Thursday, October 10, 2024

പൊള്ളിക്കുന്ന, വേട്ടയാടുന്ന എഴുത്ത്


2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്റെ രചനകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ് സലിം എഴുതുന്നു


ഒരു പുസ്തകം, അത് സാഹിത്യ കൃതി ആണെങ്കില്‍ അത് ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് വ്യക്തമാക്കുക എഴുത്തുകാരനാണ്. പക്ഷേ, വായിക്കുന്ന പുസ്തകം നോവല്‍ പോലെ, കവിതപോലെ, ആത്മകഥ പോലെ, ജീവചരിത്രം പോലെ, ഉപന്യാസം പോലെ, ചരിത്രം പോലെ... ഓരോ വായനക്കാരനും അവരുടെ സൗകര്യത്തിനു വായിച്ചെടുക്കുകയാണെങ്കില്‍ എഴുത്തുകാരന്റെ ഭാഷ എത്രമാത്രം ഹൃദയ സ്പര്‍ശിയായിരിക്കും, എത്രമാത്രം കാവ്യാത്മകമായിരിക്കും. തീര്‍ച്ചയായും ഭ്രമാത്മകം കൂടിയായിരിക്കും ആ ഭാഷ. അത്യഅപൂര്‍വമായേ ഇത്തരം ഭാഷ വൈദഗ്ധ്യമുള്ള എഴുത്തുകാരന്‍ ജനിക്കാറുള്ളൂ. ഇത്തരത്തില്‍ അനുപമമായ രചനാ ശൈലികൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ച ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനെത്തേടി 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമെത്തിയിരിക്കുന്നു. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തുകയും ചെയ്തു. ദക്ഷിണ കൊറിയയിലേയ്‌ക്കെത്തുന്ന ആദ്യത്തെ സാഹിത്യ നൊബേലാണ് ഹാന്‍ കാങ്ങിന്റേത്.

കാങ്ങിന്റെ കൃതികള്‍ വായിക്കുന്ന ഏതൊരാളും നൂറു ശതമാനം യോജിക്കുന്ന നിരീക്ഷണമാണ് നൊബേല്‍ സമിതി നടത്തിയിരിക്കുന്നത്. കാങ്ങിന്റെ രചനകളില്‍പുരുഷാധിപത്യം, അക്രമം, ദുഃഖം, മാനവികത തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ കടന്നുവരുന്നുണ്ട്. കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലിയിലുള്ള എഴുത്തിലൂടെ ഹാന്‍ കാങ് ലോകമെമ്പാടും വായനക്കാരുടെ പ്രിയങ്കരിയായ എഴുത്തുകാരിയായി മാറി. വര്‍ത്തമാന കാലത്തിന്റെ ആശങ്കകളേയും ജീവിത പ്രതിസന്ധികളേയും അവതരിപ്പിക്കുമ്പോള്‍ ഹാന്‍ കാങ്ങിന്റെ എഴുത്തില്‍  ദാര്‍ശനികത്വം ദര്‍ശിക്കാനാവും. തീര്‍ത്തും അസാധാരണമായ ഒന്നാണിത്. ഇത്തരത്തില്‍ കാങ്ങ് എഴുത്തില്‍ കൊണ്ടുവരുന്ന അനിതരസാധാരണമായ വൈദഗ്ധ്യമാണ് നിരൂപകരെയും വായനക്കാരെയും കാങ്ങിന്റെ കൃതികളെ വാനോളം പുകഴ്ത്താന്‍ പ്രേരിപ്പിക്കുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങളെ തീക്ഷണവും കാവ്യാത്മകവുമായ ഭാഷയിലൂടെ വായനക്കാരന്റെ ഹൃദയത്തിലേക്കു നേരിട്ട് കടത്തിവിടാനുള്ള കഴിവാണ് ഹാന്‍ കാങ്ങിനെ സമകാലികരായ എഴുത്തുകാരില്‍നിന്നു വ്യത്യസ്തയാക്കുന്നത്. 

