Monday, May 14, 2018

ലോക'കപ്പിന്റെ' കഥ

യൂള്‍ റിമെ
റഷ്യയില്‍ നിന്നു ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ ലോകകപ്പ് ട്രോഫിയുടെ കഥ.
ലോകകപ്പ് ഫുട്ബോളിന്റെ  ചരിത്രം പരിശോധിച്ചാല്‍ നമുക്ക് രണ്ട് ലോകകപ്പ് ട്രോഫികള്‍ ലഭിക്കും.  പ്രശസ്ത ഫ്രഞ്ച് ശില്‍പി ആബേല്‍ ലാഫ്ലേവര്‍ നിര്‍മിച്ച ട്രോഫിയും ഇപ്പോഴത്തെ ഫിഫ കപ്പും.
ആബേല്‍ ലാഫ്ലേവറിന് താന്‍ നിര്‍മിച്ച ട്രോഫി മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതാണ് കാണേണ്ടിവന്നത്. ലോകകപ്പ് ഫുട്‌ബോളെന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, ഫിഫയുടെ തന്നെ സ്ഥാപകരിലൊരാളായ യൂള്‍ റിമെയുടെ പേരിലാണ് ആദ്യ ലോകകപ്പ് ട്രോഫി അറിയപ്പെട്ടത്. പക്ഷേ, 1930 ല്‍ ഉറുഗ്വെയും 1934 ലും 1938 ലും ഇറ്റലിയും സ്വന്തമാക്കിയ കാലത്ത് ട്രോഫിക്ക് പേരില്ലായിരുന്നു.
  35 സെന്റീമീറ്റര്‍ ഉയരവും 3.8  കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ട്രോഫിയില്‍ ഇന്ദ്രനീലക്കല്ലും സ്വര്‍ണവും വെള്ളിയും  ചേര്‍ത്തിരുന്നു. വിക്ടറി കപ്പ് എന്നായിരുന്നു അന്ന് ട്രോഫി അറിയപ്പെട്ടത്. പിന്നീട് ഫുട്ബോളിനും ഫിഫയ്ക്കും യൂള്‍ റിമെ നല്‍കിയ  സംഭാവനകളെ കണക്കിലെടുത്ത് 1946ല്‍ ഈ കപ്പിന് യൂള്‍റിമെ കപ്പ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു.  
യൂള്‍ റിമെ കപ്പും ഫിഫ കപ്പും
യൂള്‍ റിമെയും ലോകകപ്പ് ഫുട്‌ബോളും

