Monday, November 16, 2009

രചനാവിവേകത്തിന്റെ ലാവണ്യം


ഡോ. എം. തോമസ്‌ മാത്യു /
സന്ദീപ്‌ സലിം

പ്രകൃതി ധാരാളം പരിമിതികള്‍ കല്‍പിച്ചവതരിപ്പിച്ച ജൈവരൂപമാണ്‌ മനുഷ്യന്‍. പരിണാമത്തിന്റെ വഴിയില്‍ അച്ചടക്കത്തോടെ നടന്ന്‌ വംശനാശത്തില്‍ നിന്നും രക്ഷപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, വംശനാശ ത്തിനും പരിണാമത്തിനും ഒരുമിച്ചവന്‍ വിസമ്മതി ക്കുകയും ഒരു മൂന്നാം വഴിപിടിക്കാന്‍ തുനിയുകയും ചെയ്‌ത ഒരു മുഹൂര്‍ത്തം മനുഷ്യചരിത്രത്തിലുണ്ടായി. പ്രകൃതിയുടെ കൈപ്പിഴ എന്ന്‌ പ്രകൃതി ശാസ ്‌ത്രജ്ഞരും ദൈവത്തിന്റെ അലംഘ്യഹിതം എന്നു വിശ്വാസികളും ഒരുപോലെ വിസ്‌മയം കൊളളുന്ന ഹോമോസാപ്പിയന്‍ എന്ന മനുഷ്യജീവി മനുഷ്യനായി തീര്‍ന്നത്‌ ഈ മുഹൂര്‍ത്തത്തിലാണ്‌. എന്താണ്‌ ആ മുഹൂര്‍ത്തത്തിന്റെ പ്രത്യേകത? പ്രകൃതിയേല്‍പിച്ച പരിമിതികളെ ഇച്ഛാപൂര്‍വം ബുദ്ധിയുപയോഗിച്ച്‌ മറികടക്കാമെന്നും അതി നുവേണ്ടി പ്രകൃതിയുടെ വിഭങ്ങള്‍തന്നെയാണ്‌ തനിക്ക്‌ സഹായമാവുകയെന്നും മനുഷ്യന്‍ അറിഞ്ഞ നിമിഷമായിരുന്നു അത്‌.'' (`സാബത്ത്‌ ദൈവത്തിന്‌ വിശുദ്ധം' - പ്രഫ. എം. തോമസ്‌ മാത്യു.

സാഹിത്യത്തിന്റെ നാനാരൂപങ്ങളിലേക്കും കലകള്‍, ദര്‍ശനങ്ങള്‍, മതങ്ങള്‍, എന്നിവയി ലേക്കും മാത്രമല്ല , ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, പരിസ്ഥിതി ശാസ്‌ത്രം, ചരിത്രം, മനശാസ്‌ത്രം തുടങ്ങിയ വിജ്ഞാനത്തിന്റെ നാനാമേഖലകളിലേക്കും കടന്നു ചെന്നു സാമഗ്രികള്‍ കണ്ടെടുക്കുന്ന, അവയില്‍ നിന്നും സ്വന്തമായ കാഴ്‌ചപ്പാടുകള്‍ സൃഷ്‌ടിക്കുന്ന, എം. തോമസ്‌ മാത്യു എന്ന നിരൂപകന്‍ പ്രസംഗപീഠങ്ങളിലും ചര്‍ച്ചച്വേദികളിലും പത്രപംക്തികളില്‍ നിന്നും മിക്കവാറും അകന്ന്‌, ബഹളമയമായ മാര്‍ക്കറ്റിംഗിനു തയാറല്ലാത്ത പുസ്‌തകങ്ങളില്‍ ഒതുങ്ങിക്കൂടുന്നതു കൊണ്ടാവാം ഇത്തവണത്തെ വയലാര്‍ അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജേതാവിന്റെ പേര്‌ സാഹി ത്യാസ്വാദകരില്‍ത്തന്നെ പലര്‍ക്കും പരിചിതമായി തോന്നാതിരുന്നത്‌. `മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദ'മായി സ്വയം മനസിലാക്കുന്ന , എന്നാല്‍ പ്രവാചകവേഷമണിയാന്‍ ഒട്ടുമേ താത്‌പര്യപ്പെടാത്ത ഈ നിരൂപകനുമായി ഒരു കണ്ടുമുട്ടല്‍.
(തോമസ്‌ മാത്യുവിന്റെ പ്രധാനകൃതികള്‍: ദന്തഗോപുരത്തിലേക്ക്‌ വീണ്ടും, എന്റെ വാല്‌മീക മെവിടെ?,ആത്മാവിന്റെ മുറിവുകള്‍,സത്യം നിങ്ങളെ സ്വതന്ത്രരാക്കും,മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം,വയലാര്‍ അവാര്‍ഡ്‌ നേടിയ മാരാ ര്‍;ലാവണ്യാനുഭവത്തിന്റെ യുക്തിശില്‌പം.)

കുട്ടിക്കൃഷ്‌ണമാരാരുടെ വിമര്‍ശന സമ്പ്രദായത്തിന്‌ ഇന്ന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌?
തീര്‍ച്ചയായും ഈ കാലഘട്ടത്തിലും മാരാരുടെ വിമര്‍ശന രീതിക്ക്‌ പ്രസക്തിയുണ്ട്‌. മാരാരെപ്പോലെ ഒരു കൃതിയുടെ വളരെ സൂക്ഷ്‌മമായ വശങ്ങള്‍ പോലും കണ്ടെത്തിയിരുന്ന വിമര്‍ശകര്‍ വിരളമാണ്‌. പിന്നെ, ഒരു കൃതി നിരൂപിക്കുമ്പോള്‍ അതിലെ നന്മ കൂടുതല്‍ എടുത്തുപറയാന്‍ മാരാര്‍ ശ്രമിച്ചിരുന്നു. അത്‌ എഴുത്തുകാരനുവേണ്ടിയായിരുന്നില്ല. എഴുതുന്നത്‌ തനിക്കു വേണ്ടിയുമല്ല. മറിച്ച്‌ പൊതു സമൂഹത്തിനുവേണ്ടി. അതുകൊണ്ടാണ്‌ മഹാഭാരത്തിലെ കര്‍ണനും ഭാരതപര്യടനത്തിലെ കര്‍ണനും അല്‌പം വ്യത്യസ്ഥരാവുന്നത്‌. ഇന്നും അനുകരണീയരായ ശൈലി തന്നെയാണ്‌ മാരാരുടേത്‌.

മുണ്ടശേരിയുടെ നിരൂപണത്തിലെ സ്വാനീനിച്ച ഘടകം?
മുണ്ടശേരി മാഷിന്‌ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. മാരാരില്‍ നിന്നും വ്യത്യസ്‌തമായി മാഷ്‌ ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ കൃതികള്‍ക്ക്‌ വ്യാഖ്യാനം നല്‍കാന്‍ കൂടി ശ്രമിച്ചിരുന്നു. എന്നാല്‍ മാരാര്‍ അങ്ങനെ ആയിരുന്നില്ല. ഒന്നിന്റെയും ഭാഗമായിരിക്കാന്‍ മാരാര്‍ ഇഷ്‌ടപ്പെട്ടില്ല. എന്നാല്‍, പുരോഗമന ആശയങ്ങളോടു ചേര്‍ന്നു നില്‍ക്കാനുള്ള ഒരു ശ്രമം മുണ്ടശേരി മനഃപൂര്‍വം നടത്തിയിരുന്നതായി തോന്നിയിട്ടുണ്ട്‌. അതില്‍ കുറെ അദ്ദേഹം വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍, അദ്ദേഹത്തിന്റെ പലകൃതികളും പിന്നീടു വായിക്കുമ്പോള്‍ അന്ന്‌ കൊട്ടിഘോഷിക്കപ്പെട്ടത്ര പുരോഗമനപരമായിരുന്നോയെന്ന്‌ സംശയം തോന്നിയിട്ടുണ്ട്‌.
ഒരു കൃതിയെക്കുറിച്ച്‌ നല്ല ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ്‌ മുണ്ടശേരിയുടെ നിരൂപണം. വിമര്‍ശകനില്‍ അദ്ദേഹം പിന്തുടര്‍ന്നിരുന്ന പലരീതികളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ആ അഭിപ്രായ വ്യത്യാസങ്ങളെല്ലാം അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹത്തെ ഞാന്‍ അംഗീകരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ ഏതെങ്കിലും ശൈലി എന്നെ സ്വാധീനിച്ചതായി തോന്നിയിട്ടില്ല.

എംപി പോളിനെക്കുറിച്ച്‌?
ഏതു കൃതി നിരൂപണം ചെയ്‌താലും ആ കൃതിയെ പച്ചയായ മനുഷ്യജീവിതവുമായി ബന്ധിപ്പിക്കുന്നതില്‍ പോള്‍ പ്രകടിപ്പിച്ചിരുന്ന കഴിവ്‌ അത്‌ അപാരമാണ്‌. സാധാരണക്കാരന്റെ കാഴ്‌ചപ്പാടിലൂടെയാണ്‌ പോള്‍ കൃതികളെ വിമര്‍ശിച്ചിരുന്നത്‌. ബഷീര്‍ കൃതികളെ നിരൂപിച്ചതില്‍ നിന്നും നമുക്കത്‌ വളരെ എളുപ്പത്തില്‍ മനസിലാക്കാവുന്നതേയുള്ളൂ.

വി.രാജകൃഷ്‌ണന്‍, അഷാമേനോന്‍, നരേന്ദ്രപ്രസാദ്‌, വി.സി. ശ്രീജന്‍ തുടങ്ങിയ അങ്ങയുടെ സമകാലികരെക്കുറിച്ച്‌? ചിലര്‍ അങ്ങയുടെ ഇളമുറക്കാരുമാണ്‌.
ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ട്‌ പ്രസിദ്ധനാണ്‌ വി.രാജകൃഷ്‌ണന്‍. സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണ്‌ രാജകൃഷ്‌ണനുള്ളത്‌. ആഷാമേനോന്‍ പ്രകൃതിയോട്‌ പരമാവധി ചേര്‍ന്നു നിന്നുകൊണ്ട്‌ എഴുതുന്ന ആളാണ്‌. സാഹിത്യവിമര്‍ശനത്തില്‍ അദ്ദേഹത്തിന്റെ രീതികളോടു എനിക്ക്‌ യോജിപ്പില്ല. സാഹിത്യവിമര്‍ശനം യുക്തിഭദ്രമായിരിക്കണമെന്ന്‌ നിര്‍ബന്ധമില്ല എന്നു ചിന്തിക്കുന്നയാളാണ്‌ അഷാമേനോന്‍. എന്നാല്‍ അതിനോട്‌ ഞാന്‍ യോജിക്കുന്നില്ല. വിമര്‍ശനം യുക്തിഭദ്രമായിരിക്കുക തന്നെവേണം.
നരേന്ദ്രപ്രസാദ്‌, അദ്ദേഹം സത്യത്തില്‍ ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. എന്നാല്‍, അദ്ദേഹം തെരഞ്ഞെടുത്ത അഭിനേതാവിന്റെ വഴി ശരിയായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. കാരണം, അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ചതായിരുന്നു. പക്ഷേ, ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടിരുന്ന സിനിമ ഓവറോള്‍ നിലവാരമില്ലാത്തവയായിരുന്നു. എഴുത്തായിരുന്നു അദ്ദേഹത്തിന്‌ പറ്റിയവഴിയെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
കെ.പി. അപ്പന്‍ ഒരു സാഹിത്യവിമര്‍ശകന്‍ എന്നതിനുമപ്പുറം ദാര്‍ശനികന്‍ കൂടിയായിരുന്നെന്നു പറഞ്ഞാലും ആരും നിഷേധിക്കില്ല. ഒരു കൃതി വിമര്‍ശന വിധേയമാക്കുമ്പോള്‍ സാധാരണ വിമര്‍ശകന്റെ അല്ലെങ്കില്‍ നിരൂപകന്റെ കാഴ്‌ചപ്പാടിനാണ്‌ പ്രാധാന്യം ലഭിക്കുക. പലപ്പോഴും എഴുത്തുകാരനുമായുള്ള വിയോജിപ്പിനാണ്‌ വിമര്‍ശനത്തില്‍ പ്രാധാന്യം ലഭിക്കുക. അവിടെയാണ്‌ അപ്പന്‍ വ്യത്യസ്ഥനാവുന്നത്‌. എഴുത്തുകാരന്റെയും വിമര്‍ശകന്റെയും ദര്‍ശനങ്ങള്‍ ഒന്നായി മാറുന്ന ഒരു മാന്ത്രികത അപ്പന്റെ എഴുത്തില്‍ നമുക്ക്‌ ദര്‍ശിക്കാനാവും.
വി.സി. ശ്രീജന്‍, മാര്‍ക്‌സിയന്‍ വിമര്‍ശന രീതി പിന്തുടരുന്ന എഴുത്തുകാരില്‍ ഒരാളാണ്‌. നമുക്ക്‌ രാജീവനെയും ശ്രീജനൊപ്പം നിര്‍ത്താം. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്‌ത്രത്തെയും വിമര്‍ശന രീതിയേയും തന്റെ രചനകളില്‍ കൂടിച്ചേര്‍ക്കുന്നിടത്താണ്‌ ശ്രീജന്‍ മിടുക്കനാവുന്നത്‌.
ഇവിടെ പറഞ്ഞതു കൂടാതെ എം.ഗോവിന്ദന്‍, പി.ജെ. തോമസ്‌, സുകുമാര്‍ അഴീക്കോട്‌ അങ്ങനെ നിരവധിപ്പേര്‍. ഇതില്‍ സി.ജെ. നാടകകൃത്തെന്ന നിലയിലും അഴീക്കോട്‌ പ്രഭാഷകനെന്ന നിലയിലും തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്‌. അതോടൊപ്പം നല്ല സാഹിത്യവിമര്‍ശകരുമാണ്‌. സി.ജെയുടെ ഭാഷ വളരെ ചടുലമാണ്‌. ഇത്രമാത്രം ഷാര്‍പ്പ്‌ ആയ ഭാഷയില്‍ എഴുതിയിരുന്നവര്‍ വിരളമാണ്‌. ശങ്കരകുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെ സാഹിത്യവിമര്‍ശനത്തിലേക്ക്‌ വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനാണ്‌ അഴീക്കോട്‌. കൃതി മികച്ചതാണെന്ന്‌ അഭിപ്രായമില്ല.

ഖണ്‌ഡനമല്ലേ മണ്‌ഡനത്തേക്കാള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ചാവിഷയമാവുന്നതും?
എനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം, സാഹിത്യം ഒരനുഭവമാണ്‌. വായനയും ഒരനുഭവമാണ്‌. എഴുത്തും. എഴുത്തിലായാലും വായനയിലായാലും അവ നല്‍കുന്ന അനുഭൂതി അതാണ്‌ പ്രധാനം. അതിനനുസരിച്ചാണ്‌ വായിക്കാന്‍ പുസ്‌തകം തെരഞ്ഞെടുക്കുന്നതും എഴുതാന്‍ വിഷയവും രീതിയും തെരഞ്ഞെടുക്കുന്നതും.
വിമര്‍ശകനെ സംബന്ധിച്ചിടത്തോളം കൃതിയുടെ നന്മതിന്മകളെക്കാള്‍ (എഴുത്തുകാരന്റെയും) അതിന്റെ ആസ്വാദ്യതയാണ്‌ വിഷയമാക്കുന്നത്‌. അത്‌ എന്നെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാണ്‌ എഴുത്ത്‌.

നിരൂപകന്റെ ജീവിത വീക്ഷണം രചനയെ സ്വാധീനിക്കാറുണ്ടോ?
പിന്നെ, തീര്‍ച്ചയായും ഒരു വിമര്‍ശകന്‍ തന്റെ രചനയിലൂടെ ശ്രമിക്കുന്നത്‌ അതാണല്ലോ. വിമര്‍ശനം ചെയ്യുന്ന കൃതിയുടെ കര്‍ത്താവിന്റെ ദര്‍ശനത്തോടൊപ്പം തന്റെ ദര്‍ശനവും കൂടിച്ചേരാറുണ്ട്‌ ഞാന്‍ നേരത്തെ ഇക്കാര്യം പറഞ്ഞല്ലോ! തന്റെ ജീവിത ദര്‍ശനവുമായി ചേരുന്ന തരത്തിലല്ല കൃതിയെങ്കില്‍ പ്രത്യേക സാഹചര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന്‌ ഈ രീതിയില്‍ എഴുതാമായിരുന്നു എന്നു പറഞ്ഞെങ്കിലും വിമര്‍ശകന്‍ തന്റെ വീക്ഷണം വരുത്താന്‍ ശ്രമിക്കുമെന്നുറപ്പ്‌.

വിമര്‍ശനങ്ങള്‍ തങ്ങള്‍ക്ക്‌ ഒരുതരത്തിലും ഗുണം ചെയ്യാറില്ലെന്ന്‌ പ്രമുഖ എഴുത്തുകാര്‍ പറഞ്ഞിട്ടുണ്ടല്ലോ? കാക്കനാടന്‍ പറഞ്ഞത്‌ ഒരു പുസ്‌തക നിരൂപണവും താന്‍ വായിക്കാറില്ലെന്നാണ്‌. എന്തു പറയുന്നു?
ഒരു പരിധിവരെ ശരിയായിരിക്കാം. ഒരിക്കലും ഒരു എഴുത്തുകാരനെയും പ്രമോട്ട്‌ ചെയ്യുവാന്‍ വേണ്ടി നിരൂപകന്‍മാര്‍ എഴുതാറില്ല. എന്റെ അഭിപ്രായത്തോട്‌ മിക്ക നിരൂപകരും യോജിക്കുമെന്ന്‌ കരുതുന്നു. ഇനി മറിച്ചാണെങ്കില്‍ മാരാര്‍ ഭാരതപര്യടനം എഴുതിയത്‌ വേദവ്യാസനെ പ്രമോട്ട്‌ ചെയ്യാന്‍ വേണ്ടിയാണോ? പിന്നെ, കാക്കനാടന്‍ പറഞ്ഞത്‌, അത്‌ തികച്ചും വ്യക്തിപരമായ പ്രതികരണമാണ്‌.

ഇന്ന്‌ മലയാള സാഹിത്യത്തില്‍ സാഹിത്യവിമര്‍ശനം ഒരു `എടുക്കാചരക്കാ'ണെന്ന്‌ പറഞ്ഞാല്‍?
ഏയ്‌ അങ്ങനെയല്ല. എന്റെ കൃതികളെ മുന്‍നിര്‍ത്തിത്തന്നെ അക്കാര്യം എനിക്ക്‌ നിഷേധിക്കാനാവും. എന്റെ പുസ്‌തകങ്ങളൊന്നും തന്നെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. എല്ലാം വിറ്റു തീര്‍ത്തെന്നാണ്‌ അറിവ്‌. `മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്‌ദം' എന്ന പുസ്‌തകം ഡിസിയാണ്‌ പുറത്തിറക്കിയത്‌. അപ്പോള്‍ സാഹിത്യ വിമര്‍ശനത്തിന്‌ വായനക്കാരില്ല എന്ന്‌ പറയാന്‍ കഴിയില്ലല്ലോ? പക്ഷേ, വായനക്കാര്‍ കുറഞ്ഞിട്ടുണ്ട്‌. അത്‌ എല്ലായിടത്തും സംഭവിക്കുന്നതാണല്ലോ! ഇപ്പോഴും സീരിയസ്‌ ആയി സാഹിത്യവിമര്‍ശനം വായിക്കുന്നവര്‍ നിരവധിയുണ്ട്‌.

ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ്‌ എഴുത്തിനെ ബാധിച്ചിട്ടുണ്ടോ? ഒരു ഇന്റര്‍വ്യൂവില്‍ യേശുദാസ്‌ പറഞ്ഞത്‌ പാട്ട്‌ ഇന്ന്‌ ആളുകള്‍ കേള്‍ക്കുകയല്ല, കാണുകയാണ്‌. അതുകൊണ്ട്‌, പാട്ടുകേള്‍ക്കുമ്പോള്‍ പണ്ട്‌ ആളുകള്‍ അത്‌ ഭാവനയില്‍ കാണുമായിരുന്നു. ചാനലുകള്‍ പെരുകിയതോടെ ഭാവനയ്‌ക്ക്‌ അതിര്‍വരമ്പുകള്‍ വന്നു എന്നാണ്‌.
അതെ, അതുശരിയാണ്‌. സാഹിത്യത്തിലും അതിര്‍വരമ്പുകള്‍ വന്നിട്ടുണ്ടെന്ന്‌ തോന്നുന്നു. ഇന്നു നല്ല കഥകളോ നാടകങ്ങളോ ഒന്നും കാണാറില്ല. ഉണ്ടാവുന്നില്ലെന്നല്ല ഇന്ന്‌ ഏറ്റവുമധികം എഴുത്തുകളും നടക്കുന്നത്‌ `ഓര്‍മക്കുറിപ്പുകള്‍' ആയിട്ടാണ്‌. കഴിഞ്ഞ ഓണത്തിന്‌ പുറത്തിറങ്ങിയ മലയാളത്തിലെ വളരെ പ്രശസ്‌തമായ ആഴ്‌ചപ്പതിപ്പ്‌ പേജുകള്‍ നിറച്ചത്‌ ഓര്‍മക്കുറിപ്പുകള്‍ കൊണ്ടാണ്‌. എന്തായാലും എല്ലാക്കാര്യത്തിലും ഒരു ദൃശ്യാവബോധം വളര്‍ത്താന്‍ ചാനലുകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാം.

സാഹിത്യ വിമര്‍ശനത്തിലൂടെ അങ്ങ്‌ സമ്പാദിച്ചത്‌ കൂടുതലും സുഹൃത്തുക്കളെയാണോ, ശത്രുക്കളെയാണോ?
അങ്ങനെയൊന്നുമില്ല. ശത്രുക്കളാരുമില്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇനി അങ്ങനെ ആര്‍ക്കെങ്കിലും എന്നോട്‌ ശത്രുതവച്ചു പുലര്‍ത്തണമെങ്കില്‍ ആവാം. എന്തായാലും സുഹൃത്തുക്കളാണ്‌ എനിക്കുള്ളത്‌. പിന്നെ, ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.
ഏതു കൃതി വിമര്‍ശിക്കുമ്പോഴും അതൊരിക്കലും വ്യക്തിപരമായ വിമര്‍ശനമാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. വിമര്‍ശനം എനിക്ക്‌ ധാരാളം സുഹൃത്തുക്കളെ നേടിത്തന്നിട്ടുണ്ട്‌. പെരുമ്പടവം ശ്രീധരന്‍ അത്തരത്തില്‍ ഒരാളാണ്‌. ഇത്‌ പ്രത്യേകം പറയാന്‍ കാരണം പെരുമ്പടവത്തിന്റെ ഒരു നോവലിനെക്കുറിച്ച്‌ ഒരു നിരൂപണം ഞാന്‍ മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിലോ മറ്റോ പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന്‌ എനിക്ക്‌ പെരുമ്പടവത്തിനെ പരിചയമില്ല. എന്റെ നിരൂപണം പ്രസിദ്ധീകൃതമായതിനു ശേഷമാണ്‌ പെരുമ്പടവത്തെ വ്യക്തിപരമായി അറിയുന്നത്‌. ആ ബന്ധം ഇന്നും ദൃഢമായി നിലനില്‍ക്കുന്നു. അങ്ങനെ നിരവധി സുഹൃത്തുക്കളുണ്ട്‌

അങ്ങയുടെ രാഷ്‌ട്രീയം?
ഞാനൊരു റാഡിക്കല്‍ ഹ്യുമനിസ്റ്റാണ്‌.

അല്‌പം കൂടി വിശദീകരിക്കാമോ? ഇതാണ്‌ എന്റെ രാഷ്‌ട്രീയം എന്ന്‌ പറയാന്‍ തയാറാവാത്തവര്‍ പറയുന്ന ഒരു ഉത്തരമല്ലേ അത്‌!
അല്ല, അങ്ങനെ പറയുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഞാനങ്ങനെയല്ല പറഞ്ഞത്‌. രാഷ്‌ട്രീയം നല്ലതാണ്‌. രണ്ടു പ്രത്യശ ശാസ്‌ത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടണം. അവയില്‍ കരുത്തുള്ളത്‌ നിലനില്‌ക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരുത്തരം പറയാന്‍ എനിക്കില്ല. ധര്‍മപുത്രരും ദുര്യോധനനും തമ്മില്‍ യുദ്ധമാവാം. എന്നാല്‍ യുദ്ധം ദുര്യോധനനും ദുശാസനനും തമ്മിലായാലോ? അതാണ്‌ കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയം.

