്ച ഒരു ചെറിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമായിരുന്നു.  അച്ഛന്റെ വീട്ടിലുള്ളവര്‍ നല്ല കഥ പറച്ചില്‍ക്കാരായിരുന്നു. അമ്മയുടെ അമ്മയും അച്ഛനും അതുപോലെതന്നെ. ഏതു സംഭവമുണ്ടായാലും അത് വിശദീകരിക്കുന്നതിനൊപ്പം "ഞാനൊരു ഉപകഥ പറയാം' എന്ന മുഖവുരയോടെ നൂറുനൂറു കുഞ്ഞുകഥകള്‍ കൂടി അപ്പൂപ്പനും അമ്മൂമ്മയും പറയുമായിരുന്നു. രണ്ട് വീടുകളെയും ചുറ്റിപ്പറ്റി (എല്ലായിടത്തുമുള്ളതുപോലെ) അവരുടേതായ ധാരാളം നിഗൂഢകഥകളും ഉണ്ടായിരുന്നു. ഇതൊക്കെ ചേര്‍ന്നാകണം ഭാവനയുടെ ഒരു ലോകം എന്റെയുള്ളില്‍ വികസിച്ചത്. എഴുത്തുകാരുടെയും ചിത്രകാരന്‍മാരുടെയും സിനിമാക്കാരുടെയും അഭിമുഖങ്ങള്‍ എന്നെ കൊതിപ്പിച്ചിരുന്നു. വിചാരങ്ങളെയൊക്കെ കഥപോലെ വിശദമായ പെന്‍സില്‍ ചിത്രങ്ങളാക്കാനായിരുന്നു അന്നത്തെ ശ്രമം. വലുതാകുമ്പോള്‍ ഒരു ചിത്രകാരിയോ എഴുത്തുകാരിയോ ആയിത്തീരണം എന്ന് വല്ലാതെ മോഹിച്ചിരുന്നു. അന്ന് സ്വയം തോന്നിയ എന്തൊക്കെയോ അപര്യാപ്തതകളെ മറികടക്കാന്‍ അതായിരിക്കും ഏറ്റവും നല്ല വഴിയെന്ന് തോന്നിയിരുന്നു. ചിത്രം വരയ്ക്കുന്നതിനേക്കാള്‍ രസകരം ഉള്ളിലുള്ളത് എഴുതിവയ്ക്കുന്നതാണെന്ന് മനസ്സിലായപ്പള്‍ എഴുത്തിലേക്ക് തിരിഞ്ഞു. അതിന് മുന്‍പുതന്നെ സ്കൂള്‍ രചനാ മത്സരങ്ങളില്‍ സമ്മാനം കിട്ടാറുണ്ടായിരുന്നു. ഡിഗ്രി  പഠനകാലത്തെ വെക്കേഷന് എ. അയ്യപ്പന്റെ "മുറിവേറ്റ ശീര്‍ഷകങ്ങള്‍' എന്ന പുസ്തകം അച്ഛന്‍ സമ്മാനമായിത്തരന്നു. ഓണപ്പതിപ്പുകളിലല്ലാതെ അയ്യപ്പന്‍ കവിതകള്‍ വായിക്കാന്‍ കിട്ടുന്ന ആദ്യ അവസരമായിരുന്നു അത്. ആ കവിതകള്‍ എന്നെ ആവേശിച്ചു. അയ്യപ്പന്‍ ഛായയുള്ള കവിതകള്‍ ധാരാളമെഴുതി. ഒടുവില്‍ അയ്യപ്പനെപ്പറ്റിതന്നെ ഒരു കവിതയെഴുതി. ചാരുംമൂട്, രാജന്‍ കൈലാസ് സാറിന്റെ പുസ്തക പ്രകാശനച്ചടങ്ങിനെത്തിയപ്പോള്‍ അയ്യപ്പന് ഞാനാ കവിത വായിക്കാന്‍ കൊടുത്തു. സ്വതസിദ്ധമായ ഒരു ചിരിയോടെ അയ്യപ്പന്‍ അതു വാങ്ങി വായിച്ചു. കവിതക്കു പിന്നില്‍ എന്റെ ഫോണ്‍ നമ്പറും മേല്‍വിലാസവുമെഴുതി അയ്യപ്പന്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു. അയ്യപ്പനോടൊപ്പം ആ കവിത കേരളം മുഴുവന്‍ സഞ്ചരിച്ചു. കവി സെബാസ്റ്റ്യന്‍ വേറെയും കവിതകള്‍ ഉണ്ടോ എന്ന് പറഞ്ഞ് ഒഡേസ സത്യേട്ടന്‍ ഫോണ്‍ ചെയ്തു. സെബാസ്റ്റ്യന്‍ എഡിറ്റ് ചെയ്ത അയ്യപ്പനെക്കുറിച്ചുള്ള "ചെന്നിനായകത്തിന്റെ മുലകള്‍' എന്ന പുസ്തകത്തില്‍ "ചോരച്ചുവപ്പുള്ള ചോക്ക്' എന്ന പേരിലുള്ള ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് മുന്‍പ് തന്നെ പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ക്യാമ്പസ് കവിതകളുടെ കൂട്ടത്തില്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അങ്ങനെ എഴുത്തിന്റെയും എഴുത്തുകാരുടെയും ഒരു വലിയ ലോകത്തിലേക്ക് എത്തപ്പെട്ടു.
 
ആദ്യത്തെ കവിത
 
   ഓരോ ചുമ്മാപാട്ടുകള്‍ സൃഷ്ടിച്ച് പാടി നടക്കുകഉം സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് ഒറ്റയ്ക്ക് അഭിനയിക്കുകയും ചെയ്യുക എന്നതായിരുന്നു കുട്ടിക്കാല വിനോദങ്ങളിലൊന്ന്. അര്‍ത്ഥമറിയാത്ത വായില്‍ത്തോന്നിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിപ്പാടുകള്‍ ഇത് കൊള്ളാമല്ലോ സംഗതി എന്ന് തോന്നിയിട്ടുണ്ട്.  ആ പാട്ടുകളില്‍ ഒന്നായിരിക്കണം ആദ്യത്തെ കവിത. സ്കൂള്‍ കാലങ്ങളില്‍ കവിത എഴുതുന്നതിനെക്കാള്‍ താല്പര്യം കഥയോടായിരുന്നു. ശൂരനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലാണ് പഠിച്ചത്. സ്കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സ്മരണികയിലാണ് ആദ്യത്തെ രചന അച്ചടിച്ചു വരുന്നത്. അതൊരു കഥയായിരുന്നു. കഥയെഴുതുന്നതിനെക്കാള്‍ കവിതയ്ക്കാണ് ശ്രമം കുറവെന്ന് തോന്നിയപ്പോള്‍ പിന്നെ കവിതയിലേക്കായി ശ്രദ്ധ. 2002 മാതൃഭൂമി പത്രത്തിന്റെ ക്യാമ്പസ് പേജില്‍ "സ്വാതന്ത്ര്യം - ഒരു അഫ്ഗാനി പെണ്‍കുട്ടിയുടെ ഭാഷയില്‍' എന്ന പേരില്‍ വന്നതാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കവിത. എഴുതിത്തുടങ്ങുന്ന കാലത്തെ എല്ലാ പ്രശ്‌നങ്ങളോടും കൂടിയതായതിനാല്‍ സമാഹാരത്തില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.
 
പ്രണയിച്ച കവിത/ഏറ്റവും ഇഷ്ടപ്പെട്ട കവിത
 
     അങ്ങനെ ഒരൊറ്റ കവിതയെ മാത്രം വേഗത്തില്‍ തെരഞ്ഞെടുക്കാനാവുന്നില്ല. എന്തു കൊണ്ടെന്നാല്‍ എഴുതുമ്പോള്‍ എല്ലാ കവിതകളോടും ആഴത്തിലുള്ള ഇഷ്ടവും പ്രേമവും തോന്നിയിട്ടുണ്ട്. ഒരേസമയം എഴുതാനും എഴുത്തില്‍ നിന്ന് പുറത്തു കടക്കുവാനുള്ള ഭീകരമായ ത്വരകള്‍ ഇരുവശത്ത് നിന്നും പിടിച്ചു വലിക്കുന്നതിന്റെ വേവലാതികള്‍ എന്തെഴുതുമ്പോഴും അനുഭവിച്ചിട്ടുമുണ്ട്. എന്റെ എഴുത്തില്‍ ശക്തമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ കവിത എന്ന നിലയില്‍ "നെയ്തു നെയ്‌തെടുക്കുന്നവ' എന്ന കവിതയോട് ഒരിത്തിരി ഇഷ്ടം കൂടുതലുണ്ട്. തോട്ടുവക്കത്തെ കൈതച്ചെടികളെപ്പറ്റിയുള്ള ഒരു വര്‍ത്തമാനത്തില്‍ നിന്നാണ് ആ കവിതയുടെ പിറവി. അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും ഞങ്ങളുടെ പരമ്പരകളുമെല്ലാം ആ വര്‍ത്തമാനത്തില്‍ കടന്നുവന്നു. ചോരയില്‍ കലര്‍ന്ന് കിടന്നിരുന്ന ഓര്‍മ്മകളെല്ലാം വേര്‍തിരിക്കപ്പെട്ടു. ഇലകളും പൂക്കളും പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മുരിങ്ങമരത്തിന്റെ ചുവട്ടിലിരുന്ന് അമ്മൂമ്മയും അവരുടെ അയല്‍ക്കാരി കൂട്ടുകാരിയും ചേര്‍ന്ന് പായ നെയ്യുന്നത് ഒരു മങ്ങിയ കുട്ടിക്കാല ഓര്‍മ്മയായി ഉള്ളിലുണ്ടായിരുന്നത് തെളിഞ്ഞുവന്നു. അച്ഛന്റെ പെങ്ങള്‍ (അപ്പാച്ചി) എന്നു വിളിക്കും. തൈത്തെങ്ങിന്റെ തണലില്‍, വെളുത്ത മണ്ണില്‍ ഇരുന്ന് പായ നെയ്യുന്നത് കണ്ടിട്ടുണ്ട്. ഇടക്കിടെ കൈത്തേല ചീന്തി പലതരം കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിത്തരുമായിരുന്നു അവര്‍. വീട്ടുജോലികളുടെ ഇടവേളകളില്‍, മക്കളുടെ കുട്ടികളെ നോക്കുന്നതിനിടയില്‍ ഒക്കെയാണവര്‍ പായ നെയ്തിരുന്നത്. മണ്ണും കൈതോലയുമായിരുന്നു അവിടുത്തെ അവധിദിനങ്ങളിലെ ഏറ്റവും രസകരമായ കളിപ്പാട്ടങ്ങള്‍. തണുപ്പും മിനുസവുമുള്ള വെളുത്ത പുഴിയായിരുന്നു അവിടുത്തെ മണ്ണ്. മഴക്കാലത്ത് അത് കറുത്ത് കുഴഞ്ഞ് വൃത്തികെട്ട ചെളിയായി മാറും. അച്ഛന്റെ നാട്ടില്‍ അപ്പച്ചിയുടെ തോട്ടുവക്കത്തെ വീട്ടില്‍ മാത്രമെ അത്തരം മണ്ണ് ഞാനന്ന് കണ്ടിട്ടുണ്ടായിരുന്നുള്ളൂ. രാത്രി വൈകിയും  മണ്ണെണ്ണ വിളക്കിന്റെ ചുവന്ന നാളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ശില്‍പ്പംപോലെ അവരിരുന്ന് പായ നെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം ഓര്‍മ്മകളെയും ജീവിതങ്ങളെയും പ്രകൃതികളെയും പെറുക്കിവയ്ക്കാനുള്ള ഒരു ശ്രമമായിരുന്നു ആ കവിത. അതിന്റെ ഓരോ വരികളും എഴുതുമ്പോള്‍ ഒരു വല്ലാത്ത ഹരം തോന്നിയിരുന്നു. എന്നെത്തന്നെ തിരിച്ചറിയുന്നതിന്റെ ഉന്മേഷവും സന്തോഷവും നിറഞ്ഞു. അതില്‍ ഉള്‍ച്ചേര്‍ന്ന രാഷ്ട്രീയം ആ തിരിച്ചറിവിന്റെ ഭാഗമാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്.
     പ്രണയിച്ച കവിത എന്നു വേറൊരു കവിതയെപ്പറ്റി പറയാം. "അമിഗ്ദല'യില്‍ ത്തന്നെയുള്ള "പ്രണയമേ' എന്ന കവിതയാണ്. "പ്രണയം' എന്ന അനുഭവം അതിന്റെതായ അര്‍ത്ഥത്തില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല; ഇഷ്ടങ്ങളോ തോന്നലുകളോ ഒക്കെ ഉണ്ടായിരിക്കുമ്പൊഴും അതിന്റെ കേടുപാടുകളും മുറിവുകളും ധാരാളമുണ്ടെന്റെയുള്ളില്‍. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള എന്റെ തീക്ഷ്ണമായ ആഗ്രഹത്തെ പകര്‍ത്തിവെച്ച കവിതയാണത്. എന്റെ ഉടലും അതിനുള്ളിലെ ഞാനും ഉള്‍പ്പെടെ ദൃശ്യവും അദൃശ്യവുമായ പലവിധ കാരണങ്ങള്‍കൊണ്ട് സംഭവിക്കാതെ പോയ "പ്രണയം' എന്ന അനുഭവത്തെപ്പോലെ കൊതിപ്പിക്കുന്നതാണെനിക്ക് "പ്രണയമേ' എന്ന കവിതയും. ആ കവിതയുടെ പല തലത്തിലുള്ള വായനകളുടെ സാദ്ധ്യതകളെപ്പറ്റി സൂചിപ്പിച്ചും കൊണ്ടാണ് എം.ആര്‍. രേണുകുമാറിന്റെ അവതാരിക ആരംഭിക്കുന്നത്.
 
എഴുതാതെ പോയ കവിത
 
    മനസ്സില്‍ എഴുതിക്കൂട്ടി വെച്ച് തൃപ്തി തോന്നാതെ ഉപേക്ഷിച്ചിട്ടുണ്ട് ധാരാളം കവിതകള്‍. ചിലപ്പോഴൊക്കെ ഒരു മിന്നല്‍പോലെ ഉള്ളില്‍ തോന്നിയിട്ട് തോന്നിയ നിമിഷത്തിന്റെ സന്തോഷമല്ലാതെ, മറ്റൊരോര്‍മ്മയും ബാക്കിവെക്കാതെ അപ്രത്യക്ഷമായി പോയ നിരവധി കവിതകള്‍ വേറെയുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ തെളിയുകയും എഴുന്നേറ്റ് പോയി എഴുതിവെക്കാന്‍ മടിച്ച് മനസ്സില്‍ ഉരുവിട്ട് കിടക്കെ അങ്ങനെതന്നെ അവസാനിച്ചുപോവുകയും ചെയ്ത ഒരുപാട് കവിതകള്‍. പിന്നെ ട.ങ.ട കളായും സംഭാഷണ ശകലങ്ങളായും പാറിപ്പറന്നുപോയ നൂറായിരമെണ്ണം വേറെയും. അങ്ങനെ നോക്കിയാല്‍ എഴുതാത്ത കവിതകളേയുള്ളൂ. എഴുതാതെ പോയ കവിതകളെയോര്‍ത്ത് ഇപ്പോള്‍ വേവലാതികളില്ല. ഉള്ളിന്റെയുള്ളില്‍ അബോധത്തില്‍ ചിതറിക്കിടക്കുകയാണ് ഓരോ കവിതയും. ഇന്നല്ലെങ്കില്‍ നാളെ പുതഞ്ഞുപോയ ഇടങ്ങളില്‍ നിന്ന് അവ തെളിഞ്ഞുവരിക തന്നെ ചെയ്യും.
 
മനസിലുള്ള കവിത
 
   ഇപ്പോള്‍  കവിതയെക്കാളേറെ മനസ്സിലുള്ളത് ഗദ്യമാണ്. ഫേസ്ബുക്ക് സ്റ്റാറ്റസുകളും ട.ങ.ട കളും ലേഖനങ്ങളും ചേര്‍ന്ന് അത്യാവശ്യം നല്ല ഗദ്യം എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നിട്ടുണ്ട്.. ഈയിടെ കവിതകളെഴുതാന്‍ ശ്രമിച്ചപ്പോള്‍ സ്വയം അനുകരിക്കുന്നതായി ബോദ്ധ്യപ്പെടുന്നതിനാല്‍ കവിതയെഴുതാനുള്ള തോന്നലിനെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണ്; ആകെക്കുറച്ച് കവിതകളേ എഴുതിയിട്ടുള്ളൂ എങ്കില്‍ക്കൂടി. എന്റെ തലമുറയിലെ കവികളില്‍ ബിനു എം പള്ളിപ്പാട് എസ്.കലേഷ്, എം.ആര്‍. വിഷ്ണുപ്രസാദ് ഒക്കെ ദീര്‍ഘങ്ങളായ നരേറ്റിവ് ആയ കവിതകള്‍ എഴുതുന്നത് വായിക്കുമ്പോള്‍ അത്തരം നരേറ്റീവ് സ്വഭാവമുള്ള കവിതകള്‍ എഴുതാന്‍ തോന്നാറുണ്ട്. കുറേക്കൂടി വ്യത്യസ്തമായ ഒരു ശൈലിയും വിന്യാസവും കണ്ടെത്തി, ബാക്കി നില്‍ക്കുന്ന കുറച്ച് എന്നെക്കൂടി കുടഞ്ഞ് കളയാന്‍ കഴിഞ്ഞാല്‍ കവിതകള്‍ ഇനിയുമുണ്ടായേക്കാമെന്നു മാത്രം.
 
