Saturday, June 19, 2010

തെരുവില്‍ ഉരുളുന്ന പന്ത്‌

Sandeep Salim
ദക്ഷിണാഫ്രിക്കയില്‍ നിന്നു ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്‌ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ സുവര്‍ണതാരങ്ങളില്‍ പലരും അവികസിത രാജ്യങ്ങളിലെ ദരിദ്രമായ തെരുവുകളില്‍ ഫുട്‌ബോളെന്നു പറയാനാവാത്ത ഫുട്‌ബോള്‍ കളിച്ച് അന്തര്‍ദേശീയ ഫുട്‌ബോളിലെ മാന്ത്രികരായി മാറിയവരാണെന്ന്. സ്ട്രീറ്റ് ഫുട്‌ബോള്‍ എന്നു പരക്കെ അറിയപ്പെടുന്ന ഒരു പന്തുകളി-അത് ഫുട്‌ബോളാണോയെന്നു ചോദിച്ചാല്‍ അല്ലേയല്ല എന്നു ഫുട്‌ബോള്‍ വിദഗ്ധര്‍ പറയും-അതു കളിച്ചാണ് പലരും ഫിഫാ ഫുട്‌ബോളിലെത്തിയെത്;പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും പലതാരങ്ങള്‍.


ഉത്സവങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ദരിദ്രവും പരുക്കനുമായ കളിയിടങ്ങളില്‍ തുണിപ്പന്തോ തുകല്‍പ്പന്തോ കൊണ്ടു കളിക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിന്റെ ആവേശം ആ ഭൂകണ്ഡങ്ങള്‍ക്കു പുറത്ത് അത്രയൊന്നും പരിചിതമല്ല.

പ്രണയത്തിലും യുദ്ധത്തിലും നിയമങ്ങളില്ലെന്നാണല്ലോ പറയാറ്. എഴുതപ്പെട്ട നിയമങ്ങളില്ലാത്ത, വളരെ അനൗപചാരികമായ ഫുട്‌ബോളാണു സ്ട്രീറ്റ് ഫുട്‌ബോള്‍. നിയമത്തിന്റെ വളയത്തിനപ്പുറം നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിനു തെരുവിന്റേതായ സ്വഭാവങ്ങളും അതിന്റേതായ ഗുണങ്ങളുമുണ്ട്.

ഒരു നാടന്‍ വിനോദം എന്നതിനപ്പുറം , ജീവിതം പ്രതിസന്ധിയിലെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമായും ചെറുത്തു നില്പായും ഫുട്‌ബോള്‍ മാറുന്നു. മയക്കുമരുന്ന് ഗുണ്ടാ മാഫിയാ സംഘങ്ങല്‍ തമ്മിലുള്ള പകയും മത്സരങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും സ്ട്രീറ്റ് ഫുട്‌ബോളിലായിരുന്ന കാലമുണ്ടായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാവണം ലോകപ്രശ്‌സ്ത സാഹിത്യകാരന്‍ ജെ.ബി. പ്രീസ്റ്റലി ''വഴിപിഴച്ചുപോയ യുവത്വത്തിന്റെ വിനോദം'' എന്ന് സ്ട്രീറ്റ് ഫുട്‌ബോളിനെ വിശേഷിപ്പിച്ചത്.

എന്നാല്‍, അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ലോകോത്തര താരങ്ങളില്‍ പലരും പിറവിയെടുത്തതു സ്ട്രീറ്റ് ഫുട്‌ബോളില്‍ നിന്നാണ്. ബ്രസീലിന്റെ സ്‌ട്രൈക്കര്‍ റൊബീനോ ഉദാഹരണം. അവികസിത മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഫുട്‌ബോള്‍ അക്കാഡമികളും ശാസ്ത്രസാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച റിസേര്‍ച്ച് ഡെസ്കുകളും അപ്രാപ്യമാണ്. എന്നിട്ടും അവരുടെയിടയില്‍ നിന്നും ലോകോത്തര താരങ്ങള്‍ പിറവിയെടുക്കുന്നു. അതിന്റെ രഹസ്യമന്വേഷിക്കുന്നവര്‍ എത്തിച്ചേരുന്നത് സ്ട്രീറ്റ് ഫുട്‌ബോളിലാണ്. ഇതു തിരിച്ചറിഞ്ഞ ഒരു സ്‌പോര്‍ട്‌സ് ലേഖകന്‍ ഒരിക്കല്‍ പറഞ്ഞു: ""ബ്രസീലില്‍ ഒരു ഫുട്‌ബോള്‍ താരം ജനിക്കുന്നതു കോച്ചിംഗ് സെന്ററിലെ അച്ചടക്കത്തില്‍ നിന്നല്ല, കടല്‍ത്തീരങ്ങളില്‍ നിന്നോ തിരക്കുകുറഞ്ഞ തെരുവുകളില്‍ നിന്നോ ആണ്. കുടുസു റോഡില്‍ പെറുക്കി വച്ചിരിക്കുന്ന രണ്ടു കല്ലുകള്‍ക്കിടയിലൂടെ പന്തടിച്ചു കയറ്റുന്നവന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ പോസ്റ്റിന്റെ വീതി ഒരു കളിസ്ഥലത്തിനു തുല്യമാണ്.''

