Wednesday, December 23, 2020

ഹൃദയങ്ങളോടു സംവദിച്ച കവിത


 

നിഷ്ഫലമല്ലീ ജന്‍മം തോഴ-  

നിനക്കായ് പാടുമ്പോള്‍  

നിഷഫലമല്ലീ ഗാനം,  

നീയിതു മൂളി നടക്കുമ്പോള്‍

-സുഗതകുമാരി

സുഗതകുമാരിയെ മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. സുഗതകുമാരി എന്ന കവയിത്രിയെ സ്‌നേഹിച്ചും ആരാധിച്ചും നെഞ്ചേറ്റിയ അനുവാചകര്‍ക്ക് ഈ കഠിന ദുഖത്തിലും സാന്ത്വനമാവുന്നതും കവയിത്രയുടെ തന്നെ വരികളാണ്. 

പ്രണയം കരിയിലയായ്  പറന്നകന്നിട്ടും  

ഹൃദയം മണ്ണാങ്കട്ടയായലി-  

ഞ്ഞൊലിച്ചിട്ടും  

മൃതമാം ദേഹം നോക്കു- 

കിപ്പൊഴും നടക്കുന്നു !  

ഹൃദയം കുതിര്‍ന്നൊലിച്ചി-  

പ്പൊഴും മിടിക്കുന്നു

മലയാള കവിതയില്‍ കവയിത്രി സുഗതകുമാരി പിന്തുടര്‍ന്നത് വൈകാരിക തീവ്രവും കാല്പനിക സൗന്ദര്യവും നിറഞ്ഞ കാവ്യശൈലിയാണ്. സുഗതകുമാരിയുടെ കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് മലയാളികളുടെ സ്വകാര്യ ജീവിതാനുഭവങ്ങളുടെയും സാമൂഹികാനുഭവങ്ങളുടെയും ചൂടും ചൂരും തൊട്ടറിയാനാവും. കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ വാംഗ്മയ ചിത്രങ്ങളാക്കി കവിതകളിലൂടെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിടുകയെന്ന വലിയ ദൗത്യമാണ് സുഗതകുമാരി നിറവേറ്റിയത്. 

കവിതയുടെ വിത്ത് പാകപ്പെടുന്നു

അച്ഛനില്‍ നിന്ന് കിട്ടിയതാണ് തന്റെ കാവ്യജീവിതമെന്ന് സുഗതകുമാരി എക്കാലവും അഭിമാനത്തോടെ പറഞ്ഞിരുന്നു. കവിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കേശവപിള്ളയായിരുന്നു സുഗതകുമാരിയുടെ അച്ഛന്‍. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ബോധേശ്വരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും തിളങ്ങിനിന്ന വ്യക്തത്വമായിരുന്നു ബോധേശ്വരന്‍. ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ സജീവസാന്നിധ്യമാരിരുന്നു ബോധേശ്വരന്റേത്. കവിതകള്‍ എഴുതുന്നതിലും ബോധേശ്വരന്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. 

ജയ ജയ കേരള കോമള ധരണീ

ജയ ജയ മാമക പൂജിത ജനനീ

ജയ ജയ പാവന ഭാരതഹരിണീ

ജയ ജയ ധരമ്മസമന്വയ രമണീ

എന്നു തുടങ്ങുന്ന കവിത വളരെ പ്രശസ്തമാണ്. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവിതയെ നമ്മുടെ സാംസ്‌കാരികഗാനമായ് പ്രഖ്യാപികകുകയുമുണ്ടായി. കവിതയും പോരാട്ടവും എല്ലാം പിതാവില്‍ നിന്നാണ് സുഗത കുമാരിയ്ക്ക് പകര്‍ന്നുകിട്ടിയതെന്ന് നമുക്ക് നിസംശയം പറയാം. താനൊരു കവിയായിത്തീരണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ ഒരിക്കലും അക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും സുഗതകുമാരി ഒരിക്കല്‍ പറയുകയുണ്ടായി. തന്റെ വായനയെ പരിപോഷിപ്പിച്ചതില്‍ എന്റെ അമ്മയ്ക്കും വലിയ പങ്കുണ്ട്. അമ്മയാണ് വിശ്വസാഹിത്യത്തിലേക്ക് തന്നെ എത്തിച്ചതെന്നും സുഗതകുമാരി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെ കവിതയിലേക്കെത്തിയെന്ന് ഒരിക്കല്‍ സുഗതകുമാരിയോട് നേരിട്ടു ചോദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന് സുഗതകുമാരി പറഞ്ഞത്. അച്ഛനെന്ന വലിയ കാവ്യവൃക്ഷത്തിന്റെ വിത്ത് വളരെ ചെറിയപ്രായത്തിലേ എന്നില്‍ വീണ് മുളച്ചിരുന്നു എന്നാണ്. '' കുഞ്ഞുന്നാളിലെ കവിതയുടെ വിത്ത് പാകപ്പെട്ടിരുന്നെങ്കിലും മുളച്ച് നാമ്പിട്ടു വളരാന്‍ കഴിയാതെ കവിത ദീര്‍ഘകാലം എന്നില്‍ കുഴിച്ചുമൂടപ്പെട്ടിരുന്നു. സ്‌കൂളിലും കോളജുകളിലും പഠിക്കുന്ന കാലത്ത് വളരെ രഹസ്യമായാണ് ഞാന്‍ കവിതകള്‍ എഴുതിയിരുന്നത്. സ്വന്തം പേരില്‍ കവിത എഴുതാന്‍ അക്കാലത്ത് എനിക്കു പേടിയായിരുന്നു. അതോ നാണമായിരുന്നോ എന്നും അറിയില്ല. എന്നാല്‍ കവിത എഴുതുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്നകാലത്ത് കവിത മത്സരത്തില്‍ പങ്കെടുക്കണമെന്ന് മനസ് ആഗ്രഹിച്ചു. എന്നാല്‍ സ്വന്തം പേരില്‍ എഴുതാന്‍ ഒരു മടി. ഒടുവില്‍ വേറൊരു പേരില്‍ എഴുതിക്കളയാം എന്നു തീരുമാനിച്ചു. അങ്ങനെ എസ്. കെ  എന്ന പേരില്‍ ഞാന്‍ കവിത എഴുതി അയച്ചു. ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച. പക്ഷേ, ഒന്നാം സ്ഥാനം ലഭിച്ച കവി ഞാനാണെന്ന് ആര്‍ക്കും അറിയില്ല. ഞാനതൊട്ട് ആരോടും പറയാനും പോയില്ല. അന്ന് ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍. മോഹനന്‍ മാഗസിന്‍ കമ്മിറ്റിയിലുള്ള കാലമാണ്. അദ്ദേഹം അടങ്ങുന്ന ഒരു സംഘം കുട്ടികള്‍ക്ക് എസ്. കെ എന്ന പേരില്‍ കവിത എഴുതിയ ആളെ കണ്ടെത്തണമെന്ന് വലിയ ആഗ്രഹം ഉണ്ടാവുകയും വലിയ നിലയിലുള്ള അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ എസ്‌കെ എന്ന കവിയെ കണ്ടെത്തുന്നവര്‍ക്ക് 10 രൂപ ഇനാം പ്രഖ്യാപിക്കുകവരെയുണ്ടായി. അന്ന് പത്തുരൂപ വളരെ വലിയ തുകയാണല്ലോ. എന്നാല്‍, പ്രത്യേകിച്ച പ്രയോജനമുണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലല്ലോ? '' 