ഹാന്‍ കാങ്ങിന്റെ ശ്രദ്ധേയമായ കൃതികളില്‍ പ്രധാനപ്പെട്ടതാണ് 2014 ല്‍ പുറത്തിറങ്ങിയ  ഹ്യൂമന്‍ ആക്ട്‌സ്. കാങ്ങിന്റെ രചനാ രീതിയെ ലോകം പ്രകീര്‍ത്തിച്ചു തുടങ്ങിയതും ഈ കൃതി പുറത്തിറങ്ങിയതോടെയാണ്. ഈ നോവല്‍ 1980 ലെ  ഗ്വാങ്ജു പ്രക്ഷോഭത്തെ അധികരിച്ചാണ് കാങ് എഴുതിയത്. നൂറുകണക്കിന് വിദ്യാര്‍ഥികളും നിരായുധരായ സാധാരണക്കാരും കൊല്ലപ്പെട്ട പ്രക്ഷോഭത്തെ കാങ് വരച്ചിട്ടത് അക്രമം, പ്രതിരോധം, ഓര്‍മ തുടങ്ങിയ ഘട്ടങ്ങളിലൂടെയായിരുന്നു. ഈ നോവലിനെ നിരൂപകരും വായനക്കാരും വാനോളം പുകഴ്ത്തി. നിരൂപകരും സാധാരണ വായനക്കാരനും ഒരേസ്വരത്തില്‍ പറഞ്ഞത് തങ്ങളുടെ മനസിനെ ഇത്രയേറെ വേദനിപ്പിച്ച, വേട്ടയാടിയ മറ്റൊരു കൃതിയില്ലെന്നാണ്. മനുഷ്യന്റെ കഷ്ടപ്പാടുകളുടെ ശാരീരികവും മാനസികവുമായ വശങ്ങളെ വായനക്കാരനെ പിടിച്ചിരുത്തും വിധം സമന്വയിപ്പിക്കാനുള്ള കാങ്ങിന്റെ അതുല്യമായ കഴിവാണ് അവരെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന് നിസംശയം പറയാം. 

ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യം നോവലായ ദി വെജിറ്റേറിയനിലൂടെ ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം കാങ്ങ് സ്വന്തമാക്കി.  വിവര്‍ത്തനം വിമര്‍ശിക്കപ്പെട്ടെങ്കിലും ദ വെജിറ്റേറിയന്‍ ഹാന്‍ കാങ്ങിനെ സമകാലിക എഴുത്തുകാരുടെ പട്ടികയില്‍ എത്തിച്ചു. മാംസാഹാരം കഴിക്കാന്‍ വിസമ്മതിക്കുന്ന ഒരു സ്ത്രീ അതുമൂലം സമൂഹത്തില്‍നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ട് മാനസിക രോഗത്തിലേക്കു വഴുതി വീഴുന്നതാണ് ദ വെജിറ്റേറിയന്‍ എന്ന നോവലിന്റെ പ്രമേയം. യോങ് ഹൈ എന്നാണ് നോവലിലെ നായികയുടെ പേര്. അവരാകട്ടെ ഒരു സാധാരണ കുടുംബിനി. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന സാധാരണക്കാരിയായ ഒരു കുടുംബിനി. ഒരു രാത്രിയില്‍ അവള്‍ കാണുന്ന ഒരു സ്വപ്‌നമാണ് അവളുടെ ജീവിതത്തെ മാറ്റുന്നത്. ആ സ്വപ്‌നത്തില്‍ അവള്‍ ഒരു മൃഗത്തെ കൊല്ലുന്നതും പിന്നീട് അതിന്റെ മാംസം അവള്‍ ഭക്ഷിക്കുന്നതുമാണ് കണ്ടത്. ഉറക്കത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റെങ്കിലും ആ സ്വപ്‌നം അവളുടെ മനസില്‍നിന്ന് മാഞ്ഞുപോയില്ല. അതോടെ അവള്‍ പൂര്‍ണമായും മറ്റോറാളായി മാറിക്കഴിഞ്ഞിരുന്നു. തന്നെ പിന്തുടരുന്ന സ്വപ്‌നത്തെ കുടഞ്ഞെറിയാന്‍ അഴള്‍ നടത്തുന്ന ശ്രമമാണ് പിന്നീട് വായനക്കാരന്‍ കാണുന്നത്. അതിനായി അവള്‍ വീട്ടിലിരുന്ന മാംസാഹാരം പുറത്തേക്കു വലിച്ചെറിയുന്നു. പിന്നീട് മാംസം വീട്ടിലേക്കു വാങ്ങിക്കുന്നത് നിര്‍ത്തുകയും പൂര്‍ണമായും വെജിറ്റേറിയനായി മാറുകയും ചെയ്യുന്നു. കൂടാതെ ഭര്‍ത്താവിനെ അതിനായി നിര്‍ബന്ധിക്കുന്നു. അതോടെ നോവല്‍ വളരെ സങ്കീര്‍ണമായ വിഷയങ്ങളിലേക്കു കടക്കുന്നു. പിന്നീട് യോങ് ഹൈ ഒരു മരമായി മാറാന്‍ ആഗ്രഹിക്കുകയും മരമായി അഭിനയിക്കുകയും ഒക്കെ ചെയ്യുന്നു. ഇതെല്ലാം വിവരിക്കുമ്പോള്‍ കാങ്ങിന്റെ ഭാഷ ഭ്രമാത്മകമായി മാറുന്ന രസതന്ത്രത്തിനാണ് വായനക്കാര്‍ സാക്ഷ്യംവഹിക്കുന്നത്. 