കവിതയിലേക്കെത്തുന്നത്
 
   സത്യസന്ധമായി പറഞ്ഞാല്‍ എന്റെയുള്ളില്‍ നടക്കുന്ന പലതരം സംഘര്‍ഷങ്ങളെയും കലഹങ്ങളെയും മയപ്പെടുത്താനുള്ള ശ്രമമായിരിക്കാം എന്റെ എഴുത്ത്. അകത്തും പുറത്തും ഞാന്‍ പലതരം കെട്ടുകളിലാണ്. അതിനെയൊക്കെ ഏതൊക്കെയോ തരത്തില്‍ അയച്ചുവിടാനും അഴിച്ചുവിടാനുമുള്ള ശ്രമങ്ങളില്‍ ഒന്നാവണമിത്. അബോധത്തില്‍ ചിതറിക്കിടക്കുന്ന പലതരം വിചാരങ്ങളെ പെറുക്കിയെടുത്ത് ക്രമപ്പെടുത്തിവെയ്ക്കുന്നതാണ് കവിതകള്‍ എന്നു കരുതുന്നു. നിഗൂഢമായി ഒരു മന്ത്രവാദക്രിയ ചെയ്യുംപോലെ ആസ്വാദ്യകരമാണത്. ആ ക്രമപ്പെടുത്തലില്‍ പുതുമയും തന്‍മയും ഉണ്ടാവണമെന്നതാണ് സ്വയം വെയ്ക്കാറുള്ള ഒരു നിബന്ധന.
  വാസ്തവത്തില്‍ എന്റെയുള്ളിലെ അതിഭീകരമായ വയലന്‍സിനെ വിഭ്രമാത്കമായ ഒരു ഡൈനാമിക്‌സിനെ മെരുക്കിയെടുക്കാനുള്ള വഴിയാവാം ഈ കവിയെഴുത്തോ സര്‍ഗ്ഗാത്മകവിനിമയങ്ങളോ ഒക്കെ. ഉറക്കത്തിലും ഉണര്‍വ്വിലും തലക്കുചുറ്റും മിന്നിപ്പറക്കുന്ന സ്വപ്നങ്ങളെയും വിചാരങ്ങളെയും കെട്ടിയിട്ട് അനുസരിപ്പിക്കാനുള്ള ഒരു മന്ത്രവാദക്കയര്‍ മാത്രമാവാം കവിത. "സൈലന്‍സ്' എന്ന കവിതയില്‍ ഈ മനസിലാക്കലിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
   പല തവണ എഴുതുകയും തിരുത്തുകയും ചെയ്തു തന്നെയാണ് എല്ലാ കവിതകളും പൂര്‍ത്തിയാക്കപ്പെടുന്നത്. ആദ്യമൊക്കെ ഒരു തിരുത്തലുമില്ലാതെ ഒറ്റത്തവണയില്‍ കവിത പൂര്‍ത്തിയാക്കുമായിരുന്നു. കൂടുതല്‍ വായനകളും എഴുത്തിന്റെ പലതരം മാനങ്ങളെപ്പറ്റിയുള്ള ബോധ്യവും ചേര്‍ന്ന് ഇതൊരു ഗൗരവമുള്ള പ്രവൃത്തിയാണെന്ന് തോന്നിത്തുടങ്ങിയതു മുതല്‍ ശ്രദ്ധിച്ച് മാത്രമെ എഴുതാറുള്ളൂ. "അമിഗ്ദല' എന്ന സമാഹാരത്തില്‍ പത്തുവര്‍ഷത്തെ വിവിധ കവിതകളില്‍ ആ വ്യത്യാസം വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. പഠനത്തില്‍ ശ്രീ. സുധീഷ് കോട്ടേമ്പ്രം സൂചിപ്പിച്ചപോലെ "മുണ്ടിനീരുള്ള' കവിതകളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമൂഹ്യവും സാംസ്കാരികുമായി ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ഇടത്തെയും അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെയും തിരിച്ചറിയാനും അഭിസംബോധന ചെയ്യാനുമുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തലെ കവിതകളില്‍ പ്രകടമാണ്. അങ്ങനെയൊക്കെ ആയിരിക്കുമ്പൊഴും കവിതയ്ക്ക് ആന്തരികമായ ബലം ഉണ്ടായിരിക്കണമെന്നും മികച്ച വായനാനുഭവം നല്‍കാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നും കരുതാറുണ്ട്.
 
കവിതയിലെ സ്ഥാനം
 
   കവിതയിലെ സ്ഥാനം എനിക്ക് സ്വയം സ്ഥാപിച്ചെടുക്കാനാവുന്ന ഒന്നല്ല. എന്റെ എഴുത്തിനെ സ്വീകരിക്കുന്ന വായനക്കാരുടെ സമൂഹവും കാലവും ചേര്‍ന്ന് നിര്‍ണയിക്കേണ്ടുന്നതാണ്. എങ്കിലും *"സവിശേഷവും വ്യതിരിക്തവു'മായ സാമൂഹ്യാവസ്ഥകളില്‍ നിന്നുള്ള എഴുത്തുകാരി എന്ന നിലയ്ക്ക് എന്റെ രചനകള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് ഞാന്‍ ഉള്‍പ്പെടുന്ന ദലിത്/സ്ത്രീ സമുദായത്തോടുള്ള എന്റെ സാംസ്കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഉത്തരവാദിത്വമാണെന്നും മനസ്സിലാക്കുന്നു. "അമിഗ്ദല'യുടെ പ്രകാശനച്ചടങ്ങിന്റെ അത്തരം സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് അതില്‍ പങ്കെടുക്കാനായി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയവരും, ഒരിക്കല്‍പ്പോലും പരിചയപ്പെട്ടിട്ടില്ലെങ്കിലും ഫെയ്‌സ്ബുക്ക് ചര്‍ച്ചകളില്‍ എന്റെ കവിതകളിലെ വരികള്‍ ഉദ്ധരിച്ച് അഭിപ്രായം പറഞ്ഞവരും, ഇപ്പോഴും പുസ്തകം വാങ്ങി വായിച്ചിട്ട് അഭിപ്രായം പറയുന്നവരും, ആ പുസ്തകം പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നവരും ചേര്‍ന്ന് ആ ബോധത്തെ ശക്തമാക്കുന്നു. എനിക്കു മുന്‍പേ എഴുത്തിലും രാഷ്ട്രീയത്തിലും ഇടപെടുകയും കലഹിക്കുകയും ചെയ്ത ധാരാളം മനുഷ്യര്‍ പ്രേഷണം ചെയ്ത/ ചെയ്തു കൊണ്ടിരിക്കുന്ന സാംസ്കാരിക ഊര്‍ജ്ജമാണ് എന്റെ ആത്മവിശ്വാസത്തിന്റെ ഉറവിടം. ഇപ്പോഴുള്ള ഈയിടത്തില്‍ നിന്നുകൊണ്ട് അത്തരത്തില്‍ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഒന്നായിത്തീരേണ്ടതുണ്ടെനിക്ക്.
*ഈ പ്രയോഗത്തിന് കടലിലെ നെയ്തുതകളും പായിലെ തുഴച്ചിലുകളും എന്ന പേരിലുള്ള ശ്രീ.എം.ആര്‍. രേണുകുമാറിന്റെ അവതാരികയോട് കടപ്പാട്.
 
സ്വകാര്യജീവിതം
 
  കൊല്ലം ജില്ലയിലെ ശൂരനാടാണ് എന്റെ ജന്മദേശം. അച്ഛന്‍ അന്തരിച്ച കെ.വി. ദാമോദരന്‍ ഇറിഗേഷ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍ വാങ്ങിത്തന്ന പുസ്തകങ്ങളാണ് എഴുത്തിലേക്കുള്ള വാതില്‍ തുറന്നത്. അമ്മ വി മണി റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിരമിച്ചു. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിചെയ്യുന്ന ധനീഷാണ് സഹോദരന്‍. സഹോദരന്റെ ഭാര്യ വനിത ശ്രീ. ബയോമെഡിക്കല്‍ എന്‍ജിനീയറാണ്.  ശൂരനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്, വലിയം മെമ്മോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, ലേബര്‍ ഇന്ത്യ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. കുറച്ചുകാലം ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ട്രെയിനിംഗ് കോളേജില്‍ അദ്ധ്യാപിക.
 



 

Thursday, November 6, 2014

ആര്‍ത്തലച്ചുണരുന്ന മധുരനീലി

 മറുകുകളില്‍ കടലനക്കം: ഓംകാരം എന്ന കവിതാസമാഹാരത്തിലൂടെ പ്രശസ്തയായ പദ്മ ബാബു സംസാരിക്കുന്നു.


കവിതയിലെ ബാല്യം

കവിത ഒരുപാടുകാലം ഹൈബെര്‍നേഷനിലായിരുന്നു എന്നെനിക്ക് തോന്നുന്നുണ്ടിപ്പോള്‍. മണ്ണിനുള്ളില്‍ പെട്ടുപോകുന്ന ഉണര്‍വില്ലാത്ത ചില വിത്തുകളെ പോലെ ഉള്ളിലെ കവിത അങ്ങനെ കിടന്നുവെന്നു വേണം കരുതാന്‍, ചില കൈപ്പഴക്കമില്ലാത്ത കുത്തിക്കുറിക്കലുകളും ഉണ്ടായിട്ടുണ്ട്. ഉള്‍വലിയലിന്റെ സ്വന്തം ആളായിരുന്നതുകൊണ്ട്, രണ്ടമതൊരാളെ പോലും കാണിക്കാതെ ഞാന്‍ മാത്രം വായിച്ചു രസിക്കുക, അതൊരു വിനോദമായിരുന്നു അന്നു. എങ്കില്‍ പോലും ഇന്നത്തെക്കാളധികം പുസ്തകങ്ങള്‍ ഞാന്‍ അന്നു വായിച്ചിരുന്നു. അമര്‍ചിത്രകഥകള്‍ തൊട്ട് പുരാണങ്ങളും, മലയാളത്തിലേയും, മറുഭാഷകളിലേയും സാഹിത്യങ്ങളും സിനിമകളും എന്നെയാകാര്‍ഷിച്ചിട്ടുണ്ട്.
     ഒരു സ്ത്രീയെ സംബന്ധിച്ചടുത്തോളം ഗര്‍ഭകാലം അവളുടെ ഉടലില്‍ ഒരു ക്രിയേഷന് വേണ്ടി സംഭവിപ്പിക്കുന്ന ചില ബയോളജിക്കല്‍ പ്രോസ്സസ്സുകളുണ്ടല്ലൊ, ഈയൊരു സമയത്ത് തന്നെയാണ് എനിക്കുള്ളില്‍ എഴുത്തിലും സമാന്തരമായ ചില വിസ്‌ഫോടനങ്ങള്‍ അനുഭവപ്പെട്ടത്. മധുരനീലി എന്ന കവിതയിലെ കഥാപാത്രം തന്നെയായിരുന്നു എന്റെ കവിതയിലെ ബാല്യവും കൗമാരവും. സൈബറിടം എന്റെ കവിതകള്‍ക്ക് വളരാന്‍ അനൂകൂലമായ ഒരു ജൈവവ്യവസ്ഥ തന്നെയായിരുന്നു. ആദ്യപുസ്തകം “മറുകുകളില്‍ കടലനക്കം:ഓംകാരം” ഡി.സി പ്രസിദ്ധീകരിച്ചു.

ആദ്യത്തെ കവിത


“ പപ്പായത്തണ്ടിലൂടെ വീഞ്ഞൂറിയെടുത്ത
  ഞായറവധിയിലാണ്
  പതിനഞ്ച് ഗോവണിപ്പടികളില്‍
  ഒറ്റക്കുതിപ്പില്‍ ചാടിയിറങ്ങി
  ആര്‍ത്തലച്ച് വന്ന
  മധുരനീലി ആദ്യമായി തിരളിയത്.. ”

ഇതിനുമുന്നെയും പലതുമെഴുതിയിട്ടുണ്ടെങ്കിലും, കവിതയില്‍ ഞാന്‍ വയസ്സറിയിച്ചത് മധുരനീലി...‘യില്‍ തന്നെയായിരുന്നു. ആദ്യകവിത എന്ന് ഞാനിതിനെയേ പറയൂ.

എഴുതാതെ പോയ കവിത

പലരുടേയും എനിക്കിഷ്ടമുള്ള പലകവിതകളും ഞാനെഴുതാതെ പോയി എന്നെന്നെ തോന്നിപ്പിച്ച കവിതകളാണ്. അല്ലെങ്കില്‍ ഒരിക്കലും എന്നെക്കൊണ്ടെഴുതാന്‍ കഴിയില്ല എന്നുള്ള കവിതകള്‍. ആരാധനയോടെ, അയ്യോ! ഇതെനിക്ക് കഴിഞ്ഞില്ലല്ലോ എന്ന അത്ഭുതത്തോടെ ഞാന്‍ വായിച്ച കവിതകള്‍.

മനസ്സിലുള്ള കവിത

ഉറക്കത്തില്‍ നമ്മള്‍ ചില സ്വപ്നങ്ങള്‍ കാണറില്ലേ, കാണുന്ന സമയം വൈകാരികമായി അത് നമ്മളെ വിക്ഷുബ്ധമാക്കിക്കളയും. വേദനയെങ്കില്‍ അതിരറ്റവേദന, ഭീകരമെങ്കില്‍ അങ്ങേയറ്റം ഭീകരത, സന്തോഷമെങ്കില്‍ അങ്ങനെ, അനുഭവിക്കാവുന്നതിന്റെ പരമാവധി ആ ഒറ്റ നിമിഷം അത് നമ്മളെ അനുഭവിപ്പിക്കും. ജീവിതത്തിലെ ചില ഓര്‍മ്മപെടുത്തലുകളോ, തിരുത്തലുകളോയൊക്കെയാവും അത്, ഉന്മത്തതയുടെയും ഭ്രാന്തിന്റെയുമൊക്കെ ഓരം പറ്റി പാഞ്ഞുപോയി അത്രത്തോളം നമ്മളെ കറക്കിവിട്ട് സംഭവബഹുലമായ ഒരു സിനിമ കണ്ട പോലെ തോന്നിപ്പിക്കുന്നവ. പക്ഷേ ഉണര്‍ന്നിരുന്നൊന്നു പകര്‍ത്താന്‍ ശ്രമിച്ചാല്‍ കടന്നുപോയ തീക്ഷ്ണതയുടെ ഒരു തരിപോലും കയ്യിലുണ്ടാവില്ല, ശൂന്യാകാശമായല്ലോ കവിത എന്നു തോന്നിപോവുന്ന സന്ദര്‍ഭങ്ങള്‍ അതൊക്കെയാണ്. എഴുതാന്‍ പരാജയപ്പെട്ട അത്തരം കാത്തിരിപ്പുകള്‍ എനിക്ക് കവിതയിലുണ്ട്. എന്നെങ്കിലും അത്തരം ഒന്ന് എഴുതാന്‍ സാധിച്ചേക്കാം.

കവിതയിലേയ്‌ക്കെത്തുന്നത്?

കടും നിറങ്ങള്‍, തിളക്കമുള്ളതൊക്കെ, അങ്ങനെ എക്‌സ്ട്രീം ആയിട്ടുള്ള പലതിനോടും ആസക്തിയുണ്ട്. ഫാന്‍സി ആയിട്ടുള്ള പാറ്റേണുകളില്‍ ചിന്തകള്‍ വൈകാരികതയുടെ എല്ലാ തലങ്ങളിലും വ്യാപരിക്കാറുണ്ട്. ഒരു ദിവസം തന്നെ ഒന്‍പത് സ്വഭാവമാണെനിക്ക് എന്നു അമ്മ പരാതിപ്പെടാറുണ്ട്, കൂട്ടിന് എടുത്ത് ചാട്ടവും. അടുത്ത നിമിഷം എങ്ങനെ പെരുമാറും എന്നു പ്രവചിക്കാനാവില്ല, ആ ഒരു കൗതുകത്തിലാണ് മുന്നൊട്ട് പോവുന്നതെന്ന്  ഭര്‍ത്താവും. അങ്ങനെയുള്ള തെറിപ്പുകള്‍ എഴുത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ വിഷാദത്തിന്റെ മൂര്‍ച്ഛയില്‍ ഒരു പഴന്തുണിക്കെട്ടായി കിടന്നുപോവും. തിരിച്ചു സ്വാഭാവികതയിലെത്തുന്ന നേരങ്ങളിലാണെന്റെ എഴുത്ത് സാധാരണ നടക്കുന്നത്. പക്ഷെ എന്റെ ഇമോഷണല്‍ ഗര്‍ത്തങ്ങളില്‍ വായനക്കാരനെ ചാടിക്കരുതെന്ന് നിര്‍ബന്ധമുണ്ടെനിക്ക്. എന്നാലും വന്നിട്ടുണ്ടാവാം, അപൂര്‍വ്വമായി ചിലതൊക്കെ. കുട്ടിക്കാലത്തെ സ്വാധീനിച്ച ഓസിന്റെ നാട്ടിലെ “ഡൊറോത്തി” എന്ന പെണ്‍കുട്ടിയുടേതിന് സമാനമായ യാത്രകളായിരുന്നു എന്റെ ഭാവനകളുടേയും. വിഷയമെന്നൊന്നെടുത്ത് അങ്ങനെ ആലോചിച്ചെഴുത്തില്ല. പലപ്പോഴും എന്റെ മുന്നില്‍ ഞാന്‍ കാണുന്ന പലതിലും ഇരുന്നുകൊണ്ട് ഞാന്‍ എന്നിലേയ്ക്ക് അല്ലെങ്കില്‍ എന്നെത്തന്നെയാണ് നോക്കിപോവുന്നത്. അങ്ങനെ അനവധി ‘ഞാനു’കളുടെ ഒരു സങ്കലനമാണ് എന്റെ കവിത. അതു ചിലപ്പോള്‍ അബദ്ധപദപ്രയോഗങ്ങളിലാവാം ഞാന്‍ ആവിഷ്ക്കരിക്കുന്നത് , അല്ലെങ്കില്‍ അത്തരം ഇമേജുകളാവാം.

കവിതയിലെ സ്ഥാനം
ഒരു കവി മുന്‍പെവിടേയോ ഒരിക്കല്‍ പറഞ്ഞു കേട്ടിട്ടുണ്ട്, മലയാള കവിതയെ നമുക്ക് ‘ലതീഷ് മോഹനു മുമ്പ്’, ‘ ലതീഷ് മോഹനു ശേഷം’ എന്ന് രണ്ടായി തിരിക്കാമെന്ന്. ലതീഷ് എഴുതിയ മാതൃകകളെ നേരിട്ടല്ലെങ്കില്‍ വിദൂരമായെങ്കിലും, അറിഞ്ഞുകൊണ്ടല്ലെങ്കില്‍ അബോധത്തിലെങ്കിലും  പിന്തുടര്‍ന്നവരാണ് പിന്നീടുള്ളവരെന്ന്. സമീപ കവിതകളില്‍ ചേര്‍ത്തുവെക്കാവുന്ന ഒന്നോരണ്ടോ കവിതകളെങ്കിലും എഴുതിയിട്ടുള്ളൊരാളെന്നേ ആത്മപ്രശംസ എന്നുള്ള നിലയ്ക്കുപോലും എനിക്ക് പറയാന്‍ തോന്നുന്നുള്ളൂ.. അല്ലെങ്കില്‍ എനിക്ക് കിട്ടിയെങ്കിലെന്ന് ഞാന്‍ അതിമോഹിക്കുന്ന സ്ഥാനവും അത്രയേ ഉള്ളൂ.