പിതാവ് ബോധേശ്വരനൊപ്പം സുഗതകുമാരി


പുലിവാലുപിടിച്ച തൂലികാനാമം

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോഴും തന്റെ സ്വന്തം പേരിലല്ല സുഗതകുമാരി കവിത എഴുതിയിരുന്നത്. ആ ഒന്നാം സമ്മാനം പുലിവാലായ കഥയും സുഗതകുമാരി എന്നോടു പങ്കുവച്ചിരുന്നു. ''തിരുവനന്തപുരത്ത് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം നടക്കുന്നു. അവര്‍ ഒരു കവിതാ മത്സരം നടത്തുന്ന വിവരം എനിക്ക ലഭിച്ചു. ഒരു കവിത എഴുതി മത്സരത്തിനയക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ സ്വീകരിച്ച പേര് ശ്രീകുമാര്‍ എന്നായിരുന്നു. ആ മത്സരത്തിലും എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശ്രീകുമാര്‍ എന്ന പേരില്‍ കവിത എഴുതിയത് ഞാനാണെന്ന് അച്ഛനോട് പറഞ്ഞതോടെ വലിയ ഭൂകമ്പമാണ് ഉണ്ടായത്. കാര്യം എന്താണെന്നുവച്ചാല്‍ പരിഷത്തിന്റെ കവിതാമത്സരത്തില്‍ ഒരു ജഡ്ജ് അച്ഛനായിരുന്നു. പോരേ പൂരം. ഒടുവില്‍ അച്ഛന്‍ ആ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കുകയുണ്ടായി. അച്ഛന്റെ കെയര്‍ ഓഫിലാണ് മകള്‍ക്ക് ഒന്നാം സമ്മാനം കിട്ടിയതെന്ന ആക്ഷേപം തനിക്കെതിരേ ഉയരുമോയെന്ന ഭയമാണ് അച്ഛനെക്കൊണ്ട് സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീടും ശ്രീകുമാര്‍ എന്ന തൂലികനാമത്തില്‍ കവികള്‍ എഴുതാന്‍തന്നെയായിരുന്നു എന്റെ തീരുമാനം. അക്കാലത്ത് മാത്യഭൂമിയില്‍ എന്‍ വി കൃഷ്ണവാര്യര്‍ സാറ് ഉള്ളകാലമാണ്. പുതിയ തലമുറയില്‍ നിന്ന് കവികളെ കണ്ടെത്തുന്നതില്‍ സാറിനുണ്ടായിരുന്ന വൈഭവം ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അച്ഛന്‍ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിച്ച കവിത ഞാന്‍ മാതൃഭൂമിയിലേക്കയച്ചു. അച് ശ്രീകുമാര്‍ എന്ന പേരില്‍ അച്ചടിച്ചുവന്നു. പിന്നേയും ഒന്നോ രണ്ടോ കവിതകള്‍ കൂടി മാതൃഭൂമിയില്‍ അച്ചടിച്ചുവരികയുണ്ടായി. ആ സമയത്താണ് ചേച്ചി ഒരു വികൃതി ഒപ്പിച്ചത്. എന്റെ ഒരു കവിത എടുത്ത് സുഗതകുമാരി എന്ന പേരില്‍ കോളജ് മാഗസിനില്‍ നല്‍കി. അത് കോളജ് മാഗസിനില്‍ അച്ചടിച്ചുവന്നു. ആ കവിത ഞാന്‍ മാതൃഭൂയിക്കും അയച്ചു കൊടുത്തിരുന്നു. മാതൃഭൂമിയിലും അച്ചടിച്ചുവന്നിരുന്നു. കോളജ് മാഗസിനില്‍ സുഗതകുമാരിയെന്ന പേരിലും മാതൃഭൂമിയില്‍ ശ്രീകുമാര്‍ എന്ന പേരിലും ഒരേ കവിത പ്രത്യക്ഷപ്പെട്ടത്  ഏതോ ഒരു വായനക്കാരന്‍ കണ്ടെത്തുകയും അത് രണ്ടും വെട്ടിയെടുത്ത എന്‍ വി കൃഷ്ണവാര്യര്‍ക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് ശ്രീകുമാര്‍ എന്ന വിലാസത്തില്‍ എനിക്കയച്ചു. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്് ശ്രീകുമാര്‍ എന്ന തൂലികാനാമത്തില്‍ കവിത എഴുതിയിരുന്നതും ഞാനാണെന്ന് സമ്മതിച്ചുകൊണ്ട് കത്തയക്കേണ്ടിവന്നു. ആ കത്തില്‍ അതിന് ക്ഷമചോദിക്കുകയും ചെയ്തു. കൃഷ്ണവാര്യര്‍ സാറിന്റെ കൂടി നിര്‍ദേശപ്രകാരമാണ് ഞാന്‍ സ്വന്തംപേരില്‍ കവിത എഴുതാന്‍ തുടങ്ങിയത്. 

