Friday, October 27, 2017

പുനത്തില്‍: സര്‍ഗാത്മകതയുടെ കാര്‍ണിവല്‍


'' ഗോസായിക്കുന്നിന്റെ താഴ്‌വരയില്‍, കടപ്പുറത്തെ വിജനതയില്‍, ഒരു സ്വര്‍ണമത്സ്യംപോലെ പൂക്കുഞ്ഞിബീ അടിഞ്ഞുകിടക്കുന്നു. നനഞ്ഞ പൂഴിയില്‍ നുരയ്ക്കുന്ന തിരമാലകള്‍ തണുത്ത ശരീരത്തെ ഇടയ്ക്കിടെ നനച്ചുകൊണ്ടിരുന്നു''
                                   സ്മാരകശിലകള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള)



ചിത്രകാരനാവണമെന്ന് അതിയായി ആഗ്രഹിച്ച ഒരാള്‍ സാഹിത്യകാരനായാല്‍,  അയാള്‍ എഴുതുന്നതില്‍ ഒരു ചിത്രം കൂടിയുണ്ടാവും. അതാണു പുനത്തിലിന്റെ രചനകള്‍ വായനക്കാരനു നല്‍കുന്നത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസെന്നു വിശേഷിപ്പിക്കുന്ന സ്മാരകശിലകളിലെ പൂക്കുഞ്ഞിബീയുടെ മരണം അവതരിപ്പിക്കുന്ന വരികള്‍ വായിക്കുന്ന വായനക്കാരന്റെ മനസില്‍ തെളിയുന്ന പശ്ചാത്തലചിത്രം മാത്രം മതി അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസിലാക്കാന്‍. വ്യക്തിപരമായ അനുഭവങ്ങള്‍ താന്‍ ഏതു വൈകാരിക തലത്തിലാണോ അനുഭവിച്ചത്, അതിന്റെ തീക്ഷ്ണതയും വൈകാരികതീവ്രതയും ചോര്‍ന്നു പോകാതെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ പുനത്തിലിന് കഴിഞ്ഞിരുന്നു. അനുപമമായ രചനാ ശൈലിയാണ് പുനത്തിലിന്റെ കൃതികളെ മറവിയുടെ കയത്തിലേക്ക് ആണ്ടുപോവാതെ പിടിച്ചു നിര്‍ത്തിയത്.



ഭാഷയുടെ  സൗന്ദര്യം പ്രകടമാക്കുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. എഴുത്തുകാരനാവണമെങ്കില്‍ അനുഭവങ്ങള്‍ ആവശ്യമാണെന്നും അനുഭവമുള്ളവര്‍ക്കു മാത്രമേ എഴുത്തില്‍ സത്യസന്ധതപുലര്‍ത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയതെന്നും പറയാം. പൊതുനടപ്പുരീതികളുടെ എല്ലാ ശീലങ്ങളെയും ലംഘിക്കുന്നതായിരുന്നു പുനത്തിലിന്റെ സര്‍ഗാത്മക ജീവിതം. ഭാവനയില്‍ നിന്നു  പരുവപ്പെടുത്തിയെടുത്ത ബിംബങ്ങളെക്കാള്‍ സ്വന്തം ജീവിതത്തിലില്‍ നിന്നും ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ അനുഭവത്തില്‍ നിന്നും കടംകൊണ്ട ബിംബങ്ങളാണു പുനത്തില്‍ തന്റെ രചനകളില്‍ കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. അമ്മയോടുള്ള സ്നേഹത്തിന്റെ ചിറകിലേറി സ്വര്‍ഗകവാടത്തിനു മുന്നിലെത്തുന്ന കൊച്ചുകുട്ടി അവിടെ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും വിവരിക്കുന്ന 'അമ്മയെ കാണാന്‍' എന്ന കൃതി ഇതിന് ഉദാഹരണമായി എടുത്തുകാട്ടാനാവും.

