Monday, May 28, 2018

ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾ...

ലോകകപ്പിലെ താരപരിശീലകര്‍ 3

റഷ്യയില്‍ ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങള്‍ക്ക് ചിറകു നല്കുക എന്ന ദൗത്യമാണ് പരിശീലകരായ ഗാരത്ത് സൗത്ത്‌ഗേറ്റിനും ജൂലന്‍ ലോപെടഹിക്കുമുള്ളത്. ക്ലബ് ഫുട്‌ബോളിലെ രണ്ട് പ്രമുഖ ലീഗുകളുടെ നാടാണ് ഇംഗ്ലണ്ടും സ്‌പെയിനും. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ശനിദശ മാറ്റാനുറച്ചാണ് പരിശീലകനായ സൗത്ത്‌ഗേറ്റ് തന്ത്രമൊരുക്കുന്നത്. കഴിഞ്ഞ ലോകകപ്പിലേറ്റ തിരിച്ചടിക്ക് കണക്കുതീര്‍ക്കുകയാണ് ലോപെടഹിയുടെ ശിക്ഷണത്തിലിറങ്ങുന്ന സ്‌പെയിനിന്റെ ലക്ഷ്യം.

 
ഗാരത്ത് സൗത്ത്‌ഗേറ്റും ജൂലന്‍ ലോപെടഹിയും


ഗാരത്ത് സൗത്ത്ഗേറ്റ് (ഇംഗ്ലണ്ട്)

ലോകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ നിന്ന്, ഓര്‍മകളില്‍ നിന്ന് അത്ര എളുപ്പത്തിലൊന്നും മാഞ്ഞു പോകാത്ത പേരാണ് ബോബി ചാള്‍ട്ടന്റേത്. 1966 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കുന്തമുന. ലോകത്തെ എക്കാലത്തേയും മികച്ച മധ്യനിരക്കാരില്‍ ഒരാള്‍. ഇംഗ്ലണ്ട് ഒരിക്കല്‍ മാത്രമാണ് ലോകകപ്പ് നേടിയിട്ടുള്ളത്. 1966 ല്‍ ബോബി ചാള്‍ട്ടന്റെ പ്രതാപകാലത്ത്. ഇംഗ്ലണ്ടിന്റെ ആ പ്രതാപകാലത്തെ പ്രകടനത്തെ കുറിച്ച് എല്ലാ ദിവസവും തന്റെ ടീമിനെ ഓര്‍മിപ്പിക്കാറുണ്ട് പരിശീലകന്‍ ഗാരത്ത് സൗത്ത്‌ഗേറ്റ്. അദ്ദേഹത്തിനറിയാം തന്റെ ടീമില്‍ പ്രതിഭയും യുവത്വവും നിറഞ്ഞ നിരവധി താരങ്ങളുണ്ടെന്ന്; പക്ഷേ, ഓരോ ലോകകപ്പിലും ഒരു പിടി താരങ്ങളെ സംഭാവന ചെയ്യാനല്ലാതെ കിരീടനേട്ടം എന്നും അന്യമാണെന്ന്. അക്കാരണത്താല്‍ തന്നെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു സംഘത്തെ വാര്‍ത്തെടുക്കുകയെന്ന ശ്രമകരമായ ദൗത്യവുമായാണ് 2016 ല്‍ നാല്‍പ്പത്തിയേഴുകാരനായ സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 1995 മുതല്‍ 2004 വരെയുള്ള ഒന്പതു വര്‍ത്തിനിടയില്‍ സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു. 57 മത്സരങ്ങളില്‍ അദ്ദേഹം ത്രീ ലയണ്‍സ് ജഴ്‌സിയണിഞ്ഞു. കാല്‍ നൂറ്റാണ്ടുകാലത്തെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് സൗത്തിഗേറ്റിനിപ്പോള്‍. റഷ്യയില്‍ നിന്ന് ലോകകപ്പുമായി മടങ്ങുക. കഴിഞ്ഞ ഒക്ടോബറില്‍ തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷവേളയില്‍ ബോബി ചാള്‍ട്ടന്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം സൗത്ത്‌ഗേറ്റിനോട് വലിയ ഒരാഗ്രഹം പങ്കുവച്ചിരുന്നു. ഒരിക്കല്‍ കൂടി ഇംഗ്ലണ്ട് ലോകകപ്പുമായി വരുന്നത് കാണാന്‍ അവസരമുണ്ടാക്കിത്തരണമെന്ന്. അതാണ് താനും സ്വപ്നം കാണുന്നതെന്നും അത് സാധിച്ചുതരാന്‍ തനിക്കു കഴിയുമെന്നുമാണ് സൗത്ത്‌ഗേറ്റ് മറുപടിയായി പറഞ്ഞത്. പക്ഷേ, കണക്കുകള്‍ അദ്ദേഹത്തിന് അത്ര അനുകൂലമല്ല. ഇത് വരെ പതിനാല് ലോകകപ്പുകളില്‍ പങ്കെടുത്ത ഇംഗ്ലണ്ട് 62 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 26 വിജയവും 20 സമനിലയും 16 തോല്‍വികളുമായിരുന്നു ഫലം. ഡേവിഡ് ബെക്കാമിനും വെയ്ന്‍ റൂണിക്കും ഫ്രങ്ക് ലംപാര്‍ഡിനും  സാധിക്കാതെ പോയത് ഹാരി കെയ്‌നും സംഘവും കൊണ്ടുവരുമെന്ന് സൗത്ത്‌ഗേറ്റ് ആത്മവിശ്വാസത്തോടെ പറയുന്നു. ഇരുപത്തിനാലാം വയസില്‍ ലോകകപ്പ് പോലൊരു വലിയവേദിയില്‍ കെയ്നിനെ നായകനാക്കിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം മാത്രം മതി അദ്ദേഹത്തിന്റെ ഓരോ ടീം അംഗത്തിലുമുള്ള വിശ്വാസം എത്രമാത്രമുണ്ടെന്നു മനസിലാക്കാന്‍.  ' ഹാരിക്ക് ചില വിശേഷവിധിയായ വ്യെക്തി ഗുണങ്ങള്‍ ഉണ്ട്. അദ്ദേഹം കളിക്കളത്തിന് അകത്തും പുറത്തും ശാന്തമായി നിലകൊള്ളുന്ന താരമാണ്. നായകന്റെ പദവി അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് നയിക്കില്ല, മറിച്ച് അതൊരു ഊര്‍ജമായി അദ്ദേഹത്തിന്റെ പ്രകടനത്തെ മുന്നോട്ട് നയിക്കും. നിങ്ങള്‍ ഒന്നു മനസിലാക്കുക. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. ക്യാപ്റ്റന്‍ മൈതാനത്തു കളിക്കുന്ന ഒരു താരം മാത്രമാണ്. മത്സരശേഷമാണ് നായകരുണ്ടാവുന്നത്. ഞാന്‍ ഓരോ കളിക്കാരനിലും നായകരെ കാണുന്നുണ്ട്. ''. ദേശീയ ടീമിന്റെ പരിശീലക സ് ഥാനം ഏറ്റെടുക്കുന്നതിനു മുന്പ്  മിഡില്‍സ്ബറോ ക്ലബിന്റെ മാനേജറായിരുന്നു ഈ 47കാരന്‍. അദ്ദേഹത്തിന്റെ കീഴില്‍ ഇതുവരെ 16 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീം 8 മത്സരങ്ങളില്‍ വിജയിക്കുകയും 2 മത്സരങ്ങില്‍ പരാജയപ്പെടുകയും ചെയ്തു. 6 മത്സരങ്ങളില്‍ സമനിലയായിരുന്നു ഫലം. കണക്കുകള്‍ക്കും വിശകലനങ്ങള്‍ക്കുമപ്പുറം സൗത്ത്‌ഗേറ്റും സംഘവും ലോകകപ്പുമായി വരുന്നത് ബോബി ചാള്‍ട്ടനൊപ്പം ഓരോ ഇംഗ്ലീഷുകാരനും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

ജൂലന്‍ ലോപെടഹി (സ്‌പെയിന്‍)