ഊര്‍ജസ്രോതസ് നഷ്ടമാവുന്നു

അങ്ങനെ സ്വന്തംപേരില്‍ എഴുതിത്തുടങ്ങിയ സുഗതകുമാരിയെന്ന കവയിത്രി മരണത്തിന്റെ കൈപിടിച്ച് ഈ ലോകത്തു നിന്നു മടങ്ങിയ ഇന്നലെവരെ വിഷാദത്തിന്റെ ഭാഷയില്‍, പ്രണയത്തിന്റെ ഭാഷയില്‍, ഭക്തിയുടെ ഭാഷയില്‍, പ്രകൃതിയുടെ ഭാഷയില്‍, പ്രതിഷേധത്തിന്റെ ഭാഷയില്‍ സ്നേഹത്തേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നഷ്ടസ്വപ്‌നങ്ങളെ കുറിച്ചും ഒക്കെ പാടിക്കൊണ്ടിരുന്നു. പ്രേമത്തെപറ്റി, ദുഖത്തെപറ്റി, പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പറ്റി, ഇരുട്ടിനെയും മനുഷ്യനെയുംപറ്റി, പ്രണയനഷ്ടത്തെപ്പറ്റി, രാഷ്ട്രീയകലാപത്തെപറ്റി സുഗതകുമാരി എഴുതി കവിതകളെല്ലാം മലയാളം സ്‌നേഹബഹുമാനങ്ങളോടെ കേട്ടുനിന്നു. 

എനിക്കു മരണത്തെ പേടിയില്ലിനിഗ്ഗുരോ  

ശരിക്കു കണ്ടേന്‍ ഇന്നു ഞാനതിന്‍ മുഖം ദിവ്യം !  

എന്നു പാടിക്കൊണ്ട് കവയിത്രി മരണത്തിലേക്കു നടന്നുപോകുമ്പോള്‍, ഒന്നുറപ്പ് അവര്‍ പാടിയത് ഏറ്റുപാടാന്‍ അനുവാചകര്‍ ഇനിയുമുണ്ടാവും. കാരണം സുഗതകുമാരിയുടെ കവിതകള്‍ എക്കാലവും സംവദിക്കാന്‍ ശ്രമിച്ചത് ഹൃദയങ്ങളോടാണ്, ബുദ്ധിയോടല്ല.

പോരാളിയുടെ ജീവിതം

 തന്റെ ജീവിതം പോരാട്ടത്തിന്റേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ആ പോരാട്ടത്തില്‍ തന്റെ ആയുധം കവിതയാണെന്നു സുഗതകുമാരിക്ക് നിശ്ചയമുണ്ടായിരുന്നു. ഹരിതശോഭ നഷ്ടപ്പെടുന്ന പ്രകൃതിക്കായി, നശിച്ചുപോകുന്ന കാടുകള്‍ക്കായി, മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്കായി, തെരുവിലലയുന്ന വൃദ്ധര്‍ക്കായി കവിതയെന്ന വജ്രായുധവുമായി യുദ്ധത്തനിറങ്ങിയ പോരാളികൂടിയായിരുന്നു സുഗതകുമാരി. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് സുഗതകുമാരി കടന്നു പോകുമ്പോള്‍ കവിതയിലൂടെ, പ്രകൃതിസ്‌നേഹത്തിലൂടെ, സ്ത്രീപക്ഷ നിലപാടുകളിലൂടെ, പാര്‍ശവവത്കരിക്കപ്പെട്ടവരോടും ചൂഷണം ചെയ്യപ്പെട്ടവരോടുമുള്ള വാത്സല്യത്തിലൂടെ, മലയാളികളുടെ സ്വന്തമായിരുന്ന പോരളിയെ കൂടിയാണ് നഷ്ടമാവുന്നത്. 

സുഗതകുമാരി സഹോദരിമാരായ സുജാതാദേവിയോടും ഹൃദയകുമാരിയോടുമൊപ്പം


വിവാദങ്ങളും ധാരാളം

സ്ത്രീപക്ഷ നിലപാടുകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ കവയിത്രിയാണ് സുഗതകുമാരി. പക്ഷേ, ഒന്നിലേറെ അവസരങ്ങളില്‍ സ്ത്രീ വിരുദ്ധവും വംശീയ നിലപാടുകളും സുഗതകുമാരി സ്വീകരിച്ചിട്ടുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2014 ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നടന്ന പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമത്തില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത് എന്ന് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയുണ്ടായി. ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ എന്നും സുഗതകുമാരി ആ വേദിയില്‍ പറയുകയുണ്ടായി. ബീഫ് വിവാദം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സുഗതകുമാരി മാതൃഭൂമിപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളും വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്നും രാജ്യത്ത് ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത് എന്നും പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്തുണ്ടെന്ന് മുസ്‌ലിംങ്ങള്‍ ഓര്‍ക്കണമെന്നും ആ ലേഖനത്തില്‍ എഴുതിയത് വിവാദമായിരുന്നു. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്നത് മുസ്‌ലിമിന്റെ കടമയാണെന്നും സുഗതകുമാരി വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരി സ്വീകരിച്ച നിലപാട് ശരിക്കും മലയാളികളെ ഞെട്ടിച്ചുകളഞ്ഞു എന്നു പറയാം. അതിഥി തൊഴിലാളികള്‍ നമ്മുടെ നാടിന് ആപത്താണ് എന്നായിരുന്നു സുഗതകുമാരി എഴുതിയത്. ലക്ഷക്കണക്കിനു വരുന്ന അതിഥി തൊഴിലാളികളെ താങ്ങാന്‍ കേരളത്തിന് ശേഷിയില്ലെന്നും സുഗതകുമാരി പറഞ്ഞിരുന്നു.