മനുഷ്യന്‍ മനുഷ്യനായി നിലനില്‍ക്കുന്നത് ചില അവകാശങ്ങളുടെ പുറത്താണെന്ന് ഈ നോവലിലൂടെ കാങ് പറഞ്ഞു വയ്ക്കാന്‍ ശ്രമിക്കുന്നു. മനുഷ്യര്‍ക്കു ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തില്‍, മനുഷ്യരുടെ സമ്പത്തില്‍ പ്രകൃതിയോടു മനുഷ്യര്‍ നന്ദിയുള്ളവരായിരിക്കണമെന്ന് ദി വെജിറ്റേറിയനിലൂടെ കാങ് പറഞ്ഞുവയ്ക്കുന്നു.  ഇവിടെ പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന എന്ന ചിന്തയില്‍നിന്ന് ഉരുത്തിരിയുന്ന പാരിസ്ഥിതിക കുറ്റബോധം ഒരു വൈകാരിക അനുഭവമായി വിവരിക്കുകയാണ് കാങ്ങ് ചെയ്യുന്നത്. പാരിസ്ഥിതിക കുറ്റബോധം സ്വയം എല്ക്കുന്ന നായികയെ കാങ് ചിത്രീകരിക്കുന്നു. ഇത്തരം ചിന്തയും പേറി ജീവിക്കുന്ന നായികയെ നാഗരികത എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് ഈ നോവല്‍ പറഞ്ഞു വയ്ക്കുന്നു. നാഗരികത മനുഷ്യനില്‍ സൃഷ്ടിച്ച പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള ത്വരയില്‍ അസ്വസ്ഥയാവുന്ന നായികയുടെ ചിത്രീകരണത്തിലൂടെ കാങ് ചില ദാര്‍ശനിക പ്രശ്‌നങ്ങളും വായനക്കാരുടെ മുന്നില്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹം പരിസ്ഥിതിയേയും സ്ത്രീകളെയും ഒരേ പോലെയാണ് വിലയിരുത്തുന്നതെന്നും പരിഗണിക്കുന്നതെന്നും സൂചിപ്പിക്കുന്നിടത്താണ് കങ് വ്യത്യസ്തയാവുന്നത്. മെയില്‍ ഡോമിനന്റ് ആയ സമൂഹം പരിസ്ഥിതിയുടെയും സ്ത്രീയുടെയും മേല്‍ ഹിംസാത്മകമായ ഒരു ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എഴുത്തുകാരി പറഞ്ഞുവയ്ക്കുന്നു. ഈ ദാര്‍ശനികതയെ പിന്‍പറ്റി വിപുലമായ പരിസ്ഥി-സ്ത്രീ പക്ഷ വായന വെജിറ്റേയനുണ്ടായി. ചിലര്‍ പുരുഷാധിപത്യ സമൂഹത്തിനുമപ്പുറം മുതലാളിത്തവും സ്ത്രീയുടെയും പരിസ്ഥിതിയുടെയും മേല്‍ സമാനമായ ആധിപത്യത്തിനാണു ശ്രമിക്കുന്നതെന്നു നിരീക്ഷിച്ചു. ഒരു കാലത്തും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ഈ പ്രശ്‌നങ്ങളെ പരിഗണിക്കാന്‍ തയാറായില്ലെന്ന നിരീക്ഷണവും ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വീണ്ടും വീണ്ടും വായിക്കുമ്പോള്‍ പുത്തന്‍ അനുഭവങ്ങള്‍ വായനക്കാരനു നല്‍കുന്ന കാങ്ങിന്റെ നോവലാണ് ഗ്രീക്ക് ലെസണ്‍. ഈ നോവലില്‍ മൂകയായ സ്ത്രീയുടെയും അവളെ പുരാതന ഗ്രീക്ക് ഭാഷ പഠിപ്പിക്കുന്ന അന്ധനായിക്കൊണ്ടിരിക്കുന്ന അധ്യാപകന്റെയും കഥയാണു കാങ്ങ് പറയുന്നത്. ചില സമയത്തു തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ വായനക്കാരനെ പൊള്ളിക്കുകയും കാലങ്ങളോളം വേട്ടയാടുകയും ചെയ്യുന്ന എഴുത്താണ് ഹാന്‍ കാങ്ങിന്റേത്. സ്വപ്നങ്ങളില്‍പ്പോലും കടന്നുചെല്ലാന്‍ കഴിവുള്ള ഭ്രമാത്മകമായ കാങ്ങിന്റെ ആഖ്യാനശൈലി മനസിലാക്കിത്തരുന്ന കൃതികളാണ് ദി വെജിറ്റേറിയനും ഗ്രീക്ക് ലെസണും.  

