Tuesday, November 15, 2016

മാനവികതയുടെ സ്പന്ദനം കേള്‍പ്പിച്ച എഴുത്തുകാരന്‍

സന്ദീപ് സലിം

നോവലിസ്റ്റ് സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം

ആധുനികതയുടെകാലത്ത് എഴുത്തിലേക്കു കടന്നുവന്ന സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍പുരസ്‌കാരം ലഭിക്കുമ്പോള്‍ അത് ആ പ്രതിഭയ്ക്കുള്ള അംഗീകാരമാകുന്നു. മലയാള സാഹിത്യം, പ്രത്യേകിച്ച് നോവല്‍ സാഹിത്യം അസ്തിത്വവാദത്തിനു ചുറ്റും വട്ടം കറങ്ങിയിരുന്ന സമയത്ത് ദാര്‍ശനിക ദുരൂഹതയെ പാടെ തള്ളിക്കളഞ്ഞിടത്താണ് ചക്കുപുരയ്ക്കല്‍ രാധാകൃഷ്ണന്‍ എന്ന സി. രാധാകൃഷ്ണന്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായിച്ചു പോകാവുന്നന്നത്ര അയത്‌നലളിതമായ ഭാഷയാണ് അദ്ദേഹത്തിന്റെ ആദ്യ നോവലുകളായ കണ്ണിമാങ്ങകളിലും അഗ്നിയിലുമുള്ളത്. ഗ്രാമ ജീവിതത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ നോവലുകളില്‍ നിന്ന് വളരെ വേഗത്തിലാണ് അദ്ദേഹം മഹാനഗരത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലേക്കു മാറുന്നത്. തൊട്ടടുത്ത രചനയില്‍ അദ്ദേഹം വള്ളുവനാടന്‍ ഗ്രാമത്തിലേക്കു മടങ്ങിവരുകയും ചെയ്യുന്ന രസതന്ത്രം രാധാകൃഷ്ണന്റെ നോവലുകളെ സവിശേഷമായി അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 50 വര്‍ഷമായി തിരയടങ്ങാത്ത സാഗരം പോലെ അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. സി. രാധാകൃഷ്ണനെ സാഹിത്യകാരന്‍ എന്നു വിശേഷിപ്പിച്ചാല്‍ അത് ആ പ്രതിഭയ്ക്കുള്ള പൂര്‍ണമായ അംഗീകാരമാവില്ല. കഥകളും നോവലുകളും ലേഖനങ്ങളും ശാസ്ത്ര നിരീക്ഷണങ്ങളും വേദാന്തദര്‍ശനങ്ങളുമെഴുതുന്ന ഒരാളെങ്ങനെ സാഹിത്യകാരന്‍ മാത്രമാവും. എഴുത്തുകാരന്റെ മേല്‍ക്കുപ്പായത്തിനു പുറത്ത് അദ്ദേഹം ഒരു ആശയ ഉത്പാദകനും ദാര്‍ശനികനും ശാസ്ത്രകാരനും കൂടിയാവുന്നു.
 

വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ കഥകളും കഥാപാത്രങ്ങലെയും സൃഷ്ടിക്കുന്ന രാധാകൃഷ്ണന്‍ ചെറു നോവലുകളില്‍ നിന്ന് ബൃഹത് ആഖ്യായികളിലേക്കു ചുവടുമാറ്റിയതും വായനക്കാര്‍ക്ക് പുതുമയായി. കണ്ണിമാങ്ങകളില്‍ തുടങ്ങി പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ തുടങ്ങിയ നോവലുകള്‍വരെ ചെറുനോവലുകളാണ് അദ്ദേഹം എഴുതിയിരുന്നത്. സ്പന്ദമാപിനികളേ നന്ദിയിലേക്കെത്തുമ്പോള്‍ കൃതിയുടെ വലിപ്പം കൂടി.

ജീവിതത്തെ യാഥാര്‍ത്യ ബോധത്തോടെ സമീപിച്ചു കൊണ്ടുള്ള ജീവിതാഖ്യായികകളാണ് രാധാകൃഷ്ണന്റെ നോവലുകള്‍. പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി തുടങ്ങിയ നോവലുകളെല്ലാം ഇതിനുദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഒരു പ്രദേശത്തിന്റെ പശ്ചാത്തലം പറയുന്നതിലൂടെ അദ്ദേഹം പറഞ്ഞുവയ്ക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ്.

രാധാകൃഷ്ണന്റെ ഏതു നോവലെടുത്തു നോക്കിയാലും മാനവികതയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നവയാണ് അവയെന്നു ബോധ്യപ്പെടും. അത്രമാത്രം ജാഗ്രതയോടെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും സൃഷ്ടിക്കുക. എല്ലാം മായ്ക്കുന്ന കടലിലെ മരണം കാത്തു കിടക്കുന്ന മുത്തച്ഛന്‍ കഥാപാത്രം അദ്ദേഹത്തിന്റെ കൃതികളിലെ മാനവികതയുടെ ഉയരം കാട്ടിത്തരുന്നു. തന്റെ കൊച്ചുമകനായ അപ്പുവിന്റെ സാമിപ്യത്തിനു വേണ്ടിയാണ് മുത്തച്ഛന്‍ ശങ്കരന്‍നായര്‍ കാത്തിരിക്കുന്നത്. ജീവിതത്തെ പ്രത്യാശയോടെ സമീപിക്കണമെന്ന് ഈ നോവലിലെ ഓരോ കഥാപാത്രവും വായനക്കാരനോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നു.

