Wednesday, April 20, 2011

ഹൃദയമുളള ശാസ്ത്രത്തിന്‌

സന്ദീപ് സലിം

സയന്‍സ് വളരുന്നതു കൊണ്ടു മാത്രം ലോകം നന്നാവില്ല. എന്നാല്‍ സയന്‍സില്ലാതെ ലോകത്തിനു നിലനില്പുമില്ല. സയന്‍സില്‍ നിങ്ങള്‍ക്ക് ഉപരിപഠനം നടത്താം, ഗവേഷണം നടത്താം. എന്നാല്‍ പൊതുപ്രവര്‍ത്തനം, സാഹിത്യം, രാഷ്ട്രീയം, മതം, തത്ത്വചിന്ത എന്നിവയുമായി നിങ്ങള്‍ക്കു ബന്ധമില്ലെങ്കില്‍ നിങ്ങളുടെ നേട്ടങ്ങള്‍ ലോകത്തെ യാന്ത്രികതയിലേക്കാവും നയിക്കുക''. കോട്ടയം എംജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികളോട് ഇതു പറയുമ്പോള്‍ കാര്‍ബണ്‍ 60 എന്ന തന്‍മാത്ര കണ്ടെത്തിയതിന് 1996-ലെ രസതന്ത്ര നൊബേല്‍ സമ്മാനം നേടിയ ഹരള്‍ഡ് വാള്‍ട്ടര്‍ ക്രോട്ടോയുടെ മുഖത്ത് തത്വജ്ഞാനിയുടേയും പൊതുപ്രവര്‍ത്തകന്റെയും ഭാവങ്ങള്‍ കാണാമായിരുന്നു.

എന്തിന്റെയും അവസാനവാക്ക് ശാസ്ത്രമാണെന്നു ചിന്തിക്കാത്ത ചുരുക്കം ശാസ്ത്രജ്ഞരിലൊരാളാണു റിച്ചാര്‍ഡ് സ്മാളി, റോബര്‍ട്ട് കള്‍ എന്നിവരുമായി നൊബേല്‍ സമ്മാനം പങ്കിട്ട ക്രോട്ടോ.

പെന്‍സില്‍മുന മുതല്‍ വജ്രം വരെയുളള കാര്‍ബണിന്റെ അനേകം പ്രതിരൂപങ്ങളിലൊന്നാണ് അറുപത് കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന ഈ തന്മാത്ര. അടിസ്ഥാനഘടകം കാര്‍ബണാണെങ്കിലും സ്വഭാവഘടനയില്‍ പരസ്പരബന്ധമില്ലാത്ത ഇവ അലോട്രോപ്പുകള്‍ എന്നാണറിയുന്നത്. ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ എന്നു വിളിക്കുന്ന ഈ തന്മാത്ര 1985-ലാണ് കണ്ടെത്തിയത്. ഇതില്‍നിന്നായിരുന്നു നാനോടെക്‌നോളജി രംഗത്തെ ചുവടുവയ്പുകളുടെ തുടക്കം. മെഴുകുതിരിനാളത്തില്‍നിന്നുള്ള കരിയില്‍നിന്നാണ് പുതിയൊരു അലോട്രോപ്പ് എന്ന നിലയില്‍ ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ കണ്ടെത്തിയത്. പൊളളയായ ഗോളം പോലെ കാണപ്പെടുന്നതുകൊണ്ട് "ബക്കിബോള്‍' എന്നും കാര്‍ബണ്‍ 60യെ വിളിക്കാറുണ്ട്. ഒരു ഫുട്‌ബോളിന്റെ വയര്‍ ഫ്രെയിം രൂപമൊന്നു സങ്കല്‍പിച്ചു നോക്കു. അപ്പോള്‍ ബക്കിബോളിന്റെ ഏകദേശ രൂപം കിട്ടും.