തുടര്‍ച്ചയായി ഫിഫയുടെ മൂന്നു ലോകകിരീടങ്ങള്‍ നേടുക. ഏതൊരു ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ചും സ്വപ്നതുല്യമായ നേട്ടം. ലോകഫുട്‌ബോളിനെ കുറച്ചു നാളത്തേക്കെങ്കിലും കാല്‍ക്കീഴിലാക്കാന്‍ സ്‌പെയിനെ സഹായിച്ചത് ഈ നേട്ടങ്ങളാണ്. പക്ഷേ, വിജയത്തിന്റെ കൊടുമുടിയില്‍ നിന്നുള്ള വന്‍ വീഴ്ചയ്ക്കാണ് പിന്നീട് സ്പാനിഷ് ഫുട്‌ബോള്‍ സാക്ഷ്യവഹിച്ചത്. 2014 ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായെത്തിയ സ്‌പെയിന്‍ ലോകകപ്പില്‍ തകര്‍ന്നു വീഴുന്നതാണ് കണ്ടത്. പിന്നീട് 2016 ലെ യൂറോകപ്പിലും പ്രീ ക്വാട്ടറില്‍ പുറത്തായി. ഇത്തരത്തില്‍ മനോവീര്യം തകര്‍ന്ന് നില്‍ക്കുന്ന ഒരു ടീമിനെ വീണ്ടും ജയം ശീലമാക്കിയ ടീമാക്കിയെടുക്കുകയെന്ന ദൗത്യവുമായാണ് ജൂലന്‍ ലോപെടഹി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.  കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു പുതുനിരയെ കെട്ടിപ്പടുത്തിയിരിക്കുകയാണ് ലോപെടഹി. ഗോള്‍കീപ്പറായാണ് ലോപെടഹി തന്റെ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 1994 ല്‍ ലോകകപ്പിനുള്ള ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സൈഡ് ബെഞ്ചില്‍ റിസര്‍വ് ഗോളിയായിരിക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ ലോകകപ്പിലെയും യൂറോകപ്പിലെയും നിരാശാജനകമായ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെയിനെ എഴുതിത്തള്ളാറായിട്ടില്ലെന്നും പഴയ വസന്തകാലത്തിലേക്കു തങ്ങള്‍ തിരിതച്ചുവരുമെന്നും ലോപെടഹി പ്രഖ്യാപിച്ചിരുന്നു. അത് വെറുംവാക്കല്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.   ലോപെടഹിയുടെ കീഴില്‍ ഇതുവരെ ഒരു മത്സരം പോലും സ്‌പെയിന്‍ തോറ്റിട്ടില്ല. പരിചയസമ്പന്നരെയും യുവതാരങ്ങളെയും കൂട്ടിയിണക്കിയാണ് ലോപെടഹി ടീമിനെ വാര്‍ത്തിരിക്കുന്നത്. ലോകകപ്പുകളില്‍ കളിച്ച് പരിചയസന്പന്നരായ ഇനിയെസ്റ്റക്കും റാമോസിനും ഡേവിഡ് സില്‍വയ്ക്കുമൊപ്പം യുവതാരങ്ങളായ ഇസ്‌കോയ്ക്കും അസന്‍ഷ്യാേയ്ക്കും ലോപെടഹി ടീമില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പിലെ പോര്‍ച്ചുഗലിന്റെ സാന്നിദ്ധ്യമാണ് സ്പെയിനിന്റെ ഏറ്റവും വലിയ വെല്ലുവിളി. പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാനായാല്‍ സ്‌പെയിന്‍ തീര്‍ച്ചയായും കിരീട സാധ്യതയുള്ള ടീമായി മാറുമെന്ന് ലോപെടഹിക്ക് നന്നായറിയാം. അതാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതും. ദയനീയ പരാജയങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്ന ടെല്‍ ബോസ്‌കില്‍ നിന്ന് സ്ഥാനമേറ്റ ജൂലന്‍ ലോപെടഹിക്ക് വലിയ മത്സരങ്ങളില്‍ പരിചയക്കുറവുണ്ടെങ്കിലും അതൊന്നും മൈതാനത്തു പ്രതിഫലിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം.

Friday, May 25, 2018

ലോയുടെ നിയമവും സാംപോളിയുടെ തന്ത്രവും...

(ലോകകപ്പിലെ താരപരിശീലകര്‍- 2)

റഷ്യന്‍ ലോകകപ്പിലേക്ക് ശേഷിക്കുന്നത് 20 ദിനങ്ങള്‍മാത്രം. കളത്തിലെ താരങ്ങള്‍ക്കൊപ്പംതന്നെ പ്രഗത്ഭരാണ് തന്ത്രമൊരുക്കുന്ന പരിശീലകരും. ഫുട്‌ബോള്‍ തന്ത്രജ്ഞരുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് കളത്തില്‍ ഉപയോഗിക്കാനുള്ള കരുക്കള്‍ മാത്രാണ് കളിക്കാര്‍. കളിക്കാരെ കളിപഠിപ്പിക്കുന്ന സൂപ്പര്‍ തന്ത്രജ്ഞരിലെ പ്രധാനികളാണ് ജര്‍മനിയുടെ ജോവാക്വിം ലോയും അര്‍ജന്റീനയുടെ ഹൊര്‍ഹെ സാംപോളിയും.

