സന്ദീപ് സലിം
മിലൻ കുന്ദേര മലയാളത്തിൽ എഴുതിയിരുന്ന എഴുത്തുകാരനല്ല. എന്നാൽ, മലയാളി വായനക്കാരെ സംബന്ധിച്ച് മലയാളികളെക്കാൾ പ്രിയപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. ഇത് മലയാളികളുടെ മാത്രം കാര്യമല്ല. മറിച്ച് ലോകത്തിൽ സാഹിത്യത്തെയും എഴുത്തിനെയും സ്നേഹിച്ചവരെല്ലാം മിലൻ കുന്ദേരയെ അവരുടെ സ്വന്തം എഴുത്തുകാരനായി അംഗീകരിച്ചു. അതിനുമപ്പുറം അവരിലൊരാളായിക്കണ്ടു സ്നേഹിച്ചു. കാരണം വായക്കാർക്ക് ഒരിക്കലും അവഗണിക്കാൻ കഴിയാത്തത്ര കരുത്ത് അദ്ദേഹത്തിന്റെ രചനകൾക്കുണ്ടായിരുന്നു.
94-ാം വയസിൽ, തന്റെ രചനകളെ കാലത്തിനും വായനക്കാർക്കും വിട്ടുനൽകി കുന്ദേര ലോകത്തോടു വിടപറയുന്പോൾ നഷ്ടമാവുന്നത്, ദ അണ്ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബിയീംഗ് ഉൾപ്പെടെയുള്ള നോവലുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും നാടകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അരനൂറ്റാണ്ടിലേറെയായി മനുഷ്യബന്ധങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച മഹാനായ എഴുത്തുകാരനെയാണ്.
ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിംഗ് എന്ന നോവലിൽ കുന്ദേര എഴുതിയ ഒരു വരി ഇങ്ങനെയാണ്: “മറവിക്കെതിരായ ഓർമയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനിൽപ്പ്.’’ കേരളത്തിലെ കലാലയങ്ങളിലും സമരരംഗത്തും പോസ്റ്ററായും ബാനറായും ഈ വരികൾ ഇടംപിടിക്കുകയുണ്ടായി. ഫ്രാൻസിലിരുന്ന് മിലൻ കുന്ദേര കുറിച്ച ഈ വരികൾ നമ്മുടെ യുവത്വത്തെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചിട്ടുള്ളത്. ഈ വരികളിലൂടെ കുന്ദേര എന്ന എഴുത്തുകാരനെ മാത്രമല്ല, അദ്ദേഹത്തിന്റ പോരാട്ടവീര്യത്തെകൂടിയാണു മലയാളികൾ നെഞ്ചേറ്റിയത്.
1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലൊവാക്യയിലെ ബ്രണോയിലാണ് കുന്ദേര ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ലുഡ്വിക് കുന്ദേര ചെക്കോസ്ലോവാക് സംഗീതജ്ഞനും പിയാനിസ്റ്റും അക്കാദമിക് അഡ്മിനിസ്ട്രേറ്ററുമായിരുന്നു. അദ്ദേഹം വളരെ ചെറുപ്പത്തിൽത്തന്നെ കുന്ദേരയെ സംഗീതം പഠിപ്പിച്ചു. കുന്ദേരയുടെ ഒട്ടുമിക്ക നോവലുകളിലും സംഗീത വിഷയങ്ങൾ പ്രത്യക്ഷപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. ജന്മനഗരമായ ബ്രണോയിൽനിന്നുതന്നെ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറിയ പ്രായത്തിൽത്തന്നെ സാഹിത്യത്തിൽ തത്പരനായിരുന്ന കുന്ദേര സാഹിത്യവും സൗന്ദര്യശാസ്ത്രവുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. 1952ൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഫിലിം അക്കാഡമിയിൽ ലോക സാഹിത്യത്തിൽ അധ്യാപകജോലിയിൽ പ്രവേശിച്ചു.
