Sunday, May 31, 2009

മാധവിക്കുട്ടി (പറഞ്ഞ വാക്കുകളുടെ അര്‍ഥം)




പത്താം വയസില്‍
അക്ഷരങ്ങള്‍ കൂട്ടി വാക്കായി വായിക്കാന്‍ പഠിച്ച കാലത്ത്‌
'എന്റെ കഥ' പോലൊന്ന്‌
എനിക്കും എഴുതണമെന്നു പറഞ്ഞു കരഞ്ഞിരുന്നത്രെ
അച്ഛന്‍ പറഞ്ഞറിഞ്ഞതാണ്‌
പിന്നീട്‌ 'ഭയം എന്റെ നിശാവസ്‌ത്രം' വായിച്ചപ്പോള്‍
അതു പോലൊരു നിശാവസ്‌ത്രം സ്വപ്‌നം കണ്ടു
പിന്നീട്‌ വാക്കുകള്‍ എന്‍ ചിന്തയാകുന്ന ജലാശയത്തില്‍ പതിക്കുന്ന കല്ലുകളായി
നീ എറിഞ്ഞിട്ട കല്ലുകളെല്ലാം എന്റെ മനസിന്റെ
അടിത്തട്ടില്‍ പുറ്റു പോലെ പറ്റിപ്പിടിച്ചു
എന്നോ അവയോട്‌ തോന്നിയ(തോന്നിപ്പിച്ച) വെറുപ്പ്‌ അവയെ നിഷേധിക്കാന്‍ പഠിപ്പിച്ചു
പിന്നീട്‌ 'നഷ്ടപ്പെട്ട നീലാംബരി' വായിച്ചപ്പോള്‍(വായിക്കാന്‍ വളരെ വൈകി)
നഷ്ടപ്പെടുത്തിയ വാക്കുകളുടെ വില കൂട്ടിയെടുക്കാന്‍ശ്രമിച്ചു
ഇന്ന്‌ പ്രഭാതത്തില്‍ വാക്കുകള്‍ പരാജയപ്പെടുന്ന ലോകത്തേയ്‌ക്ക്‌
നീ പറന്നു പോവുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു
വഴിയമ്പലത്തില്‍ ആല്‍മരത്തിലെ പക്ഷികള്‍ പിറ്റേ ദിവസം
തങ്ങളുടെ വഴിക്ക്‌ പറന്നു പോവുമ്പോള്‍ പറഞ്ഞ വാക്കുകളുടെ അര്‍ഥം
കാരിക്കേച്ചര്‍: അഭിലാഷ്‌ തോമസ്‌

Thursday, May 21, 2009

ഇന്‍ക്രെഡിബിള്‍ വര്‍മ



"ഹെയ്‌ഡനും ഗില്‍ക്രിസ്‌റ്റും ഡിവില്യേഴ്‌സും ഡുമിനിയും സുരേഷ്‌ റെയ്‌നയും ധോണിയുമൊക്കെ ഐ.പി.എല്ലില്‍ തകര്‍ത്താടുമ്പോള്‍ ജനം കാത്തിരിക്കുന്നത്‌ ബൗണ്ടറികള്‍ക്കുമീതേ പറന്നുയരുന്ന സിക്‌സറുകള്‍ക്കും പുല്‍നാമ്പുകളെ ചുംബിച്ചു പായുന്ന ഫോറുകള്‍ക്കും വേണ്ടിയല്ല ഓരോ ഓവറിന്റെയും ഇടവേളകളില്‍ ഓടിയെത്തുന്ന വോഡഫോണ്‍ പരസ്യത്തിലെ സൂസൂ എന്ന കഥാപാത്രത്തെ കാണാനാണ്‌. ഐ.പി.എല്ലിനേക്കാളും ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്‌ സൂസുവിനെക്കുറിച്ചാണ്‌. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഈ ക്രിക്കറ്റ്‌ കമ്പക്കെട്ടിലെ താരം സൂസുവാണ്‌."
ജയിംസ്‌ ജോസഫ്‌ & സന്ദീപ്‌ സലിം


സിനിമകളെ ഭ്രാന്തമായി സ്‌നേഹിച്ചു നടന്നിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു ആലപ്പുഴയില്‍. കോളജ്‌ പഠനകാലത്ത്‌ തീയറ്ററുകള്‍ കയറിയിറങ്ങി സിനിമകള്‍ കാണുന്നതിന്‌ വീട്ടില്‍നിന്ന്‌ വഴക്കു കേള്‍ക്കുകയും പിറ്റേന്ന്‌ വീണ്ടും വര്‍ധിച്ച ആവേശത്തോടെ സിനിമ കാണാന്‍ പോവുകയും ചെയ്‌തു കൊണ്ടിരുന്നൊരു ചെറുപ്പക്കാരന്‍. ഒരു മധ്യവര്‍ഗ-ഉദ്യോഗസ്ഥ കുടുംബത്തില്‍നിന്നുള്ള തനിക്ക്‌ വീട്ടുകാരുടെ ആഗ്രഹം പോലെ സ്ഥിരവരുമാനമുള്ളൊരു ഉദ്യോഗസ്ഥനാകാന്‍ താത്‌പര്യമില്ലെന്ന്‌ മനസിലാക്കിയ ആ യുവാവ്‌ സിനിമയില്‍ പയറ്റിത്തെളിയാന്‍ ബാംഗളൂരിലേക്കു വണ്ടികയറി. അവിടെ ഒരു കമ്പനിയില്‍ രണ്ടുവര്‍ഷത്തോളം താത്‌പര്യമില്ലാതിരുന്നിട്ടും ആത്മാര്‍ഥമായി പണിയെടുത്ത ആ യുവാവ്‌ ഇന്ന്‌ അന്താരാഷ്‌്‌്‌ട്ര തലത്തില്‍ അറിയപ്പെടുന്നൊരു പരസ്യസംവിധായകനാണ്‌. പ്രകാശ്‌ വര്‍മ. പരസ്യലോകത്തെ പരീക്ഷണങ്ങളുടെ തമ്പുരാന്‍.

ഐ.പി.എല്ലില്‍ നിറഞ്ഞുനിന്ന വോഡഫോണ്‍ പരസ്യത്തിന്റെ സംവിധായകന്‍; പ്രകാശ്‌ വര്‍മ. `സൂസൂ വര്‍മ'. താന്‍ സംവിധാനം ചെയ്‌ത പരസ്യ ങ്ങളെക്കുറിച്ചും സൂസൂവെന്ന കഥാപാത്രത്തെക്കു റിച്ചും ആലപ്പുഴയിലെ വീട്ടില്‍വച്ച്‌ `ദീപിക ലാപ്‌ടോപ്പി'നോട്‌ മനസു തുറന്നപ്പോള്‍. ``ഒരു ടെലിഫോണ്‍ ബ്രാന്‍ഡിനെ സംബന്ധിച്ച്‌ സ്റ്റോക്ക്‌ അലേര്‍ട്ട്‌, ഹോറോസ്‌കോപ്പ്‌, ബ്യൂട്ടി ടിപ്‌സ്‌ തുടങ്ങി വ്യത്യസ്‌തങ്ങളായ നിരവധി സേവനങ്ങള്‍ നല്‍കുന്ന പ്രൊഡക്‌റ്റുകളുണ്ട്‌. ഇവയെല്ലാം പ്രമോട്ട്‌ ചെയ്യാന്‍ കഴിയുന്ന ഒരു സ്‌പേസാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌. വോഡഫോണ്‍ കമ്പനിയുമായി എനിക്ക്‌ അഞ്ചെട്ടുവര്‍ഷത്തെ ബന്ധമാണുള്ളത്‌. ഈ കമ്പനിയാണ്‌ ഐ.പി.എല്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. ഇങ്ങനെയുള്ള അവസരത്തില്‍ അവര്‍ക്ക്‌ കുറെയേറെ ഫിലിംസ്‌(പരസ്യങ്ങള്‍) ചെയ്യണം. എനിക്കാണെങ്കില്‍ സമയമില്ല. ഞാനുമായി വര്‍ഷങ്ങളായി നല്ല ബന്ധമുള്ള ബ്രാന്‍ഡാണ്‌ വോഡഫോണ്‍.


