Monday, May 18, 2009

നിണം ചൊരിഞ്ഞ രണത്തിന്‌ അന്ത്യം


ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നം വംശീയതയിലൂന്നിയ രാഷ്‌ട്രീയമാണ്‌. അതിനുളള പരിഹാരം നിരുപാധികമായി കണ്ടെത്തണം. സായുധ സമരത്തിലൂടെ സൈന്യം നേടിയ വിജയം ഒരിക്കലും ശ്രീലങ്കയിലെ തമിഴരുടെ പ്രശ ്‌നങ്ങള്‍ക്കുളള ശാശ്വത പരിഹാരമാകുന്നില്ല. ഇവിടെ യാണ്‌ ലങ്കന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ ഡിസില്‍വയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്‌. ``ശ്രീലങ്കയില്‍ (അന്ന്‌ സിലോണാണ്‌) തമിഴ്‌ ഭാഷയ്‌ക്കും സിംഹള ഭാഷയ്‌ക്കും തുല്യ പദവി നല്‍കിയാല്‍ ശ്രീലങ്ക ഒരു രാഷ്‌ട്രമായിരിക്കും. അതല്ലായെങ്കില്‍ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല''. അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാതിരുന്ന ലങ്കയിലെ സിംഹളഭരണാധികാരികളാണ്‌ എല്‍ടിടിഇ എന്ന തീവ്രവാദ സംഘടനയുടെ പിറവിക്ക്‌ വിത്തുപാകിയതെന്ന്‌ പറയാം.

ഭാഷാ ന്യൂനപക്ഷമായ തമിഴരെ ഒരിക്കലും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്‌ വരാന്‍ അനുവദിക്കാതിരുന്ന സിംഹള ഭരണാധികാരികളാണ്‌ ഒരു പ്രത്യേക രാഷ്‌ട്രം സ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പു പോലും അപകടത്തിലാകും എന്ന ചിന്തയിലേക്ക്‌ ശ്രീലങ്കയിലെ തമിഴ്‌ വംശജരെ നയിച്ചത്‌ . അഹിംസാവാദികളായ ബുദ്ധമതവിശ്വാസികളുടെ നാട്ടില്‍ ഒഴുകിയ ചോരപ്പുഴയുടെ ഉത്ഭവസ്ഥാനമായി ശ്രീലങ്ക മാറിയതിന്റെ കാരണവും മറ്റൊന്നല്ല. രാജ്യത്തെ നേതാക്കന്‍മാരും എന്തിന്‌ രാഷ്‌ട്രത്തലവന്‍മാര്‍ പോലും വധിക്കപ്പെടുന്നതു വാര്‍ത്തയാകാത്ത ഈ കൊച്ചു ദ്വീപുരാഷ്‌ട്രത്തില്‍ എത്രഭീകരമായ വാര്‍ത്ത കേട്ടാലും ഞെട്ടിത്തെറിക്കാത്ത അവസ്ഥയാ ണിന്ന്‌.

തമിഴരുടെ മനസില്‍ പുകഞ്ഞ അമര്‍ഷവും രോഷവുമാണ്‌ ആഭ്യന്തരയുദ്ധത്തിലേക്ക്‌ ദ്വീപുരാഷ്‌ട്രത്തെ നയിച്ചത്‌ . ലങ്കന്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്‌ കൊല്ലപ്പെട്ടരുടെ എണ്ണം 70,000 മുതല്‍ 80,000 വരെയാണ്‌. എന്നാല്‍, 2002 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലിന്റെ കണക്ക്‌ 220,000 ആണ്‌. ഇതാകട്ടെ യുദ്ധത്തില്‍ നേരിട്ടു കൊല്ലപ്പെട്ടവരുടെ എണ്ണമാണ്‌. യുദ്ധത്തോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളിലും സംഘട്ടനങ്ങളിലും മരിച്ചവരുടെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലു ലക്ഷവും കടക്കുന്നു. പരിക്കേറ്റ്‌ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം അതിലും കൂടും. ശ്രീലങ്ക ഭരിച്ചിട്ടുളള സിംഹള നേതാക്കളെല്ലാം ഭാഷ കൊണ്ട്‌ രാഷ്‌ട്രീയം കളിക്കാനാണ്‌ എക്കാലവും ശ്രമിച്ചിട്ടുളളത്‌. 1956ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയായിരുന്നു ഭാഷാ രാഷ്‌ട്രീയം കളിക്കുന്നതിന്‌ തുടക്കമിട്ടത്‌. സിംഹള ഭാഷ രാജ്യത്തെ ഏക ഔദ്യോഗിക ഭാഷയാക്കി മാറ്റിക്കൊണ്ട്‌ സോളമന്‍ ബന്ദാരനായകെ തുടക്കമിട്ട ഭാഷാ രാഷ്‌ട്രീയം പിന്നീട്‌ വന്ന നേതാക്കളും പിന്തുടര്‍ന്നു.