കാട്ടില്‍ നിന്നു നാട്ടിലേയ്ക്ക് ഒരു ഭീമാകാരന്‍ തടി തോളില്‍ ചുമന്നു വരുന്ന ഒരു കൂട്ടം. ആര്‍പ്പുവിളികളാണ് അവരുടെ ക്‌ളേശം അല്പ്പമെങ്കിലും കുറയ്ക്കുന്നത്. തടിയില്‍ ഒന്നു തൊടാനുള്ള ആവതില്ലെങ്കിലും, ചിലര്‍ ഒപ്പം ചേര്‍ന്നാര്‍പ്പുവിളിച്ച് ആ നടത്തത്തില്‍ കൂടും. അങ്ങനെയുള്ള ഒരു ഏലേസാ.. വിളി മാത്രമാവാം മലയാള കവിതാ ലോകത്തില്‍ എന്റെ കവിത. സ്ഥാനമെന്തായാലും, അതിന്റെ പ്രതികരണം ഒരു കൂവലായാല്‍ പോലും അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.

വ്യക്തിപരം

 ജന്മദേശം:തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവാണ് സ്വദേശം. അച്ഛന്‍ ശ്രീ. കാളിദാസന്‍, ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. അമ്മ ശ്രീമതി. പ്രസന്നകുമാരി, പബ്‌ളിക്ക് വര്‍ക്‌സില്‍ അസി. എക്‌സികൂട്ടീവ് എഞ്ചിനീയറായിരുന്നു.  വിവാഹം മലപ്പുറം സ്വദേശിയായ ബാബു രാമചന്ദ്രനുമായി. ഒരു വിദേശകമ്പനിയില്‍ സൈസ്മിക് എഞ്ചിനീയറായി ജോലി നോക്കുന്നു. നാലു വയസ്സുകാരന്‍ ബോധി നാമദേവന്‍ മകന്‍. നാട്യവേദ കോളേജ് ഓഫ് പെര്‍ഫോര്‍മിങ്ങ് ആര്‍ട്‌സ് എന്ന സ്ഥാപനത്തില്‍, കലാമണ്ഡലം സോണി ടീച്ചറുടെ കീഴില്‍ മോഹിനിയാട്ടം പഠിക്കുന്നു, ഒപ്പം അവതരിപ്പിക്കുന്നു.

Friday, October 17, 2014

ബാക്കിയാവുന്ന ഞാന്‍



എല്ലാ വിളിപ്പേരുകള്‍ക്കും പങ്കിട്ടുകൊടുത്തതിനു ശേഷം ബാക്കിയാവുന്ന ഞാനെന്ന ഞാനാണ് കവിതയെഴുതുന്നത്. എനിക്ക് ഞാനുണ്ടെന്നു ബോധ്യപ്പെടുത്തിയത് എഴുത്താണ്. നൂറു ശതമാനം സൈബര്‍ എഴുത്തുകാരി എഴുത്തുകാരിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഉമ രാജീവ് കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സന്ദീപ് സലിമിനോട് സംസാരിക്കുന്നു.
കവിതയിലെ ബാല്യം ( കവിതയിലേക്കുള്ള വരവ്)

നൂറു ശതമാനം സൈബര്‍ എഴുത്തുകാരിയാണു ഞാന്‍ . ചെറുപ്പത്തിലെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കുമായിരുന്നെങ്കിലും ഒന്നും എഴുതിയതായി ഓര്‍മ്മയില്ല. ഹൈസൂള്‍ ക്ലാസില്‍ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കഥാരചനാ മത്സരത്തില്‍ പങ്കെടുത്തതുമാത്രമാണ് എഴുത്തെന്നു ഓര്‍ത്തെടുക്കാവുന്നത്. ഡയറിക്കുറിപ്പുകള്‍ പോലും കവിതകളായി മാറിയില്ല. കാരണം ഞാന്‍ അന്നു വായിച്ചു കൂട്ടിയ കവിതകള്‍ മുഴുവനും വൃത്തമൊപ്പിച്ചുള്ള കവിതകളായിരുന്നു എനിക്ക് ഒരിക്കല്‍ പോലുമത് സാധ്യമല്ലെന്ന് മനസ്സിലാക്കി എഴുതാന്‍ തുനിഞ്ഞില്ല. പിന്നെ വളരെ നാളുകള്‍ക്ക് ശേഷം ഓര്‍ക്കൂട്ടില്‍ ഒരു കമ്മ്യൂണിറ്റിയില്‍ കഥകളും കവിതകളും ഒക്കെ ആളുകള്‍ പോസ്റ്റ് ചെയ്തു കണ്ടപ്പോള്‍ വെറുതെ ഒരു രസത്തിനു മംഗ്ലീഷില്‍ ഒരു പാരഗ്രാഫ് പോസ്റ്റ് ചെയ്തു . അവിടെയുള്ള സുഹൃത്തുക്കള്‍ അത് കവിതയാണ് , വരി മുറിച്ചെഴുതു എന്നു പറഞ്ഞു അന്നുമുതല്‍ എഴുതി തുടങ്ങി ആദ്യത്തെ കവിത ഓര്‍മ്മയില്ല. അന്നതു ഡ്രാഫ്റ്റില്‍ സേവ് ചെയ്യണമെന്നൊന്നും ഓര്‍ത്തില്ല.

 പ്രണയിച്ച കവിത (ഏറ്റവും ഇഷ്ടപ്പെട്ടത്)

ഇന്നുവരെ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് "തിരിച്ച് അറിവ്" എന്ന കവിതയാണ്. എഴുതാതെ പോയ കവിത അങ്ങനെയൊന്നില്ല്‌ല . എന്തേലും തോന്നിയിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ ഇപ്പൊ എഴുതിയേനെ , മനസ്സില്‍ അങ്ങനെ കാത്തു വയ്ക്കുന്ന ശീലമൊന്നുമില്ല.പക്ഷെ എഴുതി മുഴുവനാക്കാതെ ഉപേക്ഷിച്ച കവിതകള്‍ ഉണ്ട്. പറഞ്ഞ രീതി ശരിയല്ലെന്നും പറയാന്‍ വന്നത് പറയാന്‍ പറ്റിയില്ലെന്നുംഒക്കെ തോന്നി മാറ്റിവച്ചവ. ചിലപ്പൊള്‍ എഴുതുന്നു എന്ന സന്തോഷത്തിനു വേണ്ടി എഴുതുകയും പുറത്തു വിടാന്‍ വേണ്ടത്രയൊന്നും അതിലില്ലെന്നും തോന്നി മാറ്റിവച്ചവയും ഉണ്ട്. അല്ലാതെ ഒരു കാര്യം മനസ്സില്‍ തോന്നി അതിങ്ങനെ നാളുകള്‍ കൊണ്ട് നടക്കുക എന്നതൊന്നും പറ്റാറില്ല. മനസിലുള്ള കവിത അങ്ങനെയൊന്നും ഇല്ല. ചിലപ്പോള്‍ തോന്നും ഒരു വലിയ കവിത അകത്തുണ്ടെന്ന് അതിന്റെ പൊട്ടും തരിയുമാണ് ഇടയ്ക്ക് പുറത്തുവരുന്നതെന്ന്.

കവിതയിലേക്കെത്തുന്നത് (വിഷയം തെരഞ്ഞെടുക്കുന്നത് )

തീര്‍ത്തും ആകസ്മികമായി. പെട്ടന്നു കയറി വരുന്ന ചിന്തകളാണ് . ബോധപൂര്‍വ്വം ഒരു വിഷയവും മനസ്സില്‍ കൊണ്ടു നടക്കാറില്ല . അബോധതലത്തില്‍ അതു പ്രവര്‍ത്തിക്കണ്ടോ എന്നറിയില്ല . മനസ്സില്‍ എന്തേലും തോന്നിയാല്‍ എത്രയും പെട്ടെന്നെഴുതുക എന്നതാണ് ഞാന്‍ ചെയ്യാറ്.

കവിതയിലെ സ്ഥാനം

മലയാളകവിതയുടേയൊ ലോകകവിതയുടേയോ ചരിത്രത്തേയോ പരിണാമഘട്ടങ്ങളേയൊ കുറിച്ച് ഒന്നുമറിയില്ല. ഇത് കവിതയാണെന്നു വായിക്കുന്ന ഓരോരുത്തര്‍ക്കും തോന്നുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. മലയാളകവിതയില്‍ എന്റെ കവിതയ്ക്ക് എന്ത് സ്ഥാനം എന്ന് ആലോചിച്ചിട്ടുപോലുമില്ല. എന്നാല്‍ എന്റെ കവിതയ്ക്ക് എന്നില്‍ എന്ത് സ്ഥാനം എന്ന് വ്യക്തമായി അറിയാം . എല്ലാവിളിപ്പേരുകള്‍ക്കും പങ്കിട്ടുകൊടുത്തതിനു ശേഷം ബാക്കിയാവുന്ന ഞാനെന്ന ഞാനാണ് കവിതയെഴുതുന്നത്. എനിക്ക് ഞാനുണ്ടെന്ന് ബോധ്യപ്പെടുത്തിയത് എഴുത്താണ്. അതിനാല്‍ കവിതയില്‍ എനിക്കുള്ള സ്ഥാനത്തെ അല്ല , കവിതയ്ക്ക് എന്നിലുള്ള സ്ഥാനത്തെക്കുറിച്ചെ അലോചിച്ചിട്ടുള്ളു.

വ്യക്തിപരം
ജന്മദേശം : തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനം അച്ഛന്‍ : പി. സുകുമാരന്‍ അമ്മ: ഉഷാ സഹോദരി: ഊര്‍മ്മിളാ രഘു ഭര്‍ത്താവ്: രാജീവ് വൈരേലില്‍ മകള്‍ : ഗോപിക

Tuesday, September 16, 2014

കടലിലെ ഒരു തുള്ളി

 

Sandeep Salim / Dr. Deepa Bijo Alexander

വിരല്‍ത്തുമ്പുകളിലെ മഴ എന്ന കവിതാ സമാഹാരത്തിലൂടെ പ്രശസ്തയായ ഡോ. ദീപ ബിജോ അലക്‌സാണ്ടര്‍ കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു.


ആദ്യത്തെ കവിത

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകത്തിലെ കവിതകളുടെ ചുവടു പിടിച്ച് പ്രകൃതിസൌന്ദര്യത്തെപറ്റി എഴുതിയ പദ്യരൂപത്തിലുള്ള എന്തോ ഒന്നാണ് ഓര്‍മയിലെ ആദ്യത്തെ കവിത.

കവിതയിലേക്കുള്ള വഴി

ന്യൂസ്‌പേപ്പറി

നും ബൈബിളിനുമപ്പുറം വായന പോലുമില്ലാത്ത വീടായിരുന്നു എന്റേത്.ഡയറിയില്‍ കുത്തിക്കുറിച്ച കിറുക്കുകള്‍ വീട്ടുകാര്‍ കണ്ടുപിടിച്ചു കളിയാക്കിയതോടെ എഴുതാന്‍ തന്നെ മടിയായി.എഴുതിയതു തന്നെ ഒളിച്ചു വച്ചു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഏഒടലെ അദ്ധ്യാപികമാരാണ് എഴുത്തിലെ അഭിരുചി തിരിച്ചറിഞ്ഞു പ്രോല്‍സാഹിപ്പിച്ചത്.സ്കൂള്‍ കാലത്തിനു ശേഷം 2008 ല്‍ ബ്ലോഗെഴുത്ത് തുടങ്ങുന്നതുവരെ കവിതയെഴുത്ത് മിക്കവാറും നിന്നു പോയെന്നു മാത്രമല്ല,പഠ്യേതരമായ വായന പോലും വളരെ ചുരുക്കമായിരുന്നു.സൈബര്‍ സ്‌പേസില്‍ മാത്രമായിരുന്നു ആദ്യകാലത്തൊക്കെ എഴുതിയിരുന്നത്.കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് പ്രിന്റ് മീഡിയയിലേക്ക് കവിതകള്‍ അയച്ചു തുടങ്ങിയത്.2014 മേയ് 11ന് എന്റെ ആദ്യ കവിതാസമാഹാരം "വിരല്‍ത്തുമ്പുകളിലെ മഴ" പ്രസിദ്ധീകരിച്ചു.എം.പി ഡോ:ടി.എന്‍.സീമ ടീച്ചറില്‍ നിന്ന്  പുസ്തകം ഏറ്റുവാങ്ങിയത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ എന്റെ മലയാളം അദ്ധ്യാപികയായിരുന്ന മറിയാമ്മ ടീച്ചറാണ്.പഠനത്തിനായും ജോലിക്കായും മക്കള്‍ ചെറിയ കുട്ടികളായിരുന്നപ്പോഴുമൊക്കെ എഴുത്തില്‍ വലിയ ഇടവേളകള്‍ വന്നിട്ടുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട കവിത

"ആത്മഹത്യാക്കുറിപ്പു പോലെയൊന്ന്" എന്ന കവിതയോട് എനിക്കൊരല്‍പം ഇഷ്ടക്കൂടുതലുണ്ട്.കൂട്ടത്തില്‍ അല്‍പം മിടുക്കു കുറഞ്ഞ കുട്ടിയോടുള്ള പ്രത്യേക കരുതല്‍ പോലെ.ആത്മഹത്യാവാഞ്ഛയെക്കുറിച്ചാണ് ആ കവിതയെന്ന് പലരും കരുതിയിട്ടുണ്ട്. സത്യത്തില്‍ സ്വയം നഷ്ടമാകുമെന്നറിഞ്ഞിട്ടും നാമൊക്കെ സന്തോഷത്തോടെ ആഴ്ന്നു പോകുന്ന ചില ആഴങ്ങളില്ലേ,അതെക്കുറിച്ചാണ് ഞാന്‍ എഴുതാന്‍ ശ്രമിച്ചത്.ഒരു പ്രണയിയെ സംബന്ധിച്ചിടത്തോളം അത് പ്രണയമാകാം, മദ്യാസക്തന് അത് ലഹരിയാകാം,കടം വാങ്ങിയും പത്രാസു കാട്ടി ഒടുവില്‍ കൂട്ട ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്ന മനുഷ്യന്റെ ആഢംബര ഭ്രമവുമാകാം.ചിലരെങ്കിലും ആ കവിതയുടെ ഉള്ളറിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട്.

എഴുതാതെ പോയ കവിത

എഴുത്തും വായനയും എന്റെ മാത്രം സ്വകാര്യ സന്തോഷങ്ങളാണ്.വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കോ ആശുപത്രിയില്‍ എന്റെ ചികില്‍സ തേടി വരുന്നവര്‍ക്കോ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത് കിട്ടാതെ പോകരുതെന്നുണ്ട്.അതുകൊണ്ട് എഴുതാന്‍ മൂഡുണ്ടാകുമ്പോള്‍ മിക്കവാറും എഴുതാന്‍ പറ്റാറില്ല.പിന്നെ സമയം കിട്ടുമ്പോള്‍ എഴുതാനത് പിടി തരില്ല.എഴുതുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള പ്രശ്‌നം തന്നെയാണിത്.എന്തു കൊണ്ടാണെന്നറിയില്ല,ചുറ്റും കാണുകയും കേള്‍ക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്നതില്‍ മനസിനെ വല്ലാതെ മുറിപ്പെടുത്തുന്ന പലതും ഉള്ളിലങ്ങനെ നൊന്തു കല്ലിച്ചു കിടന്നാലും കവിതയാകാറില്ല.

മനസിലുള്ള കവിത

വിത്തായും മുളപ്പായും ഓരിലയീരിലയായും കുറച്ചു കവിതകളുണ്ടാവും മനസിലെ പ്പോഴും,ഊഴം കാത്ത്.

കവിതകളുടെ വിഷയം തിരഞ്ഞെടുക്കുന്നത്

വിഷയം തെരഞ്ഞെടുത്ത് എഴുതാറേയില്ല.അതുകൊണ്ടാവണം ,എന്റെ കവിതകളുടെ വിഷയങ്ങള്‍ പരിമിതമാണെന്നു തോന്നുന്നു.വരികളായിത്തന്നെ മനസില്‍ വരുന്ന കവിതകള്‍ മുഴുമിക്കും വരെ മനസില്‍ത്തന്നെ മായ്ച്ചും തിരുത്തിയും അങ്ങനെ കുറേ നാള്‍..പൂര്‍ത്തിയായി എഴുതി വച്ചാല്‍ പിന്നെയുള്ള എഡിറ്റിംഗും കുറവാണ്.

കവിതയിലെ സ്ഥാനം

ഓരോ നിമിഷവും എണ്ണിയാലൊടുങ്ങാത്ത നദികളൊഴുകിച്ചേരുന്ന കടലിലെ ഒരു തുള്ളി അതിന്റെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ? ഇന്നിവിടെയുണ്ട്.നാളെ ഉണ്ടാവണമെന്നില്ല.

കവിതയ്ക്കു പുറത്ത്
     അമ്മയാകാനാഗ്രഹിക്കുന്ന ഓരോ സ്ത്രീക്കും ഉപകാരപ്പെടുന്ന രീതിയില്‍ ഗര്‍ഭകാലശുശ്രൂഷയെക്കുറിച്ച് ലളിതമായി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.പിന്നെ മനസിലുള്ള കുറച്ചു കഥകള്‍ എഴുതണം.പെയ്ന്റിംഗ് പഠിക്കുന്നുണ്ട്.കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കണം.ഇരുപത്തിനാല് മണിക്കൂര്‍ പങ്കു വച്ച് ഇതിനൊക്കെയുള്ള സമയം കണ്ടെത്തണം.ശരിക്കും ഇഷ്ടമുള്ള ഒന്നിനും സമയം കിട്ടാതെ പോകില്ലല്ലോ.

വ്യക്തിപരം
 ജന്മദേശം:തിരുവനന്തപുരം
അച്ഛന്‍:പി.സി.ജോസഫ്
അമ്മ:റീത്ത
സഹോദരന്‍:ദീപു
ഭര്‍ത്താവ് :ഡോ:ബിജോ അലക്‌സാണ്ടര്‍
മക്കള്‍: നിധി,നിയ
ജോലി: ESI കോര്‍പ്പറേഷനില്‍ ഗൈനക്കോളജിസ്റ്റ്
 

Thursday, June 5, 2014

രാവിന്റെ ചരിത്രം

കവിത

........................................
original title: History of night
രചന: ഹൊര്‍ഹെ ലൂയി ബോര്‍ഹസ്
വിവര്‍ത്തനം: സന്ദീപ് സലിം
...........................................