1977 ല്‍ പുറത്തിറങ്ങിയ 'സ്മാരകശില'യിലും 'മരുന്നിലും' അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യമായ രചനാ വൈഭവം പിന്നീടുള്ള കൃതികളില്‍ കുറഞ്ഞുവെന്നു സൂക്ഷമമായി വായിക്കുന്ന വായനക്കാരനു മനസിലാക്കാന്‍ പ്രയാസമില്ല. കാരണം,  ഈ രണ്ടു കൃതികളിലും അദ്ദേഹം സര്‍ഗാത്മകമായി ഉറഞ്ഞാടുകയായിരുന്നു. പിന്നീട്, മന്ദതാളത്തിലുള്ള പതിഞ്ഞാട്ടമാണ് അദ്ദേഹത്തിന്റെ കൃതികളില്‍ കാണാനായത്. പക്ഷേ, അതിനകംതന്നെ അദ്ദേഹം തന്റെ സവിശേഷമായ രചനാശൈലിയിലൂടെ, പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന പേരിനു താഴെ എന്ത്എഴുതിയാലും വായനക്കാര്‍ വായിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തിരുന്നു. സര്‍ഗാത്മക രചനകള്‍മാത്രമല്ല ആത്മകഥകളും അഭിമുഖങ്ങളും വൈദ്യാനുഭവങ്ങളും തുടങ്ങി തന്റെ ജീവിതത്തിലൂടെ കടന്നു പോയ കാമുകിമാരെക്കുറിച്ചും സ്വയം കണ്ടെത്തിയ പാചകക്കൂട്ടുകളുംവരെ അദ്ദേഹം പുസ്തകരൂപത്തില്‍ വായനക്കാരന്റെ മുന്നില്‍ അവതരിപ്പിച്ചു.

രചനാപരമായി അദ്ദേഹത്തിന്റെ നാലയലത്തുപോലും എത്താനാവാതെ പോയ എഴുത്തുകാരും പ്രശസ്തിയുടെ വെള്ളിവെളിച്ചം മാത്രം ആഗ്രഹിച്ചു നിരൂപക വേഷമണിഞ്ഞവരും അദ്ദേഹത്തിനു ചാര്‍ത്തിക്കാടുത്ത പട്ടമാണ് അരാജകവാദിയെന്നത്. കാരണം, അവര്‍ വായിച്ചിരുന്നത് അദ്ദേഹം നടത്തിയ ചില പ്രസ്താവനകളും അഭിമുഖങ്ങളും മാത്രമാണ്. എന്നാല്‍, ആ വിശേഷണത്തെ ദൈവങ്ങളുടെ ചിത്രത്തില്‍ അവരുടെ ശിരസിനു ചുറ്റുമുള്ള പ്രഭാവലയംപോലെ അദ്ദേഹം കണക്കാക്കി.  പിന്നീട് അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടതു നോവലില്‍ രതി ചിത്രീകരിച്ചിടത്താണ്. ലൈംഗികത നോവലില്‍ ചിത്രീകരിച്ചപ്പോഴൊക്കെ എഴുത്തുകാരന്റെ ഭാവന കെട്ടുപൊട്ടിച്ചോടുന്നുന്നതാണു നമ്മള്‍ കണ്ടിട്ടുള്ളത്. 'കന്യാവനങ്ങള്‍' ഉത്തമഉദാഹരണം. മരുന്നിലെ  ഹെലന്‍സിംഗ് കാണുന്ന രതി സ്വപ്നവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. സ്മാരകശിലകളില്‍ പൂക്കോയതങ്ങളുടെ മരണത്തിനു കാരണം തേടിയും മറ്റെങ്ങും പോകേണ്ടതില്ല- അതിരുകടന്ന ലൈംഗികതതന്നെയാണ്. വായനക്കാരനെ അവസാനവരി വരെ വായിപ്പിക്കുന്നതില്‍ അദ്ദേഹം നിലനിര്‍ത്തുന്ന ഒരു വിഭ്രമാത്മകതയും മായികതയുമുണ്ട്.  അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ചെറുകഥയായ 'കുന്തി'യില്‍ കന്യാസ്ത്രീയുടെ പ്രസവം ചിത്രീകരിക്കുന്ന ഭാഗം മാത്രംമതി അദ്ദേഹത്തിന്റെ ഭാവനയിലെ മായികത മനസിലാക്കാന്‍. കാരണം പ്രതീകാത്മകമായാണല്ലോ അദ്ദേഹം അത് പറഞ്ഞിരിക്കുന്നത്.