ഈ തന്‍മാത്രയ്ക്കു ബക്മിന്‍സ്റ്റര്‍ ഫുളളറീന് ‍എന്ന പേര് ലഭിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. നിലവിലുള്ള രീതികളില്‍ നിന്നും വ്യത്യസ്തമായി അസാധാരണമായ ആകൃതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു ശ്രദ്ധേയനായ റിച്ചാര്‍ഡ് ബക്മിന്‍സ്റ്റര്‍ ഫുള്ളര്‍ എന്ന എന്‍ജിനിയറുടെ ഓര്‍മയ്ക്കായാണ് കാര്‍ബണ്‍ 60 തന്മാത്രയ്ക്ക് ബക്മിന്‍സ്റ്റര്‍ ഫുളളറീന്‍ എന്നു പേരു നല്‍കിയത്. ഇദ്ദേഹം ഭൂമിയുടെ മാതൃകയിലാണു കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തത്. ജിയോഡെസിക് മകുടങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഫുളളറുടെ കെട്ടിടങ്ങള്‍ വിമാനങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമുപയോഗിച്ചാണ് നിര്‍മിച്ചിരുന്നത്. എത്ര ഭാരവും താങ്ങാനുള്ള കരുത്ത് അവയ്ക്കുണ്ടായിരുന്നു. ത്രികോണങ്ങളുടെ രൂപത്തില്‍ കമ്പിവാര്‍പ്പുകള്‍ ചേര്‍ത്ത കെട്ടിടങ്ങളായിരുന്നു ഇവ. 1930-കളിലാണ് ഫുള്ളര്‍ ഇത്തരം കെട്ടിടങ്ങളുമായി രംഗത്തെത്തിയതെങ്കിലും 1950കളിലാണ് അദ്ദേഹത്തിന്റെ കെട്ടിടമാതൃകകള്‍ക്ക് പ്രചാരം ലഭിച്ചത്.

മേല്‍പ്പറഞ്ഞ പേര് ഉപയോഗിക്കപ്പെട്ടെങ്കിലും കെട്ടിടമാതൃകയുടെ രൂപമല്ല ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ എന്ന തന്മാത്രയ്ക്കുളളത്. ത്രികോണങ്ങള്‍ കണ്ണിചേര്‍ത്ത ഗോളാകൃതിയല്ല ബക്കിബോളിനുള്ളത്. ഷഡഭുജങ്ങളും പഞ്ചഭുജങ്ങളും ചേര്‍ന്നാണ് ബക്കിബോള്‍ രൂപപ്പെട്ടിട്ടുളളത്. കാര്‍ബണിന്റെ മറ്റു തന്‍മാത്രകളെല്ലാം സാധാരണയായി മറ്റു നാലു കാര്‍ബണ്‍ ആറ്റങ്ങളുമായാണ് ബന്ധം സ്ഥാപിക്കുക. അതിലൂടെയാണ് കാര്‍ബണ്‍ തന്‍മാത്രകള്‍ക്ക് സ്ഥിരത കൈവരുന്നത്. എന്നാല്‍, കാര്‍ബണ്‍ 60-യില്‍ അത് അങ്ങനെയല്ല. നാലിനുപകരം മൂന്നുപേരുമായി കൈകോര്‍ത്തശേഷം ഒരു കൈ സ്വതന്ത്രമാക്കുന്നു. ഇതുപയോഗിച്ചാണ് പഞ്ചഭുജങ്ങളും ഷഡ്ഭുജങ്ങളും തീര്‍ക്കുന്നത്. ഇതിന്റെ വലയരൂപമാണ് ത്രിമാനതലത്തില്‍ ബക്കിബോള്‍’ ആയി മാറുന്നത്. 12 പഞ്ചഭുജങ്ങളും 20 ഷഡ്ഭുജങ്ങളുമാണ് ബക്കിബോളിലുളളത്.

കാര്‍ബണ്‍ 60 ഉപയോഗപ്പെടുത്തി എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാനുളള പരീക്ഷണങ്ങളിലാണ് വൈദ്യശാസ്ത്രജ്ഞര്‍ ഇപ്പോള്‍. അപകടകാരികളായ ബാക്ടീരിയങ്ങളെയും ഫംഗസുകളെയും ചെറുക്കുന്നതില്‍ ബക്കിബോളിനുളള കഴിവ് നേരത്തേ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍ബണ്‍ 60-യെ വൈദ്യശാസ്ത്രത്തിലെ ഒപ്പുകടലാസെന്നാണ്(മെഡിക്കല്‍ സ്‌പോഞ്ച്) പ്രശസ്ത 'ഭിഷഗ്വരന്‍ ക്രിസ്‌റ്റോ ലാഞ്ജര്‍ വിശേഷിപ്പിച്ചത്. അപകടമോ മറ്റു പരിക്കുകളോ ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അപകടകാരികളായ രാസവസ്തുക്കളെ ഒപ്പിയെടുക്കാനുളള പ്രത്യേക കഴിവ് ഇതിനുണ്ട്.