തലമുറകളിലൂടെ
നമ്മള്‍ രാത്രിയെ നിര്‍മിച്ചെടുത്തു
അന്ധതയായിരുന്നു ആദ്യമവള്‍
സ്വപ്‌നമായിരുന്നു,
നഗ്നപാദങ്ങളെ മുറിപ്പെടുത്തിയ മുള്ളുകളായിരുന്നു
ചെന്നായുടെ ഭയമായിരുന്നു

രണ്ടു സന്ധ്യകളെത്തമ്മില്‍ വേര്‍തിരിക്കുന്ന
നിഴലിന്റെ ഇടവേളയ്ക്ക്
രാത്രിയെന്ന വാക്ക് നല്‍കിയതാരെന്ന്,
ഒരിക്കലും നമ്മളറിയുന്നില്ല

നക്ഷത്രജന്യമായ നാഴികയെന്നയര്‍ഥം
ഏതു യുഗത്തില്‍ നിന്നാണ്
രാത്രിയെന്ന വാക്കിന് കിട്ടിയതെന്ന്
ഒരിക്കലും നമ്മളറിയുന്നില്ല

മറ്റുള്ളവര്‍ ഐതിഹ്യങ്ങള്‍ രചിച്ചു
അവരവളെ നമ്മുടെ വിധികര്‍ത്താക്കളാക്കി
നിലയ്ക്കാത്ത ഭാഗ്യങ്ങളുടെ മാതാവാക്കി
കറുത്ത ചെമ്മരിയാടുകളേയും
സ്വന്തം മരണം കൂവിയറിയിക്കുന്ന
പൂവന്‍ കോഴികളെയും
അവള്‍ക്കായി ബലികഴിച്ചു

അവള്‍ക്കായി പന്ത്രണ്ടു ഭവനങ്ങള്‍
കല്‍ദായര്‍ പണിതു
സീനേ എണ്ണമറ്റ പദങ്ങളും
ലത്തീനിലെ ആറുവരി ശീലുകളും
പാസ്കലിന്റെ മഹാഭയവും
അവള്‍ക്കു രൂപം നല്‍കി
തന്റെ ശോകാത്മാവിനെ
ലൂയി ദെ ലിയോണ്‍ അവളില്‍ കണ്ടു

നമുക്ക് ഇന്നവള്‍ അറുതിവരാത്തവളാണ്,
പഴകിയ വീഞ്ഞു പോലെ
അവളെ ഇന്നു നോക്കുമ്പോള്‍
മോഹാലസ്യപ്പെടും പോലെ,
കാലമവള്‍ക്കു സനാതനത്വം ചാര്‍ത്തി നല്‍കി

രാത്രി ഉണ്ടാവുമായിരുന്നില്ലെന്നോര്‍ക്കുക
ലോല ഉപകരണങ്ങളായ
കണ്ണുകളില്ലായിരുന്നെങ്കില്‍
..................



Sunday, March 23, 2014

ജൈവികത നിറയുന്ന കാവ്യാനുഭവങ്ങള്‍

എം.ആര്‍ വിഷ്ണുപ്രസാദ് / സന്ദീപ് സലിം

മലയാള കവിതയുടെ പുത്തന്‍ പ്രതീക്ഷയാണ് എം. ആര്‍ വിഷ്ണുപ്രസാദ്. പ്രതിഭ കൊണ്ട് വായനക്കാരെ തന്റെ കവിതകളിലേക്ക് ആകര്‍ഷിക്കാന്‍ അസാധാരണമായ വൈഭവം വിഷ്ണുവിനുണ്ട്. ഋതുക്കളും ശ്രീബുദ്ധനും, ആണിറച്ചി എന്നീ സമാഹാരങ്ങളിലൂടെ പ്രശസ്തനായ വിഷ്ണുപ്രസാദ് കവിതയെക്കുറിച്ചും തന്റെ കാവ്യ ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.

കവിതയിലെ ബാല്യം


ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരിനടുത്ത് ബുധനൂര്‍ എന്ന സ്ഥലത്താണ് ജനനം. കരിമ്പ് തോട്ടങ്ങളും ഇഷ്ടികചൂളകളുമുള്ള നാടായിരുന്നു ഞങ്ങളുടെത്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ കരിമ്പ് കൃഷി നിര്‍ത്തി. ഇപ്പോഴും ചിലടത്തൊക്കെ ചൂളകളുണ്ട്. ബസ് സ്‌റ്റോപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴി ചെമ്മന്പാതയായിരുന്നു. കയ്യാലേടെ മണ്ടയ്ക്കിരുന്ന്! ചേട്ടന്മാര്‍ നടുറോഡില്‍ തലപ്പന്ത് കളിക്കുന്നത് കണ്ടിട്ടുണ്ട്. ഒരുദിവസം കല്ലും മരതോലുമൊക്കെ വെച്ച് കെട്ടിയ ഗമണ്ടന്‍ പന്ത് എന്‍റെ മോന്തയ്ക്ക് നേരെ പറന്നു വന്ന് ബോധം കെടുത്തി. പന്ത് കൊണ്ട മൊഴയില്‍ രണ്ടു ദിവസം ജീവിച്ചു. അതാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്ന കുട്ടിക്കാലത്തെ അലൌകിക അനുഭവം. പിന്നെ കാവ്യതുല്യമായ തോന്നലുകളിലേക്ക് എന്നെ വിളിച്ചു കൊണ്ട് പോയ മറ്റൊരനുഭവം കൂടിയുണ്ട്. അത് ഞങ്ങടെ വീടിനു മുന്നിലെ വഴി ടാറിട്ട ദിനങ്ങളാണ്. കറുത്ത മെട്ടിലുകള്‍, ഉന്തുവണ്ടി, ഉരുകുന്ന ടാര്‍, ആദ്യമായി കണ്ട റോഡ് റോളര്‍ എല്ലാം കവിതയിലേക്കുള്ള വഴിപണിയല്‍ ആയിരുന്നു. ഒരുപാട് അപകര്‍ഷതയുള്ള ഒരുത്തനായിരുന്നു ഞാന്‍. ആള്‍ക്കൂട്ടത്തെ വല്ലാതെ പേടിച്ചിരുന്ന സ്കൂള്‍ കാലത്ത് ക്ലാസ്സ്മുറി ഒരു തടവറയായിരുന്നു. പഠിത്തത്തില്‍ കേമനായിരുന്നില്ല. പത്താംക്ലാസ് തട്ടിയും മുട്ടിയും ജയിച്ചു എന്ന് പറയാം. പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് സമ്മാനം കിട്ടിയതിനെക്കാള്‍ അങ്ങോട്ടുള്ള യാത്ര ഓര്‍മ്മയില്‍ നില്‍ക്കുന്നു. കവിതയില്‍ കിട്ടിയ മാര്‍ക്ക് തന്നെയാണ് തുടര്‍ന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ നേടിയ ഒരു ഔപചാരിക വിദ്യാഭ്യാസവും ഉള്ളിലോട്ടു നോക്കുവാന്‍ എന്നെ പ്രേരിപ്പിച്ചില്ല. പേപ്പറില്‍ കുത്തിക്കുറിച്ച വാക്കുകളില്‍ കുത്തിയിരുന്ന് എനിക്ക് എന്നെ തന്നെ നോക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസത്തില്‍ നിന്ന് കിട്ടാത്ത സ്വസ്ഥത എനിക്ക് കവിതയെഴുത്തില്‍ നിന്ന് കിട്ടുന്നു.

കവിതയിലേക്കുള്ള വരവ്

എന്റെ അച്ഛന്‍ ഡോ. ബുധനൂര്‍ രഘുനാഥ് കവിയും നാടകകൃത്തുമാണ്. അങ്ങേര്‍ തന്നെയാണ് എന്നെ കവിതയെഴുത്തില്‍ സ്വാധീനിച്ച ആദ്യത്തെ ആള്‍. ആദ്യകാലങ്ങളില്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്ന കവിതകള്‍ക്ക് വെല്ലുവിളിയായി നിന്നത് അച്ഛന്റെ കവിതകള്‍ ആയിരുന്നു. ഞാന്‍ ജനിക്കും മുന്നേ പുതുതും പരീക്ഷണാത്മകവുമായ കവിതകള്‍ അച്ഛന്‍ എഴുതിയിരുന്നു. എന്റെ കുട്ടിക്കാലത്ത് അച്ഛന് ഒരു നാടക സംഘം ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ കവിതയും നാടകവും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ആദ്യത്തെ കവിത

വീട്ടില്‍ പണ്ടുണ്ടായിരുന്ന ഒരു പര്യായപുസ്തകത്തിലെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വരികള്‍ ഉണ്ടാക്കുക പതിവായിരുന്നു. ആദ്യത്തെ കവിത ഓര്‍മ്മയില്ല.

എഴുതാതെ പോയ കവിത

നല്ലതും ചീത്തയും എഴുതാനിരിക്കുന്നതെയുള്ളൂ

കൊളെജുകാലം

ഡിഗ്രി കാലത്താണ് ലിംഗഭേദമെന്യേ സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. പുതുകവി ലതീഷ്‌മോഹന്‍ എന്റെ ക്ലാസ്‌മേറ്റായിരുന്നു. അന്ന് കവിത എഴുതാനോ വായിക്കാനോ അല്ലായിരുന്നു താല്‍പ്പര്യം. അടിക്കടി ഡിപ്പാര്‍ട്ട് മെന്റില്‍ ഉണ്ടാകാറുള്ള സെമിനാരുകള്‍ക്ക് രസന എന്ന മഞ്ഞ നിറത്തിലുള്ള വെള്ളം കലക്കി എല്ലാവര്ക്കും വിതരണം ചെയ്യുക പ്രധാന വിനോദമായിരുന്നു. 23 പെണ്‍കുട്ടികളും ഞങ്ങള്‍ മൂന്ന് ആണുങ്ങളും അടങ്ങുന്ന ബോട്ടണി ക്ലാസ് ഇതുവരെ ജീവിച്ചതില്‍ ഏറ്റവും വിചിത്രമായ സ്ഥലമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡിഗ്രി കഴിഞ്ഞ് ലതീഷ് അവിടം വിട്ടു പോയി. ഞങ്ങള്‍ തമ്മില്‍ ബന്ധം ഇല്ലാതായി. അവന്‍ കമ്പ്യുട്ടരിനുള്ളില്‍ കവിതകള്‍ എഴുതി. 2007 വരെ കീബോര്‍ഡില്‍ കൈ വെക്കാതിരുന്ന ഞാന്‍ സൈബര്‍കവിതയുടെ ആദ്യകാലകുതിപ്പുകളെ കാണാതെ പോയി. കവിതയ്ക്കുവേണ്ടി ബ്ലോഗുകള്‍ ഇതുവരെ ഉണ്ടാക്കിയില്ല. എന്റെ എഴുത്ത് ശ്രമങ്ങള്‍ പെട്ടും പിഴച്ചും അച്ചടി മാസികകളിലാണ് പ്രസിദ്ധീകരിച്ചു വന്നത്.

പ്രണയം. കവിത.

എന്റെ ആദ്യ സമാഹാരത്തില്‍ പ്രണയ കവിതകള്‍ ഉണ്ടായിരുന്നു. അതെല്ലാം സാങ്കല്പ്പികമോ അല്ലാത്തതോ ആയ ഏതെങ്കിലും പെണ്‍കുട്ടികളെ വാഴ്ത്തി എഴുതിയതായിരുന്നു. എന്ത് നല്ല കണ്ണുകള്‍ എന്ത് നല്ല മൂക്ക്. പക്ഷെ ഒരു മൂക്കിന്റെയോ കണ്ണിന്റെയോ കൂടെ ജീവിക്കാന്‍ പറ്റില്ലല്ലോ. അവിടെയാണ് പ്രണയങ്ങള്‍ പൊളിഞ്ഞത്. മസ്സിലുപിടിക്കാത്ത സൗഹൃദങ്ങള്‍ ഉണ്ടായപ്പോള്‍ എനിക്ക് കവിതയിലും ജീവിതത്തിലും സ്വാതന്ത്ര്യം കിട്ടി. പുതിയ സമാഹാരത്തില്‍ ശരീരവും ലൈംഗികതയും ചര്‍ച്ചാവിഷയമാകുന്നുണ്ട്. സ്‌നേഹിക്കുന്നവര്‍ക്ക് കണ്ണില്‍ നോക്കിയിരിക്കാന്‍ നമ്മുടെ നാട്ടില്‍ സ്ഥലങ്ങള്‍ ഇല്ലല്ലോ. ആണും പെണ്ണും പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കണം. പ്രേമകവിതകള്‍ എഴുതാനും വായിക്കാനും ഇപ്പോള്‍ ഇഷ്ടമില്ല. അത്തരം കവിതകള്‍ ഒരു കാര്യവുമില്ലാതെ അവയവങ്ങളെ വാഴ്ത്തി കൊണ്ടിരിക്കുന്നു. എനിക്ക് അവളെ കിട്ടിയില്ല, അവനെ കിട്ടിയില്ല, നീ പോയാലും നിന്റെ നിഴലിനെ ഞാന്‍ കുപ്പിയിലിട്ടു സൂക്ഷിക്കും എന്നൊക്കെ പിറുപിറുത്തുകൊണ്ടിരിക്കും. ഏറ്റവും നല്ല കണ്ണുകളെയല്ല അല്ല അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആളിനെയാണ് നമ്മള്‍ നേരിടേണ്ടത്.

പരിസ്ഥിതി ശാസ്ത്രമാണല്ലോ പഠനവിഷയം. കവിതയും ശാസ്ത്രവും എങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു.

പരിസ്ഥിതി ശാസ്ത്രത്തില്‍ ഞാന്‍ എത്തിപ്പെട്ടതാണ്. ഓരോ മനുഷ്യനും ഓരോ സ്കില്‍ ഉണ്ട്. കവിതയെഴുത്ത് ജൈവികത നിറഞ്ഞ ഒരു പ്രവൃത്തിയാണ്. അതെ സമയം തന്നെ അത് തികച്ചും ശാസ്ത്രീയമായ ഒരു ഭാഷാപ്രയോഗകലയുമാണ്. കവിതയെ പലവട്ടം ഉപേക്ഷിച്ചതാണ്. വീണ്ടും വീണ്ടും അതെങ്ങനെയോ തിരിച്ചു വരുന്നു. എഴുത്തില്‍ പാലിക്കേണ്ട ചിലതരം കൃത്യതകള്‍ പരിശീലിക്കാന്‍ ശാസ്ത്രപഠനം നന്നായി സഹായിച്ചിട്ടുണ്ട്. ആദര്‍ശങ്ങള്‍ കുത്തിനിറച്ച കവിതയിലൂടെ പ്രകൃതിയെ വര്‍ണിക്കാനും സംരക്ഷിക്കാനും ഒരു താല്‍പ്പര്യവുമില്ല. കേരളത്തിലെ പരിസ്ഥിതികവിതാനിര്‍മ്മാതാക്കള്‍ വെറും ആദര്‍ശശാലികള്‍ മാത്രമാണ്. ആദര്‍ശങ്ങള്‍ എഴുതാനും വായിക്കാനും എളുപ്പമാണ്. ജീവിതത്തില്‍ പകര്‍ത്താന്‍ വലിയ പാടാണ്.

എഴുത്തിലെ സ്വാധീനങ്ങള്‍

ഡി വിനയചന്ദ്രന്‍, അയ്യപ്പപണിക്കര്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകളാണ് തുടക്കത്തില്‍ ഇഷ്ടത്തോടെ വായിച്ചത്. ഇഷ്ടപ്പെട്ട കവികളെ അനുകരിച്ച് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഒരു പക്ഷെ ഏറ്റവും തലയ്ക്കു പിടിച്ചത് ഡി വിനയചന്ദ്രനെയാണ്. പിന്നീട് കവികളെ അനുകരിക്കുന്ന പണി നിര്‍ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളിയും റഹ്മാന്റെ സംഗീതവുമാണ് എന്റെ എഴുത്തുകാലത്തെ സര്‍ഗപ്രവൃത്തികള്‍ക്ക് ഊര്‍ജകേന്ദ്രമായി നിലനിന്ന വമ്പന്‍ശക്തികള്‍. കല്‍ക്കട്ടയിലുള്ള സിനിമാട്ടോഗ്രഫരും സംവിധായകനുമായ രതീഷ് രവീന്ദ്രനുമായുള്ള സൗഹൃദയാത്രകള്‍, അനിയന്‍ വിമല്‍ദേവുമൊത്തുള്ള നിത്യ ജീവിത ഇടപാടുകള്‍, ദില്ലിയിലുള്ള കാര്‍ട്ടൂണിസ്റ്റ് സജിത്ത് കുമാര്‍, സന്തോഷ്, ഷിഫ്‌ന, ഇന്ദുലക്ഷ്മി അങ്ങനെ ജീവിതവും കവിതയും മാറ്റിയെടുത്തവര്‍ ധാരാളമുണ്ട്.
നിങ്ങള്‍ക്ക് തൊട്ടുമുന്‍പുള്ള തലമുറയില്‍ നിന്ന് നിങ്ങളുടെ കവിത എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.

