സന്ദീപ് സലിം
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ സന്ധിയില്ലാത്ത സമരം നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചപ്പോള്‍ വെടിയുണ്ട തുളച്ചു കയറിയത് ഇന്ത്യയുടെ മതേതര രാഷ്ട്രീയ ശരീരത്തില്‍ കൂടിയാണ്. മഹാത്മ ഗാന്ധിയുടേതിനു സമാനമെന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയില്ലാത്തതാണ് ഗൗരി ലങ്കേഷിന്റെ വധം. ഹിന്ദുത്വ ഭീകരത
വധിച്ച രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ പേരറിയാവുന്ന അവസാനത്തെയാളാണ് ഗൗരി. എണ്ണമറ്റ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ട പേരും നാടും രേഖപ്പെടുത്താതെ പോയഅനേകായിരം മനുഷ്യരെ മാധ്യമങ്ങളും പൊതുസമൂഹവും മറന്നു കഴിഞ്ഞു. നമ്മുടെ മതേതര-രാഷ്ട്രീയ ശരീരം ഇന്ന് വളരെയേറെ ദുര്‍ബലമായിരിക്കുന്നുവെന്നുവേണം കരുതാന്‍. ഭരണകൂട കൊലപാതകമെന്നു ഗൗരിയുടെ വധത്തെ വിശേഷിപ്പിക്കാം. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണത്തിലെത്തിയതുമുതല്‍ സംഘപരിവാറിന്റെയും മറ്റ് തീവ്രഹിന്ദു സംഘടനകളുടെയും രാഷ്ട്രീയ അജണ്ട വ്യക്തമായിക്കഴിഞ്ഞു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവര്‍ ഈ രാഷ്ട്രീയ അജണ്ടയ്ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. പെരുമാള്‍ മുരുഗനും കെ. എസ്. ഭഗവാനും ഇപ്പോഴും പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുതല മൂര്‍ച്ഛയുള്ള ഒരു കഠാരയാണ് ഹിന്ദുത്വ അജന്‍ഡ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നേതത്വം നല്‍കുന്ന ഭരണകൂടമാണ് ഒരു വശമെങ്കില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇടപെടുന്ന അവരുടെ മാതൃസംഘടനായായ സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ് മറുവശം. ആദിവാസികള്‍, ദളിതര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാലകള്‍, എഴുത്തുകാര്‍ തുടങ്ങി വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കുന്നതിനുള്ള സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.