പുരസ്‌കാരങ്ങളുടെ നിറവില്‍ 

രാത്രിമഴ, അമ്പലമണി തുടങ്ങിയ കാവ്യഗുണമേറിയ കവിതകള്‍കൊണ്ട് മലയാളിയെ തഴുകി ഉണര്‍ത്തിയ സുഗതകുമാരിയെത്തേടി നിരവധി പുരസ്‌കരങ്ങളുമെത്തി. 1961 ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് സുഗതകുമാരിയുടെ പ്രസിദ്ധീകൃതമായ ആദ്യകവിതാസമാഹാരം. പിന്നീട്, പാതിരാപ്പൂക്കള്‍ എന്ന കവിതസമാഹാരത്തിലേക്കെത്തിയപ്പോഴേക്കും മലയാള കവിതയില്‍ സുഗതകുമാരി സ്വന്തമായ ഒരിടം സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തുകഴിഞ്ഞിരുന്നു. സുഗതകുമാരിയെ തേടിയെത്തിയ ആദ്യ പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരമാണ്. പാതിരാപ്പൂക്കള്‍ക്കായിരുന്നു പുരസ്‌കാരം. അന്ന് സുഗതകുമാരിയുടെ പ്രയം വെറും 34 വയസായിരുന്നു. പിന്നീട് മലയാളത്തിലെ വലുതും ചെറുതുമായ ഒട്ടുമിക്ക പുരസ്‌കാരങ്ങളും സുഗതകുമാരി യുടെ ഷെല്‍ഫില്‍ ഇടംപിടിച്ചു. 1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, അമ്പലമണിക്ക് 1982ലെ ഓടക്കുഴല്‍ പുരസ്‌കാരം, 1984 ല്‍ വയലാര്‍ അവര്‍ഡും അമ്പലമണി നേടി. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001), വള്ളത്തോള്‍ അവാര്‍ഡ്(2003), കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ് (2004) ... സാഹിത്യസപര്യക്ക് കിട്ടിയ പുരസ്‌കരങ്ങള്‍ളുടെ പട്ടിക അവസാനിക്കുന്നത് 2009 ല്‍ സമഗ്രസംഭവാനയ്ക്ക് ലഭിച്ച എഴുത്തച്ഛന്‍ പുരസ്‌കാരത്തിലും 2013 ല്‍ മണലെഴുത്ത് എന്ന കൃതിയ്ക്ക് ലഭിച്ച സരസ്വതി സമ്മാനിലുമാണ. 2006 ല്‍ സുഗതകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ പ്രകൃതി സംരക്ഷത്തിനുള്ള ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരവും സാമൂഹ്യ സേവനത്തിനുള്ള ജെംസെര്‍വ് പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തി.


Saturday, December 12, 2020

അനാഥമാക്കപ്പെട്ട ഗ്രാമീണസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍


എഴുപതുവര്‍ഷംനീണ്ട സാഹിത്യ സപര്യക്ക് പൂര്‍ണവിരാമമിട്ട് യു.എ ഖാദര്‍ ഓര്‍മയായിരിക്കുന്നു. ഖാദര്‍ എന്ന മനുഷ്യന്‍ ഒരു വലിയ വിസ്മയമായിരുന്നു. യു.എ ഖാദറിന് സ്വന്തമെന്നുപറയാന്‍ ഒരു ദേശമോ ഭാഷയോ സംസ്‌കാരമോ അദര്‍ശങ്ങളോ ആത്മീയതയോ ഉണ്ടായിരുന്നില്ല. എന്നാല്‍, മലയാളത്തിന്റെ സാഹിത്യ-സാംസ്‌കാരിക ഭൂമികയില്‍ നിന്ന് അദ്ദേഹത്തെ വേര്‍പെടുത്താനുമാവില്ല. നോവലിസ്റ്റിന്റെയും കഥാകൃത്തിന്റെയും ചിത്രകാരന്റെയും വേഷത്തില്‍ അദ്ദേഹം ആടിത്തീര്‍ത്ത ജീവിതം ഒരു ബഹുമുഖ പ്രതിഭയുടെ വിസ്മയകരമായ ജീവിതമായിരുന്നു. 

യു.എ ഖാദര്‍ പിതാവ് ഉസങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി സാഹിബിനൊപ്പം 


ഇരട്ട സാസ്‌കാരിക സ്വത്വമാണ് യു.എ ഖാദര്‍ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. കൊയിലാണ്ടിക്കാരന്‍ ഉസങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി സാഹിബിന് ബര്‍മക്കാരിയും ബുദ്ധമതവിശ്വാസിയുമായ മാമൈദിയില്‍ പിറന്ന കുഞ്ഞാണ് യു.എ ഖാദര്‍. 1935 ല്‍ മ്യാന്‍മറിലെ (പഴയ ബര്‍മ) ബില്ലനിലാണ് ഖാദര്‍ ജനിക്കുന്നത്. ഖാദര്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കം തന്നെ വസൂരി ബാധിച്ച് അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അമ്മയില്ലാത്ത മകനുമായി ഏഴു വര്‍ഷം കൂടി മൊയ്തീന്‍ ബര്‍മയില്‍ കഴിഞ്ഞു. പിന്നീട് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ മകനേയും കൂട്ടി തന്റെ നാടായ കൊയിലാണ്ടിയിലേക്ക് മടങ്ങാന്‍ മൊയ്തീന്‍ കുട്ടി തീരുമാനിച്ചു. മകനേയും തോളിലേറ്റി മൊയ്തീന്‍ കുട്ടി ബര്‍മയില്‍ നിന്നു മടക്കയാത്ര ആരംഭിച്ചു. അന്ന് ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ചതിന്റെ നേരിയ ഓര്‍മകള്‍ ഖാദറിനുണ്ടായിരുന്നു. ചിറ്റഗോംഗിലെ അഭയാര്‍ഥി ക്യാമ്പിലെത്തുന്നതുവരെയുള്ള യാത്രക്കിടയില്‍ വീണു മരിച്ചുപോയ നിരവധി സഹയാത്രകരെ കുറിച്ച് ഖാദര്‍ പിന്നീട് പറയുകയുണ്ടായി. ജന്മനാടു വിട്ട് പോന്ന ആ കുട്ടിക്കായി കാലം കാത്തുവച്ചത് കഥകളുടെ വലിയൊരു ലോകമായിരുന്നു. പിതാവിന്റെ നാട്ടില്‍  തന്റെ സര്‍ഗാത്മകയുടെ വേരുകളാഴ്ത്തി അദ്ദേഹം തന്റെ പിതൃദേശത്തിന്റെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന കഥകളുടെ വിസ്മയ ലോകം വായക്കാര്‍ക്കായി വാക്കുകളിലൂടെയും വരകളിലൂടെയും തുറന്നുതന്നു. 