വലതുപക്ഷ സാഹിത്യക്കാരന്‍ എന്ന വിേഷണം അങ്ങേയ്‌ക്കു ചേരുമോ? യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ അങ്ങ്‌ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറാവുന്നത്‌. അതുകൊണ്ടാണീ ചോദ്യം?
ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഒരു പക്ഷത്തേക്കും ചായാന്‍ എനിക്ക്‌ താത്‌പര്യമില്ലെന്ന്‌. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ സ്ഥാനത്ത്‌ പത്തുമാസമേ ഞാനിരുന്നുള്ളൂ. എ.കെ.ആന്റണി ആവശ്യപ്പെട്ടതിനാലാണ്‌ ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ സ്ഥാനം ഏറ്റെടുക്കുന്നത്‌. ആന്റണി എന്റെ ക്ലാസ്‌മേറ്റാണ്‌. ആ ബന്ധമാണ്‌ ഡയറക്‌ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ആന്റണി ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ആ പദവി ഞാന്‍ സ്വീകരിക്കുമായിരുന്നില്ല. പിന്നെ, കാര്‍ത്തികേയനും വളരെ നിര്‍ബന്ധിച്ചു.

ാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അങ്ങ്‌ രാജിവയ്‌ക്കുകയായിരുന്നല്ലോ? അതിന്റെ കാരണം?
അസഹ്യമായ ഇന്നര്‍ പൊളിറ്റിക്‌സ്‌ നമുക്ക്‌ ഒരു തരത്തിലും ചേര്‍ന്നു പോകാനാവാത്ത സാഹചര്യമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. വ്യക്തിബന്ധങ്ങളില്‍ പോലും രാഷ്‌ട്രീയം കടന്നുവരുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ ഔദ്യോഗിക ജോലിയെ വല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. മുതിര്‍ന്ന ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പു സമ്മേളനത്തില്‍ പോലും രാഷ്‌ട്രീയത്തിന്റെ പേരു പറഞ്ഞ്‌ പലരും പങ്കെടുക്കാതിരിക്കുന്നത്‌ കണ്ടപ്പോള്‍ ജോലി മതിയാക്കുന്നതാണ്‌ ഉചിതം എന്ന്‌. അങ്ങനെയാണ്‌ ഞാന്‍ രാജിവെയ്‌ക്കുന്നത്‌.

സാഹിത്യത്തില്‍ ഇഷ്‌ടപ്പെട്ട മേഖല?
ഒരുപക്ഷേ ഞാന്‍ നിരൂപണം ചെയ്‌തിട്ടുള്ളത്‌ കൂടുതലും കഥകളും കവിതകളും ആയിരിക്കാം. എങ്കിലും വായിക്കാന്‍ കൂടുതലും ഇഷ്‌ടം നാടകങ്ങളാണ്‌. ശ്രീകണ്‌ഠന്‍ നായരുടെ നാടകങ്ങളെക്കുറിച്ചൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്‌. കഥകളേക്കാളും കവിതകളേക്കാളും നാടകം കൂടുതല്‍ ജീവിതഗന്ധിയാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. നാടകങ്ങളില്‍ തന്നെ ട്രാജഡിയോടാണ്‌ അടുപ്പം. പ്രത്യേകിച്ച്‌ സോഥോക്ലീസിന്റെ നാടകങ്ങളോട്‌.

സാഹിത്യ വിമര്‍ശനത്തില്‍ പുതിയ തലമുറയ്‌ക്ക്‌ വലിയ താത്‌പര്യമില്ലെന്ന്‌ തോന്നിയിട്ടുണ്ടോ?
അത്‌ വായനയുടെ കാര്യത്തില്‍ ഓവര്‍ ഓള്‍ സംഭിവിച്ചിരിക്കുന്ന കുറവിന്റെ ഭാഗമായി സംഭവിച്ചതാണ്‌. പിന്നെ, ഇന്നത്തെ ലോകത്തിന്‌ വേഗത കൂടുതലാണ്‌. അപ്പോള്‍ വായനയ്‌ക്കുവേണ്ടി നീക്കിവയ്‌ക്കുന്ന സമയത്തിലും കുറവുണ്ടായി. ആ കുറവ്‌ ഒരുപക്ഷേ, കൂടുതല്‍ ബാധിച്ചിട്ടുള്ളത്‌ സാഹിത്യവിമര്‍ശനത്തെയാവാം. പിന്നെ, നല്ല നിരൂപണം ആരെഴുതിയാലും അത്‌ വായിക്കപ്പെടും. തീര്‍ച്ച.

വയാലാര്‍ അവാര്‍ഡ്‌ പോലെ മാലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി തേടിയെത്തിയപ്പോള്‍ എന്തു തോന്നി?
ഓ. എന്തു തോന്നാന്‍. സന്തോഷം തോന്നി.

അവാര്‍ഡുകള്‍ എഴുത്തിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ടോ?
അങ്ങനെ തോന്നിയിട്ടില്ല. ഡിഗ്രിക്ക്‌ പഠിച്ച്‌ തുടങ്ങിയ കാലത്ത്‌ എഴുത്തിലേക്ക്‌ വന്നയാളാണ്‌ ഞാന്‍ അക്കാലത്തെങ്ങാനും കിട്ടിയിരുന്നെങ്കില്‍ എഴുത്തിനെ നന്നാക്കിയേനെ. ഇനി നമുക്ക്‌ കൂടുതല്‍ നന്നാക്കാനാവും എന്നു തോന്നുന്നില്ല. എങ്കിലും ഇപ്പോഴും എഴുതുമ്പോള്‍ പഴയ ആവേശത്തിന്‌ ഒരു കുറവും വന്നിട്ടില്ല. ആ പിന്നെ. അറിയില്ല. എഴുത്ത്‌ നന്നാവുന്നുണ്ടോയെന്ന്‌. എന്തായാലും അവാര്‍ഡു കിട്ടിയതുകൊണ്ട്‌ എഴുത്ത്‌ കൂടുതല്‍ നന്നാവില്ല. നല്ലതെഴുതിയാല്‍ നന്നാവും. അത്‌ കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

സാഹിത്യത്തിന്‌ പുറത്ത്‌ സാറിന്റെ ഇഷ്‌ടങ്ങള്‍?
സംഗീതം. ആധുനികം എന്നു പറയുന്ന ഏതാണു ചില പാട്ടുകളൊഴിച്ച്‌ എല്ലാത്തരം പാട്ടുകളും കേള്‍ക്കാനിഷ്‌ടമാണ്‌. ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്‌ സംഗീതവും കേള്‍ക്കും.

സുഹൃത്തുക്കള്‍ അങ്ങയെക്കുറിച്ച്‌ പറയുന്നത്‌ `ഞങ്ങളുടെ ഇടയിലെ ബുദ്ധിജീവിയെന്നും സഞ്ചരിക്കുന്ന റഫറന്‍സ്‌, പാണ്‌ഡിത്യത്തിന്റെ ഗര്‍വില്ലാത്തന്‍ എന്നൊകെയാണല്ലോ? ഒരു ബുദ്ധി ജീവിയുടെ ജാഡകള്‍ ഉണ്ടായിരുന്നോ?
ഓ. ഒരിക്കലും ഇല്ലായിരുന്നു. എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ക്ക്‌ എന്റെ നിലപാടുകളോട്‌ വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ഞാന്‍ നല്‌കിയിരുന്നു. അപ്പോള്‍ പിന്നെ ബുദ്ധിജീവി എന്ന പ്രയോഗം എനിക്ക്‌ ചേരില്ലല്ലേ! പിന്നെ, ഞാന്‍ ഒരിക്കലും ഒന്നിന്റെ അവസാനവാക്കല്ലല്ലോ അതുകൊണ്ട്‌ റഫറന്‍സ്‌ എന്ന പ്രയോഗവും ചേരില്ല. എന്തായാലും സുഹൃത്തുക്കള്‍ ഇത്തരത്തില്‍ കാണുന്നതില്‍ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌.

ഫോട്ടോ ഐ.ജെ യേശുദാസ്‌

Tuesday, October 6, 2009

എഴുത്തിന്റെ ഉഷ്‌ണമേഖലകളില്‍......







എഴുത്തിന്റെ അമ്പതാം വാര്‍ഷികത്തിലേക്ക്‌ കടക്കുന്ന കാക്കനാടനുമായി സംസാരിച്ചതില്‍ നിന്ന്‌.
കാക്കനാടന്‍ /സന്ദീപ്‌ സലിം

എഴുത്തിന്റെ ധര്‍മം?
എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്‌ ഒരന്വേഷണമാണ്‌. നമ്മള്‍ ഭൂമിയില്‍ ജനിച്ചു. നമ്മുടെ ജന്മത്തിന്റെ ലക്ഷ്യം? എന്താണ്‌ ഓരോ ദിവസവും ചെയ്യേണ്ടത്‌? അങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടിയുള്ള യാത്രയാണ്‌ എനിക്ക്‌ എഴുത്ത്‌. പിന്നെ, ജീവിതം മരണത്തില്‍ അവസാനിക്കും എന്ന്‌ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ നാം കൊണ്ടുനടന്നിട്ടുള്ള മൂല്യങ്ങളും സാന്മാര്‍ഗിക ചിന്തകളും അര്‍ഥ ശൂന്യമാണെന്ന്‌ നാം തിരിച്ചറിയും. അത്‌ നമ്മെ അരാജകത്വത്തിലേക്ക്‌ നയിക്കും. അത്‌ ഉണ്ടാകാതിരിക്കാനാണ്‌ എന്റെ ജീവിതത്തിന്റെ ലക്ഷ്യം ഞാന്‍ എഴുത്തിലൂടെ തേടുന്നത്‌. ചിലപ്പോള്‍ ഉത്തരം കിട്ടാതെ ഈ യാത്ര മരണത്തില്‍ അവസാനിച്ചേക്കാം. അതിനിടയില്‍ വാരിക്കൂട്ടിയ ചില ചിന്തകളില്‍ നിന്നുമാണ്‌ എന്റെ കഥകള്‍ ജനിച്ചിട്ടുള്ളത്‌.

ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട രചനയെക്കുറിച്ച്‌?

ഞാന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത്‌ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളും സഹോദരങ്ങളും മാത്രമേ അത്‌ വായിച്ചിരുന്നുള്ളൂ. അക്കാലത്ത്‌ അച്ഛന്റെ സുഹൃത്തായിരുന്ന ഒരാള്‍, അയാളുടെ പേര്‌ എന്റെ മനസിലുണ്ട്‌. പക്ഷേ, ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അദ്ദേഹം നടത്തിയിരുന്ന ജ്വാല എന്ന മാസികയിലേക്ക്‌ എന്തെങ്കിലും എഴുതണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്റെ അടുക്കല്‍ വരിയുണ്ടായി. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി `രാഷ്‌ട്രീയത്തിന്റെ രസതന്ത്രം' എന്ന പേരില്‍ ഒരു ലേഖനം എഴുതി നല്‍കുകയുണ്ടായി. എന്റെ വിഷയം കെമിസ്‌ട്രിയായിരുന്നതുകൊണ്ടായിരിക്കാം അങ്ങനൊരു ലേഖനം. അതാണ്‌ എന്റെ അച്ചടി മഷിപുരണ്ട ആദ്യ കൃതിയെന്നാണ്‌ എന്റെ ഓര്‍മ. രാഷ്‌ട്രീയ വിശകലനമായിരുന്നു. ആശയം എന്താണെന്ന്‌ ഓര്‍ക്കുന്നില്ല.

എഴുത്തിലേക്കുള്ള വരവ്‌?

എഴുതാന്‍ പ്രചോദനമായിട്ടുള്ള നിരവധി കാര്യങ്ങളുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയാണ്‌. എന്റെ കുടുംബത്തിന്‌ വ്യക്തമായ കമ്യൂണിസ്റ്റ്‌ അനുഭാവമുണ്ട്‌. കലകളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുള്ള പ്രത്യയ ശാസ്‌ത്രങ്ങളില്‍ ഒന്നാണ്‌ കമ്യൂണിസം. പികെവി ഉള്‍പ്പെടെ നിരവധി കമ്യൂണിസ്റ്റുകള്‍ക്ക്‌ ഒളിവില്‍ പാര്‍ക്കാന്‍ സഹായം ചെയ്‌തു കൊടുത്തിട്ടുള്ള ആളാണ്‌ എന്റെ അച്ഛന്‍. അതുകൊണ്ടുതന്നെ അച്ഛന്‍ എന്നും എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്‌. എന്റെ സഹോദരങ്ങളും. എന്റെ സഹോദരന്‍ രാജന്‍ കാക്കനാടനും ഒരു കലാകാരനായിരുന്നു. അരവിന്ദന്റെ എസ്‌തപ്പാനില്‍ എസ്‌തപ്പാനായി അഭിനയിച്ചതും രാജനാണ്‌.വായനയാണ്‌ എന്റെ എഴുത്തിനെ പ്രചോദിപ്പിച്ചിട്ടുള്ള മറ്റൊരു പ്രധാന കാര്യം. നല്ല കഥകളും കവിതകളും വായിക്കുവാന്‍ എനിക്ക്‌ എന്തുകൊണ്ട്‌ അങ്ങനെയൊന്ന്‌ എഴുതിക്കൂടാ എന്നു ചിന്തിച്ചിട്ടുണ്ട്‌. മറ്റൊരു പ്രചോദനം സുഹൃത്തുക്കളാണ്‌. എഴുതുന്നത്‌ പൊട്ടക്കഥയായാലും നീ എഴുതിയല്ലോ എന്നു പറഞ്ഞ്‌ പ്രോത്സാഹിപ്പിച്ച്‌ നിരവധി സുഹൃത്തുക്കള്‍.

കഥാകാരന്‍ എന്ന നിലയിലുള്ള വളര്‍ച്ച?

എന്റെ വളര്‍ച്ചയില്‍ നിരവധിയാളുകള്‍ക്ക്‌ പങ്കുണ്ട്‌. ഞാന്‍ വലിയ എഴുത്തുകാരനായി എന്ന്‌ തോന്നിയിട്ടുമില്ല. കിട്ടിയ അവാര്‍ഡുകളുടെ കനം നോക്കിയോ വിറ്റുപോയ പുസ്‌തകങ്ങളുടെ എണ്ണമോ അല്ല, എഴുത്തുകാരനെ മഹാനാക്കുന്നത്‌. എത്രത്തോളം വായിക്കപ്പെട്ടു എന്നതാണ്‌.ഞാനാദ്യം എഴുതിയിരുന്നത്‌ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന പേരിലാണ്‌. കൗമുദി ബാലകൃഷ്‌ണനും നാടകകൃത്ത്‌ സി.എന്‍. ശ്രീകണ്‌ഠന്‍ നായരും ചേര്‍ന്ന്‌ നടത്തിയിരുന്ന `കഥാമാലിക' യിലാണ്‌ എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ചു വരുന്നത്‌. പിന്നീട്‌ കഥാമാലികയില്‍ തന്നെ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന പേരില്‍ നിരവധി കഥകള്‍ വന്നു. അക്കാലത്ത്‌ കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു എന്ന മാസികയിലും കഥകള്‍ എഴുതിയിരുന്നു. ശ്രീകണ്‌ഠന്‍ നായര്‍ `കഥാമാലിക'യില്‍ നിന്നും പിരിഞ്ഞ്‌ ദേശബന്ധുവില്‍ ചേരുകയുണ്ടായി.പിന്നീട്‌ അക്കാലത്ത്‌ പ്രസിദ്ധീകരിച്ചിരുന്ന ജനയുഗം വാരികയുടെ പത്രാധിപരായിരുന്ന കാമ്പിശേറി കരുണാകരന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന ഞാന്‍ ഏതാനും കഥകള്‍ ജനയുഗത്തിലും എഴുതുകയുണ്ടായി. ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച കഥയിലാണ്‌ `കാക്കനാടന്‍' എന്ന പേര്‌ ഞാനാദ്യമായി ഉപയോഗിച്ചത്‌. കഥാമാലികയിലും ദേശബന്ധുവിലും ജനയുഗത്തിലും കഥകള്‍ പ്രസിദ്ധീകരിച്ചപ്പെട്ടതോടെ ഞാന്‍ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങി.

അവാര്‍ഡുകളും അംഗീകാരങ്ങളും കിട്ടണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ടോ? അവ എഴുത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ?

ഒരിക്കലും ഇല്ല. ഭംഗിവാക്കല്ല. അവാര്‍ഡ്‌ കിട്ടിയാലും ഇല്ലെങ്കിലും ഞാനിങ്ങനെയേ എഴുതുക. അവാര്‍ഡ്‌ കിട്ടുമ്പോള്‍ രണ്ടോ മൂന്നോ മണിക്കൂറു നേരത്തെ ഒരു സന്തോഷം അതിനപ്പുറം ഒരവാര്‍ഡും എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടില്ല.

രചനയുമായി ബന്ധപ്പെട്ടുണ്ടായ തിരിച്ചടികള്‍?

തിരിച്ചടികള്‍ ഒന്നും ഉണ്ടായിട്ടില്ല. കാരണം പ്രത്യേകിച്ച്‌ വലിയ ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്ന ആളല്ല ഞാന്‍. എഴുത്തുകാരനാകണം എന്നാഗ്രഹിച്ചിരുന്നു. അതിനപ്പുറം പണം, പ്രശസ്‌തി ഇവയൊന്നും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വലിയ തിരിച്ചടികളും നേരിട്ടിട്ടില്ല. പിന്നെ, ഞാന്‍ പ്രസിദ്ധീകരണത്തിന്‌ ഒരു കഥ അയച്ചിട്ട്‌ അത്‌ പ്രസിദ്ധീകരിക്കാതെ വന്നിട്ടുള്ളത്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മാത്രമാണ്‌. അതില്‍ അല്‌പം നിരാശ തോന്നിയിരുന്നു. അതില്‍ രസകരമായ കാര്യം പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച കഥയുടെ പേരും `നിരാശ' എന്നു തന്നെയാണ്‌. പിന്നീട്‌ കുറെയേറെക്കാലം മാതൃഭൂമിയിലേക്ക്‌ കൃതികള്‍ അയക്കാതിരുന്നു. പിന്നീട്‌ അവര്‍ തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ മാതൃഭൂമിയില്‍ എഴുതിത്തുടങ്ങിയത്‌.

അങ്ങയുടെ കൃതികള്‍ നിരൂപകരും വിമര്‍ശകരും വിലയിരുത്തിയതിനോടുളള പ്രതികരണം?

വളരെ അപൂര്‍വം നിരൂപകര്‍ക്കു മാത്രമേ കൃതികളുടെ അന്തസത്ത മാനസിലാക്കാന്‍ കഴിഞ്ഞിട്ടൂളളൂ. ബാക്കിയൊക്കെ എഴുതാന്‍ വേണ്ടി എഴുതപ്പെട്ടതാണ്‌. അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ? പിന്നെ നിരൂപണം മോശമായിപ്പോയി അല്ലെങ്കില്‍ വിമര്‍ശനം രൂക്ഷമായിപ്പോയി എന്നു പറഞ്ഞ്‌ ആരേയും കുറ്റം പറയാന്‍ ഞാന്‍ തയാറല്ല. അവരുടെ കഴിവില്ലായ്‌മ. അത്രേയുളളൂ. നിരവധിപ്പേര്‍ വിമര്‍ശിച്ചിട്ടുണ്ട്‌. എം. കൃഷ്‌ണന്‍ നായര്‍ എന്റെ ‘സാക്ഷി‘ മോശം നോവലുകളിലൊന്നാണെന്ന്‌ ഒരിക്കലെഴുതി. പിന്നീട്‌ എന്റെ നോവലുകളെ പ്രശംസിച്ചും എഴുതി രണ്ടെഴുത്തും എന്നില്‍ വലിയ പ്രതികരണം സൃഷ്‌ടിച്ചില്ല. എന്റെ കഥകള്‍ ഞാന്‍ ആഗ്രഹിച്ചതു പോലെ നിരൂപണം ചെയ്‌ത നിരൂപകര്‍ വിരളം. കെ പി അപ്പന്‍ അതില്‍ വ്യത്യസ്ഥനാവുന്നു. പിന്നെ, എന്റെ ഇളയ സഹോദരന്‍ രാജന്‍ കാക്കനാടന്റെ ചില വിലയിരുത്തലുകള്‍. നമുക്ക്‌ തോന്നുന്ന കാര്യങ്ങള്‍ എഴുതുക. മറ്റുള്ളവര്‍ അത്‌ വായിക്കണം എന്നാഗ്രഹിച്ചിരുന്നതിനപ്പുറം മറ്റുള്ളവരെക്കൊണ്ട്‌ അംഗീകരിപ്പിക്കണം എന്നാഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരൂപകരോ വിമര്‍ശകരോ എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.എന്റെ അജ്ഞതയുടെ താഴ്‌ വരയെന്ന നോവലിനെ `മതാത്മക നോവലെന്ന്‌' വിലയിരുത്തിയത്‌ എന്നെ വളരെ അദ്‌ഭുതപ്പെടുത്തിയിരുന്നു.

സ്വാധീനിച്ചിട്ടുള്ള വിദേശ എഴുത്തുകാര്‍?

അതു നിരവധിയാളുകള്‍. പെട്ടെന്ന്‌ പറയാന്‍ പറഞ്ഞാല്‍ മനസിലേക്ക്‌ വരുന്നത്‌ റഷ്യന്‍ നേവലിസ്റ്റ്‌ ദസ്‌തയോവിസ്‌കി. അദ്ദേഹത്തിന്റെ കുറ്റവും ശിക്ഷയേക്കാളും എന്നെ സ്വാധീനിച്ചിട്ടുള്ളത്‌ ബ്രദേഴ്‌സ്‌ കരമസോവാണ്‌. പിന്നെ ബാല്‍സാക്കി. ഷേക്‌സ്‌പിയര്‍ അങ്ങനെ നിരവധി പേര്‍.ഞാന്‍ പഠിച്ചത്‌ എസ്‌.എന്‍. കോളജിലാണ്‌. പ്രീഡിഗ്രിക്കും ഡിഗ്രിക്കും കൂടി ഷേക്‌സ്‌പിയറിന്റെ മൂന്നു കൃതികളാണ്‌ അന്ന്‌ പഠിക്കാനുണ്ടായിരുന്നത്‌. എന്നാല്‍, ആ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഷേക്‌സ്‌പിയറിന്റെ സമ്പൂര്‍ണ കൃതികളും പഠിച്ചുതീര്‍ത്തു എന്നതാണ്‌ സത്യം.ജോര്‍ജ്‌ ലൂയി ബോര്‍ഹസ്‌, ഗബ്രിയേല്‍ ഗാര്‍സിയോ മാര്‍ക്കോസ്‌ മരിയ വര്‍ഗാസ്‌ യോസ തുടങ്ങിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ പുസ്‌കതങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്‌ എന്നു പറയാം.

മലയാള എഴുത്തുകാരില്‍ ഇഷ്‌ടം തോന്നിയിട്ടുള്ളവര്‍?

ഉത്തരം പറയാന്‍ വളരെ പ്രയാസം ഉള്ള ചോദ്യം. നിരവധി എഴുത്തുകാര്‍ എന്റെ സുഹൃത്തുക്കളായിരുന്നു. പിന്നെ, എഴുത്തിനെ വിലയിരുത്തിയാല്‍ ബഷീര്‍ എന്നെ വല്ലാതെ അദ്‌ഭുതപ്പെടുത്തിയ എഴുത്തുകാരനാണ്‌. പിന്നെ, എം.പി. നാരായണപിള്ളയും മാധവിക്കുട്ടിയും. എം. പി. നാരായണപിള്ളയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസില്‍ വരുന്നത്‌ `പരിണാമ' മാണെങ്കിലും എനിക്കു ഇഷ്‌ടപ്പെട്ടത്‌ അദ്ദേഹത്തിന്റെ `കള്ളന്‍' എന്ന കഥയാണ്‌. അതിന്റെ ക്രാഫ്‌റ്റ്‌ അപാരമാണ്‌. മാധവിക്കുട്ടി മലയാളത്തിന്‌ നല്‌കിയിരിക്കുന്ന ഇമേജ്‌ അതും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ നഷ്‌ടപ്പെട്ട നിലാംബരി.

