Saturday, December 29, 2012

ലിംഗം ഛേദിച്ചു കളഞ്ഞ രാത്രി


ഞാനിപ്പോള്‍ നില്‍ക്കുന്ന മണ്ണ്
അപരിചിതം
എത്ര ശ്രമിച്ചിട്ടും
ഒന്നും ഓര്‍ത്തെടുക്കാനായില്ല
കാല്‍പാടുകളില്‍
രക്തം പറ്റിയിരിക്കുന്നു
ഉരച്ചു കഴുകും തോറും
അത് കൂടുതല്‍ തെളിയുന്നു

നോട്ടം വഴിതെറ്റി
ഒളിഞ്ഞു നോട്ടമായി
ഇന്നു കണ്ട കുട്ടികള്‍
ഇന്നലെ കണ്ട കുട്ടികളല്ല
അവര്‍
ആണെന്നും പെണ്ണെന്നും പരിഭാഷപ്പെട്ടിരിക്കുന്നു
ശ്രദ്ധിച്ചു വായിച്ചിട്ടും
പരിഭാഷ മനസിലായില്ല

മുന്നിലൂടെ കടന്നുപോയ
എല്ലാ മുഖവും ഭയപ്പെടുത്തി
പെണ്ണിനായി കാത്ത
വിശുദ്ധ പ്രണയം
ഹൃദയത്തില്‍ നിന്നിറങ്ങി
അടിവസ്ത്രമഴിച്ച്
ലിംഗത്തെ ഉണര്‍ത്തി

ഉദ്ധരിച്ച ലിംഗങ്ങള്‍
സ്വയംഭോഗം മതിയാവാതെ
തെരുവില്‍ അലയുന്നു
യോനിയുടെ ആഴം
അപ്പോഴും അജ്ഞാതം

ഓരോ വഴിത്തിരിവിലും കാത്തിരുന്നു
അയല്‍ക്കാരിയെ
കളിക്കൂട്ടുകാരിയെ
നാലാം ക്ലാസുകാരിയെ
അധ്യാപികയെ
ചേച്ചിയെ
മകളെ
യോനിയുടെ ആഴം അളന്നു നോക്കാന്‍

ഇരുളില്‍
കൂര്‍ത്ത പല്ലുകളും
കറുത്ത രോമങ്ങളുള്ള തോലുടുപ്പുമിട്ട
വിചിത്ര രൂപിയായ
ബസില്‍ നിന്നും
ഒരു നഗ്നശരീരം
തെരുവിലേക്കെറിയപ്പെട്ടു

മണ്ണില്‍ വീണ രക്തത്തുള്ളികളില്‍
ചവിട്ടി നിന്നു വായിച്ചപ്പോള്‍
പെണ്ണിന്റെ പരിഭാഷ മനസിലായി

രാത്രി വളരെ വൈകി
അമ്മ കിടക്ക വിരിച്ചു
മകള്‍ക്ക്,
ഉറങ്ങാനല്ല
ഉറക്കാതിരിക്കാന്‍
കൂടെ ഉപദേശവും
ഉറ ശരിയായി ഉപയോഗിക്കുന്നതിനെക്കുറിച്ച്

മനുഷ്യത്വം വറ്റി
വെറും ശരീരമായപ്പോള്‍
തന്റെ പ്രണയത്തിന്റെ വിശുദ്ധിക്കായി
ഒരാള്‍
ആ രാത്രിയില്‍
തന്റെ ലിംഗം ഛേദിച്ചു കളഞ്ഞു

20 comments:

ente lokam said...

ഛെദിക്കപ്പെടെണ്ട ലിംഗം ചുമക്കുന്നവന്റെ
ഭാരം അത്രയും വേദനിക്കപ്പെടെണ്ടതും
വെറുക്കപ്പെടെണ്ടതും തന്നെ..