മലയാള ഭാഷയുമായി വലിയ ബന്ധമില്ലാത്ത ബാല്യത്തില്‍ നിന്ന് മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ ഒപ്പം ഇരിക്കാനുള്ള യോഗ്യതയിലേക്കു താന്‍ വളര്‍ന്നതിനെ കുറിച്ച് ഒരിക്കല്‍ നേരിട്ടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം ഇതാണ്. ''ഞാന്‍ കേരളത്തിലേക്കു വരുമ്പോള്‍ എനിക്ക് മലയാളവുമായി ഒരു ബന്ധവുമില്ല. മാതൃഭാഷ അമ്മയില്‍ പഠിക്കേണ്ടതാണ്, അല്ലങ്കില്‍ അമ്മയുടെ മുലപ്പാലിനൊപ്പം ലഭിക്കുന്നതാണ് എന്നൊക്കെയാണ് നാട്ടുചൊല്ലുകള്‍. എന്റെ അനുഭവത്തില്‍ അതൊന്നും ശരിയല്ല. നമ്മുടെ രാജ്യവും ദേശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യം മാത്രമാണ് ഭാഷ. ഏതു ദേശത്തു ജനിക്കുന്നു എന്നതുമാത്രമല്ല ഏതു ദേശത്തു ജീവിക്കുന്നു എന്നതും വളരെ പ്രധാനമാണ്. വളരുന്ന ദേശത്തിന്റെ സംസ്‌കാരം അയാളിലുണ്ടാവും. ആ ദേശത്തിന്റെ താളമാണ് അയാളുടെ ജീവിതത്തിനുണ്ടാവുക. താളമായിരിക്കും അയാളുടെ ഭാഷയുടെ താളവും. അതല്ലാതെ മാതൃഭാഷ എന്ന സങ്കല്‍പത്തോട് എന്റെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി ഞാന്‍ വിയോജിക്കുന്നു. ശരിക്കും മാതൃഭാഷ എന്നൊന്നുണ്ടെങ്കില്‍ അത് നാടിന്റെ മണ്ണിന്റെ ഭാഷയാണെന്നു പറയാം. ഒരു വ്യക്തിയുടെ കൂട്ടുകാര്‍, ജീവിതാനുഭവങ്ങള്‍ ഇതെല്ലാമാണ് ഒരാളുടെ ഭാഷയെ രൂപപ്പെടുത്തുന്നത്. അത്തരത്തില്‍ രൂപപ്പെട്ടതാണ് എന്റെ ഭാഷ.''

ഉത്തരമലബാറിലെ മണ്ണില്‍ ഉറഞ്ഞ ഗോത്രസ്മൃതികളെ തേടിച്ചെല്ലുകയും മണ്ണില്‍ പുതഞ്ഞു കിടക്കുന്ന പുരാവൃത്തങ്ങളെ കണ്ടെടുത്ത് ഭാവനയുടെ ഉരകല്ലുപയോഗിച്ച് തേച്ചുമിനുക്കുകയും ചെയ്ത കഥാകാരനാണ് യു.എ.ഖാദര്‍. അതിന് തനിക്ക് പ്രേരണയായത് ബര്‍മയിലെ ബാല്യകാല ഓര്‍മകളാണെന്ന് ഖാദര്‍ ഒരിക്കല്‍ പറയുകയുണ്ടായി. '' എന്റെ രണ്ടു ജീവിതങ്ങളെ കുറിച്ച് ചോദിക്കാത്ത ആളുകള്‍ കുറവ്. ചിലരുടെ ചോദ്യങ്ങള്‍ വല്ലാതെ എന്നെ സങ്കടപ്പെടുത്തിയിട്ടുമുണ്ട്. കാരണം ഞാന്‍ മനപൂര്‍വമായി തെരഞ്ഞെടുത്തതല്ലെങ്കിലും മലയാളമാണ് എന്റെ ജീവിതം. മലയാള ഭാഷയിലാണ് ഞാന്‍ പിച്ചവെച്ചതെന്നു പറയാം. ഞാന്‍ ജനിച്ചത് ബര്‍മയിലാണെന്നതും ബര്‍മക്കാരിയായ മാമൈദിയാണ് എന്റെ അമ്മ എന്നതും സത്യമാണ്. എന്നാല്‍ ഞാന്‍ മലയാളത്തിന്റെ തന്നെ ആളാണ്. അത് എന്റെ ഉറച്ച വിശ്വാസമാണ്. എന്റെ എഴുത്തില്‍ ബര്‍മയിലെ ബാല്യം സ്വാധീനിച്ചിട്ടുണ്ട്. അതിനെ നിഷേധിക്കുകയോ മറച്ചുവയ്ക്കാനോ ഞാന്‍ തയാറല്ല. കാരണം അത് എന്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്നതിനു തുല്യാണമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ കൊച്ചു കുട്ടിയായിരുന്ന കാലത്തു മനസില്‍ കയറിക്കൂടുന്ന നിരവധി ചിത്രങ്ങളുണ്ട്. അന്നത്തെ ജീവിതം, അവിടത്തെ പ്രത്യേകമായ ജീവിതാവസ്ഥകള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍, പെഗോഡകള്‍, ഉത്സവങ്ങള്‍ അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍ ഉണ്ട്. ഞാന്‍ അവിടം വിട്ട് ഇവിടെ എത്തിയപ്പോള്‍ കാണുന്ന ചിത്രങ്ങളുമായി അതിനെ ബന്ധിപ്പാനുള്ള സ്വാഭാവികമായ ശ്രമം നടത്തുമല്ലോ. നമ്മുടെ ഇവിടുത്തെ ഉത്സവങ്ങളുമായി ബാല്യത്തില്‍ കണ്ട ബര്‍മീസ് കാഴ്ചകളെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ ഉപ്പ ഒരുകച്ചവടക്കാരനായിരുന്നല്ലോ. അദ്ദേഹത്തെ സംബന്ധിച്ച് ഉത്സവങ്ങള്‍ വലിയ കച്ചവട സീസണായിരുന്നു. അമ്മ മരിച്ചു പോയതുകൊണ്ടും പറയത്തക്ക മറ്റു ബന്ധുക്കള്‍ ഇല്ലാതിരുന്നതിനാലും അമ്മയില്ലാത്ത എന്നെയും കൊണ്ടായിരുന്നു ഉപ്പയുടെ യാത്രകള്‍. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഉത്സവങ്ങളും ഉത്സവക്കാഴ്ചകളും അവിടത്തെ ബര്‍മീസ് തരുണികളുടെ വേഷങ്ങളും അവരുടെ നൃത്തങ്ങളും പിന്നെ വലിയ വ്യാളീ മുഖങ്ങളും അടങ്ങുന്ന ആ കാഴ്ചകള്‍ എഴുത്തിലേക്കു തിരിഞ്ഞകാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്.''