മുകുന്ദനും വിജയനും ആധുനികതയുടെ പ്രത്യക്ഷവക്താക്കളായിരുന്നപ്പോള്‍ അങ്ങ്‌ ആധുനികതയുടെ നിശബ്‌ദ വക്താവായിരുന്നു. എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഈ വിശേഷണത്തോടുള്ള പ്രതികരണം?

ശുദ്ധമണ്ടത്തരം. ഡല്‍ഹിയില്‍ ഞാനും മുകുന്ദനും വിജയനും ഒന്നിച്ചുണ്ടായിരുന്നു. അതുകൊണ്ടാണോ ഈ വിശേഷണം? സത്യത്തില്‍ എഴുത്തിനെ ക്യാറ്റഗറൈസ്‌ ചെയ്യുന്നതിനോട്‌ വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. കഥ, കവിത എന്നൊക്കെ തിരിക്കാം. പക്ഷേ, ആധുനികത, ഉത്തരാധുനികത, അത്യാധുനികത തിടങ്ങിയ സംജ്‌ഞളോട്‌ ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ അത്തരത്തില്‍ എന്തെങ്കിലും എഴുതിയതായി തോന്നിയിട്ടുമില്ല. എനിക്ക്‌ എന്ത്‌ തോന്നിയോ അത്‌ ഞാനെഴുതി. അത്രമാത്രം.

രാഷ്‌ട്രീയ നിലപാടുകള്‍, താത്‌പര്യം തോന്നിയിട്ടുള്ള പ്രത്യയശാസ്‌ത്രം? സ്വാധീനിച്ച പ്രത്യയശാസ്‌ത്രം ?

അത്‌ കമ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രം തന്നെ. അതിന്റെ പ്രധാനകാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ അച്ഛന്റെ സ്വാധീനം തന്നെയാണ്‌.മാര്‍ക്‌സിസ്റ്റ്‌ തത്ത്വശാസ്‌ത്രം മുന്നോട്ടുവച്ച `സര്‍പ്ലസ്‌ വാല്യു' എന്ന ആശയം എന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്‌. മനുഷ്യരെ ജാതിക്കും മതത്തിനും വര്‍ഗത്തിനും വര്‍ണത്തിനും ഭാഷയ്‌ക്കും ദേശത്തിനും അതീതമായി കാണാന്‍ പഠിപ്പിച്ച കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം തന്നെ എന്റെ കൃതികളെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്‌.

കേരളത്തിലെ സിപിഐഎമ്മിനെക്കുറിച്ച്‌?

എന്തു പറയാന്‍! ഇപ്പോഴത്തെ പാര്‍ട്ടി ഒത്തുതീര്‍പ്പുകളുടെ പാര്‍ട്ടിയല്ലേ? ഒത്തു തീര്‍പ്പുകള്‍ക്ക്‌ തയാറായപ്പോള്‍ തന്നെ അതിന്റെ പ്രസക്തി നഷ്‌ടപ്പെട്ടുകഴിഞ്ഞു. ഇനി അവര്‍ക്ക്‌ തിരിച്ചുവരാന്‍ കഴിയില്ല. കമ്യൂണിസ്റ്റ്‌ പ്രത്യശശാസ്‌ത്രത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട്‌ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതിയ തലമുറ സൃഷ്‌ടിക്കപ്പെടും. അത്‌ കാലത്തിന്റെ അനിവാര്യതയാണ്‌. സിപിഐഎമ്മിന്‌ തിരിച്ചുവരാന്‍ കഴിയില്ല.

അങ്ങയുടെ എഴുത്തിന്റെ ശൈലി അനുകരിക്കാന്‍ ശ്രമിച്ച നിരവധിപ്പേര്‍ എങ്ങുമെത്താതെ പോയി. അതില്‍ പലരും, ``എന്റെ എഴുത്തിനെ നശിപ്പിച്ചത്‌ കാക്കനാടനാണെന്ന്‌'' ആരോപിക്കുകയും ചെയ്‌തു. ഇതിനോടുള്ള പ്രതികരണം?

എന്തു പ്രതികരിക്കാന്‍, അതൊക്കെ അവന്‍മാര്‍ക്ക്‌ കഴിവില്ലാഞ്ഞിട്ട്‌ അല്ലാതെ ഞാനെന്തു ചെയ്‌തു. നമ്മുടെ എഴുത്തില്‍ മറ്റ്‌ എഴുത്തുകാരുടെ സ്വാധീനമുണ്ടാകാം. അത്‌ ഒരിക്കലും അനുകരണമാകരുത്‌. പിന്നെ, ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം `ലൈം ലൈറ്റില്‍' വരുക എന്നതാണ്‌. അതിനാണ്‌ എന്നെ നശിപ്പിച്ചത്‌ കാക്കനാടനാണ്‌ മുകുന്ദനാണ്‌ എന്നൊക്കെ പറയുന്നത്‌.എന്നെപ്പോലെയാണ്‌ എഴുതുന്നതെന്ന്‌ തോന്നിയ പല എഴുത്തുകാരോടും എന്നില്‍ നിന്നും പുറത്തു വരണമെന്ന്‌ ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. അക്‌ബര്‍ കക്കട്ടിലിനെയൊക്കെ ഞാന്‍ എന്നെ അനുകരിച്ചതിന്റെ പേരില്‍ ഞാന്‍ ശാസിച്ചിട്ടുണ്ട്‌. പണ്ടു ചെറുപ്പത്തിലാണ്‌.

ഔദ്യോഗിക ജീവിതത്തെക്കുറിച്ച്‌?

എന്റെ വിദ്യാഭ്യാസ യോഗ്യത ബിഎസ്‌ സി കെമിസ്‌ട്രിയാണ്‌. ഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക്‌ ജോലികിട്ടി. അധ്യാപകനായാണ്‌ എന്റെ ഔദ്യോഗികജിവിതം ആരംഭിക്കുന്നത്‌. മുന്‍മന്ത്രി ചന്ദ്രശേഖരന്‍ നായരുടെ അച്ഛന്‍ ഏഴുകോണില്‍ നടത്തിയിരുന്ന സ്വകാര്യ സ്‌കൂളിലാണ്‌ ഞനാദ്യം അധ്യാപകനായി ചേരുന്നത്‌. ഒരു വര്‍ഷക്കാലം മറ്റൊരു സ്‌കൂളിലും ജോലിചെയ്‌തു. അതും സ്വകാര്യ സ്‌കൂളായിരുന്നു. പിന്നെ എനിക്ക്‌ റെയില്‍വേയില്‍ ജോലികിട്ടി. ഏകദേശം പത്തുവര്‍ഷത്തോളം റെയില്‍വേയില്‍ ജോലി ചെയ്‌തു.ഔദ്യോഗിക ജീവിതത്തോട്‌ എനിക്കൊരിക്കലും താത്‌പര്യം തോന്നിയിട്ടില്ല. കാരണം ചെറുപ്പം മുതലേ ഒരു എഴുത്തുകാരനാവണം എന്ന ആഗ്രഹമാണ്‌. അതുകൊണ്ടുതന്നെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമായിരുന്നു എന്റെ ചിന്ത ഔദ്യോഗിക ജീവിതം എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചതായി എനിക്ക്‌ തോന്നിയിട്ടില്ല.

വാടക വീടുകളിലെ ജീവിതത്തില്‍ നിന്നും സ്ഥിരതാമസത്തിലേക്കുള്ള മാറ്റം?

ഞാന്‍ വ്യക്തിപരമായി ആഗ്രഹിച്ചിട്ടില്ല. കൂടുവിട്ടു കൂടുമാറുന്നശീലം അച്ഛനില്‍ നിന്നും കിട്ടിയതാണ്‌. ഇന്ന്‌ ഞാനാഗ്രഹിച്ചതല്ല. കാരണം അതില്‍ അര്‍ഥമുണ്ടെന്ന എനിക്ക്‌ തോന്നിയിട്ടില്ല. ഒന്നും എന്റെ സ്വന്തമല്ല. പക്ഷേ, വാടക വീടുകള്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളത്‌ എന്റെ അമ്മിണിയെയാണ്‌. കാരണം വീടുമാറാനുള്ള തീരുമാനം മാത്രമായിരുന്നു എന്റേതായുള്ളത്‌. മാറിയിരുന്നത്‌ അവളായിരുന്നു.

നരേന്ദ്രപ്രസാദുമായി നല്ല സൗഹൃദമാണല്ലോ, ഉണ്ടായിരുന്നത്‌. അദ്ദേഹത്തെക്കുറിച്ച്‌?

എന്റെ അഭിപ്രായത്തില്‍ നരേന്ദ്ര പ്രസാദിന്റെ പ്രവര്‍ത്തന മേഖല സാഹിത്യം തന്നെയായിരുന്നു. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ പോക്ക്‌ അദ്ദേഹത്തിലെ സാഹിത്യകാരനെ ഇല്ലാതാക്കിക്കളഞ്ഞു. പ്രസാദ്‌ സിനിമാ നടന്‍ ആയിരുന്നില്ലെങ്കില്‍ മലയാളത്തിലെ മികച്ച ഒരു സാഹിത്യ നിരൂപകനാകുമായിരന്നു. ഞാന്‍ പറയുക, കച്ചവട സിനിമയില്‍ ഇറങ്ങി മരിച്ചുപോയ ആളാണ്‌ പ്രസാദ്‌. പ്രസാദ്‌ മരിച്ചിട്ട്‌ പത്തുവര്‍ഷമേ ആയിക്കാണൂ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പ്രസാദ്‌ മരിച്ചിട്ട്‌ ഇരുപതു വര്‍ഷത്തോളമായി. അതായത്‌, അദ്ദേഹം സിനിമാ അഭിനയം ആരംഭിച്ച അന്ന്‌.

അങ്ങയുടെ ചലച്ചിത്ര സംരംഭങ്ങള്‍?

സിനിമ എനിക്കൊരിക്കലും വഴങ്ങിയിട്ടില്ല. അത്‌ എന്റെ തട്ടകവുമല്ല. എഴുത്താണ്‌ എന്റെ തട്ടകം. ക്രോസ്‌ബെല്‍റ്റ്‌ മണിയുമായി ചേര്‍ന്നാണ്‌ എന്റെ ആദ്യ ചലച്ചിത്ര സംരംഭങ്ങള്‍. മണിയുടെ നിരവധി ചിത്രങ്ങള്‍ക്കുവേണ്ടി ഞാന്‍ കഥ എഴുതിയിട്ടുണ്ട്‌. എന്റെ പേര്‌ വന്നിട്ടില്ലെന്ന്‌ മാത്രം. കുറച്ചു ചിത്രങ്ങളുമായി സഹകരിച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ `സിനിമാക്കഥ' എനിക്ക്‌ വഴങ്ങില്ലെന്ന്‌ മനസിലായി. പിന്നെ, എന്റെതെന്ന്‌ പറഞ്ഞ്‌ പുറത്തുവന്നിട്ടുള്ളത്‌ രണ്ട്‌ തിരക്കഥകളാണ്‌. പറങ്കിമലയും പാര്‍വതിയും. ഭരതനാണ്‌ സംവിധാനം ചെയ്‌തത്‌.

സംവിധായകന്‍ ഭരതനെക്കുറിച്ച്‌?

മലയാളത്തില്‍ ഇത്രയും വിഷ്വല്‍ സെന്‍സുള്ള സംവിധായകര്‍ അപൂര്‍വമാണ്‌. അത്‌ എനിക്ക്‌ നേരിട്ട്‌ മനസിലാക്കിയിട്ടുണ്ട്‌. ഭരതന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത്‌ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വഴങ്ങുമായിരുന്നില്ല എന്നതാണ്‌. തിരക്കഥ ഒരിക്കല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ ഭരതന്‍ തയാറാകുമായിരുന്നില്ല. തന്റെ താച്‌പര്യത്തിലുള്ള സിനിമയിലേക്ക്‌ സഹപ്രവര്‍ത്തകരെ എത്തിക്കാനുള്ള ഭരതന്റെ കഴിവും അപാരമായിരുന്നു.ഭരതന്റെ കുറവായിട്ട്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌ കാസ്റ്റിംഗിലെ പരാജയമായിരുന്നു. യഥാര്‍ഥത്തില്‍ പറങ്കിമലയുടെയൊക്കെ പരാജയത്തിന്‌ പ്രധാനകാരണമായിട്ട്‌ എനിക്ക്‌ തോന്നിയിട്ടുള്ളതും ഇതാണ്‌. പറങ്കിമലയിലെ നായകന്‍ ബിനോയി ആ കഥാപാത്രത്തിന്‌ ഒട്ടും ചേരുമായിരുന്നില്ല. നായിക സൂര്യ കൊള്ളാമായിരുന്നു. ബിനോയിയെ സെലക്ടചെയ്‌തത്‌ ഭരതനായിരുന്നു.`പാര്‍വതി' ഭരതന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. എന്റെ `അടിയറവ്‌' എന്ന നോവലാണ്‌ പാര്‍വതി എന്ന പേരില്‍ സിനിമയായത്‌. അതില്‍ എന്റെ കോണ്‍ട്രിബ്യൂഷനേക്കാള്‍ ഭരതന്റെ `വിഷ്വല്‍ സെന്‍സാണ്‌.' പാര്‍വതി സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നല്ല സിനിമ എന്നു പേരു നേടുകയുണ്ടായി.

ജോണ്‍ ഏബ്രഹാമിനെക്കുറിച്ച്‌?

ജോണ്‍ എനിക്ക്‌ എന്റെ അനുജനായിരുന്നു. അവന്റെ ചിന്തയും കാഴ്‌ചപ്പാടുകളും മനസിലായിരുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളായിരുന്നു, ഞാന്‍. അതുകൊണ്ടുതന്നെ ജോണുമായി വലിയ വൈകാരിക ബന്ധവുമുണ്ടായിരുന്നു. ജോണിന്‌ കിടക്കാന്‍ വേണ്ടിമാത്രമായി എന്റെ വീടിനുമുന്നില്‍ ഞാനൊരു കട്ടില്‍ ഇട്ടിരുന്നു. എത്ര വൈകിവന്നു കിടന്നാലും ജോണ്‍ പുലര്‍ച്ചെ എഴുന്നേല്‌ക്കുമായിരുന്നു. ഉണര്‍ന്നെഴുന്നേല്‌ക്കുന്നത്‌ ഒരു പ്രാര്‍ഥനയോടെയായിരുന്നു. അതു കേട്ട്‌ എന്റെ അമ്മ പറയുമായിരുന്നു. `എന്തു നല്ല പയ്യനായിരുന്നു ജോണെന്ന്‌.'ജോണ്‍ മരണത്തിലേക്കുള്ള തന്റെയാത്ര തുടങ്ങിയതും. എന്റെ വീട്ടില്‍ നിന്നുമായിരുന്നു. എന്റെ ആരുടെയോ ഒരു നഗരം എന്ന നോവല്‍ സിനിമയാക്കണമെന്ന്‌ ജോണ്‍ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച്‌ ഒരിക്കല്‍ ജോണ്‍ പറഞ്ഞത്‌, ``എടാ അതിലഭിനയിക്കാന്‍ പറ്റിയ ഒരു നടനെ ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ തന്നെ അഭിനയിക്കേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌ എന്നാണ്‌.

ദീപികയുമായുള്ള ബന്ധം?

ദീപികയ്‌ക്കുവേണ്ടി ഒരു ചെറുനോവല്‍ ഞാനെഴുതിയിട്ടുണ്ട്‌. ദാവീദിന്റെയും സലോമോന്റെയും പാരലല്‍ ആയിട്ടുള്ള കഥ. നോവലെറ്റ്‌ എന്നു പറയാം. ഒരുപക്ഷേ, പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യത്തെ നോവലെറ്റും അതായിരിക്കാം. കോട്ടയത്തു താമസിച്ചാണ്‌ അതെഴുതുന്നത്‌. കരിത്താസ്‌ ആശുപത്രിയോട്‌ ചേര്‍ന്ന്‌ ഉണ്ടായിരുന്ന ഒരു ലോഡ്‌ജില്‍ താമസിച്ചാണ്‌ അത്‌ എഴുതി പൂര്‍ത്തിയാക്കുന്നത്‌. സുഹൃത്തുക്കളൊക്കെ അവരുടെ വീടുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവിടെത്താമസിച്ചാല്‍ എഴുത്ത്‌ നടക്കില്ലെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌ ലോഡ്‌ജില്‍ മുറിയെടുത്ത്‌ തങ്ങിയത്‌. എം.ജി.യൂണിവേഴ്‌സിറ്റി പിന്നീടത്‌ പാഠപുസ്‌തകമാക്കിയിരുന്നു. നിരവധി ചെറുകഥകളും ദീപിക ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Friday, September 11, 2009

കുപ്പിബന്ധം

ബന്ധം

വാക്കിന്റെ അര്‍ഥം മനസിലായില്ല

തേടിക്കൊണ്ടിരുന്നു

ഒറ്റത്തൊഴിക്ക്‌

അച്ഛന്‍ അമ്മയെ കൊന്നപ്പോള്‍

‍മാലയുടെ വണ്ണം കുറഞ്ഞതിന്‌

അളിയന്‍ പെങ്ങളെ വീട്ടില്‍ കൊണ്ടു വിട്ടപ്പോള്‍

അര്‍ത്ഥം എന്നെത്തേടിവന്നു

ഒഴിഞ്ഞ മിനറല്‍ വാട്ടറിന്‍ കുപ്പി പോല്‍

വഴിയില്‍ വച്ചു മറക്കുന്ന ബന്ധങ്ങള്‍



ഇന്നലെ

പാണ്ടിലോറി കയറി റോഡില്‍

അരഞ്ഞു ചേര്‍ന്നത്‌ അച്ഛന്‍ കുപ്പിയായിരുന്നു

വെയിസ്റ്റ്‌ കോരാന്‍ വന്ന ജെസിബി

കോരിയെടുത്തത്‌ അമ്മക്കുപ്പിയായിരുന്നു



ഇന്ന്‌

വാശിപിടിച്ചു കരഞ്ഞ എന്റെ മകന്‌

മിനറല്‍ വാട്ടറിന്റെ കുപ്പി ഞാന്‍ വാങ്ങി നല്‍കി

Thursday, July 30, 2009

ഓര്‍മകളുടെ എന്‍ട്രന്‍സിലൂടെ.....

Sandeep Salim
ജെയ്‌ബന്‍ വീണ്ടും കാമ്പസിലെത്തുന്നു. പഴയെ കാമ്പസ്‌ തന്നെ. മാറ്റങ്ങള്‍ ഒന്നും കാണാനില്ല. പണ്ട്‌ വളരെ പരിചയത്തോടെ വന്ന്‌ സംസാരിച്ചിരുന്ന കൂട്ടുകാരും അധ്യാപകരും ഇന്ന്‌ ജെയ്‌ബനെ ഒരല്‍പം ആരാധനയോടെ നോക്കുന്നു. ഒറ്റയ്‌ക്കും കൂട്ടായും അഭിനന്ദിക്കാനും നിരവധി ആളുകള്‍. എല്ലാവരോടും മറുപടി പറഞ്ഞും പരിചയക്കാര്‍ക്ക്‌ പുഞ്ചിരി സമ്മാനിച്ചും ജെയ്‌ബന്‍ മുന്നോട്ടു നടന്നു. മാതാവിന്റെ ഗ്രോട്ടോയുടെ മുന്നില്‍ പ്രാര്‍ഥനാനിരതനായി ഒരു നിമിഷം. പിന്നെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക്‌.


സംസ്ഥാന മെഡിക്കല്‍ എന്‍ട്രസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ മിടുക്കന്‍, എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? `നന്നായി പഠിക്കുന്ന ഒരു കുട്ടി' വിശേഷണം അതിനപ്പുറം പോവില്ല. ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ മൂന്നാം റാങ്ക്‌, `സമര്‍ഥന്‍' വിശേഷണം തീര്‍ന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ എന്‍ട്രന്‍സ്‌ പരീക്ഷയിലും ഉന്നത വിജയം, ഇതും കൂടിചേര്‍ത്തു വായിക്കേണ്ടി വരുമ്പോള്‍ വിശേഷണം `അപൂര്‍വ വ്യക്‌തിത്വ'മാകുന്നു. കൂടാതെ പഠിച്ച എല്ലാ വിഷയങ്ങളിലും എണ്‍പതിലേറെ ശതമാനം മാര്‍ക്കും. അതെ ജെയ്‌ബന്‍ ജോര്‍ജ്‌ അപൂര്‍വ വ്യക്തിത്വം തന്നെയാണ്‌.


ചങ്ങനാശേരി പ്ലാസിഡ്‌ വിദ്യാവിഹാറിലെ പ്ലസ്‌ടു വിദ്യാര്‍ഥി, നേട്ടങ്ങളുടെ വെളളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും പ്ലാസിഡിനെ കുറിച്ചുളള ഓര്‍മകളില്‍ നിഴല്‍ വീഴുന്നില്ല. ഡല്‍ഹിയിലെ ഐഐഎംഎസില്‍ പ്രവേശനം നേടുന്നതിനു മുമ്പ്‌ തന്റെ പ്രിയപ്പെട്ട അധ്യാപകരോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ എത്തിയതായിരുന്നു ജെയ്‌ബന്‍.


അഞ്ചാം ക്ലാസുമുതല്‍ ജെയ്‌ബന്‍ പ്ലാസിഡിലെ വിദ്യാര്‍ഥിയാണ്‌. പ്ലാസിഡിനെ കുറിച്ചുളള അഭിപ്രായം ചോദിച്ചപ്പോള്‍ ഉത്തരം ഒറ്റവാക്കിലൊതുങ്ങി. നല്ല സ്‌കൂള്‍. ഹൈസ്‌കൂളില്‍ കയറിയപ്പോള്‍ മുതല്‍ മനസില്‍ കയറിക്കൂടിയ മോഹമാണ്‌ ഡോക്‌ടറാവുക എന്നത്‌. ആഗ്രഹസാക്ഷാത്‌കാരത്തിന്റെ പടിവാതുക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ജെയ്‌ബന്റെ മനസില്‍ ആഗ്രഹലബ്‌ദിയുടെ സന്തോഷം.


 അധ്യാപകര്‍


ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകരെക്കുറിച്ചുളള ചോദ്യത്തിനും എന്‍ട്രന്‍സ്‌ പരീക്ഷയിലെ ചോദ്യത്തിനുളള ഉത്തരം പോലെ ഒറ്റവാക്ക്‌. എല്ലാ അധ്യാപകരും. ഒരാളുടെ പേര്‌ ഓര്‍ത്ത്‌ പറയാന്‍ കഴിയുന്നില്ല. എല്ലാ അധ്യാപകരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തന്റെ വളര്‍ച്ചയില്‍ പങ്കുകാരായെന്ന്‌ വ്യാഖ്യാനവും.


പ്രിയപ്പെട്ട ശിഷ്യന്‍


‍ജെയ്‌ബന്റെ നേട്ടത്തില്‍ അധ്യാപകര്‍ക്ക്‌ യാതൊരു അദ്‌ഭുതവുമില്ല. ജെയ്‌ബന്‌ ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലേ അവര്‍ അദ്‌ഭുതപ്പെടുമായിരുന്നുള്ളൂ. കാരണം ജെയ്‌ബനെക്കുറിച്ചുളള അധ്യാപകരുടെ പ്രതീക്ഷകളും അത്രമാത്രമായിരുന്നു. അതൊരിക്കലും അമിതപ്രതീക്ഷകളായിരു ന്നില്ലെന്ന്‌ ജെയ്‌ബന്റെ നേട്ടങ്ങള്‍ തന്നെ സാക്ഷ്യം. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ യാതൊരു മാനദണ്‌ഡവുമില്ലാതെ മാര്‍ക്ക്‌ നല്‍കി പരീക്ഷയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തകര്‍ക്കുന്നുവെന്ന ആരോപണം ഉയരുമ്പോഴും ജെയ്‌ബന്റെ വിജയത്തിന്റെ മാറ്റ്‌ കുറഞ്ഞിട്ടില്ലെന്ന്‌ മുഴുവന്‍ അധ്യാപകരും ഒരേരീതിയില്‍ വിലയിരുത്തുന്നു.