 
ജോവക്വിം ലോ (ജര്‍മനി)

റഷ്യന്‍ ലോകകപ്പിലെ സൂപ്പര്‍ പരിശീലകന്‍ ആരാണെന്നു ചോദിച്ചാല്‍ ആദ്യ പേരായി ജോവാക്വിം ലോയെ പറയാത്തവര്‍ വിരളമായിരിക്കും. ജര്‍മനിക്കു നാലാം ലോകകപ്പു നേടിക്കൊടുത്ത പരിശീലകന്‍.

Thursday, May 24, 2018

ലോകകപ്പിലെ താര പരിശീലകര്‍

ഫുട്‌ബോള്‍ ലോകകപ്പ് നിരവധി സുവര്‍ണതാരങ്ങളെ സൃഷ്ടിക്കാറുണ്ട്. അവരുടെ അപദാന കഥകള്‍ എഴുതാന്‍ മാധ്യമങ്ങള്‍ മത്സരിക്കാറുമുണ്ട്. പക്ഷേ, അവരെ താരങ്ങളായി വാര്‍ത്തെടുക്കുന്നതിനു പിന്നിലെ പരിശീലകന്‍ പലപ്പോഴും വെള്ളിവെളിച്ചത്തു വരാറില്ല. കുറെ ഫുട്‌ബോള്‍ താരങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു ടീമാക്കി മാറ്റുന്നതു മുതല്‍ എതിരാളികളെ തകര്‍ക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതുവരെ പരിശീലകരാണ്. ഇത്തരത്തില്‍ താരപരിവേഷത്തോടെ റഷ്യയില്‍ലെത്തിയിരിക്കുന്ന പരിശീലകര്‍ നിരവധിയുണ്ട്.

 
ദിദിയെ ദെഷാം


ദിദിയെ ദെഷാം (ഫ്രാന്‍സ്)