ഇത്രയും മലീമസം ആയ ഒരു സമൂഹത്തില്‍
ജീവിക്കേണ്ടി വന്ന ഒരുവന്റെ ഗതികേട്,
യുദ്ധം ചെയ്തു മനസ്സാക്ഷിയെ പിടിച്ചു നിര്‍ത്തേണ്ടി
വരുന്ന നിസ്സഹായത ഇതില്‍ കൂടുതല്‍ എങ്ങനെ പ്രകടിപ്പിക്കാനാവും.

യുദ്ധം ജയിക്കാന്‍ ആവട്ടെ എന്ന് തന്നെ പ്രാര്‍ഥന...ഈ എഴുത്തിനു
നൂറു ആശംസകള്‍...ഇതല്ലേ നമുക്ക് പറ്റൂ..

M. Ashraf said...

വിശുദ്ധിയും മനുഷ്യത്വവും വീണ്ടെടുത്താല്‍ എല്ലാം കാക്കാം. അഭിനന്ദനങ്ങള്‍

ഞാന്‍ പുണ്യവാളന്‍ said...

മരവിച്ചു പോകുന്നു മനസ്സ് സ്നേഹാശംസകള്‍

സമാന വിഷയത്തില്‍ ഒരു ലേഖനം -
@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

ജന്മസുകൃതം said...

കണ്ണാണ് നിനക്ക് ഉതപ്പു നൽകുന്നതെങ്കിൽ അവ ചുഴന്നു കളയുക...എന്നല്ലെ വിശുദ്ധ വചനങ്ങൾ....പുണ്യവാളൻ പറഞ്ഞപോലെ പിടിച്ചു കൊന്ന് തീർക്കരുത്....
അനുഭവിക്കണം...അതിനു വേണ്ടത്...ഛേദിച്ചേക്കുക...വേരോടെ....
പഴുത്ത്...പുഴുത്ത്നാറി ചത്തു പോകട്ടെ പട്ടികൾ.
..............
കാല ചക്രങ്ങള്‍ എത്ര
കടന്നേ പോയ് , ഭാരതം
ഹീനമാം സംസ്കാരത്തിന്‍ -
ചുഴിയില്‍ പുതഞ്ഞു പോയ്‌ .

എപ്പൊഴോ ദുര്‍ഭൂതങ്ങ-
ളി ത്തിരു മണ്ണിന്‍ മാറില്‍
ദുഷ്ടത തന്‍ വിത്തുകള്‍
കൃത്യമായ് വിതച്ചു പോയ്...!

അമ്മ,പെങ്ങന്മാര്‍ ,കുഞ്ഞു
മക്കളെന്നില്ല ഭേദം
കാമഭ്രാന്തന്മാര്‍ മണ്ണില്‍
പുളച്ചു മദിക്കുന്നു.


സൗമ്യ ,ശാരിമാര്‍ ,ജ്യോതി
പേരിലെന്തിരിക്കുന്നു ?!
ജീവിതം പൊലിഞ്ഞതാം
എത്രയോ പെണ്‍ ജന്മങ്ങള്‍......
....................
എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിൽ നിന്നും ഉള്ള വരികൾ... അണയാത്ത ജ്യോതി.
വായിക്കുമല്ലൊ.

ജന്മസുകൃതം said...
This comment has been removed by the author.
ബിജുകുമാര്‍ alakode said...

നന്നായിട്ടുണ്ട്..

ajith said...

ഛേദനം അനിവാര്യം ചിലപ്പോള്‍
വിവേകികള്‍ മനസ്സിലെങ്കിലും ഛേദിക്കണം

രഘുനാഥന്‍ said...

മൂര്‍ച്ചയുള്ള വരികള്‍....കൊള്ളാം...

ഷാജു അത്താണിക്കല്‍ said...

ഇരുളില്‍
കൂര്‍ത്ത പല്ലുകളും
കറുത്ത രോമങ്ങളുള്ള തോലുടുപ്പുമിട്ട
വിചിത്ര രൂപിയായ
ബസില്‍ നിന്നും
ഒരു നഗ്നശരീരം
തെരുവിലേക്കെറിയപ്പെട്ടു

പറഞ്ഞതിലപ്പുറം എന്ത് പറയാൻ

Mizhiyoram said...

