Friday, March 4, 2022

മാന്ത്രികന്‍ മടങ്ങി

 


ഷെയ്ന്‍ വോണ്‍ ഓര്‍മയായി. എത്ര അനായാസമായാണ് വോണ്‍ പന്ത് കുത്തിത്തിരിച്ചിരുന്നത്! ബാറ്റര്‍ മാത്രമല്ല വിക്കറ്റ് കീപ്പറും അമ്പയറുംവരെ അന്തംവിട്ട് മൂക്കത്ത് വിരല്‍വച്ചുപോയ എത്രയെത്ര പന്തുകള്‍. അതെ, അയാള്‍ എല്ലാ അര്‍ഥത്തിലും ഒരു ഹീറോ ആയിരുന്നു.  ക്രിക്കറ്റില്‍ സ്പിന്‍ എന്നാല്‍ ഷെയ്ന്‍ വോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്ക് അസാമാന്യമായ മാന്ത്രികതയുണ്ടായിരുന്നുവെന്ന് ശരിക്കും വിശ്വസിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു. സ്പിന്‍ ബൗളിംഗില്‍ തന്റെ സമകാലികരായിരുന്ന മുത്തയ്യ മുരളീധരനെയും അനില്‍ കുംബ്ലെയെയും സഖ്ലെയ്ന്‍ മുഷ്താഖിനെയും ഒരു കാതം പിന്നിലാക്കിയ ലെഗ്‌സ്പിന്‍ പ്രതിഭയായിരുന്നു വോണ്‍. ഒരുപക്ഷേ, ഒരു സച്ചിന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആര്‍പ്പു വിളിക്കുക ഷെയ്ന്‍ വോണിനുവേണ്ടിയായിരിക്കും എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ക്രിക്കറ്റിനെ ലോകത്തെ വലിയ വിഭാഗം ജനങ്ങള്‍ക്കും പ്രിയങ്കരമാക്കിയതും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതും അസാധാരണമായ പ്രതിഭാ സ്പര്‍ശം കൊണ്ടു ത്രസിപ്പിച്ച ക്ളൈമാക്‌സുകള്‍ നല്‍കിയതും വോണാണ്. ഷെയ്ന്‍ വോണ്‍ എന്ന ക്രിക്കറ്റ് താരത്തിന് എല്ലാ രാജ്യത്തും ആരധകരുണ്ടായി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് അദ്ദേഹം ആരാധകരുടെ മനസില്‍ ഇടം നേടി. ഷെയ്ന്‍ വോണിന്റെ പന്തിന്റെ ഗതി മനസിലാക്കുക ബാറ്റര്‍മാര്‍ക്ക് ദുഷ്‌കരമായിരുന്നു. അപ്രതീക്ഷിതമായി ടേണ്‍ ചെയ്യുന്ന ഒരു പന്തു പോലെയാണ് അദ്ദേഹത്തെ തേടി മരണവുമെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതവും പ്രവചിക്കാനാവാത്തതുമായ പന്തുപോലെ ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് വോണ്‍ യാത്രയായി. 