കാമ്പസ്‌ ഇന്നലെയും നാളെയും


ഇനി, ഡല്‍ഹി എഐഎംഎസില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര്‍ ഥികള്‍ക്കുമാത്രം പ്രവേശനം ലഭിക്കുന്ന സ്ഥാപനം. ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം സ്വപ്‌ന സാക്ഷാത്‌കാരം. അവിടത്തെ അന്തരീക്ഷം എങ്ങനെയെന്ന്‌ അറിയില്ല. ഒരു പക്ഷേ, മികച്ചതാവാം. അത്‌ സ്വപ്‌നം കാണാനേ കഴിയൂ. പക്ഷേ, പ്ലാസിഡ്‌ അങ്ങനെയല്ല. അത്‌ താന്‍ തൊട്ടറിഞ്ഞ യാഥാര്‍ഥ്യങ്ങളാണ്‌. പഠനത്തിന്റെ ചൂടും തമാശകളുടെ കലമ്പലും നിറഞ്ഞ ക്ലാസുമുറികള്‍, അറിവിന്റെ വാതായനം തുറന്നിട്ട ലൈബ്രറി, യുവത്വത്തിന്റെ തീവ്രതയ്‌ക്ക്‌ തണുപ്പ്‌ പകര്‍ന്ന തണല്‍ മരങ്ങള്‍, ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ പണിത അധ്യാപകര്‍, സ്‌പോര്‍ട്‌സ്‌ ഡേയില്‍ കൊണ്ട വെയിലിന്റെ ചൂട്‌... അങ്ങനെ നഷ്‌ടപ്പെടുന്നവയെക്കുറിച്ചും ജെയ്‌ബന്‍ വാചാലനാവുന്നു.


ആ ബൈക്ക്‌ ഷെഡ്‌


ഉച്ചഭക്ഷണത്തിനു ശേഷം വെടിവട്ടവുമായി കൂടിയിരുന്ന ബൈക്ക്‌ ഷെഡ്‌ ഓര്‍മകളിലേക്കെത്തുമ്പോള്‍ ജെയ്‌ബന്‍ പഴയ വിദ്യാര്‍ഥിയാവുന്നു. തലേന്നു കണ്ട സിനിമയുടെ കഥ കൂട്ടുകാരുമായി പങ്കുവയ്‌ക്കാനായി ഓടിയെത്തിയിരുന്ന കാര്യം വിവരിക്കുമ്പോള്‍ ജെയ്‌ബന്‍ ശരിക്കും ബൈക്ക്‌ ഷെഡില്‍ തന്നെയായിരുന്നു. അന്നു പറഞ്ഞ തമാശകള്‍ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന്‌ ജെയ്‌ബന്‍ പറയുന്നു.


ലൈബ്രറി


ലൈബ്രറിയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ മനസില്‍ ആദ്യം കടന്നുവരുന്നത്‌ മോഡല്‍ ക്വസ്റ്റിന്‍ പേപ്പറുകളാണ്‌. പിന്നെ അസൈന്‍മെന്റുകളും. അസൈന്‍മെന്റ്‌ എഴുതുന്നതിനായാണ്‌. പ്രധാനമായും പുസ്‌തകങ്ങളെടുത്തിരുന്നതെന്ന്‌ ജെയ്‌ബന്‍ ഓര്‍ക്കുന്നു. പിന്നെ ലൈബ്രറി കാണുന്നത്‌ ഫ്രീ പീരിയഡുകളില്‍ ലൈബ്രറിയില്‍ പോയിരിക്കണമെന്ന നിയമം അനുശാസി ക്കുമ്പോഴും.


ഇടനാഴികള്‍


‍കാമ്പസിലെ ഏറ്റവും രസകരമായ സംഭവങ്ങളെക്കുറിച്ച്‌ പറഞ്ഞതില്‍ കൂടുതലും ക്ലാസുകളുടെ ഇടവേളകളില്‍ ഇടനാഴികളില്‍ ചിരിഞ്ഞമര്‍ന്ന തമാശകളാണ്‌. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ കുടത്തിലടച്ച ഭൂതത്തെ പോലെ വീര്‍പ്പുമുട്ടിയിരുന്ന തമാശകള്‍ പൂര്‍ണസ്വാതന്ത്ര്യം നേടുന്ന ആ നിമിഷം അവിസ്‌മരണീയം.


എഐഐഎംഎസിലെ പഠനം പൂര്‍ത്തിയാക്കി തിരിച്ചു വരും എന്ന്‌ ജെയ്‌ബന്‍ ഉറപ്പിക്കുന്നു. നാട്ടില്‍ തന്നെ ജോലി ചെയ്യാനാണ്‌ ഇഷ്‌ടപ്പെടുന്നതെന്ന്‌ പറയുമ്പോള്‍ നാടിനോടുളള അടുപ്പം ജെയ്‌ബന്റെ മുഖത്തു നിന്നു വായിച്ചെടുക്കാനാവുമായിരുന്നു. തന്റെ നേട്ടങ്ങളിലെല്ലാം ഈശ്വരാനുഗ്രഹത്തിന്റെ സ്‌പര്‍ശമുണ്ടെന്നു പറയുന്ന ജെയ്‌ബന്‍ മാതാപിതാക്കളുടെ പ്രോത്സാഹനത്തെ കുറിച്ചും ബോധവാനാണ്‌. തങ്ങളുടെ ആഗ്രഹം ഇതാണെന്ന്‌ തുറന്നു പറഞ്ഞില്ലെങ്കിലും അച്ഛന്റെയും അമ്മയുടേയും ആഗ്രഹങ്ങള്‍ക്കനുസരിച്ചാണ്‌ താന്‍ നടക്കുന്നതെന്ന കാര്യത്തില്‍ ജെയ്‌ബന്‌ സംശയമൊന്നുമില്ല.പരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം റാങ്കു ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ പറയുമ്പോള്‍ ജെയ്‌ബന്റെ മുഖത്ത്‌ അമിത വിനയത്തിന്റെ ഭാവമായിരുന്നില്ല മറിച്ച്‌ അപ്രതീക്ഷിതമായി കൈവന്ന വിജയത്തിന്റെ തിളക്കമായിരുന്നു. തന്റെ നേട്ടങ്ങളില്‍ ഒരുപാടു ഘടകങ്ങളുണ്ടെന്ന്‌ ജെയ്‌ബന്‍ വിലയിരുത്തുന്നു. തന്റെ പ്രാര്‍ഥനമാത്രമല്ല, മാതാപിതാക്കളുടെ പ്രാര്‍ഥന, സ്‌കൂളിന്റെ പ്രാര്‍ഥന, അധ്യാപകരുടെ പ്രോത്സാഹനം അങ്ങനെയങ്ങനെ നിരവധി ഘടകങ്ങള്‍. ഇതിനെല്ലാമൊപ്പം ചിട്ടയായ പഠനരീതിയും ആത്മവിശ്വാസവും മികച്ച പ്രകടനത്തിന്‌ സഹായകമായി.


ചരിത്രം, ആരും രചിക്കുന്നതല്ല. അത്‌ സൃഷ്‌ടിക്കപ്പെടുകയാണ്‌. ജെയ്‌ബന്‍ ജോര്‍ജ്‌ എന്ന പതിനേഴുകാരന്‍ ചെയ്‌തതും അതാണ്‌.


ഫോട്ടോ: കെ.ജെ ജോസ്

Thursday, July 16, 2009

യാത്രാവിവരണം

ദുരന്തങ്ങള്‍ കണ്ട്‌
തളര്‍ന്ന മനസുമായ്‌
ദുഖത്തിന്റെ തീക്കാറ്റില്‍
കരിഞ്ഞ പ്രണയത്തിന്റെ
മരക്കാടുകള്‍ താണ്ടി
കരിഞ്ഞമാംസത്തിന്റെ
ഗന്ധം വമിക്കുന്ന
ചോരവീണ്‌ കുതിര്‍ന്നു വീര്‍ത്ത
ഭൂമിയുടെ നിറുകയിലൂടെ
ഭൂതവും വര്‍ത്തമാനവും ഭാവിയും
എറിഞ്ഞുടയ്‌ക്കപ്പെട്ട വഴികളിലൂടെ
മഹായുദ്ധത്തിന്റെ വിഷ്വലുകള്‍ കണ്ട്‌
പകച്ചു നില്‍ക്കുന്ന ലോകത്തിലൂടെ
അരങ്ങില്‍ നിന്നും പിന്‍വാങ്ങിയ
പ്രത്യയശാസ്‌ത്രങ്ങള്‍
തമ്മിലടിക്കുന്ന തെരുവിലൂടെ
പുതിയ സ്വര്‍ഗങ്ങള്‍
പടുത്തുയര്‍ത്താന്‍
പുനരവതരിച്ച ആള്‍ദൈവങ്ങളുടെ
വചന പ്രഘോഷണങ്ങളിലൂടെ
ഇനിയും
അവസാനിക്കാത്ത
ചരിത്രത്തിന്റെ
ഒറ്റയടിപ്പാതയില്‍
ഇനിയേതു മന്ത്രം
തുണയ്‌ക്കുമെന്ന ചിന്തയുമായ്‌

Monday, July 13, 2009

മരം

ഞങ്ങളുടെ നാട്ടില്‍ ഒരു മരമുണ്ടായിരുന്നു
ധാരാളം ചില്ലകളുണ്ടായിരുന്നു
ആളുകള്‍ പഴങ്ങള്‍ ഭക്ഷിച്ചിരുന്നു
തണലിലിരുന്ന്‌ ക്ഷീണം മാറ്റിയിരുന്നു
കുട്ടികള്‍ ഊഞ്ഞാലു കെട്ടി ആടിയിരുന്നു
കിളികള്‍ കൂടുകൂട്ടിയിരുന്നു
പിന്നീടെന്നോ ഒരു പ്രേതം
തൂങ്ങി ആടുന്നുണ്ടായിരുന്നു
പിന്നെ പഴങ്ങള്‍ ആര്‍ക്കും വേണ്ടാതായി
മനുഷ്യമാംസത്തിന്റെ സ്വാദുണ്ടായിരുന്നു
കിളികള്‍ കൂടുകൂട്ടാതായി
ആരും തണലില്‍ ഇരിക്കാതായി
പുറപ്പെട്ട ചോരമണം
മനംപിരട്ടലുണ്ടാക്കിയിരുന്നു
കാലത്തിന്റെ ചെയ്‌തികള്‍
ചില്ലകളുടെ കനം കൂട്ടിയിരുന്നു
പിന്നീടെന്നോ ജീവിതം മടുത്ത
എന്റെ പ്രേതവും അതില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു

Sunday, July 5, 2009

പ്രതികഥ കവിതയും

മേഘം കഥയെഴുതുന്നു

കാലം കൈകൂപ്പി നില്‍ക്കുന്നു

വട്ടമിട്ടാര്‍ത്തു പറക്കുന്ന

ബലിക്കാക്കകള്‍

രാഷ്ട്രീയം

കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞ്‌

കാവടിയാടുന്നു

കൊലച്ചിരിയില്‍

‍ഹാസ്യത്തിന്റെ സാദ്ധ്യതയാരായുന്നു

വിയര്‍പ്പു തുളളികള്‍

കോളയില്‍ പതയുന്നു

ഇഴമുറിയാത്ത താരാട്ട്‌

ഡപ്പാം കൂത്തില്‍ ത്രസിക്കുന്നു

പുസ്‌തകത്താളിലെ

മൈല്‍പ്പീലിക്കണ്ണുകളില്‍

‍കാമം തിളയ്‌ക്കുന്നു

ബാല്യകൗതുകം

ചുവന്ന തെരുവില്‍

വെയില്‍ കായുന്നു

പൊട്ടിപ്പോയ സ്ലേറ്റുപെന്‍സിലിന്റ

ഭാവന സൈബര്‍ സെക്‌സില്‍

സ്വയംഭോഗം ചെയ്യുന്നു

തിളങ്ങുന്ന വളപ്പൊട്ടുകള്‍

കമ്പ്യൂട്ടര്‍ മെമ്മറിയില്‍ പൊടിപിടിക്കുന്നു

സൂര്യന്റെ ചൂട്‌ നിറുകയില്‍ പതിച്ചപ്പോള്‍

മഴയുടെ ഉടുപ്പണിയാനായി എഴുത്ത്‌ നിര്‍ത്തി

പ്രതികഥയെന്ന്‌ കപട കാല്‍പനികതയുടെ

മറപിടിച്ച്‌ പേരിട്ടു.

Saturday, July 4, 2009

അവള്‍ സുന്ദരിയായിരുന്നു

അവള്‍ സുന്ദരിയായിരുന്നു
സുന്ദരിതന്നെയായിരുന്നു
മിഴികളിലെ തീക്ഷണത
കവിളുകളിലെ മാര്‍ദവം
മാറിടങ്ങളുടെ മുഴുപ്പ്‌
എന്നെ ഉന്‍മത്തനാക്കിയിരുന്നു

നഗ്നമോനിയില്‍ വിരലുകള്‍ കുസൃതികാട്ടിയപ്പോഴും
നീര്‍ക്കുമിളയായി നാഭിയില്‍ അലിഞ്ഞു ചേര്‍ന്നപ്പോഴും
ശരിതെറ്റുകളുടെ കണക്കിനപ്പുറം
ലാഭനഷ്ടങ്ങളുടെ തുലാസിനപ്പുറം
മറഞ്ഞിരുന്നു സത്യത്തിന്റെ മുഖം
അവള്‍ക്കേകി സര്‍വവും

ബുദ്ധി
ചിന്ത
ചങ്കൂറ്റം
തമാശകള്‍
പ്രത്യയശാസ്‌ത്രങ്ങള്‍
പ്രതികരണശേഷി
അവകാശങ്ങള്
‍പൊങ്ങച്ചങ്ങള്
‍സ്വാദുകള്‍
അച്ഛന്റ സ്വപ്‌നങ്ങള്
‍അമ്മയുടെ തീരാദുഖം
പെണ്ണിന്റെ കെട്ടുതാലി
അയലത്തുകാരന്റെ പട്ടിണി
രാജ്യം
സമ്പത്ത്‌
സംസ്‌കാരം
സ്വാതന്ത്ര്യം

നഗ്നതയുടെ ലാസ്യത്തില്‍
സ്വയം വഞ്ചിച്ച്‌
ആറടി മണ്ണിന്റെ അനിവാര്യതയിലേക്ക്‌
ചുരുങ്ങുന്ന എന്റെ ജീവന്‍.

രാജു നായരുടെ കാര്‍ട്ടൂണ്‍



രാജു നായരുടെ കാര്‍ട്ടൂണ്‍

Thursday, July 2, 2009

പുതിയ അറിവ്‌....

കവിതയ്‌ക്ക്‌
വിഷയം തേടിക്കൊണ്ടിരുന്നു
സമയം കടന്നു പോയ്‌ക്കൊണ്ടുമിരുന്നു
ഒന്നും തടഞ്ഞില്ല
മൊബൈല്‍ കരഞ്ഞു
കാമുകിയാണ്‌
"എനിക്ക്‌ നിന്നെ കാണണം"
ഞാന്‍ പറഞ്ഞു
"എന്തിന്‌ ? എന്നും വിളിക്കുന്നില്ലേ?"
ഞാന്‍ വീണ്ടും കേണു
"സമയമില്ല"
ഫോണ്‍ കട്ടായി
കണ്ണുകള്‍ നിറഞ്ഞിരുന്നു

ഞാന്‍ തിരികെ നടന്നു
വഴി പഴയതു തന്നെ
പക്ഷേ,
അപരിചിതത്വം കുമിഞ്ഞു കൂടുന്നു
യുദ്ധക്കളം പോലെ കിടങ്ങുകള്
‍ടെലിഫോണ്‍ കേബിളുകള്
‍യന്ത്രങ്ങള്
‍മൊബൈല്‍ ടവറുകള്‍

ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ നോക്കവേ
ഐടിയുടെ അന്തസാദ്ധ്യതയെ കുറിച്ച്‌
സുഹൃത്തിന്റെ സ്‌റ്റഡി ക്ലാസ്‌
എല്ലാം നെറ്റിലൂടെ കഴിയുമത്രെ
ആസക്തി ഒരു മൗസ്‌ ക്ലിക്‌ അകലെ
ചുരിദാറിന്റെ വിടവിലൂടെയോ
ഊര്‍ന്നു വീണ സാരിക്കിടയിലൂടെയോ
മുലവടിവുകളെ ഒളിഞ്ഞു നോക്കേണ്ടതില്ല
കാമുകിയുടെ കിളിമൊഴി കേള്‍ക്കാന്
‍നെഞ്ചോടു ചേര്‍ക്കേണ്ടതില്ല
ഒരു ഹെഡ്‌ഫോണിന്റെ അകലം മാത്രം

പതിയെ മയക്കത്തിലേക്ക്‌
ഉറങ്ങിയെണീറ്റത്‌
പുതിയൊരറിവുമായി
ജീവനുളള ഒന്നിനേയും
സ്‌നേഹിക്കാനാവില്ലെന്ന ബോധത്തോടെ
കവിതയ്‌ക്ക്‌ പേരിട്ടു.

Thursday, June 18, 2009

ചന്ദ്രസംഗീതം


സന്ദീപ്‌ സലിം

1983 മാര്‍ച്ച്‌ മാസത്തില്‍ ഏതാനും കുട്ടികളുമായി തിരുവനന്തപുരത്ത്‌ ആകാശവാണിയില്‍ `ബാലലോകം' എന്ന കുട്ടികളുടെ സംഗീത പരിപാടി അവതരിപ്പിക്കുമ്പോള്‍ പി ജി ചന്ദ്രന്‍ എന്ന ചന്ദ്രന്‍ പാമ്പാടി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അതൊരുചരിത്രത്തിനു തുടക്കം കുറിക്കലാകുമെന്ന്‌. നീണ്ട 26 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ചന്ദ്രന്‍ പാമ്പാടിയുടേതല്ലാതെ `ബാലലോകം' നടന്നിട്ടുളളത്‌ വിരലിലെണ്ണാവുന്ന തവണകള്‍ മാത്രം. അദ്ദേഹം രൂപീകരിച്ച വികാസ്‌ ക്ലബ്‌ ഇന്നു കേരളത്തിലെ ഏറ്റവും പ്രമുഖ റേഡിയോ ക്ലബുകളിലൊന്നാണ്‌. ബാലലോകം പരിപാടിയുടെ മുഖ്യ സംഘാടകരും വികാസ്‌ ക്ലബ്‌ തന്നെ.

എല്ലാ ഞായറാഴ്‌ചകളിലും 10.30-ന്‌ ആകശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ സംഗീതപരിപാടിയാണ്‌ ബാലലോകം. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നുമുളള കുട്ടികളാണ്‌ ഇവയില്‍ പങ്കെടുക്കുക. ലളിത ഗാനങ്ങള്‍ക്കും ശാസ്‌ത്രീയഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ്‌ പരിപാടി അവതരിപ്പിക്കപ്പെടുന്നത്‌.


തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍നിന്നും 1980ല്‍ സംഗീത പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ചന്ദ്രന്‍ സാറിന്റെ മനസില്‍ ഒരു ഗായകനാവുക എന്ന ആഗ്രഹം വേരൂന്നിയിരുന്നു. എന്നാല്‍ ജീവിതത്തിന്റെ അണിയറയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്‌ സംഗീതാധ്യാപകന്റെ വേഷമായിരുന്നു. പരിയാരം ഗവണ്‍മെന്റ്‌ സ്‌കൂളില്‍ സംഗീതാധ്യാപകനായിക്കൊണ്ട്‌ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ചു. അവിടെനിന്നും തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ ആകശവാണി ബന്ധം. അതിനും ചന്ദ്രന്‍ സാറിന്‌ വ്യക്തമായ ഉത്തരമുണ്ട്‌. `റേഡിയോ ആയിരുന്നു അന്നത്തെ പോപ്പുലര്‍ മീഡിയ. ഭീംസെന്‍ ജോഷിയേയും എം എസ്‌ സുബ്ബല ക്ഷ്‌മിയേയും കുമാര്‍ ഗന്ധര്‍വയേയു മൊക്കെ മലയാളികള്‍ അറിയുന്നത്‌ റേഡിയോയിലൂടെയാണല്ലോ. ടി വിയും ചാനലുകളുമൊന്നും അന്ന്‌ ഇത്ര പ്രചാരം നേടിയിട്ടില്ല. മാത്രവുമല്ല റേഡിയോ ശ്രോതാക്കളുടെ മുന്നില്‍ ഭാവനയുടെ അതിവിശാലമായ ഒരു ലോകം ക്രിയേറ്റ്‌ ചെയ്യുന്നു. അന്ന്‌ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ കഴിയൂ. ഇന്ന്‌ അങ്ങനെയാണോ ? പാട്ടു നമ്മള്‍ കാണുകയല്ലേ ? അവിടെ ഭാവനയുടെ പ്രസക്തി നഷ്‌ടപ്പെടുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ എല്ലാത്തരം എക്‌സ്‌പോഷറുകളും സാദ്ധ്യമാണ്‌. എന്റെയൊക്കെ കാലത്ത്‌ ആകശവാണിയില്‍ പാടാന്‍ കഴിയുക എന്നത്‌ വലിയൊരു കാര്യമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവസരങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു കൊടുക്കേണ്ട കാര്യമില്ല. അവസരങ്ങള്‍ അവരെ തേടി വന്നു കൊളളും'.