1959ല്‍ ബുദ്ധഭിക്ഷുവും സിംഹള നുമായ ഒരു തീവ്രവാദിയുടെ തോക്കിന്‍ തുമ്പില്‍ സോളമന്‍ ബന്ദാരനായകെയുടെ ജീവിതം അവസാനിച്ചപ്പോള്‍ ഭാഷാ രാഷ്‌ട്രീയത്തിന്‌ അവസാനമായെന്ന്‌ തമിഴര്‍ പ്രത്യാശിച്ചു. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു. പിന്നീട്‌ പ്രധാനമന്ത്രായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയുടെ ഭാര്യ യും ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബന്ദാരനായകെയാവട്ടെ ഭര്‍ത്താവിനേക്കാള്‍ ഒരുപടി കൂടി മുന്നോട്ടു പോയി. വിദ്യാഭ്യസരംഗത്ത്‌ തമിഴരെ അവഗണിച്ച്‌ സിംഹളര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ നിയമം പാസാക്കി കൊണ്ടാണ്‌ സിരിമാവോ തന്റെ സിംഹള പക്ഷപാതിത്വം തെളിയിച്ചത്‌.

തങ്ങളുടെ അസ്‌തിത്വത്തിനും നിലനില്‍പിനും നേരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ സംഘടിതമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തമിഴ്‌ വംശജരുടെ, സംഘടിതരാകണം എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചത്‌ എല്‍ടിടിഇ എന്ന സംഘടനയിലൂടെയാണ്‌. തങ്ങള്‍ക്ക്‌ സ്വന്തമായി ഒരു രാഷ്‌ട്രം സാധ്യമാണ്‌ എന്ന്‌ തമിഴരെ വിശ്വസിപ്പിക്കാന്‍ എല്‍ടിടിഇക്ക്‌ സാധിച്ചു എന്നതാണ്‌ എല്‍ടിടിഇ എന്ന സംഘടനയ്‌ക്ക്‌ ശ്രീലങ്കയിലെ തമിഴരുടെ ഇടയില്‍ വലിയൊരു സ്വാധീനം നേടിക്കൊടുത്തത്‌.1976 മെയ്‌ അഞ്ചിനായിരുന്നു ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടയ്‌ക്ക്‌ വേലുപ്പിളള പ്രഭാകരന്‍ തുടക്കമിടുന്നതെങ്കിലും എല്‍ടിടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്‌ 1983 മുതലാണെന്ന്‌ കാണാം. തമിഴ്‌നാട്ടില്‍ നിന്നു ശ്രീലങ്കയിലേക്കുളള തൊഴിലാളികളുടെ കുടിയേറ്റത്തെ തുടര്‍ന്നാണ്‌. രോഗങ്ങളും കഷ്‌ടതകളും ദാരിദ്ര്യവും നിറഞ്ഞ നാളുകള്‍ മാറി എന്നെങ്കിലും തങ്ങള്‍ക്ക്‌ രാജ്യത്ത്‌ തുല്യപദവി സ്വപ്‌നം കണ്ടിരുന്ന തമിഴ്‌ വംശജര്‍ക്ക്‌ സിഹളരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും പാത വെടിഞ്ഞ്‌ കടന്നാക്രമണത്തിന്റെ പാത തിരഞ്ഞെടുക്കുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ വിജയം. പുലിപടൈ പേരില്‍ 1972-73 കാലഘട്ടത്തില്‍ തുടങ്ങിയ മുന്നേറ്റമാണ്‌ 1976 ല്‍ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടനയായി മാറിയത്‌. ശ്രീലങ്കന്‍ ജനസംഘ്യയുടെ 11 ശതമാനം വരുന്ന ഇന്ത്യന്‍ തമിഴ്‌ വംശജരും 12 ശതമാനം വരുന്ന ലങ്കന്‍ തമിഴ്‌ വംശജരും നല്‍കിയ പിന്തുണയാണ്‌ എല്‍ടിടിഇയ്‌ക്ക്‌ ലങ്കയിലും ഇന്ത്യയിലും പ്രത്യേകിച്ച്‌ തമിഴ്‌നാട്ടില്‍ വലിയ സ്ഥാനം നേടിക്കൊടുത്തത്‌. എന്നാല്‍, എഴുപതിലേറെ വരുന്ന സിംഹള ജനവിഭാഗം ഇന്നും തമിഴ്‌ വംശജരെ തരംതാണവരായാണ്‌ വിലയി രുത്തുന്നത്‌.എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും തമിഴ്‌ പ്രസിദ്ധീകരണങ്ങളും തമിഴ്‌ സിനിമകളും നിരോധിച്ചു കൊണ്ടുളള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനവും ഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചതും സര്‍വസാധാരണക്കാരായ തമിഴ്‌ വംശജരേയും സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു.