കുന്ദേരയും കമ്യൂണിസ്റ്റ് പാർട്ടിയും
ബിരുദപഠനകാലത്തുതന്നെ അദ്ദേഹം എഴുതുകയും രാഷ്ട്രീയത്തിൽ തത്പരനാവുകയും ചെയ്തിരുന്നു. ചെക്കോസ്ലൊവാക് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അദ്ദേഹം അതിവേഗം അടുത്തു. 1948ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. കുന്ദേരയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയുമായി സങ്കീർണമായ ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ, പലപ്പോഴും അധികാരം നിലനിർത്താൻ മാർക്സിസ്റ്റ് ഐഡിയോളജിയിൽനിന്നു പാർട്ടി വ്യതിചലിച്ചപ്പോഴൊക്കെ കുന്ദേര അസ്വസ്ഥനായി. പലപ്പോഴും ഭരണകൂടത്തിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരേ അദ്ദേഹത്തിനു പൊതുവിടങ്ങളിൽ പ്രസംഗിക്കേണ്ടിവന്നു.
എഴുത്തിൽ മാത്രമല്ല, പ്രസംഗത്തിലും അദ്ദേഹം അസാമാന്യമായ കഴിവു പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ കേൾക്കാൻ വലിയ ജനക്കൂട്ടം രൂപപ്പെട്ടു. അവരിൽ ബഹുഭൂരിപക്ഷവും യുവാക്കളായിരുന്നു. ഇത് ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. കുന്ദേര പലതവണ താക്കീതു ചെയ്യപ്പെട്ടു. എന്നാൽ, തന്റെ നിലപാടുകളും കാഴ്ചപ്പാടും അദ്ദേഹം കൂടുതൽ ഉറക്കെ ലോകത്തോടു വിളിച്ചുപറയുകയാണു ചെയ്തത്. ഒടുവിൽ, 1950ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം പുറത്താക്കപ്പെട്ടു.
പുറത്താക്കപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള തന്റെ ആഭിമുഖ്യം അദ്ദേഹം തുടർന്നു. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട സമയത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് ആത്മകഥാപരമായ ‘ദ ജോക്ക്’ എന്ന നോവലിൽ അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ ആശയസംഘര്ഷങ്ങള് അനുഭവിച്ചിരുന്ന കാലത്തെഴുതിയ ഈ കൃതിയില്‍ ഇരുണ്ട കറുത്ത ഹാസ്യം നിറഞ്ഞ ഭാഷയാണ് കുന്ദേര ഉപയോഗിച്ചത്. കമ്യൂണിസ്റ്റ് ആശയത്തോടുള്ള ആഭിമുഖ്യം നിമിത്തം അദ്ദേഹം 1956ൽ വീണ്ടും പാർട്ടിയിൽ ചേർന്നു. ഒന്നര പതിറ്റാണ്ടോളം അദ്ദേഹം പാർട്ടി പ്രവർത്തകനായി തുടർന്നു. 1970ൽ അദ്ദേഹത്തെ വീണ്ടും കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി. ഇത്തവണ കമ്യൂണിസ്റ്റ് പാർട്ടിയെ ബാധിച്ച സ്റ്റാലിനിസത്തിൽനിന്നു മോചനം വേണമെന്നും പാർട്ടിയിലും ഭരണത്തിലും പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടതിനാണു പുറത്താക്കപ്പെട്ടത്. ഏതാണ്ട് ഈ ആവശ്യങ്ങൾ ഉന്നയിച്ച് രൂപീകരിക്കപ്പെട്ട, അലക്സാണ്ടർ ഡ്യൂബ്ചെക്ക് നേതൃത്വം നൽകിയ പ്രാഗ് വസന്തം എന്ന കൂട്ടായ്മയുടെ മുന്നിലും അദ്ദേഹമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് സമൂഹത്തിലെ ജനാധിപത്യ പരിഷ്കാരത്തിനുവേണ്ടി നടന്ന മുന്നേറ്റങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായതാണ് രണ്ടാമതും അദ്ദേഹത്തെ പുറത്താക്കാൻ ചെക്ക് കമ്യൂണിസ്റ്റ് പാർട്ടി നിർബന്ധിതരായത്.
എഴുത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്
കുന്ദേരയുടെ ആദ്യപുസ്തകം 1953ൽ പുറത്തിറങ്ങിയ ‘മനുഷ്യൻ വിശാലമായ പൂന്തോട്ടം’ എന്ന കവിതാ സമാഹാരമാണ്. ഈ കവിതകളിലും അടിസ്ഥാന ആശയങ്ങളിൽനിന്നു വ്യതിചലിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയെയാണ് അദ്ദേഹം പ്രതിപാദിത്. കമ്യൂണിസത്തെ അധികാരത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നു മാനുഷികമാക്കാനായിരുന്നു അദ്ദേഹം തന്റെ എഴുത്തുകളിലൂടെ ആദ്യകാലത്തു ശ്രമിച്ചത്. എന്നാൽ, അതിനെ ആരോഗ്യപരമായ വിമർശനമായി അംഗീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറായില്ല. മറിച്ച് , അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിക്കുകയും പുസ്തകശാലകളിൽനിന്നും ലൈബ്രറികളിൽനിന്നും പിൻവലിക്കുകയുമാണ് ചെയ്തത്.