വിദ്യാസമ്പന്നരും വായനാ ശീലവുമുള്ള കേരളയുവത തൊഴിലിടങ്ങള്‍ തേടി ഗള്‍ഫിലേക്കും യുരോപ്പിലെക്കുമൊക്കെ ചേക്കേറിയ സമയത്താണ് എസ് ജോസഫും, പി രാമനും, പി പി രാമചന്ദ്രനും, മനോജ് കുറൂരും വി എം ഗിരിജയും, അനിതാ തമ്പിയുമൊക്കെ അടങ്ങുന്ന കവിക്കൂട്ടം എഴുത്തില്‍ സജീവമാകുന്നത്. ഇവരുടെ കാലത്ത് വിദേശത്ത് ചേക്കേറിയ സാഹിത്യപ്രേമികള്‍ ആദ്യം ചെയ്തത് സ്വകാര്യ വായനയ്ക്കും എഴുത്തിനുമുള്ള പുതിയ ഇടങ്ങള്‍ അന്വേഷിക്കുകയായിരുന്നു. രണ്ടായിരത്തിനു ശേഷമുള്ള കവിതയുടെ വിനിമയലോകത്തിനു അടിത്തറ പണിഞ്ഞവര്‍ അവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കവിതയ്ക്ക് പുതിയ വഴിയുണ്ടാക്കി. ജോലിയുടെ ഭാഗമായി കംപ്യുട്ടര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന അവര്‍ എങ്ങനെ മലയാളത്തെ അച്ചടിതാളുകളില്‍ നിന്നും പുറത്തു കൊണ്ടുവരാം എന്നാലോചിച്ചു.  1996 ല്‍ ടോണി തോമസ് എന്ന മനുഷ്യന്‍  മലയാള അക്ഷരങ്ങളുടെ ഒരു ഭൂപടം നിര്‍മ്മിച്ച് കംപ്യുട്ടരിന്റെ തലയില്‍ നിക്ഷേപിക്കുകയും ആദ്യമായി നമ്മുടെ ലിപികള്‍ മോണിട്ടര്‍ ഭിത്തിയില്‍ തെളിയിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ആംഗലം എഴുതുവാനുള്ള വിരലോട്ടങ്ങളെ അതെപടി കീബോര്‍ഡില്‍ നിലനിര്‍ത്തിക്കൊണ്ട് ലിപികളെ രൂപാന്തരം ചെയ്യിക്കുന്ന വിദ്യ ബിനു ആനന്ദും ബിനു തോമസും കൊണ്ട റെഡ്ഡിയും സോജി ജോസഫും ആവിഷ്ക്കരിച്ചു. 2002ല്‍ യുണികോഡിന്‍റെ സഹായത്തോടെ സിബു സി ജെ ആവിഷ്ക്കരിച്ച "വരമൊഴി എഡിറ്റര്‍" ബൂലോക മലയാളത്തിന് പുതിയ ചിറകും ആകാശവും നല്‍കി. ഇന്ന് കീബോര്‍ഡിലൂടെ മലയാളം എഴുതുന്ന ഏതൊരാളുടെയും വിരലോട്ടങ്ങള്‍ക്ക് പിന്നില്‍ ഇവരുടെ പ്രയത്‌നങ്ങള്‍ ഒളിച്ചിരുപ്പുണ്ട്. പിന്നീട് ബ്ലോഗുകള്‍ വന്നു. ഓര്‍ക്യൂട്ടും ഫേസ് ബുക്കും വന്നു. എഴുതാന്‍ സ്ഥലമില്ലാതെ നടന്ന കവികള്‍ സൈബറിടത്തെ നന്നായി ഉപയോഗിച്ചു. നേരത്തെ ശ്രദ്ധിക്കാതെ പോയ ആശാലത, ശ്രീകുമാര്‍ കരിയാട്, എ സി ശ്രീഹരി, എസ് കണ്ണന്‍ തുടങ്ങി ധാരാളം പേരെ വീണ്ടും കാണാനുള്ള അവസരം എനിക്ക്കിട്ടിയത് ഫസിബുക്കില്‍ വന്നപ്പോഴാണ്. ഇതായിരുന്നു തൊട്ടു മുന്‍പുള്ള തലമുറയില്‍ നിന്ന് സൈബര്‍ ഇടത്തില്‍ കവിത എഴുതുന്നവരിലേക്കുള്ള വഴി. ഇവിടെ ഒരുപാട് വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. എഴുത്തില്‍ കൈവരിച്ച സ്വാതന്ത്ര്യവും വേഗതയുമാണ് പ്രധാന വ്യത്യാസം. കാവ്യ ഭാഷയെ ലളിതമാക്കുന്ന രീതി ജോസഫിനെ പോലെയുള്ള കവികള്‍ കൊണ്ടുവന്നെങ്കിലും അതിന്റെ സര്‍വ സ്വതന്ത്രമായ സാധ്യതകള്‍ പരീക്ഷിച്ചത് ഏറ്റവും പുതിയ കവികള്‍ ആണ്. ദളിത് രാഷ്ട്രീയമോ നാടന്‍വിശേഷങ്ങളോ ആവിഷ്ക്കരിക്കാന്‍ മാത്രമായി മുന്‍തലമുറ നാട്ടുഭാഷയെ കൂട്ട് പിടിച്ചപ്പോള്‍ പുതിയ കവികള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള സംസാരഭാഷയെ കവിതയിലേക്ക് കൊണ്ട് വന്നു. സൈബര്‍ ഇടതിന് പുറത്തും ധാരാളം പുതുകവികള്‍ ജീവിക്കുന്നുണ്ട്. തിരുവനന്തപുരത്തുള്ള ജി. സിദ്ധാര്‍ത്ഥനും വിഴിഞ്ഞം കടല്പ്പുറത്ത് താമസിക്കുന്ന ഡി.അനില്‍കുമാറുമൊക്കെ നല്ല കവിതകള്‍ എഴുതുന്നവരാണ്.

നിങ്ങള്‍ ഒരു സൈബര്‍ കവിയാണോ?

രണ്ടു മൂന്നു വര്‍ഷം മുന്‍പ് വരെ റിസേര്‍ച്ചര്‍, പ്രോജക്റ്റ് ഓഫീസര്‍ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ എന്നോട് നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ കവിത എഴുതുന്ന ഒരാള്‍ എന്ന് പരിചയപ്പെടുത്താനാണ് എനിക്കിഷ്ടം. സൈബര്‍ എന്ന ശബ്ദം കവിതയില്‍ മാത്രമല്ല ജീവിതത്തിലാകെ പടര്‍ന്നുകയറിയ ഒരു കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. സൈബര്‍ കവിതയുടെ തുടക്കത്തില്‍ ഞാന്‍ അതിന്റെ ഭാഗമായിരുന്നില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ തുടങ്ങിയതോടെയാണ് എന്റെ കവിതകള്‍ കൂടുതല്‍ പേര്‍ വായിച്ചു തുടങ്ങിയത്. ഫേസ് ബുക്കില്‍ കവിതകള്‍ എഴുതി കൊണ്ടിരുന്നപ്പോഴും ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ കവിതകള്‍ വരുമായിരുന്നു. എന്തായാലും ഏറ്റവും പുതിയ കവിത സംഭവിച്ചു കൊണ്ടിരിക്കുന്നത് മുഖ്യധാരാ അച്ചടി മാധ്യമങ്ങളിലല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇക്കാര്യം ഇവിടുത്തെ പത്രാധിപന്മാര്‍ക്കും അറിയാവുന്നതാണ്. കവിതയെഴുത്തിന്റെ സൈബര്‍ മേഖല ഒരു റിപ്പബ്ലിക് ആണ്. അവിടെ ഒരു പൂര്‍വ്വകവിയും നിങ്ങളെ ഭരിക്കാന്‍ വരില്ല.

മനസിലുള്ള കവിത

മനസ്സില്‍ ഒരുപാട് കവിതകള്‍ ഉണ്ട്. പക്ഷെ എല്ലാം എഴുതാന്‍ കഴിയില്ല. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഇമേജുകള്‍ നിരത്തിയാല്‍ കവിതയാവില്ല എന്നാണ് എന്റെ വിശ്വാസം. ഇമേജിനും വാക്കിനുമപ്പുറം പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത എന്തോ ഒന്നുണ്ട്. അതാണ് കവിതയായി നിലനില്‍ക്കുന്നത്. വേണമെങ്കില്‍ മരം മുറിക്കുന്നതിനെക്കുറിച്ചോ, ആം ആദ്മിയെക്കുറിച്ചോ, ടി പി ചന്ദ്രശേഖരനെക്കുറിച്ചോ ഒക്കെ എഴുതാം. കവിത എഴുതാന്‍ വല്ലാതെ ബുദ്ധിമുട്ടും.

പുതിയ കവിതാസമാഹാരത്തെ കുറിച്ച്?

ആദ്യസമാഹാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു എന്നതാണ് ആശ്വാസം. പുതിയ ഭാഷയെക്കാളും ശൈലിയെക്കാളുമുപരി ശരീരത്തിന്റെ രാഷ്ട്രീയത്തെ ചര്‍ച്ച ചെയ്യുന്ന കവിതകളാണ് ആണിറച്ചി എന്ന പുതിയ സമാഹാരത്തിലുള്ളത്. ഹൃദയത്തെ കൂട്ടുപിടിച്ചാണ് എല്ലാ ആദര്‍ശസ്‌നേഹവും വാഴ്ത്തപ്പെടുന്നത്. ലൈംഗികാവയവങ്ങള്‍ കടന്നു വരുമ്പോള്‍ സ്‌നേഹം എങ്ങനെ തരംതാഴ്ത്തപ്പെടുന്നുവെന്നറിയാനുള്ള ആഗ്രഹം ഇക്കവിതകളിലുണ്ട്. സമരങ്ങളും പ്രത്യയശാസ്ത്രങ്ങളും മതപ്രവര്‍ത്തനങ്ങളുമോക്കെ വെറും ആദര്‍ശമായി നിലനില്‍ക്കെ എങ്ങനെ ഒരു മനുഷ്യന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയുമെന്നുള്ള അന്വേഷണം എന്റെ എഴുത്തിന്റെ ഭാഗമാണ്.


വ്യക്തിപരം

ജന്മദേശം: ബുധനൂര്‍
അച്ഛന്‍: എം എന്‍ രഘുനാഥ്
അമ്മ: സോമിനി
സഹോദരന്‍: വിമല്‍ ദേവ്
മേല്‍വിലാസം:  മുല്ലക്കീഴില്‍, ബുധനൂര്‍ പി ഓ, ചെങ്ങന്നൂര്‍ 689510
ഫോണ്‍: 9946053844

Sunday, January 12, 2014

ഡിസി: അക്ഷരങ്ങളുടെ ഉപാസകനായ രണ്ടക്ഷര പേരുകാരന്‍

ഡിസി കിഴക്കേമുറിയുടെ നൂറാം ജന്മദിനമായ ജനുവരി 12 ന് ദിപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനം.

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍, അവര്‍ ഏതു തലമുറയില്‍ പെട്ടവരായാലും ഒരിക്കലും മറക്കാത്ത പേരാണ് ഡൊമിനിക് ചാക്കോ കിഴക്കേമുറിയെന്ന ഡി. സി. കിഴക്കേമുറിയുടേത്. ഇന്ന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം. പ്രസാധകന്‍, എഴുത്തുകാരന്‍, സ്വാതന്ത്യസമര സേനാനി, രാഷ്ട്രീയക്കാരന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, കോളമിസ്റ്റ്... ഡിസി ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ നിരവധി. സംസ്കാരവും ധാര്‍മികതയുമായിരുന്നു ഡിസിയുടെ രണ്ടു ശ്വാസകോശങ്ങള്‍. ലോകത്തിലുള്ള മറ്റൊന്നിനു വേണ്ടിയും ഇവയെ വിട്ടു കളയാന്‍ അദ്ദേഹം തയാറായില്ല. അത് അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നതാണു സത്യം. ഭാഷയിലും ചിന്തയിലും പെരുമാറ്റത്തിലുമെല്ലാം അദ്ദേഹം പുലര്‍ത്തിയിരുന്ന ലാളിത്യം മാതൃകാപരമായിരുന്നു. പണം, പദവി, പ്രായം തുടങ്ങിയവയുടെ പേരില്‍ മനുഷ്യരെ വര്‍ഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. എല്ലാവരും അദ്ദേഹത്തിന് സമന്മാരും സുഹൃത്തുക്കളുമായിരുന്നു. ഈ അച്ചടക്കത്തില്‍ ഉറച്ചുനിന്ന് എങ്ങനെ നന്നായി ബിസിനസ് ചെയ്യാം എന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു.
    നിതാന്തമായ ജാഗ്രതയായിരുന്നു ഡിസിയുടെ വലിയ പ്രത്യേകത. കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന കാര്യങ്ങളോട് അദ്ദേഹം വളരെ സഹാനുഭൂതിയോടെയാണ് ഇടപെട്ടിരുന്നത്. അവയെ തന്റേതായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഡിസിക്ക് പ്രത്യേക കഗഴിവുമുണ്ടായിരുന്നു. ഒരു സാധാരണ മനുഷ്യന്‍ കാണാതെ പോകുകയോ കണ്ടു മറക്കുകയോ ചെയ്ത കാര്യങ്ങളും കേട്ട് കടന്നു പോകുകയോ ചെയ്ത കാര്യങ്ങള്‍ പൊതുസമൂഹത്തിന് അനുഭവമായി പുനസൃഷ്ടിച്ച് നല്‍കാന്‍ ഡിസിക്ക് കഴിഞ്ഞു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ ഡിസിയുടെ ഇടപെടലുകള്‍ക്ക് ഇത്രയേറെ സ്വീകാര്യത നല്‍കിയതും മറ്റൊന്നല്ല. ജീവിതത്തില്‍ എപ്പോഴും കര്‍മനിരതനായിരുന്നു ഡിസി. നിക്ഷിപ്ത താത്പര്യങ്ങളൊന്നുമില്ലാതെ കര്‍മം ചെയ്തതാണ് ഡിസിയുടെ വിജയം. അതായിരുന്നു അദ്ദേഹത്തിന്റെ വിജയ മന്ത്രവും.
   അധ്യാപനം, രാഷ്ട്രീയം, പുസ്തകപ്രസാധനം, ഗ്രന്ഥശാലപ്രവര്‍ത്തനം, പുസ്തകചന്ത, സ്മാരകസമിതികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഡിസിയെന്ന രണ്ടക്ഷരം, കൊയൊപ്പു പോലെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചതാണ് ഡിസിയുടെ വലിയ പ്രത്യേകത. പുസ്തകങ്ങളെ വില്പന നികുതിയില്‍ നിന്നൊഴിവാക്കിയതും സര്‍ക്കാരില്‍ സാംസ്കാരിക വകുപ്പ് കൂട്ടിച്ചേര്‍ത്തും ഡിസിയാണെന്നത് ചരിത്രവിദ്യാര്‍ഥികള്‍ക്കു പോലും അജ്ഞാതം. 1952ലാണ് അച്ചടിച്ച പുസ്തകങ്ങള്‍ക്കു വിലിപന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിസി രംഗത്തെത്തുന്നത്. ഈ ആവശ്യം നടത്തിക്കിട്ടുന്നതിനായി പറവൂര്‍ ടി. കെ. നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍, എസ്. ജെ. ജോണ്‍ തുടങ്ങിയ മന്ത്രിമാരെ ഡിസി നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്ന് പുസ്തകങ്ങളെ സെയില്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിറങ്ങ്. പുസ്തകക പ്രസാനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ ഈ ഇടപെടലിലൂടെ ഉണ്ടായത്. ഈ വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അറിഞ്ഞു. അതോടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പുസ്തകം വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
   1945ല്‍ പ്രഫ. എം. പി പോളിനോടും കാരൂര്‍ നീലകണ്ഠപ്പിള്ളയോടുമൊപ്പം ഡിസി നടത്തിയ ശ്രമഫലമായി രൂപീകൃതമായ എസ്പിസിസിഎസിന്റെ സെക്രട്ടറി സ്ഥാനത്ത് ഡിസി എത്തുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഡിസിയുടെ കാലം സംഘത്തിന്റെ സുവര്‍ണ കാലമായിരുന്നു. പുസ്തകപ്രസാധന രംഗത്ത് വിപ്ലവകരമായ പരിഷ്കാരങ്ങളാണ് ഡിസി വരുത്തിയത്. ബുക്ക് ഇന്‍സ്റ്റാള്‍മെന്റ് സ്കീം(ബിഐഎസ്), പ്രീ-പബ്ലിക്കേഷന്‍, ഹോം ലൈബ്രറി സ്കീം(എച്ച്എല്‍എസ്), മലയാളത്തില്‍ ് അന്നുവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളുടെ സമ്പൂര്‍ണ കാറ്റലോഗ് തുടങ്ങിയ അവയില്‍ ചിലതുമാത്രം.
  സംസ്ഥാന സര്‍ക്കാരില്‍ സാസ്കാരിക വകുപ്പ് കൂട്ടിച്ചേര്‍ത്തതിനു പിന്നിലും ഡിസി കിഴക്കേമുറിയുടെ ശ്രമങ്ങളാണ്. എ. കെ. ആന്റണിയുടെ ആദ്യസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന എം. കെ. ഹേമചന്ദ്രനെ ഈ ആവശ്യവുമായി ഡിസി സമീപിച്ചു. ഹേമചന്ദ്രന്‍ ആന്റണിക്കു നിവേദനം കൈമാറി. പിന്നെയെല്ലാം പെട്ടന്നായിരുന്നു. മന്ത്രിസഭാ യോഗം ചേര്‍ന്നു. സാംസ്കാരികവകുപ്പിന്റെ പിറവി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി.
   സംസ്ഥാന ഭാഗ്യക്കുറിയുടെ പിറവിക്കു പിന്നിലും ഡിസിയെന്ന പ്രതിഭാശാലിയുടെ ഇടപെടലുണ്ട്. കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായി ഡിസിയെത്തുന്നത് 1962 ലാണ്. ലൈബ്രറിക്ക് പുതിയ കെട്ടിടം വേണം. പണം എങ്ങനെ കണ്ടെത്തുമെന്ന ആലോചിക്കുന്നതിനായി ലൈബ്രറി ഭണസമിതി ഡിസി വിളിച്ചു. നിരവധി നിര്‍ദേശങ്ങള്‍ വന്നെങ്കിലും പെട്ടന്നു പണം കണ്ടെത്താനുതകുന്ന നിര്‍ദേശങ്ങളൊന്നും വന്നില്ല. അപ്പോഴാണ് ഡിസി ഒരു ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ലോട്ടറി നടത്തുക. ആദ്യം മറ്റുവര്‍ക്ക് താത്പര്യമില്ലായിരുന്നെങ്കിലും ഡിസി പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനു മുന്നില്‍ എതിര്‍പ്പുകള്‍ ഇല്ലാതായി. ബമ്പര്‍ സമ്മാനം അമ്പാസഡര്‍ കാര്‍. ലോട്ടറി വില ഒരു രൂപ. മുഴുവന്‍ ചിലവുകളും കഴിഞ്ഞ് മിച്ചമുണ്ടായിരുന്നത് 4.25 ലക്ഷം രൂപ. അന്ന് അമ്പാസഡറിന്റെ വില 25000 ആയിരുന്നു. ഈ പണം കൊണ്ട് 1966 ല്‍ പണിത ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. നറുക്കെടുപ്പ് നടത്തിയത് അന്നത്തെ ചീഫ് ജസ്റ്റീസ് കെ. ശങ്കരന്റെ നേതൃത്വത്തില്‍. അതോടെ ലോട്ടറി ജനകീയമായി. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ഭാഗ്യക്കുറി തുടങ്ങിയതെന്നു പ്രത്യേകം പ്രസ്ഥാവിക്കേണ്ട കാര്യമില്ലല്ലോ.