ജീവിതത്തില്‍ പകല്‍മാന്യത സൂക്ഷിക്കുന്നവരെ പുനത്തില്‍ എല്ലാക്കാലത്തും മാറ്റി നിര്‍ത്തിയിരുന്നു. സ്മാരകശിലകളില്‍ ഇത്തരക്കാരെ കണക്കറ്റു പരിഹസിക്കാനും അദ്ദേഹം തയാറാവുന്നുണ്ട്. സ്മാരകശിലകളില്‍ സ്ത്രീലമ്പടനയാ പൂക്കോയതങ്ങള്‍  തന്റെ കുതിരക്കാരന്‍ അന്ത്രമാനും ഖുറൈശിപാത്തുവും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഒളിച്ചു നിന്നു കാണ്ടുനിര്‍വൃതി അടയുകയും പിന്നീട് 'വ്യഭിചാരം ഞമ്മക്ക് ഇഷ്ടമല്ലെന്ന്' പറയുകയും ചെയ്യുന്ന രംഗം മാത്രംമതി അദ്ദേഹം പകല്‍മാന്യന്‍മാരെ എത്രമാത്രം വെറുത്തിരുന്നു എന്നു മനസിലാക്കാന്‍. അത് വായിച്ച് ചിരിക്കാത്ത വായനക്കാരില്ല.

കര്‍മം കൊണ്ട് ഡോക്ടറായതുകൊണ്ടാവും രോഗി, രോഗം, ചികിത്സ എന്നീ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ജീവിതത്തിലെ എല്ലാകാര്യങ്ങളും മരണത്തോടെ അവസാനിക്കുമെന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള വിശ്വസിച്ചിരുന്നുവെന്നുവേണം കരുതാന്‍. ആ വിശ്വാസമാവണം ജീവിതം ആഘോഷിച്ചുതീര്‍ക്കാനുള്ളതാണെന്ന ബോധത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. പുനത്തില്‍ കുഞ്ഞബ്ദുള്ള സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും മാത്രമല്ല. അതില്‍ അഭിരമിക്കുകയും ചെയ്തിരുന്നു. എംടിയുമായും അക്ബര്‍കക്കട്ടിലുമായും കോവിലനുമായും മുകുന്ദനുമായും അദ്ദേഹം നിലനിര്‍ത്തിയിരുന്ന സൗഹൃദം വളരെ പ്രശസ്തമാണ്. സൗഹൃദങ്ങളെയും എഴുത്തിനെയും ആഘോഷമാക്കിമാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല.

ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ എഴുതി ''എന്റെ അമ്മ മരിച്ചു, അന്ന് ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്നെനിക്കറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്റെ അച്ഛനും മരിച്ചു. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്ന് അപ്പോഴേക്കും എനിക്കറിയാമായിരുന്നു.'' മരണത്തെപോലും തന്റെ കൃതികളിലൂടെ ആഘോഷമാക്കിമാറ്റിയ മലയാളത്തിന്റെ കുഞ്ഞാക്കയെ മരണം കൂട്ടിക്കൊണ്ടു പോകുമ്പോള്‍, ഒന്നുറപ്പ് അദ്ദേഹത്തിന്റെ നോവലുകളെ വികാരമായി കൊണ്ടു നടന്നിട്ടുള്ള വായനക്കാരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കും.


2 comments:

Unknown said...
This comment has been removed by the author.
Unknown said...

നല്ല അപഗ്രഥനം ! അദ്ദേഹത്തിന്റെ രചനകളിലൂടെ ഒന്നുകൂടി കടന്നുപോകാൻ പ്രേരിപ്പിക്കുന്ന കുറിപ്പ് !

FACEBOOK COMMENT BOX