നൂറ്റാണ്ടിന്റെ പന്ത്

29 വര്‍ഷം മുമ്പ്, 23-ാം വയസില്‍ തന്റെ വളരെ ചെറിയ റണ്ണപ്പിനു ശേഷം ഷെയ്ന്‍ വോണ്‍ ഇംഗ്ലീഷ് ബാറ്റര്‍ മൈക്ക് ഗാറ്റിംഗിനെതിരേ എറിഞ്ഞ പന്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 1993 ജൂണ്‍ നാലിന് പിറന്നത് നൂറ്റാണ്ടിന്റെ പന്തായിരുന്നു. ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിന്റെ രണ്ടാം ദിവസമാണ് നൂറ്റാണ്ടിന്റെ പന്ത് വോണിന്റെ മാന്ത്രിക വിരലുകളില്‍നിന്നു പിറന്നത്, മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍. ഗാറ്റിംഗിന്റെ ശരീരത്തിനു നേരേ ഉയര്‍ന്നു പൊങ്ങിയ പന്ത് ഫുള്‍ ടോസാകുമെന്നു കരുതി. പക്ഷേ, അത് ബാറ്റ്‌സ്മാന്റെ സമീപത്തെത്തും മുമ്പ് മാഗ്‌നസ് പ്രഭാവം മൂലം ടേണ്‍ ചെയ്ത് വലത്തോട്ട് തിരിഞ്ഞു. ലെഗ് സ്റ്റംപിനു പുറത്ത്  വൈഡാകുമെന്നുപോലും ഒരുവേള തോന്നിപ്പിച്ചു. ഗാറ്റിംഗ് വളരെ സൂക്ഷിച്ചാണ് ആ പന്തിനെ നേരിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരമായി പ്രയോഗിക്കുന്ന ഡിഫന്‍സ് തന്ത്രമാണ് ഗാറ്റിംഗ് നടത്തിയത്. തന്റെ ഇടംകാല്‍ മുന്നോട്ടുവച്ച് പന്തിനെ പ്രതിരോധിക്കുകയെന്ന രീതി. ബാറ്റും പാഡും ചേര്‍ത്ത് പ്രതിരോധിക്കാനാവും എന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനെ ആരും കുറ്റം പറയില്ല. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് പിച്ച് ചെയ്തതും. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ചത് ഷെയ്ന്‍ വോണാണ്. കുത്തിയുയര്‍ന്ന ആ പന്ത്, ഗാറ്റിംഗിനെ അദ്ഭുതപ്പെടുത്തുംവിധം കൂടുതല്‍ ടേണ്‍ ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിനു പിന്നിലൂടെ പാഞ്ഞ പന്ത് ഓഫ് സ്റ്റംപിലെ ബെയ്ല്‍സ് തെറിപ്പിച്ചു. വിക്കറ്റ് കീപ്പറായിരുന്ന ഇയാന്‍ ഹീലിയുടെ തലയ്ക്കു മുകളിലൂടെ ബെയ്ല്‍സ് അക്ഷരാര്‍ഥത്തില്‍ പറന്നുപോവുകയായിരുന്നു. അദ്ഭുതം കൊണ്ട് തലയ്ക്കു കൈവച്ചു നില്‍ക്കുന്ന ഇയാന്‍ ഹീലിയുടെ ചിത്രം ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല. പിന്നെയും അദ്ദേഹത്തിന്റെ പന്തുകള്‍ കാണികളെ അദ്ഭുതപ്പെടുത്തി. മൈക്ക് ആര്‍തര്‍ട്ടന്‍, ഹെര്‍ഷലെ ഗിബ്‌സ്, ശിവനാരായണ്‍ ചന്ദര്‍പോള്‍ എന്നിവരെ ബൗള്‍ഡാക്കിയ പന്തുകളും ക്രിക്കറ്റ് ലോകം ആഘോഷിച്ചു.



