ബാലലോകത്തെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ചന്ദ്രന്‍ സാറിന്റെ മുഖത്ത്‌ ഒരു കുട്ടിയുടെ ആവേശം. ഇപ്പോള്‍ കോട്ടയം പാമ്പാടി പി.ടി.എം ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനാണ്‌ അദ്ദേഹം. എന്നാല്‍, തന്റെ അധ്യാപന ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ബാലലോകത്തിനായി സമയം കണ്ടെത്തുന്നു. “ബാലലോകം അത്‌ ഒരിക്കലും നിര്‍ത്തില്ല. ആരോഗ്യമുളളിടത്തോളം അത്‌ തുടരും. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്‌. ശാരീരികമായും സാമ്പത്തികമായും എന്നാല്‍ അവയെ എല്ലാം തരണം ചെയ്‌ത്‌ ഇവിടം വരെയെത്തി. ഇത്രയും വര്‍ഷത്തെ ബാലലോകം പരിപാടി അവതരണത്തിനിടെ മറക്കാനിഷ്‌ടപ്പെടുന്ന ഒരു സംഭവം പോലുമില്ല. ഞാന്‍ ഭംഗിവാക്ക്‌ പറയുകയല്ല. സത്യമാണ്‌. എന്നെ ഇന്നു കാണുന്ന നിലയിലെത്തിച്ചതിനു പിന്നില്‍ ബാലലോകത്തിന്റെ പങ്ക്‌ അമൂല്യമാണ്‌. ബാലലോകത്തിലൂടെ ഞാന്‍ പരിചയപ്പെടുത്തിയ കുട്ടികളെല്ലാം- ഇന്ന്‌ പലരും കുട്ടികളല്ല, എന്നെ ഇന്നും ഓര്‍ത്തിരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണത്‌. അതാണെന്റെ ആത്മസംതൃപ്‌തി. പിന്നെ ആദ്യത്തെ ഏതാനും പ്രോഗ്രാമുകളിലൊഴിച്ച്‌ മിക്കതിലും ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങളാണ്‌ കുട്ടികള്‍ പാടുന്നത്‌ അവ കേള്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷം അവയും വാക്കുകള്‍ക്ക്‌ അതീതമാണ്‌'. കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനോടൊപ്പം അവര്‍ക്ക്‌ പാടാനുളള വേദിയൊരുക്കാനും സാറ്‌ ശ്രദ്ധിക്കുന്നു. പാടാന്‍ കഴിവുളളതു കൊണ്ടു മാത്രം ഒരാള്‍ ഗായകനാവുന്നില്ല, പാടാനുളള അവസരവും പ്രധാനമെന്നു വിശ്വസിക്കുന്നയാളാണ്‌ ചന്ദ്രന്‍ സാറ്‌. അതാണ്‌ ഇന്നും ബാലലോകം അവതരിപ്പിക്കാന്‍ സാറിനെ പ്രേരിപ്പിക്കുന്ന പ്രേരകശക്തി.
ആദ്യമായി സ്‌കൂളില്‍ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങിയ കാലത്ത്‌ ധാരാളം ബുദ്ധിമുട്ടുകളും സാറിന്‌ നേരിടേണ്ടി വന്നു. ഒരു ക്ലാസില്‍ നിരവധി കുട്ടികള്‍; സംഗീതത്തോട്‌ താത്‌പര്യമുളളവരും തീരെ താത്‌പര്യമില്ലാത്തവരുമായ കുട്ടികള്‍. ഇവരെകൊണ്ടെല്ലാം പാട്ടു പാടിക്കുക. അസാധ്യം എന്ന്‌ മിക്കവരും സാക്ഷ്യപ്പെടുത്തും. എന്നാല്‍, അവിടെയാണ്‌ ചന്ദ്രന്‍ സാറ്‌ തന്റെ മികവ്‌ തെളിയിച്ചത്‌. എല്ലാ കുട്ടികളെ കൊണ്ടും അവരിഷ്‌ടപ്പെടുന്ന പാട്ട്‌ പാടാന്‍ സാറ്‌ അ വസരമൊരുക്കി. അങ്ങനെ പാടിയവര്‍ വലിയ പാട്ടുകാരൊന്നുമായില്ലെങ്കിലും അന്ന്‌ പാടാന്‍ കിട്ടിയ അവസരം വിനിയോഗിക്കുക വഴി തങ്ങള്‍ക്കു ലഭിച്ച ആത്മവിശ്വാസം ഭാവി ജീവിതത്തിന്‌ മുതല്‍ക്കൂട്ടായെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുമ്പോളും ചന്ദ്രന്‍ സാറിന്റ മുഖത്ത്‌ ഒരു ചെറുപുഞ്ചിരിമാത്രം.
രണ്ടു തലമുറയിലധികം കുട്ടികളെ ബാലലോകത്തിലൂടെ സാറ്‌ മലയാളി പ്രേഷകര്‍ക്ക്‌ പരിചയപ്പെടുത്തി. മികച്ച ഗായികയ്‌ക്കുളള ഉദയഭാനു ഫൗണ്ടേഷന്‍ പുരസ്‌കാരം നേടിയ രഞ്‌ജിനി ജോസ്‌, കൈരളി ടി വി നടത്തുന്ന ഗന്ധര്‍വസംഗീതം ജൂനിയര്‍ വിഭാഗത്തില്‍ ഫൈനലിസ്റ്റായ ഭരത്‌ തുടങ്ങി നിരവധി പേര്‍ ചന്ദ്രന്‍ സാറിന്റെ ശി ഷ്യന്‍മാരായുണ്ട്‌. ഗായകനും സം ഗീതഅധ്യാപകനുമപ്പുറം ചന്ദ്രന്‍ സാറ്‌ സം ഗീതസംവിധായകന്‍ കൂടിയാണ്‌. അദ്ദേഹം സംഗീതം നല്‍കിയ ആവണിപുലരിച്ചന്തം, അഭയം വരദം തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രോതാക്കളുടെ മുക്തകണ്‌ഠമായ പ്രശംസ നേടിയതാണ്‌. ചങ്ങനാശേരിയിലെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച്‌ തയാറാക്കിയ 'അഭയം വരദം' ഭക്തിഗാന രംഗത്തെ പുത്തന്‍ പരീക്ഷണമായിരുന്നു.


തിരുവനന്തപുരത്തെ ആകാശവാണി സ്റ്റുഡിയോയിലാണ്‌ ബാലലോകത്തിന്റെ റെക്കോര്‍ഡിംഗ്‌ നടക്കുന്നത്‌. റെക്കോര്‍ഡിംഗിനായുള്ള യാത്രയില്‍ കുട്ടികളോടൊപ്പം തന്റെ ഭാര്യയും ഒപ്പമുണ്ടാകാറുണ്ടെന്ന്‌ സാര്‍ പറഞ്ഞു. തന്റെ ജീവിത വിജയത്തിനു പിന്നില്‍ തന്റെ ഭാര്യ രമണിയാണെന്ന്‌ സാറ്‌ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യയുടെ സഹകരണമില്ലായിരുന്നെങ്കില്‍ താന്‍ ഒരിടത്തും എത്തില്ലായി രുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കളായ വീണയും വികാസും അച്ഛനു പിന്തുണയു മായുണ്ട്‌. ചന്ദ്രന്‍ പാമ്പാടി പാടിപ്പിക്കുകയാണ്‌. പുതുതലമുറയെ സംഗീതലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ട്‌...
ഫോട്ടോ: സനല്‍ വേളൂര്‍

Thursday, June 4, 2009

തെരുവിന്റെ സ്വന്തം

സന്ദീപ്‌ സലിം
തെരുവില്‍ സൂര്യനുദിച്ചു
നട്ടുച്ച
കുരീപ്പുഴയുടെ 'കറുത്ത നട്ടുച്ച'
തെരുവിന്റെ മധ്യത്തില്‍
വണ്ടി ബ്രേക്ക്‌ ഡൗണായി
റിയര്‍ വ്യൂ മിററില്‍ കണ്ട കാഴ്‌ചകള്‍ മാനഭംഗത്തിന്റെ മാറാപ്പുമായ്‌
പടിയിറങ്ങുന്നവള്‍
പരസ്‌പരം കൊന്നു തിന്നുന്ന ഉടലിന്റെ
പ്രാര്‍ഥനകള്‍
തൃഷ്‌ണ പോറ്റും പിശാചുക്കള്‍
തിന്നൊടുക്കും കിനാവുകള്
‍ചോരമോന്തിയ പകയുടെ ,
മരണഗന്ധം പരത്തി പോര്‍വിളിക്കുവോര്
‍ജീവിതത്തിന്റെ അയക്കയര്‍ നിറയെ
പരപുരുഷന്റെ ഈര്‍പ്പമുണങ്ങാത്ത പെണ്ണുടുപ്പുകള്‍
തോലുരിച്ച പോത്തിന്റെ പ്രാണന്‌
അന്ത്യകൂദാശ നല്‍കുവോര്
‍കൊഴുത്ത പായ്‌ചെളിപ്പുതപ്പില്‍
പുഴുത്തു ചീയുന്ന ഇരുളിന്റെ ഗന്ധം
വണ്ടി കയറി ചത്ത നായുടെ
ചിതറിവീണ തലച്ചോര്‍പ്പൂവുകള്‍
തെരുവിന്റെ ഗര്‍ഭപാത്രത്തില്‍
കുരുക്കുന്ന ചോരപൊതിഞ്ഞ ഭ്രൂണങ്ങള്‍

പിന്നീടെപ്പോഴോ കാഴ്‌ചകളികളില്‍
മനം മടുത്ത്‌ തിരികെ നടക്കാന്
‍ശ്രമിക്കവേ ആ സത്യം ഞാനറിഞ്ഞു
ഞാനും തെരുവിന്‍ സ്വന്തമായെന്ന സത്യം.

Sunday, May 31, 2009

മാധവിക്കുട്ടി (പറഞ്ഞ വാക്കുകളുടെ അര്‍ഥം)




പത്താം വയസില്‍
അക്ഷരങ്ങള്‍ കൂട്ടി വാക്കായി വായിക്കാന്‍ പഠിച്ച കാലത്ത്‌
'എന്റെ കഥ' പോലൊന്ന്‌
എനിക്കും എഴുതണമെന്നു പറഞ്ഞു കരഞ്ഞിരുന്നത്രെ
അച്ഛന്‍ പറഞ്ഞറിഞ്ഞതാണ്‌
പിന്നീട്‌ 'ഭയം എന്റെ നിശാവസ്‌ത്രം' വായിച്ചപ്പോള്‍
അതു പോലൊരു നിശാവസ്‌ത്രം സ്വപ്‌നം കണ്ടു
പിന്നീട്‌ വാക്കുകള്‍ എന്‍ ചിന്തയാകുന്ന ജലാശയത്തില്‍ പതിക്കുന്ന കല്ലുകളായി
നീ എറിഞ്ഞിട്ട കല്ലുകളെല്ലാം എന്റെ മനസിന്റെ
അടിത്തട്ടില്‍ പുറ്റു പോലെ പറ്റിപ്പിടിച്ചു
എന്നോ അവയോട്‌ തോന്നിയ(തോന്നിപ്പിച്ച) വെറുപ്പ്‌ അവയെ നിഷേധിക്കാന്‍ പഠിപ്പിച്ചു
പിന്നീട്‌ 'നഷ്ടപ്പെട്ട നീലാംബരി' വായിച്ചപ്പോള്‍(വായിക്കാന്‍ വളരെ വൈകി)
നഷ്ടപ്പെടുത്തിയ വാക്കുകളുടെ വില കൂട്ടിയെടുക്കാന്‍ശ്രമിച്ചു
ഇന്ന്‌ പ്രഭാതത്തില്‍ വാക്കുകള്‍ പരാജയപ്പെടുന്ന ലോകത്തേയ്‌ക്ക്‌
നീ പറന്നു പോവുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു
വഴിയമ്പലത്തില്‍ ആല്‍മരത്തിലെ പക്ഷികള്‍ പിറ്റേ ദിവസം
തങ്ങളുടെ വഴിക്ക്‌ പറന്നു പോവുമ്പോള്‍ പറഞ്ഞ വാക്കുകളുടെ അര്‍ഥം
കാരിക്കേച്ചര്‍: അഭിലാഷ്‌ തോമസ്‌

Thursday, May 21, 2009

ഇന്‍ക്രെഡിബിള്‍ വര്‍മ



"ഹെയ്‌ഡനും ഗില്‍ക്രിസ്‌റ്റും ഡിവില്യേഴ്‌സും ഡുമിനിയും സുരേഷ്‌ റെയ്‌നയും ധോണിയുമൊക്കെ ഐ.പി.എല്ലില്‍ തകര്‍ത്താടുമ്പോള്‍ ജനം കാത്തിരിക്കുന്നത്‌ ബൗണ്ടറികള്‍ക്കുമീതേ പറന്നുയരുന്ന സിക്‌സറുകള്‍ക്കും പുല്‍നാമ്പുകളെ ചുംബിച്ചു പായുന്ന ഫോറുകള്‍ക്കും വേണ്ടിയല്ല ഓരോ ഓവറിന്റെയും ഇടവേളകളില്‍ ഓടിയെത്തുന്ന വോഡഫോണ്‍ പരസ്യത്തിലെ സൂസൂ എന്ന കഥാപാത്രത്തെ കാണാനാണ്‌. ഐ.പി.എല്ലിനേക്കാളും ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്‌ സൂസുവിനെക്കുറിച്ചാണ്‌. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഈ ക്രിക്കറ്റ്‌ കമ്പക്കെട്ടിലെ താരം സൂസുവാണ്‌."
ജയിംസ്‌ ജോസഫ്‌ & സന്ദീപ്‌ സലിം


സിനിമകളെ ഭ്രാന്തമായി സ്‌നേഹിച്ചു നടന്നിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു ആലപ്പുഴയില്‍. കോളജ്‌ പഠനകാലത്ത്‌ തീയറ്ററുകള്‍ കയറിയിറങ്ങി സിനിമകള്‍ കാണുന്നതിന്‌ വീട്ടില്‍നിന്ന്‌ വഴക്കു കേള്‍ക്കുകയും പിറ്റേന്ന്‌ വീണ്ടും വര്‍ധിച്ച ആവേശത്തോടെ സിനിമ കാണാന്‍ പോവുകയും ചെയ്‌തു കൊണ്ടിരുന്നൊരു ചെറുപ്പക്കാരന്‍. ഒരു മധ്യവര്‍ഗ-ഉദ്യോഗസ്ഥ കുടുംബത്തില്‍നിന്നുള്ള തനിക്ക്‌ വീട്ടുകാരുടെ ആഗ്രഹം പോലെ സ്ഥിരവരുമാനമുള്ളൊരു ഉദ്യോഗസ്ഥനാകാന്‍ താത്‌പര്യമില്ലെന്ന്‌ മനസിലാക്കിയ ആ യുവാവ്‌ സിനിമയില്‍ പയറ്റിത്തെളിയാന്‍ ബാംഗളൂരിലേക്കു വണ്ടികയറി. അവിടെ ഒരു കമ്പനിയില്‍ രണ്ടുവര്‍ഷത്തോളം താത്‌പര്യമില്ലാതിരുന്നിട്ടും ആത്മാര്‍ഥമായി പണിയെടുത്ത ആ യുവാവ്‌ ഇന്ന്‌ അന്താരാഷ്‌്‌്‌ട്ര തലത്തില്‍ അറിയപ്പെടുന്നൊരു പരസ്യസംവിധായകനാണ്‌. പ്രകാശ്‌ വര്‍മ. പരസ്യലോകത്തെ പരീക്ഷണങ്ങളുടെ തമ്പുരാന്‍.

ഐ.പി.എല്ലില്‍ നിറഞ്ഞുനിന്ന വോഡഫോണ്‍ പരസ്യത്തിന്റെ സംവിധായകന്‍; പ്രകാശ്‌ വര്‍മ. `സൂസൂ വര്‍മ'. താന്‍ സംവിധാനം ചെയ്‌ത പരസ്യ ങ്ങളെക്കുറിച്ചും സൂസൂവെന്ന കഥാപാത്രത്തെക്കു റിച്ചും ആലപ്പുഴയിലെ വീട്ടില്‍വച്ച്‌ `ദീപിക ലാപ്‌ടോപ്പി'നോട്‌ മനസു തുറന്നപ്പോള്‍. ``ഒരു ടെലിഫോണ്‍ ബ്രാന്‍ഡിനെ സംബന്ധിച്ച്‌ സ്റ്റോക്ക്‌ അലേര്‍ട്ട്‌, ഹോറോസ്‌കോപ്പ്‌, ബ്യൂട്ടി ടിപ്‌സ്‌ തുടങ്ങി വ്യത്യസ്‌തങ്ങളായ നിരവധി സേവനങ്ങള്‍ നല്‍കുന്ന പ്രൊഡക്‌റ്റുകളുണ്ട്‌. ഇവയെല്ലാം പ്രമോട്ട്‌ ചെയ്യാന്‍ കഴിയുന്ന ഒരു സ്‌പേസാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌. വോഡഫോണ്‍ കമ്പനിയുമായി എനിക്ക്‌ അഞ്ചെട്ടുവര്‍ഷത്തെ ബന്ധമാണുള്ളത്‌. ഈ കമ്പനിയാണ്‌ ഐ.പി.എല്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. ഇങ്ങനെയുള്ള അവസരത്തില്‍ അവര്‍ക്ക്‌ കുറെയേറെ ഫിലിംസ്‌(പരസ്യങ്ങള്‍) ചെയ്യണം. എനിക്കാണെങ്കില്‍ സമയമില്ല. ഞാനുമായി വര്‍ഷങ്ങളായി നല്ല ബന്ധമുള്ള ബ്രാന്‍ഡാണ്‌ വോഡഫോണ്‍.


സാധാരണ യായി എനിക്ക്‌ സമയമില്ലെങ്കില്‍ സമയമില്ലെന്നുപറഞ്ഞ്‌ ഞാന്‍ ഒഴിഞ്ഞ്‌ മാറുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍, ഇവരോട്‌ അങ്ങിനെ പറയാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ ഒരുമാസത്തെ സമയമേയുള്ളൂ. മുപ്പത്‌ പരസ്യങ്ങള്‍ ഈ സമയത്തിനുള്ളില്‍ തീര്‍ക്കണം. ഈ ജന്മത്ത്‌ നടക്കുന്ന കാര്യമല്ല. അതിന്‌ സമയമെടുക്കും.ഈ പരസ്യ ങ്ങളുടെ ചിന്ത, സ്‌ട്രക്‌ച്ച റിംഗ്‌, ക ഥാ പാത്രങ്ങ ള്‍ എന്നിങ്ങ നെ നിരവധി കാര്യങ്ങളുണ്ട്‌. വലിയ ജോലിയാണ്‌. അങ്ങി നെ നോക്കു മ്പോള്‍ ഇത്‌ ഇംപോസിബിള്‍...


അതു കൊണ്ടാണ്‌ ഇങ്ങനെ വ്യ ത്യസ്‌തങ്ങളായൊരു ലോകവും ക ഥാപാത്രങ്ങളും സൃഷ്‌്‌ടിച്ചത്‌. ഇതി ന്റെ തുടക്കത്തില്‍ ഞാനും ഒ ആന്‍ഡ്‌ എമ്മിലെ ക്രിയേറ്റീവും കൂടിയിരുന്ന്‌ ഇ ക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ( ഒ ആന്‍ഡ്‌ എം- വോഡഫോണിന്റെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പരസ്യ ഏജ ന്‍സി.)ഞാനാണല്ലോ ഇത്‌ സംവിധാനം ചെയ്യുന്നത്‌. അതിനാല്‍ ഇതിന്റെ ഓരോ ഘട്ടത്തിലേയും മാറ്റങ്ങളും മറ്റും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചാണ്‌ ഉണ്ടാക്കിയത്‌. അങ്ങിനെയാണ്‌ ഇപ്പോള്‍ കാണുന്ന ഈ പരസ്യമുണ്ടായത്‌. ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക്‌ ആകര്‍ഷകമായിരുന്നു ഈ പരസ്യത്തിന്റെ ആശയം. വളരെ ഡിഫ്രന്റായുള്ള ലോകം, കഥാപാത്രങ്ങള്‍, മനുഷ്യ ബന്ധങ്ങളൊക്കെയുള്ള, മാനുഷികവികാരങ്ങളൊക്കെയുള്ള കഥാപാത്രങ്ങള്‍, നമ്മുടെ യൊക്കെ ജീവിതത്തിലെ സിറ്റുവേഷനുകളുമാണ്‌. എന്നാല്‍, അന്യഗ്രഹ ജീവികളെപ്പോലെ തോന്നാനും പാടില്ല. അങ്ങിനെ യെങ്കില്‍ ഇവിടെ എന്തുതരം കഥാപാത്രങ്ങളെ ഉപയോഗിക്കണമെന്നായി ചിന്ത. അങ്ങിനെ രണ്ടുതരം കഥാപാത്രങ്ങളെ ഞങ്ങള്‍ വരച്ചുണ്ടാക്കി. അങ്ങിനെയായപ്പോള്‍ എനിക്ക്‌ വളരെ ഇന്ററസ്റ്റിംഗായി തോന്നി.


ഇതുവരെ ആരും ചെയ്യാത്ത രീതിയിലുള്ള ഒരു ഫിലിം മേക്കിംഗ്‌ പരീക്ഷിച്ചാലോ എന്നുഞാന്‍ ചിന്തിച്ചു. അനിമേഷന്‍ എല്ലാവരും ചെയ്യുന്നതാണ്‌. അതു ചെയ്‌തുതീരാന്‍ കുറേനാളെടുക്കും. അനിമേഷന്‍ പോലെ ഇരിക്കുന്ന; എന്നാല്‍, ലൈവായി ഷൂട്ട്‌ ചെയ്‌താല്‍ രസകരമായിരിക്കുമെന്ന്‌ എനിക്ക്‌ തോന്നി. അങ്ങിനെ രണ്ടു തരം കഥാപാത്രങ്ങ ളെയാണ്‌ ഞങ്ങള്‍ ഉണ്ടാക്കിയത്‌. ഈ കഥാപാത്രങ്ങളുടെ ഭംഗയല്ല. ഇവരുടെ പ്രാക്‌്‌ടിക്കാലിറ്റിയാണ്‌ നോക്കേണ്ടത്‌. അവരിരിക്കും അവര്‍ ചിരിക്കും അവര്‍ വീഴും അങ്ങിനെ നിരവധികാര്യങ്ങളുണ്ട്‌. കുറച്ചുകൂടി ലളിതമായിരിക്കണം. അങ്ങിനെ ഞാ നെന്റെ കോസ്‌റ്റിയൂം ഡിസൈനറുമായി ചര്‍ച്ചചെയ്‌തു. ഈ രണ്ടു തരം ഡ്രസൊക്കെയിട്ട്‌ പരീക്ഷിച്ചപ്പോള്‍ ഇപ്പോള്‍ കാണുന്ന ഈ കഥാപാത്രമാണ്‌ സൗകര്യമെന്ന്‌ മനസിലായി. ഈ കഥാപാത്ര ത്തെ മൂന്നുഭാഗങ്ങളായി തിരിച്ചു. തല, ഉടല്‍, പി ന്നെ കാലുകള്‍. അങ്ങനെ കഥാപാത്രങ്ങളെക്കുറി ച്ച്‌ തീരുമാനമായി. പിന്നെ അവരുടെ വലുപ്പം. അവര്‍ക്ക്‌്‌്‌ സ്‌ട്രയിഞ്ചായിട്ടുള്ള സൈസാണെങ്കില്‍ വളരെ ക്യൂട്ടായിട്ട്‌ എനിക്ക്‌ തോന്നി. അങ്ങിനെയാണ്‌ കുട്ടികളേയും ഈ കഥാപാത്രങ്ങള്‍ക്കായി ഉ പയോഗിക്കാമെന്ന്‌ തീരുമാനിക്കുന്നത്‌. ഇത്‌ ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണിലാണ്‌ ഷൂട്ട്‌ ചെയ്യുന്നത്‌. കാരണം, ഇത്‌ വ്യത്യസ്‌തമായ ഒരു പരസ്യമാണ്‌. ഇതിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവരരുതെന്ന്‌ എനിക്കാഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഫോട്ടോകളും മറ്റുവിവരങ്ങളും പുറത്തുവന്നാല്‍ ഇതിന്റെ പുതുമ പോവും. ഒരു സര്‍പ്രൈസ്‌ പോലെ ഒരു ദിവസം അങ്ങനെ ടിവിയില്‍ പ്രത്യക്ഷപ്പെടണം... എങ്കില്‍ മാത്രമേ ആളുകളെ ഇത്‌ ആകര്‍ഷിക്കുകയുള്ളൂ. ചുളിവുകള്‍ വീഴാത്തതരത്തിലുള്ള ബോഡി സ്യൂട്ടുകളാണ്‌ ഞങ്ങള്‍ കഥാപാത്രങ്ങള്‍ ക്കായി തെരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍, തല സാധാര ണ ഗതിയിലും വലുപ്പമുള്ളതായിരുന്നു. അതിന്‌ ഫൈബര്‍ ഗ്ലാസ്‌ പോലുള്ളവയാണ്‌ ഉപയോഗിച്ചത്‌.


കുട്ടികളെയൊക്കെവച്ച്‌ ഷൂട്ട്‌ ചെയ്യുമ്പോള്‍ അവര്‍ക്ക്‌ ഒത്തിരിയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന്‌ മനസിലാക്കിയാണ്‌ ഞങ്ങള്‍ മുതിര്‍ന്നവരേയും ഇതിനായി ഉപയോഗിച്ചത്‌. തലയെന്നു പറഞ്ഞാല്‍ വളരെ വലുപ്പമുണ്ട്‌. ചെറിയ തുളകളൊക്കെയുണ്ടെന്ന്‌ പറഞ്ഞാലും ശ്വാസമെടുക്കാനൊക്കെ ഒത്തിരി പ്രയാസമാണ്‌. പ്രധാനമായും സ്‌ത്രീകളെയാണ്‌ ഞങ്ങള്‍ ഈ കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തത്‌. കാരണം അവരുടെ ശരീരം വളരെ സ്ലിമ്മാണ്‌. വലിയ ഉടലും തീരെ മെലിഞ്ഞ കാലുകളും കൈകളുമൊക്കെയായി സ്‌ട്രയിഞ്ചായൊരു രൂപം ഫീലുണ്ടാക്കാന്‍ ഇവരെ ഉപയോഗിച്ചാല്‍ കഴിയുമെന്ന്‌ ഞങ്ങള്‍ മനസിലാക്കി. ഇത്തരത്തില്‍ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയപ്പോള്‍ എന്റെ എല്ലാ പ്ലാനുകളും അതിനനുസരിച്ച്‌ മാറാന്‍ തുടങ്ങി. നോര്‍മലായിട്ടുള്ള ആള്‍ക്കാരായപ്പോള്‍ അവരുടെ പ്രപ്പോഷനനുസരിച്ച്‌ ബാക്കിയുള്ള വസ്‌തുക്കള്‍ളൊക്കെ വലുപ്പത്തില്‍ ഉണ്ടാക്കി. ഒരു ഫോട്ടോകോപ്പി മെഷീന്‍ അവിടെ വച്ചിരിക്കുമ്പോള്‍. ഇവരെല്ലാവരും അതില്‍ തലവച്ച്‌ പോവുമ്പോള്‍ ഇവരുടെ വലുപ്പത്തിനനുസരിച്ച്‌ ആ ഫോട്ടോകോപ്പിമെഷീന്റെ വലുപ്പവും വര്‍ധിപ്പിച്ചു. അങ്ങിനെ അവരിരിക്കുന്ന ബഞ്ച്‌ വലുതാക്കി. അങ്ങിനെ വരുമ്പോള്‍ ഈ കഥാപാത്രങ്ങള്‍ തീ രെചെറുതല്ല. എന്നാല്‍, ഒരു സ്‌ട്രേഞ്ച്‌ ഫീല്‍ ചെയ്യും.