സാധാരണ യായി എനിക്ക്‌ സമയമില്ലെങ്കില്‍ സമയമില്ലെന്നുപറഞ്ഞ്‌ ഞാന്‍ ഒഴിഞ്ഞ്‌ മാറുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍, ഇവരോട്‌ അങ്ങിനെ പറയാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ ഒരുമാസത്തെ സമയമേയുള്ളൂ. മുപ്പത്‌ പരസ്യങ്ങള്‍ ഈ സമയത്തിനുള്ളില്‍ തീര്‍ക്കണം. ഈ ജന്മത്ത്‌ നടക്കുന്ന കാര്യമല്ല. അതിന്‌ സമയമെടുക്കും.ഈ പരസ്യ ങ്ങളുടെ ചിന്ത, സ്‌ട്രക്‌ച്ച റിംഗ്‌, ക ഥാ പാത്രങ്ങ ള്‍ എന്നിങ്ങ നെ നിരവധി കാര്യങ്ങളുണ്ട്‌. വലിയ ജോലിയാണ്‌. അങ്ങി നെ നോക്കു മ്പോള്‍ ഇത്‌ ഇംപോസിബിള്‍...


അതു കൊണ്ടാണ്‌ ഇങ്ങനെ വ്യ ത്യസ്‌തങ്ങളായൊരു ലോകവും ക ഥാപാത്രങ്ങളും സൃഷ്‌്‌ടിച്ചത്‌. ഇതി ന്റെ തുടക്കത്തില്‍ ഞാനും ഒ ആന്‍ഡ്‌ എമ്മിലെ ക്രിയേറ്റീവും കൂടിയിരുന്ന്‌ ഇ ക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ( ഒ ആന്‍ഡ്‌ എം- വോഡഫോണിന്റെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പരസ്യ ഏജ ന്‍സി.)ഞാനാണല്ലോ ഇത്‌ സംവിധാനം ചെയ്യുന്നത്‌. അതിനാല്‍ ഇതിന്റെ ഓരോ ഘട്ടത്തിലേയും മാറ്റങ്ങളും മറ്റും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചാണ്‌ ഉണ്ടാക്കിയത്‌. അങ്ങിനെയാണ്‌ ഇപ്പോള്‍ കാണുന്ന ഈ പരസ്യമുണ്ടായത്‌. ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക്‌ ആകര്‍ഷകമായിരുന്നു ഈ പരസ്യത്തിന്റെ ആശയം. വളരെ ഡിഫ്രന്റായുള്ള ലോകം, കഥാപാത്രങ്ങള്‍, മനുഷ്യ ബന്ധങ്ങളൊക്കെയുള്ള, മാനുഷികവികാരങ്ങളൊക്കെയുള്ള കഥാപാത്രങ്ങള്‍, നമ്മുടെ യൊക്കെ ജീവിതത്തിലെ സിറ്റുവേഷനുകളുമാണ്‌. എന്നാല്‍, അന്യഗ്രഹ ജീവികളെപ്പോലെ തോന്നാനും പാടില്ല. അങ്ങിനെ യെങ്കില്‍ ഇവിടെ എന്തുതരം കഥാപാത്രങ്ങളെ ഉപയോഗിക്കണമെന്നായി ചിന്ത. അങ്ങിനെ രണ്ടുതരം കഥാപാത്രങ്ങളെ ഞങ്ങള്‍ വരച്ചുണ്ടാക്കി. അങ്ങിനെയായപ്പോള്‍ എനിക്ക്‌ വളരെ ഇന്ററസ്റ്റിംഗായി തോന്നി.


ഇതുവരെ ആരും ചെയ്യാത്ത രീതിയിലുള്ള ഒരു ഫിലിം മേക്കിംഗ്‌ പരീക്ഷിച്ചാലോ എന്നുഞാന്‍ ചിന്തിച്ചു. അനിമേഷന്‍ എല്ലാവരും ചെയ്യുന്നതാണ്‌. അതു ചെയ്‌തുതീരാന്‍ കുറേനാളെടുക്കും. അനിമേഷന്‍ പോലെ ഇരിക്കുന്ന; എന്നാല്‍, ലൈവായി ഷൂട്ട്‌ ചെയ്‌താല്‍ രസകരമായിരിക്കുമെന്ന്‌ എനിക്ക്‌ തോന്നി. അങ്ങിനെ രണ്ടു തരം കഥാപാത്രങ്ങ ളെയാണ്‌ ഞങ്ങള്‍ ഉണ്ടാക്കിയത്‌. ഈ കഥാപാത്രങ്ങളുടെ ഭംഗയല്ല. ഇവരുടെ പ്രാക്‌്‌ടിക്കാലിറ്റിയാണ്‌ നോക്കേണ്ടത്‌. അവരിരിക്കും അവര്‍ ചിരിക്കും അവര്‍ വീഴും അങ്ങിനെ നിരവധികാര്യങ്ങളുണ്ട്‌. കുറച്ചുകൂടി ലളിതമായിരിക്കണം. അങ്ങിനെ ഞാ നെന്റെ കോസ്‌റ്റിയൂം ഡിസൈനറുമായി ചര്‍ച്ചചെയ്‌തു. ഈ രണ്ടു തരം ഡ്രസൊക്കെയിട്ട്‌ പരീക്ഷിച്ചപ്പോള്‍ ഇപ്പോള്‍ കാണുന്ന ഈ കഥാപാത്രമാണ്‌ സൗകര്യമെന്ന്‌ മനസിലായി. ഈ കഥാപാത്ര ത്തെ മൂന്നുഭാഗങ്ങളായി തിരിച്ചു. തല, ഉടല്‍, പി ന്നെ കാലുകള്‍. അങ്ങനെ കഥാപാത്രങ്ങളെക്കുറി ച്ച്‌ തീരുമാനമായി. പിന്നെ അവരുടെ വലുപ്പം. അവര്‍ക്ക്‌്‌്‌ സ്‌ട്രയിഞ്ചായിട്ടുള്ള സൈസാണെങ്കില്‍ വളരെ ക്യൂട്ടായിട്ട്‌ എനിക്ക്‌ തോന്നി. അങ്ങിനെയാണ്‌ കുട്ടികളേയും ഈ കഥാപാത്രങ്ങള്‍ക്കായി ഉ പയോഗിക്കാമെന്ന്‌ തീരുമാനിക്കുന്നത്‌. ഇത്‌ ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണിലാണ്‌ ഷൂട്ട്‌ ചെയ്യുന്നത്‌. കാരണം, ഇത്‌ വ്യത്യസ്‌തമായ ഒരു പരസ്യമാണ്‌. ഇതിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവരരുതെന്ന്‌ എനിക്കാഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഫോട്ടോകളും മറ്റുവിവരങ്ങളും പുറത്തുവന്നാല്‍ ഇതിന്റെ പുതുമ പോവും. ഒരു സര്‍പ്രൈസ്‌ പോലെ ഒരു ദിവസം അങ്ങനെ ടിവിയില്‍ പ്രത്യക്ഷപ്പെടണം... എങ്കില്‍ മാത്രമേ ആളുകളെ ഇത്‌ ആകര്‍ഷിക്കുകയുള്ളൂ. ചുളിവുകള്‍ വീഴാത്തതരത്തിലുള്ള ബോഡി സ്യൂട്ടുകളാണ്‌ ഞങ്ങള്‍ കഥാപാത്രങ്ങള്‍ ക്കായി തെരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍, തല സാധാര ണ ഗതിയിലും വലുപ്പമുള്ളതായിരുന്നു. അതിന്‌ ഫൈബര്‍ ഗ്ലാസ്‌ പോലുള്ളവയാണ്‌ ഉപയോഗിച്ചത്‌.