എഴുത്തിലേക്ക് കാലെടുത്തുവയ്ക്കും മുമ്പ് കുട്ടിക്കാലത്ത് ചിത്രമെഴുത്തിലായിരുന്നു ഖാദറിനു താല്‍പര്യം. അങ്ങനെയാണ് ചിത്രംവര പഠിക്കാന്‍ മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നത്. എഴുത്തിന്‍രെ ലോകത്തു നിറഞ്ഞു നിന്നപ്പോഴും ചിത്രംവര ആവേശമായിത്തന്നെ ഖാദര്‍ ഒപ്പം കൂട്ടിയിരുന്നു. വിശ്വാസങ്ങളും പുരാവൃത്തങ്ങളും പാരമ്പര്യങ്ങളും ഇഴുകിച്ചേര്‍ന്ന രചനകളാണ് യുഎ ഖാദറിന്റെ ചിത്രങ്ങളില്‍ തെളിയുന്നത്. ചിത്രംവരയ്ക്കാനുള്ള കഴിവിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. '' ചിത്രകലയിലെ കമ്പവും കഴിവും എവിടുന്നാണെന്ന് ചോദിച്ചാല്‍ വീണ്ടും ബര്‍മയിലെ എന്റെ ബാല്യത്തിലേക്കുതന്നെ മടങ്ങിപ്പോകേണ്ടി വരും. അന്ന് കൊച്ചു കുട്ടിയായിരുന്ന കാഴ്ചകളുടെ ഓര്‍മകളില്‍ നിന്നാവും. വ്യാളീ മുഖങ്ങളും മനുഷ്യന്റെയൊക്കെ രൂപവും ആകൃതിയും ഉള്ള സിംഹത്തിന്റെ മുഖവും ആയിട്ടുള്ള കോലങ്ങളാവാം എന്നില്‍ ചിത്രകാരനെയും കുടിയിരുത്തിയതെന്നു പറയാം. എഴുത്തിലാണ് ഞാന്‍ ശോഭിച്ചതെങ്കിലും. എഴുത്തില്‍ നിന്ന് എനിക്കു ലഭിച്ചതിനു തത്തുല്യമായ സംതൃപതി എനിക്ക് ചിത്രരചനയില്‍ നിന്നും ലഭിച്ചിരുന്നു. എഴുത്തിലേക്ക് തിരിഞ്ഞതുകൊണ്ട് കുറെക്കാലം ചിത്രകലയോടുള്ള താത്പര്യം മാറ്റിവച്ചു. പിന്നീട് സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് പഴയ താല്‍പ്പര്യം എന്നില്‍ വീണ്ടും ചിറകുവിടര്‍ത്തിയതെന്നും പറയാം. അങ്ങനെ ഞാന്‍ കുറച്ചു ചിത്രങ്ങള്‍ വരച്ചു. തൃക്കോട്ടൂര്‍ കഥകള്‍ക്കുവേണ്ടിയാണ് വരച്ചത്. തെയ്യത്തിനും കളംപാട്ടിനും നാഗക്കളങ്ങള്‍ക്കും ഞാന്‍ പരിചയിച്ച നിറങ്ങളെങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയിലാണ് പിന്നീട് വരക്കാന്‍ ശ്രമിച്ചത്. 'തൃക്കോട്ടൂര്‍ താവഴി' എന്ന പേരില്‍ അത് പ്രദര്‍ശിപ്പിക്കപ്പെടുകയുമുണ്ടായി.'' 

എഴുത്തിലേക്കു വരാനുണ്ടായ കാരണം സി.എച്ച് മുഹമ്മദ് കോയയുമായി ഉണ്ടായ ബന്ധമാണെന്ന് ഖാദര്‍ ഓര്‍ക്കുന്നു. '' എന്റെ വീടിരുന്ന കൊയിലാണ്ടിയിലോ സമീപപ്രദേശത്തോ വായിക്കുന്ന ആളുകളെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. എന്റെ ബാല്യത്തിലും കൗമാരത്തിലും എനിക്ക് വലിയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ പഠനകാലത്ത് എന്റെ ഈ ചൈനീസ് മുഖവും ആ ഒരു പ്രകൃതവും ഒക്കെകൊണ്ട് സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു. അക്കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണെന്നാണ് എന്റെ ഓര്‍മ. എന്റെ അയല്‍പക്കത്ത് ഒരു വലിയ കല്യാണം നടന്നു. ആ കല്യാണത്തിന് സി.എച്ച് മുഹമ്മദ് കോയയും ഉണ്ടായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞല്ലോ എനിക്ക് സ്‌കൂളിലോ അയല്‍പക്കത്തോ വലിയ സുഹൃത്തുക്കളില്ലായിരുന്നു എന്ന്.  അക്കാരണത്താല്‍ ആ കല്യാണത്തിന് ഒറ്റപ്പെട്ടു നില്‍ക്കുന്ന എന്നെ അദ്ദേഹം ശ്രദ്ധിക്കുകയും എന്നെ വിളിച്ച് ഒരു പുസ്തകം വായിക്കാന്‍ തരുകയും ചെയ്തു. വെറുതെനിന്നു സമയം കളയരുതെന്നും ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങള്‍ വായിക്കണെന്നും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി'. അതാണ് ഞാന്‍ വായിക്കുന്ന ആദ്യത്തെ മലയാളം പുസ്തകമന്നുതന്നെയാണ് എന്റെ ഓര്‍മ. 1940 കളിലാണ്. പിന്നീട് തുടര്‍ച്ചയായി വായിക്കാനുള്ള ശ്രമമായി. ആ വയനയാണ് പിന്നീട് എഴുതണമെന്ന വലിയ ത്വര എന്നില്‍ ഉണര്‍ത്തിയത് എന്നുപറയാം.''