തമിഴ്‌ രാഷ്‌ട്രം എന്ന സ്വപ്‌നത്തിന്‌ പോരാട്ടമല്ലാതെ മറ്റൊരുമാര്‍ഗവുമില്ലെന്ന്‌ വിശ്വസിച്ച പുലിത്തലവന്‍ പ്രഭാകരനാണ്‌ എല്‍ടിടിഇയെ ചോരകൊണ്ടു കണക്കു തീര്‍ക്കാന്‍ പഠിപ്പിച്ചത്‌. അതിന്റെ ആദ്യപടിയായി 1983 ല്‍ ശ്രീലങ്കന്‍ സൈന്യത്തിനു നേരെ നടത്തിയ കടന്നാക്രമണത്തില്‍ മരിച്ചത്‌ 13 സൈനികരായിരുന്നു.

ഈ ആക്രമണത്തിന്റെ പരിണിതഫലം വളരെ വലുതായിരുന്നു. പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന്‌ തമിഴര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. അതോടെ വാര്‍ത്തകളില്‍ നിറഞ്ഞ എല്‍ടിടിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ശ്രീലങ്കന്‍സേനയുടെ തക്ക ആയുധബലം സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ ഒരു നേട്ടം.

തൊണ്ണൂറുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഗറില്ലാസംഘം എന്ന പേര്‌ എല്‍ടിടിഇയ്‌ക്ക്‌ അവകാശപ്പെട്ടതായിരുന്നു. സ്വയം മരിച്ച്‌ മറ്റുളളവരേയും കൊല്ലുനന്ന രീതി ശ്രീലങ്ക യില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഭീതിവിതച്ചു. എല്‍ടിടിഇയുടെ ഈ ചോരക്കളി `തമിഴ്‌പുലി'കള്‍ എന്ന പേരിന്‌ കുപ്രസിദ്ധി നേടിക്കൊടുത്തു. ശ്രീലങ്കന്‍ സര്‍ക്കാരുമായി പുലികള്‍ പലതവണ ഏറ്റുമുട്ടി. അതിനിടയില്‍ ലങ്കന്‍ പ്രസിഡന്റ്‌ ജയവര്‍ധനയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ സൈന്യം സമാധാനശ്രമങ്ങള്‍ക്കായി ലങ്കയിലെത്തി. എന്നാല്‍ സമാധാനം എന്ന ലക്ഷ്യം അപ്പോഴും വളരെ വിദൂരതയിലായിരുന്നു. മാത്രമല്ല ഈ തീരുമാനത്തിന്‌ ഇന്ത്യയ്‌ക്ക്‌ കനത്തവിലയും നല്‍കേണ്ടിവന്നു.