കുട്ടികളെയൊക്കെവച്ച്‌ ഷൂട്ട്‌ ചെയ്യുമ്പോള്‍ അവര്‍ക്ക്‌ ഒത്തിരിയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന്‌ മനസിലാക്കിയാണ്‌ ഞങ്ങള്‍ മുതിര്‍ന്നവരേയും ഇതിനായി ഉപയോഗിച്ചത്‌. തലയെന്നു പറഞ്ഞാല്‍ വളരെ വലുപ്പമുണ്ട്‌. ചെറിയ തുളകളൊക്കെയുണ്ടെന്ന്‌ പറഞ്ഞാലും ശ്വാസമെടുക്കാനൊക്കെ ഒത്തിരി പ്രയാസമാണ്‌. പ്രധാനമായും സ്‌ത്രീകളെയാണ്‌ ഞങ്ങള്‍ ഈ കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തത്‌. കാരണം അവരുടെ ശരീരം വളരെ സ്ലിമ്മാണ്‌. വലിയ ഉടലും തീരെ മെലിഞ്ഞ കാലുകളും കൈകളുമൊക്കെയായി സ്‌ട്രയിഞ്ചായൊരു രൂപം ഫീലുണ്ടാക്കാന്‍ ഇവരെ ഉപയോഗിച്ചാല്‍ കഴിയുമെന്ന്‌ ഞങ്ങള്‍ മനസിലാക്കി. ഇത്തരത്തില്‍ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയപ്പോള്‍ എന്റെ എല്ലാ പ്ലാനുകളും അതിനനുസരിച്ച്‌ മാറാന്‍ തുടങ്ങി. നോര്‍മലായിട്ടുള്ള ആള്‍ക്കാരായപ്പോള്‍ അവരുടെ പ്രപ്പോഷനനുസരിച്ച്‌ ബാക്കിയുള്ള വസ്‌തുക്കള്‍ളൊക്കെ വലുപ്പത്തില്‍ ഉണ്ടാക്കി. ഒരു ഫോട്ടോകോപ്പി മെഷീന്‍ അവിടെ വച്ചിരിക്കുമ്പോള്‍. ഇവരെല്ലാവരും അതില്‍ തലവച്ച്‌ പോവുമ്പോള്‍ ഇവരുടെ വലുപ്പത്തിനനുസരിച്ച്‌ ആ ഫോട്ടോകോപ്പിമെഷീന്റെ വലുപ്പവും വര്‍ധിപ്പിച്ചു. അങ്ങിനെ അവരിരിക്കുന്ന ബഞ്ച്‌ വലുതാക്കി. അങ്ങിനെ വരുമ്പോള്‍ ഈ കഥാപാത്രങ്ങള്‍ തീ രെചെറുതല്ല. എന്നാല്‍, ഒരു സ്‌ട്രേഞ്ച്‌ ഫീല്‍ ചെയ്യും.

അങ്ങിനെ പലപല ലെയറുകള്‍ ഞങ്ങള്‍ ഇതില്‍ കൊണ്ടുവന്നു. വലിയൊരു ഫ്‌ളോര്‍ എടുത്ത്‌ അതുമുഴുവന്‍ ഗ്രേ പെയിന്റടിച്ചു. അനിമേഷന്‍ ഫിലിമുകളിലെപ്പോലെ ഞങ്ങള്‍ വസ്‌തുക്കള്‍ ഡിസൈന്‍ ചെയ്‌തു. എല്ലാം പ്രോപ്പറല്ല. നേരെയുള്ള വരകളല്ല; അല്‍പം വളഞ്ഞിട്ടുള്ളതാക്കി. അങ്ങനെ ഒരു അനിമേഷന്‍ ചിത്രമെന്ന തോന്നലുണ്ടാക്കി. ഈ പരസ്യ ങ്ങളില്‍ ഒരു കാറുകാണിക്കുന്നുണ്ട്‌. യഥാര്‍ഥ കാറിനെപ്പോലെയുള്ളതല്ല. വളവൊക്കെയായി ഒരു അനിമേഷന്‍ ചിത്രത്തിലേതുപോലെ. എന്നാല്‍, അനിമേഷനാണോ അല്ല. തീര്‍ച്ചയായും ഇത്‌ മനസിലാകും. എന്നാലും കാണുന്നവര്‍ക്കൊരു ക്യൂരിയോസിറ്റി തോന്നും. അങ്ങിനെ ഇതിനൊരു ഭംഗിയൊക്കെയുണ്ട്‌.


രണ്ടാമത്തെ കാര്യം ഇതിന്റെ സ്‌പീഡ്‌. ഇത്‌ സാധാരണ ഫിലിം കാമറയിലാണ്‌ ഷൂട്ട്‌ ചെയ്യുന്നത്‌. ഒരു സെക്കന്‍ഡില്‍ 25 ഫ്രെയിമാണ്‌ സാധാരണയുള്ള ഷൂട്ടിംഗ്‌ സ്‌പീഡ്‌. എന്നാല്‍, ഞാന്‍ ഒരു സെക്കന്‍ഡില്‍ 20 ഫ്രെയിംവച്ചാണ്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തത്‌. അങ്ങനെ വരുമ്പോള്‍ സാധാരണ ഗതിയിലും കുറച്ച്‌ വേഗത കൂടും. എന്നാല്‍, അത്‌ വളരെ സ്‌പീഡൊന്നുമല്ല. ഒരു ഫണ്ണിയായുള്ള വേഗത. കഥാപാത്രങ്ങളുടെ ചലനങ്ങള്‍ ഇണങ്ങുന്ന തരത്തിലുള്ള വേഗതയാണിത്‌.