സ്ട്രീറ്റ് ഫുട്‌ബോള്‍ പേരു സൂചിപ്പിക്കും പോലെ തെരുവുകളിലോ വെളിംപ്രദേശത്തോ നടക്കുന്നതുകൊണ്ടു മാത്രമല്ല വ്യത്യസ്തമാകുന്നത്. ഓരോ രാജ്യത്തും, എന്തിന് ഓരോ പ്രദേശത്തും, വ്യത്യസ്തമായ നിയമങ്ങളാണ് എന്നതും അതിന്റെ പ്രത്യേകതയാണ്.

സാധാരണ ഫുട്‌ബോളിനു നിര്‍ബന്ധമായും വേണ്ട നിശ്ചിത വലുപ്പമുള്ള മൈതാനം, മൈതാനത്തെ അടയാള വരകള്‍, ഫുട്‌ബോള്‍ ഉപകരണങ്ങള്‍ (ഒന്നിലേറെ ഫുട്‌ബോള്‍, ഗ്ലൗസുകള്‍, ഷൂസ്, നെറ്റ് തുടങ്ങിയവ), പതിനൊന്നു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍, മത്സരം നിയന്ത്രിക്കുന്നതിനു റെഫറിമാര്‍, ലൈന്‍സ്മാന്‍മാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ സ്ട്രീറ്റ് ഫുട്‌ബോളിന് ആവശ്യമില്ല.


സ്ട്രീറ്റ് ഫുട്‌ബോളില്‍ എടുത്തു പറയേണ്ട പ്രത്യേകത സാധാരണ ഫുട്‌ബോളിലേതുപോലെ കളിക്കാര്‍ക്കു പ്രത്യേക സ്ഥാനങ്ങളില്ല എന്നതാണ്. സാധാരണ ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍ പെനല്‍റ്റി ഏരിയായ്ക്കുള്ളില്‍ കളിക്കേണ്ട ആളാണെങ്കില്‍ (ഫിഫയുടെ പുതിയ നിയമം), സ്ട്രീറ്റ് ഫുട്‌ബോളില്‍ "ഗോള്‍ കീപ്പര്‍' ഫോര്‍വേഡുമാകുന്നു. ഗോളിയായി തീരുമാനിക്കപ്പെട്ടയാള്‍ ഗോള്‍പോസ്റ്റിന് അടുത്തെങ്ങുമില്ലെങ്കില്‍ ടീമിലെ മറ്റൊരു കളിക്കാരനു "ഗോളി' യാകാവുന്നതാണ്. "എനിമാന്‍ സേവ്‌സ്' എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.


സ്ട്രീറ്റ് ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍മാര്‍ പൊതുവേ രണ്ടുവിഭാഗങ്ങളില്‍ പെടുന്നവരാണ്. റഷും സ്ക്രാംബിളും. റഷ് വിഭാഗത്തില്‍പ്പെടുന്ന ഗോള്‍കീപ്പര്‍മാര്‍ക്കു നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ സ്ക്രാംബിള്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്കു പ്രത്യേക കളിസ്ഥലമുണ്ട്. ഉറൂഗ്വേയിലെ തെരുവുകളിലാണ് മത്സരം നടക്കുന്നതെങ്കില്‍ പെനല്‍റ്റി ഏരിയയില്‍ കയറിയ ആര്‍ക്കും ഗോളിയാകാം.