1939 ~ഒക്ടോബര്‍ ഏഴിന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷയറില്‍ ഹെയിന്‍സിന്റെയും ഈഡിത്ത് ക്രോട്ടോഷിനെറിന്റെയും മകനായാണ് ഹരള്‍ഡ് വാള്‍ട്ടര്‍ ക്രോട്ടോ ജനിച്ചത്. ക്രോട്ടോയുടെ മാതാപിതാക്കള്‍ ജര്‍മനിയിലെ ബര്‍ലിനിലാണ് ജനിച്ചത്. നാസി ഭരണകാലത്ത് യഹൂദനാണ് എന്നകാരണത്താല്‍ ജര്‍മന്‍ ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടര്‍ന്ന് 1937ല്‍ ഹെയിന്‍സ് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇംഗ്ലണ്ടിലും അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. വിദേശ ചാരനാണോ എന്ന സംശയത്താല്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

തന്റെ പിതാവ് എല്ലായിടത്തും വൈകിയെത്തിയിരുന്ന ആളായിരുന്നെന്ന് ക്രോട്ടോ ഓര്‍ക്കുന്നു. അത് അദ്ദേഹത്തിനു ഗുണകരമായ അനുഭവങ്ങളുമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സംഭവം ക്രോട്ടോ ഇങ്ങനെ വിവരിക്കുന്നു: ""ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ഛ}ോട് നിര്‍ബന്ധിത സൈനിക സേവനത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. അച്ഛന് പോകാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു. മറ്റുവഴികളൊന്നുമില്ലായിരുന്നതു കൊണ്ട് പോകാന്‍ തീരുമാനിച്ചു. അച്ഛന്‍ വീട്ടില്‍ നിന്നു ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും ട്രെയിന്‍ അതിന്റെ വഴിക്കു പോയി കഴിഞ്ഞിരുന്നു. പിന്നെ ഒരു വിധം അദ്ദേഹം സൈനിക ക്യാമ്പിലെത്തി റിപ്പോര്‍ട്ടു ചെയ്തു. അപ്പോള്‍ കമന്‍ഡന്റ് പറഞ്ഞത് "കൃത്യസമയത്ത് വരാന്‍ കഴിയാത്ത ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമില്ല. താന്‍ വീട്ടില്‍ പോയി മറ്റെന്തെങ്കിലും പണിനോക്ക്' എന്നാണ്. ഒരുവാക്കു പോലും മറുപടി പറയാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അത്രതന്നെ.''

1955 ലാണ് തന്റെ കുടുബപ്പേരായ ക്രോട്ടോഷിനെര്‍ എന്നത് ക്രോട്ടോ എന്നാക്കി ഹെയിന്‍സ് ചുരുക്കിയത്. അദ്ദേഹം ഒരു കലാകാരനായിരുന്നു. ഡ്രസ് ഡിസൈനറാകാനാണ് അദ്ദേഹം ആഗ്രഹിച്ചതെങ്കിലും ബലൂണില്‍ ചിത്രം വരയ്ക്കുന്ന ജോലിയേ ലഭിച്ചുള്ളൂ. പിന്നീട് സ്വന്തമായി ഒരു ബലൂണ്‍ ഫാക്ടറി തുടങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്റെ ബിസിനസ് മകന്‍ ഏറ്റെടുത്തു നടത്തണമെന്ന് ഹെയിന്‍സ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മകനു സയന്‍സിലാണ് താത്പര്യമെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു.

ഹാരള്‍ഡ് ചെറുപ്രായത്തില്‍ത്തന്നെ ഫിസിക്‌സിലും കണക്കിലും രസതന്ത്രത്തിലും അതീവതത്പരനായിരുന്നു. അതോടൊപ്പം സ്‌പോര്‍ട്‌സിലും താത്പര്യമുണ്ടായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരാണ് സയന്‍സില്‍ ആ കുട്ടിക്കുളള അഭിരുചി കണ്ടെത്തുന്നതും പ്രോത്സാഹനം നല്‍കുന്നതും. അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെമിസ്ട്രിയില്‍ ഉപരിപഠനത്തിനായി ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ഇംഗ്ല
ിലെ ഏറ്റവും മികച്ച കെമിസ്ട്രി വകുപ്പ് ഷെഫീല്‍ഡ് സര്‍വകലാശാലയിലേതാണ്. ഗ്രാഫിക് ഡിസൈനിഗിംഗിലും ക്രോട്ടോയ്ക്ക് താത്പര്യമുണ്ടായിരുന്നു. ഈ താത്പര്യം തന്‍മാത്രകളുടെ ഭൗതികഘടന ഡിസൈന്‍ ചെയ്യുന്ന ഒരു ഡിസൈനിംഗ് സ്റ്റുഡിയോ എന്ന ആഗ്രഹം ക്രോട്ടോയില്‍ വളര്‍ത്തി. എന്നാല്‍ ഗവേഷണത്തിരക്കു മൂലം ആ ആഗ്രഹം മനസില്‍ത്തന്നെ ഒതുക്കേണ്ടിവന്നു. നടക്കാതെ പോയ ആഗ്രഹങ്ങളെക്കുറിച്ചു ചോദിച്ചാല്‍ ക്രോട്ടോ ആദ്യം പറയുന്നതും ഇക്കാര്യമാണ്.