പത്രപ്രവര്‍ത്തകന്‍/കോളമിസ്റ്റ്

പൗരപ്രഭ, കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നിവയില്‍ കറുപ്പും വെളുപ്പും എന്ന പേരില്‍ ഡിസി കോളം കൈകാര്യം ചെയ്തിരുന്നു. ചെറിയ കാര്യങ്ങള്‍ മാത്രം എന്ന പേരില്‍ കുങ്കുമത്തിലും അദ്ദേഹം കോളമെഴുതിയിരുന്നു. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന്റെ നേര്‍കാഴ്ചകളായിരുന്നു ഓരോ കോളവും. സമൂഹത്തിന് വിവിധ വിഷയങ്ങളില്‍ ഉള്‍കാഴ്ച നല്‍കുന്നതില്‍ ഡിസിയുടെ എഴുത്ത് വഹിച്ച പങ്ക് നിസ്തുലമാണ്.

   ഡിസി ബുക്‌സ

എസ്പിസിഎസില്‍ നിന്ന് ഡിസി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന 1970 ല്‍ത്തന്നെ സ്വന്തമായി ഒരു പ്രസാധക സംരംഭം ഡിസിയുടെ മനസില്‍ ജനിച്ചിട്ടുണ്ടാവണം. പക്ഷേ, അത് പുറം ലോകത്തെത്തുന്നത് പിന്നെയും നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം. സംഘം സെക്രട്ടറി പദത്തില്‍ നിന്നു ഡിസിയെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് ഡിസിക്ക് വ്യക്തിപരമായി കളങ്കമായില്ല. 1974 ഓഗസ്റ്റ് 29 നാണ് ഡിസി സംഘത്തില്‍ നിന്നു വിരമിക്കുന്നത്. അന്ന് റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച 7500 രൂപ മൂലധനമായി നിക്ഷേപിച്ചാണ് അദ്ദേഹം ഡിസി ബുക്‌സ് എന്ന സ്വന്തം പ്രസാധന കമ്പനി തുടങ്ങുന്നത്. ഏപ്രിലില്‍ ടി. രാമലിംഗം പിള്ളയുടെ മലയാളം ശൈലീ നിഘണ്ടു പുറത്തുവന്നു. ഡിസി ബുക്‌സിന്റെ ാദ്യ പുസ്തകം. 3333 പേജുള്ള രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു ഡിസി ബുക്‌സിന്റെ ഗതി മാറ്റി. 1976 മാര്‍ച്ചിലായിരുന്നു പ്രകാശനം. ഒരു നിഘണ്ടുവിന്റെ ആദ്യ പതിപ്പായി 11500 പ്രതികള്‍ അച്ചടിച്ചതും 11311 പേര്‍ പ്രീ-പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ അത് വാങ്ങിയതും പുസ്തക പ്രസാധന ചരിത്രത്തിലെ തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡും തിരുത്തി എഴുതപ്പെടാത്ത ചരിത്രവുമാണ്. ഡിസി ബുക്‌സ് തുടങ്ങുമ്പോള്‍ ഡിസി കിഴക്കേമുറിയുടെ പ്രായം 60. അറുപതു വയസില്‍ ഒരാള്‍ ഒരു സ്ഥാപനം തുടങ്ങി മഹാവിജയമാക്കിത്തീര്‍ത്തത് ഡിസിക്കുമാത്രം അവകാശപ്പെട്ടതാകാം. മരണത്തിനു തൊട്ടു മുമ്പുവരെ അതിന്റെ സാരഥിയും അദ്ദേഹം തന്നെയായിരുന്നു. ഇന്ന് ഒരു വര്‍ഷം 1500ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രസാധക സ്ഥാപനങ്ങളില്‍ ഒന്നായി ഡിസി ബുക്‌സ് മാറിക്കഴിഞ്ഞു. ഡിസി കിഴക്കേമുറിയുടെ മകന്‍ രവി ഡിസിയാണ് ഇന്ന് സ്ഥാപനത്തിന്റെ സാരഥി.
   ഡിസി കിഴക്കേമുറിയെ തേടിയെത്തിയ പുരസ്കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും കണക്കില്ല. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ക്കും. മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1999 ല്‍ ഇന്ത്യ ഗവണ്‍മെന്റ് പദ്മഭൂഷണ്‍ പുസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1914 ജനുവരി 12 ന് കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച അദ്ദേഹം 12 വര്‍ഷക്കാലം അധ്യാപകനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം 1946-47 കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കെ. എം. ചാണ്ടിയും കോട്ടയം ഭാസിയുമൊക്കെ അദ്ദേഹത്തിന്റെ സഹതടവുകാരായിരുന്നു. 1999 ജനുവരി 26 ന് ഡിസിയെന്ന രണ്ടക്ഷര പേരുകാരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ഡിസി കിഴക്കേമുറിയെന്ന മനുഷ്യനെ ഇല്ലാതായുള്ളൂ. അക്ഷരങ്ങളിലൂടെ, പുസ്തകങ്ങളിലൂടെ ഡിസി ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്നു.

Saturday, October 26, 2013

പിന്‍നിരയില്‍ നിന്ന്

(സച്ചിനെക്കുറിച്ച് ഡോം മോറെസ് എഴുതിയ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)

അവന്റെ വരവോടെ
ഇടിമുഴക്കം തുടങ്ങുന്നു
അമ്പതിനായിരം തൊണ്ടകളില്‍ തുപ്പല്‍ വറ്റും
അമ്പതിനായിരം ഹൃദയങ്ങളുടെ സ്പന്ദനം
നിങ്ങള്‍ കേള്‍ക്കും
അവനൊരാള്‍ക്കു വേണ്ടി
ബഹളം നിര്‍ത്തി സ്വരൈക്യമുണ്ടാകുന്നു

വര്‍ഷങ്ങള്‍ക്കപ്പുറം അവരവന്റെ പേര്
തെറ്റായി ഉച്ചരിച്ചിരുന്നു
ലോഡ്‌സില്‍, ഒരു ക്യാച്ചിനാല്‍
ഒരു ഇതിഹാസം തുടങ്ങി
ഉന്നതം, നിര്‍വികാരം, ധിക്കാരം
എതിര്‍ ക്യാപ്റ്റന്‍മാര്‍ ആ കുട്ടിയെ തച്ചുടയ്ക്കാന്‍ ശ്രമിച്ചു
ഒടുവിലവര്‍ കണ്ടെത്തി അവന്‍ പുരുഷനായിരുന്നു

അവന്‍ തടിച്ചു കുറിയവന്‍, ദൃഢഗാത്രനും
ഇന്നവന്‍ കാവല്‍ക്കാരനായിരിക്കുന്നു
കുറ്റിരോമങ്ങള്‍ നിറഞ്ഞ അവന്റെ കവിള്‍ത്തടങ്ങളില്‍
പരുക്കന്‍ സ്വഭാവം നിഴലിച്ചിരുന്നു
ആയിരങ്ങളെ അവന്റെ കളിയിലേക്ക് ആകര്‍ഷിക്കുന്നതെന്ത് ?
അവന്റെ കളിയില്‍ പിന്‍ നിരയിലെ കാണികള്‍
ഉത്തേജിതരായതായി നിങ്ങള്‍ക്കു തോന്നും

സൂര്യനെപ്പോലെ അതിവേഗം
അവന്‍ കരുത്താര്‍ജിക്കും
അപ്പോള്‍, പരിശീലകന്‍
അവന്റെ സ്ഥാനം നിശ്ചയിക്കും
മിന്നലും ചമ്മട്ടി ശബ്ദവും അന്തരീക്ഷത്തെ തീക്ഷണമാക്കും
അപ്പോഴും അവന്റെ മുഖത്ത്
നിസംഗഭാവമായിരിക്കും

അവന്റെ പ്രകടനത്തെ പിന്‍നിര കാണികള്‍
കൈകൊട്ടി പുകഴ്ത്തി
വാക്കുകള്‍ക്കു പകരം അവര്‍ ചെറിയ മരച്ചെണ്ടകള്‍ കൊട്ടി
ഉയര്‍ന്നു പൊങ്ങിയ പന്തുകള്‍ക്കൊപ്പം
അവരുടെ കരിമരുന്നു പ്രയോഗവും ആകാശത്ത് വര്‍ണങ്ങള്‍ തീര്‍ത്തു
അത് പക്ഷികളെപ്പോലും ഭയപ്പെടുത്തി

അവരുടെ വര്‍ണങ്ങള്‍ മങ്ങിയപ്പോഴും
ശബ്ദം മുറിഞ്ഞപ്പോഴും രോഷമുയര്‍ന്നപ്പോഴും
അവന്‍ കൂടുതല്‍ കരുത്തനായി
അവന്റെ ബാറ്റ്
അവരുടെ പ്രതീക്ഷകളുടെ ലോകത്തെ പുനര്‍നിര്‍മിച്ചു.
......................................................................................................................
1999 ല്‍ ഔട്ട് ലുക്ക് മാഗസിനിലാണ് മോറെസിന്റെ ഈ കവിത പ്രസിദ്ധീകരിച്ചത്‌



Wednesday, August 21, 2013

കടലിന് ഒരു ഗീതം

രചന: മുഹമ്മദ് ഇബ്രാഹിം അല്‍ റുബൈഷ്
മൊഴിമാറ്റം: സന്ദീപ് സലിം
.............................
ഒ, കടലേ,
എനിക്കെന്റെ പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍ തരൂ

ഞാന്‍ കുതിച്ചെത്തുമായിരുന്നു
നിന്റെ വിരിമാറിലേക്ക്
സ്വയം }ഷ്ടപ്പെട്ട് അലിഞ്ഞു ചേരാന്‍
എന്റെ പ്രിയപ്പെട്ടവരുടെ സമീപത്തെത്താന്‍
എന്റെ മേല്‍ അവിശ്വാസികളുടെ ചങ്ങലക്കെട്ടുകളില്ലായിരുന്നെങ്കില്‍


നിന്റെ തീരങ്ങള്‍ ദുഖങ്ങളുടേതാണ്, അടിമത്വത്തിന്റെയും.
വേദനകളും അനീതിയും നിറഞ്ഞത്
നിന്റെ കയ്പ് എന്റെ ക്ഷമയെ കര|ു തിന്നുന്നു

നിന്റെ ശാന്തത മരണതുല്യം
നിന്റെ തിരമാലകള്‍ അപരിചിതം
നിന്റെ ശാന്തതയുടെ മടക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് രാജ്യദ്രോഹമാണ്

നിന്റെ നിശ്ചലത നിലനിന്നാലത് നാവികന്റെ കൊലയാളിയാകും
ഒടുവില്‍ അയാള്‍ നിന്റെ തിരമാലകളില്‍ ഒടുങ്ങും

മൃദുലം, അശ്രദ്ധം, നിശബ്ദം, അറിവില്ലാത്ത കോപത്താല്‍
തിരയടിച്ച് നിന്റെ യാത്ര തുടരും ശവമഞ്ചങ്ങളുമായി

കാറ്റിനാല്‍ കോപാകുലനാക്കപ്പെടുമ്പോള്‍,
പ്രകടമാകുന്നത് നിന്റെ അനീതി;
കാറ്റിനാല്‍ നിശബ്ദനാക്കപ്പെടുമ്പോള്‍,
അവശേഷിക്കുന്നത് വേലിയിറക്കവും ചെറുതിരമാലയും

ഒ, കടലേ
ഞങ്ങളുടെ ചങ്ങലക്കെട്ടുകള്‍ നിന്നെ വൃണപ്പെടുത്തുന്നുവോ

ഞങ്ങളുടെ വരവും പോക്കും
ഞങ്ങളാല്‍ നിശ്ചയിക്കപ്പെടുന്നതല്ല
ഞങ്ങളുടെ പാപങ്ങളെക്കുറിച്ച് നിനക്കറിയാമോ ?
ആകുലതകളിലേക്ക് വലിച്ചെറിയപ്പെട്ടവരാണ്
ഞങ്ങളെന്ന കാര്യം നിനക്കറിയാമോ ?

ഒ, കടലെ,
ഞങ്ങളുടെ ദാസത്വത്തില്‍ നീ ഞങ്ങളെ ഭര്‍ത്സിക്കുന്നുവോ ?

ക്രൗര്യത്തോടെ നീ ഞങ്ങളുടെ കാവല്‍ക്കാരാവുമ്പോഴും
ഞങ്ങളുടെ ശത്രുക്കളുമായി നീ രഹസ്യധാരണയിലെത്തുന്നു

നിന്റെയും ശത്രുക്കളുടെയും ഇടയിലെ പാറക്കെട്ടുകള്‍
അവരുടെ പാതകങ്ങള്‍ നിന്നോടു പറയുന്നില്ലേ

പരാജയപ്പെട്ട ക്യൂബ പറയുന്നില്ലേ
അവരുടെ പരാജയ കഥകള്‍ നിന്നോട്

മൂന്നു സംവത്സരങ്ങള്‍ ഞങ്ങളെ ഒറ്റപ്പെടുത്തി നീ എന്തു നേടി ?
നിന്റെ ഹൃദയത്തില്‍ കവിതയുടെ നൗകകള്‍

അഗ്നിസ്ഫുലിംഗങ്ങളുടെ ശവകുടീരമാണ്
നിന്റെ ജ്വലിക്കുന്ന ഹൃദയത്തില്‍

ഞങ്ങളുടെ കരുത്തിന്റെ ജ്ഞാനസ്‌നാന തൊട്ടി
കവിയുടെ വചനങ്ങളാണ്
അവന്റെ സ്ലോകങ്ങള്‍
ഞങ്ങളുടെ വേദനിക്കുന്ന ഹൃദയത്തിന്റെ അടിമ
...............................................................
അല്‍ക്വയിദ തീവ്രവാദിയാണ് എന്ന കാരണത്താല്‍ കാലിക്കറ്റ് സര്‍വകലാശാല പഠിപ്പിക്കാന്‍ യോഗ്യമല്ല എന്നു മുദ്രകുത്തി പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ മുഹമ്മദ് ഇബ്രാഹിം അല്‍ റൂബൈഷിന്റെ ode to the sea എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനമാണ്. സൗദി രാജകുമാരനെ കൊല്ലാന്‍ ഹത്വ പുറപ്പെടുവിച്ചതും റൂബൈഷ് ആണ്.


Wednesday, July 10, 2013

ശേഷിപ്പ്

രചന: വിസ്വാവ സിംബോഴ്‌സ്ക (പോളിഷ് കവയിത്രി)
മൊഴിമാറ്റം: സന്ദീപ് സലിം
......
കണ്ടെത്തിയിരിക്കു
ന്നു,
ഒരു പുത്തന്‍ നക്ഷത്രത്തെ.
ലോകം കൂടുതല്‍ തിളങ്ങുന്നതായും
ഇല്ലാത്തതൊന്നു കണ്ടെത്തിയെന്നും
അര്‍ഥമാക്കേണ്ടതില്ല

നക്ഷത്രം, വളരെ വലുത്
ദൂരവും വളരെ കൂടുതല്‍
ദൂരക്കൂടുതല്‍ ചെറുതെന്നു തോന്നിക്കും
അതിലും ചെറുതായ
പലതിനെക്കാളും ചെറുതെന്ന്
അത്ഭുതപ്പെടേണ്ട,
സമയമുള്ളതു കൊണ്ടുമാത്രം
അത്ഭുതം ജനിക്കുന്നതില്‍.

നക്ഷത്രത്തിന്റെ ആയുസ്
പിണ്ഡം
സ്ഥാനം
ഗവേഷണത്തിനു മതിയായ
വിഷയങ്ങള്‍.
ആകാശത്തിനോടടുത്ത വൃത്തങ്ങളില്‍
ചെറു വീഞ്ഞു സല്‍ക്കാരത്തിനും വിഷയം
ജ്യോതി ശാസ്ത്രജ്ഞന്‍
ഭാര്യ
ബന്ധുക്കള്‍
സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ
വളരെ ആകസ്മികമായ ഒത്തുചേരല്‍
വേഷത്തില്‍ നിബന്ധനകളില്ലാതെ
സൗഹൃദാന്തരീക്ഷത്തില്‍
ഭൂമിയോടു ചേര്‍ന്ന ആഘോഷം

അതൊരു അത്ഭുത നക്ഷത്രം
പക്ഷേ,
അതൊരു കാരണമല്ല
നമ്മുടെ സ്ത്രീകള്‍ക്കായി
ഒരു മദ്യസത്കാരം നടത്താന്‍

അതൊരു അപ്രധാന നക്ഷത്രം
ഒരു സ്വാധീനവുമില്ല
കാലാവസ്ഥയില്‍
ഫാഷനില്‍
മത്സരഫലത്തില്‍
വരുമാനത്തില്‍
മൂല്യ പ്രതിസന്ധിയില്‍

നക്ഷത്രം നിഷ്പ്രഭാവം
പ്രചാരണപ്രവര്‍ത്തനങ്ങളില്‍
വന്‍വ്യവസായങ്ങളില്‍
സമ്മേളന മേശകളുടെ തിളക്കത്തില്‍
അതൊരിക്കലും പ്രതിഫലിക്കുന്നുമില്ല
ജീവന്റെ ചാവുദിനങ്ങളുടെ പ്രകാശത്തില്‍
അവ എണ്ണത്തില്‍ കവിഞ്ഞതും

ജന്മനക്ഷത്രത്തെ കുറിച്ചും
ഇനി, മരണ നക്ഷത്രത്തെ കുറിച്ചുമുള്ള
ചോദ്യം വ്യര്‍ഥം

പുതിയതൊന്ന്
കുറഞ്ഞ പക്ഷം
അതെവിടെയെന്നു കാണിക്കൂ
വക്കു പൊട്ടിയ ചാര നിറമുള്ള മേഘത്തിനും
ഇടത്തു കാണുന്ന മരക്കൊമ്പിനുമിടയിലൂടെ നോക്കൂ
ഓ, അതാണല്ലേ.

Tuesday, July 9, 2013

കവിതയുടെ ഋതുഭേദങ്ങള്‍

യുവതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി ഡോണ മയൂര കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു. 2013 ജൂലൈ ഒമ്പതിലെ ദിപിക യോ പേജില്‍. കഥാകൃത്ത് വി. എം. ദേവദാസ്, കവികളായ ശൈലന്‍, ലോപ ആര്‍, എം എസ് ബനേഷ് എന്നിവരേയും ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.