ഈ കഥാപാത്രങ്ങള്‍ക്ക്‌ ഷൂട്ട്‌ ചെയ്യുമ്പോള്‍ ഒ ന്നുംകാണാന്‍ സാധിക്കില്ല. പ്രത്യേകിച്ച്‌ രണ്ടു കഥാപാത്രങ്ങളില്‍ കൂടുതലുള്ള ചിത്രമാണെങ്കില്‍ മറ്റുള്ളവരെന്താണ്‌ ചെയ്യുന്നതെന്ന്‌ ഇവര്‍ക്ക്‌ കാണാന്‍ കഴിയില്ലല്ലോ. ഇതില്‍ ടൈമിംഗ്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഒരാളുടെ ആക്‌ഷന്‍ ചെയ്‌തു അതു കഴിഞ്ഞ്‌ മറ്റേയാള്‍ റിയാക്ട്‌ ചെയ്‌തു. അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഇതിലുണ്ട്‌. ഓരോ ടേക്കിനു മുമ്പും ഇവരുടെ തലപൊക്കി ഞാന്‍ കാണിച്ചു കൊടുക്കും എങ്ങനെയണ്‌ ഈ ഭാഗത്ത്‌ അഭിനയി ക്കേണ്ടെതെന്ന്‌. ഇത്‌ മനസിലാക്കി ഇവര്‍ ബ്ലൈന്‍ഡായി അഭിനയിക്കുകയാണ്‌. ഒരു കണക്കുകൂട്ടലോടെയുള്ള അഭിനയം. ചിലപ്പോഴൊക്കെ ഇവര്‍ നേരെ നടന്ന്‌ കാമറയില്‍ ഇടിച്ചുവീണിട്ടുണ്ട്‌്‌. കാരണം ഇവര്‍ക്ക്‌ ഒന്നും കാണാന്‍ സാധിക്കില്ലല്ലോ.

തിരിഞ്ഞു നോക്കുമ്പോള്‍ വളരെ സംതൃപ്‌തിയുണ്ട്‌. റിക്കോര്‍ഡ്‌ ടൈമിലാണ്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തതു തീര്‍ത്തത്‌. ഐ.പി.എല്ലില്‍ ഈ പരസ്യം സംപ്ര ക്ഷേപണം ചെയ്യണമെന്ന്‌ എനിക്കും അവര്‍ക്കും(വോഡഫോണിനും) ആഗ്രഹമുണ്ട്‌. പത്തുദിവസം കൊണ്ടാണ്‌ ഞാന്‍ മുപ്പതോളം ചിത്രങ്ങള്‍ ഷൂട്ട്‌ ചെയ്‌തത്‌.

ഇതിന്റെ സൗണ്ട്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഞാന്‍ തന്നെ പലപല രീതിയില്‍ റെക്കോര്‍ഡ്‌ ചെയ്‌തു മറ്റൊരാളോടൊപ്പമിരുന്ന്‌്‌ സ്‌പീഡ്‌ ചെയ്‌തു പിച്ച്‌ ചെയ്‌താണ്‌ ഇതിന്റെ സൗണ്ട്‌ എഡിറ്റിംഗ്‌ ചെയ്‌തിരിക്കുന്നത്‌. ഈ ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ ചിരിക്കുന്നതായിട്ടുണ്ട്‌. ഇവര്‍ ചിരിക്കുന്നത്‌ ഫാസ്റ്റായിട്ടാണെങ്കിലും ആ ചിരി റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ ഹാ...ഹാ...ഹാ...ഹാ... എന്ന്‌ സ്ലോ ആയിട്ടുവേണം റെക്കോര്‍ഡ്‌ ചെയ്യാന്‍. അങ്ങനെ വരു മ്പോള്‍ മാത്രമേ ഹിഹിഹിഹിഹിഹിഹി എന്ന്‌ അവര്‍ ചിരിക്കുന്നതായിട്ട്‌ വരുകയുള്ളൂ. ഇത്തരത്തില്‍ ഒത്തിരിയേറെ ചെറിയ ചെറിയ കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.


നല്ല പ്ലാനിംഗില്ലാതെ ഇത്‌ ചെയ്യാന്‍ സാധിക്കില്ല. ഇത്‌ പ്രീപ്രൊഡക്‌്‌ഷനുതന്നെ ഒരു മാസത്തെ സമയമെടുത്തു. ഈ പ്ലാനിംഗ്‌ ഉള്ളതു കൊണ്ടാണ്‌ പത്തുദിവസം കൊണ്ട്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തു തീര്‍ക്കാന്‍ സാധിച്ചത്‌്‌. ഇതിന്റെ എല്ലാ ഫ്രെയിമിനും സ്‌റ്റോറീ ബോര്‍ഡ്‌ തയാറാക്കി. ഓരോ രംഗത്തുംവരേണ്ട കഥാപാത്രങ്ങളുടെ റിയാക്‌്‌ഷനുകള്‍ വരച്ചുണ്ടാക്കി. അതിനനുസരിച്ച്‌ റബറില്‍ ഈ റിയാക്‌്‌ഷനുകള്‍ ഉണ്ടാക്കി. അതിനനുസരിച്ചാണ്‌ ഷൂട്ട്‌ ചെയ്‌്‌തിരിക്കുന്നത്‌. ഇതിന്റെ പോസ്‌റ്റ്‌ പ്രൊഡക്‌്‌ഷന്‍ സിമ്പിളായിരുന്നു. സാധാരണ പരസ്യ ചിത്രങ്ങളിലെപ്പോലെ ഹെവിഡ്യൂട്ടി പോസ്‌റ്റ്‌പ്രൊഡ ക്‌്‌ഷനൊന്നുമില്ലായിരുന്നു. എക്‌സ്‌്‌ട്രീമിലി സിമ്പിള്‍ എഡിറ്റിംഗ്‌. ചെയ്‌തതു മുഴുവന്‍ ഷൂട്ടിംഗിലായിരുന്നു. നല്ല പ്ലാനിംഗോടു കൂടിയായിരുന്നു ഇതിന്റെ ഷൂട്ടിംഗ്‌. ആദ്യത്തെ രണ്ടു മൂന്നു ദിവസം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനും എന്റെ കാമറാമാനും ഇതിലെ അഭിനേതാക്കള്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയുള്ളൊരു ഫോര്‍മാറ്റില്‍ ആരും ഇതുവരെ ഷൂട്ട്‌ ചെയ്‌തിട്ടില്ല. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ പിന്നെയൊരു ട്രാക്കിലെത്തി.