സാധാരണ ഫുട്‌ബോളിലെ "ഫൗളുകള്‍' ഒന്നും സ്ട്രീറ്റ് ഫുട്‌ബോളില്‍ ഫൗളല്ലാതാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ "ഫൗളുകള്‍' മിനിമമായ മത്സരമാണ് സ്ട്രീറ്റ് ഫുട്‌ബോള്‍. താരങ്ങളുടെ എണ്ണത്തിലും സ്ട്രീറ്റ് ഫുട്‌ബോളില്‍ നിബന്ധനകളില്ല. കളിക്കാരുടെ എണ്ണം ഒറ്റ നമ്പറായാലും ഇരട്ടനമ്പറായാലും സ്ട്രീറ്റ് ഫുട്‌ബോള്‍ നടക്കും. ഒരു ഉദാഹരണം പറയാം: പതിനഞ്ചു പേരാണു മത്സരത്തിനുള്ളതെന്നു കരുതുക. ഒരു ടീമില്‍ എട്ടും എതിര്‍ടീമില്‍ ഏഴും പേരാവും ഉണ്ടാവുക. അധികമായി വന്ന കളിക്കാരന്‍ ഇരു ടീമുകള്‍ക്കും വേണ്ടിയാണു കളിക്കുക. പലപ്പോഴും മുന്നേറ്റം നടത്തുന്ന ടീമിനൊപ്പമാവും "എക്‌സ്ട്രാ' കളിക്കാരന്റെ കളി. ഇരു ടീമുകള്‍ക്കും വേണ്ടി ഗോളടിക്കുന്ന "എക്‌സ്ട്രാ' കളിക്കാര്‍ സ്ട്രീറ്റ് ഫുട്‌ബോളില്‍ സാധാരണം.


മത്സരം നടക്കുന്ന പ്രദേശങ്ങള്‍ക്കനുസരിച്ച് നിയമങ്ങളും വ്യത്യസ്തമാവാറുണ്ടെന്നു പറഞ്ഞല്ലോ. അത്തരത്തില്‍ ഒന്നാണ് "നോ സ്‌കോറിംഗ് ഇന്‍സൈഡ് ദ ബോക്‌സ്'. ഇത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. ഈ നിയമമനുസരിച്ച്, ഗോള്‍ പോസ്റ്റില്‍ നിന്ന് ആറു മീറ്റര്‍ അകലെ നിന്നു മാത്രമേ ഗോളടിക്കാനാവൂ.

ആഫ്രിക്കയിലും ശ്രീലങ്കയിലും കടല്‍ത്തീരങ്ങളില്‍ നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇപ്പോഴും പിന്തുടരുന്ന ഒരു നിയമമാണ് "പെനല്‍റ്റീസ് ഓള്‍ റൗണ്ട്'. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ പന്തു കൈ കൊണ്ടു തട്ടിയാല്‍ എതിര്‍ ടീമിലെ എല്ലാവരും (ഗോളിയൊഴികെ) പെനല്‍റ്റി കിക്ക് എടുക്കാനുള്ള അനുവാദമാണ് ഈ നിയമം നല്കുന്നത്.


സ്ട്രീറ്റ് ഫുട്‌ബോള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ അച്ചടക്കമില്ലാത്ത വരുടെ കളിയെന്ന് തോന്നുമെങ്കിലും സാമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന വിധത്തില്‍ സ്ട്രീറ്റ് ഫുട്‌ബോളിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചില സ്ട്രീറ്റ് ഫുട്‌ബോ ള്‍ ക്ലബുകളുമായി യോജിച്ചു നടത്തുന്ന 'ഫുട്‌ബോള്‍ ഫോര്‍ ഹോപ' എന്ന പദ്ധതി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തി ആര്‍ജിച്ചിരിക്കുകയാണ്. ഫുട്‌ബോളിന്റെ ദേശാതീതമായ സ്വീകാര്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സാമൂഹിക വികസനമാണ് ഫിഫ ലക്ഷ്യമിടുന്നത്.


ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയിലും ബ്രസീലിലും പ്രാദേശികമായി രൂപപ്പെട്ട സ്ട്രീറ്റ്ഫുട്‌ബോള്‍വേള്‍ഡ് എന്ന എന്‍ജിഒയാണ് ഫുട്‌ബോളിനെ സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തിയത്. പദ്ധതി തുടങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെന്ന് എന്‍ജിയോ പ്രവര്‍ത്ത കര്‍തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ഫോര്‍ ഹോപ് മുന്നോട്ടുവച്ച ആശയത്തിന്‌വലിയ ജ}പിന്തുണയാണ് ലഭിച്ചത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തു നിന്ന്. വഴിപിഴച്ചുപോയ മക്കളെക്കുറിച്ചും, ഭര്‍ത്താക്കമാരെക്കുറിച്ചും ഓര്‍ത്തു ദു:ഖിക്കുന്ന സ്ത്രീകളുടെ പിന്തുണ പ്രസ്ഥാനത്തിന് ലഭിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കപ്പെട്ട യുവാക്കളെ അതില്‍ നിന്നും സംരക്ഷിക്കുക എന്ന ദൗത്യമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ് ആദ്യം ഏറ്റെടുത്ത ദൗത്യം. അതിനായി സ്ട്രീറ്റ് ഫുട്‌ബോളിനെ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതിന് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ ലഭിച്ച പിന്തുണയാണ് ഈ പദ്ധതിയെ പ്രാദേശിക തലത്തില്‍ തളച്ചിടേണ്ടതല്ലെന്ന ബോധം സംഘാടകര്‍ക്കുണ്ടാക്കിയത്. അതിനെത്തുടര്‍ന്നാണു 2006- ല്‍ ഫിഫയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതും ഫിഫ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതും

ഫിഫയ്ക്ക് ഐക്യരാഷ്ട്ര സംഘടനയെക്കാള്‍ ക്കാള്‍ അംഗബലമുണ്ടത്രേ. ഒരു ഏകദേശ കണക്കനുസരിച്ച് ലോകത്ത് കാല്‍ക്കോടിയിലേറെപ്പേര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടെന്നാണ്. ലോകത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ ഫുട്‌ബോള്‍ മത്സരങ്ങല്‍ കാണാന്നു. ഫുട്‌ബോളിന്റെ ഈ സാര്‍വലൗകികതയേയും ജനകീയതയേയും മനുഷ്യനന്‍മയ്ക്കു വേണ്ടി ഉപകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടിട്ടുളള പ്രസ്ഥാനമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ്. പണത്തിന്റെയും വികസനത്തിന്റെയും മതത്തിന്റെയും ലിംഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ മുഖ്യധാരയില്‍ നിന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട നിസഹായരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ ഉന്നമനമാണു ഫുട്‌ബോള്‍ ഫോര്‍ ഹോപ് എന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.


മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തിപ്പെട്ട് ജീവിതം നശിച്ചുപോകുന്ന യുവത്വത്തെ അവയില്‍ നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രീറ്റ് ഫുട്‌ബോളിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന്് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനത്തിന്റെ ആഫ്രിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ സിയാക ചോള്‍ ചിദി പറയുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ലോകത്ത് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരേ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യവും ഫുട്‌ബോള്‍ ഫോര്‍ ഹോപിനുണ്ട്.

ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ട മനുഷ്യവിഭവശേഷി തെറ്റായ കാര്യങ്ങളിലേക്കു വഴിതിരിഞ്ഞ് നഷ്ടപ്പെട്ടു പോകുന്നതാണ് ലോകം നേരിടുന്ന വലിയ പ്രതിസ്ധിയെന്ന് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രവര്‍ത്തകര്‍ പറയുന്നു. എയ്ഡ്‌സ് ഒരു മഹാവ്യാധിയായി മാറിയിരിക്കുന്ന ആഫ്രിക്കയില്‍, കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ദിനം പ്രതി അനേകം പേര്‍ മരിക്കുന്ന കംബോഡിയയില്‍, മയക്കുമരുന്നു വ്യാപാരത്തിന്റെ ലോകതലസ്ഥാനമായ കൊളംബിയയില്‍, ഇനിയും സമാധാനം പിറക്കാത്ത ഇറാക്കില്‍, എന്നും അസ്വസ്ഥമായ അഫ്ഗാനിസ്ഥാനില്‍ ഒക്കെ പ്രതീക്ഷയുടെ കാറ്റു നിറച്ച ഫുട്‌ബോളുമായി, തിന്‍മയുടേയും അക്രമത്തി ന്റെയും വഴികള്‍ വിടാന്‍ പ്രേരണയുമായി ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനം എത്തുന്നു.