കുന്ദേരയുടെ ചെക്ക് പൗരത്വവും റദ്ദാക്കപ്പെട്ടു. ഒടുവിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയത്തിൽ നിരാശനായി തന്റെ ജീവിതത്തിന്റെ ആദ്യ 30 വർഷങ്ങളെ നിരാകരിക്കേണ്ടിവരുമെന്നു സങ്കടപ്പെട്ടു. ഈ സങ്കടത്തെ തുടർന്ന് അദ്ദേഹം ഒരു പൊതുചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. “ഞാൻ എഴുത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു നടക്കാൻ തീരുമാനിച്ചു. ഇനിയും എനിക്ക് അവരോടു പറയാൻ ഒന്നുമില്ല. അവർ അധികാരത്തിനുവേണ്ടി ഏറ്റവും മഹത്തായ ആദർശങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു. മാനവികതയിലൂന്നിയല്ലാത്ത ഒരു ആദർശങ്ങൾക്കും നിലനിൽപ്പില്ലെന്ന് അവർ തിരിച്ചറിയുന്ന കാലം വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” പിന്നീട് 1975ൽ അദ്ദേഹം ഭാര്യയോടൊപ്പം ഫ്രാൻസിലേക്ക് കുടിയേറി, അവിടെ അദ്ദേഹം റെന്നസ് സർവകലാശാലയിൽ അധ്യാപകനായി.
ഫ്രാന്‍സിലെത്തി ഫ്രഞ്ച് എഴുത്തുകാരനായി
1981ല്‍ അദ്ദേഹം ഫ്രഞ്ച് പൗരനായി. പിന്നീട്, ഫ്രഞ്ച് ഭാഷയില്‍ എഴുതാനും ഫ്രഞ്ച് എഴുത്തുകാരനെന്ന് അറിയപ്പെടാനുമാണ് ആഗ്രഹിച്ചത്. ആദ്യകാലത്ത് ചെക്ക് ഭാഷയിലെഴുതിയ തന്റെ കൃതികള്‍ ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്യുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. 1973ലാണ് കുന്ദേരയുടെ ആദ്യനോവല്‍ പുറത്തുവരുന്നത്. 'ലൈഫ് ഈസ് എല്‍സ് വേര്’ എന്ന ഈ നോവലില്‍ ഒരു യുവ രാഷ്ട്രീയക്കാരന്റെ കഥയാണ് അദ്ദേഹം പറഞ്ഞത്. അപവാദങ്ങളില്‍പ്പെട്ട് ആത്മസസംഘര്ഷം അനുഭവിക്കുന്ന ഒരു കവികൂടിയായിരുന്നു നോവലിലെ പ്രധാന കഥാപാത്രം. കലയിലൂടെയും വിപ്ലവത്തിലൂടെയും സ്വാതന്ത്ര്യം തേടുന്ന തന്റെ നായകനിലൂടെ യുവത്വത്തിന്റെ പ്രതീക്ഷകളും ഭാവനകളുമാണ് കുന്ദേര ചിത്രീകരിച്ചത്.