ഫ്രഞ്ച് ഫുട്‌ബോളര്‍ യൂള്‍ റിമെ ഫിഫയുടെ പ്രസിഡന്റ് പദവിയെത്തുന്നതു മുതല്‍ മനസില്‍ സൂക്ഷിച്ച ഒന്നായിരുന്നു ലോകത്ത് ഫുട്‌ബോള്‍ കളിക്കുന്ന എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ടൂര്‍ണമെന്റ് നടത്തുക എന്നത്. അദ്ദേഹം പദവിയിലെത്തുമ്പോള്‍ ഒളിമ്പിക്‌സിലെ മത്സരമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. പക്ഷേ, അതിന്റെ ക്രെഡിറ്റ് ഒളിമ്പിക്‌സിന്റെ സംഘാടകര്‍ക്കാണ്. അതാണ് ഫിഫയുടേതായി ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റെന്ന ആശയത്തിലേക്ക് എത്തുവാന്‍ യൂള്‍ റിമെയെ പ്രേരിപ്പിച്ചത്. ഒളിമ്പിക്സിന്  ബദലായി ഫിഫയ്ക്ക് സ്വന്തമായി ഒരു ടൂര്‍ണമെന്റ് എന്ന സ്വപ്നത്തിനായി അദ്ദേഹം ഫിഫയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ആംസ്റ്റര്‍ഡാമില്‍ ഫിഫ കോണ്‍ഗ്രസ് സംഘടിപ്പിച്ചു. 1928 മേയ് 28 നായിരുന്നു സമ്മേളനം. സമ്മേളനത്തില്‍ ലോകഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന തന്റെ ആശയം അവതരിപ്പിച്ചു.  ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുത്ത എല്ലാവരും അതിനോടു യോജിച്ചു.  അങ്ങനെ  1929ല്‍ വേദി പ്രഖ്യാപിക്കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വെയായിരുന്നു ആദ്യ വേദി.   പക്ഷേ, പിന്നീട് നടന്ന കാര്യങ്ങള്‍ യൂള്‍ റിമെയെ വല്ലാതെ ദുഃഖിപ്പിച്ചു. അദ്ദേഹം മുന്നോട്ടുവച്ച ആശയത്തോടൊപ്പം നിന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വേദി പ്രഖ്യാപനം നടത്തിക്കഴിഞ്ഞ് ഇതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു.  അതിന് അവര്‍ പറഞ്ഞ കാരണം ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് തങ്ങള്‍ കരകയറിവരുന്നതേയുള്ളൂ എന്നാണ്. അതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവരുടെ തീരുമാനം. അത് യൂള്‍ റിമെയെ വല്ലാതെ തളര്‍ത്തി. പക്ഷേ, തോറ്റു കൊടുക്കാന്‍ അദ്ദേഹം തയാറായില്ല. ഈ പ്രതിസന്ധിയെ നേരിട്ടില്ലെങ്കില്‍ തന്റെ സ്വപ്നം പൊലിഞ്ഞു പോകുമെന്ന തിരിച്ചറിവ് പകര്‍ന്ന ഊര്‍ജമാണ് നാം ഇന്നു കാണുന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് നാന്ദികുറിച്ചത്.  വിയോജിപ്പ് പ്രകടിപ്പിച്ച രാജ്യങ്ങളിലേക്ക് അദ്ദേഹം നേരിട്ട് പോയി. അദ്ദേഹം വെറുതെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയല്ല ചെയ്തത്. മറിച്ച് വലിയൊരു ആശയവുമായാണ് അദ്ദേഹം രാജ്യങ്ങള്‍ തോറും നടന്നത്. ''ഫുട്ബോള്‍  ലോകസമാധാനത്തിന്'' എന്നതായിരുന്നു ആ ആശയം. അദ്ദേഹത്തിന്റെ പ്രയത്‌നത്തിന് ഫലമുണ്ടായി. യൂറോപ്പില്‍നിന്ന് നാല് രാജ്യങ്ങള്‍ ലോകഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തയാറായി. അവരടക്കം പതിമൂന്ന് രാജ്യങ്ങള്‍ 1930ലെ  ഉറുഗ്വെ ലോകകപ്പില്‍ മാറ്റുരച്ചു. അങ്ങനെ ലോകകപ്പ് ഫുട്‌ബോള്‍ എന്ന യൂള്‍ റിമെയുടെ സ്വപ്നം യാഥാര്‍ഥ്യമായി. അതിനെ കുറിച്ച് യൂള്‍ റിമെ പിന്നീട് എഴുതിയത് ഇങ്ങനെ. ''എനിക്ക് അറിയാമായിരുന്നു എന്റെ സ്വപ്നം നടക്കുമെന്ന്. കാരണം, ഫുട്‌ബോള്‍ എന്ന കായിക ഇനം എല്ലാ അര്‍ഥത്തിലും ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ എന്നത് ഞാന്‍ മാത്രം കണ്ട സ്വപ്നമായിരുന്നില്ല. നിരവധിപേര്‍ ആ സ്വപ്നം കണ്ടിരുന്നതായി എനിക്കറിയാമായിരുന്നു. ഫുട്‌ബോളാണ് എന്നെ സ്വപ്നം കാണാന്‍ പ്രാപ്തനാക്കിയത്. ഞാന്‍ കണ്ട സ്വപ്നങ്ങളും ഫുട്‌ബോളിനെക്കുറിച്ചായിരുന്നു. ''