പ്രകൃതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് രാധാകൃഷ്ണന്റെ എഴുത്ത് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഒരിക്കല്‍ അദ്ദേഹം തന്നെ അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി എന്നും പ്രസാദാത്മകമാണ്. പ്രകൃതി എന്നും നമുക്കു തരുന്നത് എന്നും ആനന്ദമാണ്. അക്കാരണത്താല്‍ തന്നെ ജീവന്റെ തനതായ സ്വഭാവം ആനന്ദമാണെന്നു പറഞ്ഞാലും കുഴപ്പമില്ല. പ്രപഞ്ചത്തെ ആനന്ദമയമാക്കുകയാണ് മനുഷ്യജീവിത ലക്ഷ്യം എന്നാണ്.

എഴുത്തില്‍ ഭാവനയ്ക്കും ദാര്‍ശനികതയ്ക്കും മാത്രമല്ല സ്ഥാനമെന്ന് രാധാകൃഷ്ണന്് നന്നായറിയാമായിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ഒരു വശത്തും ജീവിതവും ദര്‍ശനങ്ങളും മറുവശത്തുമായി നിന്ന് നടക്കുന്ന യുദ്ധമാണ് പലപ്പോഴും രാധാകൃഷ്ണന്റെ നോവലുകള്‍ വായിച്ചാല്‍ നമുക്ക് അനുഭവപ്പെടുക. ഒടുവില്‍ പോരാട്ടവും സംഘര്‍ഷങ്ങളും അവസാനിപ്പിച്ച് രണ്ടു വിഭാഗങ്ങളും സൗഹൃത്തിലാകുന്നതും വായനക്കാര്‍ കാണുന്നു.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകഥയെ ആധാരമാക്കി അദ്ദേഹം രചിച്ച തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവലാണ് സി. രാധാകൃഷ്ണന്റെ മാസ്റ്റര്‍ പീസെന്ന്് അനുവാചകരും നിരൂപകരും വിലയിരുത്തുന്നു.  ഇതില്‍ എഴുത്തച്ഛന്റെ ജീവിതം മാത്രമല്ല ഉള്ളത്. മറിച്ച് വെട്ടത്തുനാടിനെയും വള്ളുവനാടിനെയും സാമൂതിരിനാടിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ 16 ാം നൂറ്റാണ്ടിലെ ചരിത്രമായി ഈ നേവല്‍ മാറുന്നു. എല്ലാ അര്‍ഥത്തിലും അനുപമമായ ഒരു ജീവിതാഖ്യായികയായും ചരിത്രാഖ്യായികയായും തീക്കടല്‍ കടഞ്ഞ് തിരുമധുരം'മാറുന്നു. ഈ നോവല്‍ ഇന്ത്യയിലെ വിശിഷ്ട പുരസ്‌കാരങ്ങളിലൊന്നായ മൂര്‍ത്തീദേവി പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കുകയും ചെയ്തു.

വര്‍ത്തമാന കാലത്ത് ശാസ്ത്രത്തിന്റെ നേട്ടങ്ങളെ തമസ്‌കരിച്ചു കൊണ്ട് അന്ധവിശ്വാസങ്ങളിലേക്കും അസഹിഷ്ണുതയിലേക്കും മതവൈരത്തിലേക്കും സമൂഹം വഴിമാറി നടക്കുമ്പോള്‍, ശാസ്ത്രത്തിന്റെ ശരികളുടെ കവാടങ്ങള്‍ തുറക്കാനുള്ള കര്‍ത്തവ്യവും ഈ എഴുത്തുകാരന്‍ ഏറ്റെടുക്കുന്നു. ശാസ്ത്രം ആര്‍ക്കു വേണ്ടിയാണെന്ന് സ്വയം ചോദിക്കുകയും ഉത്തരത്തില്‍ നിന്ന് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന നിലപാടില്‍ എത്തിച്ചേരുകയുമാണ് അദ്ദേഹം ചെയ്യുന്നത്.  അതിനായി സി. രാധാകൃഷ്ണന്‍ തെരഞ്ഞെടുത്ത ഒരു മാര്‍ഗം കൂടിയാണ് സര്‍ഗാത്മക രചനകള്‍.    

2 comments:

Ben said...

Very good writing! Keep up the good job!!!

geeta said...

മഹാനായ എഴുത്ത്കാരനെപ്പറ്റി ഒരുനല്ല അപഗ്രഥനം!വളരെ നന്നായിട്ടോ!

FACEBOOK COMMENT BOX