ഈ മുപ്പത്‌ പരസ്യ ചിത്രങ്ങളെന്നു പറഞ്ഞാല്‍ മുപ്പതു കഥകളാണ്‌. അല്ലെങ്കില്‍ ജീവിതത്തിലെ ഒരോ രസകരമായ നിമിഷങ്ങളാണ്‌. ഇതിലെ സ്റ്റോക്ക്‌ അലേര്‍ട്ട്‌ എന്നു പറയുന്ന ഒരു ചിത്രത്തില്‍ ഒരു ഹ്യൂമറില്ലെങ്കില്‍ ഒരുകാര്യവുമില്ല. ഈ ചിത്രംകൊണ്ട്‌ വോഡഫോണിന്റെ സ്‌റ്റോക്ക്‌ സര്‍വീസ്‌ സേവനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നില്ല. പക്ഷേ, വോഡഫോണ്‍ എന്ന ബ്രാന്‍ഡിന്റെ പ്രമോഷന്‍ അവിടെ നടക്കും. എന്നാല്‍, നമ്മള്‍ പറയുന്ന പ്രൊഡക്ടിനെക്കുറിച്ച്‌ സ്‌ട്രേറ്റ്‌ ഫോര്‍വേര്‍ഡായിട്ടല്ലാതെ ഇന്ററസ്റ്റിംഗായി ചെയ്‌തു കഴിഞ്ഞാല്‍ അത്‌ ചിന്തിപ്പിക്കും. ഈ പരസ്യങ്ങള്‍ ആദ്യം കാണുമ്പോള്‍ മനസിലാകണമെന്നില്ല. എന്നാല്‍, രണ്ടാമതെ കാണുമ്പോള്‍ മനസിലാവാതെയിരിക്കില്ല. ആദ്യം കാണുമ്പോള്‍ ചിരിക്കുന്നതെന്തുകൊണ്ടാണ്‌ അവരുടെ മൂവ്‌മെന്റ്‌സ്‌ കണ്ടിട്ടാണ്‌. അല്ലെങ്കില്‍ അതിലുള്ള രണ്ടുമൂന്നു കാര്യങ്ങള്‍ കണ്ടിട്ടാണ്‌. അല്ലാതെ അതുമുഴുവന്‍ മനസിലാക്കാനുള്ള സമയമില്ല. പിന്നെയും ചിരിക്കുന്നതെന്തുകൊണ്ടാണ്‌. അതുമനസിലായികഴിയുമ്പോഴാണ്‌ വീണ്ടും ചിരിക്കുന്നത്‌; ഇത്‌ കാണാതെ ചിരിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ വെറുതെ ചര്‍ച്ചചെയ്‌തു ചിരിക്കുകയാണ്‌. അങ്ങിനെ പ്രൊഡക്‌്‌ട്‌ അനുസരിച്ചാണ്‌ എല്ലാ സിറ്റുവേഷന്‍സും ക്രിയേറ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതിന്റെ സിറ്റുവേഷന്‍സ്‌ ക്രിയേറ്റ്‌ ചെയ്‌തിരിക്കുന്ന അവസരത്തില്‍ പരസ്യ ഏജന്‍സിയായ ഒ ആന്‍ഡ്‌ എമ്മുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒ ആന്‍ഡ്‌ എമ്മിലെ രാജീവ്‌ റാവുവാണ്‌ ഇങ്ങനെയൊരു പരസ്യത്തിന്റെ കണ്‍സപ്‌റ്റ്‌ കൊണ്ടുവരുന്നത്‌.

എനിക്കു ലഭിച്ച ഏറ്റവും വലിയ കാര്യമെന്നുവച്ചാല്‍ ട്രസ്റ്റാണ്‌. ഞാന്‍ ഇത്രയും നാള്‍ ഇന്‍ഡസ്‌ട്രിയില്‍ വര്‍ക്ക്‌ ചെയ്‌തിട്ടുള്ളതിന്റെ എസ്‌റ്റാബിഷ്‌മെന്റിന്റെ പേരില്‍ ഇവര്‍ക്ക്‌ എന്നിലുള്ള വിശ്വാസം. അതെനിക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യം. ചെയ്‌തു കഴിഞ്ഞാലും എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഇംപ്രവൈസ്‌ ചെയ്യാനുള്ള സ്വാതന്ത്ര്യവും മറ്റും. അത്‌ വലിയൊരു അനുഗ്രഹമല്ലേ... അങ്ങിനെ ഈ പരസ്യമൊക്കെ ചെയ്‌തു കഴിഞ്ഞാണ്‌ ഞങ്ങള്‍; ഞാനും രാജീവും ഇതന്റെ കാരക്‌്‌ടറിന്റെ പേരിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നത്‌. പരസ്യം ചെയ്യുന്നതിന്റെ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഇതിലെ കാരക്‌്‌ടര്‍ ഡവലപ്‌മെന്റിനെക്കുറിച്ച്‌ ചര്‍ച്ചചെയ്‌തിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം രാജീവ്‌ എന്നോട്‌ പറഞ്ഞു സൂസൂ എന്ന്‌ ഇതിന്‌ പേരിട്ടാലോ. ഫന്റാസ്റ്റിക്ക്‌... ഞാന്‍ പറഞ്ഞു. എന്തു പേരിട്ടാലും അത്‌ വര്‍ക്ക്‌ ചെയ്യും. ഈ പേരുമായി ബന്ധപ്പെട്ട്‌ പല പ്രൊഡക്‌ടുകളുംമറ്റും ഇറക്കാനും സാധിക്കും. ടോയ്‌സ്‌, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയവ.

ഈ പരസ്യം പോപ്പുലറാകുമെന്ന്‌ അറിയാമായിരുന്നു. എന്നാലും ഇത്രയും ക്ലിക്കാകുമെന്ന്‌ പ്രതീക്ഷിച്ചില്ല. കുറഞ്ഞ സമയം കൊണ്ട്‌ ചെയ്‌തു തീര്‍ത്തൊരു പരസ്യം, അതിന്‌ ഇത്രയും പ്രശസ്‌തിയും സ്വീകാര്യതും ഞാന്‍ എക്‌സ്‌പെക്‌റ്റ്‌ ചെയ്‌തിരുന്നില്ല. ഈ പരസ്യം ക്ലിക്കായതിനു ശേഷം ഓരോ മണിക്കൂറിലും അല്ലെങ്കില്‍ അരമണിക്കൂറിലും എന്നെ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ വിളിക്കാറുണ്ട്‌. എല്ലാ ദേശീയ മാധ്യമങ്ങളും ചാനലുകളും സൂസൂവിനെക്കുറിച്ച്‌ പ്രോഗ്രാം ചെയ്‌തു. ഹിന്ദുസ്ഥാന്‍ ടൈംസ്‌ പോലുള്ള ദേശീയ പത്രങ്ങള്‍ ഫ്രണ്ട്‌ പേജില്‍ ഒരു പരസ്യത്തെക്കുറിച്ച്‌ ന്യൂസ്‌ ഐറ്റം ചെയ്യുക. എനിക്ക്‌ തോന്നുന്നു, മറ്റൊരു പരസ്യചിത്രത്തെക്കുറിച്ചും ഇത്തരത്തില്‍ ആരും ഫ്രണ്ട്‌ പേജ്‌ സ്റ്റോറി ചെയ്യുക എന്നത്‌്‌ അപൂര്‍വമാണ്‌. ഫേസ്‌ബുക്കെന്ന സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റില്‍ സൂസൂവിന്റെ കമ്യൂണിറ്റിയില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തോളം പേരാണ്‌ അംഗങ്ങള്‍(ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത്‌്‌). ഇന്റര്‍നാഷണല്‍ തലത്തില്‍ ഒരു പരസ്യത്തെ സംബന്ധിച്ച്‌ ഇതൊരു റിക്കോര്‍ഡാണ്‌. ഇന്റര്‍നെറ്റ്‌ ആഡ്‌ കാമ്പയിനില്‍ എക്രോസ്‌ ദ വേള്‍ഡ്‌ വോഡഫോണിന്റെ ഈ പരസ്യമാണ്‌ നമ്പര്‍ വണ്‍ എന്നാണ്‌ അമേരിക്കന്‍ ഏജന്‍സി നടത്തിയ സര്‍വേ ഫലങ്ങള്‍ പറയുന്നത്‌.