1970ല്‍ ദക്ഷിണ കൊറിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഗ്വാങ്ജു എന്ന നഗരത്തിലാണ് ഹാന്‍ കാങ് ജനിച്ചത്. ഹാന്‍ സ്യൂങ്-വോന്‍ എന്ന കൊറിയന്‍ സാഹിത്യകാരന്റെ മകളാണ് ഹാന്‍ കാങ്. പുസ്തകങ്ങളുടെ അന്തരീക്ഷത്തിലായിരുന്നു ബാല്യകാലം. കുട്ടിക്കാലം മുതല്‍ പിടികൂടിയ രോഗാവസ്ഥകളാണ് (മൈഗ്രേന്‍) തന്നെ എഴുത്തുകാരിയും നല്ലൊരു വ്യക്തിയുമാക്കിയതെന്നും ഹാന്‍ കാങ് പറഞ്ഞിട്ടുണ്ട്. കാങ്ങിന് 10 വയസുള്ളപ്പോള്‍, കുടുംബം സിയോളിലെ സുയു-ഡോംഗിലേക്ക് മാറി. തലസ്ഥാന നഗരത്തിലെ യോന്‍സെ സര്‍വകലാശാലയില്‍ കാങ്ങ് കൊറിയന്‍ സാഹിത്യം പഠിച്ചു. 1993-ല്‍, കൊറിയന്‍ മാസികയായ ലിറ്ററേച്ചര്‍ ആന്‍ഡ്് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച അഞ്ചു കവിതകളുടെ പരമ്പരയിലൂടെയാണ് ഹാന്‍ കാങ്ങ് തന്റെ എഴുത്തു ജീവിതത്തിന്റെ  അരങ്ങേറ്റം നടത്തിയത്. അടുത്ത വര്‍ഷം സിയോള്‍ ഷിന്‍മുന്‍ സ്പ്രിംഗ് സാഹിത്യ മത്സരത്തില്‍ റെഡ് ആങ്കര്‍ എന്ന കഥയിലൂടെ വിജയിയായതോടെ കാങ്ങ് പ്രശസ്തയായിത്തുടങ്ങി. ആദ്യ ചെറുകഥാ സമാഹാരമായ ലവ് ഓഫ് യോസു 1995-ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്‌സ് ഓഫ് മൈ വുമണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിംഗ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് കാങ്ങിന്റെ പ്രധാന സൃഷ്ടികള്‍. നൊബേല്‍ പുരസ്‌കാരം പോലെതന്നെ ആദ്യമായാണ് ബുക്കര്‍ പുരസ്‌കാരവും ദക്ഷിണകൊറിയക്കു ലഭിച്ചത്. ടുഡേയ്‌സ് യംഗ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യംഗ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ കാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിംഗ്്അധ്യാപികയായ ഹാന്‍ കാങ്ങ് സംഗീതജ്ഞയും കലാകാരിയും കൂടിയാണ്. 