സച്ചിനും വോണും

1998  ഏപ്രില്‍ 22, സ്പിന്‍ മാന്ത്രികനായ വോണിനെ ഗാലറിയിലേക്ക് പറത്തുന്ന സച്ചിന്‍ ഇന്നും ലോകക്രിക്കറ്റിലെ അവിസ്മരണീയ രംഗമാണ്. മണല്‍ക്കാറ്റ് വീശിയടിച്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അന്ന് സച്ചിന്‍ കൊടുങ്കാറ്റായി വീശിയടിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ഷെയ്ന്‍ വോണ്‍ എന്ന സ്പിന്‍ മാന്ത്രികനായിരുന്നു. അതിനെക്കുറിച്ച് പിന്നീട് ഷെയ്ന്‍ വോണ്‍ പറഞ്ഞത്, 'അത് ഒരു പേടിപ്പെടുത്തുന്ന സ്വപ്നമായിരുന്നു, അതിനെക്കുറിച്ച് ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ്. പിന്നീട്, തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞതും സച്ചിന്റെ പേരായിരുന്നു എന്നത് അവരുടെ ഇടയില്‍ നിലനിന്നിരുന്ന സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ക്രിക്കറ്റിലെ 'ബിഗ് ത്രീ' എന്ന് എന്നെയും സച്ചിനെയും ലാറയെയുമാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. എന്റെ 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ രണ്ടു പേര്‍ വേറിട്ട് നില്‍ക്കുന്നുണ്ടായിരുന്നു. തീര്‍ച്ചയായും അത് സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ്. ഇരുവരും എന്റെ കാലഘട്ടത്തിലെയും ക്രിക്കറ്റിലെയും ഏറ്റവും മികച്ച ബാറ്റര്‍മാരാണ്. ഇവര്‍ക്കെതിരേ പന്തെറിയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചില ദിവസങ്ങളില്‍ ഇവര്‍ എന്നെ ഗാലറിക്ക് മുകളിലൂടെ പറത്തിയിരുന്നു. മിക്ക മത്സരങ്ങളിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, ചില ദിവസങ്ങള്‍ ഞാന്‍ അവരെ പുറത്താക്കിയിട്ടുമുണ്ട്. അവരാണ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കിയതും അവിസ്മരണീയമാക്കിയതും. 20  വര്‍ഷത്തോളം ഞങ്ങള്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ ഉണ്ടായിരുന്നു. ആ കാലം ക്രിക്കറ്റ് പ്രേമികള്‍ നന്നായി ആസ്വദിച്ചു. ഞങ്ങളുടെ  പോരാട്ടങ്ങള്‍ ആരാധകരെ വളരെയധികം ആവേശം കൊള്ളിച്ചിട്ടുണ്ട്. തന്റെ മാതൃരാജ്യമായ ഓസ്‌ട്രേലിയയില്‍നിന്ന് ഒരു താരത്തിന്റെയും പേര് അദ്ദേഹം പരാമര്‍ശിക്കാതിരുന്നത് അന്നു വിവാദമായിരുന്നു. എന്നാല്‍, സ്വതസിദ്ധമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത്. ' പ്രതിഭ കൊണ്ട് ഒരു രാജ്യത്തെ സ്വന്തം തോളിലേറ്റി വിജയത്തിലേക്കു നടന്ന ഇരുവര്‍ക്കും പകരം വയ്ക്കാന്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു താരവും ഉണ്ടായിട്ടില്ല. എന്റെ രാജ്യം കളിയുടെ കൂട്ടായ്മയിലൂടെയാണ് മത്സരങ്ങള്‍ ജയിച്ചിരുന്നത്' എന്നാണ്. 

ഐപിഎലിലും മിന്നി

ഏകദിനത്തിലും ടെസ്റ്റിലും മാത്രമല്ല, കുട്ടിക്രിക്കറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി-20യിലും തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വോണിനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ കീരീടനേട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായി. അന്ന് ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണിന്റെ തന്ത്രങ്ങളാണ് രാജസ്ഥാനെ കിരീടം നേടാന്‍ സഹായിച്ചത്. ഷെയ്ന്‍ വോണിന്റെ ടീം തോല്‍പ്പിച്ചത് ഇന്ത്യ ക്യാപ്റ്റാനായ മഹേന്ദ്ര സിംഗ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയായിരുന്നു. അവസാന ഓവറില്‍ എട്ടു റണ്‍സ് വേണ്ടിയിരുന്ന സമയത്ത് സൊഹൈല്‍ തന്‍വീറിനൊപ്പം ക്രീസിലുണ്ടായിരുന്നതും വോണായിരുന്നു. 


No comments:

FACEBOOK COMMENT BOX