മേക്കിംഗ്‌ ഓഫ്‌ പൊറോട്ട

ഇതിലെ ഭാഷയ്‌ക്ക്‌ ഒരു ഭാഷയുമായും ബന്ധമുണ്ടാവരുത്‌. ഇതിലെ ലോകത്തിന്‌ നമ്മുടെ ലോകവുമായിട്ടും ഒരു ബന്ധവുമുണ്ടാവരുത്‌. എന്നാല്‍, കണക്‌റ്റടായിരിക്കുകയും വേണം. അതി ലെ മരങ്ങളും മറ്റും ഇത്തരത്തിലുള്ളൊരു ബന്ധത്തെക്കുറിക്കുന്നു. സൂസൂ ഇങ്ങനെ വെറുതെ കുറേ ശബ്ദങ്ങള്‍ പറയുന്നു. ഇ തിന്റെ ഇരുപതാമത്തെ ദിവസമാണെന്ന്‌ തോന്നുന്നു ഞാന്‍ ഇതിന്റെ ഡബ്ബിംഗ്‌ ചെയ്യുന്നത്‌. ഞാനെന്ന്‌ പറയുന്നത്‌ ശരിക്കുമൊരു ഹാര്‍ഡ്‌കോര്‍മലയാളിയാണ്‌. ഞാന്‍ ജനിച്ച്‌ വളര്‍ന്നത്‌ ഒരു മിഡില്‍ ക്ലാസ്‌ ഫാമിലിയിലാണ്‌. അതിന്റെ എല്ലാ വാല്യൂസും എന്നിലുണ്ട്‌. ഇതെല്ലാം എല്ലാ ദിവസവും ആസ്വദിക്കുന്ന ഒരുമനുഷ്യനാണ്‌ ഞാന്‍. ഇതിന്റെ റിക്കോര്‍ഡ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ രാത്രി രണ്ടുമണിക്കാണ്‌. എനിക്ക്‌ വിശന്നിട്ട്‌ കണ്ണുകാണാന്‍ വയ്യ. ഇതൊക്കെ എന്റെ ഫേവറേറ്റ്‌ ഭക്ഷണങ്ങളാണ്‌. ആ സമയത്ത്‌ എന്റെ കൈവിട്ട്‌ പോയിട്ട്‌ എന്നാല്‍, ഇത്‌ ഇങ്ങനെ ആ യിക്കോട്ടേ. എന്നെ മനസിലാക്കുന്ന കുറച്ച്‌ മലയാളികള്‍ക്ക്‌ ഇതി കിട്ടിക്കോട്ടെ എന്നുകരുതിയിട്ടാണ്‌ ചെയ്‌ത്‌. ഒരേ സമയത്ത്‌ ഒരു തമാശയും അതേ സമയം ഇതിനോടുള്ളൊരു ആഗ്രഹവും കൊണ്ടാണ്‌ കപ്പയും മീനും പുട്ടും കടലയും പൊറോട്ടയും എന്നു പറഞ്ഞത്‌.

എന്റെ സിനിമ


തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും. ആറുവര്‍ഷം മുമ്പൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞൊരു അവസ്ഥയിലാണ്‌ ഞാനിപ്പോഴും നില്‍ക്കുന്നത്‌. വിഷയം എന്തായാലും ഞാന്‍ അത്‌ ശരിക്കും മനസിലാക്കിയിരിക്കണം. ഭാഷ എന്തായാലും എനിക്ക്‌ പ്രശ്‌നമല്ല. കാരണം സിനിമ എന്നു പറയുന്നതിന്‌ ഒരു ഭാഷയില്ലെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. കേരളത്തിലെ ഒരു മതില്‍ കെട്ടിനകത്തുവച്ചെനിക്ക്‌ ഒരു ഫിലിം ഷൂട്ട്‌ ചെയ്യാന്‍ എനിക്കു സാധിക്കും. പക്ഷേ, ആ കഥയ്‌ക്കുള്ളിലെ സോളുണ്ടല്ലോ അത്‌ യൂണിവേഴ്‌സലായി എല്ലാവര്‍ക്കും ഫീല്‍ ചെയ്യുന്നതായിരിക്കണം. ഫ്രാന്‍സിലെ ഒരു തീയറ്റില്‍ അത്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിലെ ഇമോഷന്‍സ്‌ കാണികള്‍ക്ക്‌ കിട്ടണം. എന്റെ മനസില്‍ സിനിമയെക്കുറിച്ചു വരു ന്ന ചിന്തകള്‍ ഞാന്‍ കുറിച്ച്‌ വയ്‌ക്കാറുണ്ട്‌. പക്ഷേ, പലപ്പോഴും ഇന്ററസ്‌റ്റിംഗായിട്ടുള്ള പരസ്യങ്ങള്‍ വ രുമ്പോള്‍ അത്‌ കൈവിട്ടുപോവരുതല്ലോ എന്നു കരുതിഞാന്‍ ചെയ്യാറുണ്ട്‌. അത്‌ എന്റെ ജീവിതത്തെ സംബന്ധിച്ച്‌ മറ്റൊരു എക്‌സ്‌പോഷറാണ്‌. അത്‌ കൈവിട്ടു കളയാനുള്ള മടി. ഇതെല്ലാം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ എഴുതിവച്ചുതുമായി ബന്ധം പോയിരിക്കും. ചിലപ്പോള്‍ അടുത്തവര്‍ഷം ചെയ്യുമായിരിക്കും. ഞാന്‍ ഇപ്പോള്‍ പഴയതിനേക്കാളേറോ എന്റെ സിനിമയുമായി അടുത്താണ്‌. പക്ഷേ, എ പ്പോള്‍, എങ്ങി നെ യെന്നൊന്നും എനിക്ക്‌ പറയാന്‍ കഴിയില്ല.

ലോഹിതദാസിന്റെയും വി.കെ പ്രകാശിന്റെയും ശിക്ഷ്യനായി ദൃശ്യലോകത്തേക്ക്‌ കടന്നുവന്ന പ്രകാശ്‌ വര്‍മ 2001-ല്‍ നിര്‍വാണയെന്ന പരസ്യ നിര്‍മാണ കമ്പനി സ്ഥാപിച്ചുകൊണ്ട്‌ സ്വതന്ത്ര സംവിധായകനായി. ഹച്ച്‌, എയര്‍ടെല്‍, ബജാജ്‌, ഹുണ്ടായ്‌, നെസ്‌ കഫേ, വേള്‍ഡ്‌ സ്‌പേസ്‌ റേഡി യോ, ഡീ ബിയേഴ്‌സ്‌ നക്ഷത്ര, ഇന്‍ക്രെഡിബിള്‍ ഇന്ത്യ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പരസ്യങ്ങള്‍ പ്രകാശ്‌ വര്‍മയുടേതായിട്ടുണ്ട്‌. ഭാര്യ സ്‌നേഹ ഐപ്പ്‌. നിര്‍വാണയുടെ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസറാണ്‌. രണ്ടരവയസുകാരായ ഇരട്ടകള്‍ ആര്യനും അര്‍ജുനും മക്കള്‍.


Monday, May 18, 2009

നിണം ചൊരിഞ്ഞ രണത്തിന്‌ അന്ത്യം


ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നം വംശീയതയിലൂന്നിയ രാഷ്‌ട്രീയമാണ്‌. അതിനുളള പരിഹാരം നിരുപാധികമായി കണ്ടെത്തണം. സായുധ സമരത്തിലൂടെ സൈന്യം നേടിയ വിജയം ഒരിക്കലും ശ്രീലങ്കയിലെ തമിഴരുടെ പ്രശ ്‌നങ്ങള്‍ക്കുളള ശാശ്വത പരിഹാരമാകുന്നില്ല. ഇവിടെ യാണ്‌ ലങ്കന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ ഡിസില്‍വയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്‌. ``ശ്രീലങ്കയില്‍ (അന്ന്‌ സിലോണാണ്‌) തമിഴ്‌ ഭാഷയ്‌ക്കും സിംഹള ഭാഷയ്‌ക്കും തുല്യ പദവി നല്‍കിയാല്‍ ശ്രീലങ്ക ഒരു രാഷ്‌ട്രമായിരിക്കും. അതല്ലായെങ്കില്‍ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല''. അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാതിരുന്ന ലങ്കയിലെ സിംഹളഭരണാധികാരികളാണ്‌ എല്‍ടിടിഇ എന്ന തീവ്രവാദ സംഘടനയുടെ പിറവിക്ക്‌ വിത്തുപാകിയതെന്ന്‌ പറയാം.

