'' ഗോസായിക്കുന്നിന്റെ താഴ്‌വരയില്‍, കടപ്പുറത്തെ വിജനതയില്‍, ഒരു സ്വര്‍ണമത്സ്യംപോലെ പൂക്കുഞ്ഞിബീ അടിഞ്ഞുകിടക്കുന്നു. നനഞ്ഞ പൂഴിയില്‍ നുരയ്ക്കുന്ന തിരമാലകള്‍ തണുത്ത ശരീരത്തെ ഇടയ്ക്കിടെ നനച്ചുകൊണ്ടിരുന്നു''
സ്മാരകശിലകള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള)
ചിത്രകാരനാവണമെന്ന് അതിയായി ആഗ്രഹിച്ച ഒരാള്‍ സാഹിത്യകാരനായാല്‍, അയാള്‍ എഴുതുന്നതില്‍ ഒരു ചിത്രം കൂടിയുണ്ടാവും. അതാണു പുനത്തിലിന്റെ രചനകള്‍ വായനക്കാരനു നല്‍കുന്നത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസെന്നു വിശേഷിപ്പിക്കുന്ന സ്മാരകശിലകളിലെ പൂക്കുഞ്ഞിബീയുടെ മരണം അവതരിപ്പിക്കുന്ന വരികള്‍ വായിക്കുന്ന വായനക്കാരന്റെ മനസില്‍ തെളിയുന്ന പശ്ചാത്തലചിത്രം മാത്രം മതി അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസിലാക്കാന്‍. വ്യക്തിപരമായ അനുഭവങ്ങള്‍ താന്‍ ഏതു വൈകാരിക തലത്തിലാണോ അനുഭവിച്ചത്, അതിന്റെ തീക്ഷ്ണതയും വൈകാരികതീവ്രതയും ചോര്‍ന്നു പോകാതെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ പുനത്തിലിന് കഴിഞ്ഞിരുന്നു. അനുപമമായ രചനാ ശൈലിയാണ് പുനത്തിലിന്റെ കൃതികളെ മറവിയുടെ കയത്തിലേക്ക് ആണ്ടുപോവാതെ പിടിച്ചു നിര്‍ത്തിയത്.