ഷെഫീല്‍ഡില്‍ നിന്നു ഡിഗ്രി എടുത്ത അദ്ദേഹം ബിസിനസില്‍ പിതാവിനെ പിന്തുടരാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ച് കെമിസ്ട്രിയില്‍ത്തന്നെ നിലനിര്‍ത്തിയത്. അങ്ങനെ 1964-ല്‍ ഷെഫീല്‍ഡില്‍ നിന്നും അദ്ദേഹം സസെക്‌സ് സര്‍വകലാശാലയിലെത്തി പിഎച്ച്ഡിക്കായി. 1963-ല്‍ അദ്ദേഹം മാര്‍ഗരറ്റ് ഹെന്‍്‌റിറ്റാ ഹറിനെ വിവാഹം കഴിച്ചു. ഭാര്യ മാര്‍ഗരറ്റിന്റെ പിന്തുണയാണ് ഇന്നത്തെ തന്റെ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് ക്രോട്ടോ പറയുന്നു. "ഞാന്‍ നോബല്‍ സമ്മാനം നേടുമെന്ന് ആദ്യം പറഞ്ഞത് അവളാണ്. അത് അവള്‍ സ്വപ്നം കണ്ടിരുന്നു. 32 വര്‍ഷങ്ങള്‍ക്കു മുമ്പ്. അവളുടെ സ്വപ്നമാണ് എന്നെ വളര്‍ത്തിയത്.'' അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. എന്നാല്‍, മാര്‍ഗരറ്റ് ക്രോട്ടോയുടെ വാക്കുകളെ ഭംഗിവാക്കുകളാണെന്നാണ് പറഞ്ഞത്. ""അത് അദ്ദേഹം ഭംഗിവാക്കു പറയുന്നതാണ്. അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അത് അയാള്‍ ഉപയോഗിച്ചു. നേട്ടങ്ങളുമുണ്ടാക്കി. അതില്‍ എനിക്ക് ചെറിയ പങ്ക് മാത്രം. ഞാന്‍ ഒരു സാധാരണ ഭാര്യമാത്രമായിരുന്നു. അല്ലാതെ അദ്ദേഹത്തിന് നിര്‍ദേശങ്ങളോ ഉത്തരവുകളോ ഒന്നും നല്‍കിയിട്ടില്ല. ഗവേഷണ സംബന്ധമായകാര്യങ്ങളെല്ലാം അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നത്. പിന്നെ സ്വപ്നം ക
കാര്യം. ഭര്‍ത്താവിനെ കുറിച്ച് സ്വപ്നം കാണാനുളള അവകാശം ഭാര്യക്കുണ്ടല്ലോ?''. മാര്‍ഗരറ്റ് ചോദിക്കുന്നു.

പിഎച്ച്ഡി പൂര്‍ത്തിയാക്കിയതോടെ ക്രോട്ടോയെ തേടി നിരവധി ജോലി സാധ്യതകളാണെത്തിയത്. ക്യാനഡയിലെ നാഷണല്‍ റിസെര്‍ച്ച് കൗണ്‍സിലില്‍(എന്‍ആര്‍സി) പോസ്റ്റ ഡോക്ടറല്‍ റിസര്‍ച്ചിനായി ചേരാണ് ക്രോട്ടോ തീരുമാനിച്ചത്. അതേത്തുടര്‍ന്ന് ക്യാനഡയിലെ ഒട്ടാവയിലേക്ക് അദ്ദേഹം താമസം മാറി.