ഭാഷാ ന്യൂനപക്ഷമായ തമിഴരെ ഒരിക്കലും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്‌ വരാന്‍ അനുവദിക്കാതിരുന്ന സിംഹള ഭരണാധികാരികളാണ്‌ ഒരു പ്രത്യേക രാഷ്‌ട്രം സ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പു പോലും അപകടത്തിലാകും എന്ന ചിന്തയിലേക്ക്‌ ശ്രീലങ്കയിലെ തമിഴ്‌ വംശജരെ നയിച്ചത്‌ . അഹിംസാവാദികളായ ബുദ്ധമതവിശ്വാസികളുടെ നാട്ടില്‍ ഒഴുകിയ ചോരപ്പുഴയുടെ ഉത്ഭവസ്ഥാനമായി ശ്രീലങ്ക മാറിയതിന്റെ കാരണവും മറ്റൊന്നല്ല. രാജ്യത്തെ നേതാക്കന്‍മാരും എന്തിന്‌ രാഷ്‌ട്രത്തലവന്‍മാര്‍ പോലും വധിക്കപ്പെടുന്നതു വാര്‍ത്തയാകാത്ത ഈ കൊച്ചു ദ്വീപുരാഷ്‌ട്രത്തില്‍ എത്രഭീകരമായ വാര്‍ത്ത കേട്ടാലും ഞെട്ടിത്തെറിക്കാത്ത അവസ്ഥയാ ണിന്ന്‌.

തമിഴരുടെ മനസില്‍ പുകഞ്ഞ അമര്‍ഷവും രോഷവുമാണ്‌ ആഭ്യന്തരയുദ്ധത്തിലേക്ക്‌ ദ്വീപുരാഷ്‌ട്രത്തെ നയിച്ചത്‌ . ലങ്കന്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്‌ കൊല്ലപ്പെട്ടരുടെ എണ്ണം 70,000 മുതല്‍ 80,000 വരെയാണ്‌. എന്നാല്‍, 2002 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലിന്റെ കണക്ക്‌ 220,000 ആണ്‌. ഇതാകട്ടെ യുദ്ധത്തില്‍ നേരിട്ടു കൊല്ലപ്പെട്ടവരുടെ എണ്ണമാണ്‌. യുദ്ധത്തോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളിലും സംഘട്ടനങ്ങളിലും മരിച്ചവരുടെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലു ലക്ഷവും കടക്കുന്നു. പരിക്കേറ്റ്‌ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം അതിലും കൂടും. ശ്രീലങ്ക ഭരിച്ചിട്ടുളള സിംഹള നേതാക്കളെല്ലാം ഭാഷ കൊണ്ട്‌ രാഷ്‌ട്രീയം കളിക്കാനാണ്‌ എക്കാലവും ശ്രമിച്ചിട്ടുളളത്‌. 1956ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയായിരുന്നു ഭാഷാ രാഷ്‌ട്രീയം കളിക്കുന്നതിന്‌ തുടക്കമിട്ടത്‌. സിംഹള ഭാഷ രാജ്യത്തെ ഏക ഔദ്യോഗിക ഭാഷയാക്കി മാറ്റിക്കൊണ്ട്‌ സോളമന്‍ ബന്ദാരനായകെ തുടക്കമിട്ട ഭാഷാ രാഷ്‌ട്രീയം പിന്നീട്‌ വന്ന നേതാക്കളും പിന്തുടര്‍ന്നു.

1959ല്‍ ബുദ്ധഭിക്ഷുവും സിംഹള നുമായ ഒരു തീവ്രവാദിയുടെ തോക്കിന്‍ തുമ്പില്‍ സോളമന്‍ ബന്ദാരനായകെയുടെ ജീവിതം അവസാനിച്ചപ്പോള്‍ ഭാഷാ രാഷ്‌ട്രീയത്തിന്‌ അവസാനമായെന്ന്‌ തമിഴര്‍ പ്രത്യാശിച്ചു. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു. പിന്നീട്‌ പ്രധാനമന്ത്രായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയുടെ ഭാര്യ യും ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബന്ദാരനായകെയാവട്ടെ ഭര്‍ത്താവിനേക്കാള്‍ ഒരുപടി കൂടി മുന്നോട്ടു പോയി. വിദ്യാഭ്യസരംഗത്ത്‌ തമിഴരെ അവഗണിച്ച്‌ സിംഹളര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ നിയമം പാസാക്കി കൊണ്ടാണ്‌ സിരിമാവോ തന്റെ സിംഹള പക്ഷപാതിത്വം തെളിയിച്ചത്‌.

തങ്ങളുടെ അസ്‌തിത്വത്തിനും നിലനില്‍പിനും നേരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ സംഘടിതമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തമിഴ്‌ വംശജരുടെ, സംഘടിതരാകണം എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചത്‌ എല്‍ടിടിഇ എന്ന സംഘടനയിലൂടെയാണ്‌. തങ്ങള്‍ക്ക്‌ സ്വന്തമായി ഒരു രാഷ്‌ട്രം സാധ്യമാണ്‌ എന്ന്‌ തമിഴരെ വിശ്വസിപ്പിക്കാന്‍ എല്‍ടിടിഇക്ക്‌ സാധിച്ചു എന്നതാണ്‌ എല്‍ടിടിഇ എന്ന സംഘടനയ്‌ക്ക്‌ ശ്രീലങ്കയിലെ തമിഴരുടെ ഇടയില്‍ വലിയൊരു സ്വാധീനം നേടിക്കൊടുത്തത്‌.1976 മെയ്‌ അഞ്ചിനായിരുന്നു ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടയ്‌ക്ക്‌ വേലുപ്പിളള പ്രഭാകരന്‍ തുടക്കമിടുന്നതെങ്കിലും എല്‍ടിടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്‌ 1983 മുതലാണെന്ന്‌ കാണാം. തമിഴ്‌നാട്ടില്‍ നിന്നു ശ്രീലങ്കയിലേക്കുളള തൊഴിലാളികളുടെ കുടിയേറ്റത്തെ തുടര്‍ന്നാണ്‌. രോഗങ്ങളും കഷ്‌ടതകളും ദാരിദ്ര്യവും നിറഞ്ഞ നാളുകള്‍ മാറി എന്നെങ്കിലും തങ്ങള്‍ക്ക്‌ രാജ്യത്ത്‌ തുല്യപദവി സ്വപ്‌നം കണ്ടിരുന്ന തമിഴ്‌ വംശജര്‍ക്ക്‌ സിഹളരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും പാത വെടിഞ്ഞ്‌ കടന്നാക്രമണത്തിന്റെ പാത തിരഞ്ഞെടുക്കുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ വിജയം. പുലിപടൈ പേരില്‍ 1972-73 കാലഘട്ടത്തില്‍ തുടങ്ങിയ മുന്നേറ്റമാണ്‌ 1976 ല്‍ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടനയായി മാറിയത്‌. ശ്രീലങ്കന്‍ ജനസംഘ്യയുടെ 11 ശതമാനം വരുന്ന ഇന്ത്യന്‍ തമിഴ്‌ വംശജരും 12 ശതമാനം വരുന്ന ലങ്കന്‍ തമിഴ്‌ വംശജരും നല്‍കിയ പിന്തുണയാണ്‌ എല്‍ടിടിഇയ്‌ക്ക്‌ ലങ്കയിലും ഇന്ത്യയിലും പ്രത്യേകിച്ച്‌ തമിഴ്‌നാട്ടില്‍ വലിയ സ്ഥാനം നേടിക്കൊടുത്തത്‌. എന്നാല്‍, എഴുപതിലേറെ വരുന്ന സിംഹള ജനവിഭാഗം ഇന്നും തമിഴ്‌ വംശജരെ തരംതാണവരായാണ്‌ വിലയി രുത്തുന്നത്‌.എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും തമിഴ്‌ പ്രസിദ്ധീകരണങ്ങളും തമിഴ്‌ സിനിമകളും നിരോധിച്ചു കൊണ്ടുളള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനവും ഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചതും സര്‍വസാധാരണക്കാരായ തമിഴ്‌ വംശജരേയും സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു.