Deepika YO page - 2013 July 9
കവിതയിലെ ബാല്യം/കവിതയിലേക്കുള്ള വരവ്/ആദ്യകവിത

ചെറിയ ക്ലാസുകളില്‍ മലയാളം പദ്യത്തിനോട് അത്ര അടുപ്പമൊന്നും തോന്നിയിരുന്നില്ല. ക്ലാസ്സില്‍ ടീച്ചര്‍ അര്‍ഥം പറഞ്ഞ് പഠിപ്പിക്കുമ്പോള്‍ പോലും മനസിലാക്കാന്‍ കഴിയാതെ ഇരുന്നിട്ടുള്ള കുട്ടി. പദ്യത്തിലെ വാക്കുകളിലേക്ക് ടീച്ചര്‍ അര്‍ഥമായി പറഞ്ഞു തന്ന വാക്കുകള്‍ എഴുതി ചേര്‍ത്ത് വരിമാറ്റിയെഴുതി പഠിച്ചിരുന്ന കുട്ടി. തുടക്കം ഇവിടെ നിന്നുമാവണം.  
     അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായതിന്നാല്‍ ടീച്ചറിനോട് ചോദിക്കെണ്ടതു പോലും റഫ്‌നോട്ടില്‍ എഴുതി വയ്ക്കാറേ ഉണ്ടായിരുന്നുള്ളു. ഇഷ്ട്ടപ്പെട്ട എന്തും തുറന്ന് സംസാരിക്കാന്‍ കഴിയുന്നൊരു ടീച്ചര്‍ എനിക്ക് സ്കൂള്‍കാലത്ത് ഉണ്ടായിട്ടില്ല, അവരെയെല്ലാം ഭയം മായിരുന്നു(പില്‍കാലത്ത സ്കൂളും കോളേജുമെല്ലാം കഴിഞ്ഞതിനു ശേഷം അവരെയെല്ലാം കാണുമ്പോള്‍ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്, അന്നൊക്കെ ദേഷ്യപ്പെട്ടിരുന്ന, കൊമ്പന്‍ വടിയും രൗദ്രതയും കാണിച്ചിരുന്നവരൊക്കെ ഇത്രയും സൗമ്യരും സ്‌നേഹമുള്ളവരുമായവരായിരുന്നോ എന്ന്!). അതില്‍ നിന്നു തുടങ്ങിയതാവാം മനസ്സിലുള്ളത് എഴുതി വയ്ക്കുക എന്ന ശീലവും. അ കാലത്താണ് മഹാകവി പിയുടെ രണ്ടു വരി മനസ്സില്‍ തങ്ങിയത്.
എല്ലായിടത്തും കവിതയുണ്ട് പക്ഷേ എഴുതുവാന്‍
തിരഞ്ഞാലൊട്ട് കാണുകയുമില്ല എന്ന അര്‍ഥത്തിലുള്ള വരികള്‍.
അത് എട്ടോ ഒന്‍പതോ! വയസ്സുള്ളപ്പോഴാണ്. അതിനു പിന്നാലെയാണ് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആകാശവാണിയില്‍ രഞ്ജിനിയെന്ന പരിപാടിയില്‍ "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും …" എന്ന ഗാനം ആദ്യമായി കേള്‍ക്കുന്നത്. അന്ന് മുതല്‍ അടക്കാനാവാത്ത അഭിവാഞ്ഛയോടെയുള്ള അന്വേഷണമായിരുന്നു ദൈവത്തെ കണ്ടെത്താന്‍!. രാത്രിയില്‍ ഉറങ്ങാന്‍ ചുമരോട് ചേര്‍ന്ന് കിടക്കുമ്പോള്‍ ചുമരില്‍ ചുരണ്ടിയും, മുറ്റത്ത് കളിക്കുമ്പോള്‍ കുഴികുത്തിയും നോക്കുമായിരുന്നു. മുറ്റം നിറയെ കുഴികുത്തുന്നതിനു അമ്മയില്‍ നിന്നും കൈയ്യും കണക്കുമില്ലാതെ അടിയും കിട്ടിയിട്ടുമുണ്ട് . കവിതയോടും ഇതു പോലെ ഒരു സമീപനമായിരുന്നു.

കുടുംബത്തില്‍ എഴുത്തുമായി ബന്ധപ്പെട്ട് ആരും ഉണ്ടായിരുന്നില്ല എന്നകാരണത്താലും 'എഴുത്ത്' എന്നതെന്തെന്ന് അറിവില്ലാത്തതിനാലും സ്കൂള്‍ കാലം അങ്ങിനെ കടന്നു പോയി. പി.ഡി.സിക്ക് കോളേജ് ഹോസ്റ്റലിലായപ്പോഴാണ് വായനയുടെയും എഴുത്തിന്റെയും വാതില്‍ തുറന്നു കിടന്നിരുന്നെന്ന് മനസിലാക്കുന്നത്, സുഹൃത്തുകള്‍ പ്രചോദനവുമായി. അക്കാലത്താണ് ആശാനും, ഇടശ്ശേരിയും, ഉള്ളൂരുമൊക്കെ വിട്ട് കടമനിട്ടയും, അയ്യപ്പപണിക്കരും, സച്ചിദാനന്ദനും, മേതിലുമെല്ലാം  വായനയിലേക്ക് കടന്നു വന്നത്. എന്നാലും പഠിക്കാന്‍ വിടുന്ന കുട്ടി എഴുതുന്നതിന്റെ അനൌചിത്യം വീട്ടില്‍ നിന്നുള്ള ഓര്‍മ്മപ്പെടുത്തലുകളായി കൂടെ കൂടിയിരുന്നു. ആദ്യമായി അച്ചടിച്ച് വന്ന കവിത 97/98ലാണ്. നമ്മുടെ വീട്ടുമുറ്റത്തും ഒരു മാങ്കോസ്റ്റീന്‍ മരമുണ്ടെന്ന ഒരു സന്തോഷവാക്യത്തില്‍ അത് ഒതുങ്ങി.

പിന്നീട്ട് പ്രവാസത്തില്‍ ജോലിക്കും വീടിനുമിടയില്‍  അവനവന്‍ 'ഡെഡ് എന്റ്' കടമ്പകളില്‍ എത്തിനില്‍ക്കുമ്പോഴെല്ലാം കൂടുതല്‍ എഴുതാന്‍ തുടങ്ങി. അതും സ്വകാര്യതയിലേക്ക് മാത്രം ഒതുക്കി വച്ചു. 20022004 മലയാളം ഫോറമുകള്‍ പൊട്ടി വിടര്‍ന്നപ്പോള്‍ അവയില്‍ ചിലതില്‍ 'സ്‌കൈവാക്കര്‍' എന്ന അപരനാമത്തില്‍ എഴുതിയിരുന്നു. അതില്‍ മല്ലുവുഡെന്ന മലയാളം ഫോറത്തില്‍ പുറക്കാടനെന്ന ജോഷിരവി നടത്തിയിരുന്ന സാഹിത്യം സെക്ഷനില്‍ ചില കവിതകളിട്ടിരുന്നു. അതെല്ലാം മംഗ്ലീഷിലാണ് ടൈപ്പ് ചെയ്തിട്ടിരുന്നത്. പിന്നീട് കുറേനാള്‍ പലകാരണങ്ങകൊണ്ട് എഴുതേ ഉണ്ടായിരുന്നില്ല.  മലയാളം ബ്ലോഗിങ്ങിലേക്ക് മയൂര എന്ന പേരില്‍ വരുന്നത് 2007ലാണ്. അതിന് പ്രേരകമായത് പ്രവാസിയും കഥാകൃത്തുമായ നിര്‍മ്മലയുടെ ബ്ലോഗാണ്. അച്ചടിമേഖലയില്‍ നിന്നുള്ളൊരാളുടെ ബ്ലോഗ് അന്ന് ആദ്യമായിട്ടായിരുന്നു കാണുന്നത്.  പ്രവാസം എഴുതിനൊരു വിലങ്ങുതടിയല്ലെന്നും ബ്ലോഗെന്ന മാധമം വഴി നമ്മുടെ ഇഷ്ട്ടാനുസാരം
എന്തുമെഴുതാമെന്ന സ്വാതന്ത്രബോധവും അതില്‍ നിന്നുണ്ടായി. ഇതിനകം തന്നെ പരിചയമുള്ള പലസുഹൃത്തുകള്‍ക്കും ബ്ലോഗും ഉണ്ടായിരുന്നു. 2006മുതല്‍ ബ്ലോഗ് വായനയുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായൊന്ന് വേണമെന്ന് അപ്പോള്‍ മാത്രമാണ് ചിന്തയില്‍ ഉണ്ടായത്. നല്ല സുഹൃത്തുകളുടെ പിന്തുണയും കൂടിയായപ്പോള്‍ ഇന്നും ബ്ലോഗിങ്ങ് തുടരുന്നതിനു നിമിതമായി.


ആദ്യത്തെ സമാഹാരം

2009ല്‍ ഒരു പ്രസാധകന്‍ ബ്ലോഗ് പുസ്തകമാക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. അതിന് സമ്മതം എന്ന മതം തന്നെയായിരുന്നു എനിക്കും. പക്ഷേ ഇരുപതിനായിരം രൂപ കൊടുത്താലെ പുസ്തകം ഇറക്കാന്‍ കഴിയൂ! വീട്ടില്‍ ചോദിക്കാന്‍ കഴിയില്ല, എഴുതുന്നത് തന്നെ അനാവശ്യമാണ് അതിന്റെ കൂടെ കാശ് കൂടെ ചോദിച്ചാല്‍ കാശിക്കുള്ള വഴിതെളിഞ്ഞ് കിട്ടുമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ടായിരുന്നു. മൂത്ത കുഞ്ഞ് ജനിച്ചതിനു ശേഷം ജോലിക്കും പോകുന്നുണ്ടായിരുന്നില്ല. ഒരു നിമിതം പോലെ ആയിടയ്ക്ക് അയല്‍ക്കാരി തന്റെ രണ്ട് ആണ്‍കുട്ടികലുടെ മുടി വെട്ടികൊടുക്കുമോന്ന് വീണ്ടും ചോദിച്ചത്, വെട്ടുന്നതിനു കാശ് തരാമെന്നും! ശിശിരകാലത്ത് തണുത്ത കാറ്റടിക്കുന്നയിടങ്ങളിലെ തൊലി ചുമന്ന് പൊട്ടുന്ന, (പ്രത്യേകിച്ചും മുഖത്ത്)  അലര്‍ജി ഉണ്ടായിരുന്നു എന്റെ മകന്. ആ സമയങ്ങളില്‍ ഞാന്‍ തന്നെ ക്ലിപ്പര്‍ വച്ച് മിലിറ്ററി കട്ട് ചെയ്യുമായിരുന്നു. ഇത് സുഹൃത്തിനും അറിയാം, അവരുടെ ഇളയ കുട്ടിക്കും എന്റെ കുഞ്ഞിനെ പോലെ അലര്‍ജിയുണ്ടായിരുന്നു. അവര്‍ക്ക് മതപരമായ കാരണങ്ങളാല്‍ വീട്ടില്‍ മുടിവെട്ടാല്‍ പാടില്ല എന്നും പറയും. ഇത്തവണ ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു(അതുവരെ കാശിന് ആവശ്യമുണ്ടായിരുന്നില്ലല്ലോ!!!). പന്ത്രണ്ട് രൂപയായിരുന്നു അവിടെ അടുത്തുള്ള മുട്ടിവെട്ടുന്ന സ്ഥലത്ത് ചാര്‍ജ്ജ് ചെയ്തിരുന്നത്, ആ തുക തരാമെന്നും പറഞ്ഞു. അന്ന് വൈകിട്ട് തന്നെ രണ്ടു മക്കളെയും കൊണ്ട് സുഹൃത്ത് വന്നു, രണ്ടാള്‍ക്കും മിലിറ്ററി കട്ട് ചെയ്തു കൊടുത്തു. മുട്ടിവെട്ട്കഴിഞ്ഞിറങ്ങിയ കുട്ടികളെ കണ്ടിഷ്ട്ടപ്പെട്ട് മൂന്നു ഡോളര്‍ ടിപ്പും ചേര്‍ത്ത് ഇരുപത്തിയേഴ് ഡോളര്‍ അന്നെനിക്ക് കിട്ടി. ഏതാണ്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ ഞാന്‍ പബ്ലിഷറെ കോണ്ടാക്റ്റ് ചെയ്തു. പക്ഷേ അന്നേരം ഇരുപതിനായിരത്തില്‍ നിന്നും വില നന്നേ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അതിന്റെ കൂടെ കേട്ട ഒരു വരി, "നിങ്ങള്‍ പ്രവാസികള്‍ക്ക് നാലഞ്ചായിരം കൂടി കൂട്ടിതരുന്നത് വല്യ പ്രശ്‌നമാണോ, ബാങ്കിന്ന് എടുത്ത് തന്നാല്‍ പോരെ" എന്നതായിരുന്നു. അപ്പോഴാണ് ധനലാഭമാണ് ലക്ഷ്യമെന്ന് മനസ്സിലാക്കിയത്! ഈ സംഭവത്തിന്റെ പിറ്റേന്നാണ് ചികിത്സയ്ക്കായി കാശിനു വേണ്ടി ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയെപറ്റി കേട്ടത്. ഉടന്‍ തന്നെ മുടിവെട്ടി സ്വരൂപിച്ച് വച്ചിരുന്ന കാശ് അവര്‍ക്ക് അയച്ച് കൊടുക്കാന്‍ ഏര്‍പ്പാടാക്കി. കവിതാസമാഹാരമെന്ന അത്മരതിക്ക് അതോടെ അറുതി കിട്ടി. പിന്നെയും ഇടയ്ക്ക് ഇടയ്ക്ക് സുഹൃത്തുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കാശില്ലാതെ ഇറക്കാന്‍ തയ്യാറായിട്ടുള്ള പബ്ലിഷറിനെ കൊണ്ട് വന്നാല്‍ ഞാന്‍ തയ്യാറാണെന്ന് ഉറപ്പ് കൊടുത്തു, അങ്ങിനെ ഒരാളയും കിട്ടില്ല എന്ന് മനസ്സിനുറപ്പുണ്ടായിരുന്നത് കൊണ്ട്. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് 'ഇന്‍സൈറ്റ്പബ്ലിക്ക'യുടെ സുമേഷ് വി.പി  കാശിന്റെ ഇടപാടുകളൊന്നുമില്ലാതെ 2012ല്‍ ഐസ്ക്യൂബുകള്‍ എന്ന പേരില്‍ എന്റെ ആദ്യത്തെ സമാഹാരം പബ്ലിഷ് ചെയ്തു.

ഇഷ്ട്ടകവിത

പിഴുതുകൊണ്ടുപോരുകയും ചെയ്തു നട്ടുപിടിപ്പിക്കാനൊട്ടാവുന്നുമില്ലെന്നതുപോലെയുള്ള ജീവിതപ്രശ്‌നങ്ങളും ജാവ കോഡുമായി വീട്ടിലും ഓഫീസിലുമായി പ്രതിദിനം മല്ലിട്ടുകൊണ്ടിരുന്ന യു.എസ്സ്.എയിലെ ആദ്യനാളുകളിലേക്ക് സൌഹൃദത്തിന്റെ തീപ്പൊരിയുമായി കടന്നു വന്ന സുഹൃത്ത്. എല്ലായിപ്പോഴും ഉല്‍കണ്ഠകളെ കല്‍കണ്ടം പോലെ അലിയിക്കുന്നതെങ്ങിനെയെന്ന് കാട്ടിതന്ന്, എന്നിലെ അന്തര്‍മുഖത്വത്തെ അതിന്റെ ഉച്ചാവസ്ഥയില്‍ നിന്നും വലിച്ചിറക്കി ഉച്ചവെയിലിന്റെ കീഴെയിട്ട് കരണംകുത്തിമറിഞ്ഞ് ചിരിക്കാന്‍ പഠിപ്പിച്ച്, ആത്മവിശ്വാസം കൂട്ടാന്‍ സാഹിയിച്ചൊരാള്‍. ഗൃഹാതുരത്വം മുട്ടോളം കവിഞ്ഞ് കഴുത്തൊപ്പമെത്തുന്ന നാളുകളില്‍, അവനവന്‍ വസിക്കുന്നയിടം അതെവിടെയായാലും അവിടെ തന്റെ ഉറ്റവരാരും  ഇല്ലെങ്കില്‍ പോലും സ്വദേശമായി കരുതി വര്‍ത്തിക്കണമെന്ന പാഠം ആംഗലേയത്തില്‍ പറഞ്ഞു തന്ന് 'വസുദൈവകുടുംബകം' എന്നആശയം ഉള്‍കൊള്ളാന്‍ പ്രാപ്തമാക്കിയ ആള്‍. ചികിത്സിച്ച് ദേഭമാക്കാന്‍ കഴിയിലെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയ അസുഖത്തിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി വിജയിച്ച്, അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവാന്‍ പരിശ്രമിക്കുകയും ചെയ്ത എന്റെ പ്രിയസുഹൃത്തിനു വേണ്ടി എഴുതിയ 'കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്...' എന്ന കവിതയാണ് എന്റെ ഇഷ്ട്ട കവിത. ഇപ്പോഴും അതിലേ വരികള്‍ ചിലര്‍ ക്വോട്ട്
ചെയ്ത് അയക്കാറുണ്ട്.

"കീമോയെ തോല്‍പ്പിക്കാന്‍/തലമുന്നേ വടിച്ചിറക്കാന്‍ തീരുമാനിച്ചെന്ന്
/അവള്‍ വിളിച്ച് പറഞ്ഞപ്പോള്‍,/ ആറ്റം ബോംബിട്ടിടത്തു വരെ പുല്ല്
കിളിര്‍ക്കുന്നു/ പിന്നെയല്ലെ ഇതെന്ന് പറഞ്ഞ്/ രണ്ടാളും ചിരിച്ചു."

ഈയടുത്ത് സ്തനാര്‍ബുദസാധ്യതയെ തുടര്‍ന്ന് ആഞ്ജലിന ജോളി രണ്ട് സ്തനങ്ങളും നീക്കം ചെയ്ത വാര്‍ത്തയോടൊപ്പം ഈ വരികള്‍ ഉദ്ധരണിയായി ചേര്‍ത്ത് ഫേയിസ്ബുക്കിലെ ഒരു സുഹൃത്ത് മെസേജ് ചെയ്തപ്പോള്‍  എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ഒരു നിമിഷം അന്തിച്ചിരുന്നു പോയി.


കവിതയിലെ സ്ഥാനം

സ്ഥാനമെന്നൊക്കെയുള്ള ആലങ്കാരിക പദങ്ങള്‍ക്ക് വിധേയയായിട്ടില്ല എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. വായിക്കുന്നവരുടെ മനസ്സിലാണ് എഴുത്തുകാരുടെയും സ്ഥാനമെന്നും വിശ്വസിക്കുന്നു, അതില്‍ നിന്നും വിമര്‍ശനവും പ്രചോദനവും ഉണ്ടാവുന്നു. ബ്ലോഗും ഫേയിസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയും വഴി കൂടുതല്‍ ആളുകളിലേക്ക് കവിത എത്തുന്നുമുണ്ട്. സൈബര്‍ സ്‌പേസില്‍ കവിതകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഈശ്വരവാദികളെയും നിരീശ്വരവാദികളെയും പോലെ സൈബര്‍ സ്‌പേസിലെ കവിതകളില്‍ കവിതയുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുടെ ഇടയില്‍ കൂടി കവിത വളരുന്നുമുണ്ട്.