 
ഒറ്റോറിനെ ബറാസി
ചെരുപ്പുപെട്ടിയിലിട്ട് കട്ടിലിനടിയില്‍ ഒളിപ്പിച്ചു

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്‌പോള്‍ യൂള്‍ റിമെ കപ്പ് ഇറ്റലിയുടെ കൈയിലായിരുന്നു. യുദ്ധം കൊടുമ്പിരികൊണ്ടതോടെ സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നു. ഇതോടെ ഇറ്റലിയുടെ കൈവശമുണ്ടായിരുന്ന വിക്ടറി ട്രോഫി തട്ടിയെടുക്കാന്‍ ഹിറ്റ്ലര്‍ പദ്ധതിയിട്ടു. ഇതിനായി പ്രത്യേക സംഘത്തെ ഇറ്റലിയിലേക്ക് അയക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഹിറ്റ്ലറുടെ സംഘം ഇറ്റലിയില്‍ നുഴഞ്ഞു കയറി വിക്ടറി ട്രോഫി തെരഞ്ഞു തുടങ്ങിയതോടെ അതിനെ ഏതു വിധേനയും സംരക്ഷിക്കാന്‍ ഇറ്റലിയും തീരുമാനിച്ചു. വിക്ടറി കപ്പ് എവിടെയെന്നറിയാന്‍ ഹിറ്റ്ലറുടെ സംഘം പലരെയും ചോദ്യം ചെയ്തു. പിന്നീട് ചോദ്യം ചെയ്യല്‍ പീഡനത്തിലേക്കു മാറി. കൊടിയ പീഡനം ഏറ്റുവാങ്ങിയപ്പോഴും കപ്പിനെ കുറിച്ച് അറിയാവുന്നവര്‍ ആ രഹസ്യം പുറത്തു പറഞ്ഞില്ല.. കാരണം, അവര്‍ തങ്ങളുടെ ജീവനേക്കാള്‍ ആ ട്രോഫിയെ സ്‌നേഹിച്ചു. ഇറ്റലിക്കാര്‍ മുന്തിരിത്തോട്ടത്തില്‍ ഒരു കുഴിയുണ്ടാക്കി ട്രോഫി അതില്‍ സൂക്ഷിച്ചു. എന്നാല്‍, ഹിറ്റ്ലറുടെ സംഘം ആ സ്ഥലം അറിഞ്ഞെന്നു മനസിലാക്കിയ ഫിഫയുടെ വൈസ്പ്രസിഡന്റ് കൂടിയായ ഒറ്റോറിനെ ബറാസി പാദരക്ഷകള്‍ സൂക്ഷിക്കുന്ന പെട്ടിയിലിട്ട് വിക്ടറി കപ്പ് സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ് കപ്പിനെ സംരക്ഷിച്ചത്.


 
പിക്കിള്‍സ് എന്ന നായ
കള്ളന്‍മാര്‍ കൊണ്ടുപോയി; നായ കണ്ടെത്തി

ലോകപ്പിന്റെ ചരിത്രത്തില്‍ രണ്ടു തവണ ട്രോഫി കള്ളന്‍മാര്‍ കൊണ്ടുപോയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കൈവശമിരുന്നപ്പോഴാണ് ആദ്യം കളവുപോകുന്നത്. 1966 ല്‍ സ്‌പോര്‍ട്‌സ് സ്റ്റാന്പുകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന വെസ്റ്റ് മിനിസ്റ്ററിയില്‍ നിന്നായിരുന്നു ആദ്യ മോഷണം. ട്രോഫി മോഷണം പോയത് ഇംഗ്ലണ്ടിന് വലിയ തോതില്‍ നാണക്കേടുണ്ടാക്കി. അതിനെത്തുടര്‍ന്ന് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് എന്നറിയപ്പെടുന്ന ഡിറ്റക്ടീവുകള്‍ രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ട്രോഫി കണ്ടെത്താനായില്ല. ഒടുവില്‍ കപ്പു കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ രംഗത്തിറക്കി. അതിനായി പോലീസ് നായ്ക്കള്‍ക്കു പുറനെ നിരവധി സ്വകാര്യ വ്യക്തികളുടെ നായ്ക്കളെയും കപ്പ് സൂക്ഷിച്ചിരുന്ന മുറിയില്‍ കൊണ്ടുപോയി ട്രോഫിയുടെ മണം പരിചിതമാക്കിയ ശേഷമാണ് അവയെ പ്രയോജനപ്പെടുത്തിയത്. ഒരാഴ്ചയ്ക്കകം തെംസ് നദീതീരത്തെ കടത്തുവഞ്ചി തുഴഞ്ഞിരുന്ന ഡേവിഡ് കോര്‍ബുറ്ററിന്റെ പിക്കിള്‍സ് എന്നു പേരുള്ള നായ ട്രോഫി കണ്ടെടുത്തു. പത്രക്കടലാസില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ട്രോഫി. കോര്‍ബുറ്റര്‍ ഉടന്‍ തന്നെ ട്രോഫി പോലീസിന് കൈമാറി. വലിയ തുക (4200 ഡോളര്‍) സമ്മാനമായി നല്‍കിയാണ് ഇംഗ്ലണ്ട് സര്‍ക്കാര്‍ കോര്‍ബുറ്ററിനെ ആദരിച്ചത്. അസാധാരണമായ ഘ്രാണശക്തി കൊണ്ട് ട്രോഫി മണത്തു കണ്ടെത്തിയ പിക്കിള്‍സിന് രാജകീയ പരിവേഷമാണ് ഇംഗ്ലണ്ടില്‍ ലഭിച്ചത്. പിക്കിള്‍സിന്റെ പേരില്‍ നിരവധി ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ്ബുകളാണ് ഇംഗ്ലണ്ടില്‍ അങ്ങോളമിങ്ങോളം രൂപം കൊണ്ടത്. മാത്രവുമല്ല, ഡാനിയേല്‍ പെട്രി സംവിധാന ചെയ്ത 'ദി സ്‌പൈ വിത്ത് എ കോള്‍ഡ് നോസ്' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും പിക്കിള്‍സിനുണ്ടായി. 1967 ല്‍ ജീവന്‍വെടിഞ്ഞെങ്കിലും ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ നിന്ന് പിക്കിള്‍സ് എന്ന നായയെ മാറ്റി നിര്‍ത്താനാവില്ല. രണ്ടാം തവണ യൂള്‍ റിമെ കപ്പ് കളവു പോകുന്നത് ബ്രസീലിന്റെ ഉടമസ്ഥതയില്‍ നിന്നാണ്. 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടി ബ്രസീല്‍ യൂള്‍ റിമേ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. കാരണം അന്നത്തെ വ്യവസ്ഥ മൂന്നുവട്ടം ലോകകപ്പ് നേടുന്ന രാജ്യത്തിന് യൂള്‍ റിമെകപ്പ് എന്നന്നേക്കുമായി നല്‍കുമെന്നായിരുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആസ്ഥാനത്ത് ഈ ട്രോഫി ബ്രസീല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റിയോ ഡീ ഷാനെറോയിലെ ആസ്ഥാനത്തു നിന്നാണ് രണ്ടാംവട്ടം ട്രോഫിയുമായി കവര്‍ച്ചക്കാര്‍ കടന്നത്. 1983 ഡിസംബര്‍ 19നാണ് ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ നടുക്കിയ സംഭവം നടന്നത്. ഒരു കൂട്ടം കവര്‍ച്ചക്കാര്‍ വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയത്. ബുള്ളറ്റ് പ്രൂഫ് സംവിധാനമടക്കം കനത്ത കാവലിലാണ് ട്രോഫി സൂക്ഷിച്ചിരുന്നത്. എന്നാല്‍, കാവല്‍നിന്നവരെ ആക്രമിച്ചു കീഴടക്കിയാണ് കവര്‍ച്ചാ സംഘം ട്രോഫി കവര്‍ന്നത്.  35 വര്‍ഷങ്ങള്‍ക്കു മുന്പ് എണ്ണായിരത്തിലധികം പൗണ്ട് വിലയുണ്ടായിരുന്ന ട്രോഫിയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കവര്‍ച്ചയ്ക്കു പിന്നില്‍ അന്താരാഷ് ട്ര സംഘമാണെന്ന നിഗമനത്തെ തുടര്‍ന്ന് ലോകവ്യാപകമായ അന്വേഷണമാണ് നടന്നത്. ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയും ഉറുഗ്വെന്‍ ഫുട്‌ബോള്‍ ഇതിഹാസം ആല്‍സിഡസ് ഗിഗിയയും അടക്കം നിരവധി താരങ്ങള്‍ ടിവിയിലൂടെ ട്രോഫി തിരകെത്തരണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കൈക്കലാക്കിയവര്‍ കപ്പ് ഉരുക്കി അത് സ്വര്‍ണമാക്കി മാറ്റിയിട്ടുണ്ടാവുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.