ആത്മ രോഷം വരികളിളുടെ മൂര്‍ച്ചകൂട്ടി.
ഈ കാലഘട്ടത്തില്‍ ജീവിക്കേണ്ടി വന്നത് നമ്മുടെ വിധി. അല്ലാതെന്തു പറയാന്‍...

MT Manaf said...

വൈകൃതങ്ങളുടെ തുരുത്തുകളില്‍ യുവതയെ തള ക്കുന്ന തതലച്ചോറുകളും നമുക്ക് മുറിച്ചു കളയുക...

SHANAVAS said...

ഒരു യഥാര്‍ത്ഥ മനുഷ്യന്റെ നിസ്സഹായത അതി ശക്തമായി പ്രകടമാക്കിയ കവിത.. ആശംസകള്‍ മാത്രം..

aboothi:അബൂതി said...

മനുഷ്യന്‍ മനുഷ്യനാവുന്നത് ചുറ്റുപാടുകളോട് പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിക്കുമ്പോഴാണ്. നമ്മള്‍ ഇന്ത്യന്‍സിന് ഈ പ്രതികാര ശേഷി എന്നോ നശിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ ചില ചിന്തകള്‍ മാത്രം പ്രതികരിക്കുന്നു. ചില ചിന്തകള്‍ മാത്രം..
ഉണരട്ടെ. ആളട്ടെ ഈ അഗ്നി മാനം മുട്ടെ ആളിക്കത്തട്ടെ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാലികപ്രസക്തിയുള്ള ഒരു വിഷയം ശക്തിയുക്തമായ വരികളില്‍ വായിച്ചു തുടങ്ങിയപ്പോള്‍ വളരെ സന്തോഷം തോന്നി.
പക്ഷെ,വിഭവസമൃദ്ധമായ ഒരു സദ്യക്കിടയില്‍ പച്ചമാസം വിളമ്പിയത് പോലെയായി ചില പദപ്രയോഗങ്ങള്‍ .

പ്രയാണ്‍ said...

...............

Biju Paul Neeleeswaram said...

Powerful words...congrats.

pravaahiny said...

നല്ല കവിത . ആശംസകള്‍ @PRAVAAHINY

G. Sreekumar said...

athyapoorvangale saamayavalkarikkarithu. oru satahamaanam perkku vattanu. chilappol laingikam aakaam. allenkil mattu palathum. vaikaarikamaayi charcha cheyyanda vishayam alla ithu. mattu palathu poleyum. we have to apply common sense. what you should have done in the situation? avide ninnu thudanganam charcha. allenkil verum paazhvaakkukal.
onnu kondum bheethippedenda sahacharyam ivide illa. marichu bodhavalkaranam annu vendathu. positive enrgy nalkukayaanu vendathu. sthree eppozhum ammayaanennu ormippikukayannu vendathu. ellavarkkum nalla manassundavattee...

Muralee Mukundan , ബിലാത്തിപട്ടണം said...


നോട്ടം വഴിതെറ്റി
ഒളിഞ്ഞു നോട്ടമായി
ഇന്നു കണ്ട കുട്ടികള്‍
ഇന്നലെ കണ്ട കുട്ടികളല്ല
അവര്‍
ആണെന്നും പെണ്ണെന്നും പരിഭാഷപ്പെട്ടിരിക്കുന്നു
ശ്രദ്ധിച്ചു വായിച്ചിട്ടും
പരിഭാഷ മനസിലായില്ല

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വരികളില്‍ പ്രതിഷേധത്തിന്റെ / വേദനയുടെ കനലുണ്ട്.
ധ്വന്യാത്മകമായി പറയേണ്ടിയിരുന്നത് പലതും പച്ചക്ക് പറഞ്ഞതിന്റെ അഭംഗിയും ഇല്ലായ്കയില്ല.

FACEBOOK COMMENT BOX