Thursday, March 1, 2018

വെടിയേറ്റു വീഴാന്‍ ഇനിയെത്ര ഗൗരിമാര്‍ ബാക്കി




സന്ദീപ് സലിം

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ സന്ധിയില്ലാത്ത സമരം നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചപ്പോള്‍ വെടിയുണ്ട തുളച്ചു കയറിയത് ഇന്ത്യയുടെ മതേതര രാഷ്ട്രീയ ശരീരത്തില്‍ കൂടിയാണ്. മഹാത്മ ഗാന്ധിയുടേതിനു സമാനമെന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയില്ലാത്തതാണ് ഗൗരി ലങ്കേഷിന്റെ വധം. ഹിന്ദുത്വ ഭീകരത
വധിച്ച രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ പേരറിയാവുന്ന അവസാനത്തെയാളാണ് ഗൗരി. എണ്ണമറ്റ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ട പേരും നാടും രേഖപ്പെടുത്താതെ പോയഅനേകായിരം മനുഷ്യരെ മാധ്യമങ്ങളും പൊതുസമൂഹവും മറന്നു കഴിഞ്ഞു. നമ്മുടെ മതേതര-രാഷ്ട്രീയ ശരീരം ഇന്ന് വളരെയേറെ ദുര്‍ബലമായിരിക്കുന്നുവെന്നുവേണം കരുതാന്‍. ഭരണകൂട കൊലപാതകമെന്നു ഗൗരിയുടെ വധത്തെ വിശേഷിപ്പിക്കാം. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണത്തിലെത്തിയതുമുതല്‍ സംഘപരിവാറിന്റെയും മറ്റ് തീവ്രഹിന്ദു സംഘടനകളുടെയും രാഷ്ട്രീയ അജണ്ട വ്യക്തമായിക്കഴിഞ്ഞു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവര്‍ ഈ രാഷ്ട്രീയ അജണ്ടയ്ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. പെരുമാള്‍ മുരുഗനും കെ. എസ്. ഭഗവാനും ഇപ്പോഴും പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുതല മൂര്‍ച്ഛയുള്ള ഒരു കഠാരയാണ് ഹിന്ദുത്വ അജന്‍ഡ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നേതത്വം നല്‍കുന്ന ഭരണകൂടമാണ് ഒരു വശമെങ്കില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇടപെടുന്ന അവരുടെ മാതൃസംഘടനായായ സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ് മറുവശം. ആദിവാസികള്‍, ദളിതര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാലകള്‍, എഴുത്തുകാര്‍ തുടങ്ങി വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കുന്നതിനുള്ള സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.


    ഹിന്ദുത്വ വാദികളുടെ ഈ പ്രവര്‍ത്തനങ്ങളെ എല്ലാക്കാലത്തും പ്രതിരോധിച്ചിട്ടുള്ളത് നമ്മുടെ രാജ്യത്തെ മതേതര-ബൗദ്ധിക രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതു കൊണ്ടു തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എന്നും ശത്രുപക്ഷത്തു നിര്‍ത്തിയിട്ടുള്ളതും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതും മതേതര രാഷ്ട്രീയത്തിന്റെ വക്താക്കളോടാണ്. ഹിന്ദുമത ബോധത്തെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റാനും അതിനെ രാഷ്ട്രീയ അധികാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുമുള്ള സംഘടനാശ്രമങ്ങ നടത്തുന്നയിടത്താണ് സംഘപരിവാറിനെ മറ്റ് മത്-സാമുദായിക സംഘടനകളില്‍ നിന്നു വ്യത്യസ്തരാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനകത്തടക്കം രാജ്യത്തെ പൊതുസമൂഹത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോള്‍ നന്നായി ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ മതേതര-രാഷ്ട്രീയത്തിന്റെ വക്താക്കള്‍ കരുതിയിരിക്കേണ്ടതുണ്ട്. ഇവിടെ തീര്‍ക്കേണ്ട പ്രതിരോധം തെരഞ്ഞെടുപ്പിലെ നിലപാടു സ്വീകരണം മാത്രവാവരുത്. മറിച്ച് സാമൂഹികമായുള്ള പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാവണമത്.
    വളരെ ആസൂത്രിതമായി നടക്കുന്ന ഹിന്ദുത്വ അജന്‍ഡയുടെ പ്രചാരണത്തിലൂടെ അത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടും. പിന്നീട്, ഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ചെയ്യുന്നത്. അത്തരത്തില്‍ ആരാണു ശത്രു എന്നു ചൂണ്ടിക്കാട്ടിക്കഴിഞ്ഞാല്‍ ശിക്ഷ വിധിക്കാന്‍ വളരെ എളുപ്പമാണല്ലോ. ഹിന്ദുത്വ ഭീകരതെ സമൂഹത്തില്‍ വ്യാപിക്കുന്നതോടെ അതിന്റെയൊപ്പം ഭയവും വ്യാപിക്കുന്നു. ഭയം ജനങ്ങളില്‍ സന്നിവേശിപ്പിക്കപ്പെടുന്നതിലൂടെ ജനാധിപത്യം പതിയെ പതിയെ പുറന്തള്ളപ്പെടുകയും ഫാസിസം കടന്നുവരികയും ചെയ്യുന്നു. ജനാധിപത്യം ഇല്ലാതാവുന്നതോടെ സഹിഷ്ണുത, സംവാദം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ ഇടങ്ങളും ഇല്ലാതാവുന്നു.
    മേല്‍പ്പറഞ്ഞ വിധം ഭയം ഗ്രസിച്ച, ഫാസിസം പിടിമുറുക്കിയ ഒരു ജനവിഭാഗത്തെ മുന്‍ നിര്‍ത്തി ശത്രുക്കളെ കൊന്നൊടുക്കാം. പശുവിന്റെ പേരില്‍ നടക്കുന്ന കൊലകള്‍, ദേശീയതയുടെ പേരുപറഞ്ഞു നടക്കുന്ന ആക്രമണങ്ങള്‍, ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റു നിന്നില്ല എന്ന പേരിലുള്ള പോലീസ് കേസുകള്‍, ജാതി മേല്‍ക്കോയ്മയെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി ദളിതര്‍ക്കു നേരേനടത്തുന്ന ആക്രമണങ്ങള്‍, മത ന്യൂപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന വംശഹത്യകള്‍ (ഗുജറാത്തും കാന്‍ഡമാലും), സിനിമകളോടും പുസ്തകങ്ങളോടുമുള്ള അസഹിഷ്ണുത മുതലായവയെല്ലാം വളരെ എളുപ്പത്തില്‍ സാധ്യമാകും. ഇതിനെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. കാരണം, ഭയം മൂലം പൗരസമൂഹം നിശബ്ദതയിലായിരിക്കും. അവരുടെ നിശബ്ദതയെ ഭഞ്ജിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിര്‍ത്തുകയെന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
    ഇങ്ങനെയെല്ലാം പറയുന്‌പോഴും മതേതര-ബൗദ്ധിക-രാഷ്ട്രീയത്തെ നിലപാടുകളിലൂടെ നേരിടാനുള്ള ശേഷി ഒരു കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തിനില്ല. നമ്മുടെ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറ്റവും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതും ഈ മതേതര ബൗദ്ധിക വ്യവഹാരമാണ്. ഇതിനെ പൂര്‍ണമായും വിലക്കെടുക്കാനോ ഭയപ്പെടുത്തി ഇല്ലാതാക്കാനോ ഹിന്ദുത്വ രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. മാത്രവുമല്ല അവരുടെ ചെറുത്തുനില്‍പ്പിന്റെ പ്രതിരോധത്തിന്റെ കരുത്ത് നാള്‍ക്കുനാള്‍ ഏറിവരികയുമാണ്.