കവിതയിലേക്കെത്തുന്നത് 

ചുറ്റുമുള്ള എന്തുവിഷയവും വരികളിലേക്ക് കയറിവരാം. പ്രചോദനവും പ്രകോപനവും കവിതയിലേക്ക് വഴിതെളിച്ചിട്ടുണ്ട്. അതു പോലെ ദു:ഖവും സന്തോഷവും പ്രാണയവും എല്ലാം കവിതയിലേക്ക് എത്തിച്ചിട്ടുണ്ട്. പലതും മനസ്സില്‍ കുറെനാളായി കിടക്കുന്ന ചിന്തകളായിരിക്കും, അതിനോടനുബന്ധിച്ച് മറ്റൊരു വിഷയം വീണ്ടും വരുമ്പോള്‍ എഴുതുന്നവയും ഉണ്ട്. തോന്നുന്നത് തോന്നുമ്പോള്‍ തോന്നുന്നതു പോലെ എഴുതാനുള്ള സാവകാശം പലപ്പോഴും കിട്ടാറില്ല, സഹചര്യം കാരണം എപ്പോഴും മാറ്റിവയ്ക്കപ്പെടേണ്ട ഒന്നായി വന്നിട്ടുള്ളത് എഴുത്താണ്. അതിനോടൊപ്പം തന്നെ ദുര്‍വാശിയെന്ന് സുഹൃത്തുകള്‍ പറഞ്ഞിട്ടുള്ള സ്വയം കല്പിച്ച ചില ചട്ടകൂടുകളുമുണ്ട്. ഉദാഹരണത്തിനു ഒരു പീഡനമോ, ദാരുണമരണമോ ഉണ്ടാകുമ്പോല്‍ മാത്രം അതെ പറ്റി എഴുതുന്നതിനിടയ്ക്ക് (മിക്കവാറും ഒരു സംഭവത്തെ കേന്ദ്രീകരിച്ച് എഴുതാറില്ല, പൊതുവായുള്ള പാറ്റേണുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ ക്രേന്ദീകരിച്ച് പ്രതികരിക്കാരുണ്ടെങ്കിലും) സൂര്യനെല്ലിയെന്നും, മൂന്നുവയസ്സുകാരിയെന്നും, അന്‍പത്തിയൊന്ന് വെട്ടെന്നും മറ്റുമുള്ള ഉള്ള ക്ലൂകള്‍ കൊളുത്തിട്ട് വായനകാരുടെ മുന്നിലേക്ക് ഇട്ട്‌കൊടുക്കല്‍ മുതലായവ. ഇതേകാരണങ്ങളാല്‍ പലതും എഴുതാതെ വിട്ടിട്ടുണ്ട്.

മനസ്സിലുള്ള എഴുത്ത്.

കുറെ വര്‍ഷങ്ങളായി മനസ്സില്‍ എഴുതണമെന്ന് വിചാരിച്ച് കൊണ്ടുനടന്നിരുന്ന ചിലത് മടിയും സാഹചര്യം കാരണം മാറ്റി വയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. അതിലേക്ക്
ഒന്ന് നിലയുറപ്പിച്ചു വരുന്നു. ഒന്നും പറയാറായിട്ടില്ല :)


....................................

തിരുവനന്തപുരം ജില്ലയിലേ ആറാംന്താനമെന്ന ഗ്രാമത്തിലാണ് ജനനം. കുടുംബവീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്. സഹോദരങ്ങള്‍ രണ്ടു പേരുണ്ട് , ഒരാള്‍ സോഫ്റ്റ് വെയര്‍ പ്രഫഷണല്‍, മറ്റൊരാള്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ അസ്സോസിയേറ്റ് പ്രഫസര്‍. എന്റെ കല്യാണശേഷമാണ് 1999ല്‍ പ്രവാസജീവിതം ആരംഭിച്ചത്. ഭാര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം യു.എസ്സിലെ പലനഗരങ്ങളിലായിഇപ്പോഴും പ്രവാസം  തുടരുന്നു. Dona's blog - http://www.rithubhedangal.blogspot.in/

Monday, June 10, 2013

KL- 47 5002 ഒരു കവി(ത) കാത്തിരിക്കുന്നു

നെഞ്ചുംവിരിച്ച് തലകുനിക്കുന്നു, കാത്തുശിക്ഷിക്കണേ എന്നീ കവിതാ സമാഹാരങ്ങളിലൂടെ പ്രശസ്തനായ കവി എം എസ് ബനേഷ് സംസാരിക്കുന്നു

കവിതയിലേക്കുള്ള വരവ്

ഏയ്, കവിതയിലേക്ക് അങ്ങനെ എന്റേതായ വരവൊന്നും ഉണ്ടായിട്ടില്ല സന്ദീപ്. വരാനുള്ള പരമ്പരാഗത പാതകളൊന്നും ഇല്ലായിരുന്നു. കോമരങ്ങള്‍ തലവെട്ടിപ്പൊളിക്കുകയും തെറിപ്പാട്ട് പാടുകയും ചെയ്യുന്ന കൊടുങ്ങല്ലൂരില്‍ ജനിച്ച അന്തര്‍മുഖനായ ഒരു കുട്ടി. ടാക്‌സി െ്രെഡവറായ അച്ഛന്‍. അടുക്കളയില്‍ മാത്രം പെരുമാറ്റമുള്ള അമ്മ. വാളുകളും ചിലമ്പുകളും കുരുതിക്കോഴികളുടെ ചോരയും മഞ്ഞളും ഇടകലര്‍ന്ന നിറങ്ങളും കണ്ടായിരുന്നു വളര്‍ച്ച. പരാജയപ്പെട്ട നക്‌സലൈറ്റുകളുടെ നീണ്ട നിരാശാഭരിതമായ താടിരൂപങ്ങളെ വിസ്മയിച്ചുനോക്കിയും അമ്പല ആല്‍ത്തറകളിലെ സ്വവര്‍ഗാനുരാഗികളെയും ബാലപ്രിയരായ പുരുഷന്മാരെയും ഭയന്നുമായിരുന്നു കൊടുങ്ങല്ലൂര്‍ ബോയ്‌സ് സ്കൂളിലേക്കുള്ള യാത്രകള്‍. എട്ടാം ക്ലാസിലായിരുന്നു കവിതയുടെ ഇങ്ങോട്ടുള്ള വരവ്. ചോദിക്കാതെ കയറിവരികയായിരുന്നു. അതിന്റെ ഒരു ഭയം എപ്പോഴും ഉണ്ട്. ഏതു നിമിഷവും തിരിച്ചുപോയാലോ എന്ന്. അതുകൊണ്ട് ഏതു വരള്‍ക്കാലത്തും ഉള്ളിലെ കവിതയെ താലോലിക്കാത്ത നാളുകളില്ല.
Deepika Yo page for youth - june 11


കവിത വളര്‍ന്നത്.

മാല്യങ്കര എസ് എന്‍ എം കോളേജിലെ പ്രീഡിഗ്രിക്കാലം, അന്ന് വായിച്ച് ആവേശിച്ച് ഇറങ്ങിപ്പോയ കടമ്മനിട്ട, ബാലചന്ദ്രന്‍, സച്ചിദാനന്ദന്‍, അയ്യപ്പപ്പണിക്കര്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, ഒഎന്‍വി, നെരൂദയുടെയും ഒക്ടേവിയോ പാസിന്റെയും പരിഭാഷകള്‍, സ്കൂള്‍ നാളുകളില്‍ വായിച്ചിരുന്ന മംഗളം മനോരമ പൈങ്കിളി വാരികകളിലെ നോവലുകള്‍, സ്കൂളിലെ ആണ്ടവന്‍ എന്ന വില്ലന്‍ കൂട്ടുകാരന്‍ ഇടക്കിടെ നിര്‍ബന്ധിപ്പിച്ച് വായിപ്പിച്ചിരുന്ന ലൈംഗിക കൊച്ചുപുസ്തകങ്ങള്‍, ഒറ്റയ്ക്കും തെറ്റയ്ക്കും വായിച്ച അദ്ധ്യാത്മരാമായണം, ഇവയെല്ലാം അന്നത്തെ വായനാ സംസ്കാരത്തെ കിടുക്കിയിരുന്നു, കവിതയേയും. ഇടയ്ക്ക് പ്രീഡിഗ്രി പഠനം മുടങ്ങി, കേരളം മുഴുവന്‍ പുസ്തകങ്ങള്‍ വിറ്റുനടന്നു. ആദ്യകവിതകള്‍ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പൂങ്കാവനം മാസിക, സരോവരം മാസിക, തൊഴിലില്ലാതെ അലഞ്ഞ നാളുകളില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിച്ച അന്നത്തെ പത്രാധിപര്‍ ശ്രീകുമാര്‍, പിന്നെ ചെറിയ ചെറിയ കവിയരങ്ങുകള്‍, കവിതയില്‍ ഉന്മാദമോ ഉന്മാദത്തില്‍ കവിതയോ നിറച്ചുനടന്ന കൊടുങ്ങല്ലൂരിലെത്തന്നെ പിഎ നാസുമുദ്ദീന്‍, പിഎന്‍ ഗോപീകൃഷ്ണന്‍, എറണാകുളം മഹാരാജാസിലെ എംഎക്കാലം, കെജിഎസ്, ഡി വിനയചന്ദ്രന്‍, ഗുരുത്വസൗഹൃദങ്ങള്‍, കവിത വളര്‍ന്ന സമൃദ്ധകാലങ്ങള്‍.


കവിതകള്‍ ഉണ്ടാവുന്നത്.

അതിന് കസേരയില്‍ ചാഞ്ഞുകിടന്ന് ശാന്തതയില്‍ അഭിരമിക്കുകയൊന്നും വേണ്ട സന്ദീപ്. എവിടെവച്ചും ഉണ്ടാകാം. ആശുപത്രിയില്‍ നില്‍ക്കുമ്പോള്‍, ബസില്‍ തിരക്കില്‍ കമ്പിയില്‍ തൂങ്ങി ലോകം കീഴടക്കുമ്പോള്‍, ഉറക്കത്തില്‍, ഇറച്ചിക്കടയില്‍ നില്‍ക്കുമ്പോള്‍പ്പോലും. പലപ്പോഴും പൊടുന്നനേ പ്രവഹിച്ചുവരുന്ന നാലോ അഞ്ചോ വരികള്‍. ചിലപ്പോള്‍ വൃത്തത്തില്‍, പലപ്പോഴും നാവിനോളം പരുപരുപ്പുള്ള ഗദ്യത്തില്‍. കടലാസ് കയ്യിലുണ്ടെങ്കില്‍ അപ്പോള്‍തന്നെ കുറിച്ചുവയ്ക്കും. ഇല്ലെങ്കില്‍ കടലാസ് കിട്ടുംവരെ ആ വരികളെ നാവിന്‍തുമ്പില്‍ നൃത്തം ചെയ്യിക്കും. കടലാസ് കിട്ടിയാല്‍ എഴുതിവയ്ക്കും. അതോടെ തീരും. എന്താവും അതിന്റെ ഭാവിയെന്ന് അപ്പോള്‍ പറയാനാവില്ല. ആഴ്ച്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം  വീണ്ടും വായിക്കുമ്പോള്‍, ബാക്കിയുള്ള വരികള്‍ ഒരു അദൃശ്യസമുദ്രത്തില്‍ നിന്നെന്നപോലെ അലയടിച്ചെത്തും. ആദ്യവരികള്‍ വരുമ്പോള്‍ അറിയില്ല, ആ കവിത ഏതു ചുഴിയിലേക്കാണ് നമ്മെ വലിച്ചിടാന്‍ പോവുന്നതെന്ന്.

കവിതയിലെ രാഷ്ട്രീയം

എന്റെ എല്ലാ കവിതകളും രാഷ്ട്രീയകവിതകളാണ്. പ്രണയവും രതിയും വിരതിയും നിറയുന്ന കവിതകളില്‍പ്പോലും. പ്രസിദ്ധീകരിച്ച രണ്ട് കവിതാസമാഹാരങ്ങളുടെയും ശീര്‍ഷകങ്ങളില്‍ത്തന്നെ ആ രാഷ്ട്രീയം പ്രകടമാണ്. തലകുനിക്കുമ്പോളും നെഞ്ചുംവിരിച്ചാണ് ആ കുനിയല്‍ എന്ന താക്കീത്. കാത്തുരക്ഷിക്കുകയാണെന്ന വ്യാജേന നിങ്ങള്‍ ചെയ്യുന്നത് കാത്തുശിക്ഷിക്കലാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന ഓര്‍മ്മപ്പെടുത്തല്‍. 'അടിയന്‍' എന്ന കവിതയില്‍ എറാന്‍ എന്ന് പറഞ്ഞ് തലതാഴ്ത്തുന്നതിന് പകരം കരണത്തടിച്ച് അല്പനേരത്തേക്കെങ്കിലും സാക്ഷാല്‍ അടിയന്‍ ആവുന്ന മനുഷ്യന്‍. ഛെന്നായ എന്ന കവിതയിലെ ഛെ എന്ന് ആട്ടുമ്പോള്‍ തുമ്മിത്തെറിച്ച് ചെ പോയി വാലാട്ടിനില്‍ക്കുന്ന വെറും നായയില്‍പ്പോലും ആ രാഷ്ട്രീയം പ്രകടമാണ്.

എഴുത്തിലെ ദര്‍ശനം

തെളിഞ്ഞൊരു ജീവിതബോധം നിങ്ങള്‍ക്കുണ്ടെങ്കില്‍ ദര്‍ശനം അതിന്റെ വഴിക്കുവന്നുകൊള്ളും. ദര്‍ശനത്തിനുവേണ്ടി കര്‍ശനമായ എന്തെങ്കിലും ചിട്ടവട്ടങ്ങള്‍ എഴുത്തില്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നില്ല. പുല്ലും പുഴുവും പൂക്കളും ഉറുമ്പും ആനയും സിംഹവും പ്രണയിനികളും സഖാക്കളും ആള്‍ക്കൂട്ടങ്ങളുമെല്ലാം നിറഞ്ഞ ഒരു ലോകത്തിന്റെ വിയര്‍പ്പില്‍ തെളിയുന്ന മാനവികതയും മൃഗപരതയുമാവാം എന്റെ ദര്‍ശനം. ചിലപ്പോള്‍ ദര്‍ശനഭാരമൊന്നുമില്ലാത്ത ഒരു ശലഭച്ചിറകും.

ഓണ്‍ലൈന്‍ എഴുത്ത്

സുന്ദരമായ കയ്യക്ഷരങ്ങളുണ്ട് എനിക്ക്. ഇപ്പോള്‍ കീ ബോര്‍ഡുകള്‍ക്കാണ് ആ അക്ഷരങ്ങളേക്കാള്‍ വേഗംകൂടുതല്‍. പക്ഷേ കവിതകള്‍ വരുന്നത് എവിടെ വച്ചുമാവാമെന്നതിനാല്‍ കവിതകള്‍ കയ്യക്ഷരങ്ങളായിത്തന്നെ പിറക്കുന്നു. ഓണ്‍ലൈനില്‍ കവിതകളെ പറഞ്ഞയ്ക്കാറില്ല. നിരന്തരം എഴുതുന്നത് എക്കാലത്തും കുറവ്. അതുകൊണ്ട് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് മാത്രമേ കവിതകള്‍ നല്‍കാന്‍ കഴിയാറുള്ളൂ. ഓണ്‍ലൈന്‍ അക്ഷരങ്ങള്‍ വായിക്കാറുണ്ട്. അതിന്റേതായ ആനന്ദനിരാശകളുമുണ്ട്.

കവിത വിമര്‍ശിക്കപ്പെടുന്നു.

വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും അപ്പുറമോ ഇപ്പുറമോ ഉള്ള ഒരു ഇടത്തിലാണ് എന്റെ കവിതകള്‍ എന്ന് തോന്നുന്നു. ആ കവിതയെ വായിക്കുന്നവര്‍ നിശ്ശബ്ദമായി അനുഭവിക്കുന്നവരാകണം. അല്ലാത്തവര്‍ അതിഷ്ടമില്ലാതെ പിന്‍വാങ്ങുന്നവരും. സ്വന്തം കവിതയെ മുന്‍നിര്‍ത്തി കാവ്യസൗന്ദര്യശാസ്ത്രങ്ങളൊന്നും ഞാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വിഷവും അമൃതും ഇടചേര്‍ന്നതാണ് എന്റെ കവിതയെന്ന് തോന്നുന്നു.

എഴുതാന്‍ കൊതിക്കുന്ന കവിത

കെഎല്‍ 47, 5002 എന്നാണ് ആ കവിതയുടെ പേര്.  പേര് മാത്രമേ ആയുള്ളൂ. ഇതുവരെ എഴുതിയിട്ടില്ല. എഴുതാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. പാതിരാമഴകളിലും മിന്നല്‍പ്പെരുക്കങ്ങളിലും കൊടുംവേനലിലും അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ പലതരം തെരുവുകളിലൂടെ വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന അച്ഛനെക്കുറിച്ച്. ആ വണ്ടി വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്ന പലതരം ലോകങ്ങളെക്കുറിച്ച്. തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ആ വണ്ടിയില്‍ ചാഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ പാട്ടുവയ്ക്കാന്‍ പറഞ്ഞ് തുടയില്‍ താളം കൊട്ടി കേട്ടിരുന്ന പി.ഭാസ്കരന്‍മാഷിനെക്കുറിച്ച്. കണ്ണുകള്‍ തുറന്ന് ജാഗ്രതയോടെ മരിച്ച എംഎന്‍ വിജയന്‍മാഷ് പ്രസംഗവേദികളിലേക്ക് പോകുമ്പോള്‍ അതേ കാറിലിരുന്ന് ദോശചുടുന്നതിന്റെ റസീപി പറഞ്ഞുകൊടുത്തിരുന്നതിനെക്കുറിച്ച്. എഴുതാന്‍ ശ്രമിക്കുന്നു. സഡന്‍ബ്രേക്കോടെ വാക്കുകള്‍ തേഞ്ഞുരഞ്ഞ് നിന്നുപോകുന്നു. എപ്പോഴെങ്കിലും എഴുതിയേക്കും.

FACEBOOK COMMENT BOX