അങ്ങിനെ പലപല ലെയറുകള്‍ ഞങ്ങള്‍ ഇതില്‍ കൊണ്ടുവന്നു. വലിയൊരു ഫ്‌ളോര്‍ എടുത്ത്‌ അതുമുഴുവന്‍ ഗ്രേ പെയിന്റടിച്ചു. അനിമേഷന്‍ ഫിലിമുകളിലെപ്പോലെ ഞങ്ങള്‍ വസ്‌തുക്കള്‍ ഡിസൈന്‍ ചെയ്‌തു. എല്ലാം പ്രോപ്പറല്ല. നേരെയുള്ള വരകളല്ല; അല്‍പം വളഞ്ഞിട്ടുള്ളതാക്കി. അങ്ങനെ ഒരു അനിമേഷന്‍ ചിത്രമെന്ന തോന്നലുണ്ടാക്കി. ഈ പരസ്യ ങ്ങളില്‍ ഒരു കാറുകാണിക്കുന്നുണ്ട്‌. യഥാര്‍ഥ കാറിനെപ്പോലെയുള്ളതല്ല. വളവൊക്കെയായി ഒരു അനിമേഷന്‍ ചിത്രത്തിലേതുപോലെ. എന്നാല്‍, അനിമേഷനാണോ അല്ല. തീര്‍ച്ചയായും ഇത്‌ മനസിലാകും. എന്നാലും കാണുന്നവര്‍ക്കൊരു ക്യൂരിയോസിറ്റി തോന്നും. അങ്ങിനെ ഇതിനൊരു ഭംഗിയൊക്കെയുണ്ട്‌.


രണ്ടാമത്തെ കാര്യം ഇതിന്റെ സ്‌പീഡ്‌. ഇത്‌ സാധാരണ ഫിലിം കാമറയിലാണ്‌ ഷൂട്ട്‌ ചെയ്യുന്നത്‌. ഒരു സെക്കന്‍ഡില്‍ 25 ഫ്രെയിമാണ്‌ സാധാരണയുള്ള ഷൂട്ടിംഗ്‌ സ്‌പീഡ്‌. എന്നാല്‍, ഞാന്‍ ഒരു സെക്കന്‍ഡില്‍ 20 ഫ്രെയിംവച്ചാണ്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തത്‌. അങ്ങനെ വരുമ്പോള്‍ സാധാരണ ഗതിയിലും കുറച്ച്‌ വേഗത കൂടും. എന്നാല്‍, അത്‌ വളരെ സ്‌പീഡൊന്നുമല്ല. ഒരു ഫണ്ണിയായുള്ള വേഗത. കഥാപാത്രങ്ങളുടെ ചലനങ്ങള്‍ ഇണങ്ങുന്ന തരത്തിലുള്ള വേഗതയാണിത്‌.

ഈ കഥാപാത്രങ്ങള്‍ക്ക്‌ ഷൂട്ട്‌ ചെയ്യുമ്പോള്‍ ഒ ന്നുംകാണാന്‍ സാധിക്കില്ല. പ്രത്യേകിച്ച്‌ രണ്ടു കഥാപാത്രങ്ങളില്‍ കൂടുതലുള്ള ചിത്രമാണെങ്കില്‍ മറ്റുള്ളവരെന്താണ്‌ ചെയ്യുന്നതെന്ന്‌ ഇവര്‍ക്ക്‌ കാണാന്‍ കഴിയില്ലല്ലോ. ഇതില്‍ ടൈമിംഗ്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഒരാളുടെ ആക്‌ഷന്‍ ചെയ്‌തു അതു കഴിഞ്ഞ്‌ മറ്റേയാള്‍ റിയാക്ട്‌ ചെയ്‌തു. അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഇതിലുണ്ട്‌. ഓരോ ടേക്കിനു മുമ്പും ഇവരുടെ തലപൊക്കി ഞാന്‍ കാണിച്ചു കൊടുക്കും എങ്ങനെയണ്‌ ഈ ഭാഗത്ത്‌ അഭിനയി ക്കേണ്ടെതെന്ന്‌. ഇത്‌ മനസിലാക്കി ഇവര്‍ ബ്ലൈന്‍ഡായി അഭിനയിക്കുകയാണ്‌. ഒരു കണക്കുകൂട്ടലോടെയുള്ള അഭിനയം. ചിലപ്പോഴൊക്കെ ഇവര്‍ നേരെ നടന്ന്‌ കാമറയില്‍ ഇടിച്ചുവീണിട്ടുണ്ട്‌്‌. കാരണം ഇവര്‍ക്ക്‌ ഒന്നും കാണാന്‍ സാധിക്കില്ലല്ലോ.

തിരിഞ്ഞു നോക്കുമ്പോള്‍ വളരെ സംതൃപ്‌തിയുണ്ട്‌. റിക്കോര്‍ഡ്‌ ടൈമിലാണ്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തതു തീര്‍ത്തത്‌. ഐ.പി.എല്ലില്‍ ഈ പരസ്യം സംപ്ര ക്ഷേപണം ചെയ്യണമെന്ന്‌ എനിക്കും അവര്‍ക്കും(വോഡഫോണിനും) ആഗ്രഹമുണ്ട്‌. പത്തുദിവസം കൊണ്ടാണ്‌ ഞാന്‍ മുപ്പതോളം ചിത്രങ്ങള്‍ ഷൂട്ട്‌ ചെയ്‌തത്‌.

ഇതിന്റെ സൗണ്ട്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഞാന്‍ തന്നെ പലപല രീതിയില്‍ റെക്കോര്‍ഡ്‌ ചെയ്‌തു മറ്റൊരാളോടൊപ്പമിരുന്ന്‌്‌ സ്‌പീഡ്‌ ചെയ്‌തു പിച്ച്‌ ചെയ്‌താണ്‌ ഇതിന്റെ സൗണ്ട്‌ എഡിറ്റിംഗ്‌ ചെയ്‌തിരിക്കുന്നത്‌. ഈ ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ ചിരിക്കുന്നതായിട്ടുണ്ട്‌. ഇവര്‍ ചിരിക്കുന്നത്‌ ഫാസ്റ്റായിട്ടാണെങ്കിലും ആ ചിരി റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ ഹാ...ഹാ...ഹാ...ഹാ... എന്ന്‌ സ്ലോ ആയിട്ടുവേണം റെക്കോര്‍ഡ്‌ ചെയ്യാന്‍. അങ്ങനെ വരു മ്പോള്‍ മാത്രമേ ഹിഹിഹിഹിഹിഹിഹി എന്ന്‌ അവര്‍ ചിരിക്കുന്നതായിട്ട്‌ വരുകയുള്ളൂ. ഇത്തരത്തില്‍ ഒത്തിരിയേറെ ചെറിയ ചെറിയ കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.


നല്ല പ്ലാനിംഗില്ലാതെ ഇത്‌ ചെയ്യാന്‍ സാധിക്കില്ല. ഇത്‌ പ്രീപ്രൊഡക്‌്‌ഷനുതന്നെ ഒരു മാസത്തെ സമയമെടുത്തു. ഈ പ്ലാനിംഗ്‌ ഉള്ളതു കൊണ്ടാണ്‌ പത്തുദിവസം കൊണ്ട്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തു തീര്‍ക്കാന്‍ സാധിച്ചത്‌്‌. ഇതിന്റെ എല്ലാ ഫ്രെയിമിനും സ്‌റ്റോറീ ബോര്‍ഡ്‌ തയാറാക്കി. ഓരോ രംഗത്തുംവരേണ്ട കഥാപാത്രങ്ങളുടെ റിയാക്‌്‌ഷനുകള്‍ വരച്ചുണ്ടാക്കി. അതിനനുസരിച്ച്‌ റബറില്‍ ഈ റിയാക്‌്‌ഷനുകള്‍ ഉണ്ടാക്കി. അതിനനുസരിച്ചാണ്‌ ഷൂട്ട്‌ ചെയ്‌്‌തിരിക്കുന്നത്‌. ഇതിന്റെ പോസ്‌റ്റ്‌ പ്രൊഡക്‌്‌ഷന്‍ സിമ്പിളായിരുന്നു. സാധാരണ പരസ്യ ചിത്രങ്ങളിലെപ്പോലെ ഹെവിഡ്യൂട്ടി പോസ്‌റ്റ്‌പ്രൊഡ ക്‌്‌ഷനൊന്നുമില്ലായിരുന്നു. എക്‌സ്‌്‌ട്രീമിലി സിമ്പിള്‍ എഡിറ്റിംഗ്‌. ചെയ്‌തതു മുഴുവന്‍ ഷൂട്ടിംഗിലായിരുന്നു. നല്ല പ്ലാനിംഗോടു കൂടിയായിരുന്നു ഇതിന്റെ ഷൂട്ടിംഗ്‌. ആദ്യത്തെ രണ്ടു മൂന്നു ദിവസം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനും എന്റെ കാമറാമാനും ഇതിലെ അഭിനേതാക്കള്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയുള്ളൊരു ഫോര്‍മാറ്റില്‍ ആരും ഇതുവരെ ഷൂട്ട്‌ ചെയ്‌തിട്ടില്ല. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ പിന്നെയൊരു ട്രാക്കിലെത്തി.

ഈ മുപ്പത്‌ പരസ്യ ചിത്രങ്ങളെന്നു പറഞ്ഞാല്‍ മുപ്പതു കഥകളാണ്‌. അല്ലെങ്കില്‍ ജീവിതത്തിലെ ഒരോ രസകരമായ നിമിഷങ്ങളാണ്‌. ഇതിലെ സ്റ്റോക്ക്‌ അലേര്‍ട്ട്‌ എന്നു പറയുന്ന ഒരു ചിത്രത്തില്‍ ഒരു ഹ്യൂമറില്ലെങ്കില്‍ ഒരുകാര്യവുമില്ല. ഈ ചിത്രംകൊണ്ട്‌ വോഡഫോണിന്റെ സ്‌റ്റോക്ക്‌ സര്‍വീസ്‌ സേവനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നില്ല. പക്ഷേ, വോഡഫോണ്‍ എന്ന ബ്രാന്‍ഡിന്റെ പ്രമോഷന്‍ അവിടെ നടക്കും. എന്നാല്‍, നമ്മള്‍ പറയുന്ന പ്രൊഡക്ടിനെക്കുറിച്ച്‌ സ്‌ട്രേറ്റ്‌ ഫോര്‍വേര്‍ഡായിട്ടല്ലാതെ ഇന്ററസ്റ്റിംഗായി ചെയ്‌തു കഴിഞ്ഞാല്‍ അത്‌ ചിന്തിപ്പിക്കും. ഈ പരസ്യങ്ങള്‍ ആദ്യം കാണുമ്പോള്‍ മനസിലാകണമെന്നില്ല. എന്നാല്‍, രണ്ടാമതെ കാണുമ്പോള്‍ മനസിലാവാതെയിരിക്കില്ല. ആദ്യം കാണുമ്പോള്‍ ചിരിക്കുന്നതെന്തുകൊണ്ടാണ്‌ അവരുടെ മൂവ്‌മെന്റ്‌സ്‌ കണ്ടിട്ടാണ്‌. അല്ലെങ്കില്‍ അതിലുള്ള രണ്ടുമൂന്നു കാര്യങ്ങള്‍ കണ്ടിട്ടാണ്‌. അല്ലാതെ അതുമുഴുവന്‍ മനസിലാക്കാനുള്ള സമയമില്ല. പിന്നെയും ചിരിക്കുന്നതെന്തുകൊണ്ടാണ്‌. അതുമനസിലായികഴിയുമ്പോഴാണ്‌ വീണ്ടും ചിരിക്കുന്നത്‌; ഇത്‌ കാണാതെ ചിരിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ വെറുതെ ചര്‍ച്ചചെയ്‌തു ചിരിക്കുകയാണ്‌. അങ്ങിനെ പ്രൊഡക്‌്‌ട്‌ അനുസരിച്ചാണ്‌ എല്ലാ സിറ്റുവേഷന്‍സും ക്രിയേറ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതിന്റെ സിറ്റുവേഷന്‍സ്‌ ക്രിയേറ്റ്‌ ചെയ്‌തിരിക്കുന്ന അവസരത്തില്‍ പരസ്യ ഏജന്‍സിയായ ഒ ആന്‍ഡ്‌ എമ്മുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒ ആന്‍ഡ്‌ എമ്മിലെ രാജീവ്‌ റാവുവാണ്‌ ഇങ്ങനെയൊരു പരസ്യത്തിന്റെ കണ്‍സപ്‌റ്റ്‌ കൊണ്ടുവരുന്നത്‌.

എനിക്കു ലഭിച്ച ഏറ്റവും വലിയ കാര്യമെന്നുവച്ചാല്‍ ട്രസ്റ്റാണ്‌. ഞാന്‍ ഇത്രയും നാള്‍ ഇന്‍ഡസ്‌ട്രിയില്‍ വര്‍ക്ക്‌ ചെയ്‌തിട്ടുള്ളതിന്റെ എസ്‌റ്റാബിഷ്‌മെന്റിന്റെ പേരില്‍ ഇവര്‍ക്ക്‌ എന്നിലുള്ള വിശ്വാസം. അതെനിക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യം. ചെയ്‌തു കഴിഞ്ഞാലും എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഇംപ്രവൈസ്‌ ചെയ്യാനുള്ള സ്വാതന്ത്ര്യവും മറ്റും. അത്‌ വലിയൊരു അനുഗ്രഹമല്ലേ... അങ്ങിനെ ഈ പരസ്യമൊക്കെ ചെയ്‌തു കഴിഞ്ഞാണ്‌ ഞങ്ങള്‍; ഞാനും രാജീവും ഇതന്റെ കാരക്‌്‌ടറിന്റെ പേരിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നത്‌. പരസ്യം ചെയ്യുന്നതിന്റെ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഇതിലെ കാരക്‌്‌ടര്‍ ഡവലപ്‌മെന്റിനെക്കുറിച്ച്‌ ചര്‍ച്ചചെയ്‌തിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം രാജീവ്‌ എന്നോട്‌ പറഞ്ഞു സൂസൂ എന്ന്‌ ഇതിന്‌ പേരിട്ടാലോ. ഫന്റാസ്റ്റിക്ക്‌... ഞാന്‍ പറഞ്ഞു. എന്തു പേരിട്ടാലും അത്‌ വര്‍ക്ക്‌ ചെയ്യും. ഈ പേരുമായി ബന്ധപ്പെട്ട്‌ പല പ്രൊഡക്‌ടുകളുംമറ്റും ഇറക്കാനും സാധിക്കും. ടോയ്‌സ്‌, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയവ.

ഈ പരസ്യം പോപ്പുലറാകുമെന്ന്‌ അറിയാമായിരുന്നു. എന്നാലും ഇത്രയും ക്ലിക്കാകുമെന്ന്‌ പ്രതീക്ഷിച്ചില്ല. കുറഞ്ഞ സമയം കൊണ്ട്‌ ചെയ്‌തു തീര്‍ത്തൊരു പരസ്യം, അതിന്‌ ഇത്രയും പ്രശസ്‌തിയും സ്വീകാര്യതും ഞാന്‍ എക്‌സ്‌പെക്‌റ്റ്‌ ചെയ്‌തിരുന്നില്ല. ഈ പരസ്യം ക്ലിക്കായതിനു ശേഷം ഓരോ മണിക്കൂറിലും അല്ലെങ്കില്‍ അരമണിക്കൂറിലും എന്നെ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ വിളിക്കാറുണ്ട്‌. എല്ലാ ദേശീയ മാധ്യമങ്ങളും ചാനലുകളും സൂസൂവിനെക്കുറിച്ച്‌ പ്രോഗ്രാം ചെയ്‌തു. ഹിന്ദുസ്ഥാന്‍ ടൈംസ്‌ പോലുള്ള ദേശീയ പത്രങ്ങള്‍ ഫ്രണ്ട്‌ പേജില്‍ ഒരു പരസ്യത്തെക്കുറിച്ച്‌ ന്യൂസ്‌ ഐറ്റം ചെയ്യുക. എനിക്ക്‌ തോന്നുന്നു, മറ്റൊരു പരസ്യചിത്രത്തെക്കുറിച്ചും ഇത്തരത്തില്‍ ആരും ഫ്രണ്ട്‌ പേജ്‌ സ്റ്റോറി ചെയ്യുക എന്നത്‌്‌ അപൂര്‍വമാണ്‌. ഫേസ്‌ബുക്കെന്ന സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റില്‍ സൂസൂവിന്റെ കമ്യൂണിറ്റിയില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തോളം പേരാണ്‌ അംഗങ്ങള്‍(ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത്‌്‌). ഇന്റര്‍നാഷണല്‍ തലത്തില്‍ ഒരു പരസ്യത്തെ സംബന്ധിച്ച്‌ ഇതൊരു റിക്കോര്‍ഡാണ്‌. ഇന്റര്‍നെറ്റ്‌ ആഡ്‌ കാമ്പയിനില്‍ എക്രോസ്‌ ദ വേള്‍ഡ്‌ വോഡഫോണിന്റെ ഈ പരസ്യമാണ്‌ നമ്പര്‍ വണ്‍ എന്നാണ്‌ അമേരിക്കന്‍ ഏജന്‍സി നടത്തിയ സര്‍വേ ഫലങ്ങള്‍ പറയുന്നത്‌.

മേക്കിംഗ്‌ ഓഫ്‌ പൊറോട്ട

ഇതിലെ ഭാഷയ്‌ക്ക്‌ ഒരു ഭാഷയുമായും ബന്ധമുണ്ടാവരുത്‌. ഇതിലെ ലോകത്തിന്‌ നമ്മുടെ ലോകവുമായിട്ടും ഒരു ബന്ധവുമുണ്ടാവരുത്‌. എന്നാല്‍, കണക്‌റ്റടായിരിക്കുകയും വേണം. അതി ലെ മരങ്ങളും മറ്റും ഇത്തരത്തിലുള്ളൊരു ബന്ധത്തെക്കുറിക്കുന്നു. സൂസൂ ഇങ്ങനെ വെറുതെ കുറേ ശബ്ദങ്ങള്‍ പറയുന്നു. ഇ തിന്റെ ഇരുപതാമത്തെ ദിവസമാണെന്ന്‌ തോന്നുന്നു ഞാന്‍ ഇതിന്റെ ഡബ്ബിംഗ്‌ ചെയ്യുന്നത്‌. ഞാനെന്ന്‌ പറയുന്നത്‌ ശരിക്കുമൊരു ഹാര്‍ഡ്‌കോര്‍മലയാളിയാണ്‌. ഞാന്‍ ജനിച്ച്‌ വളര്‍ന്നത്‌ ഒരു മിഡില്‍ ക്ലാസ്‌ ഫാമിലിയിലാണ്‌. അതിന്റെ എല്ലാ വാല്യൂസും എന്നിലുണ്ട്‌. ഇതെല്ലാം എല്ലാ ദിവസവും ആസ്വദിക്കുന്ന ഒരുമനുഷ്യനാണ്‌ ഞാന്‍. ഇതിന്റെ റിക്കോര്‍ഡ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ രാത്രി രണ്ടുമണിക്കാണ്‌. എനിക്ക്‌ വിശന്നിട്ട്‌ കണ്ണുകാണാന്‍ വയ്യ. ഇതൊക്കെ എന്റെ ഫേവറേറ്റ്‌ ഭക്ഷണങ്ങളാണ്‌. ആ സമയത്ത്‌ എന്റെ കൈവിട്ട്‌ പോയിട്ട്‌ എന്നാല്‍, ഇത്‌ ഇങ്ങനെ ആ യിക്കോട്ടേ. എന്നെ മനസിലാക്കുന്ന കുറച്ച്‌ മലയാളികള്‍ക്ക്‌ ഇതി കിട്ടിക്കോട്ടെ എന്നുകരുതിയിട്ടാണ്‌ ചെയ്‌ത്‌. ഒരേ സമയത്ത്‌ ഒരു തമാശയും അതേ സമയം ഇതിനോടുള്ളൊരു ആഗ്രഹവും കൊണ്ടാണ്‌ കപ്പയും മീനും പുട്ടും കടലയും പൊറോട്ടയും എന്നു പറഞ്ഞത്‌.

എന്റെ സിനിമ


തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും. ആറുവര്‍ഷം മുമ്പൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞൊരു അവസ്ഥയിലാണ്‌ ഞാനിപ്പോഴും നില്‍ക്കുന്നത്‌. വിഷയം എന്തായാലും ഞാന്‍ അത്‌ ശരിക്കും മനസിലാക്കിയിരിക്കണം. ഭാഷ എന്തായാലും എനിക്ക്‌ പ്രശ്‌നമല്ല. കാരണം സിനിമ എന്നു പറയുന്നതിന്‌ ഒരു ഭാഷയില്ലെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. കേരളത്തിലെ ഒരു മതില്‍ കെട്ടിനകത്തുവച്ചെനിക്ക്‌ ഒരു ഫിലിം ഷൂട്ട്‌ ചെയ്യാന്‍ എനിക്കു സാധിക്കും. പക്ഷേ, ആ കഥയ്‌ക്കുള്ളിലെ സോളുണ്ടല്ലോ അത്‌ യൂണിവേഴ്‌സലായി എല്ലാവര്‍ക്കും ഫീല്‍ ചെയ്യുന്നതായിരിക്കണം. ഫ്രാന്‍സിലെ ഒരു തീയറ്റില്‍ അത്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിലെ ഇമോഷന്‍സ്‌ കാണികള്‍ക്ക്‌ കിട്ടണം. എന്റെ മനസില്‍ സിനിമയെക്കുറിച്ചു വരു ന്ന ചിന്തകള്‍ ഞാന്‍ കുറിച്ച്‌ വയ്‌ക്കാറുണ്ട്‌. പക്ഷേ, പലപ്പോഴും ഇന്ററസ്‌റ്റിംഗായിട്ടുള്ള പരസ്യങ്ങള്‍ വ രുമ്പോള്‍ അത്‌ കൈവിട്ടുപോവരുതല്ലോ എന്നു കരുതിഞാന്‍ ചെയ്യാറുണ്ട്‌. അത്‌ എന്റെ ജീവിതത്തെ സംബന്ധിച്ച്‌ മറ്റൊരു എക്‌സ്‌പോഷറാണ്‌. അത്‌ കൈവിട്ടു കളയാനുള്ള മടി. ഇതെല്ലാം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ എഴുതിവച്ചുതുമായി ബന്ധം പോയിരിക്കും. ചിലപ്പോള്‍ അടുത്തവര്‍ഷം ചെയ്യുമായിരിക്കും. ഞാന്‍ ഇപ്പോള്‍ പഴയതിനേക്കാളേറോ എന്റെ സിനിമയുമായി അടുത്താണ്‌. പക്ഷേ, എ പ്പോള്‍, എങ്ങി നെ യെന്നൊന്നും എനിക്ക്‌ പറയാന്‍ കഴിയില്ല.

ലോഹിതദാസിന്റെയും വി.കെ പ്രകാശിന്റെയും ശിക്ഷ്യനായി ദൃശ്യലോകത്തേക്ക്‌ കടന്നുവന്ന പ്രകാശ്‌ വര്‍മ 2001-ല്‍ നിര്‍വാണയെന്ന പരസ്യ നിര്‍മാണ കമ്പനി സ്ഥാപിച്ചുകൊണ്ട്‌ സ്വതന്ത്ര സംവിധായകനായി. ഹച്ച്‌, എയര്‍ടെല്‍, ബജാജ്‌, ഹുണ്ടായ്‌, നെസ്‌ കഫേ, വേള്‍ഡ്‌ സ്‌പേസ്‌ റേഡി യോ, ഡീ ബിയേഴ്‌സ്‌ നക്ഷത്ര, ഇന്‍ക്രെഡിബിള്‍ ഇന്ത്യ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പരസ്യങ്ങള്‍ പ്രകാശ്‌ വര്‍മയുടേതായിട്ടുണ്ട്‌. ഭാര്യ സ്‌നേഹ ഐപ്പ്‌. നിര്‍വാണയുടെ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസറാണ്‌. രണ്ടരവയസുകാരായ ഇരട്ടകള്‍ ആര്യനും അര്‍ജുനും മക്കള്‍.