 ഇത്തരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ എതിര്‍പ്പുയര്‍ത്തുന്ന മതേതര ബുദ്ധിജീവികളെ വകവരുത്തുക എന്നത് എല്ലാക്കാലവും എതിരാളികള്‍ പിന്‍പറ്റുന്ന തന്ത്രമാണ്. ഇത് നടപ്പിലാക്കുന്നത് വളരെ ആസൂത്രിതമായിട്ടാണുതാനും. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ദാബോല്‍ക്കറുടെയും കൊലപാതകങ്ങളുടെ പിന്നിലുളള മനശാസ്ത്രവും മറ്റൊന്നല്ല. ഇത്തരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ പ്രതിരോധം തീര്‍ത്തതാണ് ഗൗരി ലങ്കേഷിന്റെ വധത്തിലേക്കു നയിച്ചതും.
    ഗൗരി ലങ്കേഷില്‍ എത്തിനില്‍ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അജന്‍ഡ തീര്‍ച്ചയായും ആവര്‍ത്തിക്കപ്പെടും. ഇനിയും തിരിച്ചറിയേണ്ട പ്രധാന വസ്തുത ഇതൊന്നുമല്ല. മതേതര - രാഷ്ട്രീയ - ബൗധിക ചിന്തകള്‍ക്കു നേരേ എല്ലാവിധ മതമൗലികവാദികളും ആയുധമെടുത്ത് ഇറങ്ങുന്നു എന്നതാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല. മതേര -രാഷ്ട്രീയ- സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇവര്‍ക്ക് ഇടമില്ലാതെ പോകുന്നു.
    ഹിന്ദുത്വ ഫാസിസവും മതേതര-രാഷ്ട്രീയ-ബൗദ്ധിക വ്യവഹാരവുമായുള്ള പോരാട്ടത്തില്‍ സംഘപരിവാറും ഹിന്ദുത്വ വാദികളും ഉപയോഗിക്കുന്ന ആയുധം ഉന്‍മൂലനത്തിന്റേതായിരിക്കും എന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ട കാര്യമില്ല. അതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത മതേതര-ജനാധിപത്യ നിലപാടുകളുമായി ഈ പോരാട്ടം തുടര്‍ന്നെ മതിയാകൂ. അവിടെ പ്രസക്തമാകുന്നത് ഒരേ ഒരു ചേദ്യം മാത്രമാണ്. പോരാട്ടത്തിനിറങ്ങുന്ന നമ്മളില്‍ എത്ര ഗൗരിമാര്‍ ബാക്കിയുണ്ടാകും എന്നത്.

1 comment:

Sree Devi said...

Well written ..

FACEBOOK COMMENT BOX