ഖാദറിന്റെ എഴുത്തുശ്രമങ്ങള്‍ ആദ്യമായി അച്ചടിച്ചതും സി.എച്ച് മുഹമ്മദ് കോയയാണ്. സിഎച്ചുമായി വളരെ അടുത്ത സൗഹൃദം നിലനിര്‍ത്തിയ ഖാദര്‍ താന്‍ എഴുതുന്നത് അദ്ദേഹത്തെ കാണിക്കുകയോ അഭിപ്രായങ്ങള്‍ ചോദിക്കുകയോ പതിവായിരുന്നു. ഒരിക്കല്‍ തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് അദ്ദേഹം എഴുതിയ ഒരു കഥ, വിവാഹസമ്മാനം (തന്റെ ഉപ്പയുടെ രണ്ടാം വിവാഹവും മറ്റും പരാമര്‍ശിക്കുന്നത്) സിഎച്ചിനു വായിക്കാന്‍ കൊടുക്കുകയുണ്ടായി.  ആ കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ അച്ചടിച്ചുവന്നു. ഉസങ്ങാന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന പേര് ചുരുക്കി യു.എ ഖാദര്‍ എന്നാക്കിയതും സിഎച്ച് തന്നെയായിരുന്നെന്ന് ഖാദര്‍ പിന്നീട് പറയുകയുണ്ടായി. അച്ചടിച്ച കഥയുമായി എത്തിയ സിഎച്ച് മലയാളത്തില്‍ നിന്നും തന്റെ വായനയെ ലോകസാഹിത്യത്തിലേക്കും തിരിച്ചുവിട്ടതായും  മോപ്പസാങ്ങിനെയും ആന്റണ്‍ പാവ്‌ലോവിച്ച് ചെക്കോവിനെയും വായിക്കണമെന്നു പറഞ്ഞതും കൂടുതലെഴുതാന്‍ പ്രോല്‍സാഹിപ്പിച്ചതും സിഎച്ചായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തുപറഞ്ഞിട്ടുണ്ട്. 

എം.വി ദേവന്റെ ചിത്രങ്ങള്‍ കണ്ട് ആകൃഷ്ടനായി ഖാദര്‍ ചിത്രകല പഠിക്കാനായി മദ്രാസിലേക്കു പോയി. പക്ഷേ, തന്‍രെ വഴി ചിത്രകല അല്ല എഴുത്താണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം തിരികെ പോരുകയുണ്ടായി. അതിനെക്കുറിച്ച് അദ്ദേഹംതന്ന പറഞ്ഞത് ഇങ്ങനെയാണ്. '' ശരിക്കും എനിക്കുതന്നെ അറിയില്ല എന്തുകൊണ്ടാണ് മദിരാശിയില്‍ നിന്നു മടങ്ങിയത് എന്ന്. മടങ്ങണം എന്ന് എന്റെ മനസ് എന്നോടു പറഞ്ഞു. പെട്ടന്നു തന്നെ തീരുമാനമെടുത്തു. തിരിച്ചു പോന്നു. അത്രതന്ന. അല്ലാതെ വലിയ കാരണങ്ങള്‍ എനിക്കുതന്നെ അറിയില്ല. പിന്നെ, ഉപ്പയും ഞാന്‍ മടങ്ങണമെന്ന് നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, മദ്രാസിലെ ജീവിതം എന്റെ എഴുത്തു ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. അവിടെനിന്നുണ്ടായ സൗഹൃദങ്ങള്‍ വളരെ വലുതായിരുന്നു. ഗോവിന്ദനുമായും പദ്മനാഭനുമായും ( എം. ഗോവിന്ദന്‍, ടി. പത്മനാഭന്‍) അടുത്ത് പരിയപ്പെടാനായി. പിന്നീട് എനിക്കു വലിയ സൗഹൃദങ്ങള്‍ നല്‍കിയത് ആകാശവാണിയില്‍ പ്രവര്‍ത്തിച്ച കാലമാണ്. ഞാന്‍ ആ കാലം നന്നായി ഓര്‍ക്കുന്നു. കുഞ്ഞനന്തനും (തിക്കോടിയന്‍), ഉറൂബ്, അക്കിത്തം പിന്നെ, നമ്മുടെ കക്കാട് എന്നിവരുമായുള്ള പരിചയം. അവരോടൊക്കെ സാഹിത്യം സംസാരിക്കാനാവുക. അതിലൂടെ ലഭിക്കുന്ന ചില എഴുത്തുണര്‍വുകള്‍, പ്രചോദനങ്ങള്‍ അതൊന്നും വിസ്മരിക്കാനാവില്ല. എന്റെ എഴുത്തു രീതികളെ മോള്‍ഡ് ചെയ്യുന്നതില്‍ ഈ വിപുലമായ സൗഹൃദം വലിയ പങ്കുവഹിച്ചിട്ടുണ്ട്''. 

ഗുരുനാഥന്‍മാരോ ഗോഡ്ഫാദര്‍മാരോ എഴുത്തിന്റെ പാരമ്പര്യമോ ഒന്നും ഇല്ലാതെ മലയാള സാഹിത്യത്തിലേക്കു കടന്നുവന്നയാണ് യു.എ. ഖാദര്‍. സി.എച്ച് മുഹമ്മദുകോയയെ ഒഴിച്ചു നിര്‍ത്തിയാല്‍ തന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ പറയുകയുണ്ടായി. അത്തരത്തിലുള്ള അറിവൊന്നും തന്റെ ഉപ്പയുടെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മദ്രാസില്‍ ജീവിക്കുന്ന കാലത്താണ് ഖാദറിന്റെ എഴുത്ത് നാട്ടിലൊക്കെ അത്യവശ്യം വായിക്കപ്പെടുന്നത്. അക്കാലത്ത് അദ്ദേഹം എഴുതിയ വിശുദ്ധപൂച്ച എന്ന കഥ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. മുസ്‌ലിമിലെതന്ന ഒരു വിഭാഗത്തെ ആക്ഷേപിച്ചെന്നു പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുകയുണ്ടായി. വിശുദ്ധ വംശജരാണ് തങ്ങന്മാര്‍ എന്ന വിശ്വാസമുണ്ട്. അതിനെ കളിയാക്കുന്ന രൂപത്തില്‍ ഒരു പൂച്ചയ്ക്ക് നേര്‍ച്ച നേരുന്നതാണ് പശ്ചാത്തലം. വായനാശീലമുള്ള ആളുകള്‍ കുറവായിരുന്നതുകൊണ്ടാവാം ആ വിവാദം പെട്ടന്ന് കെട്ടടങ്ങി. അദ്ദേഹം ആദ്യം എഴുതിയ നോവലും വലിയ വിവാദത്തിന് തിരികൊളുത്തുകയുണ്ടായി. ചങ്ങലയെന്ന നോവലിലെ പ്രതിപാദ്യവിഷയവും മുസ്ലിം ജീവിതംതന്നെയായിരുന്നു. അന്ന് പ്രസിദ്ധീകരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഖാദറിന് വലിയ പിന്തുണ നല്‍കി കൂടെ നിന്നതും സി.എച്ച് തന്നെയായിരുന്നു. പിന്നീട് എസ്പിസിഎസ് ചങ്ങല ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