knÂhntbm Kkm\nI

സില്‍വിയോ ഗസാനികയുടെ ട്രോഫി

പുതിയ ട്രോഫി നിര്‍മിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായി. പുതിയ കപ്പിനുള്ള ഡിസൈന്‍ ക്ഷണിച്ച ഫിഫയെ 53 ശില്‍പ്പികളാണ് ഡിസൈനുമായി സമീപിച്ചത്. തെരഞ്ഞെടുക്കപ്പെട്ടത് ഇറ്റലിക്കാരനായ സില്‍വിയോ ഗസാനിക.  അങ്ങനെ വിജയാഹ്ലാദത്തില്‍ സര്‍പ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട് കായികതാരങ്ങളെ ഉള്‍പ്പെടുത്തി ശില്‍പ്പി സില്‍വിയോ ഗസാനിക നിര്‍മിച്ചതാണ് ഇപ്പോഴത്തെ ഫിഫ ലോകകപ്പ്.  18 കാരറ്റ് സ്വര്‍ണത്തില്‍ പണിതീര്‍ത്തിരിക്കുന്ന കപ്പിന് 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്. പുതിയ ട്രോഫിയുടെ വരവോടെ ഫിഫ നിയമവും മാറ്റി. ഇപ്പോഴത്തെ കപ്പ് ഫിഫയ്ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ കപ്പ് അടുത്ത ലോകകപ്പ് വരെ മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേല്‍പ്പിക്കുന്ന കപ്പിന് പകരമായി വെങ്കലത്തില്‍ തീര്‍ത്ത കപ്പിന്റെ ഒരു മാതൃക സ്വര്‍ണം പൂശി നല്‍കും.  ഈ മാതൃക മാത്രം പിന്നെ വിജയികള്‍ക്ക് സ്വന്തം.






No comments:

FACEBOOK COMMENT BOX