പിന്നീട്, ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിംഗ്’ എന്ന കൃതി പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്റെ രചനകൾ ലോകം ശ്രദ്ധിച്ചു തുടങ്ങി. 1979-ലാണ് ദി ബുക്ക് ഓഫ് ലാഫര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിംഗ് പ്രസിദ്ധീകരിച്ചത്. മാജിക് റിയലിസത്തിന്റെ വിഭാഗത്തിലാണ് ഈ കൃതി ഉള്‍പ്പെട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരമൊഴിഞ്ഞെങ്കിലും ജന്മദേശത്തേക്കു മടങ്ങാന്‍ കുന്ദേര തയാറായില്ല. ഒരിക്കല്‍ ഒരു ജര്‍മന്‍ ജേര്‍ണലിസ്റ്റ് ഇക്കാര്യം ചോദിച്ചപ്പോള്‍ ഒരു തിരിച്ചു പോക്ക് ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല. അത് ഇപ്പോള്‍ എന്റെ സ്വപ്നത്തില്‍ പോലുമില്ല. ജന്മനാടിന്റെ മണത്തെയും രുചി യെയും ഭാഷയെയും സംസ്കാരത്തെയും ഞാന്‍ എന്നോടൊപ്പം കൊണ്ടു പോന്നിട്ടുണ്ടല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ കുന്ദേരയുടെ എഴുത്തിനുള്ള വിലക്ക് ചെക്കോസ്ലൊവാക്യയില്‍ അനൗദ്യോഗികമായി നീങ്ങിയിരുന്നെങ്കിലും ’ദ അണ്ബെയറബിള് ലൈറ്റ്നെസ് ഓഫ് ബീയിംഗ്’ പ്രസിദ്ധീകരികരിക്കപ്പെട്ടത് 2006ലാണ്. സ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് കുന്ദേരയുടെ അവസാ ന നോവല്‍
ഒരിക്കൽ ഒരു അഭിമുഖത്തിൽ, തന്റെ എഴുത്തു ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് കുന്ദേര നൽകിയ ഉത്തരം ഇങ്ങനെ: “ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, എഴുത്തുകാരനായിരുന്നില്ലെങ്കിൽ ഞാൻ ആരാകുമായിരുന്നുവെന്ന്. എനിക്കു തോന്നുന്നത് ഒരു ഫിലോസഫർ ആകുമായിരുന്നുവെന്നാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യമാണ് എന്നെ രാഷ്ട്രീയക്കാരനാക്കിയത്. അതേ ആശയങ്ങളോടുള്ള ഇഷ്ടമാണ് എന്നെ കമ്യൂണിസ്റ്റ് വിരുദ്ധനുമാക്കിയത്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള അടുപ്പവും കാലാനുസൃതമായി പരിഷ്കരിക്കാനുള്ള എന്റെ ശ്രമങ്ങളുമാണ് എന്റെ എല്ലാ എഴുത്തുകളുടെയും അടിത്തറ. ശരിക്കും വളരെ വിശാലവും തുറന്നതുമായ മനസുള്ളവര്‍ക്കും പക്വതയോടെയും വ്യത്യസ്തമായും ജീവിതത്തെ നേരിടുന്നവര്‍ക്കും വേണ്ടിയാണു ഞാന്‍ എഴുതാറെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അധികം ചിന്തിക്കേണ്ട ആവശ്യമില്ലാതെ വായിക്കാനുള്ള പുസ്തകം തേടുന്നവര്‍ക്ക് എന്റെ പുസ്തകങ്ങള്‍ രുചിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം.’’ അദ്ദേഹത്തിന്റെ കൃതികൾ വായക്കുന്പോൾ വായനക്കാരനു മനസിലാവുന്ന കാര്യമാണിത്. ആ കൃതികളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തത്വചിന്താപരമാണെന്നു നമുക്കു വിലയിരുത്താനാവും പ്രതീക്ഷകളും മോഹങ്ങളും മോഹഭംഗങ്ങളും ആകാംക്ഷയും ദുരന്തങ്ങളും വ്യക്തി ദുഖങ്ങളും ഏകാന്തതയും ജീവിതത്തിന്റെ അർഥമില്ലായ്മയുമെല്ലാം അദ്ദേഹം തന്റെ നോവലുകളിൽ ആവിഷ്കരിച്ചു. ജീവിതത്തിൽ ഒരു മനുഷ്യൻ കടന്നുപോകുന്ന എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും സംഘർഷങ്ങളും വൈകാരിക തീവ്രതകളും അഭിനിവേശങ്ങളും ഉന്മാദങ്ങളും കുന്ദേരയുടെ രചനകളിൽ നിറഞ്ഞു തുളുന്പിയിരുന്നു.