നൊബേല്‍ സമ്മാനം നേടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയക്കാരനാണ് ഹാന്‍ കാങ്. രാജ്യത്തിന്റെ സൈനിക ഭരണകാലത്ത് ദക്ഷിണ കൊറിയയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും യുദ്ധത്തില്‍ ഭിന്നിച്ച എതിരാളികളായ ഉത്തര കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും അന്തരിച്ച മുന്‍ പ്രസിഡന്റ് കിം ഡേ-ജംഗ് 2000-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുണ്ട്. 


Monday, March 18, 2024

ദാര്‍ശനികത കിനിയുന്ന കാവ്യഘടനകള്‍



മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകര്‍ഷകമായ ഒരു പരിവര്‍ത്തനം ആവിര്‍ഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പരിവര്‍ത്തനത്തിനു ചുക്കാന്‍പിടിച്ച കവികളില്‍ ആദ്യ പേരുകാരന്‍ പ്രഭാവര്‍മയാണ്. ബാലാമണിയമ്മയിലൂടെയും അയ്യപ്പപ്പണിക്കരിലൂടെയും സുഗതകുമാരിയിലൂടെയും മലയാളത്തിലെത്തിയ സരസ്വതി സമ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തിച്ചിരിക്കുകയാണ് പ്രഭാവര്‍മ. മലയാള കവിതയില്‍ പ്രഭാവര്‍മ ഒറ്റയ്ക്കു തീര്‍ത്ത ഒരു കാവ്യ വഴിയുണ്ട്. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നു വീണ കവിതകള്‍ എല്ലാക്കാലത്തും മുഖ്യധാരയില്‍നിന്നു പുറത്ത് ഓരംചേര്‍ന്നുനിന്ന മനുഷ്യരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് എല്ലാ അധികാര ശ്രേണിയില്‍നിന്നും പുറന്തള്ളപ്പെട്ട സാധാരണ മനുഷ്യരുടെ വിയര്‍പ്പും കണ്ണീരും അദ്ദേഹത്തിന്റെ കവിതകളില്‍നിന്നു നമുക്കു തൊട്ടെടുക്കാനാവും. 

തന്റെ മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യരോടുള്ള സ്‌നേഹവും മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പ്രകൃതിയോടുള്ള പ്രണയവും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം. എന്തുകൊണ്ട്് അദ്ദേഹത്തിന്റെ കവിതകള്‍ ഇങ്ങനെയെല്ലാം ആവുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടുള്ള ഏതൊരു വായനക്കാരനും പറയുന്ന ഒരു ഉത്തരമുണ്ട്. അദ്ദേഹത്തിന്റെ കാവ്യ ഭാഷയില്‍ പുലര്‍ത്തുന്ന സത്യസന്ധതയാണത്. ഈ സത്യസന്ധത കൈമോശം വരാതിരിക്കാന്‍ അദ്ദേഹം പുലര്‍ത്തുന്ന ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതാകട്ടെ സത്യത്തിന്റെയും സമൂഹത്തിന്റെയും സഞ്ചാരപാതകൂടിയാണെന്നു പറയാം.