സിഎച്ച് മുഹമ്മദ് കോയക്കു പുറമെ ഇ.ടി മുഹമ്മദ് ബഷീറുമായും ഖാദറിന് വലിയ അടുപ്പമുണ്ടായിരുന്നു. ആ സൗഹൃദം ഖാദറിന്റെ മരണംവരെ ഇരുവരും തുടരുകയും ചെയ്തു. ഖാദറിന്റെ കഥകള്‍ പകര്‍ത്തിഎഴുതിക്കൊടുത്തിരുന്നത് ഇ.ടി മുഹമ്മദ് ബഷീറായിരുന്നു. ആ ബന്ധത്തെകുറിച്ച് ഖാദര്‍ പറഞ്ഞത്. ''എന്റെ 'വള്ളൂരമ്മ' എന്ന നോവല്‍ മുഴുവനും പകര്‍ത്തിയെഴുതിയത് ഇ.ടി. മുഹമ്മദ് ബഷീറാണ്. മാത്രമല്ല ചന്ദ്രികയില്‍ വന്ന പല കഥകളും. ആ ബന്ധം ഇ.ടി. വിദ്യാഭ്യാസ മന്ത്രിയായപ്പോഴും പിന്നീടും തുടര്‍ന്നു കൊണ്ടേയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഡല്‍ഹിയില്‍ സകുടുംബം താമസിച്ചത് ഇ.ടി.യുടെ ഫ്ളാറ്റിലാണ്. ഇ.ടി.ക്ക് നിര്‍ബന്ധമുണ്ടായിരുന്നു; ഞാന്‍ അവിടെ തന്നെ താമസിക്കണമെന്ന്''.

1970 കളിലാണ് തൃക്കോട്ടൂര്‍ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. അക്കാലത്ത് പൊതുവെ ഉയര്‍ന്നു കേട്ടിരുന്ന ഒരുവലിയ ആക്ഷേപമായിരുന്നു ആര്‍ക്കും വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ഇപ്പോഴത്തേത് എന്ന്. എന്നാല്‍ ഒരു സാധാരണ മലയാളിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന തര ത്തിലുള്ള കഥകളുമായി യു.എ ഖാദര്‍ എന്ന കഥാകാരന്‍ രംഗപ്രവേശം ചെയ്തപ്പോള്‍ വായനക്കാര്‍ ആ കഥകളെ രണ്ടുംകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 

ആ കഥകളിലൂടെ വരോളിക്കാവ് ഭഗവതിയെയും കൈമുറിയന്‍ നാരായണനെയും പുലിമറ ദൈവത്തെയും കുരിക്കളം തറവാടിനെയും വണ്ണാര്‍ത്തൊടി വൈദ്യന്മാരെയുമെല്ലാം ഒരു സാധാരണ വായനക്കാരുടെ മനസില്‍ ഊട്ടിയുറപ്പിക്കാന്‍ ഖാദറിനായി. അമ്പലങ്ങള്‍, മഖാമുകള്‍, മുസ്ലിം പള്ളികള്‍, ചാലിയത്തെരുവ്, സര്‍പ്പക്കാവ് അങ്ങനെ അങ്ങനെ ഒരു പക്ഷേ, ഒരു ഗ്രാമത്തിന്റെ മണ്ണിലേക്ക് ഇത്രയേറെ സര്‍ഗാത്മകതയുടെ വേരുകള്‍ താഴ്ത്തിയ ഒരു എഴുത്തുകാരനെയും നമുക്ക് കണ്ടെത്താനാവില്ല. സര്‍ഗാത്മകതയുടെയും ഭാവനയുടെയും മൂടുപടങ്ങള്‍ തന്റെ രചനയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുകയും, ഖാദര്‍ താന്‍ കണ്ട, ജീവിച്ചു വളര്‍ന്ന ഗ്രാമത്തെ, അവിടുത്തെ ചുറ്റുപാടുകളെ, അമ്പലങ്ങളെ, പള്ളികളെ, ഉത്സവങ്ങളെ, തിറകളെയൊക്കെ അതേപടി തന്നെയാണ് വായനക്കാരിലേക്കെത്തിക്കുകയും ചെയ്തു. അതിനായി അദ്ദേഹം കൂട്ടുപിടിച്ചത് ഭാഷയെ ആണ്. ഭാഷയുടെ നാടോടിപാരമ്പര്യത്തെ അടിസ്ഥാനമാക്കി നവീനമായ ഒരാഖ്യാന ശൈലിയാണ് അദ്ദേഹം പിന്‍പറ്റിയത്. അദ്ദേഹം പറഞ്ഞ തൃക്കോട്ടൂര്‍ കഥകളിലെല്ലാം കീഴാളരായ നായികാനായകന്മാര്‍ പ്രത്യക്ഷപ്പെട്ടത് ഖാദറിന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൂടിയായിരുന്നു. തൃക്കോട്ടൂരെന്ന ദേശത്തിന്റെ കഥകളിലൂടെ ഖാദര്‍ പറയാന്‍ ശ്രമിച്ചതത്രെയും മനുഷ്യജീവിതത്തിന്റെ കലര്‍പ്പില്ലാത്ത കഥകളായിരുന്നു. എല്ലാക്കാലത്തേക്കും തലമുറകള്‍ക്ക് പ്രചോദനവും അറിവും നല്‍കുന്ന ജീവിത സത്യങ്ങളായിരുന്നു. 1983 ലും 2000 ലും കേരളസാഹിത്യ അക്കാഡമി അവാര്‍ഡും 2009 ല്‍ കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡും ഖാദറിനെതേടിയെത്തിയതിന്റെ കാരണവും അനുപമമായ അദ്ദേഹത്തിന്റെ രചനാവൈഭവംതന്നെയാണ്.




FACEBOOK COMMENT BOX