Monday, May 18, 2009

നിണം ചൊരിഞ്ഞ രണത്തിന്‌ അന്ത്യം


ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നം വംശീയതയിലൂന്നിയ രാഷ്‌ട്രീയമാണ്‌. അതിനുളള പരിഹാരം നിരുപാധികമായി കണ്ടെത്തണം. സായുധ സമരത്തിലൂടെ സൈന്യം നേടിയ വിജയം ഒരിക്കലും ശ്രീലങ്കയിലെ തമിഴരുടെ പ്രശ ്‌നങ്ങള്‍ക്കുളള ശാശ്വത പരിഹാരമാകുന്നില്ല. ഇവിടെ യാണ്‌ ലങ്കന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ ഡിസില്‍വയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്‌. ``ശ്രീലങ്കയില്‍ (അന്ന്‌ സിലോണാണ്‌) തമിഴ്‌ ഭാഷയ്‌ക്കും സിംഹള ഭാഷയ്‌ക്കും തുല്യ പദവി നല്‍കിയാല്‍ ശ്രീലങ്ക ഒരു രാഷ്‌ട്രമായിരിക്കും. അതല്ലായെങ്കില്‍ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല''. അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാതിരുന്ന ലങ്കയിലെ സിംഹളഭരണാധികാരികളാണ്‌ എല്‍ടിടിഇ എന്ന തീവ്രവാദ സംഘടനയുടെ പിറവിക്ക്‌ വിത്തുപാകിയതെന്ന്‌ പറയാം.

ഭാഷാ ന്യൂനപക്ഷമായ തമിഴരെ ഒരിക്കലും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്‌ വരാന്‍ അനുവദിക്കാതിരുന്ന സിംഹള ഭരണാധികാരികളാണ്‌ ഒരു പ്രത്യേക രാഷ്‌ട്രം സ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പു പോലും അപകടത്തിലാകും എന്ന ചിന്തയിലേക്ക്‌ ശ്രീലങ്കയിലെ തമിഴ്‌ വംശജരെ നയിച്ചത്‌ . അഹിംസാവാദികളായ ബുദ്ധമതവിശ്വാസികളുടെ നാട്ടില്‍ ഒഴുകിയ ചോരപ്പുഴയുടെ ഉത്ഭവസ്ഥാനമായി ശ്രീലങ്ക മാറിയതിന്റെ കാരണവും മറ്റൊന്നല്ല. രാജ്യത്തെ നേതാക്കന്‍മാരും എന്തിന്‌ രാഷ്‌ട്രത്തലവന്‍മാര്‍ പോലും വധിക്കപ്പെടുന്നതു വാര്‍ത്തയാകാത്ത ഈ കൊച്ചു ദ്വീപുരാഷ്‌ട്രത്തില്‍ എത്രഭീകരമായ വാര്‍ത്ത കേട്ടാലും ഞെട്ടിത്തെറിക്കാത്ത അവസ്ഥയാ ണിന്ന്‌.

തമിഴരുടെ മനസില്‍ പുകഞ്ഞ അമര്‍ഷവും രോഷവുമാണ്‌ ആഭ്യന്തരയുദ്ധത്തിലേക്ക്‌ ദ്വീപുരാഷ്‌ട്രത്തെ നയിച്ചത്‌ . ലങ്കന്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്‌ കൊല്ലപ്പെട്ടരുടെ എണ്ണം 70,000 മുതല്‍ 80,000 വരെയാണ്‌. എന്നാല്‍, 2002 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലിന്റെ കണക്ക്‌ 220,000 ആണ്‌. ഇതാകട്ടെ യുദ്ധത്തില്‍ നേരിട്ടു കൊല്ലപ്പെട്ടവരുടെ എണ്ണമാണ്‌. യുദ്ധത്തോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളിലും സംഘട്ടനങ്ങളിലും മരിച്ചവരുടെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലു ലക്ഷവും കടക്കുന്നു. പരിക്കേറ്റ്‌ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം അതിലും കൂടും. ശ്രീലങ്ക ഭരിച്ചിട്ടുളള സിംഹള നേതാക്കളെല്ലാം ഭാഷ കൊണ്ട്‌ രാഷ്‌ട്രീയം കളിക്കാനാണ്‌ എക്കാലവും ശ്രമിച്ചിട്ടുളളത്‌. 1956ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയായിരുന്നു ഭാഷാ രാഷ്‌ട്രീയം കളിക്കുന്നതിന്‌ തുടക്കമിട്ടത്‌. സിംഹള ഭാഷ രാജ്യത്തെ ഏക ഔദ്യോഗിക ഭാഷയാക്കി മാറ്റിക്കൊണ്ട്‌ സോളമന്‍ ബന്ദാരനായകെ തുടക്കമിട്ട ഭാഷാ രാഷ്‌ട്രീയം പിന്നീട്‌ വന്ന നേതാക്കളും പിന്തുടര്‍ന്നു.

1959ല്‍ ബുദ്ധഭിക്ഷുവും സിംഹള നുമായ ഒരു തീവ്രവാദിയുടെ തോക്കിന്‍ തുമ്പില്‍ സോളമന്‍ ബന്ദാരനായകെയുടെ ജീവിതം അവസാനിച്ചപ്പോള്‍ ഭാഷാ രാഷ്‌ട്രീയത്തിന്‌ അവസാനമായെന്ന്‌ തമിഴര്‍ പ്രത്യാശിച്ചു. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു. പിന്നീട്‌ പ്രധാനമന്ത്രായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയുടെ ഭാര്യ യും ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബന്ദാരനായകെയാവട്ടെ ഭര്‍ത്താവിനേക്കാള്‍ ഒരുപടി കൂടി മുന്നോട്ടു പോയി. വിദ്യാഭ്യസരംഗത്ത്‌ തമിഴരെ അവഗണിച്ച്‌ സിംഹളര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ നിയമം പാസാക്കി കൊണ്ടാണ്‌ സിരിമാവോ തന്റെ സിംഹള പക്ഷപാതിത്വം തെളിയിച്ചത്‌.

തങ്ങളുടെ അസ്‌തിത്വത്തിനും നിലനില്‍പിനും നേരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ സംഘടിതമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തമിഴ്‌ വംശജരുടെ, സംഘടിതരാകണം എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചത്‌ എല്‍ടിടിഇ എന്ന സംഘടനയിലൂടെയാണ്‌. തങ്ങള്‍ക്ക്‌ സ്വന്തമായി ഒരു രാഷ്‌ട്രം സാധ്യമാണ്‌ എന്ന്‌ തമിഴരെ വിശ്വസിപ്പിക്കാന്‍ എല്‍ടിടിഇക്ക്‌ സാധിച്ചു എന്നതാണ്‌ എല്‍ടിടിഇ എന്ന സംഘടനയ്‌ക്ക്‌ ശ്രീലങ്കയിലെ തമിഴരുടെ ഇടയില്‍ വലിയൊരു സ്വാധീനം നേടിക്കൊടുത്തത്‌.1976 മെയ്‌ അഞ്ചിനായിരുന്നു ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടയ്‌ക്ക്‌ വേലുപ്പിളള പ്രഭാകരന്‍ തുടക്കമിടുന്നതെങ്കിലും എല്‍ടിടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്‌ 1983 മുതലാണെന്ന്‌ കാണാം. തമിഴ്‌നാട്ടില്‍ നിന്നു ശ്രീലങ്കയിലേക്കുളള തൊഴിലാളികളുടെ കുടിയേറ്റത്തെ തുടര്‍ന്നാണ്‌. രോഗങ്ങളും കഷ്‌ടതകളും ദാരിദ്ര്യവും നിറഞ്ഞ നാളുകള്‍ മാറി എന്നെങ്കിലും തങ്ങള്‍ക്ക്‌ രാജ്യത്ത്‌ തുല്യപദവി സ്വപ്‌നം കണ്ടിരുന്ന തമിഴ്‌ വംശജര്‍ക്ക്‌ സിഹളരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും പാത വെടിഞ്ഞ്‌ കടന്നാക്രമണത്തിന്റെ പാത തിരഞ്ഞെടുക്കുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ വിജയം. പുലിപടൈ പേരില്‍ 1972-73 കാലഘട്ടത്തില്‍ തുടങ്ങിയ മുന്നേറ്റമാണ്‌ 1976 ല്‍ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടനയായി മാറിയത്‌. ശ്രീലങ്കന്‍ ജനസംഘ്യയുടെ 11 ശതമാനം വരുന്ന ഇന്ത്യന്‍ തമിഴ്‌ വംശജരും 12 ശതമാനം വരുന്ന ലങ്കന്‍ തമിഴ്‌ വംശജരും നല്‍കിയ പിന്തുണയാണ്‌ എല്‍ടിടിഇയ്‌ക്ക്‌ ലങ്കയിലും ഇന്ത്യയിലും പ്രത്യേകിച്ച്‌ തമിഴ്‌നാട്ടില്‍ വലിയ സ്ഥാനം നേടിക്കൊടുത്തത്‌. എന്നാല്‍, എഴുപതിലേറെ വരുന്ന സിംഹള ജനവിഭാഗം ഇന്നും തമിഴ്‌ വംശജരെ തരംതാണവരായാണ്‌ വിലയി രുത്തുന്നത്‌.എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും തമിഴ്‌ പ്രസിദ്ധീകരണങ്ങളും തമിഴ്‌ സിനിമകളും നിരോധിച്ചു കൊണ്ടുളള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനവും ഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചതും സര്‍വസാധാരണക്കാരായ തമിഴ്‌ വംശജരേയും സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു.

തമിഴ്‌ രാഷ്‌ട്രം എന്ന സ്വപ്‌നത്തിന്‌ പോരാട്ടമല്ലാതെ മറ്റൊരുമാര്‍ഗവുമില്ലെന്ന്‌ വിശ്വസിച്ച പുലിത്തലവന്‍ പ്രഭാകരനാണ്‌ എല്‍ടിടിഇയെ ചോരകൊണ്ടു കണക്കു തീര്‍ക്കാന്‍ പഠിപ്പിച്ചത്‌. അതിന്റെ ആദ്യപടിയായി 1983 ല്‍ ശ്രീലങ്കന്‍ സൈന്യത്തിനു നേരെ നടത്തിയ കടന്നാക്രമണത്തില്‍ മരിച്ചത്‌ 13 സൈനികരായിരുന്നു.

ഈ ആക്രമണത്തിന്റെ പരിണിതഫലം വളരെ വലുതായിരുന്നു. പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന്‌ തമിഴര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. അതോടെ വാര്‍ത്തകളില്‍ നിറഞ്ഞ എല്‍ടിടിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ശ്രീലങ്കന്‍സേനയുടെ തക്ക ആയുധബലം സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ ഒരു നേട്ടം.

തൊണ്ണൂറുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഗറില്ലാസംഘം എന്ന പേര്‌ എല്‍ടിടിഇയ്‌ക്ക്‌ അവകാശപ്പെട്ടതായിരുന്നു. സ്വയം മരിച്ച്‌ മറ്റുളളവരേയും കൊല്ലുനന്ന രീതി ശ്രീലങ്ക യില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഭീതിവിതച്ചു. എല്‍ടിടിഇയുടെ ഈ ചോരക്കളി `തമിഴ്‌പുലി'കള്‍ എന്ന പേരിന്‌ കുപ്രസിദ്ധി നേടിക്കൊടുത്തു. ശ്രീലങ്കന്‍ സര്‍ക്കാരുമായി പുലികള്‍ പലതവണ ഏറ്റുമുട്ടി. അതിനിടയില്‍ ലങ്കന്‍ പ്രസിഡന്റ്‌ ജയവര്‍ധനയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ സൈന്യം സമാധാനശ്രമങ്ങള്‍ക്കായി ലങ്കയിലെത്തി. എന്നാല്‍ സമാധാനം എന്ന ലക്ഷ്യം അപ്പോഴും വളരെ വിദൂരതയിലായിരുന്നു. മാത്രമല്ല ഈ തീരുമാനത്തിന്‌ ഇന്ത്യയ്‌ക്ക്‌ കനത്തവിലയും നല്‍കേണ്ടിവന്നു.

എല്‍ടിടിയുടെ ചാവേര്‍സംഘം 1991 മെയ്‌ 21 ന്‌ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജീവനപഹരിച്ചു. പ്രഭാകരനായിരുന്നു ആക്രമണത്തിന്റ ബുദ്ധികേന്ദ്രം എന്നത്‌ ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജീവ്‌ ഗാന്ധിയെ വധിച്ച്‌ ഇന്ത്യ യ്‌ക്കു പുറമെ ലോകരാഷ്‌ട്രങ്ങളെമുഴുവന്‍ വെറുപ്പിച്ച പ്രഭാകരന്‍ മരണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 2006 മുതല്‍ പുലികളുടെ പോരാട്ടവീര്യത്തില്‍ വലിയ കുറവാണുണ്ടായിട്ടുളളത്‌. 2006നു ശേഷം പഴയ പോരാട്ടങ്ങളുടെ ചരിത്രം മാത്രമേ പുലികള്‍ക്ക്‌ മുന്നോട്ടുവയ്‌ക്കാ നുാണ്ടായിരുന്നുള്ളു. പുലികള്‍ക്കു സ്വന്തം ജനതയിലുണ്ടായിരുന്ന പ്രീതിയും കുറഞ്ഞു തുടങ്ങിയത്‌ അന്നു മുതലാണൈന്ന്‌ പറയാം.

കുട്ടികളെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തതും വലിയൊരു ജനസമൂഹത്തെ മനുഷ്യപരിചകളാക്കിക്കൊണ്ടുളള പോരാട്ടത്തോടും തമിഴ്‌ ജനതയ്‌ക്കുണ്ടായ വെറുപ്പ്‌ ഇല്ലാതാക്കാന്‍ തമിഴ്‌ രാജ്യമെന്ന വിദൂര സ്വപ്‌നം മതിയാവുമായിരുന്നില്ല. മഹീന്ദ രജപക്‌സെയുടെ സൈന്യം പ്രഭകരന്റേയും അതുവഴി എല്‍ടിടിയുടേയും മരണപത്രത്തില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ അവസാനിക്കുന്നത്‌ ചെങ്കനല്‍പ്രഭ ചിതറിയ ഒരു യുഗം തന്നെയാണ്‌.

തമിഴ്‌ ദേശീയതയുടെ കപടമുഖംമൂടിയണിഞ്ഞ്‌ പ്രഭാകരന്‍ എഴുതിച്ചേര്‍ത്ത ചോരയുടെ ചരിത്രം അംഗീകരിക്കാന്‍ ആരും തയാറാവില്ല എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴും തമിഴന്മാരെ മൂന്നാംകിടയായി കണക്കാക്കുന്ന ഒരു കാലഘട്ടത്തിലേക്കുളള തിരിച്ചു പോക്കിനായിരിക്കും പ്രഭാകരന്റെയും എല്‍ടിടിഇയുടേയും അന്ത്യം വഴിവയ്‌ക്കുകയെന്ന്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍ സത്യമാവാനാണ്‌ സാധ്യത.

പുലികളുടെ പതനം അന്വര്‍ഥമാക്കുന്ന ഒരു പഴമൊഴിയുണ്ട്‌, `വാളെടുത്തവര്‍ ഒടുവില്‍ വാളാല്‍'.

പ്രഭാകരന്‍ കാരിക്കേച്ചര്‍ - അഭിലാഷ്‌ തോമസ്‌

Friday, April 24, 2009

പ്രേമന്‍മാഷിന്റെ കുട്ടിയെഴുത്തുകാര്‍




Sandeep Salim


ചാറ്റല്‍മഴയ്‌ക്കു ശക്തി കൂടിയപ്പോള്‍ മുന്‍സീറ്റിലിരിക്കുന്ന വൃദ്ധന്‍ ബസിന്റെ സൈഡ്‌കര്‍ട്ടന്‍ കെട്ടഴിച്ചു താഴ്‌ത്തി. തന്റെ അവസാനത്തെ കാഴ്‌ചകള്‍ക്കുമേല്‍ പുതപ്പിട്ട വൃദ്ധനോട്‌ അയാള്‍ക്കു ദേഷ്യം തോന്നാതിരുന്നില്ല. ജീവിതത്തിന്റെ വലിയൊരു ഭാഗം ജീവിച്ചു തീര്‍ത്ത നാട്ടിലൂടെയുള്ള അവസാനത്തെ ബസ്‌ യാത്രയാണതെന്ന്‌ അയാള്‍ക്ക്‌ ഉറപ്പുണ്ട്‌.

ജീവിതത്തിന്റെ ദുരിതങ്ങളെ മറന്നത്‌ ഈ കവലയില്‍ അലഞ്ഞുതിരിഞ്ഞ നിമിഷങ്ങളിലായിരുന്നു. രാമേട്ടനെന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രാമകൃഷ്‌ണന്‍ നായരുടെ ഹോട്ടല്‍ ഭാരത്‌, ശിവശങ്കരന്റെ ശാന്തിമഠം, മുഹമ്മദ്‌ അലിയുടെ പലചരക്കുകട... ഇങ്ങനെ പരിചിതമായ കാഴ്‌ചകള്‍ക്കിടയിലാണു മഴയും വൃദ്ധനും കാഴ്‌ചയ്‌ക്കു കടിഞ്ഞാണിട്ടത്‌. കാഴ്‌ചകളില്ലാതെ മൂടപ്പെട്ട ബസില്‍ അയാള്‍ക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി. തലയില്‍ ഞരമ്പുകള്‍ കാര്‍ന്നുതിന്നുന്ന വേദന അയാളെ തളര്‍ത്തി. അടുത്തിരുന്ന്‌ ഉറങ്ങുന്നവന്റെ കീശയില്‍നിന്നു മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ശബ്‌ദിക്കുന്നു. ഭാഗ്യവാന്‍... ഒന്നുമറിയാതെ ഉറങ്ങാന്‍ കഴിയുകയെന്നത്‌ എത്ര സുഖകരമാണ്‌.തന്റെ ഓരോ രാത്രിയും ഉറക്കമില്ലാത്ത ചിന്തകളുടേതാണ്‌. വേദന ആട്ടിയോടിക്കുന്ന ഉറക്കത്തിനു തിരിച്ചുവരാനുള്ള സമയമായിരിക്കുന്നു.

ബസ്‌ സ്റ്റാന്‍ഡിനുള്ളിലേക്കു കയറിയപ്പോഴാണ്‌ അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നത്‌. എല്ലാവര്‍ക്കും ശേഷം ഏറ്റവും ഒടുവിലായി അയാള്‍ ബസില്‍നിന്ന്‌ ഇറങ്ങി. മെഡിക്കല്‍ കോളജില്‍ രണ്ടാം നിലയിലെ കാന്‍സര്‍ വാര്‍ഡിലേക്ക്‌ അയാള്‍ നടന്നു. മരണത്തിന്റെ മണം അവിടെയെല്ലാം പതിയിരിക്കുന്നതായി അയാള്‍ക്കു തോന്നി. ``എവിടെപ്പോയിരുന്നു?'' അടുത്ത കട്ടിലില്‍നിന്നു തളര്‍ ച്ചബാധിച്ച ജീവന്റെ ശബ്‌ദം!

``സ്വന്തം നാടുകണാന്‍ ഒന്നുപോയി ഇനി കാണാന്‍ സാധിച്ചില്ലെങ്കിലും?'' കൂടുതല്‍ ഒന്നും പറയാതെ അയാള്‍ തന്റെ കട്ടിലില്‍ കയറിക്കിടന്നു. അപ്പോള്‍ അടുത്ത വാര്‍ഡില്‍നിന്നു മരണത്തിന്റെ മണമുള്ള ഒരു നിലവിളി ഉയരുന്നത്‌ അയാള്‍ കേട്ടു.

കായണ്ണ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിലെ 150 കൈ യെഴുത്തു പുസ്‌തകങ്ങളിലൊന്നില്‍ പത്താം ക്ലാസുകാ രി ആര്യാകൃഷ്‌ണന്‍ എഴുതിയ `യാത്രയ്‌ക്കൊടുവില്‍' എന്ന കഥയാണു മുകളില്‍ കൊടുത്തിരിക്കുന്നത്‌. ഈ സ്‌കൂളിലെ കുട്ടികളുടെ രചനകളാണെല്ലാം. ഈ പു സ്‌തകങ്ങളില്‍ ഒന്നിലെങ്കിലും തന്റേതായ രചന നടത്താ ത്ത ഒരു കുട്ടിയുമില്ല സ്‌കൂളില്‍. ഒന്നാംക്ലാസുകാര്‍ മുതല്‍ പ ത്താംക്ലാസുകാര്‍വരെ എല്ലാവരും എഴുത്തുകാരായിരിക്കുന്നു. എല്ലാരചനകളും `യാത്രയ്‌ക്കൊടുവിലി'ന്റെ നിലവാരമുള്ള വയൊന്നുമല്ല. സാഹിത്യനിരൂപണം ചെയ്‌തേ ക്കാമെന്നു കരുതുന്നവര്‍ ഒട്ടും നിലവാരമില്ലാത്ത വയായി തള്ളാവുന്ന രചനകളുണ്ട്‌. പക്ഷേ ഇവയിലെല്ലാം കുറേ ബാലികാബാലന്‍മാരുടെ മനസിന്റെ നിറങ്ങളുണ്ട്‌. സാധാരണയായി നമുക്കു കാണാ ന്‍ കഴിയാത്ത നിറങ്ങള്‍. കൃത്രിമത്വം ഒട്ടുമേയില്ലാത്തവ. ഈ താളുകളില്‍ തൊടുമ്പോള്‍ നിങ്ങള്‍ കുട്ടികളുടെ മനസില്‍ തൊടുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ തുടങ്ങി യവയാണീ 150 പുസ്‌തകങ്ങള്‍. ചുവരുകള്‍ തേയ്‌ക്കുക പോലും ചെയ്‌തിട്ടില്ലാത്ത കായണ്ണ ഗവണ്‍മെന്റ്‌ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ദരി ദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌. ബാലമാസികകള്‍ പോലും വായിച്ചിട്ടില്ലാത്തവരാണു മിക്കവരും. തങ്ങളുടെ രചനകളോടുകൂടിയ ഒരു കൈയെഴുത്തു മാസിക എന്നത്‌ അവരുടെ സ്വപ്‌നത്തി ലൊന്നും ഉണ്ടായിരുന്നതല്ല. അങ്ങനെയി രിക്കേയാണ്‌ പ്രേമന്‍മാഷ്‌ വന്ന ത്‌. സാഹിത്യത്തെ ഏറെ സ്‌നേഹിക്കുന്ന അധ്യാപകന്‍. മടക്കല്ലൂര്‍ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ എന്‍.കെ പ്രേമന്‍ എന്ന അധ്യാപകന്‍ സാ മ്പത്തിക സ്ഥിതി കൂടുതല്‍ മോശമായ ഈ സ്‌കൂളിലെത്തിയത്‌ കുറെ കൈയെഴുത്തു പുസ്‌തകങ്ങള്‍ പ്രസിദ്ധീ കരിച്ചതിന്റെ പരി ചയസമ്പത്തുമായാണ്‌. സിലബസിനു പുറ ത്തുള്ളവയും കുട്ടികളെക്കൊണ്ട്‌ എഴുതിക്കുക എന്നതിന്റെ വിദ്യാഭ്യാസമൂല്യം അദ്ദേഹം മ നസിലാക്കിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ക്കു പുസ്‌തകങ്ങള്‍ എഴു തുന്നതിനുമപ്പുറം കുട്ടികളുടെ പുസ്‌തകങ്ങള്‍. കായണ്ണ സ്‌കൂളില്‍ അതൊ രു അഭൂതപൂര്‍വ സംഭവമായിരുന്നു. എന്‍.കെ പ്രേമന്‍ മാഷ്‌ കുട്ടികളുടെ സര്‍ഗവാസനകളിലൂടെ നടക്കാന്‍ തുടങ്ങി. ആ യാത്രയില്‍ മാഷ്‌ പെറുക്കിക്കൂട്ടിയവ അമൂല്യനിധികളായിരുന്നു. അവസ്വരുക്കൂട്ടി ഇറക്കിയ കൈയെഴുത്തു പുസ്‌തകങ്ങള്‍ പറയുന്ന കഥകള്‍ ആരും കേള്‍ക്കാത്തവയായിരുന്നു. കാക്കയെയും പൂച്ചയെയും എറിയാന്‍ അമ്മ പെറുക്കിവച്ചിരിക്കുന്ന കല്ലുകള്‍, കുളിമുറിയിലെ ഭിത്തിയില്‍ കപ്പിലെ വെളളത്തു ളളികള്‍കൊണ്ടു വരച്ച മീനിന്റെ ചിത്രം, പൂമ്പാറ്റകളാകുന്ന പറക്കുന്ന പൂക്കള്‍........... അങ്ങനെ എണ്ണമറ്റ അപൂര്‍വ ചിത്രങ്ങള്‍ ആ രചനകളിലൂടെ പുറത്തുവന്നു.