അറിവുകള്‍ക്കു നാഥനില്ലെന്നും അത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുന്ന കവിയാണ് പ്രഭാവര്‍മ. സൗഭാഗ്യങ്ങളും അങ്ങനെതന്നെ. അക്കാരണത്താലാണ് ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് പുറത്താക്കപ്പെടുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ കവിത എപ്പോഴും സംസാരിക്കുന്നത്.  ഖണ്ഡകാവ്യം, കാവ്യാഖ്യായിക എന്നീ രൂപശില്പങ്ങളിലായി പ്രഭാവര്‍മ മലയാള കവിതയ്ക്കു നല്‍കിയ സംഭാവനകളെ വിലയിരുത്തിയാല്‍ നമുക്കു പറയാനാവുന്ന ഒരു കാര്യം ഇതാണ് മലയാള കവിതയ്ക്കു ലഭിച്ച അനുഗ്രഹമാണ് ഈ കവി. 

''എന്റെയാകാശം വെട്ടി-

പ്പിളര്‍ക്കാന്‍ നിനക്കാവ-

തെങ്ങനെ, മിന്നല്‍പ്പിണ-

രിന്റെ വാളിളക്കിക്കൊ-

ണ്ടണയും നിന്നോടൊരു

കിളി ചോദിച്ചു''

ഈ ആറുവരിക്കവിത മാത്രം മതി പ്രഭാ വര്‍മയെന്ന കവിയുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകളെ മനസിലാക്കാന്‍. ഈ വരികളില്‍ കവി മനഷ്യരെയും പക്ഷികളടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെത്തന്നെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണമാകട്ടെ ഹൃദയത്തില്‍നിന്നുതിര്‍ന്ന കാവ്യഭാഷയിലും.

മരണത്തെക്കുറിച്ച് കവി മുന്നോട്ടു വയ്ക്കുന്ന ദാര്‍ശനികത ഈ വരികളിലുണ്ട്. 

'ഭൂമിയില്‍ നിന്നു

പോകേണ്ടതുണ്ടീ-ഭൂമി

യാകെ നരച്ചു വയോവൃദ്ധയായ്'

ഇവിടെ കവി മരണത്തെക്കുറിച്ച് കേവലമായി പറഞ്ഞു പോവുകയല്ല ചെയ്യുന്നത് മറിച്ച് മനുഷ്യ വംശത്തിന്റെ ആത്യന്തികമായ ദുരന്തത്തെക്കുറിച്ചു കൂടിയാണു പറയുന്നത്. യുദ്ധങ്ങളാല്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് ഏറ്റവും പ്രസക്തമായ വരികളായി ഇത് മാറുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് പ്രഭാ വര്‍മയെന്ന കവിയും കവിതയും കാലത്തിനുമുന്നേ നടക്കുന്നു എന്നതാണ്. 

മനുഷ്യ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ദാര്‍ശനിക ബോധം ഉള്ളില്‍ പേറുന്ന കവിയാണു പ്രഭാവര്‍മ. 

'ഒന്നിനുമല്ലാതൊരു പൂവിനെ സ്‌നേഹിച്ചവന്‍

എന്തിനാകിലും കൊല്ലുകില്ലൊരു മനുഷ്യനെ''

എന്ന വരികള്‍ വായനക്കാരന്റെ ഹൃദയത്തില്‍ പതിപ്പിക്കുന്ന സന്ദേശം മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്. ഇത്രമായ സ്ഫുടമായ ഭാഷയില്‍ ജീവിതത്തെക്കുറിച്ച് എഴുതുന്ന കവി മലയാളത്തിന്റെ പുണ്യമാണെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. 

'ക്രൂശില്‍ പിടയുന്ന നേരത്തിടംവലം

നോക്കിലങ്ങാരാരുമില്ല.