എല്‍ടിടിയുടെ ചാവേര്‍സംഘം 1991 മെയ്‌ 21 ന്‌ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജീവനപഹരിച്ചു. പ്രഭാകരനായിരുന്നു ആക്രമണത്തിന്റ ബുദ്ധികേന്ദ്രം എന്നത്‌ ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജീവ്‌ ഗാന്ധിയെ വധിച്ച്‌ ഇന്ത്യ യ്‌ക്കു പുറമെ ലോകരാഷ്‌ട്രങ്ങളെമുഴുവന്‍ വെറുപ്പിച്ച പ്രഭാകരന്‍ മരണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 2006 മുതല്‍ പുലികളുടെ പോരാട്ടവീര്യത്തില്‍ വലിയ കുറവാണുണ്ടായിട്ടുളളത്‌. 2006നു ശേഷം പഴയ പോരാട്ടങ്ങളുടെ ചരിത്രം മാത്രമേ പുലികള്‍ക്ക്‌ മുന്നോട്ടുവയ്‌ക്കാ നുാണ്ടായിരുന്നുള്ളു. പുലികള്‍ക്കു സ്വന്തം ജനതയിലുണ്ടായിരുന്ന പ്രീതിയും കുറഞ്ഞു തുടങ്ങിയത്‌ അന്നു മുതലാണൈന്ന്‌ പറയാം.

കുട്ടികളെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തതും വലിയൊരു ജനസമൂഹത്തെ മനുഷ്യപരിചകളാക്കിക്കൊണ്ടുളള പോരാട്ടത്തോടും തമിഴ്‌ ജനതയ്‌ക്കുണ്ടായ വെറുപ്പ്‌ ഇല്ലാതാക്കാന്‍ തമിഴ്‌ രാജ്യമെന്ന വിദൂര സ്വപ്‌നം മതിയാവുമായിരുന്നില്ല. മഹീന്ദ രജപക്‌സെയുടെ സൈന്യം പ്രഭകരന്റേയും അതുവഴി എല്‍ടിടിയുടേയും മരണപത്രത്തില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ അവസാനിക്കുന്നത്‌ ചെങ്കനല്‍പ്രഭ ചിതറിയ ഒരു യുഗം തന്നെയാണ്‌.

തമിഴ്‌ ദേശീയതയുടെ കപടമുഖംമൂടിയണിഞ്ഞ്‌ പ്രഭാകരന്‍ എഴുതിച്ചേര്‍ത്ത ചോരയുടെ ചരിത്രം അംഗീകരിക്കാന്‍ ആരും തയാറാവില്ല എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴും തമിഴന്മാരെ മൂന്നാംകിടയായി കണക്കാക്കുന്ന ഒരു കാലഘട്ടത്തിലേക്കുളള തിരിച്ചു പോക്കിനായിരിക്കും പ്രഭാകരന്റെയും എല്‍ടിടിഇയുടേയും അന്ത്യം വഴിവയ്‌ക്കുകയെന്ന്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍ സത്യമാവാനാണ്‌ സാധ്യത.

പുലികളുടെ പതനം അന്വര്‍ഥമാക്കുന്ന ഒരു പഴമൊഴിയുണ്ട്‌, `വാളെടുത്തവര്‍ ഒടുവില്‍ വാളാല്‍'.

പ്രഭാകരന്‍ കാരിക്കേച്ചര്‍ - അഭിലാഷ്‌ തോമസ്‌

2 comments:

ഹന്‍ല്ലലത്ത് Hanllalath said...

...ശബ്ദമില്ലാത്തവരുടെ ശബ്ദം ഒടുങ്ങി....

Mohamed Salahudheen said...

തുറന്നെഴുതി, നന്നായി...
സമാധാനത്തിനായി പ്രാര്ത്ഥിക്കട്ടെ,

FACEBOOK COMMENT BOX