രണ്ടു പതിറ്റാണ്ടു മുന്പ് സിനദിന്‍ സിദാനെന്ന മാന്ത്രികന്റെ തോളിലേറി ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിടുന്‌പോള്‍ ക്യാപ്റ്റനായിരുന്നു ദിദിയെ ദെഷാം. 2018 ല്‍ റഷ്യയില്‍ ഫ്രഞ്ച് ടീം പോരാട്ടത്തിനിറങ്ങുന്‌പോഴും ദെഷാം കൂടെയുണ്ട്. ഇത്തവണ തന്ത്രങ്ങള്‍ മെനയുന്ന പരിശീലകന്റെ വേഷത്തിലാണെന്നു മാത്രം. പ്രതിരോധ നിരക്കാരനായും മധ്യനിരക്കാരനായും ഫ്രാന്‍സിനു വേണ്ടി തിളങ്ങിയിട്ടുള്ള താരമാണ് ദെഷാം. 10 ാം വയസില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ അദ്ദേഹം ഫുട്‌ബോളര്‍ എന്ന ജഴ്‌സി അഴിച്ചുവയ്ക്കുന്നത് 2001 ലാണ്. 103 തവണ രാജ്യത്തിനു വേണ്ടി മൈതാനത്തിറങ്ങി. 2000 ലെ യൂറോകപ്പ് ഫ്രാന്‍സ് നേടുന്‌പോഴും ക്യാപ്റ്റന്‍ ദിദിയെ തന്നെ. ഇത്തവണ ഫ്രഞ്ച് ടീം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കരീം ബെന്‍സേമയെന്ന ഫ്രഞ്ച് സ്‌ട്രൈക്കറെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരിലാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ വിമര്‍ശിച്ചാണ് വലിയ വിഭാഗം ആളുകളും രംഗത്തെത്തിയിരിക്കുന്നത്. 2002 ലോകകപ്പില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോമാരിയോയെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ച സ്‌കൊളാരിക്ക് ചെരുപ്പേറു വരെ ലഭിച്ചതായാണ് ചരിത്രം. പക്ഷേ, അപ്പോഴും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഫലവും അദ്ദേഹത്തിന് അനുകൂലമായിരുന്നു.
ഏഷ്യയില്‍ നിന്നും ലോകകപ്പുമായി സ്‌കൊളാരിയും കൂട്ടരും ബ്രസീലില്‍ എത്തിയതോടെ വിവാദം കെട്ടടങ്ങി. അന്ന് സ്‌കൊളാരിയായിരുന്നു ഇന്ന് ദെഷാമാണെന്നു മാത്രം. രണ്ടു പേരും ചെയ്യുന്നത് ഒരേ കാര്യം. ഇപ്പോള്‍ പ്രതിനായകന്റെ റോളിലാണ് പലരും അദ്ദേഹത്തെ കാണുന്നത്. പക്ഷേ, ഫൈനലില്‍ കപ്പുയര്‍ത്തി ഇതിനെല്ലാം പ്രതികാരം ചെയ്യുന്ന ദിനത്തെ കുറിച്ചാണ് ദെഷാം സ്വപ്നം കാണുന്നത്.  ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ക്ലബ്ബായ റയല്‍ മാഡ്രിഡ് ബന്‍സേമയുമായുള്ള കരാര്‍ 2021 വരെ പുതുക്കി നല്‍കിക്കഴിഞ്ഞ പശ്ചാത്തലത്തിലും അദ്ദേഹം തീരുമാനം പുനപരിശോധിക്കാന്‍ തയാറായിട്ടില്ല. മികച്ച യുവനിരയെ അണിനിരത്താനാണു താന്‍ ശ്രമിക്കുന്നതെന്നും  മികച്ച രണ്ട് സ്ട്രൈക്കര്‍മാര്‍ ഉണ്ടെന്നുമാണ് ദെഷാമിന്റെ വാദം. അത്ലറ്റിക്കോ മാഡ്രിഡിന്റെ ആന്റോണി ഗ്രീസ്മാന്‍, ചെല്‍സിയുടെ ഒളിവര്‍ ഗിരു എന്നിവര്‍ മികച്ച ഫോമിലുമാണ്. പക്ഷേ, ഫലം സ്‌കൊളാരിക്ക് അനുകൂലമായിരുന്നതു പോലെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ദെഷാം കണക്കു കൂട്ടുന്നത്. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും ലോകകപ്പ് പോലെയുള്ള വലിയകായിക മേളയില്‍ ബെന്‍സെമയെ പോലൊരു സൂപ്പര്‍ താരത്തെ ഒഴിവാക്കുന്നത് മികച്ച ഫുട്ബോള്‍ പ്രതീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും കനത്ത നഷ്ടമാണെന്നു പറയാതെ വയ്യ. നിലവില്‍ 2012 മുതല്‍ ഫ്രാന്‍സിന്റെ പരിശീലകനാണ് ദിദിയെ. മോണക്കോ, യുവന്റസ്, മാര്‍സെ ക്ലബുകളുടെ പരിശീലകനായിരുന്നു നാല്‍പ്പത്തൊന്‍പതുകാരനായ ദിദിയെ ദെഷാം.

Monday, May 14, 2018

ലോക'കപ്പിന്റെ' കഥ

യൂള്‍ റിമെ
റഷ്യയില്‍ നിന്നു ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ ലോകകപ്പ് ട്രോഫിയുടെ കഥ.
ലോകകപ്പ് ഫുട്ബോളിന്റെ  ചരിത്രം പരിശോധിച്ചാല്‍ നമുക്ക് രണ്ട് ലോകകപ്പ് ട്രോഫികള്‍ ലഭിക്കും.  പ്രശസ്ത ഫ്രഞ്ച് ശില്‍പി ആബേല്‍ ലാഫ്ലേവര്‍ നിര്‍മിച്ച ട്രോഫിയും ഇപ്പോഴത്തെ ഫിഫ കപ്പും.
ആബേല്‍ ലാഫ്ലേവറിന് താന്‍ നിര്‍മിച്ച ട്രോഫി മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതാണ് കാണേണ്ടിവന്നത്. ലോകകപ്പ് ഫുട്‌ബോളെന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, ഫിഫയുടെ തന്നെ സ്ഥാപകരിലൊരാളായ യൂള്‍ റിമെയുടെ പേരിലാണ് ആദ്യ ലോകകപ്പ് ട്രോഫി അറിയപ്പെട്ടത്. പക്ഷേ, 1930 ല്‍ ഉറുഗ്വെയും 1934 ലും 1938 ലും ഇറ്റലിയും സ്വന്തമാക്കിയ കാലത്ത് ട്രോഫിക്ക് പേരില്ലായിരുന്നു.

FACEBOOK COMMENT BOX