തമിഴ്‌ രാഷ്‌ട്രം എന്ന സ്വപ്‌നത്തിന്‌ പോരാട്ടമല്ലാതെ മറ്റൊരുമാര്‍ഗവുമില്ലെന്ന്‌ വിശ്വസിച്ച പുലിത്തലവന്‍ പ്രഭാകരനാണ്‌ എല്‍ടിടിഇയെ ചോരകൊണ്ടു കണക്കു തീര്‍ക്കാന്‍ പഠിപ്പിച്ചത്‌. അതിന്റെ ആദ്യപടിയായി 1983 ല്‍ ശ്രീലങ്കന്‍ സൈന്യത്തിനു നേരെ നടത്തിയ കടന്നാക്രമണത്തില്‍ മരിച്ചത്‌ 13 സൈനികരായിരുന്നു.

ഈ ആക്രമണത്തിന്റെ പരിണിതഫലം വളരെ വലുതായിരുന്നു. പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന്‌ തമിഴര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. അതോടെ വാര്‍ത്തകളില്‍ നിറഞ്ഞ എല്‍ടിടിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ശ്രീലങ്കന്‍സേനയുടെ തക്ക ആയുധബലം സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ ഒരു നേട്ടം.

തൊണ്ണൂറുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഗറില്ലാസംഘം എന്ന പേര്‌ എല്‍ടിടിഇയ്‌ക്ക്‌ അവകാശപ്പെട്ടതായിരുന്നു. സ്വയം മരിച്ച്‌ മറ്റുളളവരേയും കൊല്ലുനന്ന രീതി ശ്രീലങ്ക യില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഭീതിവിതച്ചു. എല്‍ടിടിഇയുടെ ഈ ചോരക്കളി `തമിഴ്‌പുലി'കള്‍ എന്ന പേരിന്‌ കുപ്രസിദ്ധി നേടിക്കൊടുത്തു. ശ്രീലങ്കന്‍ സര്‍ക്കാരുമായി പുലികള്‍ പലതവണ ഏറ്റുമുട്ടി. അതിനിടയില്‍ ലങ്കന്‍ പ്രസിഡന്റ്‌ ജയവര്‍ധനയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ സൈന്യം സമാധാനശ്രമങ്ങള്‍ക്കായി ലങ്കയിലെത്തി. എന്നാല്‍ സമാധാനം എന്ന ലക്ഷ്യം അപ്പോഴും വളരെ വിദൂരതയിലായിരുന്നു. മാത്രമല്ല ഈ തീരുമാനത്തിന്‌ ഇന്ത്യയ്‌ക്ക്‌ കനത്തവിലയും നല്‍കേണ്ടിവന്നു.

എല്‍ടിടിയുടെ ചാവേര്‍സംഘം 1991 മെയ്‌ 21 ന്‌ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജീവനപഹരിച്ചു. പ്രഭാകരനായിരുന്നു ആക്രമണത്തിന്റ ബുദ്ധികേന്ദ്രം എന്നത്‌ ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജീവ്‌ ഗാന്ധിയെ വധിച്ച്‌ ഇന്ത്യ യ്‌ക്കു പുറമെ ലോകരാഷ്‌ട്രങ്ങളെമുഴുവന്‍ വെറുപ്പിച്ച പ്രഭാകരന്‍ മരണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 2006 മുതല്‍ പുലികളുടെ പോരാട്ടവീര്യത്തില്‍ വലിയ കുറവാണുണ്ടായിട്ടുളളത്‌. 2006നു ശേഷം പഴയ പോരാട്ടങ്ങളുടെ ചരിത്രം മാത്രമേ പുലികള്‍ക്ക്‌ മുന്നോട്ടുവയ്‌ക്കാ നുാണ്ടായിരുന്നുള്ളു. പുലികള്‍ക്കു സ്വന്തം ജനതയിലുണ്ടായിരുന്ന പ്രീതിയും കുറഞ്ഞു തുടങ്ങിയത്‌ അന്നു മുതലാണൈന്ന്‌ പറയാം.

കുട്ടികളെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തതും വലിയൊരു ജനസമൂഹത്തെ മനുഷ്യപരിചകളാക്കിക്കൊണ്ടുളള പോരാട്ടത്തോടും തമിഴ്‌ ജനതയ്‌ക്കുണ്ടായ വെറുപ്പ്‌ ഇല്ലാതാക്കാന്‍ തമിഴ്‌ രാജ്യമെന്ന വിദൂര സ്വപ്‌നം മതിയാവുമായിരുന്നില്ല. മഹീന്ദ രജപക്‌സെയുടെ സൈന്യം പ്രഭകരന്റേയും അതുവഴി എല്‍ടിടിയുടേയും മരണപത്രത്തില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ അവസാനിക്കുന്നത്‌ ചെങ്കനല്‍പ്രഭ ചിതറിയ ഒരു യുഗം തന്നെയാണ്‌.

തമിഴ്‌ ദേശീയതയുടെ കപടമുഖംമൂടിയണിഞ്ഞ്‌ പ്രഭാകരന്‍ എഴുതിച്ചേര്‍ത്ത ചോരയുടെ ചരിത്രം അംഗീകരിക്കാന്‍ ആരും തയാറാവില്ല എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴും തമിഴന്മാരെ മൂന്നാംകിടയായി കണക്കാക്കുന്ന ഒരു കാലഘട്ടത്തിലേക്കുളള തിരിച്ചു പോക്കിനായിരിക്കും പ്രഭാകരന്റെയും എല്‍ടിടിഇയുടേയും അന്ത്യം വഴിവയ്‌ക്കുകയെന്ന്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍ സത്യമാവാനാണ്‌ സാധ്യത.

പുലികളുടെ പതനം അന്വര്‍ഥമാക്കുന്ന ഒരു പഴമൊഴിയുണ്ട്‌, `വാളെടുത്തവര്‍ ഒടുവില്‍ വാളാല്‍'.

പ്രഭാകരന്‍ കാരിക്കേച്ചര്‍ - അഭിലാഷ്‌ തോമസ്‌

FACEBOOK COMMENT BOX