സസെക്‌സ് സര്‍വകലാശാലയിലെ പിച്ച്ഡി കാലത്ത് തന്ന ക്വാണ്ടം മെക്കാനിക്‌സിലും ലേസര്‍ സ്‌പെക്‌ട്രോസ്‌കോപിയിലും താത്പര്യം കാട്ടിയിരുന്ന ക്രോട്ടോ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് തെരഞ്ഞെടുത്തതും മറ്റൊരു വിഷയമായിരുന്നില്ല. എന്‍ആര്‍സിയെ അദ്ദേഹം സ്‌പെക്ട്രോസ്‌കോപ്പിയുടെ മെക്ക എന്നാണ് വിശേഷിപ്പിച്ചത്. " അറ്റത്തില്‍ അടങ്ങിയിരിക്കുന്ന തന്‍മാത്രകളെ എണ്ണിയെടുക്കാന്‍ കഴിയുന്ന വിധത്തില്‍ കൃത്യമായ ചിത്രം നല്‍കുന്ന സ്‌പെക്ട്രോസ്‌കോപ്പിയുടെ സാധ്യതകള്‍ അദ്ഭുതകരമാണ്. അത് എന്നെയും വളരെ അദ്ഭുതപ്പെടുത്തുന്നു.'' ലേസര്‍ സ്‌പെക്ട്രോസ്‌കോപ്പിയെ കുറിച്ച് അദ്ദേഹം പറഞ്ഞതാണിത്. ആ അദ്ഭുതം തേടിയുളള യാത്രയാണ് നമ്മുടെ നിത്യജീവിതത്തിന്റെ കൂടെ ഭാഗമായി മാറിക്കഴിഞ്ഞ ഗ്രാഫൈറ്റിനും വജ്രത്തിനുമപ്പുറം കാര്‍ബണിന് മറ്റൊരു സോളിഡ് സ്റ്റേറ്റുണ്ടെന്ന കണ്ടെത്തലിലേക്ക് ക്രോട്ടോയെ നടത്തിയത്.

സസെക്‌സില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ക്രോട്ടോ തുടങ്ങിവച്ച പരീക്ഷണമാണ് അദ്ദേഹത്തെ ലോകം അഗീകരിക്കുന്ന ഗവേഷകനാക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തിലും ബഹിരാകാശത്തിലും നിലനില്‍ക്കുന്ന വാതകങ്ങളില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങളുടെ ചങ്ങലകളെ കുറിച്ചുളള പഠനമാണ് ക്രോട്ടോ നടത്തിയത്. ഈ പരീക്ഷണങ്ങള്‍ തുടരുന്നതിനായി ലേസര്‍ സ്‌പെക്ട്രോസ്‌കോപ്പിയില്‍ നിന്നും മൈക്രോവേവ് സ്‌പെക്ട്രോസ്‌കോപ്പിയിലേക്ക് അദ്ദേഹം തന്റെ ഗവേഷണ മേഖലമാറ്റുകയുണ്ടായി. ഈ പരീക്ഷണങ്ങള്‍ കാര്‍ബണിന്റെ സാന്നിദ്ധ്യം കൂടുതലുളള നക്ഷത്രളുടെ അന്തരീഷത്തിന്റെ ഘടന ലോകത്തിന് ബോധ്യപ്പെടുത്തിയത്.

1984ല്‍ ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ സന്ദര്‍ശനമാണ് ക്രോട്ടോയുടെ ഗവേഷണ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. അവിടെ ഇതേ വിഷയത്തില്‍ ഗവേഷണം നടത്തിയിരുന്ന റിച്ചാര്‍ഡ് സ്മാളിയേയും റോബര്‍ട്ട് കളളിനേയും ക്രോട്ടോ പരിചയപ്പെടുന്നത്. വസ്തുക്കളിലെ ആറ്റം ക്ലസ്റ്ററുകളെ കുറിച്ച് പഠിക്കുന്നതിനായി ലേസര്‍-സൂപ്പര്‍ സോണിക് അപ്പാരറ്റസ് എന്ന പേരില്‍ ഒരു ഉപകരണം സ്മാളി കണ്ടെത്തിയിരുന്നു. ഈ ഉപകരണത്തിന്റെ സാദ്ധ്യതകളെ കുറിച്ച് മൂവരും ചര്‍ച്ച ചെയ്യുകയു
ായി. എന്നാല്‍, കാര്‍ബണ്‍ 60യുടെ കണ്ടു പിടുത്തം വളരെ യാദൃശ്ചികമായിരുന്നെന്ന് ക്രോട്ടോ പറയുന്നു. 1985 സെപ്റ്റംബറില്‍ ഹീലിയത്തിന്റെ സാന്നിധ്യത്തില്‍ ഗ്രാഫൈറ്റില്‍ ലേസര്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് നാനോ ടെക്‌നോളജിയെന്ന പുതിയ ശാസ്ത്ര ശാഖയുടെ പിറവിക്കു വരെ കാരണമായ കാര്‍ബണ്‍ 60 എന്ന ആറ്റം കണ്ടെത്തുന്നത്.