നൊബേൽ പുരസ്കാരം അകലെ
ഗബ്രിയേൽ ഗാർസിയ മാർക്കേസിനും ഒർഹാൻ പാമുക്കിനുമൊപ്പം ലോകമെന്പാടും ആരാധകരെ സൃഷ്ടിച്ച കുന്ദേര നിരവധിതവണ നൊബേൽ പുരസ്കാരത്തിനു നിർദേശിക്കപ്പെട്ടെങ്കിലും ഒരിക്കലും പുരസ്കാരം തേടിയെത്തിയില്ല. ഇക്കാരണത്തെക്കുറിച്ച് ഒരിക്കൽ അദ്ദേഹത്തോടു ചോദിപ്പോൾ അദ്ദേഹം പറഞ്ഞത് “ പുരസ്കാരങ്ങൾ ബാധ്യതയാണ്. എഴുത്തിൽ ഞാൻ സ്വതന്ത്രനാണ്. എന്റെ ചിന്തകളെ ഞാൻ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. പുരസ്കാരങ്ങൾ ചിലപ്പോഴെങ്കിലും തടസമായേക്കാം’’ എന്നാണ്. മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ പോലെയൊ പാമുക്കിന്റെ ‘ദ മ്യൂസിയം ഓഫ് ഇന്നസെൻസ്’ പോലെയോ അത്ര ലളിതമായി വായിക്കാൻ കഴിയുന്ന കൃതിയല്ല ‘ദ അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബിയീംഗ്’. ഈ നോവലിനു കുന്ദേര നൽകിയിരിക്കുന്ന ഫിലോസഫിക്കൽ ടച്ചാണ് അതിനു കാരണം. പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലാണ് ദ അണ്ബേറബിള് ലൈറ്റ്നെസ് ഓഫ് ബീയിംഗ് രചിക്കപ്പെടുന്നത്. സോവിയറ്റ് ടാങ്കുകള്‍ ചെക്ക് തലസ്ഥാനമായ പ്രാഗിലൂടെ ഉരുളുമ്പോള്‍, തോമാസ്-തെരേസ, സബീന-ഫ്രാന്‍സ് എന്നീ രണ്ട് ദമ്പതികളുടെ ജീവിതമാണ് നോവല്‍ പറഞ്ഞത്. ജൂലിയറ്റ് ബിനോഷും ഡാനിയല്‍ ഡേ ലൂയിസും അഭിനയിച്ച സിനിമയായി ഇത് മാറുകയും കുന്ദേരയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരം അന്യമായിരുന്നെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ എഴുത്തുകാരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് പേരെഴുതിച്ചേര്‍ത്താണ് കുന്ദേര വിടവാങ്ങുന്നത്.
മാധ്യങ്ങളിൽനിന്നകന്ന്
മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ കുന്ദേര ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്റെ കൃതികളെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളും വിമർശനങ്ങളും ഒരു തമാശക്കഥ വായിക്കുന്നതുപോലെ വായിച്ച് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. തന്റെ പല രചനകളും രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും അതിലൊന്നും അദ്ദേഹം തത്പരനായിരുന്നില്ല. മാർക്കേസും പാമുക്കും യോസയും ഫ്യുന്റെസുമൊക്കെ ആഘോഷിക്കപ്പെട്ടപ്പോൾ കുന്ദേര കാണാമറയത്തായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ എഴുത്ത് ആഘോഷിക്കപ്പെടുകയും ചെയ്തു.
തെറ്റു തിരുത്തി; ജന്മനാട് തിരിച്ചറിഞ്ഞു
നാലു പതിറ്റാണ്ടിനു ശേഷം കുന്ദേരയെ ജന്മനാട് അംഗീകരിച്ചു. പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് തൊണ്ണൂറാം വയസിൽ പിറന്ന മണ്ണിന്റെ പൗരത്വം തിരിച്ചുനല്‍കാൻ രാജ്യം തയാറായി. ഫ്രാൻസിലെ ചെക്ക് അംബാസഡർ പീറ്റർ ഡ്രൂലക്, മിലൻ കുന്ദേരയെ നേരിൽക്കണ്ട് പൗരത്വരേഖ കൈമാറിയ നിമിഷം കുന്ദേരയുടെ കണ്ണുകൾ സന്തോഷംകൊണ്ടു നിറഞ്ഞത് ലോകം അത്യന്തം വൈകാരികമായാണ് വീക്ഷിച്ചത്. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നതായി ചെക്ക് റിപ്പബ്ലിക് പ്രഖ്യാപിക്കുകയും ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഫ്രാന്‍സ് കാഫ്ക സമ്മാനം അദ്ദേഹത്തനു സമ്മാനിക്കുകയും ചെയ്തു.