17 comments:

Junaiths said...

football 4 hope...Hope it'll help a lot..
Good article Sandeep..

Umesh Pilicode said...

ആശംസകള്‍....

shajkumar said...

informative...

krishnakumar513 said...

നന്ദി സന്ദീപ്,വിശദമായ വിവരണത്തിനു....

ഒഴാക്കന്‍. said...

സാധനം കലക്കി ... എന്‍റെ ഒരു ഫൂട്ട് ബോള്‍ കഥ ഞാന്‍ എഴുതിയിട്ടുണ്ട് വന്നു നോക്കു ആ വഴി

lijeesh k said...

സന്ദീപ്,
നന്നായിരിക്കുന്നു.
ആശംസകള്‍..!!

ബോണ്‍സ് said...

വിശദമായ വിവരണത്തിനു നന്ദി

Unknown said...

നല്ല വിവരങ്ങള്‍, നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല ലേഖനം..

പ്രയാണ്‍ said...

interesting ...........

Abdulkader kodungallur said...

ഇനിയും സമാധാനം പിറക്കാത്ത ഇറാക്കില്‍, എന്നും അസ്വസ്ഥമായ അഫ്ഗാനിസ്ഥാനില്‍ ഒക്കെ പ്രതീക്ഷയുടെ
.കാറ്റു നിറച്ച ഫുട്‌ബോളുമായി.... ഒട്ടും കാറ്റു നിറക്കാത്ത കഴമ്പു മാത്രം നിറച്ച നല്ല ലേഖനം . നല്ല സന്ദേശം . അഭിനന്ദനങ്ങള്‍ .

thalayambalath said...

സ്ട്രീറ്റ് ഫുട്‌ബോളിനെക്കുറിച്ചുള്ള നല്ല ലേഖനത്തിന് നന്ദി........ അഭിനന്ദനങ്ങള്‍

Anees Hassan said...

കൊള്ളാം കേട്ടോ ....ഈ കളിക്കാലം വികാരതീവ്രം

jayanEvoor said...

നല്ല വിവരണം.
ഇഷ്റ്റപ്പെട്ടു.

പാവപ്പെട്ടവൻ said...

ബ്രസീലില്‍ ഒരു ഫുട്‌ബോള്‍ താരം ജനിക്കുന്നതു കോച്ചിംഗ് സെന്ററിലെ അച്ചടക്കത്തില്‍ നിന്നല്ല, കടല്‍ത്തീരങ്ങളില്‍ നിന്നോ തിരക്കുകുറഞ്ഞ തെരുവുകളില്‍ നിന്നോ ആണ്. കുടുസു റോഡില്‍ പെറുക്കി വച്ചിരിക്കുന്ന രണ്ടു കല്ലുകള്‍ക്കിടയിലൂടെ പന്തടിച്ചു കയറ്റുന്നവന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ പോസ്റ്റിന്റെ വീതി ഒരു കളിസ്ഥലത്തിനു തുല്യമാണ്.''

ഈ കാല്‍പന്തുകളി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഒരു വെറും കളിയല്ല അത് അവരുടെ നാടിനരമ്പുകളിലേക്ക് പാഞ്ഞുകയറുന്ന ദേശസ്നേഹത്തിന്റെയോ ജന്മ സിദ്ധമായ ആത്മഭിമാനത്തിന്റെയോ ഭാഗമാണ് .നടന്നു തുടങ്ങുമ്പോള്‍ തന്നെ പന്തുരുട്ടാനാണ് അവര്‍ ആദ്യം ശ്രമിക്കുന്നത് . ആഹാരം കഴിച്ചില്ലങ്കിലും കാല്‍പന്തുകളി അവനു ഒഴിവാകാന്‍ കഴിയുന്നതല്ല.
നല്ല ലേഖനം ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം പുത്തൻ അറിവുകൾ കേട്ടൊ

Lathika subhash said...

സന്ദീപ്,
ഇതാദ്യമാ ഞാൻ ഈ വഴി. നല്ല ലേഖനം. വിജ്ഞാനപ്രദം. കാലിക പ്രസക്തം. നന്ദി, ആശംസകൾ.

FACEBOOK COMMENT BOX