അരുതാത്തതു ചെയ്‌താല്‍, ക്ലാസിലൊന്നു പൊട്ടിച്ചിരിച്ചാല്‍ അച്ചടക്കത്തിന്റെ ചൂരല്‍ എടുക്കുന്ന, ഉപദേശ സൂക്തങ്ങളുടെ ഭാ ണ്‌ഡമഴിക്കുന്ന അധ്യാപകര്‍, നോട്ടെഴുതുന്ന വിദ്യാര്‍ഥികള്‍, അല്ലറചില്ലറ തമാശകള്‍... ഇതൊക്കെയാണു പരമ്പരാഗതമായി തുടര്‍ന്നു വരുന്ന സ്‌കൂള്‍ രീതികള്‍ കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിക്കു ന്നില്ലെന്നും പഴയതു പോലെയൊന്നും മനസിരുത്തി പഠിക്കു ന്നില്ലെന്നുമുള്ള അധ്യാപകരുടെ പരാതികള്‍... 21ാം നൂറ്റാണ്ടിലും കുട്ടികളെ യന്ത്രങ്ങളാക്കിമാറ്റി ക്ഷണികസ്‌മൃതികള്‍ കൊണ്ട്‌ ട്രപ്പീസു കളിക്കാന്‍ യോഗ്യരാക്കുകയാണു പല അധ്യാപകരും.

കുട്ടികളുടെ സര്‍ഗാത്‌മകത മിക്ക അധ്യാപകരും അവഗണിക്കുന്നു. കുട്ടികള്‍ക്ക്‌ ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. എന്നാല്‍ ഇതാ കാറ്റത്തു പാറിനടക്കുന്ന അപ്പൂപ്പന്‍താടിയുടെ പുറകെപോകാനും മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തില്‍ സ്വപ്‌നം കാണാനും കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപകന്‍. എഴുത്തിന്റെ വഴിയേ വിദ്യാര്‍ഥികളെ കൈ പിടിച്ചുനടത്തുന്ന ഒരധ്യാപകന്‍.

പ്രേമന്‍ മാഷ്‌ വേറിട്ടു നടക്കുക യാണ്‌. സര്‍വീസ്‌ ചട്ടങ്ങള്‍ക്കും സിക്ക്‌ ലീവുകള്‍ക്കും ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം അധ്യാപനം ഒരു കലയാകുന്നതെങ്ങനെയെന്ന്‌ ഈ അധ്യാപകന്‍ തെ ളിയിക്കുന്നു.

പുസ്‌തകത്താളുകളില്‍ അച്ചടിച്ച്‌ അടുക്കിവച്ചിരിക്കുന്ന അറിവു മാത്രമല്ല പുസ്‌തകത്താളുകള്‍ക്കിടയില്‍ മയില്‍പ്പീലിസൂക്ഷിക്കുന്ന മനസുകളുടെ മൃദുല ഭാവനകള്‍ രേഖപ്പെടുത്തുന്ന വിദ്യയും പ്രേമന്‍മാഷ്‌ തന്റെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. അങ്ങനെയാണ്‌ു കായണ്ണ സ്‌കൂളിലെ കുട്ടികള്‍ കഥകളും കവിതകളും ഉപന്യാസങ്ങളും വര്‍ത്തമാനങ്ങളും എഴുതിനിറച്ച നൂറ്റമ്പത്തോളം കൈയെഴുത്തു പുസ്‌തകങ്ങള്‍ തയാറാക്കിയത്‌. പ്രേമന്‍മാഷിന്റെയും വിദ്യാ ര്‍ഥികളുടെയും ഏകദേശം ഒരു അധ്യയന വര്‍ഷത്തെ കൂട്ടായ്‌മയുടെ ഫലം. കുട്ടികളുടെ ഭാവനകളില്‍ വിരിഞ്ഞ രചനകള്‍ ഈ അധ്യാ പകന്റെ നേതൃത്വത്തില്‍ അടുക്കിയൊരുക്കിയപ്പോള്‍ അത്‌ ഒരു അസാധാരണ വിദ്യാലയ സംഭവമായി മാറി. കഥ, കവിത, ലേഖനം, നാടകം, ഐതിഹ്യം, ജീവചരിത്രം.... എഴുത്തിന്റെ എല്ലാ മേഖലകളും തങ്ങള്‍ക്കു വഴങ്ങുമെന്ന്‌ ഈ സ്‌കൂളിലെ കുട്ടികള്‍ തെളിയിച്ചു. ഇവ 150 കൈയെഴുത്തു പുസ്‌തകങ്ങളല്ല, 3500 ആശയങ്ങളാണ്‌, മയില്‍പ്പീലിത്തുണ്ടുകളാണ്‌; മാനംകാണാതിരുന്ന്‌ ഒടുവില്‍ പെറ്റുപെരുകിയ ഭാവനകള്‍. ഇവിടെ പഠനം രസകരമായ അ നുഭവമാവുകയും ഒരു രചനാപ്രക്രിയയായി പരിണമിക്കുകയും ചെയ്യുന്നു.

ചെയ്‌തകാര്യങ്ങളെക്കാള്‍ ചെയ്യാത്തവയാണ്‌ പ്രേമന്‍മാഷിനെ വ്യത്യസ്‌തനാക്കുന്നത്‌. വെട്ടിയൊരുക്കിയാണ്‌ ഭംഗിവരുത്തേണ്ടതെന്ന തത്ത്വശാസ്‌ത്രക്കാരനല്ല മാഷ്‌. ഈ വെട്ടിയൊരുക്കല്‍ സ്വാ ഭാവികതയെ നശിപ്പിക്കുമെന്നും അങ്ങനെ വെട്ടിയൊതുക്കാനുള്ള തല്ല കുരുന്നു സൃഷ്‌ടികളെന്നുമാണ്‌ പ്രേമന്‍മാഷിന്റെ വിശ്വാസം. വിദ്യാര്‍ഥികളുടെ ഭാവനകളെ അങ്ങനെ തന്നെ ഒഴുകാന്‍ വിട്ടു കൊടുക്കുകയായിരുന്നു മാഷ്‌. എഴുത്തിലെ അക്ഷരത്തെറ്റുകള്‍ പോലും തിരുത്താന്‍ അദ്ദേഹം തയാറായില്ല. അവ പോലും കുട്ടികളു ടെ ഭാഷയില്‍ കൃത്രിമത്വം സൃഷ്‌ടിക്കുമെന്ന്‌ അദ്ദേഹം ഭയപ്പെട്ടു.

കുട്ടിപ്പുസ്‌തകങ്ങളെന്നു പറഞ്ഞ്‌ ഇവയെ തളളിക്കളയാനാവില്ല. കുട്ടികള്‍ കൈകാര്യം ചെയ്‌തിരിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഇവ മനസിലാക്കാവുന്നതേയുളളൂ. തങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രം, പ്ലാച്ചിമടയിലെ ജനകീയ സമരത്തോടുളള പ്രതികരണങ്ങള്‍, സുനാമിദുരന്തം, വിദ്യാഭ്യാസസമ്പ്രദായം, കര്‍ഷക ആത്മഹത്യകള്‍....... കഥയായും കവിതയായും ഉപന്യാസങ്ങളായും പുസ്‌തകങ്ങളില്‍ ഈ വിഷയങ്ങളൊക്കെ നിറഞ്ഞു തുളുമ്പുന്നു.

കുട്ടികളുടെ രചനകളെ പുസ്‌തകരൂപത്തില്‍ സമാഹരിക്കുകയെന്നതിനുമപ്പുറം പ്രേമന്‍മാഷിനു സാധിച്ച രണ്ടു കാര്യങ്ങളുണ്ട്‌. സാമൂഹികപ്രശ്‌നങ്ങളില്‍ സര്‍ഗാത്‌മക ഇടപെടല്‍ നടത്താന്‍ കുട്ടികളെ പ്രേരിപ്പിച്ചു,പിന്‍ബെഞ്ചുകാര്‍ സര്‍ഗാത്‌മക പ്രവര്‍ത്തനത്തില്‍ മുന്‍ബഞ്ചുകളില്‍ ഇടം നേടുമെന്നും മാഷ്‌ തെളിയിച്ചു. പാഠപുസ്‌ത കങ്ങളിലൂടെ കുട്ടികളുടെ തലച്ചേറിലേക്കു കുത്തിവയ്‌ക്കപ്പെടുന്ന അറിവുകളെ എങ്ങനെ ജീവിതവുമായി കൂട്ടിയിണക്കണമെന്ന്‌ സ്വയം മനസിലാക്കാന്‍ കഴിയുന്ന തലത്തിലേക്ക്‌ കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കോളജ്‌ പഠനകാലത്ത്‌ സാഹിത്യത്തോടും എഴുത്തിനോടും തോന്നി യ താത്‌പര്യമാണ്‌ എന്‍.കെ പ്രമനെ ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്‌. ഒരിക്കലും കുട്ടികളോട്‌ ഇന്ന വിഷയങ്ങളെക്കുറിച്ച്‌ എഴുതണമെന്ന്‌ ആവശ്യപ്പെടുകയോ ഉത്തരവുകള്‍ പുറപ്പെടുവി ക്കുകയോ ചെയ്‌തില്ല. മറിച്ച്‌ കുട്ടികളോടൊപ്പം സഞ്ചരിച്ച്‌ അവ രിലൊരാളായി മാറിക്കൊണ്ട്‌ എഴുത്തിനെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഓരോ കുട്ടിക്കും അവര്‍ക്കു മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുക്കുകയാണ്‌ ചെയ്‌തത്‌. കൈയെഴുത്തു മാസികകളെക്കുറിച്ചും പുസ്‌തകങ്ങളെക്കുറിച്ചും കുട്ടികളോട്‌ പറഞ്ഞപ്പോള്‍ ?എനിക്ക്‌ എഴുതാന്‍ കഴിവില്ല? എന്നു പറഞ്ഞ്‌ മാറിനിന്ന കുട്ടികളുടെ എണ്ണം തന്നെ ഭയപ്പെടുത്തിയതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ആ കുട്ടികളോട്‌ ഭാഷയെക്കുറിച്ചും അതിന്റെ വിവിധ സങ്കേതങ്ങളെക്കുറി ച്ചും പറഞ്ഞു കൊടുത്തപ്പോള്‍ അവരെല്ലാവരും എഴുതാന്‍ തയാറായി. ഇത്‌ വലിയൊരു നേട്ടമായി അദ്ദേഹം കരുതുന്നു.

കഥകള്‍, കവിതകള്‍, പ്രാദേശിക വ്യക്തികളുടെ ജീവചരിത്രം, ആത്മകഥ, ജീവിതാനുഭവങ്ങള്‍, നേര്‍ക്കാഴ്‌ചകള്‍, ലേഖനങ്ങള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ രചനാമേഖലകളിലൂടെ കുട്ടികളെ കൈപിടിച്ചാക്കാന്‍ പ്രേമന്‍ സാറിനു കഴിഞ്ഞു. ഇതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ്‌ പ്രാദേശിക വ്യക്തികളുടെ ജീവചരിത്രം തയാറാക്കല്‍. കായണ്ണ ഗ്രാമ പഞ്ചായത്തിലെ പ്രായം ചെന്ന നൂറിലധികം വ്യക്തികളുടെ ജീവ ചരിത്രങ്ങള്‍ ഈ പുസ്‌തകങ്ങളിലുണ്ട്‌. നമ്മുടെ സമൂഹത്തിന്റെ ഒരു നേര്‍ചിത്രമാണ്‌ ചരിത്രങ്ങളെല്ലാം ചേര്‍ന്നു കുട്ടികള്‍ക്കു നല്‍കുന്നത്‌ . ചുറ്റുപാടുമുള്ളവരുടെ ജീവിതാനുഭവങ്ങളും കഠിനാധ്വാനത്തിന്റെ വില യും നന്മയുടെ ശക്തിയുമൊക്കെ കുട്ടികള്‍ നേരിട്ടറിയുകയായിരുന്നു. ഏതാണ്ട്‌ എട്ടോളം പുസ്‌തകങ്ങള്‍ വേണ്ടിവന്നു കുട്ടികള്‍ തയാറാക്കിയ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍.

ഭാവനയുടെ ചിറകിലേറുവാന്‍ മാത്രമല്ല ബൗദ്ധികമായ മനനങ്ങള്‍ നടത്താനും തന്റെ കുട്ടികള്‍ക്കു കഴിയുമെന്ന്‌ പ്രേമന്‍ മാഷ്‌ തെളിയിച്ചു. അതാകട്ടെ ബൃഹത്തായ രണ്ടു റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ക്കു ജന്മം നല്‌കി മാഷും കുട്ടികളും ചേര്‍ന്നു തയാറാക്കിയ ?മഹാകവി കുമാരനാശാന്‍? പ്രാചീന കവിത്രയം എന്നീ റെഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ക്കു ജന്മം നല്‌കി. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു പോലും പ്രയോജനപ്പെടുന്നതാ ണ്‌. ഒരുപക്ഷേ ഇത്രമാത്രം ആധികാരികമായ ഒരു റെഫറന്‍സ്‌ ഗ്രന്ഥം കുട്ടികളുടേതായി പുറത്തിറങ്ങുന്നത്‌ കേരളത്തില്‍ത്തന്നെ ആദ്യമായിരിക്കും.

പ്രേമന്‍ മാഷിന്റെ നേതൃത്വത്തില്‍ കായണ്ണ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളി ല്‍ നടന്ന ഈ സംരംഭംകൊണ്ട്‌ എന്തു പ്രയോജനം എന്നു സംശയി ക്കുന്നവര്‍ ധാരാളമുണ്ടാകാം.ഈ കുട്ടികളെല്ലാം എഴുത്തുകാരായിത്തീ രുമോയെന്ന്‌ അവര്‍ ചോദിച്ചേക്കാം.തീര്‍ച്ചയായും ഇല്ല. കണക്കു പഠിക്കുന്നവരെല്ലാം എന്‍ജിനിയര്‍മാരോ കണക്കാന്‍മാരോ ആ കുന്നില്ല.എങ്കിലും കണക്ക്‌ എാല്ലവര്‍ക്കും എവിടെയെങ്കിലുമൊക്കെ പ്രയോജനപ്പെടുന്നു.കവിത പഠിക്കുന്നവര്‍ കവികളാകുന്നില്ല. പക്ഷേ കവിത അവരുടെ മനസി ലെവിടെയൊക്കെയോ ചില മൃദുല ഭാവങ്ങള്‍ സൃഷ്‌ടിക്കുന്നു. അതു ജീവിതത്തില്‍ പലപ്പോഴും നന്മയായിത്തീരും. അതുപോലെ തങ്ങള്‍ക്കും സ്‌്വന്തമായി ചിലതൊക്കെ എഴുതാന്‍ കഴിയുമെന്ന അറിവ്‌ കുട്ടികള്‍ക്കു വലിയൊരു ബലമായിത്തീര്‍ന്നു കൂടേ? അത്‌ അവര്‍ക്കുമാത്രമല്ല സമൂഹത്തിനും നന്മചെയ്യുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ക്കുളളില്‍ നിന്നു പ്രവര്‍ത്തിക്കുമ്പോഴും ചട്ടക്കൂടുകളെത്തന്നെ അപ്രസക്തമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനസിലെ വേലിക്കെട്ടുകളെ തകര്‍ക്കാനും ഉപകരിച്ചേക്കാം.

ഫോട്ടോകള്‍: ശശി ഗായത്രി

Friday, April 17, 2009

ആയിരം കയ്യുമായി.....!


ആയിരം കയ്യുമായി.....!ചില എഴുത്ത്‌കുത്തുകള്‍

sandeep salim

അവര്‍ 1,455 പേര്‍. അവരുടെ 1,455 കൈയെഴുത്ത്‌ മാസികകള്‍. മലപ്പുറം എ.യു.പി സ്‌കൂള്‍ ചരിത്രത്താളുകളില്‍ എ ഴുതിച്ചേര്‍ത്തത്‌ പുതിയൊരു അധ്യായം. പല കൈവഴി കളായി ഒഴുകിയെത്തുന്ന പുഴകള്‍ സമുദ്രത്തില്‍ ലയിക്കുന്നതുപോലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത ഒരായിരം കൈയെഴുത്ത്‌ മാസി കകളായി ഒഴുകിയെത്തി. ഈ ഒഴുക്കില്‍ അവരുടെ അധ്യാപകരും മാതാപിതാക്കളും ബന്ധുക്കളും ഒപ്പം കൂടി. അക്ഷരസാഗരത്തിലേ ക്കുള്ള ഒരു മഹാപ്രവാഹമായിരുന്നു അത്‌. ഓരോ കുട്ടിക്കും സ്വന്തമായി ഒരു കൈയെഴുത്തു മാസികയെന്ന ലക്ഷ്യത്തിലേക്കു ള്ള മഹാപ്രവാഹം. അങ്ങനെ 1,455 കുട്ടികളുടേതായി 1,455 കൈയെഴുത്തു മാസികകള്‍ പുറത്തിറക്കി മലപ്പുറം എ.യു.പി സ്‌കൂള്‍ ചരിത്രം സൃഷ്‌ടിച്ചു.


1931-ല്‍ സ്ഥാപിതമായ എ.യു.പി സ്‌കൂളിന്റെ ചരിത്രം ഇവിടെ തീരുന്നില്ല. ഓരോ കുട്ടിയുടേയും കൈയെഴുത്തു മാസിക എന്നതില്‍നിന്ന്‌ ഓരോ കുട്ടിയുടേയും കുടുംബത്തില്‍നിന്ന്‌ ഓരോ കൈയെഴുത്ത്‌ മാസികയിലേക്കു ചെന്നെത്താന്‍ അധികം സമയം വേണ്ടിവന്നില്ല. ഇതിന്റെ പിന്നിലുളള കാരണമെന്തെന്ന ചോദ്യത്തിന്‌ സ്‌കൂളിലെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന അധ്യാപകന്‍ സയ്യിദ്‌ ഹാഷിമിന്റെ ഉത്തരം വളരെ ലളിതം. ``കുട്ടികളോട്‌ കൈയെഴുത്ത്‌ മാസികകളിലേക്ക്‌ കഥകളും കവിതകളും എഴുതിക്കൊണ്ടു വരണമെന്നു കുട്ടികളോടു പറഞ്ഞപ്പോള്‍ കുട്ടികള്‍ കൊണ്ടുവന്ന മിക്ക രചനകളും മാതാപിതാക്കള്‍ അല്ലെങ്കില്‍ ബ ന്ധുക്കള്‍ എഴുതി നല്‍കിയതായിരുന്നു. പിന്നീട്‌ കുട്ടികളെ ക്കൊണ്ടുതന്നെ എഴുതിച്ചെങ്കിലും ആദ്യം ലഭിച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. ഇ തേത്തുടര്‍ന്നാണ്‌ ഓരോ കുട്ടിയുടേയും കുടുബത്തില്‍നിന്നും ഒരു കൈ യെഴുത്തു മാസികയുടെ സാധ്യതയെക്കുറിച്ച്‌ ചിന്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്‌''. അങ്ങനെ 1,455 കുട്ടികളുടെ 1,250 കുടുംബങ്ങളില്‍(ഒരു കുടുംബത്തില്‍ നിന്നും ഒന്നിലേറെ കുട്ടികള്‍ ഉളളതിനാല്‍)നിന്നും 1,250 കൈയെഴുത്ത്‌ മാസികകള്‍ പുറത്തിറങ്ങിയത്‌.

1455 കൈയെഴുത്തു മാസികകള്‍ പു റത്തിറക്കിക്കൊണ്ട്‌ വാര്‍ത്തകളില്‍ നിറ യുമ്പോഴും അത്‌ വെറും ഗിമിക്കായിരുന്നെന്ന്‌ പറ ഞ്ഞ്‌ ഒരിക്കലും തളളിക്കളയാന്‍ നമുക്ക്‌ കഴിയില്ല. ഒരു പക്ഷേ പൊതു സമൂഹം അശ്ര ദ്ധമായി തളളിക്കളയുന്ന കാര്യങ്ങളില്‍പോലും കു ട്ടികള്‍ നടത്തുന്ന സൂക്ഷമനിരീക്ഷണം ഏ തൊരാ ളേയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. കൈയെ ഴുത്ത്‌ മാസികകളുടെ നിര്‍മാണം സ്വയം ഏറ്റെടുക്കുക വഴി സ്വയം മൂല്യനിര്‍ണയം നടത്താനും തെറ്റുകള്‍ തിരു ത്താനും കുട്ടികള്‍ക്ക്‌ അവസരം ലഭിച്ചു. അങ്ങിനെ പൂമ്പാറ്റകളെ പിടിച്ചും മയില്‍പ്പീലിത്തുണ്ടുക ള്‍ പുസ്‌തകത്താളുകളിലൊളിപ്പിച്ചും നടക്കേണ്ട ബാല്യം നഷ്‌ടപ്പെടു ത്തിക്കളയുന്ന വ്യവസ്ഥാപിതമായ എന്തിനോടും കലഹിക്കാനും കുട്ടികള്‍ തങ്ങളുടെ എഴുത്തിലൂടെ തയാറാവുന്നു.

ഒരു സ്‌കൂളില്‍ നിന്നും ഒരു കൈയെഴുത്ത്‌ മാസിക പുറത്തിറങ്ങുന്നത്‌ ഒരു സാധാരണ പാഠ്യേതര പ്രവര്‍ത്തനം മാത്രം. ഏതാനും ചിലരുടെ അധ്വാനത്തിന്റെ ഫലമായി മാത്രം പുറത്തിറങ്ങുന്ന ഒന്ന്‌. എന്നാല്‍, ഒരു സ്‌കൂള്‍ മുഴുവന്‍ ഒരേമനസോടെ ഇക്കാര്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, മാതാപിതാക്കളും ഈ സംരംഭത്തില്‍ ഒത്തു ചേരുമ്പോള്‍ അതൊരു പുതിയ തുടക്കമാവു കയായിരുന്നു. 1,455 മാസികകളുടെ പ്രകാശനവും ചരിത്രമായിരുന്നു.

ഒരു മാസിക പ്രശസ്‌ത കവി മണമ്പൂര്‍ രാജന്‍ ബാബു സ്‌കൂള്‍ ലീഡര്‍ക്ക്‌ നല്‍കി പ്രകാശിപ്പിച്ചപ്പോള്‍ ബാക്കി 1,454 കൈയെഴുത്ത്‌ മാസികകളും കുട്ടികള്‍ സ്വയം പ്രകാശിപ്പിച്ചു.എ.യു.പി സ്‌കൂളിനെ സംബന്ധിച്ച്‌ ഇതൊരു ചെറിയ കാര്യം മാത്രം. എല്ലാ മാസവും അച്ചടിച്ചു പുറത്തിറങ്ങുന്ന `വളപ്പൊട്ടുകള്‍' എന്ന സ്‌കൂള്‍ മാഗസിനും സ്‌കൂളിനുളളില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ സ്റ്റേഷനും ഇവരുടേതായുണ്ട്‌. കൂടാതെ ഓരോ കുട്ടിക്കും ഒരു പേജ്‌ എന്ന നിലയില്‍ 1,455 പേജുളള ഒരു ബ്രഹത്‌ഗ്രന്ഥവും ഇവര്‍ പുറത്തിറക്കിക്കഴിഞ്ഞു. എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്‌, പുതിയ ചരിത്രം..!

FACEBOOK COMMENT BOX