കഴിഞ്ഞ തലമുറകളേക്കാള്‍ പ്രതിഭകള്‍ ധാരാളമുളള തലമുറയാണിതെന്ന് ക്രോട്ടോ പറയുന്നു. ""ഇന്ന് ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. കണ്ടുപിടുത്തങ്ങളും നടക്കുന്നു. കഴിഞ്ഞ തലമുറകള്‍വരെ കണ്ടുപിടുങ്ങള്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അന്ന് ശാസ്ത്രജ്ഞര്‍ക്ക് കുറച്ചു കൂടി സാമൂഹിക ബന്ധങ്ങളുണ്ടായിരുന്നു, സമൂഹത്തോട് പ്രതിബദ്ധതയും. എന്നാല്‍, ഇന്ന് പുതിയ തലമുറ ശാസ്ത്രജ്ഞര്‍ക്ക് പൊതു സമൂഹവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയത്തെ കുറിച്ചോ ഭരണകൂടത്തെ കുറിച്ചോ യാതൊരു വിവരവുമില്ല. തങ്ങളുടെ കണ്ടുപിടുത്തം സമൂഹത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അറിയാവുന്ന ശാസ്ത്രജ്ഞരുമിന്നില്ല. തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് എടുത്തും ഫാക്ടറി തുറന്നും പണമുണ്ടാക്കാനറിയാം. അത്രതന്നെ''. ഇതു പറയുമ്പോള്‍ ക്രോട്ടോയുടെ വാക്കുകളില്‍ നിലവിലിരിക്കുന്ന വ്യവസ്ഥിതിയോടുളള പ്രതിഷേധമുണ്ടായിരുന്നു.

പുതിയ തലമുറയ്ക്ക് നല്‍കാനുളള സന്ദേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. "നിങ്ങളുടെ മനസും തലച്ചോറു ചിന്തകളും തുറന്നിടുക. നിങ്ങളില്‍ നിന്നു കൊണ്ട് സമൂഹത്തെ കാണാതെ, നിങ്ങളുടേതായ എല്ലാത്തില്‍ നിന്നും പുറത്തിറങ്ങി നിന്നു കൊണ്ട് സമൂഹത്തെ കാണുക. ആ കാഴ്ചയില്‍ നിന്നും പ്രവര്‍ത്തിക്കാനുളള ഊര്‍ജം കണ്ടെത്തുക. ഞങ്ങളുടെ ഊര്‍ജസ്രോതസുകള്‍ വറ്റിക്കഴിഞ്ഞു. ഇനി ഊര്‍ജപ്രസരണം ഉണ്ടാവേണ്ടത് നിങ്ങളില്‍ നിന്നാണ്. എനിക്ക് പുതിയ തലമുറയോട് പറയാന്‍ ഇതേയുളളൂ.''

എംജി സര്‍വകലാശാലയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ക്രോട്ടോ കേരളത്തിലെത്തിയത്. ആദ്യമായാണ് ക്രോട്ടോ ഇന്ത്യയിലെത്തുന്നത്. "ഇന്ത്യയെ കുറിച്ച് ചെറിയ കേട്ടറിവുകളുണ്ട്. അടുത്തിരിക്കുന്നവനില്‍ ദൈവത്തെ കാണണം എന്ന് പഠിപ്പിക്കുന്ന രാജ്യമല്ലെ.''. ഇന്ത്യയെ കുറിച്ചുളള തന്റെ ചെറിയ അറിവ് ഇതാണെന്ന് ക്രോട്ടോപറഞ്ഞു. ക്രോട്ടോ-മാര്‍ഗരറ്റ് ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ക്രോട്ടോയെ കുറിച്ചാധികാരികമായി പറഞ്ഞിരിക്കുന്നൂ

geeta said...

Informative article!Good!

geeta said...

Informative article!Good!

FACEBOOK COMMENT BOX