പിന്നീടിറക്കിക്കിടത്താന്‍ മടിത്തടം

നീര്‍ത്താനുമാരാരുമില്ല''

ഇവിടെ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യമാണ് കവി വരയ്ക്കുന്നത്. കവിക്കു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം മനുഷ്യപക്ഷമാണെന്നു പറയാതെ പറയുകയാണ് കവി. ഈ വരികളില്‍ പറഞ്ഞിരിക്കുന്നതിനു മുകളില്‍ എന്തു രാഷ്ട്രീയമാണ് ഒരു കവിക്കുണ്ടാവേണ്ടത്. 

കവിത ഇന്ന് അതിവേഗത്തില്‍ പരിണാമവിധേയമാവുകയും അനുദിനം വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സര്‍ഗാത്മകപരിണാമ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും രൂപത്തിലും ഇത്രമാത്രം മാറ്റങ്ങള്‍ക്കു വിധേയമായ കവിതകള്‍ മലയാളത്തിലാവാനാണു സാധ്യത. മലയാള കവിതയില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ വളരെ വേഗത്തില്‍ തിരിച്ചറിയാനാവും. കവിത ഇന്ന് തുറന്നെഴുത്തിന്റെ വഴിയിലൂടെയാണു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെയൊക്കെ കാലത്തും അര്‍ക്കപൂര്‍ണിമയും ശ്യാമമാധവവും രൗദ്രസാത്വികവും മലയാളത്തിനു നല്‍കിയ പ്രഭാവര്‍മ മലയാള കവിതയുടെ പൂമുഖത്ത് തന്റേതുമാത്രമായ കാവ്യഭാഷയാല്‍ പണിത സിംഹാസനത്തില്‍ ഉപവിഷ്ഠനായിരിക്കും. 


Sunday, January 28, 2024

വസന്തകാലം



എത്രപെട്ടന്നു വസന്തമെത്തുന്നു: ഒറ്റരാത്രിതന്നെ
പ്ലം മരങ്ങള്‍ പൂത്തിറങ്ങുന്നു
ഊഷ്മളമായ അന്തരീക്ഷത്തില്‍ 
കിളിക്കൊഞ്ചല്‍ അലയടിക്കുന്നു

ഉഴുതുമറിച്ച മണ്ണില്‍ 
ആരോ വരച്ച സൂര്യന്റെ ചിത്രം 
പ്രഭ ചിതറുന്നു
ചെളിമണ്ണിന്‍ പശ്ചാത്തലത്തില്‍ സൂര്യന്‍ കറുത്തിരുന്നു
ചിത്രത്തിലാരും കൈയൊപ്പു ചാര്‍ത്തിയിട്ടില്ല

ഹാ കഷ്ടം, അതിവേഗമെല്ലാം മാഞ്ഞുപോകുന്നല്ലോ
കിളിക്കൊഞ്ചലുകള്‍, മൃദുലപുഷ്പങ്ങള്‍, 
ഒടുവിലീ മണ്ണും കലാകാരന്റെ പേരിനെ 
മറവിയിലേക്ക് പിന്തുടരും

എന്നിരുന്നാലും കലാകാരന്‍ വരച്ചിട്ടത് 
ആഘോഷത്തിന്റെ മനോഭാവം
എത്ര സുന്ദ്രമാണു പുഷ്പങ്ങള്‍-
പുനരുജ്ജീവിക്കുന്ന ജീവന്റെ അടയാളങ്ങള്‍
എത്ര ആകാംഷയോടെയാണു കിളികള്‍ പറന്നെത്തുന്നത്

................................................................................


അമേരിക്കന്‍ കവിയാണ് ലൂയിസ് എലിസബത്ത് ഗ്ലക്ക്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം, പുലിറ്റ്സര്‍ സമ്മാനം, നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡല്‍, ദേശീയ പുസ്തക അവാര്‍ഡ്, നാഷണല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ്, ബൊളിംഗെന്‍ പ്രൈസ് എന്നിവ ഉള്‍പ്പെടെ നിരവധി  സാഹിത്യ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2023 ല്‍ അന്തരിച്ചു.



FACEBOOK COMMENT BOX